ചിത്രം ഈ വാര്‍ത്തയില്‍ നിന്ന് എടുത്തത്. ഒബാമ 2 ലക്ഷം ബെര്‍ളിന്‍കാരെ അഭിസംബോധന ചെയ്യുന്നു
ഒബാമ ലോകത്തിന്റെ മൊത്തം പ്രസിഡന്റാവാനാണോ മത്സരിക്കുന്നത് എന്ന് കഴിഞ്ഞ ഒരാഴ്ചയിലെ അദ്ദേഹത്തിന്റെ വിദേശപര്യടനം കണ്ടാല്‍ ചോദിച്ചുപോകും. അഫ്‌ഗാനിസ്ഥാന്‍, ഇറാക്കും പ്രധാനപ്പെട്ട മറ്റു അറബ് രാജ്യങ്ങളും, ഇസ്രയേല്‍, ജര്‍മനി, ഫ്രാന്‍സ്, ബ്രിട്ടന്‍ അങ്ങനെ പോകുന്നു അദ്ദേഹം സന്ദര്‍ശിച്ച രാജ്യങ്ങളുടെ പട്ടിക. പ്രസിഡന്റ് ആകുന്നതിനുമുമ്പ് തന്നെ ഇത്തരം ഒരു വിദേശസന്ദര്‍ശനം നടത്തുന്നത് അത്ര ശരിയായ കാര്യമല്ല എന്നു തോന്നാമെങ്കിലും മക്കെയിന്റെ വിദേശ്യകാര്യപരിചയത്തിലുള്ള മുന്തൂക്കത്തിനെ മറികടക്കാന്‍ ഒബാമയ്ക്ക് എന്തെങ്കിലും ചെയ്തേ മതിയാകുമായിരുന്നുള്ളൂ.
പ്രസിഡന്റ് ആയേക്കാവുന്ന ഒരാള്‍ക്ക് കിട്ടുന്ന പരിഗണനയേക്കാള്‍ ഒരു റോക്ക് സ്റ്റാറിന്റെ സ്വീകരണമാണ് അദ്ദേഹത്തിന് ചെന്ന സ്ഥലങ്ങളിലൊക്കെ കിട്ടിയത്. പ്രത്യേകിച്ചും 2 ലക്ഷത്തിലധികം ആള്‍ക്കാര്‍ എത്തിയ ബര്‍ളിനില്‍. അവിടങ്ങളിലെ രാഷ്ട്രീയക്കാരും ഒബാമയ്ക്ക് കിട്ടുന്ന പിന്തുണ ശ്രദ്ധിക്കുന്നുണ്ടെന്ന് തോന്നുന്നു: ജനവികാരത്തിനൊത്ത് വഴിവിട്ടുള്ള കാര്യങ്ങള്‍ ചെയ്യാന്‍ അവരും തയ്യാറായി. ഔദ്യോഗികമായി ഒബാമ ഒരു ജൂനിയര്‍ സെനറ്റര്‍ മാത്രമാണെന്ന് ഓര്‍ക്കണം.
തികച്ചും ഏകാധിപത്യ സ്വഭാവമുള്ള ബുഷ് ഭരണകൂടം മാറണമെന്നും, ജനാധിപത്യലോകത്തിന്റെ തലപ്പത്തേക്ക് അമേരിക്ക വീണ്ടും വരണമെന്നുമുള്ള ലോകജനതയുടെ ആഗ്രഹത്തിന്റെ ബഹിര്‍സ്ഫുരണമാണ് മാറ്റത്തിന്റെ മുദ്രാവാക്യവുമായി നടക്കുന്ന ഒബാമയോട് കാട്ടുന്ന ഈ സ്നേഹപ്രകടനം എന്നു തോന്നുന്നു. 4 വര്‍ഷങ്ങള്‍ക്ക് മുമ്പ് ബുഷ് രണ്ടാമത് ജയിച്ചപ്പോള്‍ യൂറോപ്പ് അമേരിക്കയെ എഴുതിതള്ളിയതാണ്. അതിന്റെ ആവര്‍ത്തനം ഇത്തവണ ഉണ്ടാവാതിരുന്നാല്‍ മതിയായിരുന്നു.
കാര്യങ്ങള്‍ അങ്ങനെയൊക്കെ ആണെങ്കിലും മക്കെയിന്‍ ഈ സമയത്ത് ചില സംസ്ഥാനങ്ങലില്‍ ലീഡ് കൂട്ടിയത് വിരോദാഭാസമായി തോന്നാം. അമേരിക്കക്കാര്‍ അങ്ങനെയാണ്; വിദേശികള്‍ ഇഷ്ടപ്പെടുന്ന നേതാക്കന്മാരെ അവര്‍ക്ക് ചെറിയ പുച്ഛമാണ്. കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ ജോണ്‍ കെറിക്ക് ഫ്രഞ്ച് സംസാരിക്കാന്‍ പറ്റും എന്ന മാധ്യമങ്ങള്‍ കൊടുത്ത അനാവശ്യ പ്രചരണം അദ്ദേഹത്തിന്റെ സാധ്യതയെ ബാധിച്ചു എന്ന് കരുതുന്നവര്‍ ഉണ്ട്.
മക്കെയിനും ചില വിദേശയാത്രകള്‍ നടത്തിയിരുന്നു. പക്ഷേ, അത് ആരും ശ്രദ്ധിച്ചിരുന്നില്ല എന്നു മാത്രം.