Thursday, October 09, 2008

പുസ്തകം പുറത്തിറങ്ങി - ബറാക്ക് ഹുസൈന്‍ ഒബാമ: ഒരു താരോദയത്തിന്റെ ദിനവൃത്താന്തങ്ങള്‍ബ്ലോഗില്‍ നിന്ന് മറ്റൊരു പുസ്തകം കൂടി. അമേരിക്കന്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പിനെപ്പറ്റി ഞാന്‍ ഈ ബ്ലോഗില്‍ പ്രസിദ്ധീകരിച്ച പ്രധാന പോസ്റ്റുകള്‍ സമാഹരിച്ച് “ബറാക്ക് ഹുസൈന്‍ ഒബാമ: ഒരു താരോദയത്തിന്റെ ദിനവൃത്താന്തങ്ങള്‍“ എന്ന പേരില്‍ പ്രസിദ്ധീകരിച്ചിരിക്കുന്നു. ഒബാമ തിരഞ്ഞെടുപ്പിന് ഇറങ്ങുന്നതു മുതല്‍ പ്രൈമറിയില്‍ ഹിലരിയുടെ മേല്‍ വിജയം നേടുന്നതുവരെയുള്ള കാര്യങ്ങളാണ് ഈ പുസ്തകത്തില്‍ ചര്‍ച്ച ചെയ്യപ്പെടുന്നത്.

ഞാന്‍ സ്വന്തമാണ് ഈ പുസ്തകം പ്രസിദ്ധീകരിച്ചിട്ടുള്ളത്. പുഴ ബുക്ക്സ്റ്റോര്‍ വഴി ഓണ്‍‌ലൈന്‍ ആയും എറണാകുളം ജില്ലയില്‍ ചില പുസ്തകശാലകളില്‍ നേരിട്ടും പുസ്തകം വാങ്ങാന്‍ കിട്ടും. എല്ലാവരും നവംബര്‍ 4-നു മുമ്പ് തന്നെ കോപ്പികള്‍ കരസ്ഥമാക്കുക; ഒബാമ വിജയിച്ച് റീപ്രിന്റ് ഇറക്കേണ്ടി വന്നാല്‍ വില കൂട്ടാന്‍ സാധ്യതയുണ്ട് ;-)

ഓണ്‍ലൈന്‍ ആയി വാങ്ങുന്നതിന് ഇവിടെ ക്ലിക്ക് ചെയ്യുക.

ഈ പുസ്തകത്തിന്റെ കവര്‍ ചിത്രം ചെയ്തത് ബൂലോഗത്ത് ഏവര്‍ക്കും സുപരിചിതനായ സജ്ജീവ് ബാലകൃഷ്ണനും; കവര്‍ ഡിസൈന്‍ ചെയ്തത് അനില്‍ നായരമ്പലവുമാണ്.

നിങ്ങള്‍ക്ക് ആവുന്ന രീതിയില്‍ ഈ പുസ്തകത്തിന് പ്രചാരം കൊടുക്കുമല്ലോ.

ബ്ലോഗില്‍ നിന്ന് പുസ്തകം നിര്‍മ്മിച്ചത് എങ്ങനെ?

1. ബ്ലോഗ് പോസ്റ്റുകളില്‍ നിന്ന് മാറ്റര്‍ ഒരു Notepad/UTF-8 ഫയലില്‍ ആക്കി. പുസ്തകരൂപത്തിലേക്ക് മാറ്റാന്‍ വേണ്ടി മാറ്ററില്‍ ചെയ്ത എല്ലാ എഡിറ്റിംഗും ഞാന്‍ ഈ ഫയലിലാണ് ചെയ്തത്.

2. വരമൊഴിക്കൊപ്പം വരുന്ന ഫോണ്ട് കണ്‍‌വേര്‍ട്ടര്‍ പ്രോഗ്രാമുകള്‍ ഉപയോഗിച്ച് യുണീക്കോഡ് മാറ്റര്‍ "ML-TTKarthika" ഫോണ്ടിലേക്ക് മാറ്റി. കണ്‍‌വേര്‍ട്ടര്‍ ഉണ്ടാക്കിയ മാറ്ററില്‍ ചെറിയ പ്രശ്നങ്ങള്‍ കണ്ടതുകൊണ്ട്, ഒരു ചെറിയ Perl പ്രോഗ്രാം തന്നെ എഴുതേണ്ടി വന്നു എല്ലാം വൃത്തിയാക്കിയെടുക്കാന്‍.

3. കവര്‍ ഒഴിച്ചുള്ള മൊത്തം പുസ്തകത്തിന്റെ മാറ്റര്‍ (നോട്ട്പാഡില്‍ ചെയ്തത്) ഞാന്‍ ഒരു Word ഫയലില്‍ ആക്കി. ലേ ഔട്ടിന് വേണ്ട നിര്‍ദ്ദേശങ്ങളും അത്യാവശ്യം ഫോര്‍മാറ്റിംഗും ഈ ഫയലില്‍ ചെയ്തു.

4. ലേ ഔട്ട് ചെയ്തയാള്‍ ആ Word ഫയലില്‍ നിന്ന് മാറ്റര്‍ PageMaker-ലേക്ക് മാറ്റി. PageMaker-ല്‍ “ML-Karthika" എന്ന ഫോണ്ടാണ് ഉപയോഗിച്ചത്. അതുകൊണ്ട് കുറച്ച് ഫോണ്ട് പ്രശ്നങ്ങള്‍ ഉണ്ടായി; ആ തെറ്റുകള്‍ കണ്ടുപിടിച്ച് തിരുത്താനാണ് ഏറ്റവും അധികം സമയം എടുത്തത്.

18 comments:

t.k. formerly known as തൊമ്മന്‍ said...

ബറാക്ക് ഹുസൈന്‍ ഒബാമ: ഒരു താരോദയത്തിന്റെ ദിനവൃത്താന്തങ്ങള്‍ - ബ്ലോഗില്‍ നിന്ന് മറ്റൊരു പുസ്തകം കൂടി.

vadavosky said...

Congratulations Thomman :)

ANCHAL said...

വളരെ സന്തോഷം തോന്നുന്ന നിമിഷങ്ങളില്‍ ഒന്ന്. താങ്കളുടെ അവലോകനങ്ങള്‍ ഇന്നേവരേയ്ക്കും സാകൂതം വീക്ഷിച്ചു കൊണ്ടിരിയ്ക്കുന്ന ഒരാളെന്ന നിലയില്‍ താങ്കളുടെ ഈ സന്തോഷത്തില്‍ ഞാനും പങ്കു ചേരുന്നു.

അമേരിക്കന്‍ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടു താങ്കളുടെ നിരീക്ഷണങ്ങള്‍ എല്ലാം തന്നെ മറ്റെല്ലാ കാര്യങ്ങളും ശരിയാവുകയാണെങ്കില്‍ ഒബാമ ജയിക്കും എന്ന നിലയ്ക്ക് തിരഞ്ഞെടുപ്പ് വിശകലനങ്ങളോട് നീതി പുലര്‍ത്തുന്നതാണ്. പക്ഷേ അമേരിക്കയില്‍ മറ്റെല്ലാ കാര്യങ്ങളും ശരിയായിട്ടല്ല നീങ്ങുന്നത്. അതു കൊണ്ട് തന്നെ നൂറുശതമാനവും ശരിയായ താങ്കളുടെ വിശകലനങ്ങള്‍ക്കും നിഗമനങ്ങള്‍ക്കും എതിരേ ആയിരിയ്ക്കും അമേരിയ്ക്കന്‍ തിരഞ്ഞെടുപ്പ് ഫലം.

ബറാക്ക് ഹുസൈന്‍ ഒബാമ തോല്‍ക്കും.

ഇത്തവണ അമേരിയ്ക്കയില്‍ റിക്കാഡ് പോളിങ്ങ് നടക്കും. ഒബാമ തോല്‍ക്കും.

ഒബാമ തോല്‍ക്കും എന്ന എന്റെ നിഗമനങ്ങള്‍ക്ക് സാധൂകരണമേകുന്ന വസ്തുതകള്‍ ഞാന്‍ പോസ്റ്റായി ഇടുന്നുണ്ട്.

അമേരിയ്ക്കന്‍ തിരഞ്ഞെടുപ്പിലേയ്ക്ക് എന്നെ അടുപ്പിച്ചത് താങ്കളുടെ ലേഖനങ്ങള്‍ ആണ്.

നന്ദി.

t.k. formerly known as തൊമ്മന്‍ said...

vadavosky- Thanks!
അഞ്ചല്‍കാരന്‍ - ഒബാമ തോല്‍ക്കാന്‍ താങ്ങള്‍ കാണുന്ന കാരണങ്ങള്‍ എന്താണെന്ന് അറിയാന്‍ ആകാംക്ഷയുണ്ട്. പോസ്റ്റിട്ടാല്‍ അറിയിക്കുമല്ലോ.

Cartoonist said...

തൊമ്മന്റെ പുസ്സം‍ നന്നായി വിക്കട്ടെ !
എന്നെ ഏറ്റവും അധികം ചിന്തിപ്പിച്ച ഭാഗം
‘ബ്ലോഗില്‍ നിന്ന് പുസ്തകം നിര്‍മ്മിച്ചത് എങ്ങനെ?‘ എന്നതാണ്...
എന്താ‍ാ‍ാ‍ാ‍ാ കഥ !!! :)

me said...

Congratulations!
Manu
ജോണ്‍ മക്കെയിനിനു വേണ്ടി ഈ ആഴ്ച ഞാന്‍ ഒരു പൂമൂടല്‍ നടത്തുന്നുണ്ട്!

സങ്കുചിതന്‍ said...

നല്ല കാര്യം!

Ralminov റാല്‍മിനോവ് said...

ഹിലരി ക്ലിന്റണെ മുട്ടുകുത്തിച്ചതോടെ തന്നെ ഒബാമ കാംപെയിനിന്റെ ശക്തിയും ശേഷിയും വ്യക്തമായിരുന്നു.
പല സ്റ്റേറ്റുകളിലും കൂടുതല്‍ ഡെമോക്രാറ്റുകള്‍ റെജിസ്റ്റര്‍ ചെയ്യുന്നതു് ഒബാമയുടെ സാദ്ധ്യത വര്‍ദ്ധിപ്പിക്കുന്നു.

ബില്‍ ക്ലിന്റണ്‍ ഒരിക്കല്‍ ഉയരത്തിലെത്തിച്ച സമ്പദ് വ്യവസ്ഥ ബുഷ് വളരെ ലാഘവത്തോടെയാണു് തകര്‍ത്തെറിഞ്ഞതു്.അതു് മക്​കെയിനു് വിനയാകും. വോട്ടിങ് ശതമാനം കൂടിയാല്‍ ഇത്തവണ ഒബാമയാകും ജയിക്കുക. ചെറുപ്പക്കാര്‍ ഒബാമയുടെ കൂടെയാണു്.

ഒബാമ തോറ്റാല്‍ പിന്നീടു് അമേരിക്കക്കാര്‍ വിരല്‍ കടിച്ചിട്ടു് കാര്യമില്ല. വാക്കിനു് വ്യവസ്ഥയില്ലാത്ത നമ്മുടെ പ്രധാനമന്ത്രിയെപ്പോലെയാണു് മക്​കെയിന്‍ നിലപാടുകള്‍ മാറ്റിക്കൊണ്ടിരിക്കുന്നതു്.

അമേരിക്കക്കാരെ അങ്ങനെ മുഴുവനായും എഴുതിത്തള്ളണ്ട. അതുകൊണ്ടു് എന്റെ വോട്ട് ഒബാമയ്ക്കു്.

Unni(ജോജി) said...

ടി കെ അശംസകള്‍,
ഓബാമ ജയിക്കട്ടെ എന്നു അഗ്രഹിക്കുന്നൂ. ഇന്ഡ്യന്‍ സൊഫ്റ്റ്‌വെര്‍ എഞിനീര്കു ഒബാമ പാരയകൊമൊ എന്നു അറിയില്ല എന്നാലും.

cibu cj said...

ഗംഭീരം. ഒബാമ വിജയിക്കട്ടെ!

വരമൊഴിയുടെ കൺവെർഷൻ പ്രശ്നങ്ങളെ പറ്റി പറഞ്ഞുതന്നാൽ തിരുത്താമായിരുന്നു.

തറവാടി said...

സന്തോഷം :)

t.k. formerly known as തൊമ്മന്‍ said...

പലയിടത്തും ഈ പുസ്തകത്തിന്റെ റിലീസിനെക്കുറിച്ച് വാര്‍ത്തകള്‍ വന്നിട്ടുണ്ട്: മനോരമ ഓണ്‍‌ലൈന്‍; മാതൃഭുമി

cartoonist/സങ്കുചിതന്‍/ജോജി/തറവാടി,
ആശംസകള്‍ക്ക് നന്ദി!

മനു,
മക്കെയിനെ എന്തിട്ടാണ് മൂടേണ്ടതെന്ന് ആലോചിക്കേണ്ട വിഷയം തന്നെ ;-)

റാല്‍മിനോവ്,
അഭിപ്രായങ്ങളോട് യോജിക്കുന്നു. ചെറുപ്പക്കാര്‍ പോളിംഗ് ബൂത്തില്‍ എത്തേണ്ടത് ഒബാമ ജയിക്കാന്‍ വളരെ ആവശ്യമാണ്. പലപ്പോഴും അവര്‍ റാലികളില്‍ പങ്കെടുത്തിട്ട് വോട്ടു ചെയ്യാന്‍ പോകാത്ത കാര്യം പല നിരീക്ഷകരും എടുത്തുപറയുന്നുണ്ട്.

സിബു,
ASCII-യിലേക്ക് മാറ്റര്‍ മാറ്റാന്‍ വരമൊഴി വളരെ ഉപകാരപ്രദമായിരുന്നു. വളരെ നന്ദി! Manglish output-ല്‍ ആണ് കുറച്ച് തിരുത്തുകള്‍ വേണ്ടിവന്നത്. താഴെ കൊടുത്തിട്ടുള്ള 2 regex-കള്‍ ഉപയോഗിച്ചാണ് അവ ഞാന്‍ നീക്കം ചെയ്തത്:
s/\{[“”]\}/"/
s/\{.*?\}//

ഇത് ഇംഗ്ലീഷ് strings-ഉം നീക്കം ചെയ്യുമെന്നു തോന്നുന്നു. പക്ഷേ, ഈ ക്ലീനപ്പ് ഇല്ലാതെ കിട്ടുന്ന ASCII ടെക്സ്റ്റിന്റെ ഗുണം വളരെ മോശമായിരുന്നു.

UTF-8 ല്‍ നിന്ന് ASCII-യിലേക്ക് മാറ്റാന്‍ പറ്റാത്തവയാണെന്നു തോന്നുന്നു {} ഉള്ളില്‍ വരുന്നത്. ഒരു നിര്‍ദ്ദേശമുള്ളത്, അക്ഷരങ്ങള്‍ ASCII range-ല്‍ ഉള്ളവയാണെങ്കില്‍ അവ {} ഉള്ളില്‍ കൊടുക്കാതെയിരിക്കുക എന്നതാണ്. മാറ്ററില്‍ ഉള്ള ഇംഗ്ലീഷ് ടെക്സ്റ്റും മറ്റും {} ഉള്ളില്‍ വരാതെ അത് സഹായിക്കും.

കിഷോര്‍:Kishor said...

അഭിനന്ദനങ്ങള്‍!!

ഒബാമ ജയിക്കുമെന്നു കരുതാം...

എന്നാലും അമേരിക്കയിലുള്ള പ്രായം ചെന്ന ചില ഇന്ത്യക്കാല്‍ ഇപ്പോഴും കറുത്തവര്‍ഗക്കാരോടുള്ള വിവേചനം ഇപ്പോഴും തുടരുന്നില്ലേ എന്ന് സംശയം..

t.k. formerly known as തൊമ്മന്‍ said...

കിഷോര്‍,
വയസ്സു ചെന്നവര്‍ മാത്രമല്ല; പൊതുവേ ഇന്ത്യാക്കാര്‍ക്ക് കറുത്തവരെ ഇഷ്ടമില്ല എന്നാണ് എനിക്ക് തോന്നിയിട്ടുള്ളത്. ഇഷ്ടക്കുറവിനേക്കാള്‍ അവരെ നമുക്ക് പേടിയാണെന്നു തോന്നുന്നു.

ഒബാമ ജയിക്കുമെന്ന് ഞാനും കരുതുന്നു. സാമ്പത്തിക പ്രതിസന്ധി ഉണ്ടായിരുന്നില്ലെങ്കില്‍ ഒരു പക്ഷേ അദ്ദേഹത്തിന് അത് ബുദ്ധിമുട്ടായേനെ.

കെ.പി.സുകുമാരന്‍ അഞ്ചരക്കണ്ടി. said...

അഭിനന്ദനങ്ങള്‍ പ്രിയ ടി.കെ ...

ബറാക്ക് ഹുസൈന്‍ ഒബാമ വിജയിക്കുമോ തോല്‍ക്കുമോ എന്നത് അമേരിക്കന്‍ ജനതയുടെ ആഭ്യന്തരകാര്യമായാണ് ഞാന്‍ കാണുന്നത്. രണ്ട് പേരില്‍ ആര് പ്രസിഡണ്ട് ആയാലും ഇന്ത്യയുമായി നല്ല ബന്ധം സ്ഥാപിക്കുകയും രണ്ട് ജനാധിപത്യരാജ്യങ്ങള്‍ എന്ന നിലയില്‍ ആ സഹവര്‍ത്തിത്വം ആഗോള ജനാധിപത്യമുന്നേറ്റത്തിന് കരുത്ത് പകരുകയും ചെയ്യും എന്നതാണ് നമ്മെ സംബന്ധിക്കുന്ന പ്ലസ് പോയിന്റ് എന്ന് ഞാന്‍ കരുതുന്നു ...

t.k. formerly known as തൊമ്മന്‍ said...

കെ.പി.സുകുമാരന്‍,
നന്ദി! ഒരു മികച്ച ജനാധിപത്യമെന്ന നിലയിലും ഇപ്പോള്‍ ഒരു സാമ്പത്തിക ശക്തിയായി ഉയര്‍ന്നിട്ടുള്ളതും ഇന്ത്യയെ, പ്രസിഡന്റ് ആരായാലും, അമേരിക്കക്ക് അവഗണിക്കാന്‍ പറ്റാത്ത അവസ്ഥയിലാക്കിയിട്ടുണ്ട്. ചൈന പോലെ ഒരു ഏകാധിപത്യം തൊട്ടയല്‍‌പക്കത്ത് അനുദിനം വളരുമ്പോള്‍ ഇന്ത്യ അമേരിക്കയുടെ വിദേശകാര്യ സമവാക്യങ്ങളില്‍ സ്ഥാനം പിടിക്കുന്നത് സ്വാഭാവികം മാത്രം.

ജയരാജന്‍ said...

അഭിനന്ദനങ്ങൾ!
ലേഖനങ്ങൾ പലതും വായിച്ചിരുന്നു; ഇത് കാണാൻ വൈകി :(
ഒബാമ ജയിക്കും എന്ന് പ്രതീക്ഷിക്കാം.

Anonymous said...

Obama Rand tavana jayichu.... evide anchal