Friday, February 29, 2008

മുസ്ലിം വിരോധം ഊതിക്കത്തിക്കുന്നവര്‍ | അമേരിക്കന്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പ്

ഹവായി യൂണിവേഴ്സിറ്റിയില്‍ പഠിക്കുമ്പോള്‍ കെനിയക്കാരനായ ബറാക്ക് ഹുസൈന്‍ ഒബാമ (സീനിയര്‍)ക്ക് വെള്ളക്കാരിയും കാന്‍‌സസ് സംസ്ഥാനക്കാരിയുമായ ആന്‍ ഡണ്‍‍‌ഹമില്‍ ഉണ്ടായതാണ് ബറാക്ക് ഹുസൈന്‍ ഒബാമ (ജൂനിയര്‍). ഒബാമക്ക് 2 വയസ്സുള്ളപ്പോള്‍ അദ്ദേഹത്തിന്റെ പിതാവ് അവരെ ഉപേക്ഷിച്ചു പോയി. ബറാക്ക് ഹുസൈന്‍ ഒബാമ (സീനിയര്‍) ആദ്യം ക്രിസ്ത്യാനി ആയിരുന്നെന്നും പിന്നീട് മുസ്ലീമായെന്നും പറയപ്പെടുന്നു. പക്ഷേ, അദ്ദേഹത്തിന് മതങ്ങളോട് പ്രത്യേക ആഭിമുഖ്യമൊന്നും ഉണ്ടായിരുന്നില്ല എന്നാണ് പൊതുവേ കരുതപ്പെടുന്നത്.

ഒബാമ പിന്നീട് തന്റെ മാതാവിന്റെയും ഇന്തോനേഷ്യക്കാരനുമായ വളര്‍ത്തച്ഛന്റെയുമൊപ്പം മുസ്ലീം രാജ്യമായ ഇന്തോനേഷ്യക്കു പോയി. 6 വയസ്സു മുതല്‍ 10 വയസ്സുവരെ ജക്കാര്‍ത്തയിലെ സ്കൂളുകളിലാണ് ഒബാമ പഠിച്ചത്. അതിന്നുശേഷം അദ്ദേഹത്തെ ഹവായിയിലേക്ക് തിരിച്ചുകൊണ്ടു വരികയും ഹൈസ്ക്കൂള്‍ കഴിയുന്നതുവരെ അവിടെത്തന്നെ പഠിക്കുകയും ചെയ്തു. കോളജില്‍ ചേര്‍ന്ന് പഠനം തുടരാണ് അദ്ദേഹം അമേരിക്കന്‍ വന്‍‌കരയിലേക്ക് വരുന്നത്. അവസാനം ഇല്ലിനോയി സംസ്ഥാനത്തെ ഷിക്കാഗോ നഗരം അദ്ദേഹം പ്രവര്‍ത്തനമണ്ഡലമായി തിരഞ്ഞെടുത്ത് അവിടെ സ്ഥിരവാസമാക്കുകയും ചെയ്തു. കഴിഞ്ഞ 20 വര്‍ഷത്തിലധികമായി അദ്ദേഹം ഷിക്കാഗോയിലെ ഒരു പ്രൊട്ടസ്റ്റന്റ് പള്ളിയില്‍ അംഗമാണ്.

പിതാവ് മുസ്ലീമായതും, പേരിലെ മുസ്ലിം ബന്ധം തോന്നിപ്പിക്കുന്ന “ഹുസൈന്‍” എന്നുള്ള വാക്കും (പലപ്പോഴും അറബി പേരുകള്‍ക്ക് മുസ്ലിം മതവുമായി ബന്ധമൊന്നും കാണില്ല; അറബി കൃസ്ത്യാനികളുടെ പേരു ശ്രദ്ധിച്ചാല്‍ അതു മനസ്സിലാകും), ബാല്യകാലത്ത് ഒരു മുസ്ലിം രാജ്യത്ത് ജീവിച്ചു എന്നുള്ളതും മാത്രമാണ് ഒബാമക്ക് മുസ്ലീം മതവുമായിട്ടുള്ള ബന്ധം. “ബറാക്ക്” എന്ന വാക്കുതന്നെ ഹീബ്രുവിനോടാണ് കൂടുതല്‍ അടുത്തു നില്‍ക്കുന്നതെന്ന് എവിടെയോ വായിച്ചത് ഓര്‍ക്കുന്നു. പക്ഷേ, “ഒബാമ” എന്ന വാക്ക് ഒസാമ ബിന്‍ ലാദന്റെ പേരിലെ “ഒസാമ” പോലെ തോന്നിപ്പിക്കുന്നതുകൊണ്ട് അതും അദ്ദേഹത്തിന് വിനയായി. അത്തരം ഒരുപാട് തെറ്റിദ്ധാരണകളെ മറികടന്നാണ് അദ്ദേഹം സെനറ്ററായതും ഡമോക്രാറ്റ് പാര്‍ട്ടിയുടെ പ്രൈമറിയില്‍ ഇത്ര മുന്നേറിയതും.

മുസ്ലിങ്ങളുടെ എണ്ണം അമേരിക്കയില്‍ വളരെ കുറവാണ്. കുറച്ച് കറുത്തവര്‍ഗ്ഗക്കാരായ മുസ്ലീങ്ങളൊഴിച്ച് ബാക്കിയെല്ലാവരും തന്നെ കുടിയേറ്റക്കാരാണ്. 2001 സെപ്തംബര്‍ 11-ന് പ്രധാനമായും സൌദികള്‍ വേള്‍ഡ് ട്രേഡ് സെന്റര്‍ തകര്‍ക്കുന്നതുവരെ മുസ്ലീങ്ങളെക്കുറിച്ച് അമേരിക്കയിലെ സാധാരണ പൌരന്മാര്‍ അധികമൊന്നും ശ്രദ്ധിച്ചിരുന്നില്ലെന്ന് തോന്നുന്നു. ആദ്യത്തെ ഇറാക്ക് യുദ്ധം ഒരിക്കലും മുസ്ലീങ്ങള്‍ക്കെതിരെയുള്ള ഒന്നായി കരുതപ്പെട്ടില്ല; ആക്രമിക്കപ്പെട്ടത് കുവൈറ്റ് ആയതുകൊണ്ട്. ഇസ്രയേലി-പലസ്തീനി പോരാട്ടങ്ങള്‍ ഇവിടത്തെ പത്രങ്ങളിലെ പ്രധാനവാര്‍ത്തയാണെങ്കിലും ഇവിടെ അതിശക്തമായ അടിത്തറയുള്ള യഹൂദഗ്രൂപ്പുകളേ അതു കാര്യമായി എടുത്തിരുന്നുള്ളൂ എന്നു തോന്നുന്നു.

പക്ഷേ, സെപ്തംബര്‍ 11-ലെ ആക്രമണം ആ നില മാറ്റിമറിച്ചു. മാധ്യമങ്ങളില്‍ ഇസ്ലാമുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ചര്‍ച്ചചെയ്യപ്പെടാന്‍ തുടങ്ങി; ഇസ്ലാമിക വിഷയങ്ങളെപ്പറ്റിയുള്ള പുസ്തകങ്ങള്‍ ബെസ്റ്റ് സെല്ലറുകള്‍ ആയി. അങ്ങനെ അമേരിക്കക്കാര്‍ അതുവരെ അവഗണിച്ചിരുന്നതോ അറിയാതിരുന്നതോ ആയ ഒരു മതത്തെയും സംസ്ക്കാരത്തെയും പറ്റി വളരെയധികം വിവരം അവര്‍ക്ക് ലഭ്യമായി. പക്ഷേ, തക്കം കിട്ടുമ്പോഴൊക്കെ വലതുപക്ഷ രാഷ്ടീയക്കാരും കൃസ്ത്യന്‍ യാഥാസ്ഥികരും മുസ്ലിം മതത്തെപ്പറ്റി ജനങ്ങളുടെ ഇടയില്‍ ഭീതി പടര്‍ത്തുവാന്‍ നുണപ്രചരങ്ങള്‍ നടത്താന്‍ തുടങ്ങി; ശരാശരി അമേരിക്കക്കാരന് മുസ്ലീങ്ങളെപ്പറ്റി മോശമായ അഭിപ്രായം ഉണ്ടാവാന്‍ അത് ഇടയാക്കി.

അത്തരം ഒരു പശ്ചാത്തലത്തില്‍, വ്യാജപ്രചരണങ്ങള്‍ വഴി, ജനങ്ങളുടെ അജ്ഞതയെയും അതില്‍ നിന്നുണ്ടാകുന്ന ഭീതിയെയും മുതലെടുത്ത്, ഒബാമയുടെ മുന്നേറ്റത്തെ തടയാനാണ് ഹിലരിയുടെയും റിപ്പബ്ലിക്കന്മാരുടെയും ശ്രമം. swift-boating പോലെയുള്ള വ്യാജപ്രചരണങ്ങള്‍ ഫലപ്രാപ്തിയിലെത്തിയ ചരിത്രം പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ ഉള്ളതുകൊണ്ട് ഒബാമ വളരെ ശ്രദ്ധിച്ച് അത്തരം ആക്രമണങ്ങളെ നേരിടേണ്ടിവരും എന്നു തോന്നുന്നു.

എന്റെയൊരു പഴയ ബ്ലോഗില്‍ പരാമര്‍ശിച്ചതുപോലെ, ക്ലിന്റന്‍ ക്യാമ്പിലെ ബോബ് കെറിയാണ്, ഒബാമയുടെ പേരിലെ “ഹുസൈന്‍” പൊക്കിപ്പിടിച്ച്, ഇത്തരം ആക്രമണത്തിന് തുടക്കമിട്ടത്. “ഹുസൈന്‍” എന്ന അറബി പേരിനേക്കാള്‍ അമേരിക്കക്കാര്‍ പൊതുവേ വെറുക്കുന്ന സദ്ദാം ഹുസൈനുമായുള്ള അതിന്റെ ബന്ധമാണ് അത്തരം കുപ്രചരണത്തിന് ഉപയോഗിക്കാന്‍ നോക്കുന്നത്. പിന്നത്തെ പ്രധാന ആക്രമണം ഇ-മെയില്‍ വഴിയുള്ള ഒരു നുണപ്രചരണമായിരുന്നു. ഒബാമ യഥാര്‍ഥത്തില്‍ മുസ്ലീമാണെന്നും; ഇന്തോനേഷ്യയിലായിരുന്നപ്പോള്‍ അദ്ദേഹം ഒരു മദ്രസയിലാണ് പഠിച്ചതെന്നും; അമേരിക്കയെ തകര്‍ക്കാന്‍ വേണ്ടിയാണ് അദ്ദേഹം പ്രസിഡന്റാകാന്‍ ശ്രമിക്കുന്നതെന്നും; ഖുറാനില്‍ തൊട്ടാണ് അദ്ദേഹം സെനറ്റില്‍ സത്യപ്രതിജ്ഞ ചെയ്തതെന്നൊക്കെയായിരുന്നു ആ ഇ-മെയിലിലെ പ്രധാന ഉള്ളടക്കം. പിന്നെ പുറത്തുവന്നത് ഒബാമ രണ്ടുകൊല്ലം മുമ്പ് കെനിയയില്‍ സന്ദര്‍ശനം നടത്തിയപ്പോള്‍ തലേക്കെട്ടൊക്കെയുള്ള ഒരു പരമ്പരാഗത വസ്ത്രധാരണരീതി പരീക്ഷിച്ചതിന്റെ ഫോട്ടോ ആയിരുന്നു. അത് ക്ലിന്റന്‍ ക്യാമ്പ് മന:പൂര്‍വ്വം വിതരണം ചെയ്തതെന്നാണ് പൊതുവെ കരുതപ്പെടുന്നത്. ഒബാമയെ എതിര്‍ക്കുന്നവര്‍ പറ്റുന്നിടത്തൊക്കെ അദ്ദേഹത്തിന്റെ പേരിലെ “ഹുസൈന്‍” സുലഭമായി ഉപയോഗിച്ചു. അടുത്തയിടെ ജോണ്‍ മക്കെയിന്റെ ഒരു റാലിയില്‍ വലതുപക്ഷക്കാരനായ ഒരു റേഡിയോ ടോക്ക് ഷോ ഹോസ്റ്റ് അങ്ങനെ ചെയ്യുകയും, മക്കെയിന്‍ പിന്നീട് അതിനെ ശക്തമായി അപലപിക്കുകയും ചെയ്തു. ഷിക്കാഗോ സ്വദേശിയും നേഷന്‍ ഓഫ് ഇസ്ലാം എന്നയൊരു കറുത്ത മുസ്ലീങ്ങളുടെ തീവ്രവാദസംഘടനയുടെ തലവനുമായ ലൂയിസ് ഫാറാഖാന്‍ ഒബാമയെ പ്രകീര്‍ത്തിച്ചതാണ് ഏറ്റവും ഒടുവില്‍ വിവാദമായത്. ഒബാമക്ക് ഒഹായൊയില്‍ നടന്ന അവസാനത്തെ ഡമോക്രാറ്റ് സ്ഥാനാര്‍ഥികളുടെ സംവാദത്തില്‍, ഹിലരി അക്കാര്യം പൊക്കിയെടുത്തതു കൊണ്ട്, ഫാറാഖാനെ പരസ്യമായി തള്ളിപ്പറയേണ്ടി വന്നു.

ഇത്രയും സംഭവങ്ങള്‍ വിവരിച്ചതില്‍ നിന്ന് മുസ്ലിംവിരുദ്ധ മനോഭാവം അമേരിക്കക്കാരന്റെ ഉള്ളില്‍ എത്രയുണ്ടെന്നും അത് മുതലെടുക്കാന്‍ രാഷ്ട്രീയക്കാര്‍ അഹോരാത്രം പണിയെടുക്കുന്നുണ്ടെന്നും മനസ്സിലായി കാണുമല്ലോ. ഇതുവരെ പരദേശികളോടും കുടിയേറ്റക്കാരോടും കാണിച്ചിരുന്ന ആ വെറുപ്പ് ഒരു പ്രധാന രാഷ്ട്രീയമത്സരത്തില്‍ ഉപയോഗിക്കാന്‍ യാഥാസ്ഥികര്‍ക്ക് കിട്ടുന്ന ആദ്യത്തെ അവസരമാണ്. ഒബാമക്ക് നോമിനേഷന്‍ കിട്ടുകയാണെങ്കില്‍ അദ്ദേഹം നേരിടാന്‍ പോകുന്ന ഒരു വലിയ വെല്ലുവിളി ഇത്തരം നുണപ്രചരണങ്ങളെ എങ്ങനെ ഫലപ്രദമായി അതിജീവിക്കുക എന്നുള്ളതാണ്. അതോടൊപ്പം മിഷിഗണ്‍ പോലുള്ള സംസ്ഥാനങ്ങളില്‍ നിര്‍ണ്ണായക വോട്ടുബാങ്കായ മുസ്ലീങ്ങളെ പിണക്കാതെ തന്റെ ഭാഗത്തു തന്നെ നിര്‍ത്തുക എന്നതും അദ്ദേഹത്തിന്റെ വിജയത്തിന് ആവശ്യമാണ്.

Monday, February 25, 2008

ഡാളസ് ഉണര്‍ത്തുന്ന ഓര്‍മകള്‍ | അമേരിക്കന്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പ്

മാര്‍ച്ച് 4-ന് പ്രൈമറി നടക്കുന്ന പ്രധാന സംസ്ഥാനങ്ങളിലൊന്നായ ടെക്സസിലെ ഒരു പ്രധാന നഗരമാണ് ഡാളസ്. മലയാളികളൊക്കെ ധാരാളമുള്ള സ്ഥലം. പണ്ടു ഞങ്ങള്‍ ടെന്നസിയിലെ മെംഫിസില്‍ താമസിച്ചിരുന്നപ്പോള്‍ ചിലപ്പോള്‍ മലയാളം സിനിമ കാണാനും മീനും പലവ്യജ്ഞനവും വാങ്ങാനും 400+ മൈലുകള്‍ ഓടിച്ചു പോയിരുന്ന സ്ഥലം. ടെന്നസിയില്‍ നിന്ന് പടിഞ്ഞാട്ടേക്ക് മിസിസിപ്പി നദിയിലെ ഒരു വന്‍പാലം കടന്ന് അര്‍ക്കന്‍‌സാ എന്ന സംസ്ഥാനം കൂടിയാണ് ടെക്സസിലേക്ക് പോകേണ്ടത്. 2000-ന് മുമ്പ് ബില്‍ ക്ലിന്റനും അല്‍ ഗോറും ഭരിച്ചിരുന്ന കാലത്ത്. ഞങ്ങള്‍ താമസിച്ചിരുന്ന ടെന്നസി സംസ്ഥാനം അല്‍ ഗോറിന്റെ സ്ഥലം; പുഴക്കക്കരെ അര്‍ക്കന്‍‌സാ ബില്‍ ക്ലിന്റന്റെ സ്ഥലം. പ്രസിഡന്റിന്റേയും വൈസ് പ്രസിഡന്റിന്റെയും സംസ്ഥാനങ്ങളിലേക്ക് സ്വാഗതം എന്നൊക്കെ പാലത്തില്‍ എഴുതിവച്ചിരുന്നത് ഓര്‍മ വരുന്നു.

മിസിസ്സിപ്പി നദിക്കരയില്‍ നിന്ന് അധികം ദൂരത്തല്ലാതെ, മെംഫിസ് നഗരത്തിലെ ഒരു മോട്ടലിലെ ബാല്‍‌ക്കണിയില്‍ നില്‍ക്കുമ്പോഴാണ് മാര്‍ട്ടിന്‍ ലൂതര്‍ കിംഗിന് വെടിയേല്‍ക്കുന്നത്. 1968 ഏപ്രില്‍ 4-ന്. ജൂണ്‍ 4-ന്, മാര്‍ട്ടിന്‍ ലൂതര്‍ കിംഗ് നയിച്ച സിവില്‍ റൈറ്റ്സ് മൂവ്മെന്റിന്റെ ശക്തനായ അനുകൂലിയും വിയറ്റ്നാം യുദ്ധവിരുദ്ധനും സര്‍വ്വോപരി ജോണ്‍ എഫ്. കെന്നഡിയുടെ അനിയനുമായിരുന്ന റോബര്‍ട്ട് കെന്നഡിക്ക് ലോസ് ആഞ്ചലസില്‍ വച്ച ഒരു പലസ്തീനിയുടെ വെടിയേല്‍ക്കുകയും പിറ്റേന്ന് മരണമടയുകയും ചെയ്തു. ഡമോക്രാറ്റ് പ്രൈമറിയിലെ നിര്‍ണ്ണായകമായിരുന്ന കാലിഫോര്‍ണിയയിലെ പോരാട്ടത്തില്‍ ജയിച്ച ശേഷം അനുയായികളെ അഭിസംബോധന ചെയ്യാന്‍ അദ്ദേഹം പോകുന്ന വഴിക്ക്. സാമൂഹ്യനീതിക്കും സമാധാനത്തിനും വേണ്ടി നിലകൊണ്ട ആ രണ്ടു നേതാക്കന്മാരെ ചുരുങ്ങിയ കാലയിളവില്‍ നഷ്ടപ്പെട്ടത് ഒരു തലമുറയുടെ തന്നെ നഷ്ടമായിട്ടാണ് പറയപ്പെടുന്നത്.

ഡാളസില്‍ വച്ച് 1963 നവമ്പര്‍ 22-ന് ആണ് ജോണ്‍ എഫ്. കെന്നഡിയെ വധിക്കുന്നത്. കഴിഞ്ഞ ദിവസം പ്രചരണത്തിന് ഇടയില്‍ ഡാളസിലെ ആ സ്ഥലത്തിനടുത്തു കൂടി ഒബാമയുടെ വാഹനവ്യൂഹം കടന്നുപോയപ്പോള്‍ പത്രക്കാരുടെയും അനുയായികളുടെയും മനസ്സിലൂടെ പഴയ കാര്യങ്ങള്‍ എല്ലാം കടന്നുപോയെന്ന് പലരും സാക്ഷ്യപ്പെടുത്തുന്നു. അതിലൊന്ന് ന്യൂ യോര്‍ക്ക് ടൈംസിലെ ഈ ലേഖനമാണ്. http://www.nytimes.com/2008/02/25/us/politics/25memo.html. ജോണ്‍ എഫ്. കെന്നഡിയുടെ മറ്റൊരു അനിയനായ സെനറ്റര്‍ എഡ്വേര്‍‌ഡ് കെന്നഡിയും മകള്‍ കാരളിന്‍ കെന്നഡിയും ഒബാ‍മയ്ക്ക് ഈ തിരഞ്ഞെടുപ്പില്‍ നേരിട്ട് പ്രചരണത്തിന് ഇറങ്ങിയതടക്കമുള്ള ശക്തമായ പിന്തുണ കൊടുക്കുന്നുണ്ട് എന്നു കൂടി ചേര്‍ത്തുവച്ചു വായിക്കുമ്പോഴാണ് 1968 ആവര്‍ത്തിക്കല്ലേയെന്ന് എല്ലാവരും സ്വകാര്യമായി പ്രാര്‍‌ത്ഥിക്കുന്നത്. വിചിത്രമെന്നു തോന്നാമെങ്കിലും കുറെ കറുത്തവര്‍ ഒബാമക്ക് വോട്ടുചെയ്യാത്തത് അദ്ദേഹത്തിന്റെ വിജയസാധ്യത കുറച്ച് വര്‍ണവെറിയന്മാരുടെ നോട്ടപ്പുള്ളി ആക്കാതിരിക്കാനാണ്‌. 1968-ല്‍ നടന്ന കാര്യങ്ങള്‍ അവരുടെ മനസ്സുകളില്‍ മായാതെ കിടക്കുന്നു.

ഒബാമയുടെ പൊതുയോഗങ്ങള്‍ നിറഞ്ഞുകവിയാന്‍ തുടങ്ങിയതു മുതല്‍ അദ്ദേഹത്തിന് സര്‍ക്കാരിന്റെ വക പ്രൊട്ടക്ഷന്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. 1968-ലെ സാഹചര്യങ്ങളോട് സാമ്യമുണ്ട് 2008-നും. യുദ്ധക്കൊതിയന്മാരുടെ ഭരണകൂടം ഇറാക്ക് യുദ്ധത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കുമ്പോള്‍ നാട്ടിലെ പ്രശ്നങ്ങള്‍ ഫലപ്രദമായി കൈകാര്യം ചെയ്യാന്‍ ആരുമില്ലാത്ത അവസ്ഥ. ആ വലിയ വിടവിലേക്കാണ് ആശയുടെ സന്ദേശവുമായി ഒബാമ കടന്നുവരുന്നത്.

ഒബാമയുടെ കൂറ്റന്‍ റാലികളില്‍, കണ്ണുകളില്‍ നക്ഷത്രങ്ങളുടെ തിളക്കവുമായിട്ട് യുവജനങ്ങള്‍ നിറഞ്ഞുകവിയുമ്പോള്‍ ഞാന്‍ ചിലപ്പോള്‍ മനസ്സില്‍ വിളിച്ചുപോകും, “ദൈവമേ.. “

Sunday, February 24, 2008

പ്രിയ ഇന്ത്യന്‍ അമേരിക്കക്കാ(രാ/രീ) | അമേരിക്കന്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പ്

ഒബാമ തരംഗം അദ്ദേഹം ചെല്ലുന്നിടത്തെല്ലാം അലയടിക്കുന്നുണ്ടെങ്കിലും പൊതുവേ ഇവിടത്തെ ഏഷ്യക്കാരും ലറ്റീനോകളും ആ മുന്നേറ്റത്തില്‍ ചേരാതെ, സൈഡില്‍ നിന്ന് ഹിലരിക്ക് ശക്തമായ പിന്തുണ കൊടുക്കുന്നത് ശ്രദ്ധിക്കപ്പെടുന്നുണ്ട്. ഒരു കാരണം വര്‍ണവിവേചനമാണ്. ‘കല്ലൂസി’നെ (കറുത്തവര്‍ക്കുള്ള ഹിന്ദി പദം) അമേരിക്കയിലെ പല ഇന്ത്യക്കാര്‍ക്കും പേടിയും വെറുപ്പുമൊക്കെയാണ്. നമ്മുടെ ആ മനസ്സിലിരിപ്പിനെക്കുറിച്ച് കുറെ കറുത്തവര്‍ക്കും അറിയാം; അതുകൊണ്ട് അവര്‍ നമ്മളെ ‘കോക്കനട്ട്’ എന്ന് വിളിക്കാറുണ്ട്- പുറമേ തവിട്ട്; ഉള്ളില്‍ വെളുപ്പ് :-) രണ്ടാമത്തെ കാരണം ഇവിടത്തെ രാഷ്ട്രീയപ്രക്രിയയില്‍ പങ്കുചേരാന് അവര്‍ മടിക്കുന്നതാണ്. അതുമൂലം വന്നുചേരുന്ന സ്ഥാനാര്‍ഥികളെയും പ്രശ്നങ്ങളെയും കുറിച്ചുള്ള അജ്ഞത തിരഞ്ഞെടുപ്പിനെ popularity contest-ന്റെ നിലയിലെത്തിക്കുന്നു; ബില്ലാരി ബ്രാന്റിന്റെ പ്രസിദ്ധി ഹിലരിക്ക് കൂടുതല്‍ വോട്ടുകള്‍ കിട്ടാന്‍ സഹായകമാവുകയും ചെയ്യുന്നു.

അത്തരമൊരു സ്ഥിതിവിശേഷത്തെ എനിക്കാവുന്ന രീതിയില്‍ ചെറുക്കുവാന്‍ വേണ്ടി ഞാന്‍ ആരംഭിച്ചിരിക്കുന്ന, എളിയ തോതിലുള്ള ഒരു ഇ-മെയില്‍ പ്രചരണത്തിന് ഉപയോഗിച്ച മാറ്ററാണ് താഴെ കൊടുക്കുന്നത്. നിങ്ങള്‍ക്ക് ഇതില്‍ ചേരാന്‍ താല്പര്യമുണ്ടെങ്കില്‍ ഈ മാറ്റര്‍ എടുത്ത് നിങ്ങള്‍ക്ക് തോന്നിയ രീതിയില്‍ അത് മാറ്റിയോ, മാറ്റാതെയൊ നിങ്ങളുടെ ഇന്‍ഡോ-അമേരിക്കന്‍ സുഹൃത്തുക്കള്‍ക്ക് അയച്ചു കൊടുക്കുക.

ഇന്‍ഡോ-അമേരിക്കക്കാര്‍ക്കും ഇന്ത്യക്കും ഒബാമ വിജയിക്കേണ്ടത് ആവശ്യമാണെന്ന് എനിക്ക് തോന്നുന്നതുകൊണ്ടാണ് ഇത്തരമൊരു സംരംഭത്തിന് ഇറങ്ങി തിരിച്ചത്. നിങ്ങള്‍ക്ക് വ്യത്യസ്തമായ അഭിപ്രായങ്ങള്‍ ഉണ്ടെങ്കില്‍ അതിവിടെ പ്രകടിപ്പിക്കുക.

---------- Forwarded message ----------
Date: Wed, Feb 20, 2008 at 11:23 PM
Subject: Support Obama's campaign


Fellow Indo-American,

Most of us moved from India to this country of opportunity for better economic prospects. But last 7 years of misrule by George Bush tarnished this country's image abroad and decline of its economic prowess followed. All of us share a special interest in keeping this country's status as an economic and military super power to build a good life for us, our kids and our folks back in India. Look at what a dollar fetches these days for the hard earned money we sent home.

Per the latest polls, Clinton doesn't hold any chance against John McCain, who promised another 100 years of war in Iraq which has been ruining this country. For historic parallel, remember the once mighty U.S.S.R. which was crumbled by its constant bleeding in Afghanistan by Mujahideen, that some of us still remember.

At this point, Obama has a 7 point lead over McCain and that is going to only improve. Therefore, we don't have many choices here for next president- either MaCain or Obama. An Obama win will immediately drain the bad blood that the Bush administration had created around the world.

As natives of the largest democracy in the world, we have the duty to protect the oldest democracy and its values. Without a strong America, the democracies around the world will be under constant threat from forces that preach intolerance and that glorify despotism. We need to act. Obama's campaign is all about grass-root level activism and we are all empowered to play our small roles at this critical and historical juncture in the American history.

The names of Rev.Martin Luther King, Jr. and John F. Kennedy still evoke great respect in India. Especially, the first who was inspired by our liberator and the great pacifist Mahatma Gandhi. There are already comparisons of Obama with those great sons of America. He has the ability to raise above petty politics; inspire a generation; and make this world a better place for you and I to live. His campaign has been transformed to a movement already, and I am one of the recent converts.

Please forward this email with or without change to fellow Indo-Americans or residents, especially those in Texas (main cities Houston,Dallas, Austin and San Antonio), Ohio and Pennsylvania (main city Philadelphia), where Obama needs to win to cement his lead over Hillary Clinton and secure the Democratic nomination; and encourage them to vote for him and to donate to his campaign.

Donate online here: https://donate.barackobama.com/match

Friday, February 22, 2008

വിജയിക്കുക, അല്ലെങ്കില്‍ വിരമിക്കുക | അമേരിക്കന്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പ്

തുടര്‍ച്ചയായ 11 പ്രൈമറികളിലെ തോല്‍‌വികള്‍ക്ക് ശേഷം (വിദേശത്തെ ഡമോക്രാറ്റുകളുടെ പ്രൈമറിയില്‍ ഒബാമ വിജയിച്ചതു കണക്കിലെടുക്കുകയാണെങ്കില്‍) ഹിലരിയുടെ മുമ്പിലുള്ള ഏക വഴി ചുരുങ്ങിയ വാക്കുകളില്‍ പറയുകയാണെങ്കില്‍ അതു മാത്രമാണ്: മാര്‍ച്ച് 4-ന് നടക്കുന്ന ടെക്സസിലെയും, ഒഹായോയിലെയും പ്രൈമറികളില്‍ വിജയിക്കുക. ഭര്‍ത്താവ് ബില്‍ ക്ലിന്റന്‍ പോലും അക്കാര്യം സമ്മതിച്ചു കഴിഞ്ഞു. ആ സംസ്ഥാനങ്ങളില്‍ ഏതെങ്കിലും തോറ്റാല്‍ ഹിലരി മത്സരത്തില്‍ നിന്ന് പിന്‍‌വാങ്ങുമെന്ന് ഉറപ്പാണ്. അല്ലാത്ത പക്ഷം ഡലിഗേറ്റുകളുടെ കാര്യത്തില്‍ ലീഡ് നിലനിര്‍ത്താന്‍ ഒബാമക്ക് പറ്റുമെന്നുള്ളതുകൊണ്ട് അദ്ദേഹത്തിന് അവിടങ്ങളില്‍ തോറ്റാലും പ്രത്യേകിച്ച് സമ്മര്‍ദ്ദങ്ങള്‍ ഒന്നും ഉണ്ടാകുകയുമില്ല.

ടെക്സസില്‍ ഹിലരിയുടെ ഒപ്പം ഒബാമ എത്തിയിട്ടുണ്ട്. ഒഹായോയില്‍ അദ്ദേഹം പിന്നിലാണെങ്കിലും വ്യത്യാസം കുറച്ചു വരുന്നു. പ്രചരണത്തിന് ഇനിയും രണ്ടാഴ്ചകള്‍ ഉള്ളതുകൊണ്ട് അദ്ദേഹം നല്ല പോരാട്ടം കാഴ്ച വയ്ക്കുമെന്ന് ഉറപ്പാണ്. തന്നെയുമല്ല നല്ല ആള്‍ബലമുള്ള ലേബര്‍ യൂണിയനുകള്‍ ഒബാമക്ക് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. അവരുടെ വോട്ടുകള്‍ക്കപ്പുറം കേഡര്‍ പ്രവര്‍ത്തനങ്ങള്‍ക്കും അവരെ കിട്ടുമെന്നുള്ളത്, ഒബാമ പാര്‍ട്ടിയില്‍ തികച്ചും ഒരു ശക്തിയായി മാറി എന്നുള്ളതിന് തെളിവാണ്.

വിസ്ക്കോന്‍സിനില്‍ ഒബാമ വന്‍ഭൂരിപക്ഷത്തിന് ജയിച്ചത് എന്റെ അവസാനത്തെ സംശയത്തെയും ദൂരീകരിച്ചിരിക്കുന്നു: വെള്ളക്കാര്‍ ഒബാമക്ക് വോട്ടു ചെയ്യില്ല എന്ന പഴയ സന്ദേഹം. ഹിലരിയുടെ കുത്തകയായിരുന്ന പാവപ്പെട്ട വെള്ളക്കാരും സ്ത്രീജനങ്ങളും ഒബാമയുടെ ഭാഗത്തേക്ക് മാറി എന്നതിന്റെ വ്യക്തമാ‍യ തെളിവായിരുന്നു വിസ്ക്കോന്‍സിനിലെ ഫലം. ഇതുവരെ കറുത്തവരുടെ വോട്ടുകള്‍ കൊണ്ടാണ് ഒബാമ വന്‍ഭൂരിപക്ഷം നേടുന്നതെന്നായിരുന്നു പൊതുവെയുള്ള നിരീക്ഷണം. പക്ഷേ, വിസ്ക്കോന്‍സിനില്‍ അവരുടെ എണ്ണം തുച്ഛമാണ്. ഹിലരിയുടെ ഭാഗത്ത് അവശേഷിക്കുന്ന വോട്ട് ബാങ്ക് ലറ്റീനോകളാണ് (ഏഷ്യക്കാരും; പക്ഷേ അവരുടെ എണ്ണം അത്ര നിര്‍ണ്ണായകമല്ല ഇനിയുള്ള സംസ്ഥാനങ്ങളില്‍). ലറ്റീനോകള്‍ ഒഹായോയില്‍ അത്രയില്ല; ടെക്സസില്‍ അവര്‍ക്ക് ഒപ്പം നില്‍ക്കാന്‍ കറുത്തവരുടെ വോട്ടു കിട്ടും ഒബാമക്ക്.

അതുപോലെ ഒബാമ തരംഗം ഒരു യാഥാര്‍ത്യമാണെന്നും ഉറപ്പായി. ഒരു പോളിനു പോലും ഒബാമയുടെ വിജയത്തിന്റെ വ്യാപ്തി കൃത്യമായി പ്രവചിക്കാന്‍ ആയില്ല. ഒരു തരംഗത്തിനു മാത്രമേ സാമാന്യബുദ്ധിയില്‍ ഊന്നിയുള്ള അത്തരം കണക്കുകൂട്ടലുകള്‍ കാറ്റില്‍ പറത്തുവാന്‍ കഴിയുകയുള്ളൂ. പോളുകളുടെ കൃത്യത +-4% എന്നൊക്കെ പറയുന്നത് ബുദ്ധിക്ക് നിരക്കാത്തത് ആയിട്ടുണ്ട്. യഥാര്‍ത്ഥ ഫലം പുറത്തുവരുമ്പോള്‍ 15-20% ആണ് മാറുന്നത്. പോളുകള്‍ വെറും ട്രെന്റ് അറിയാനേ ഇപ്പോള്‍ ഉപകരിക്കുന്നുള്ളൂ.

പ്രൈമറിയെയും കോക്കസിനെയും കുറിച്ചൊക്കെ ഞാന്‍ ചെറുതായി പഴയ പോസ്റ്റുകളില്‍ എഴുതിയിരുന്നല്ലോ. സാധാരണ പ്രൈമറി രീതിയിലോ (രഹസ്യ വോട്ടെടുപ്പ്) കോക്കസു രീതിയിലോ (നേരിട്ടുള്ള തിരഞ്ഞെടുപ്പ്)ആവും ഡലിഗേറ്റുകളെ ഒരു സംസ്ഥാനത്ത് തിരഞ്ഞെടുക്കുക. പക്ഷേ, ടെക്സസില്‍ ഡമോക്രാറ്റുകള്‍ ഒരു പങ്ക് ഡലിഗേറ്റുകളെ പ്രൈമറി വഴിയും ബാക്കിയുള്ളവരെ കോക്കസുകള്‍ വഴിയുമാണ് തിരഞ്ഞെടുക്കുക. തന്നെയുമല്ല ആര്‍ക്ക് എത്ര ഡലിഗേറ്റുകളെ കൊടുക്കണം എന്നൊക്കെ നിര്‍ണ്ണയിക്കുന്നത് അതിസങ്കീര്‍ണ്ണമായ ഫോര്‍മുലകള്‍ ഉപയോഗിച്ചാണ്. സ്ഥാനാര്‍ഥികളുടെ പ്രചരണത്തിന് ചുക്കാന്‍ പിടിക്കുന്നവര്‍ക്ക് പോലും ആ നിയമങ്ങള്‍ അത്ര പിടിയില്ലത്രേ! വിശദാംശങ്ങള്‍ക്ക് ഇവിടെ നോക്കുക: http://www.npr.org/templates/story/story.php?storyId=19211076

വിദേശത്തെ ഡമോക്രാറ്റുകളുടെ പ്രൈമറിയാണ് മറ്റൊരു വിചിത്രമായ സംഗതി. ധാരാളം അമേരിക്കന്‍ പൌരന്മാര്‍ വിദേശത്ത് സ്ഥിരമായി താമസിക്കുന്നുണ്ട്. അവരുടെ ഇടയിലെ ഡമോക്രാറ്റുകള്‍ക്കും ഉണ്ട് ഒരു പ്രൈമറി. വോട്ടുകള്‍ തപാല്‍ വഴിയും വിദേശ രാജ്യങ്ങളില്‍ തിരഞ്ഞെടുക്കപ്പെട്ട സ്ഥലങ്ങളിലും വച്ച് നടക്കും; ഇന്ത്യയില്‍ ഇത്തവണ ഡല്‍ഹിയില്‍ ഒരു ബൂത്ത് ഉണ്ടായിരുന്നത്രേ. ഇരട്ട പൌരത്വമുള്ള ഇറ്റലിയിലെ ഒരു മന്ത്രി പോലും ഈ പ്രൈമറിയില്‍ വോട്ടു ചെയ്തു. വിശദാംശങ്ങള്‍ ഇവിടെ: http://news.yahoo.com/s/ap/20080221/ap_on_el_pr/campaign_delegates_29. വിദേശത്ത് കഠിനാധ്വാനം ചെയ്യുന്ന ഇന്ത്യക്കാര്‍ക്ക് എംബസിയിലെങ്കിലും അങ്ങനെയൊരു സൌകര്യം ഒരുക്കാത്തത് ഏറ്റവും വലിയ ജനാധിപത്യത്തിന്റെ നടത്തിപ്പുകാരുടെ മറ്റൊരു വീഴ്ച.

ജോണ്‍ മക്കെയിന്‍ റിപ്പബ്ലിക്കന്‍ നോമിനി ആവുമെന്ന് ഉറപ്പായതോടുകൂടി, പൊതുവേ അദ്ദേഹത്തെ ഉള്ളം കൈയില്‍ കൊണ്ടു നടന്നിരുന്ന ലിബറല്‍ മാധ്യമങ്ങള്‍, അദ്ദേഹത്തിനെതിരെ എന്താണ് കിട്ടുന്നതെന്നു നോക്കി തിരച്ചില്‍ തുടങ്ങിയിട്ടുണ്ട്. അദ്ദേഹത്തെ റിപ്പബ്ലിക്കന്‍ നോമിനിയായി ശുപാര്‍ശ ചെയ്ത ന്യൂയോര്‍ക്ക് ടൈംസ് തന്നെയാണ് ആദ്യത്തെ വെടി പൊട്ടിച്ചത്. വിക്കി ഐസ്മന്‍ എന്ന ലോബിയിസ്റ്റുമായി അദ്ദേഹത്തിന് അവിഹിതബന്ധമുണ്ട് എന്നാണ് അവരുടെ കണ്ടെത്തല്‍. മക്കെയിനടക്കം അപവാദവുമായി ബന്ധപ്പെട്ട എല്ലാവരും അത് നിഷേധിച്ചിട്ടുണ്ടെങ്കിലും ഇത് മക്കെയിനെ നെഗറ്റീവായി ബാധിക്കും എന്നാണ് കരുതപ്പെടുന്നത്. ഇതാണ് പത്രത്തില്‍ വന്ന ആര്‍ട്ടിക്കിള്‍: http://www.nytimes.com/2008/02/21/us/politics/21mccain.html?hp

ഒബാമയുടെയും ഹിലരിയുടെയും പ്രചരണത്തിനു വേണ്ടുന്ന ധനശേഖരണരീതികളും അവരുടെ ജനപിന്തുണയും താരതമ്യപ്പെടുത്തുന്നത് രസകരമാണ്. ഹിലരിക്ക് പ്രധാനമായും പണം കിട്ടുന്നത് പണക്കാരുടെ കൈയില്‍ നിന്ന് വന്‍‌തുകകളാണ്. കോക്ക്‍ടെയില്‍ പാര്‍ട്ടികളും മറ്റും നടത്തി. പക്ഷേ, അവരുടെ പ്രധാന ജനപിന്തുണ പാവപ്പെട്ടവരുടേതാണ്. ഒബാമയെ പ്രധാനമായും പിന്തുണക്കുന്നത് വിദ്യാഭ്യാസമുള്ളവരും പൊതുവേ ധനശേഷിയുള്ളവരുമാണ് (കറുത്തവര്‍ ഒഴിച്ച്), പക്ഷേ, അദ്ദേഹത്തിന്റെ പണം പ്രധാനമായും വരുന്നത് ഇന്റര്‍നെറ്റു വഴി ചെറിയ തുകകള്‍ ആയാണ്. സംഭാവന ചെയ്യുന്നവരുമായി ഇന്റര്‍നെറ്റു വഴി ഒബാമ ക്യാമ്പെയിന്‍ അടുത്ത് ബന്ധപ്പെടുന്നതുകൊണ്ട് അവരില്‍ നിന്ന് വീണ്ടും സഹായം അഭ്യര്‍ത്ഥിക്കാന്‍ യാതൊരു പ്രയാസവുമില്ല. ഞാന്‍ തന്നെ രണ്ടുവട്ടം അദ്ദേഹത്തിന്റെ തിരഞ്ഞെടുപ്പു ഫണ്ടിലേക്ക് സംഭാവന ചെയ്തു കഴിഞ്ഞു. ഏകദേശം 10 ലക്ഷം ഡോളറാണത്രേ അദ്ദേഹം ഇന്റര്‍നെറ്റു വഴി ഒരു ദിവസം ഈയിടെയായി പിരിക്കുന്നത്. ഹിലരി പൈസക്ക് ബുദ്ധിമുട്ടുമ്പോള്‍ ഒബാമ പൈസ ഇറക്കുന്നതില്‍ യാതൊരു ലോപവും കാണിക്കുന്നില്ല. ഹിലരി തന്റെ പരിചയത്തെ ഒരുപാട് പൊക്കി കാണിക്കുന്നുണ്ടെങ്കിലും പണം കൈകാര്യം ചെയ്യുന്നതില്‍ വന്‍പരാജയമായിരുന്നു. അത് അവര്‍ പല പ്രൈമറികളിലും തോല്‍ക്കാന്‍ ഇടയാക്കി എന്നാണ് പലരും നിരീക്ഷിക്കുന്നത്. പരിചയമല്ല, മറിച്ച് കാര്യങ്ങള്‍ കൈകാര്യം ചെയ്യുന്നതിലുള്ള സാമര്‍ഥ്യമാണ് വലുത് എന്ന സത്യം അങ്ങനെ ഒരിക്കല്‍ക്കൂടി വെളിവാക്കപ്പെടുന്നു.

Tuesday, February 19, 2008

ഒബാമയെ വിസ്ക്കോന്‍സിനില്‍ തളക്കുമോ? | അമേരിക്കന്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പ്

ഈ മാസം മുഴുവന്‍ ഒബാമയുടെ വിജയങ്ങള്‍ ആയിരുന്നല്ലോ. തുടര്‍ച്ചയായ 8 വിജയങ്ങള്‍; ആ മുന്നേറ്റത്തിനിടയില്‍ ഹിലരിയില്‍ നിന്ന് അദ്ദേഹം ലീഡ് ഏറ്റെടുക്കുകയും ചെയ്തു. ഒബാമയെ തളക്കേണ്ടത് ഹിലരിക്ക് പിടിച്ചുനില്‍ക്കണമെങ്കില്‍ വളരെ അത്യാവശ്യമാണ്. ഇന്ന് നടക്കുന്ന വിസ്ക്കോന്‍സിനിലെയും ഹവായിയിലെയും തിരഞ്ഞെടുപ്പുകള്‍ കൂടി ഒബാമക്ക് പോകുമെന്നും മാര്‍ച്ച് 4-ന് നടക്കുന്ന ഒഹായോ, ടെക്സസ് എന്നീ സംസ്ഥാനങ്ങളില്‍ ഹിലരി തിരിച്ചുവരവു നടത്തിയേക്കുമെന്നായിരുന്നു കണക്കുകൂട്ടല്‍. എന്നാല്‍ ഹിലരി പുറത്തെടുത്തിരിക്കുന്ന കരിവാരിതേക്കല്‍ തന്ത്രം വിസ്ക്കോന്‍സിനില്‍ ഒരളവുവരെ വിജയിക്കുന്നുണ്ടെന്നാണ് സൂചന. ഏറ്റവും പുതിയ ചില പോളുകളില്‍ അവരാണ് മുമ്പില്‍.

ഒബാമയുടെ പ്രത്യാശയിലൂന്നിയ പ്രഭാഷണങ്ങള്‍ കാര്യങ്ങള്‍ നടത്തിക്കിട്ടാന്‍ ഉപകരിക്കില്ല എന്നൊക്കെ വാദിച്ചാണ് ഹിലരി നെഗറ്റീവ് പ്രചരണം തുടങ്ങിയത്. അതിനെതിരെ ഒബാമ പ്രതികരിച്ചത് അദ്ദേഹത്തിന്റെ കൂട്ടുകാരനായ മാസ്ച്യൂസെറ്റ്സിലെ ഗവര്‍ണര്‍ ഡെവല്‍ പാട്രിക്കിന്റെ വാക്കുകള്‍ കടംകൊണ്ടായിരുന്നു. അങ്ങനെ പറഞ്ഞപ്പോള്‍ അത് ഉദ്ധരിച്ചത് എവിടെ നിന്നാണെന്ന് പറഞ്ഞില്ല; അതുകൊണ്ട് അത് കളവാണ് എന്നൊക്കെ പറഞ്ഞായി ഹിലരിയുടെ അവസാനത്തെ ചളി എറിയല്‍. തമാശ എന്താണെന്നു വച്ചാല്‍ ഡെവല്‍ പാട്രിക്കു തന്നെയാണ് ഒബാമയെ അങ്ങനെ പറയാന്‍ ഉപദേശിച്ചതെന്നാണ്. സാധാ വോട്ടര്‍മാരൊന്നും ഇതിന്റെ പശ്ചാത്തലം അറിയുന്നുണ്ടാവില്ല; ഒബാമയുടെ വിശ്വാസ്യതക്ക് അങ്ങനെ ചെറിയ കോട്ടം തട്ടാനും മതി.

ഹിലരി നെഗറ്റീവ് പ്രചരണതന്ത്രങ്ങള്‍ സൌത്ത് കാരളീനയില്‍ പ്രയോഗിച്ചപ്പോള്‍ ഫലം ഭീമമായ തോല്‍‌വി ആയിരുന്നു. വിസ്ക്കോന്‍സിനില്‍ അത്തരം തന്ത്രങ്ങള്‍ എത്രത്തോളം ഏല്‍ക്കുമെന്നാണ് ഇനി നോക്കേണ്ടത്. കള്ളപ്രചരണത്തിലൂടെ ആദ്യം ജോണ്‍ മക്കെയിനെയും (അദ്ദേഹത്തിന്റെ ബംഗ്ലാദേശിക്കാരി ദത്തുപുത്രി അദ്ദേഹത്തിന് അവിഹിതബന്ധത്തിലുണ്ടായതാണെന്ന ആരോപണം) പിന്നെ ജോണ്‍ കെറിയെയും (വിയറ്റ്നാം യുദ്ധത്തില്‍ അദ്ദേഹം ചെയ്ത വീരകൃത്യങ്ങളില്‍ സംശയങ്ങളുടെ നിഴല്‍ വീഴ്ത്തിയത്) തോല്‍പ്പിച്ച നെറികെട്ട (കാള്‍ റോവ് ഓടിച്ചിരുന്ന) റിപ്പബ്ലിക്കന്‍ പ്രചരണയന്ത്രത്തില്‍ നിന്ന് ഒന്നും വ്യത്യസ്തമല്ല ബില്ലാരി ക്യാമ്പെയിനെന്ന് അവര്‍ ഇതിനകം തെളിയിച്ചു കഴിഞ്ഞു. വലതുപക്ഷഗൂഢതന്ത്രം (മോനിക്ക ഗേറ്റിന്റെ അവരുടെ ആദ്യ വിശദീകരണം അങ്ങനെയായിരുന്നു; കൂടുതല്‍ തെളിവോടെ ബില്‍ ക്ലിന്റനെ വലയിലാക്കുന്നതുവരെ) എന്നൊക്കെ നാഴികക്ക് നാലുവട്ടം വിളിച്ചുകൂവുന്ന അവര്‍ രാഷ്ടീയതന്ത്രങ്ങള്‍ മൊത്തം കടമെടുത്തിരിക്കുന്നത് റിപ്പബ്ലിന്‍ ഭാഗത്തുനിന്നാണ്. സെനറ്ററായ ശേഷം അവര്‍ വലതുപക്ഷ മാധ്യമങ്ങളെ സുഖിപ്പിച്ച് നിര്‍ത്തിയത് യാദൃശ്ചികമല്ല എന്നു തോന്നുന്നു.

ഹവായിയില്‍ ഒബാമ ജയിച്ചേക്കും. ഹവായി ഒബാമയുടെ ജന്മസ്ഥലമാണ്. ഒബാമയുടെ അര്‍ദ്ധ-സഹോദരി അവിടെ അദ്ദേഹത്തിന് കാര്യമായി പ്രചരണം നടത്തുന്നുണ്ട്.

വിസ്ക്കോന്‍സിനില്‍ ഒബാമയുടെ സാധ്യതക്ക് മങ്ങലേറ്റെങ്ങിലും ടെക്സസില്‍ ചില പോളുകളില്‍ ഒബാമ മുന്നിലെത്തിയിട്ടുണ്ട്. അത് ഹിലരിയുടെ ഉറക്കം കെടുത്തും; കാരണം ഒഹായൊയിലും ടെക്സസിലും അവര്‍ക്ക് വിജയിച്ചാലേ മത്സരത്തില്‍ പിടിച്ചു നില്‍ക്കാന്‍ കഴിയൂ.

Wednesday, February 13, 2008

ഒബാമ തരംഗമോ? ‍ | അമേരിക്കന്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പ്

ഒരു ഒബാമ തരംഗത്തിന്റെ എല്ലാ ലക്ഷണങ്ങളും കാണുന്നുണ്ട്. ഇന്നു മെരിലന്റ്, ഡിസ്ട്രിക്റ്റ് ഓഫ് കൊളംബിയ, വിര്‍ജീനിയ എന്നിവിടങ്ങളില്‍ നടന്ന പ്രൈമറികളില്‍ പ്രതീക്ഷിച്ചതുപോലെയായിരുന്നു ഒബാമയുടെ വിജയമെങ്കിലും അദ്ദേഹത്തിന് കിട്ടിയ ഭൂരിപക്ഷം ഒരു തരംഗത്തിന്റെ സ്വഭാവം കാണിക്കുന്നുണ്ടെന്നാണ് പൊതുവെയുള്ള അഭിപ്രായം. ഉയര്‍ന്ന ഭൂരിപക്ഷത്താല്‍ കൂടുതല്‍ ഡലിഗേറ്റുകളെ നേടുവാനും അതുവഴി ഹിലരിയില്‍ നിന്ന് ഡലിഗേറ്റുകളുടെ എണ്ണത്തിലുള്ള ലീഡ് പിടിച്ചെടുക്കാനും ഇന്നത്തെ വിജയങ്ങളിലൂടെ ഒബാമക്ക് കഴിഞ്ഞു. ഏകദേശം 1223 ഡലിഗേറ്റുകളാണ് ഒബാമക്ക് ഇതുവരെയുള്ളത്; ഹിലരിക്ക് 1198-ഉം. ഡമോക്രാറ്റ് നോമിനേഷന് കുറഞ്ഞത് 2025 ഡലിഗേറ്റുകളുടെ പിന്തുണ ലഭിക്കണം.

ഇന്നത്തെ തിരഞ്ഞെടുപ്പില്‍ കണ്ട മറ്റൊരു കാര്യം ഹിലരിക്ക് ഏറ്റവും പിന്തുണ കൊടുക്കുന്ന ലറ്റീനോകളും സ്ത്രീകളും വരുമാനം കുറഞ്ഞ വെളുത്തവരും ഒബാമയുടെ ഭാഗത്തേക്ക് മാറുന്നുവെന്നതാണ്. ഇതുവരെയുള്ള ഹിലരിയുടെ വിജയം അത്തരക്കാരെ ആശ്രയിച്ചായിരുന്നു. (ഒബാമയെ പ്രധാനമായി പിന്തുണക്കുന്നവര്‍ കറുത്തവരും ചെറുപ്പക്കാരും വെള്ള പുരുഷന്മാരുമാരും ലിബറല്‍ ധനികരുമാണ്.) മാര്‍ച്ച് 4-ന് നടക്കാനിരിക്കുന്ന ഒഹായോ, ടെക്സസ് എന്നിവിടങ്ങളിലെ പ്രൈമറികളില്‍ വിജയിക്കാനും അവരെത്തന്നെയാണ് ഹിലരിക്ക് വേണ്ടത്. അതുകൊണ്ട് ഈ വാര്‍ത്ത അവര്‍ക്ക് അത്ര സുഖകരമാകില്ല.

അടുത്ത ചൊവ്വാഴ്ച നടക്കുന്ന വിസ്ക്കോന്‍സിന്‍, ഹവായി എന്നിവിടങ്ങളിലും ഒബാമ വിജയിച്ചേക്കും. (ഒബാമ വളര്‍ന്നത് ഹാവായിയില്‍ ആണ്.) അങ്ങനെ സംഭവിച്ചാല്‍ ഫെബ്രുവരിയില്‍ ഒരു വിജയം പോലുമില്ലാതെപോകും ഹിലരിക്ക്. അത് ഇപ്പോള്‍ അവര്‍ക്ക് ഒഹായോയിലും ടെക്സസിലും ഉള്ള വന്‍‌പിന്തുണയില്‍ ഇടിവുണ്ടാക്കാന്‍ കാരണമായേക്കും. ഒബാമ അവിടെയൊന്നും കാര്യമായി പ്രചരണം ആരംഭിച്ചിട്ടില്ല എന്നു കൂടി ഓര്‍ക്കണം. ടെക്സസില്‍ ഒബാമ ജയിക്കുമെന്നു തോന്നുന്നില്ല; 25% വരുന്ന ലറ്റീനോ വോട്ടര്‍മാര്‍ കാലിഫോര്‍ണിയയിലും നെവാഡയിലുമൊക്കെ ചെയ്തതു പോലെ ഒന്നടങ്കം ഹിലരിക്കു കുത്തിയേക്കാം. ഒഹായോ ഒബാമ പിടിച്ചെടുക്കാന്‍ സാധ്യതയുണ്ട്. ഈ രണ്ടു വലിയ സംസ്ഥാനങ്ങളില്‍ ജയിച്ച് ഒബാമയെ തളക്കാമെന്നതാണ് ഹിലരിയുടെ തന്ത്രം. അതെത്രത്തോളം വിജയിക്കും എന്ന് അടുത്ത ചൊവ്വാഴ്ചത്തെ തിരഞ്ഞെടുപ്പുകള്‍ക്കു ശേഷം മാധ്യമങ്ങളുടെ ശ്രദ്ധ ആ സംസ്ഥാനങ്ങളിലേക്ക് തിരിയുമ്പോള്‍ നമുക്ക് കൂടുതല്‍ വ്യക്തമായി അറിയാന്‍ കഴിയും.

തല്‍ക്കാലം അമേരിക്കയുടെ ശ്രദ്ധ മുഴുവന്‍ ഒബാമയുടെ മേലെയാണ്. അത്തരത്തിലുള്ള ശ്രദ്ധയും ഈ മാസം തുടര്‍ച്ചയായ വിജയങ്ങളിലൂടെ കിട്ടിയ മുന്നേറ്റവും ഒബാമ മാര്‍ച്ചില്‍ വന്‍വിജയങ്ങള്‍ ആക്കി മാറ്റിയാല്‍ പിന്നെ നോമിനേഷനിലേക്ക് അദ്ദേഹത്തിന് അധികം ദൂരമുണ്ടാവില്ല. വലിയ സംസ്ഥാനങ്ങളില്‍ ഇതുവരെ ജയിക്കാത്തത് (അദ്ദേഹത്തിന്റെ നാടായ ഇല്ലിനോയി ഒഴികെ) അദ്ദേഹത്തിന്റെ വിജയങ്ങള്‍ക്ക് ചെറിയ തിളക്കം കുറച്ചിട്ടുണ്ട്; ഹിലരി അക്കാര്യം വോട്ടര്‍മാരെ ഓര്‍മിപ്പിക്കാറുമുണ്ട്.

ഇന്ന് നടന്ന മൂന്ന് പ്രൈമറികളിലും വിജയിച്ച് ജോണ്‍ മക്കെയിന്‍ ഹക്കബിയുടെ നേരിയ ഭീഷണി പോലും ഇല്ലാതാക്കി. ഹക്കബി വിര്‍ജീനിയയില്‍ നല്ലവണ്ണം പോരാടിയാണ് തോറ്റത്. അവിടെയെങ്കിലും ജയിച്ച് മത്സരത്തില്‍ പിടിച്ചു നില്‍ക്കാമെന്ന അദ്ദേഹത്തിന്റെ പ്രതീക്ഷ ഇതോടെ അസ്തമിച്ചു; ഇനി എന്നാണ് അദ്ദേഹം മത്സരത്തില്‍ നിന്ന് പിന്‍‌വാങ്ങുന്നതെന്ന് നോക്കിയാല്‍ മതി.

Sunday, February 10, 2008

പ്രൈമറിയുടെ മൂന്നാം ഘട്ടം; തുടക്കത്തില്‍ മുന്നേറ്റം ഒബാമക്ക് | അമേരിക്കന്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പ്

മത്സരത്തില്‍ നിന്ന് അപ്രതീക്ഷിതമായി മിറ്റ് റോംനി പിന്‍‌വാങ്ങിയതോടുകൂടി ഫലത്തില്‍ ജോണ്‍ മക്കെയിന്‍ റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ഥിയായി തീര്‍ന്നിരിക്കുകയാണ്. ഹക്കബി വിടാതെ പിന്നിലുണ്ടെങ്കിലും ഡലിഗേറ്റുകളുടെ എണ്ണത്തില്‍ ഹക്കബി വളരെ പിന്നിലാണ്. പക്ഷേ, ശനിയാഴ്ച നടന്ന തിരഞ്ഞെടുപ്പീല്‍ കാന്‍സസിലും ലൂയിസിയാനയിലും ഹക്കബി ജയിച്ചത് കൃസ്ത്യന്‍ യാഥാസ്ഥികര്‍ക്ക് ഇപ്പോഴും മക്കെയിനില്‍ വിശ്വാസമില്ല എന്നതിന്റെ വ്യക്തമായ തെളിവാണ്. അത് പൊതുതിരഞ്ഞെടുപ്പില്‍ മക്കെയിനെ കാര്യമായി ബാധിക്കും; അദ്ദേഹത്തിന് സ്വതന്ത്രരുടെ പിന്തുണ വന്‍‌തോതില്‍ ഉണ്ട് എന്നുള്ളതാണ് ഒരു ആശ്വാസം.

റിപ്പബ്ലിക്കന്‍ ഭാഗത്ത് ഇനി പ്രൈമറിയുമായി ബന്ധപ്പെട്ട് ഒന്നും നമുക്ക് താല്പര്യമുണ്ടാക്കുമെന്ന് കരുതേണ്ട. ഹക്കബി ‘അത്ഭുതങ്ങളിലാണ് ഞാന്‍ ബിരുദമെടുത്തിട്ടുള്ളത്’ എന്നൊക്കെ പറയുന്നുണ്ടെങ്കിലും. (സെമിനാരിയില്‍ നിന്ന് ബിരുദമെടുത്ത ശേഷം ബാപ്റ്റിസ്റ്റ് പാസ്റ്ററാ‍യിരുന്നു അദ്ദേഹം അര്‍ക്കന്‍സാ ഗവര്‍‌ണര്‍ ആകുന്നതു വരെ.)

ഡകോക്രാറ്റ് ഭാഗത്ത് ആരു ജയിക്കുമെന്നതിനെ പറ്റി ആര്‍ക്കും ഒന്നും പറയാനാവാത്ത അവസ്ഥയിലാണ് കാര്യങ്ങള്‍ നീങ്ങുന്നത്. സൂപ്പര്‍ ട്യൂസ്ഡേയില്‍ ഹിലരിയും ഒബാമയും ഒപ്പത്തിനൊപ്പം നിന്നു; ഹിലരി വലിയ സംസ്ഥാനങ്ങളില്‍ ജയിച്ചപ്പോള്‍ ഒബാമ കൂടുതല്‍ സംസ്ഥാനങ്ങളില്‍ ജയിച്ചു. ഡലിഗേറ്റുകളുടെ കാര്യത്തില്‍ ഹിലരി ചെറിയ മുന്‍‌തൂക്കം നേടി.

പ്രൈമറിയുടെ മൂന്നാം ഘട്ടം പല ദിവസങ്ങളിലായിട്ടാണ് നടക്കുക. ശനിയാഴ്ച നടന്ന നാല് ഡമോക്രാറ്റ് പ്രൈമറി/കോക്കസുകളിലും ഒബാമ വന്‍ഭൂരിപക്ഷത്തില്‍ ജയിച്ചു. വാഷിംഗ്‌ടന്‍, ലുയിസിയാന, നെബ്രാസ്ക, വിര്‍‌ജിന്‍ ഐലന്റ് എന്നിവിടങ്ങളില്‍. ഞായറാഴ്ച മെയിനില്‍ നടന്ന കോക്കസില്‍ ഹിലരി ജയിക്കുമെന്നായിരുന്നു കണക്കുകൂട്ടലുകള്‍. പക്ഷേ, അവിടെയും ഒബാമ 59% വോട്ടുപിടിച്ച് ജയിച്ചു. ചൊവ്വാഴ്ച നടക്കാനിരിക്കുന്ന വിര്‍ജീനിയ,മേരിലാന്റ്, ഡിസ്ട്രിക്ട് ഓഫ് കൊളംബിയ (അമേരിക്കയുടെ തലസ്ഥാനം വാഷിംഗ്ടണ്‍ ഡി.സി. ഉള്‍പ്പെടുന്ന പ്രദേശം) എന്നിവിടങ്ങളിലും ഒബാമ ജയിക്കുമെന്നാണ് എല്ലാവരും പ്രതീക്ഷിക്കുന്നത്. അതിനിടക്ക് മെയിനില്‍ ജയിക്കുന്നത് ചെറിയൊരു ആശ്വാസം ആകും എന്ന ഹിലരി ക്യാമ്പിന്റെ പ്രതീക്ഷ തെറ്റിപ്പോയി. അതോടൊപ്പം ഹിലരിയുടെ തിരഞ്ഞെടുപ്പ് ഫണ്ട് ശുഷ്കമാകുന്നുവെന്നും അതിനാല്‍ സ്വന്തം പൈസ ഇറക്കിത്തുടങ്ങിയെന്നുമുള്ള വാര്‍ത്തകളും ഉണ്ട്. ഇന്ന് ഹിലരി അവരുടെ ക്യമ്പെയിന്‍ മാനേജരെ മാറ്റുകയും ചെയ്തു. പൊതുവെ നല്ല വാര്‍‌ത്തകളല്ല അടുത്തയിടെ അവരുടെ ഭാഗത്തുനിന്ന് വരുന്നത്.

കാര്യങ്ങള്‍ ഇങ്ങനെയൊക്കെ ആണെങ്കിലും മാര്‍ച്ചില്‍ നടക്കാന്‍ പോകുന്ന ചില മത്സരങ്ങളാവും ഡമോക്രാറ്റ് ഭാഗത്ത് കാര്യങ്ങള്‍ക്ക് ഒരളവുവരെ വ്യക്തത കൊടുക്കാന്‍ സാധ്യത ഉണ്ടാക്കുക. മാര്‍ച്ച് 4-ന് പ്രൈമറി നടക്കുന്ന ടെക്സസ്, ഒഹായോ എന്നീ സംസ്ഥാനങ്ങളില്‍ നിന്ന് വളരെയധികം ഡലിഗേറ്റുകള്‍ ഉണ്ട്. അതില്‍ രണ്ടിലും ഹിലരി ജയിക്കുകയാണെങ്കില്‍ അവര്‍‌ക്ക് ഒബാമയുടെ മുന്നേറ്റം തടയാന്‍ കഴിയും. തല്‍ക്കാലം അവിടെ ഹിലരിയാണ് അഭിപ്രായവോട്ടെടുപ്പുകളില്‍ മുന്നില്‍. (അഭിപ്രായവോട്ടെടുപ്പുകളുടെ പിഴവാണ് ഈ തിരഞ്ഞെടുപ്പില്‍ കൃത്യമായി പ്രവചിക്കാന്‍ കഴിയുന്ന ഏക കാര്യം :) )

പ്രൈമറിയുടെ ഈ മൂന്നാം ഘട്ടം ജൂണ്‍ 7-ആം തീയതി വരെ പോകാം. കിട്ടുന്ന വോട്ടുകളുടെ അനുപാതത്തിനോ ജയിക്കുന്ന നിയോജകമണ്ഡലങ്ങളുടെ തോതിലോ ഡലിഗേറ്റുകളെ നിശ്ചയിക്കുന്നതുകൊണ്ട് ഇതുവരെ കിട്ടിയ ഡലിഗേറ്റുകളുടെ എണ്ണത്തില്‍ ഹിലരിയും ഒബാമയും തമ്മില്‍ വലിയ വ്യത്യാസമില്ല. അസോഷിയേറ്റഡ് പ്രസ്സിന്റെ കണക്കുപ്രകാരം ഇതുവരെ ഹിലരിക്ക് 1136-ഉം ഒബാമക്ക് 1108-ഉം ഡലിഗേറ്റുകള്‍ ഉണ്ട്; നോമിനേഷന്‍ കിട്ടാന്‍ കുറഞ്ഞത് 2025 പേരെ പിടിക്കണം. മൊത്തമുള്ള ഡലിഗേറ്റുകള്‍ എല്ലാവരും പ്രൈമറി വഴി വരുന്നവരല്ല. സൂപ്പര്‍ ഡലിഗേറ്റുകള്‍ എന്ന് അറിയപ്പെടുന്ന 796 പേര്‍, സെനറ്റര്‍മാര്‍ തുടങ്ങി പാര്‍ട്ടിയിലെ തിരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികളും തലമൂത്ത നേതാക്കന്മാരും ഉള്‍പ്പെട്ട ഒരു ഗ്രൂപ്പാണ്. ഏതു സ്ഥാനാര്‍ഥിയെ വേണമെങ്കിലും അവര്‍ക്ക് പിന്തുണക്കാം. ഇത്രയും അടുത്ത മത്സരത്തില്‍ സൂപ്പര്‍ ഡലിഗേറ്റുകളുടെ പ്രാധാന്യം എടുത്തുപറയേണ്ടല്ലോ. ഹിലരിയും ഒബാമയും തിരഞ്ഞെടുപ്പ് പ്രചരണത്തോടൊപ്പം സൂപ്പര്‍ ഡലിഗേറ്റുകളെ സ്വാധീനിക്കുന്ന തിരക്കിലുമാണ്. തല്‍ക്കാലം ആ മത്സരത്തില്‍ ഹിലരിയാണ് മുമ്പില്‍. പാര്‍ട്ടിയന്ത്രത്തില്‍ അവര്‍ക്കുള്ള വന്‍‌സ്വാധീനം ആ രംഗത്ത് നല്ല ഉപകാരമാകുന്നുമുണ്ട്.

ഇനി അടുത്ത രണ്ടു ചൊവ്വാഴ്ചകളില്‍ നടക്കുന്ന ഡമോക്രാറ്റ് പ്രൈമറികളാണ് ഈ മാസം നമുക്ക് നിരീക്ഷിക്കേണ്ടത്.

Tuesday, February 05, 2008

സൂപ്പര്‍ ട്യൂസ് ഡേ ലൈവ് | അമേരിക്കന്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പ്

തുടങ്ങാന്‍ വൈകിപ്പോയി. ഇപ്പോള്‍ താഴെപ്പറയുന്ന ഫലങ്ങളാണ് അറിവായിട്ടുള്ളത്:

ഫലം അറിവായ സംസ്ഥാനങ്ങള്‍

ഡമോക്രാറ്റ്:
ജോര്‍ജിയ (ഒബാമ)
ഇല്ലിനോയി (ഒബാമ)
മാസച്യൂസെറ്റ്‌സ് (ഹിലരി)

റിപ്പബ്ലിക്കന്‍:
മാസച്യൂസെറ്റ്‌സ് (റോംനി)
കണക്ടിക്കറ്റ് (മക്കെയിന്‍)
ന്യൂ ജഴ്സി (മക്കെയിന്‍)

www.nytimes.com -ന്റെ ഹോം പേജില്‍ തന്നെ ഫലങ്ങള്‍ കൊടുന്നുണ്ട്. താല്പര്യമുള്ളവര്‍ അവിടെയും പോയി നോക്കുക.

Monday, February 04, 2008

ചുരുങ്ങുന്ന അങ്കത്തട്ട്; മുറുന്ന പോര് | അമേരിക്കന്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പ്

അവസാനം പ്രൈമറി തിരഞ്ഞെടുപ്പ് കാലിഫോര്‍ണിയയില്‍ എത്തി. നാളെ 20-ല്‍ അധികം സംസ്ഥാനങ്ങളില്‍ പ്രൈമറി നടക്കും. പ്രൈമറിയുടെ രണ്ടാം ഘട്ടം ആണെന്നു വേണമെങ്കില്‍ പറയാം. ആദ്യം ചെറിയ സംസ്ഥാനങ്ങളില്‍; വലിയ സംസ്ഥാനങ്ങളായ കാലിഫോര്‍ണിയ, ന്യൂ യോര്‍ക്ക് തുടങ്ങി 20-ല്‍ അധികം സംസ്ഥാനങ്ങളില്‍ നടക്കുന്ന രണ്ടാം ഘട്ടം; ബാക്കിയുള്ള 20-നോട് അടുത്തുള്ള ബാക്കി സംസ്ഥാനങ്ങളില്‍ മൂന്നാം ഘട്ടം; നാലാം ഘട്ടമായ പാര്‍ട്ടി കണ്‍വെന്‍ഷനില്‍ വച്ചു നടക്കുന്ന ഔദ്യോഗിക സ്ഥാനാര്‍ഥി നിര്‍ണയം. ഇതില്‍ രണ്ടാം ഘട്ടത്തില്‍ തന്നെ കാര്യങ്ങള്‍ ഏറെക്കുറെ തീരുമാനിക്കപ്പെടാറുണ്ട്. പക്ഷേ,ഇത്തവണ രണ്ടു പാര്‍ട്ടിയിലും കാര്യങ്ങള്‍ അതും കഴിഞ്ഞു പോകാനാണ് സാധ്യത. പ്രത്യേകിച്ചും ഡമോക്രാറ്റുകളുടെ കാര്യത്തില്‍.

പ്രാധാന്യവും വലിപ്പവും കൊണ്ട് സൂപ്പര്‍ ട്യൂസ് ഡേ എന്നാണ് പത്രങ്ങള്‍ നാളത്തെ തിരഞ്ഞെടുപ്പിനെ വിളിക്കുന്നത്. നാലു സ്ഥാനാര്‍ഥികളെ മാത്രമേ ഇനി കാര്യമായി എടുക്കേണ്ടതുള്ളൂ: ഡമോക്രാറ്റുകളുടെ ഭാഗത്ത് ബറാക്ക് ഒബാമയും ഹിലരി ക്ലിന്റനും; റിപ്പബ്ലിക്കന്‍ ഭാഗത്ത് ജോണ്‍ മക്കെയിനും മിറ്റ് റോംനിയും.

കെന്നഡിമാരുടെ പിന്തുണ ഒബാമക്ക് വന്‍‌മുന്നേറ്റമാണ് ഉണ്ടാക്കിക്കൊടുത്തത്. പിന്തുണ മാത്രമല്ല റ്റെഡ് കെന്നഡിയും കാരളിന്‍ കെന്നഡിയുമൊക്കെ ഒബാമക്ക് വേണ്ടി അവര്‍ക്ക് സ്വാധീനമുള്ള സ്ഥലങ്ങളില്‍ പ്രചരണവും നടത്തുന്നുണ്ട്. ലോസ് ആഞ്ചലസില്‍ ഹിസ്പാനിക്കുകളുടെ പിന്തുണ നേടിയെടുക്കാന്‍ ഒബാമയുടെ അഭാവത്തില്‍, ഗവര്‍ണര്‍ അര്‍ണോള്‍ഡ് ഷ്വാത്‌സിനെക്കറിന്റെ ഭാര്യയും കെന്നഡി കുടുംബാംഗവുമായ മരിയ ഷ്രൈവരും അവരോടൊപ്പം ചേര്‍ന്നു. (ആര്‍ണോള്‍ഡ് റിപ്പബ്ലിക്കനാണെന്നു കൂടി ഓര്‍ക്കണം.) കൂട്ടത്തില്‍ പെണ്ണുങ്ങള്‍ക്ക് പ്രിയങ്കരിയായ ടോക്ക് ഷോ ഹോസ്റ്റ് ഓപ്ര വിന്‍ഫ്രീയും ഒബാമയുടെ ഭാര്യ മിഷലും. ഇതുവരെ പോളുകളില്‍ വളരെ മുമ്പില്‍ നിന്ന ഹിലരി ചില പോളുകളില്‍ ഇപ്പോള്‍ അല്പം പിന്നിലാണെന്നാണ് വാര്‍ത്ത. ദേശീയ തലത്തില്‍ ഒബാമയും ഹിലരിയും ഒപ്പത്തിനൊപ്പവും. വോട്ടര്‍മാരില്‍ ഇത്രയധികം താല്പര്യമുണ്ടാക്കിയ ഒരു പ്രൈമറി അടുത്തകാലത്തുണ്ടായിട്ടില്ല. അതിന്റെ ക്രെഡിറ്റ് മുഴുവന്‍ ഒബാമക്കാണ്. ആ താല്പര്യം വോട്ടായി മാറുമോ എന്നാണ് ഇനി നോക്കേണ്ടത്.

എന്റെ പ്രിയ പത്രം ന്യൂ യോര്‍ക്ക് റ്റൈംസ് ഹിലരിയെ പിന്തുണച്ചത് വ്യക്തിപരമായി ഒരു നഷ്ടമായി തോന്നി. പക്ഷേ, മറ്റൊരു വലിയ ലിബറല്‍ പത്രമായ ലോസ് ആഞ്ചലസ് റ്റൈംസ് ഒബാമയെ ആണ് പിന്തുണക്കുന്നത്. ആ നഗരത്തിലെ തന്നെ സ്പാനിഷ് ഭാഷാ പത്രമായ ലാ ഒപ്പീനിയോനും ഒബാമയെയാണ് പിന്തുണക്കുന്നത്. ഹിസ്പാനിക്കുകള്‍ 50%-ല്‍ ഏറെയുള്ള ലോസ് ആഞ്ചലസില്‍ ആ പത്രങ്ങളുടെ പിന്തുണ അദ്ദേഹത്തെ സഹായിക്കാന്‍ ഇടയുണ്ട്. അവിടത്തെ മേയര്‍ ഹിലരിയുടെ അടുത്ത അനുയായി ആണ്.

സ്ഥാനാര്‍ഥികളെ പിന്തുണക്കുന്ന കാര്യത്തില്‍ ഡമൊക്രാറ്റുകള്‍ രണ്ടായി പിളര്‍ന്നിട്ടുള്ളതായിട്ടാണ് കാണുന്നത്. പൊതുവെ ഉയര്‍ന്ന ലിബറല്‍ നേതാക്കള്‍ ഒബാമയെ പിന്തുണക്കാനാണ് താല്പര്യം കാണിക്കുന്നത്. പക്ഷേ, താഴെക്കിടയിലുള്ള നേതാക്കളുടെ പിന്തുണ അധികവും ഹിലരിക്കാണെന്നു തോന്നുന്നു. പാര്‍ട്ടി യന്ത്രത്തില്‍ അവര്‍ക്കുള്ള പിടിയാണ് കുട്ടിനേതാക്കന്മാരുടെയും യൂണിയന്‍കാരുടെയുമൊക്കെ കൂറ് അവര്‍ക്ക് നേടിക്കൊടുക്കുന്നത്. വീടുവീടാന്തരമുള്ള പ്രചരണത്തിനും മറ്റും പ്രാദേശിക നേതാക്കന്മാരുടെ സംഘടനാപാടവമാണ് വാഷിംഗ്‌ടണില്‍ ജീവിക്കുന്ന തലമൂത്തനേതാക്കന്മാരുടെ പിന്തുണയേക്കാള്‍ ഫലപ്രദമാകുക.

കൂടുതല്‍ സംസ്ഥാനങ്ങളില്‍ ഹിലരി തന്നെ വിജയിച്ചേക്കാമെങ്കിലും ഡലിഗേറ്റുകളെ കിട്ടിയ വോട്ടിന്റെ അനുപാതത്തില്‍ ഓരൊ നിയോജകമണ്ടലത്തിലും വിഭജിക്കുന്നതുകൊണ്ട് ഫലത്തില്‍ ആകെ കിട്ടുന്ന ഡലിഗേറ്റുകളുടെ കാര്യത്തില്‍ വലിയ വ്യത്യാസം ഉണ്ടാകില്ല എന്നാണ് പൊതുവെയുള്ള വിലയിരുത്തല്‍. അത് പ്രൈമറി മൂന്നും നാലും ഘട്ടങ്ങളിലേക്ക് ഇഴയാന്‍ ഇടയാവുകയും ചെയ്യും. പാര്‍ട്ടി കണ്‍‌വെന്‍ഷന്‍ വരെ തീരുമാനമൊന്നുമില്ലാതെ കാര്യങ്ങള്‍ നീങ്ങുകയാണെങ്കില്‍ പാര്‍ട്ടി നേതാക്കന്മാര്‍ക്കുള്ള പ്രത്യേക വോട്ടുകള്‍ നിര്‍ണ്ണായകമാവുമെന്നും അത് ഒരു കുതിരക്കച്ചവടത്തിനു തന്നെ വഴി വച്ചേക്കാമെന്നുമൊക്കെ ബ്ലോഗറുമാര്‍ എഴുതിത്തുടങ്ങിയിട്ടുണ്ട്. പക്ഷേ, ഇതുവരെ രാഷ്ട്രീയ പണ്ഡിതന്മാരെയും പോളുകളെയും കളിയാക്കിക്കൊണ്ടുള്ള ഫലങ്ങളാണ് ഈ തിരഞ്ഞെടുപ്പില്‍ പുറത്തുവന്നത്. അതുകൊണ്ട് അത്തരം നിഗമനങ്ങള്‍ക്ക് വലിയ വില കല്‍പ്പിക്കേണ്ട കാര്യമുണ്ടെന്ന് തോന്നുന്നില്ല.

റിപ്പബ്ലിക്കന്‍ ഭാഗത്ത് കുറച്ചുകൂടി വ്യക്തതയുണ്ട്. ഫ്ലോറിഡയില്‍ ലഭിച്ച വിജയം ജോണ്‍ മക്കെയിന് വന്‍ തോതിലുള്ള മുന്നേറ്റം കൊടുത്തു. പോളുകളില്‍ മൊത്തം അദ്ദേഹമാണ് മുന്നിട്ടുനില്‍ക്കുന്നത്. സ്വന്തം പൈസ എറിഞ്ഞ് മിറ്റ് റോംനി വിടാതെ പിന്നാലെയുണ്ട്. പക്ഷേ, അത്യന്തികമായി മക്കെയിന് തന്നെ നോമിനേഷന്‍ കിട്ടും എന്നു തന്നെയാണ് തോന്നുന്നത്. കാലിഫോര്‍ണിയയില്‍ അപ്രതീക്ഷിതമായി മിറ്റ് റോംനിക്ക് പോളുകളില്‍ മുന്തൂക്കം വന്നത് അദ്ദേഹം ഉത്സാഹം കൂട്ടിയിട്ടുണ്ട്. ഇവിടെ അദ്ദേഹം നാളെ തോല്‍ക്കുകയാണെങ്കില്‍ പിന്നെ മൂന്നാം ഘട്ടത്തിലേക്ക് അദ്ദേഹം പോകുന്നത് ബാങ്ക് ബാലന്‍സ് കുറച്ചുകൂടി ചെറുതാക്കാനേ ഉപകരിക്കൂ. മൈക്ക് ഹക്കബിയും മത്സരത്തില്‍ ഉണ്ട്. അദ്ദേഹം ചില തെക്കന്‍ സംസ്ഥാനങ്ങളില്‍ വിജയിക്കുമെന്ന് പ്രതീക്ഷയുമുണ്ട്. പക്ഷേ, അത് ഇപ്പോഴത്തെ സമവാക്യങ്ങളില്‍ എന്തെങ്കിലും വ്യത്യാസമുണ്ടാക്കുമെന്നു കരുതുന്നില്ല. ഇനി ഹക്കബി മക്കെയിന്റെ വൈസ് പ്രസിഡന്റ് സ്ഥാനാര്‍ഥി ആകാന്‍ ശ്രമിക്കുമോ എന്നാണ് നോക്കേണ്ടത്. പൊതുവെ ലിബറല്‍ എന്നറിയപ്പെടുന്ന മക്കെയിന് ഹക്കബി പോലെ കടുത്ത യാഥാസ്ഥികനായ ഒരാളുടെ പിന്തുണ പൊതുതിരഞ്ഞെടുപ്പില്‍ ആവശ്യം വന്നേക്കാം. പലപ്പോഴും മക്കെയിന്റെ ശത്രുക്കള്‍ പാര്‍ട്ടിക്കുള്ളിലെ കൃസ്ത്യന്‍ യാഥാസ്ഥികര്‍ ആണ്. അതാണ് റിപ്പബ്ലിക്കന്മാര്‍ മാത്രം പങ്കെടുക്കുന്ന പ്രൈമറികളില്‍ (പലയിടത്തും സ്വതന്ത്രര്‍ക്ക് മറ്റു പാര്‍ട്ടിക്കാരുടെ പ്രൈമറിയില്‍ വോട്ടു ചെയ്യാം.) മക്കെയിന്‍ കഷ്ടപ്പെടുന്നത്. കാലിഫോര്‍ണിയയിലെ സ്വതന്ത്രര്‍ക്ക് റിപ്പബ്ലിക്കന്‍ പ്രൈമറിയില്‍ വോട്ട് ചെയ്യാന്‍ പറ്റില്ല.

കാലിഫോര്‍ണിയയില്‍ നേരം വെളുക്കുമ്പോള്‍ കിഴക്കേയറ്റത്ത് പോളിംഗ് തുടങ്ങിക്കാണും . (3 മണിക്കൂറ് വ്യത്യാസമുണ്ട് ന്യൂ യോര്‍ക്കുള്ള അമേരിക്കയുടെ കിഴക്കന്‍ തീരവും കാലിഫോര്‍ണിയ കിടക്കുന്ന പടിഞ്ഞാറന്‍ തീരവും തമ്മില്‍.) ഇവിടത്തെ പോളിംഗ് തീരുന്നത് രാത്രി 11-നാണ്. എക്സിറ്റ് പോള്‍ ഫലങ്ങളും യഥാര്‍ഥ ഫലങ്ങളുമൊക്കെ വിശകലനം ചെയ്ത് നേരം കളയാന്‍ എന്നേപ്പോലെയുള്ള രാഷ്ട്രീയ ഭ്രാന്തന്മാര്‍ക്ക് നല്ലൊരവസരം തന്നെ.