Tuesday, December 30, 2008

'ന്യൂ യോര്‍ക്ക് ടൈംസി'ല്‍ എന്റെ ഗ്രാമം!


(ചിത്രം 'ന്യൂ യോര്‍ക്ക് ടൈംസി'ലെ ഈ ലേഖനത്തില്‍ നിന്ന്. വാര്‍ത്തയിലെ വിവരണം ശരിയാണെങ്കില്‍ ഈ പടം എന്റെ നാട്ടിലെ ഒരു സെമിനാരിയില്‍ നിന്നാണ്‌.)

വര്‍ഷങ്ങള്‍ക്കുമുമ്പ് സ്കൂളില്‍ പഠിച്ചുകൊണ്ടിരിക്കുമ്പോള്‍, 'ഇന്‍‌ഡ്യാ റ്റുഡേ'യില്‍ ഒരു ചെറിയ ലേഖനം വായിച്ചത് ഇപ്പോഴും മറന്നിട്ടില്ല. ഒരു അമേരിക്കന്‍ കത്തോലിക്കാ പള്ളിയില്‍ മലയാളി ചുവയില്‍ കുര്‍ബാന ചൊല്ലുന്ന ഒരു വൈദീകനെക്കുറിച്ചുള്ളതായിരുന്നു ആ ഹ്രസ്വലേഖനം. ‍ അന്നത് വായിക്കുമ്പോള്‍ വലിയ അത്ഭുതമായിരുന്നു; നമ്മുടെ മലയാ‍ളി അച്ചന്മാ‍രൊക്കെ സായിപ്പിന്റെ പള്ളിയില്‍ എങ്ങനെ എത്തിപ്പെട്ടു എന്ന് ആലോചിച്ച്. കമ്പ്യൂട്ടറും കാള്‍ സെന്ററുമൊക്കെ ഇന്ത്യയില്‍ സാധാരണക്കാരന്റെ പദാവലിയുടെ ഭാഗമാകുന്നതിന്ന് മുമ്പ് ബോഡി ഷോപ്പിംഗും ഔട്ട് സോഴ്‌സിംഗുമൊക്കെ വിജയകരമായി പ്രാവര്‍ത്തികമാക്കിയിരുന്നു കേരളത്തിലെ കത്തോലിക്കാ സഭ. മുമ്പ് പറഞ്ഞ അച്ചന്‍, തൊഴിലില്‍ പ്രാവീണ്യമുള്ളവരുടെ ക്ഷാമം തീര്‍ക്കാന്‍ വേണ്ടി അമേരിക്കയില്‍ എത്തിയ മറ്റു വിദേശജോലിക്കാരെപ്പോലെ തന്നെ ആയിരുന്നു. ശമ്പളവും കമ്മീഷനുമൊക്കെ ഉള്‍പ്പെട്ട തൊഴി‌ല്‍‌‌രംഗത്തിന്റെ ഭാഗമായിരുന്നു അദ്ദേഹവും. ബോഡി ഷോ‍പ്പിംഗ് കമ്പനിയുടെ സ്ഥാനത്ത് കേരളത്തിലെ രൂപതകള്‍ ആണെന്നു മാത്രം.

ഈ ബോഡി ഷോപ്പിംഗിന് ആത്മീയമല്ലാത്ത മറ്റൊരു വശം കൂടിയുണ്ട്. കേരളത്തില്‍ നിന്ന് കന്യാസ്ത്രീകള്‍ പ്രധാനമായും യൂറോപ്പില്‍ നഴ്സുമാരായി ജോലി ചെയ്ത് നാട്ടിലെ മഠങ്ങളിലേക്ക് പൈസ അയക്കുന്നതാണത്. പലപ്പോഴും നാട്ടിലെ ചില മഠങ്ങളിലെ പ്രധാന വരുമാനം അതാണ്. മറ്റൊന്ന്, വിദേശ സന്യാസിനി ഓര്‍ഡറുകള്‍ നാട്ടില്‍ നിന്ന് കന്യാ‍സ്ത്രീകളെ ശൂന്യമായിക്കൊണ്ടിരിക്കുന്ന യൂറോപ്പിലെ മഠങ്ങളിലേക്ക് കൊണ്ടുപോകുന്നതാണ്. നാട്ടിലെ അവരുടെ മഠങ്ങള്‍ ഏതാണ്ട് ഒരു ക്യാപ്റ്റീവ് യൂണിറ്റ് പോലെ, പെണ്‍കുട്ടികളെ കണ്ടെത്താനും കന്യാസ്ത്രീകളായി പരിശീലിപ്പിക്കാനും. ആദ്യത്തേത് ഇന്‍‌ഫോസിസിന്റെ ബോഡി ഷോപ്പിംഗ് മോഡല്‍; രണ്ടാമത്തേത് പരശതം അമേരിക്കന്‍ കമ്പനികള്‍ അനുവര്‍ത്തിക്കുന്ന ക്യാപ്റ്റീവ് യൂണിറ്റ് മോഡല്‍.

ഔട്ട് സോഴ്‌സിംഗിനുമുണ്ട് അത്തരമൊരു സമാന്തരം: പാശ്ച്യാത്യദേശങ്ങളില്‍ നേര്‍ച്ചപ്രകാരമുള്ള പ്രത്യേക കുര്‍ബാനകള്‍ ചെല്ലാന്‍ ആളില്ലാതെ വരുമ്പോള്‍ അവര്‍ ആ കുര്‍ബാനകള്‍ ചെല്ലാന്‍ നാട്ടിലെ അച്ചന്‍‌മാരെ ഏല്പിക്കുന്നു. നാട്ടിലെ അച്ചന്മാര്‍ക്ക് പോ‍ക്കറ്റ് മണി കിട്ടുമ്പോള്‍ മറുഭാഗത്ത് ആത്മായരുടെ നേര്‍ച്ചകള്‍ സമയത്ത് നടത്തപ്പെടുന്നതിന്റെ നേട്ടം. വിന്‍ വിന്‍ സിറ്റുവേഷന്‍! ഇതു പലപ്പോഴും അനൌദ്യോഗികമായാണ് നടക്കാറ്.

നാട്ടില്‍ നിന്ന് അച്ചന്‍മാര്‍ പുറത്തേക്ക് ഇങ്ങനെ പോകുന്നത് സാധാരണമാണ് ഇപ്പോള്‍. ധാരാളം പേര്‍ അങ്ങനെ യൂറോപ്പിലും അമേരിക്കയിലും പള്ളികളില്‍ ജോലി ചെയ്യുന്നു. നാട്ടിലെപ്പോലെ അവര്‍ക്ക് ഇവിടത്തെ പള്ളികളില്‍ അധികാരമൊന്നുമില്ല; അവര്‍ പ്രതിഫലം പറ്റുന്ന വെറും ആത്മീയജോലിക്കാരാണ്. എനിക്ക് ഇവിടെ കുറച്ചുപേരെ നേരിട്ട് പരിചയമുണ്ട്.

തികച്ചും പഴയ ഈ കാര്യത്തെക്കുറിച്ച് ഞാനിപ്പോള്‍ പോസ്റ്റിടാന്‍ രണ്ടു കാരണങ്ങള്‍ ഉണ്ട്: 1) 'ന്യൂ യോര്‍ക്ക് ടൈംസി'ല്‍ അതെക്കുറിച്ച് ഒരു ലേഖനം വന്നിരിക്കുന്നു. പാശ്ചാത്യര്‍ ഇക്കാര്യത്തെയും പൊതുവില്‍ കേരളത്തിലെ ക്രൈസ്തവസഭയെയും എങ്ങനെ വീക്ഷിക്കുന്നു എന്ന് അറിയുന്നത് രസകരം തന്നെ. പ്രത്യേകിച്ചും മതങ്ങളോട് വലിയ പ്രതിപത്തിയൊന്നുമില്ലാത്ത ഒരു ലിബറല്‍ പത്രം ഈ വിഷയം എങ്ങനെ കൈകാര്യം ചെയ്യുന്നു എന്നറിയാന്‍. 2) ആ ലേഖനത്തില്‍, ഞാന്‍ ജനിച്ചുവളര്‍ന്ന പ്രദേശത്തെയും അവിടെയുള്ള ഒരു സെമിനാരിയെയും കുറിച്ച് കാര്യമായി പറയുന്നുണ്ട്. വലിയൊരു പത്രത്തില്‍ സ്വന്തം നാടിന്റെ പേരൊക്കെ കാണുമ്പോള്‍ ഒരു സുഖം തോന്നുന്നു. അവസാനം ഞാന്‍ ആ സെമിനാരിയില്‍ പോയത് കോളജില്‍ ആയിരുന്നപ്പോള്‍ ഒരു ക്രിക്കറ്റ് മാച്ച് കളിക്കാനാണ്. അന്ന് എന്റെയൊരു പഴയകൂട്ടുകാരനെ അവിടെ കൊച്ചച്ചനായി കണ്ടത് ഇപ്പോഴും ഓര്‍ക്കുന്നു.

രാഷ്ട്രീയക്കാര്‍ ബ്രെയിന്‍ ഡ്രെയിനിനെപ്പറ്റി പണ്ട് പരാതി പറഞ്ഞിരുന്നതുപോലെ കേരളത്തിലെ ബിഷപ്പുമാര്‍ ഇപ്പോള്‍ കേരളത്തില്‍ അച്ചന്‍‌മാര്‍ക്ക് ക്ഷാമം നേരിടുന്നതിനെപ്പറ്റി സൂചിപ്പിക്കുന്നതായി ഈ ലേഖനത്തില്‍ പറയുന്നുണ്ട്. അതുകൊണ്ട് കാലക്രമേണ പാശ്ചാത്യരാജ്യങ്ങളിലേക്കുള്ള അച്ചന്‍‌മാരുടെ ഒഴുക്ക് കുറയുകയോ ഇല്ലാതാവുകയോ ചെയ്തേക്കാം.

'ന്യൂ യോര്‍ക്ക് ടൈംസ്' പതിവായി കേരളത്തെപ്പറ്റി എന്തെങ്കിലും നല്ല ലേഖനങ്ങള്‍ പ്രസിദ്ധീകരിക്കാറുണ്ട്. കേരളത്തെപ്പറ്റി എഴുതാറുള്ള അവരുടെ ഒരു ലേഖികയെ ഒരിക്കല്‍ പരിചയപ്പെടാന്‍ ഇടയായി. അവരെ ഒരു ഓണം പ്രോഗ്രാമിന് ക്ഷണിച്ചുവരുത്തുകയും ചെയ്തിരുന്നു. കേരളം പോലൊരു നല്ല സ്ഥലം വിട്ട് ഞാന്‍ അമേരിക്കയില്‍ എന്തു ചെയ്യണമെന്നറിയണം അത്തരം കേരളപ്രേമികള്‍ക്ക്. പലപ്പോഴും കൃത്യമായി ഉത്തരം കൊടുക്കാന്‍ ബുദ്ധിമുട്ടുന്ന ഒരു സന്ദര്‍ഭമാണത്.

Friday, December 26, 2008

നോവലിന് വയസ്സ് 1000


(ചിത്രം "ഇക്കണോമിസ്റ്റി"ലെ ലേഖനത്തില്‍ നിന്ന്.)

മലയാളത്തിലെ ലക്ഷണമൊത്ത ആദ്യത്തെ നോവല്‍ "ഇന്ദുലേഖ"യാണോ "കുന്ദലത"യാണോ എന്നൊക്കെയുള്ള തര്‍ക്കങ്ങളെക്കുറിച്ച് വായിച്ചിട്ടുള്ളതല്ലാതെ നോവലിന്റെ ചരിത്രത്തെക്കുറിച്ച് അറിയുവാനുള്ള താല്പര്യമോ അതിനുള്ള സാഹചര്യമോ ഉണ്ടായിട്ടില്ല. പൊതുവേ വളരെ പുതിയ ഒരു സാഹിത്യരൂപമാണ് നോവല്‍ എന്ന വിശ്വാസമായിരുന്നു എനിക്ക് ഇതുവരെ. കാരണം അത്ര പഴയ നോവലുകളെപ്പറ്റി കേട്ടിട്ടില്ല എന്നതു തന്നെ. പക്ഷേ, അടുത്തയിടെ "ന്യൂ യോര്‍ക്കറി"ല്‍ വായിച്ചു 1000 വര്‍ഷങ്ങള്‍ക്ക് മുമ്പ് ജപ്പാനിലാണ് ലക്ഷണമൊത്ത ആധുനിക നോവല്‍ പിറന്നതെന്ന്. നോവലിന്റെ പേര് "ദ ടെയ്‌ല്‍ ഓഫ് ഗെഞ്ചി (The Tale of Genji)"; നോവലിസ്റ്റ് മുറാസാക്കി ഷിക്കിബു (Murasaki Shikibu). ആദ്യത്തെ നോവലിസ്റ്റ് ഒരു വനിത ആയിരുന്നു എന്നതാണ് മറ്റൊരു രസകരമായ ഫാക്ടോയ്ഡ്.

"ന്യൂ യോര്‍ക്കറി"ലെ ലേഖനത്തില്‍ അധികം വിവരങ്ങള്‍ കണ്ടില്ലെങ്കിലും ഡിസംബര്‍ 20-ലെ "ഇക്കണോമിസ്റ്റി"ല്‍ ഈ നോവലിനെപ്പറ്റി ഒരു ലേഖനം തന്നെയുണ്ട്. ലിങ്ക് ഇവിടെ Playboy of the eastern world. ഈ നോവലിന്റെ ആയിരാമത്തെ പിറന്നാള്‍ ജപ്പാന്‍കാര്‍ ആഘോഷിക്കുന്നതുകൊണ്ട് ധാരാളം വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ കണ്ടേക്കാം.

1200--ല്‍ അധികം പേജുകളുള്ള ഈ ബൃഹത്തായ നോവല്‍ 11-ആം നൂറ്റാണ്ടില്‍ ഒരു ജപ്പാനീസ് രാജസദസ്സിലാണ് ജന്മമെടുക്കുന്നത്. ആധുനിക ജാ‍പ്പനീസ് ഭാഷയുടെ തുടക്കവും ഏതാണ്ട് ആ കാലഘട്ടത്തിലാണ്. ഒരു ചക്രവര്‍ത്തിയുടെ മകന്റെ ലൈംഗീകചൂഷണത്തിന്റെ കഥയാണ് നോവലിന്റെ പ്രമേയം. സ്ത്രീജനങ്ങള്‍ക്ക് വളരെ സ്വീകാര്യനായിരുന്ന നായകന്‍ പലതരത്തിലും കുലത്തിലുമുള്ളവരുമായി ബന്ധം പുലര്‍ത്തി. ചക്രവര്‍ത്തിയുടെ രാഷ്ട്രീയ എതിരാളിയുടെ മകളുമായുള്ള ബന്ധം അദ്ദേഹത്തെ നാടുകടത്തപ്പെടാന്‍ ഇടയാക്കി. പിന്നീട് അദ്ദേഹം നാട്ടില്‍ തിരിച്ചെത്തി പഴയതുപോലെ ജീവിക്കാന്‍ തുടങ്ങുമെങ്കിലും ഔദ്യോഗിക ഭാര്യ മറ്റൊരാളുമായി ബന്ധം പുലര്‍ത്തി അദ്ദേഹത്തെ വഞ്ചിച്ചു. ഒരു വെപ്പാട്ടിയുടെ മരണത്തിന്റെ ആഘാതതില്‍ നിന്ന് മോചിതനാകാതെ അദ്ദേഹം പിന്നീട് മരിക്കുകയും ചെയ്തു. നോവല്‍ അവിടെ തീരുന്നില്ല. ഗെഞ്ചിയുടെ മകന്റെയും കൊച്ചുമകന്റെയും കൂടി കഥകള്‍ പറഞ്ഞു തീര്‍ത്തിട്ടേ അത് അവസാനിക്കുന്നുള്ളൂ.

ഒരു ഇതിഹാസ കൃതിക്കെന്ന പോലെ നിരവധി ആഖ്യായികകളും വിവര്‍ത്തനങ്ങളും ഈ നോവലിന്ന് ഉണ്ടായിട്ടുണ്ട്. ജാപ്പനീസ് സം‌സ്ക്കാരത്തിന്റെ ഒരു നാഴികക്കല്ലായ ഈ കൃതി അവരുടെ ദേശീയ അഭിമാനത്തിന്റെ ഭാഗവുമാണ്. വിശദവിവരങ്ങള്‍ക്ക് 'ഇക്കണോമിസ്റ്റി'ലെ ലേഖനം വായിക്കുക.

Sunday, December 21, 2008

വീടിന്റെയും വ്യാമോഹങ്ങളുടെയും തടവുകാര്‍

ആധുനിക അമേരിക്കന്‍ സമൂഹത്തെയും കുടുംബജീവിതത്തെയും കൃത്യമായി നിരീക്ഷിക്കുന്നുവെന്ന പേരില്‍ അറിയപ്പെടുന്ന ജോനാഥന്‍ ഫ്രാന്‍സന്റെ 'ദ കറക്ഷന്‍സ്' ('The Corrections' by Jonathan Franzen) എന്ന പ്രസിദ്ധ നോവലിന്നെപ്പറ്റി ബ്ലോഗണമെന്നു കരുതി ഇരിക്കുമ്പോഴാണ് 'ന്യൂസ് വീക്കി'ന്റെ ഡിസം‌ബര്‍ 22-ലെ ലക്കത്തിലെ 'Art and Culture In the Bush Era' എന്ന ഫീച്ചറില്‍ പുസ്തകങ്ങളുടെ വിഭാഗത്തില്‍ ഈ പുസ്തകത്തെ ഉള്‍പ്പെടുത്തിയിരിക്കുന്നതായി കണ്ടത്. ഈ നോവല്‍ ഉയര്‍ത്തിക്കൊണ്ടുവരുന്ന, 21-ആം നൂറ്റാണ്ടില്‍ വളരെ പ്രസക്തമായ ചില അമേരിക്കന്‍ രാഷ്ട്രീയ/സാംസ്ക്കാരിക വിഷയങ്ങളെക്കുറിച്ച് കൂടുതല്‍ മനസ്സിലാക്കാനും 'ന്യൂസ് വീക്കി'ലെ ലേഖനം ഉപകരിച്ചു.

2001-ല്‍ പ്രസിദ്ധീകരിച്ചതെങ്കിലും ബുഷിനെക്കുറിച്ചോ, അമേരിക്കയെ തകര്‍ച്ചയിലേക്ക് നയിച്ച വലതുപക്ഷ-കൃസ്ത്യന്‍ യാഥാസ്ഥികരുടെ 2000-2008 കാലഘട്ടത്തിലെ 'ഭരണപരിഷ്ക്കാരങ്ങളെ'ക്കുറിച്ചോ ഈ നോവലില്‍ പരാമര്‍ശമൊന്നുമില്ല. അതുകൊണ്ട് ആ കൃതി മിക്കവാറും 2000-ന് മുമ്പ് എഴുതി പൂര്‍ത്തിയാക്കിയതായിരിക്കണം. (പുസ്തകം എഴുതി തീര്‍ക്കാന്‍ 8 വര്‍ഷങ്ങള്‍ എടുത്തത്രേ.) പക്ഷേ, 'ന്യൂസ് വീക്കി'ലെ ലേഖനമെഴുതിയ ജെന്നി യാബ്രോഫ് നിരീക്ഷിക്കുന്നതുപോലെ, നോവലിന്റെ രണ്ടാമത്തെ വാചകം തന്നെ "നിങ്ങള്‍ക്കത് അറിയാന്‍ കഴിയും: അതിദാരുണമായ എന്തോ ഒന്ന് സംഭവിക്കാന്‍ പോവുകയാണ്" എന്നാണ്. 2001 സെപ്തം‌ബര്‍ 11-ല്‍ തുടങ്ങുന്ന, അതുവരെ നമുക്കറിയാമായിരുന്ന അമേരിക്കയുടെ തകര്‍ച്ച യഥാര്‍ഥത്തില്‍ ഉണ്ടായി; ആഭ്യന്തര സുരക്ഷ, സാമ്പത്തികരംഗം, വിദേശനയം, മിലിട്ടറിയുടെ പരിമിതി എന്നീ കാര്യങ്ങളില്‍ അത് വളരെ വ്യക്തവുമായിരുന്നു. ഒരു മധ്യവര്‍ഗ-മിഡ്-വെസ്റ്റേണ്‍-കുടുംബത്തിന്റെ തകര്‍ച്ച വിവരിക്കുന്ന നോവല്‍, ബുഷിന്റെ കാലഘട്ടത്തില്‍ പ്രാധാന്യം കൈവന്ന പല രാഷ്ട്രീയ/സാംസ്ക്കാരിക വിഷയങ്ങളും ചര്‍ച്ച ചെയ്യുന്നുണ്ട്. അതുകൊണ്ടു തന്നെ വെറുമൊരു നോവലിനേക്കാള്‍ അമേരിക്കയുടെ 21-ആം നൂറ്റാണ്ടിലേക്കുള്ള 'പുറപ്പാടി'ന്റെ പുസ്തകമായി അമേരിക്കയുടെ സാംസ്ക്കാരികചരിത്രത്തിലേക്ക് കടന്നുവരുന്നു ഉത്തരാധുനിക-ഹിസ്റ്റീരിക്കല്‍ റിയലിസത്തിന്റെ അടയാളങ്ങളുള്ള ഈ മികച്ച നോവല്‍. ബ്രിട്ടനിലെ Bounty Books 2006-ല്‍ പുറത്തിറക്കിയ 501 Must-Read Books ലിസ്റ്റില്‍ Herzog, The Name of the Rose, One Hundred Years of Solitude, Lord of the Flies, Disgrace, Tin Drum, The Unbearable Lightness of Being തുടങ്ങിയ നോവലുകളുടെ ഒപ്പമാണ് ഈ നോവലിനും സ്ഥാനം.

റെയില്‍ റോഡ്, സ്റ്റീല്‍ തുടങ്ങിയവയുമായി ബന്ധപ്പെട്ട, അമേരിക്കയിലെ പരമ്പരാഗത വ്യവസായങ്ങള്‍ ഉണ്ടായിരുന്ന, ഒഹായോയിലെ സെന്റ് ജൂഡ് എന്ന പട്ടണത്തിലെ ലാംബെര്‍ട്ട് കുടുംബവും അവരുമായി ബന്ധപ്പെടുന്നവരുമാണ് നോവലിലെ കഥാപാത്രങ്ങള്‍. ആല്‍‌ഫ്രഡും എനിഡും അവരുടെ മക്കളായ ഗാരി, ചിപ്പ്, ഡെനിസ് എന്നിവരുമാണ് കുടുംബാംഗങ്ങള്‍. ആല്‍‌ഫ്രഡ് ഒരു റെയില്‍ റോഡ് കമ്പനിയിലെ ചീഫ് എന്‍‌ഞ്ചിനീയറായി വിരമിച്ചു; എനിഡ് വീട്ടമ്മയാണ്. മക്കള്‍ ഉന്നതവിദ്യാഭ്യാസമുള്ളവരും ജീവിതത്തിന്റെ ഏതെങ്കിലും ഒരു ഘട്ടത്തില്‍ അവര്‍ ചെയ്യുന്ന കാര്യങ്ങളില്‍ മികച്ച വിജയം കൈവരിച്ചിട്ടുള്ളവരുമാണ്. നോവലിലെ എല്ലാ കഥാപാത്രങ്ങളും അത്തരക്കാരാണ്; ബാഹ്യഘടകങ്ങള്‍ വച്ചു നോക്കുമ്പോള്‍ ജീവിതവിജയം നേടിയവര്‍, പക്ഷേ, സ്വകാര്യജീവിതത്തില്‍ വളരെ മാനസികക്ലേശങ്ങള്‍ സഹിക്കുന്നവര്‍. ആല്‍ഫ്രഡ് വിരമിക്കുന്നത് തന്നെ മിഡ്-വെസ്റ്റേണ്‍ പ്രദേശത്തെ വ്യവസായങ്ങളും നഗരങ്ങളും നശിക്കുന്നതിന്റെ തുടക്കത്തിലാണ്. മക്കള്‍ മൂന്നുപേരും ആ പട്ടണം വിട്ട് പോയി; അവരുടെ പ്രവര്‍ത്തനരംഗങ്ങള്‍ തികച്ചും പുതിയ അമേരിക്കയുടെയും പുതിയ ലോകത്തിന്റെയും ഭാഗങ്ങള്‍ ആയിരുന്നു. ലാംബര്‍‌ട്ടുകളുടെയും അവരുമായി ബന്ധപ്പെട്ടവരുടെയും ജീവിതങ്ങള്‍ സഹതാപത്തിന്റെ യാതൊരു ലാഞ്ചനയും കാണിക്കാതെ അതിക്രൂരമായി കറുത്തഹാസ്യത്തിന്റെ കത്തികൊണ്ട് വെട്ടിമുറിച്ച് വായനക്കാരുടെ മുമ്പില്‍ നോവലിസ്റ്റ് ഇടുന്നുണ്ടെങ്കിലും ഈ കൃതിയുടെ പ്രധാന അജണ്‍‌ഡ അമേരിക്കയുടെ ആധുനിക വ്യഥകള്‍ വ്യക്തികളിലും സമൂഹത്തിലും സൃഷ്ടിക്കുന്ന അസാമാധാനത്തെ തുറന്നുകാട്ടുകയാണ്. ഗ്ലോബലൈസേഷന്‍ വഴിയാധാരമാക്കുന്ന അമേരിക്കന്‍ തൊഴിലാളികള്‍; ഫാര്‍മസ്യൂട്ടിക്കല്‍ കമ്പനികളുടെ ലാഭക്കൊതി; സ്വതന്ത്രവിപണിയുടെയും ജനാധിപത്യത്തിന്റെയും ന്യൂനതകള്‍ തുറന്നുകാട്ടിയ, സോവിയറ്റ് യൂണിയന്റെ പരാജയത്തിനുശേഷം മധ്യ-കിഴക്കന്‍ യൂറോപ്യന്‍ രാജ്യങ്ങളില്‍ ഉയര്‍ന്നു വന്ന‍ ക്ലെപ്റ്റോക്രസികള്‍; ഡോട്ട്-കോം മില്യണയേഴ്സ് ഒക്കെ ഈ നോവലില്‍ വിഷയമാകുന്നുണ്ട്.

ആല്‍‌ഫ്രഡിന്റെ മരണത്തിനു മുമ്പ് ലാം‌മ്പര്‍ട്ട് കുടുംബാം‌ഗങ്ങള്‍ എല്ലാവരും ഒരിക്കല്‍ക്കൂടി ക്രിസ്‌മസിന് ഒത്തുചേരണം എന്ന എനിഡിന്റെ ആശ പൂര്‍ത്തീകരിക്കാന്‍ ഇതിലെ പ്രധാന കഥാപാത്രങ്ങള്‍ നടത്തുന്ന പ്രയത്നങ്ങള്‍ ഒരു നേരിയ കഥാതന്തുവായി നോവലില്‍ ഉടനീളം നാം കാണുന്നുണ്ടെങ്കിലും, അതിലെ ഏറ്റവും മികച്ച രംഗങ്ങള്‍ ഉണ്ടാകുന്നത് ഓരോ കഥാപാത്രത്തെയും അവരുടെ സമൂഹവുമായുള്ള ഇടപഴകലുകളും ബന്ധങ്ങളും അതിസൂഷ്മമായി ആവിഷ്ക്കരിച്ച് അവരെ വായനക്കാരുടെ മുമ്പില്‍ കൃത്യമായി അവതരിപ്പിക്കാന്‍ നോവലിസ്റ്റ് ശ്രമിക്കുമ്പോഴാണ്. ഉദാഹരണത്തിന് ലാം‌മ്പര്‍ട്ട് കുടും‌ബത്തിലെ മൂത്തമകനും ബാങ്കറും ധനികനും പക്ഷേ ഭാര്യ കാരളിന്‍ന്റെയും മക്കളുടെയും ഇടയില്‍ ഒറ്റപ്പെട്ടവനുമായ ഗാരിയെ വിവരിക്കുന്നത് നോക്കൂ:


And so here he was,still grilling. Through the kitchen windows he could see Caroline thumb-wrestling Jonah. He could see he taking Aron's headphones to listen to music, could see her nodding to the beat. It sure looked like the familiy life. Was there anything amiss here but the clinical depression of the man peering in?

Caroline seemed to have forgotten how much her back hurt, but she remembered as soon as he went inside with the steaming, smoking platter of vulcanized animal protein.


കോളജ് അധ്യാപകനായിരുന്ന കാലത്ത് ഇടതുപക്ഷ-ലിബറല്‍ ചിന്താഗതി വച്ചുപുലര്‍ത്തിയിരുന്ന ചിപ്പിന്റെ കരിയറിന്റെയും ജീവിതത്തിന്റെയും തകര്‍ച്ച തുടങ്ങിവയ്ക്കുന്ന കടുത്ത പ്രഹരമാണ് തന്റെ വിദ്യാര്‍ഥിനിയും കുശാഗ്രബുദ്ധിക്കുടമയുമായ മെലീസ ഒരു സെമസ്റ്ററിന്റെ അവസാനത്തെ ക്ലാസ്സില്‍ അദ്ദേഹത്തിന് താഴെ കൊടുക്കുന്നത്:


“Excuse me," Melissa said, "but that is just such a bullshit."
"What is bullshit?" Chip said.
"The whole class." she said. "It's just bullshit every week. It's one critic after another wringing their hands about the state of criticism. Nobody can ever quite say what's wrong exactly. But they all know it's evil. They all know 'corporate' is a dirty word. And if somebody's having fun or getting rich- disgusting! Evil! And it's always the death of this and the death of that. And the people who think they're free aren't 'really' free. And people who think they're happy aren't 'really' happy. And it's impossible to radically critique society anymore, although what's so radically wrong with society that we need such radical critique, nobody can say exactly."
...

"Here things are getting better and better for women and people of color, and gay men and lesbians, and more and more integrated and open, and all you can think about is some stupid, lame problem with signifiers and signifieds."


അവസാനഭാഗത്ത് മെലീസയുടെ വിമര്‍ശനത്തിലൂടെ നോവലിസ്റ്റ് ഉയര്‍ത്തിക്കൊണ്ടുവരുന്ന, ഞാനടക്കമുള്ള സാധാരണക്കാര്‍ ഒബാമയുടെ വിജയം വരെ ഒരിക്കലും വിശ്വസിക്കാന്‍ കൂട്ടാക്കാതിരുന്ന അമേരിക്കന്‍ യാഥാര്‍ഥ്യങ്ങള്‍, കൃത്യമായി ഒരുമുഴം മുമ്പ് അദ്ദേഹം നമ്മുടെ ശ്രദ്ധയിലേക്ക് എടുത്തുകൊണ്ടുവരുന്നുണ്ട് ഈ നോവലിലൂടെ. കോളിന്‍ പവല്‍, കോണ്ടലീസ റൈസ് എന്നിവരുടെ അമേരിക്കന്‍ ബ്യൂറോക്രസിയിലെ ഉയര്‍ച്ച; ഒബാമയുടെ ചരിത്രം സൃഷ്ടിച്ച തിരഞ്ഞെടുപ്പ് വിജയങ്ങള്‍; ഹിലരി ക്ലിന്റന്റെയും സേറാ പേലിന്റെയും രാഷ്ടീയനേട്ടങ്ങള്‍; കാലിഫോര്‍ണിയ, മാസച്യൂസെറ്റ്‌സ് എന്നീ സംസ്ഥാനങ്ങളില്‍ സ്വവര്‍ഗ്ഗരതിക്കാര്‍ കൈവരിച്ച പലവിധ നേട്ടങ്ങള്‍ എന്നിവ ഈ നോവല്‍ എഴുതപ്പെട്ട ശേഷമാണ് സംഭവിച്ചതെന്ന് ഓര്‍ക്കുമ്പോഴാണ് മുകളില്‍ എടുത്തുപറഞ്ഞതുപോലെയുള്ള ഈ നോവലിലെ നിരീക്ഷണങ്ങളുടെ കൃത്യത നമുക്ക് ബോധ്യമാകുന്നത്.

അമേരിക്കന്‍ സാമൂഹികപരിണാ‍മത്തിന്റെ കൃത്യമായ നിരീക്ഷണം മാത്രമാണ് ഈ നോവല്‍ എന്ന് ഞാന്‍ ഏതെങ്കിലും രീതിയില്‍ ഇവിടെ സൂചിപ്പിക്കുന്നുണ്ടെങ്കില്‍ പൊറുക്കുക. നോവലിസ്റ്റിന്റെ ബുദ്ധിപരമായ ഇടപെടലുകള്‍ (ആനന്ദിന്റെ പുസ്തകങ്ങള്‍ പാരായണയോഗ്യമല്ലാതാക്കുന്നതുപോലുള്ള) ഒരിക്കലും വായനാസുഖത്തിന് പ്രതിബന്ധമാകുന്നില്ല. ഒരു ബെസ്റ്റ്സെല്ലര്‍ ആയിരുന്ന ഈ പുസ്തകം അമേരിക്കയില്‍ സാധാരണക്കാരുടെ ഇടയില്‍ അറിയപ്പെടാന്‍ ഇടയാക്കിയത് ഒരു സാഹിത്യേതര സംഭവവുമായി ബന്ധപ്പെട്ടാണ്. 2001-ല്‍ ഓപ്രാ വിന്‍‌ഫ്രീ തന്റെ ഷോയിലെ ബുക്ക് ബ്ലബ്ബില്‍ ചര്‍ച്ച ചെയ്യാന്‍ ഈ നോവല്‍ തിരഞ്ഞെടുത്തു. (അത്തരം തിരഞ്ഞെടുപ്പ് ഒരു പുസ്തകത്തിന്റെ ദശലക്ഷം കോപ്പികള്‍ ചിലവാകാന്‍ കാരണമാകാറുണ്ട്.) പക്ഷേ, ജോനാഥന്‍ ഫ്രാന്‍‌സന്‍ ആ തിരഞ്ഞെടുപ്പിനെ പുച്ഛിക്കുന്ന രീതിയില്‍ ഒരു അഭിപ്രായം പരസ്യമായി പ്രകടിപ്പിക്കുകയും ഓപ്രാ തന്റെ ഷോയിലേക്ക് നോവലിസ്റ്റിനുള്ള ക്ഷണം പിന്‍‌വലിക്കുകയും ചെയ്തു. മുഖ്യധാര മാധ്യമങ്ങള്‍ വളരെ ചര്‍ച്ച ചെയ്ത ഒരു സംഭവമായിരുന്നു അത്.

അമേരിക്കയില്‍ corrections എന്ന പദം പൊതുവേ ജയിലും സ്റ്റോക്ക് മാര്‍ക്കറ്റുമായി ബന്ധപ്പെട്ടാണ് ഉപയോഗിക്കുന്നത്. ജയില്‍ ഇവിടെ കറക്ഷന്‍സ് ഡിപ്പാര്‍ട്ട്മെന്റ് ആണ്. സ്റ്റോക്ക് മാര്‍ക്കറ്റിലും മറ്റു സാമ്പത്തികരംഗങ്ങളിലും 'corrections' ഉണ്ടാകാറുണ്ട്. നോവലിലെ ഈ പേരുള്ള അവസാന അധ്യായം വായിച്ചുതീരുമ്പോള്‍, ഭര്‍ത്താവിന്റെ മരണത്തോടെ ദശാബ്ദങ്ങള്‍ നീണ്ട ഒരു 'തടവി'ല്‍ നിന്ന് വിമുക്തയായി പുതിയൊരു ജീവിതത്തിന് നാന്ദി കുറിക്കാന്‍ വേണ്ടി ശുഭാപ്തിവിശ്വാസത്തോടെ മുന്നിലേക്ക് നോക്കുന്ന, തികച്ചും വൃദ്ധയായ എനിഡിന്റെ ചിത്രമാണ്, നോവലിസ്റ്റ് നേരിട്ട് പറയുന്ന സാമ്പത്തികരംഗത്തെ 'കറക്ഷനേക്കാള്‍' നമ്മുടെ മനസ്സില്‍ തങ്ങി നില്‍ക്കുക.

1996-ല്‍ 'ഹാര്‍പ്പര്‍' മാസികയില്‍ പ്രസിദ്ധീകരിച്ച ജോനാഥന്‍ ഫ്രാന്‍‌സന്‍‌ന്റെ 'Perchance to Dream: In the Age of Images, A Reason to Write Novels' വിഖ്യാതമായ ഒരു ലേഖനമാണെന്ന് കാണുന്നു. അത് വായിക്കാന്‍ ഇതുവരെ അവസരം ലഭിച്ചിട്ടില്ല. ഈ ആധുനിക യുഗത്തില്‍ ഒരു പക്ഷേ നമ്മുടെ പുതിയ കഥാകാരന്‍‌മാരൊക്കെ വായിച്ചിരിക്കേണ്ട ഒന്നാണതെന്ന് അതിന്റെ പേരെങ്കിലും സൂചന തരുന്നുണ്ട്.

Friday, November 14, 2008

മാഗസിന്‍ കവറുകളിലെ ഒബാമ

ഇലക്ഷന്‍ ജയിച്ച ശേഷം എന്നും പുഷ് അപ്പുകള്‍ എടുത്തും തന്റെ മന്ത്രിമാരെ തിരഞ്ഞെടുക്കുന്ന ആലോചനയില്‍ മുഴുകിയും ഒബാമ ചിക്കാഗോയില്‍ നേരം ചിലവഴിക്കുകയാണ്. അതിന്നിടയില്‍ മാഗസിനുകള്‍ അദ്ദേഹത്തിന്റെ മുഖചിത്രവുമായി "commemerative issue"കള്‍ പുറത്തിറക്കി ‘കാറ്റുള്ളപ്പോള്‍ തൂറ്റുക‘ എന്ന പഴഞ്ചൊല്ലിനെ പിന്തുടര്‍ന്ന് അവസാനത്തെ ഒബാമ ചൂഷണത്തില്‍ വ്യാപൃതരായിരിക്കുന്നു. ആ ലക്കങ്ങളെല്ലാം ശേഖരിച്ചുവക്കേണ്ടതാണെന്നാണ് പറയപ്പെടുന്നത്. തിരഞ്ഞെടുപ്പിന്റെ പിറ്റേന്ന് പുറത്തിറങ്ങിയ ‘ന്യൂ യോര്‍ക്ക് റ്റൈംസ്’ പോലുള്ള പത്രങ്ങളുടെ കോപ്പികള്‍ വന്‍‌തുകകള്‍ക്കാണ് ഇ-ബെയിലും മറ്റും വില്‍‌ക്കപ്പെടുന്നത്.

സാധാരണ വായിച്ചുകഴിഞ്ഞാല്‍ കുപ്പയില്‍ തട്ടുന്ന ഈ മാസികളുടെ പഴയ ലക്കങ്ങള്‍ ചിലപ്പോള്‍ 401-k നിക്ഷേപം പോലെ 20-25 വര്‍ഷങ്ങള്‍ കഴിയുമ്പോള്‍ ഗുണം ചെയ്തേക്കാം എന്ന പ്രതീക്ഷയോടെ ഞാനും എടുത്തുവച്ചിട്ടുണ്ട്.


‘ന്യൂസ് വീക്കി’ന്റെ ലക്കമാണ് ഇതില്‍ എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ടത്. പേര് കൂടുതല്‍ ‘റ്റൈം’ മാഗസിന് ആണെങ്കിലും സൂക്ഷിച്ചുവയ്ക്കാന്‍ നല്ല കോപ്പി ‘ന്യൂസ് വീക്കി’ന്റെ ആണെന്നാണ് എനിക്ക് തോന്നുന്നത്. (Issue November 17, 2008)



'റ്റൈം’ മാഗസിന്‍ ഞാന്‍ വരുത്താത്തതുകൊണ്ട് കുറെ ബുക്ക് സ്റ്റാളുകളില്‍ നോക്കിയിട്ടും കാണാഞ്ഞിട്ട് അവസാനം അപ്രതീക്ഷിതമായി കോസ്റ്റ്ക്കോയില്‍ നിന്നാണ് അതിന്റെ കോപ്പി തരപ്പെടുത്തിയത്. മാഗസിനുകളില്‍ ഇതിന്റെ ഇലക്ഷന്‍ സ്പെഷ്യലിന്ന് ആണെന്ന് തോന്നുന്നു ഏറ്റവും പ്രചാരം. (Issue November 17, 2008)


'ഇക്കണോമിസ്റ്റ്’ അതിന്റെ പതിവുശൈലിയില്‍ ധാരാളം ഡാറ്റയും മറ്റുമായിട്ടാണ് ഇറങ്ങിയിട്ടുള്ളത്. പക്ഷേ, ഈ ലക്കത്തില്‍ ഇലക്ഷനേക്കാളേറെ ശ്രദ്ധ അവര്‍ കൊടുത്തിട്ടുള്ളത് സ്പെയിന് ആണെന്നു മാത്രം. (Issue November 8th-14th, 2008)


'പീപ്പിള്‍’ മാഗസിനില്‍ കാമ്പൊന്നുമില്ല. പക്ഷേ, ഒബാമയുടെ മുഖചിത്രം വളരെ നന്നായിട്ടുണ്ട്. (Issue November 17, 2008)


'ന്യൂ യോര്‍ക്കറി’ന്റെ ലക്കത്തില്‍ ഒബാമയുടെ പടം ഇല്ല. പക്ഷേ, മുഖചിത്രം വളരെ പ്രതീകാത്മകമാണ്; അത് ഒബാമയെ കളിയാക്കിയാണോ ഗൌരവമായിട്ടാണോ എന്നേ നമ്മള്‍ തീരുമാനിക്കേണ്ടതുള്ളൂ. ഉള്ളില്‍ 2-3 വളരെ നല്ല ലേഖനങ്ങള്‍ ഉണ്ട്. പ്രത്യേകിച്ചും Joshua Generation, Battle Plans എന്നീ ലേഖനങ്ങള്‍ എല്ലാ പൊളിറ്റിക്കല്‍ ജങ്കികളും വായിച്ചിരിക്കേണ്ടതാണ്. (November 17, 2008)

‘അറ്റ്ലാന്റിക് മന്തിലി’യുടെ ഡിസംബര്‍ ലക്കം ഒബാമയുടെ മുഖചിത്രമുള്ള ഇലക്ഷന്‍ സ്പെഷ്യല്‍ ആവാനാണ് സാധ്യത. ആ ലക്കത്തിന്റെ മുഖചിത്രം എന്തായിരിക്കുമെന്ന് ആകാം‌ഷയോടെ കാത്തിരിക്കുന്നു.



അപ്‌‌ഡേറ്റ്: പ്രതീക്ഷിച്ചിരുന്ന അറ്റ്ലാന്റികിന്റെ ലക്കം ജനുവരി-ഫെബ്രുവരിയിലേതായി.

Wednesday, November 12, 2008

രാഷ്ട്രീയ ഇസ്ലാമിന്റെ തടവുകാര്‍ -- മലയാളം വാരികയിലെ ലേഖനം

ഇസ്ലാമിക തീവ്രവാദത്തിന് കേരളത്തില്‍ നിന്ന് ചെറിയ തോതിലെങ്കിലും ലഭിച്ചുവരുന്ന പിന്തുണ എനിക്ക് ഒരിക്കലും മനസ്സിലാക്കാന്‍ കഴിഞ്ഞിട്ടില്ല. ഗുജറാത്തിലും മഹാരാഷ്ട്രയിലുമൊക്കെ ജീവിച്ചിരുന്നപ്പോള്‍ അവര്‍ ഒരു ന്യൂനപക്ഷസമുദായമെന്ന നിലയില്‍ നേരിടുന്ന വെല്ലുവിളികള്‍ ഒരളവുവരെ മനസിലാക്കാന്‍ കഴിഞ്ഞിരുന്നു. പക്ഷേ, കുറച്ചു പേരെയെങ്കിലും തീവ്രവാദത്തിലേക്ക് തിരിയാന്‍ പ്രേരിപ്പിക്കുന്ന വിധത്തില്‍ കാര്യങ്ങള്‍ അത്ര മോശമാണോ കേരളത്തില്‍? അല്ല എന്നാണ് എനിക്ക് തോന്നുന്നത്. ഇസ്ലാമിക തീവ്രവാദം ഒരിക്കലും കേരളത്തില്‍ വേരുപിടിക്കില്ല എന്ന് വാദിച്ചുവന്നിരുന്ന ഒരാളാണ് ഞാന്‍. പക്ഷേ, അടുത്തയിടെ പുറത്തുവരുന്ന വാര്‍ത്തകള്‍ എന്റെ നിലപാടിനെ ദുര്‍ബലമാക്കുന്നവയാണ്. കേരളത്തില്‍ നിന്നുവരുന്ന ഇസ്ലാമികതീവ്രവാദം ഒരുതരം 'rebel without a cause" mentality ആണെന്നുപോലും തോന്നാറുണ്ട്.

‘മലയാളം വാരിക‘യില്‍ വന്ന ഇന്ത്യാ വിഷന്‍ ചാനല്‍ ന്യൂസ് എഡിറ്റര്‍ എം.പി.ബഷീറിന്റെ ‘രാഷ്ട്രീയ ഇസ്ലാമിന്റെ തടവുകാര്‍’ എന്ന ലേഖനം (നവംബര്‍ 7, 2008) എന്റെ സംശയങ്ങള്‍ക്ക് മിക്കവാറും മറുപടികള്‍ തരുന്നുണ്ട്. ഈ വിഷയത്തില്‍ താല്പര്യമുള്ള ആരും വായിച്ചിരിക്കേണ്ട ഒന്നാണിത്.

രാഷ്ട്രീയ ഇസ്ലാമിനെപ്പറ്റി ലേഖകന്‍ പറയുന്നത് ഇങ്ങനെ: അന്വേഷണങ്ങള്‍ക്കും സന്ദേഹങ്ങള്‍ക്കും ഇടമില്ലാത്ത ഒരു പുതിയ ഇസ്ലാം ലോകത്ത് രൂപം കൊണ്ടത് കഴിഞ്ഞ നൂറ്റാണ്ടിന്റെ ആദ്യം മുതല്‍ക്കാണ്. ഇതിന്റെ പേരാണ് രാഷ്ട്രീയ ഇസ്ലാം. ഈജിപ്തിലെ മുസ്ലിം ബ്രദര്‍ഹുഡ്, ഇന്ത്യന്‍ ഉപഭൂഖണ്ഡത്തിലെ ജമാ അത്തെ ഇസ്ലാമി, സൌദി രാജകുടുംബത്തെ സ്വാധീനിച്ച ‘വഹാബി’ പരിഷ്കരണ ചിന്തകള്‍ എന്നിവയെല്ലാം ചേര്‍ന്ന് ഇസ്ലാമിനെ ചിന്തകള്‍ക്കും വിട്ടുവീഴ്ചകള്‍ക്കും മാറ്റങ്ങള്‍ക്കും ഇടമില്ലാത്ത ഒരു കര്‍ക്കശ മതമാക്കി മാറ്റി. ഇന്ത്യയിലെ ഹിന്ദുത്വ രാഷ്ട്രീയം പോലെ, സംഘടിത ക്രൈസ്തവസഭപോലെ ഇതും മനുഷ്യരാശിയുടെ ശത്രുപക്ഷത്ത് തന്നെയാണ്.

സാമൂഹികപുരോഗമനത്തിനെതിരെ പുറംതിരിഞ്ഞുനില്‍‌ക്കുന്ന രാഷ്ട്രീയ ഇസ്ലാമിക സംഘടനകളെപ്പറ്റി ലേഖകന്‍: ‘ഞങ്ങള്‍ തികഞ്ഞ യാഥാസ്തികരും മതാന്ധരുമായി ഇങ്ങനെ തുടരാം; നിങ്ങള്‍ പൊതുസമൂഹം ചുറ്റും മതേതരത്വത്തിന്റെയും നവോത്ഥാനത്തിന്റെയും മതിലുകള്‍ തീര്‍ത്ത് ഞങ്ങളെ സംരക്ഷിക്കൂ.‘ ഇതാണ് നവോത്ഥാനത്തെപ്പറ്റി മുസ്ലിംസംഘടനകള്‍ പൊതുസമൂഹത്തിന് തരുന്ന സന്ദേശം. ഭൂരിപക്ഷവര്‍ഗ്ഗീയതക്ക് വഴിമരുന്നിടുന്നത് ഇത്തരത്തിലുള്ള മനോഭാവം ആണെന്നാണ് എനിക്ക് തോന്നുന്നത്. അതിന്റെയൊക്കെ പ്രത്യാഘാതങ്ങള്‍ അനുഭവിക്കേണ്ടി വരുന്നത് സാധാരണക്കാരായ സമുദായാംഗങ്ങളും.

കേരളത്തിലെ മുസ്ലീംസമുദായത്തിന്റെ ഇന്നത്തെ നിലയെ ലേഖകന്‍ നോക്കിക്കാണുന്നത് തികച്ചും യാഥാര്‍ത്യത്തിലൂന്നിയാണ്: ലോകത്തെ മുസ്ലിം സമൂഹങ്ങളെ ഒന്നാകെയെടുത്താല്‍ പോലും കേരളത്തിലെ മുസ്ലീങ്ങള്‍ ഏറ്റവും അനുഗ്രഹീത സമൂഹമാണ്. അമേരിക്കന്‍ സാമ്രാജ്യത്വവും സിയോണിസവും ചേര്‍ന്നൊരുക്കുന്ന മുസ്ലിം വിരുദ്ധ കാമ്പയിന്‍ കേരളത്തിലെ മുസ്ലീങ്ങളെ ബാധിക്കുന്നില്ല. ഇന്ത്യ-പാക് വിഭജനത്തിന്റെ പേരില്‍ കഴിഞ്ഞ ആറു പതിറ്റാണ്ടായി ഉത്തരേന്ത്യയിലെ മുസ്ലിം സമൂഹങ്ങള്‍ അനുഭവിക്കുന്ന വേര്‍തിരിക്കലുകള്‍ ഇവിടെയില്ല. രാഷ്ട്രീയത്തിലും സാഹിത്യത്തിലും സിനിമയിലുമെല്ലാം അവര്‍ക്കും ഇടമുണ്ട്. വികസനത്തിലും വിവാദത്തിലും സാമൂഹിക വ്യവഹാരങ്ങളിലുമെല്ലാം പങ്കാളിത്തമുണ്ട്. മുസ്ലിം സര്‍വ്വാധിപത്യങ്ങളില്‍ വ്യക്തികള്‍ അനുഭവിക്കുന്ന സ്വാതന്ത്ര്യനിഷേധവും ഇവിടെ മുസ്ലിം സമുദായാംഗങ്ങള്‍ അനുഭവിക്കേണ്ടിവരുന്നില്ല. എണ്ണരാജ്യങ്ങളിലെ മുസ്ലിം സമൂഹങ്ങളെ മാറ്റി നിര്‍ത്തിയാല്‍, ഭേദപ്പെട്ട സാമ്പത്തികാവസ്ഥയും ഇവിടെ മുസ്ലീം സമൂഹം കൈവരിച്ചിരിക്കുന്നു. ഒരുപക്ഷേ, ഒരു ബഹുമതസമൂഹത്തില്‍ ജീവിച്ചുവിജയിച്ച ആദ്യമുസ്ലിം സമൂഹം കേരളത്തിലേതാകാം.

ഈ ലേഖനം മൊത്തത്തില്‍ വായിക്കുക. ഞാന്‍ എടുത്തുപറഞ്ഞ കാര്യങ്ങള്‍ ഒരു പക്ഷേ, ലേഖകന്റെ വീക്ഷണത്തെ കൃത്യമായി പ്രതിഫലിച്ചുകൊള്ളണമെന്നില്ല.

ഇസ്ലാമിക തീവ്രവാദത്തിനെതിരെ മുസ്ലിം സമുദായത്തില്‍ നിന്നു തന്നെ ഇത്തരം വിമര്‍ശനങ്ങള്‍ ഇനിയും ഉയര്‍ന്നു വരുമെന്നാണ് എന്റെ പ്രതീക്ഷ. നൂറ്റാണ്ടുകളുടെ പഴമ ഉണ്ടാക്കിയെടുത്ത വിഭിന്ന മത-സമുദായങ്ങളുടെ ആരോഗ്യകരമായ ഒരു ഇക്കോ-സിസ്റ്റം കേരളത്തില്‍ നിലവിലുണ്ട്. ആ സന്തുലിതാവസ്ഥ തകര്‍ന്നാല്‍ നഷ്ടം എല്ലാവര്‍ക്കുമാണ്.

Tuesday, November 04, 2008

ഒബാമ തന്നെ | അമേരിക്കന്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പ്



(ചിത്രം എടുത്തത് ഈ വാര്‍ത്തയില്‍ നിന്ന്.)

പോളുകളുടെ ഫലങ്ങളും രാഷ്ടീയസാഹചര്യവും മറ്റും ഒബാമയുടെ വിജയം നേരത്തേ ഉറപ്പാക്കിയിരുന്നെങ്കിലും സത്യത്തില്‍ ഇലക്ടറല്‍ കോളജില്‍ ലീഡ് നേടിയതിന്നു ശേഷമേ അദ്ദേഹം അടുത്ത പ്രസിഡന്റാവുമെന്ന് വിശ്വസിക്കാന്‍ കഴിഞ്ഞുള്ളൂ. ഏകദേശം 2 വര്‍ഷങ്ങള്‍ക്ക് മുമ്പ് വളരെ ചെറിയ പൈസയും പിന്തുണയും അപരിചിതമായ ഒരു പേരിന്റെ ബാധ്യതയുമായി തുടങ്ങിയ അദ്ദേഹത്തിന്റെ പരിശ്രമം പലതരത്തിലുള്ള പ്രതിബന്ധങ്ങള്‍ തരണം ചെയ്ത് ഇന്ന് വിജയത്തിലെത്തി. ബറാക്ക് ഹുസൈന്‍ ഒബാമ ഇന്ന് അമേരിക്കന്‍ പ്രസിഡന്റ്-ഇലക്ട് ആയി തിരഞ്ഞെടുക്കപ്പെട്ടു. അതിന്നിടയില്‍ പല ചരിത്രങ്ങളും കുറിക്കപ്പെട്ടു; പഴയ രാഷ്ട്രീയതന്ത്രങ്ങള്‍ തിരസ്ക്കരിക്കപ്പെട്ടു, പുതിയവ രൂപീകരിക്കപ്പെട്ടു. കഴിവും കഠിനാദ്ധ്വാനവും കൊണ്ട് ആര്‍ക്കും എന്തും നേടാമെന്ന അതിമനോഹരമായ അമേരിക്കന്‍ ആശയത്തില്‍ ലോകജനത വിശ്വസിക്കേണ്ടതിന്ന് ഒബാമ ഇന്ന് മറ്റൊരു മാതൃകയായി. അമേരിക്കന്‍ ചരിത്രത്തിന്റെ താളുകളില്‍ ഒബാമ എന്നത്തേക്കുമായി സ്ഥാനം പിടിച്ചു; അദ്ദേഹത്തിന്റെ തന്നെ നാട്ടുകാരനായിരുന്ന ഏബ്രഹാം ലിങ്കനെപ്പോലെ.

അമേരിക്ക ഇപ്പോള്‍ ആഘോഷിക്കുകയാണ്. ചിക്കാഗോയിലെ ഗ്രാന്റ് പാര്‍ക്കില്‍ നടന്ന ഒബാമയുടെ വിക്ടറി റാലിയിക്ക് എത്തിയ ഒരു ലക്ഷത്തിലധികം പേരില്‍ പലരുടെയും കണ്ണുകള്‍ നിറഞ്ഞിരുന്നു. സിവില്‍ റൈറ്റ്സ് മൂവ്‌മെന്റിലെ അതികായനായ റവ. ജെസി ജാക്സനും സ്വന്തം ജനപ്രീതി പോലും നഷ്ടപ്പെടുത്തി ഒബാമയെ പ്രൈമറി സമയത്ത് വളരെ സഹായിച്ച ഓപ്ര വിന്‍ഫ്രീയും പരസ്യമായി അവിടെ നിന്ന് കരഞ്ഞവരുടെ കൂട്ടത്തില്‍ ഉണ്ടായിരുന്നു.

ഒബാമയുടെ വിക്ടറി പ്രസംഗം ഇവിടെ കാണുക; വായിക്കുക.

പ്രതീക്ഷയിലൂന്നിയ ഒബാമയുടെ സന്ദേശം ജനങ്ങള്‍ വിശ്വസിച്ചു എന്നു തന്നെ വേണം കരുതാന്‍. ജനുവരി 20-ന് ശേഷം ഒബാമയുടെ നേതൃത്വത്തില്‍ ഒരു പുതിയ അമേരിക്കയെയാണ് നാം കാണാന്‍ പോകുന്നത്: അമേരിക്കയെയും അതുവഴി ലോകത്തെയും സാമ്പത്തിക പ്രതിസന്ധിയില്‍ നിന്ന് രക്ഷിക്കുക; അമേരിക്കയെ ലോകജനതയുമായി പുനരൈക്യപ്പെടുത്തുകയും അതിന്റെ അര്‍ഹമായ സ്ഥാനം ലോകത്തില്‍ പുന:സ്ഥാപിക്കുകയും ചെയ്യുക; അനാവശ്യ യുദ്ധങ്ങളില്‍ നിന്ന് പിന്മാറുക; ആരോഗ്യപരിപാലന രംഗത്ത് അമേരിക്കയെ മറ്റു വികസിത രാജ്യങ്ങളുടെ നിലയിലേക്ക് എത്തിക്കുക; ഊര്‍ജ്ജരംഗത്ത് സ്വയംപര്യാപ്തത കൈവരിക്കുക തുടങ്ങി പ്രധാനപ്പെട്ട കാര്യങ്ങളില്‍ അദ്ദേഹം തന്നിരിക്കുന്ന വാഗ്ദാനങ്ങള്‍ എങ്ങനെയാണ് നിറവേറ്റപ്പെടാന്‍ പോകുന്നതെന്ന് ഇനി നോക്കിയിരിക്കേണ്ട കാര്യങ്ങള്‍ ആണ്.

മാര്‍ട്ടിന്‍ ലൂതര്‍ കിംഗിന്റെ മഹനീയമായ സ്വപ്നം ഒബാമ ആയിരുന്നു എന്ന് എനിക്ക് തോന്നുന്നില്ല; പക്ഷേ, ആ സ്വപ്നത്തിന്റെ സാക്ഷാല്‍ക്കാരത്തിലേക്കുള്ള പുറപ്പാടിന്റെ മുന്നില്‍ ഒബാമ ഉണ്ടായിരിക്കും എന്ന് നമുക്ക് ആശിക്കാം.

താങ്കള്‍ ഇത് കാണില്ലെങ്കിലും, വെല്‍ ഡണ്‍ ഒബാമ! അമേരിക്കയിലുള്ള എന്റെ വിശ്വാസം വര്‍ദ്ധിക്കാന്‍ പ്രൈമറി മുതലുള്ള താങ്കളുടെ വിജയങ്ങള്‍ കുറച്ചൊന്നുമല്ല സഹായിച്ചിട്ടുള്ളത്.

നവംബര്‍ 4-ന് ലൈവ് ബ്ലോഗിംഗിന് ചേരുക | അമേരിക്കന്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പ്

അമേരിക്കന്‍ പൊതുതിരഞ്ഞെടുപ്പ് പുരോഗമിക്കുകയാണ്. ഇത് 2 വര്‍ഷം കൂടുമ്പോഴാണ് നടക്കുക. എല്ലാ വട്ടവും ജനപ്രതിനിധിസഭയിലും സെനറ്റിലും ഒഴിവാകുന്ന സ്ഥാനങ്ങളിലേക്ക് തിരഞ്ഞെടുപ്പ് നടക്കും; 4 വര്‍ഷത്തിലൊരിക്കല്‍ പ്രസിഡന്റ് സ്ഥാനത്തേക്കും. ജനപ്രതിനിധിസഭയിലെ അംഗങ്ങളുടെ കാലാവധി 2 വര്‍ഷവും സെനറ്റര്‍‌മാരുടെ കാലാവധി 6 വര്‍ഷവുമാണ്. പൊതുതിരഞ്ഞെടുപ്പിനോടൊപ്പം സംസ്ഥാനം മുതല്‍ സ്കൂള്‍ ബോര്‍‌ഡ് വരെയുള്ള പ്രാദേശിക തിരഞ്ഞെടുപ്പുകളും നടത്തും.

പ്രസിഡന്റ് ആരെന്ന് വ്യക്തമായി അറിയുന്നതുവരെ ഞാന്‍ ലൈവായി ഈ പോസ്റ്റ് അപ്ഡേറ്റ് ചെയ്യുന്നതായിരിക്കും. 8am EST മുതല്‍ പിറ്റേന്ന് 3am EST വരെ (ഇന്ത്യന്‍ സമയം ചൊവ്വാഴ്ച വൈകിട്ട് 6.30 മുതല്‍ ബുധനാഴ്ച ഉച്ചകഴിഞ്ഞ് 1.30 വരെ).

താല്പര്യമുള്ളവര്‍ ഈ പോസ്റ്റിന്റെ ലിങ്ക് ബുക്ക് മാര്‍ക്ക് ചെയ്ത് വയ്ക്കുക. ഇ-മെയിലില്‍ അപ്‌ഡേറ്റികള്‍ കിട്ടണമെങ്കില്‍ ഒരു കമന്റിട്ട് Follow-up comments ഇ-മെയിലില്‍ കിട്ടാനുള്ള ഓപ്ഷന്‍ ഉപയോഗിക്കുക.

പ്രധാനപ്പെട്ട യുദ്ധക്കളസംസ്ഥാനങ്ങളിലെ പോളിംഗ് തീരുന്ന സമയങ്ങള്‍ താഴെ; പോളിംഗ് തീര്‍ന്നാല്‍ ഉടനെ നെറ്റ്‌വര്‍ക്കുകള്‍ അവരുടെ നിഗമനങ്ങള്‍ പ്രഖ്യാപിച്ചു തുടങ്ങും:

7pm EST - ഇന്‍‌ഡ്യാന, ജോര്‍‌ജിയ, വിര്‍ജീനിയ
7:30pm EST - ഒഹായോ, നോര്‍ത്ത് കാരളൈന
8pm EST - പെന്‍‌സില്‍‌വേനിയ, ഫ്ലോറിഡ, മിസ്സോ(റ/റി), ന്യൂ ഹാം‌മ്പ്‌ഷ‌യര്‍
9pm EST - ന്യൂ മെക്സിക്കോ, കൊള‌റാഡോ, അരിസോണ, നോര്‍ത്ത് ഡെക്കോട്ട
10pm EST - നെവാഡ, മൊണ്ടാന, അയോവ

2004-ല്‍ ജോണ്‍ കെറി ജയിച്ച എല്ലാ സംസ്ഥാനങ്ങളും ഒബാമ നിലനിര്‍ത്തുമെന്ന് ഞാന്‍ കരുതുന്നു. അതിന്നോടൊപ്പം 2004-ല്‍ ബുഷ് ജയിച്ച നെവാഡ, കൊളറാഡോ, ന്യൂ മെക്സിക്കോ, അയോവ, ഒഹായോ, വിര്‍ജീനിയ, ഫ്ലോറിഡ എന്നീ സംസ്ഥാനങ്ങള്‍ ഒബാമ പിടിച്ചെടുക്കുമെന്നും ഞാന്‍ കരുതുന്നു. അത്തരത്തിലുള്ള വിജയം ഒബാമയ്ക്ക് 349 ഇലക്ടറല്‍ വോട്ടുകള്‍ നേടിക്കൊടുക്കും; ജയിക്കാന്‍ ആകെയുള്ള 538 വോട്ടുകളില്‍ 270 എണ്ണം പിടിച്ചാല്‍ മതി. ഇന്‍‌ഡ്യാന, നോര്‍ത്ത് കാരളൈന, അരിസോണ, മൊണ്ടാന, നോര്‍ത്ത് ഡക്കോട്ട, ജോര്‍ജിയ എന്നിവിടങ്ങളിലും ഒബാമ മത്സരം കടുപ്പമാക്കിയിട്ടുണ്ടെങ്കിലും അവിടെയൊക്കെ മക്കെയിന്‍ തന്നെ ജയിക്കാനാണ് കൂടുതല്‍ സാധ്യത.

നിങ്ങളുടെ നിഗമനങ്ങള്‍ എന്താണ്?

Monday, November 03, 2008

ഒബാമയ്ക്ക് പ്രതീകാത്മക വിജയവും ഒരു വലിയ നഷ്ടവും | അമേരിക്കന്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പ്

രണ്ടു ദിവസങ്ങള്‍ കൂടി ഒബാമയുടെ മുത്തശ്ശി മാഡലിന്‍ ഡണ്‍ഹമിന്ന് കാന്‍‌‌സറിന്നെതിരെ പൊരുതി നിന്ന് തന്റെ കൊച്ചുമകന്‍ പ്രസിഡന്റാകുന്നത് കാണാന്‍ കഴിഞ്ഞില്ല. ഞായറാഴ്ച അവര്‍ ഹവായിയില്‍ അന്തരിച്ചു. പ്രചരണത്തിന്റെ തിരക്കില്‍ നിന്ന് നേരം കണ്ടെത്തി ഒബാമ അവരെ സന്ദര്‍‌ശിക്കാന്‍ പോയത് വളരെ നല്ല തീരുമാനമായി എന്ന് ഇപ്പോള്‍ തെളിഞ്ഞു. ഒബാമയുടെ അമ്മയും കാന്‍സര്‍ ബാധിതയായാണ് മരിച്ചത്.

കുറച്ചു മുമ്പ് ഒബാമ പ്രതീകാത്മകമായ ഒരു അട്ടിമറി വിജയം കൈവരിച്ചു. ന്യൂ ഹാം‌മ്പ്‌ഷയറിലെ ഡിക്സ്‌വില്‍ നോച്ച് എന്ന 21 പേര്‍ വോട്ടുചെയ്ത ചെറുഗ്രാമത്തിലാണ് അമേരിക്കയിലെ പൊതുതിരഞ്ഞെടുപ്പ് സാധാരണ ആരംഭിക്കുക. കഴിഞ്ഞ 4 ദശാബ്ദങ്ങളായി റിപ്പബ്ലിക്കന്‍ സ്ഥാനാര്‍‌ഥിയാണ് അവിടെ വിജയിച്ചിരുന്നത്. അത് ഇത്തവണ ഒബാമ മാറ്റിമറിച്ചു: അദ്ദേഹത്തിന് 16 വോട്ട്; മക്കെയിന്ന് 5.

കാള്‍ റോവ് തന്റെ നിഗമനം പ്രഖ്യാപിച്ചു: 338 വോട്ടുകള്‍ ഒബാമയ്ക്ക്; 200 എണ്ണം മക്കെയിന്ന്. 2004-ല്‍ ജോണ്‍ കെറി ജയിച്ച എല്ലാ സംസ്ഥാനങ്ങളും ഒബാമ നിലനിര്‍ത്തുമെന്ന് ഞാന്‍ കരുതുന്നു. അതിന്നോടൊപ്പം 2004-ല്‍ ബുഷ് ജയിച്ച നെവാഡ, കൊളറാഡോ, ന്യൂ മെക്സിക്കോ, അയോവ, ഒഹായോ, വിര്‍ജീനിയ, ഫ്ലോറിഡ എന്നീ സംസ്ഥാനങ്ങള്‍ ഒബാമ പിടിച്ചെടുക്കുമെന്നും ഞാന്‍ കരുതുന്നു. അത്തരത്തിലുള്ള വിജയം ഒബാമയ്ക്ക് 349 ഇലക്ടറല്‍ വോട്ടുകള്‍ നേടിക്കൊടുക്കും; ജയിക്കാന്‍ ആകെയുള്ള 538 വോട്ടുകളില്‍ 270 എണ്ണം പിടിച്ചാല്‍ മതി. ഇന്‍‌ഡ്യാന, നോര്‍ത്ത് കാരളൈന, അരിസോണ, മൊണ്ടാന, നോര്‍ത്ത് ഡക്കോട്ട, ജോര്‍ജിയ എന്നിവിടങ്ങളിലും ഒബാമ മത്സരം കടുപ്പമാക്കിയിട്ടുണ്ടെങ്കിലും അവിടെയൊക്കെ മക്കെയിന്‍ തന്നെ ജയിക്കാനാണ് കൂടുതല്‍ സാധ്യത.

തിരഞ്ഞെടുപ്പിന്റെ അന്ന് ഞാന്‍ ലൈവ് ബ്ലോഗ് ചെയ്യുന്നുണ്ട്. പങ്കെടുക്കാന്‍ ശ്രമിക്കുക. അതിന് ഈ പോസ്റ്റായിരിക്കും ഞാന്‍ ഉപയോഗിക്കുന്നത്. അതില്‍ പോയി ഒരു കമന്റിട്ട് Follow-up comments by e-mail ചെക്ക് ചെയ്താല്‍ അപ്‌ഡേറ്റുകള്‍ ഇ-മെയിലില്‍ തത്സമയം കിട്ടും.

Sunday, November 02, 2008

മക്കെയിന്‍ ക്യാം‌മ്പയിന്റെ പെട്ടിയിലെ അവസാനത്തെ ആണി | അമേരിക്കന്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പ്

ബുഷിനെയും ചെയ്നിയെയും അടുപ്പിക്കാതെ മക്കെയിന്‍ തിരഞ്ഞെടുപ്പ് പ്രചരണം ഇത്രയും നാള്‍ ഒരു വിധത്തില്‍ കൊണ്ടുനടന്നിരുന്നു. ബുഷ് മക്കെയിനെ പരസ്യമായി പിന്തുണച്ചോ പ്രസ്താവന ഇറക്കിയോ ബുദ്ധിമുട്ടിക്കാതിരിക്കാന്‍ ശ്രമിച്ചിരുന്നു. റിപ്പബ്ലിക്കന്‍ കണ്‍‌വെന്‍ഷനില്‍ പോലും നേരിട്ട് പങ്കെടുക്കാതെ, തനിക്കെതിരെയുള്ള ജനരോഷം മക്കെയിന് ബാധ്യതയാകാതെ നോക്കിയിരുന്നു. പക്ഷേ, ബുഷിനേക്കാള്‍ അപ്രിയനായ ചെയ്നി ഈ അവസാന നിമിഷത്തില്‍ എന്തോ വൈരാഗ്യം തീര്‍ക്കുന്നതുപോലെയാണ് മക്കെയിന് എന്‍‌ഡോഴ്‌സ്‌മെന്റ് കൊടുത്തത്. വോട്ടിം‌ഗ് ബൂത്തിലേക്ക് ജനങ്ങള്‍ നില്‍ക്കുമ്പോള്‍ ബുഷ്-ചെയ്നി ഭരണകൂടവുമായി മക്കെയിനുള്ള ബന്ധം അവരുടെ ഓര്‍മയില്‍ തങ്ങിനില്‍ക്കാന്‍ ഈ എന്‍‌ഡോഴ്‌സ്മെന്റ് ശരിക്കും ഉപകരിക്കും. പാവം മക്കെയിന്‍; പ്രചരണത്തിന്റെ സമയത്ത് എന്തൊക്കെ മോശമായി സംഭവിക്കാന്‍ ഇടയുണ്ടായിരുന്നോ അവയൊക്കെ യാഥാ‍ര്‍ഥ്യമായി, തിരഞ്ഞെടുപ്പു ഗോദയില്‍ അദ്ദേഹത്തിന്റെ തിരഞ്ഞെടുപ്പ് ക്യാം‌മ്പയിന്‍ മരണാസന്നമായി കിടക്കുകയാണ്. ചെയ്നിയുടെ എന്‍ഡോഴ്സ്മെന്റ് അതിന്റെ പെട്ടിയിലെ അവസാ‍നത്തെ ആണിയുമായി.

ഒബാമ ക്യാം‌മ്പയിന്‍ ഡിക്ക് ചെയ്‌നിയുടെ പ്രസ്താവന ടിവി പരസ്യമാക്കി അവസാന മണിക്കൂറുകളില്‍ പ്രക്ഷേപണം ചെയ്യാന്‍ പോവുകയാണ്. പകരം മക്കെയിന്റെ ക്യാം‌മ്പയിന്‍, ഒബാമയ്ക്കെതിരെയും മക്കെയിന്ന് അനുകൂലമായും ഹിലരി നടത്തിയ ചില പ്രസ്താവനകള്‍ ആണ് അവസാനനാളുകളിലെ പരസ്യത്തില്‍ ഉപയോഗിക്കുന്നത്.

ABC News-ന്റെ ഇന്നത്തെ പോളില്‍ 11% വോട്ടുകള്‍ക്ക് ദേശീയതലത്തില്‍ ഒബാമ മുന്നിലാണ്. Rasmussen Reports-ലും ഒബാമയ്ക്ക് ഇന്ന് 51% പിന്തുണ കാണിക്കുന്നുണ്ട്. യുദ്ധക്കളസംസ്ഥാനങ്ങളില്‍ Reuters/Zogby പോളുകളുടെ ഫലം കുറച്ചുമുമ്പ് പുറത്തിറങ്ങി; അതിലും മക്കെയിന്ന് സാധ്യതയൊന്നും കാണുന്നില്ല. പ്രധാനപ്പെട്ട മാധ്യമങ്ങള്‍ എല്ലാം മക്കെയിനെ എഴുതിതള്ളിയ മട്ടാണ്. പെന്‍‌സില്‍‌വേനിയയില്‍ മക്കെയിന്‍ അട്ടിമറി വിജയം നേടുകയാണെങ്കില്‍ പോലും മറ്റു റിപ്പബ്ലിക്കന്‍ സംസ്ഥാനങ്ങളില്‍ ഉറപ്പായിട്ടുള്ള അദ്ദേഹത്തിന്റെ തോല്‍‌വി, 270 ഇലക്ടറല്‍ വോട്ടുകള്‍ പിടിക്കുക അദ്ദേഹത്തിന് ഏതാണ്ട് അസാധ്യമായ ഒരു കാര്യമായി തീര്‍ത്തിട്ടുണ്ട്.

സാറാ പേലിന്‍ താനൊരു മന്ദബുദ്ധിയാണെന്ന് വീണ്ടും നാട്ടുകാര്‍ക്ക് കാണിച്ചുകൊടുത്തു. മോണ്‍‌ട്രിയോളില്‍ (കാനഡ) നിന്ന് ഒരു റേഡിയോ ജോക്കി ഫ്രഞ്ച് പ്രസിഡന്റ് നിക്കോളാസ് സര്‍ക്കോസിയാണെന്ന ഭാവേന സാറാ പേലിന്നെ ഫോണില്‍ വിളിച്ച് കുറെ സംസാരിച്ചു; മിക്കവാറും അവരെ കളിയാക്കുന്ന രീതിയില്‍. (ക്ലിപ്പ് ഇവിടെ.) എന്നിട്ടും അവര്‍ക്ക് അത് മനസിലാകാതിരുന്നത് IQ-വിന്റെ കുറവു തന്നെയായിട്ടാണ് എനിക്ക് തോന്നുന്നത്.

ജോര്‍ജ്ജ് സ്റ്റെഫ്‌നാപോളസ് അടക്കമുള്ള രാഷ്ട്രീയനിരീക്ഷകരുടെ ഇലക്ടറല്‍ കോളജ് നിഗമനങ്ങള്‍ ABC News പുറത്തിറക്കിയിട്ടുണ്ട്. എല്ലാവരും 350-ന് അടുത്ത് വോട്ടുകളാണ് ഒബാമയ്ക്ക് കിട്ടുമെന്ന് പ്രതീക്ഷിക്കുന്നത്. എന്റെ നിഗമനം ഞാന്‍ കുറച്ചുകൂടി ലളിതമാക്കി. 2004-ല്‍ ജോണ്‍ കെറി ജയിച്ച എല്ലാ സംസ്ഥാനങ്ങളും ഒബാമ നിലനിര്‍ത്തുമെന്ന് ഞാന്‍ കരുതുന്നു. അതിന്നോടൊപ്പം 2004-ല്‍ ബുഷ് ജയിച്ച നെവാഡ, കൊളറാഡോ, ന്യൂ മെക്സിക്കോ, അയോവ, ഒഹായോ, വിര്‍ജീനിയ, ഫ്ലോറിഡ എന്നീ സംസ്ഥാനങ്ങള്‍ ഒബാമ പിടിച്ചെടുക്കുമെന്നും ഞാന്‍ കരുതുന്നു. അത്തരത്തിലുള്ള വിജയം ഒബാമയ്ക്ക് 349 ഇലക്ടറല്‍ വോട്ടുകള്‍ നേടിക്കൊടുക്കും; ജയിക്കാന്‍ ആകെയുള്ള 538 വോട്ടുകളില്‍ 270 എണ്ണം പിടിച്ചാല്‍ മതി. ഇന്‍‌ഡ്യാന, നോര്‍ത്ത് കാരളൈന, അരിസോണ, മൊണ്ടാന, നോര്‍ത്ത് ഡക്കോട്ട, ജോര്‍ജിയ എന്നിവിടങ്ങളിലും ഒബാമ മത്സരം കടുപ്പമാക്കിയിട്ടുണ്ടെങ്കിലും അവിടെയൊക്കെ മക്കെയിന്‍ തന്നെ ജയിക്കാനാണ് കൂടുതല്‍ സാധ്യത.

തിരഞ്ഞെടുപ്പിന്റെ അന്ന് ഞാന്‍ ലൈവ് ബ്ലോഗ് ചെയ്യുന്നുണ്ട്. പങ്കെടുക്കാന്‍ ശ്രമിക്കുക. അതിന് ഈ പോസ്റ്റായിരിക്കും ഞാന്‍ ഉപയോഗിക്കുന്നത്. അതില്‍ പോയി ഒരു കമന്റിട്ട് Follow-up comments by e-mail ചെക്ക് ചെയ്താല്‍ അപ്‌ഡേറ്റുകള്‍ ഇ-മെയിലില്‍ തത്സമയം കിട്ടും.

Saturday, November 01, 2008

ഒബാമയ്ക്ക് അമ്മായി വിനയാകുമോ? | അമേരിക്കന്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പ്

തിരഞ്ഞെടുപ്പിന് ഇനി 3 ദിവസങ്ങള്‍ മാത്രമേയുള്ളൂവെങ്കിലും കാര്യമായ വാര്‍ത്തകളൊന്നും കാണുന്നില്ല. ലിബറല്‍ ഡമോക്രാറ്റുകള്‍ ഒബാമയുടെ കൈയില്‍ നിന്ന് ഇലക്ഷന്‍ റിപ്പബ്ലിക്കന്മാര്‍ എങ്ങനെയെങ്കിലും തട്ടിപ്പറിക്കുമോയെന്ന് ഭയപ്പെടുന്നു; റിപ്പബ്ലിക്കന്‍ യാഥാസ്ഥികര്‍ എല്ലാം ദൈവത്തിന്റെ കൈയില്‍ അര്‍പ്പിച്ച് ചൊവ്വാഴ്ച ഒരു അത്ഭുതത്തിനു വേണ്ടി കാത്തിരിക്കുന്നു. അതിന്നിടയില്‍ ഒബാ‍മയുടെ ഒരു കെനിയക്കാരി അമ്മായി നിയമാനുസൃതമല്ലാ‍തെ അമേരിക്കയില്‍ താമസിക്കുന്ന വാര്‍ത്ത കൌശലപൂര്‍വ്വം റിപ്പബ്ലിക്കന്മാര്‍ മാധ്യമങ്ങള്‍ക്ക് ചോര്‍ത്തി കൊടുത്തിട്ടുണ്ട്. അത് ഒബാമയ്ക്ക് എത്ര ക്ഷീണമുണ്ടാക്കുമെന്നും വേറെ എന്തെങ്കിലും വജ്രായുധങ്ങള്‍ അവര്‍ ഇനി പുറത്തെടുക്കുമോയെന്നും നോക്കേണ്ടതുണ്ട്. ജെറമയ്യ റൈറ്റിനെ അവസാന നിമിഷം പൊക്കിക്കൊണ്ടുവരുമെന്ന് ഞാന്‍ പ്രതീക്ഷിച്ചിരുന്നു. ഇനി അതുണ്ടാകുമെന്ന് തോന്നുന്നില്ല.

മത്സരം കുറച്ചുകൂടി മുറുകുന്നുണ്ടെന്ന് ചില പോളുകള്‍ സൂചിപ്പിക്കുന്നുണ്ടെങ്കിലും അവയുടെ ഫലങ്ങള്‍ ഒബാമയുടെ വിജയം ഉറപ്പാണെന്നു തന്നെയാണ് കാണിക്കുന്നത്. ഈയാഴ്ചത്തെ ‘ഇക്കണോമിസ്റ്റ്’ വായിച്ച് താഴെ വച്ചതേയുള്ളൂ; ഒബാമയെ അവര്‍ വലിയ താല്പര്യത്തോടെയല്ല എങ്കിലും എന്‍‌ഡോഴ്സ് ചെയ്തു; പക്ഷേ, ഒബാമ ജയിക്കും എന്നതിന്ന് അവര്‍ നിരത്തുന്ന കണക്കുകള്‍ തെറ്റാകാന്‍ സാധ്യത വളരെ കുറവാണ്.

ഇന്നലെ ഏറ്റവും പ്രചാരം കിട്ടിയ വാര്‍ത്ത മക്കെയിന്റെ സംസ്ഥാനമായ അരിസോണയില്‍ ഒബാമ പ്രചരണം ആരംഭിച്ചതാണെന്ന് തോന്നുന്നു. അവിടെ വിജയിക്കുന്നതിനേക്കാള്‍ മക്കയിനെ മാനസികമായി തകര്‍ക്കാനുള്ള ഒരു തന്ത്രമായിട്ടാണ് അത് എനിക്ക് തോന്നുന്നത്. അതുപോലെ സാധാരണ റിപ്പബ്ലിക്കന്‍മാരെ പിന്തുണച്ചുപോന്ന ജോര്‍ജിയ, നോര്‍ത്ത് ഡക്കോട്ട എന്നീ സംസ്ഥാനങ്ങളിലും ഒബാമ പ്രചരണം തുടങ്ങുന്നുണ്ട്. പോളുകളില്‍ ഈ സംസ്ഥാനങ്ങളില്‍ വര്‍ദ്ധിച്ച പിന്തുണ കണ്ടതുകൊണ്ടാണ് ഒരിക്കല്‍ അവിടങ്ങളില്‍ നിറുത്തി വച്ച പ്രചരണം പുനരാരംഭിച്ചിട്ടുള്ളത്. മൊണ്ടാനയിലും ചില പോളുകളില്‍ ഒബാമ മുന്നിലെത്തിയിട്ടുണ്ട്.

ഞാന്‍ ഇതിന്ന് മുമ്പ് പറഞ്ഞിട്ടുള്ള കാള്‍ റോവിന്റെ പോള്‍ അഗ്രിഗേറ്റര്‍ (http://rove.com/election) ഒബാമയുടെ വ്യക്തമായ വിജയത്തെയാണ് സൂചിപ്പിക്കുന്നത്. അതില്‍ 311 ഇലക്ടറല്‍ വോട്ടാണ് ഒബാമയ്ക്ക് കിട്ടുന്നത് (ജയിക്കാന്‍ 270 മതി). രണ്ടുപേര്‍ക്കും സാധ്യതയുള്ളതായിട്ട് 70 വോട്ടുകളും. കാള്‍ റോവ് ചാരുകസാല പണ്ഡിതനല്ല; കൃത്യമായി ഓരോ സംസ്ഥാനങ്ങളിലെയും രാഷ്ട്രീയകാലാവസ്ഥയെപ്പറ്റി അറിയാവുന്ന ആളാണ്. അതുകൊണ്ട് ഈ നിഗമനങ്ങള്‍ക്ക് മറ്റു മാധ്യമങ്ങളില്‍ വരുന്ന അതേ രീതിയിലുള്ള വിവരങ്ങളേക്കാള്‍ പ്രാധാന്യമുണ്ട്.

തിരഞ്ഞെടുപ്പിന്റെ അന്ന് ഞാന്‍ ലൈവ് ബ്ലോഗ് ചെയ്യുന്നുണ്ട്. പങ്കെടുക്കാന്‍ ശ്രമിക്കുക. അതിനൊരു പ്രത്യേക പോസ്റ്റായിരിക്കും ഞാന്‍ ഉപയോഗിക്കുന്നത്. നിങ്ങള്‍ക്ക് തിരഞ്ഞെടുപ്പ് പിന്തുടരാന്‍ എന്തെങ്കിലും പദ്ധതി ഉണ്ടെങ്കില്‍ എന്നെയും അറിയിക്കുക.

എന്റെ ഇലക്ടറല്‍ കോളജ് നിഗമനങ്ങള്‍ താഴെ:

ആകെയുള്ള ഇലക്ടറല്‍ വോട്ടുകള്‍: 538
ഒബാമയ്ക്ക് കിട്ടുമെന്ന് ഉറപ്പുള്ള ഇലക്ടറന്മാര്‍ - 302 (കേവല ഭൂരിപക്ഷത്തിന് 270). പെന്‍സില്‍‌വേനിയ, വിര്‍ജീനിയ, കൊളറാഡോ, നെവാഡ, മിസ്സോറി എന്നീ സംസ്ഥാനങ്ങള്‍ ഞാന്‍ ഒബാമ പക്ഷത്താണ് കൂട്ടിയിട്ടുള്ളത്.
മക്കെയിന് കിട്ടുമെന്ന് ഉറപ്പുള്ള ഇലക്ടറന്മാര്‍ - 163. മൊണ്ടാന, അരിസോണ, നോര്‍ത്ത് ഡക്കോട്ട, ജോര്‍ജിയ എന്നീ സംസ്ഥാനങ്ങള്‍ മക്കെയിന്റെ പക്ഷത്താണ് കൂട്ടിയിട്ടുള്ളത്. അടുത്തയിടെ അദ്ദേഹത്തിന് ഇവിടങ്ങളില്‍ മത്സരം കടുപ്പമായിട്ടുണ്ട്.

രണ്ടുപേര്‍ക്കും സാധ്യതയുള്ള സംസ്ഥാനങ്ങളും അവിടങ്ങളില്‍ ജയിക്കാന്‍ ഞാന്‍ ഇപ്പോള്‍ ഏറ്റവും സാധ്യത കാണുന്ന ആളും:
ഫ്ലോറിഡ(27) - ഒബാമ
ഇന്‍‌ഡ്യാ‍ന(11) - മക്കെയിന്‍
ഒഹായോ(20) - മക്കെയിന്‍
നോര്‍ത്ത് കാരളൈന(15) - മക്കെയിന്‍

അവസാന നില: ഒബാമ (329); മക്കെയിന്‍ (209)

Wednesday, October 29, 2008

ഒബാമ ഇന്‍‌ഫോമേഴ്‌‌സ്യല്‍ - ഒരു പുതിയ പ്രചരണ തന്ത്രം കൂടി | അമേരിക്കന്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പ്



ഇന്നത്തെ പ്രധാന വാര്‍ത്ത (അതോ സംഭവമോ) ഒബാമ പ്രധാനപ്പെട്ട ചാനലുകളില്‍ ഇട്ട 30 മിനിട്ട് നേരത്തെ ഒരു പരസ്യമായിരുന്നു (ഇന്‍‌ഫോമേഴ്‌സ്യല്‍). ഡോക്യുമെന്ററി പോലെയുള്ള ഈ പരസ്യം ഒബാമയുടെ നയങ്ങള്‍, ആവര്‍ത്തിച്ച്, കുറച്ചുകൂടി വ്യക്തമായ ഭാഷയില്‍ വോട്ടര്‍മാരുടെ അടുത്ത് എത്തിക്കുക എന്ന ഉദ്ദേശത്തോടെ നിര്‍മ്മിക്കപ്പെട്ടതാണ്.

ഞാന്‍ ഇന്നലെ സൂചിപ്പിച്ചതുപോലെ, ഈ പരസ്യം കണ്ടാല്‍ ജനങ്ങള്‍ക്ക് അത് ഒബാമ അധികച്ചിലവ് നടത്തിയതാണെന്ന തോന്നല്‍ ഉണ്ടാകുമെന്ന് തോന്നുന്നില്ല. വളരെ മികച്ച രീതിയില്‍ നിര്‍‌മ്മിച്ചിട്ടുള്ള, കാഴ്ചക്കാരെ മടുപ്പിക്കാത്ത ഒന്നാണത്. പ്രചരണത്തിന് അങ്ങനെ ഒബാമ മറ്റൊരു പുതിയ രീതി സംഭാവന ചെയ്തിരിക്കുകയാണ്; വെബ്ബുപയോഗിച്ചുള്ള നൂതനമാര്‍ഗ്ഗങ്ങളാണ് പ്രചരണതന്ത്രത്തിലേക്കുള്ള അദ്ദേഹത്തിന്റെ പ്രധാന സംഭാവന. ഭാവിയിലെ തിരഞ്ഞെടുപ്പുകളില്‍ ഇതുപോലൊരു പ്രചരണായുധം അവസാനത്തെ ആഴ്ചയില്‍ സ്ഥാനാര്‍‌ഥികള്‍ കൊണ്ടുവരും എന്ന് ഉറപ്പാണ്.

ജോണ്‍ മക്കെയിന്‍ ഒബാമയുടെ ഈ സംരംഭത്തെ വിമര്‍ശിച്ചു. ഇന്ന് അദ്ദേഹം ജോ എന്ന പ്ലം‌ബറെ വിട്ട്, ഒബാമ വന്നാല്‍ രാജ്യസുരക്ഷ പ്രശ്നമാകും എന്ന് പറഞ്ഞ് വോട്ടര്‍‌മാരെ പേടിപ്പിക്കാനാണ് നോക്കിയത്. (കഴിഞ്ഞ തവണ ഡിക്ക് ചെയ്നി ഫലപ്രദമായി ചെയ്ത കാര്യം.) സാറാ പേലിന്‍ ഒബാമയ്ക്ക് ഒരു പലസ്തീന്‍ തീവ്രവാദിയുമായി ബന്ധമുണ്ട് എന്ന് പറഞ്ഞ് ജനങ്ങളെ പേടിപ്പിക്കാനും ശ്രമിച്ചു. (കൊളം‌മ്പിയ യൂണിവേഴ്‌സിറ്റിയിലെ പലസ്തീന്‍‌ വംശജനായ ഒരു പ്രഫസറുമായി ഒബാമയ്ക്ക് പരിചയമുള്ളതാണ് ആ ആരോപണത്തിന്റെ അടിസ്ഥാനം.) പരിതാപകരമായ ഒരു പ്രചരണം എന്നേ അതേക്കുറിച്ച് പറയാനുള്ളൂ. അതിന്നിടയ്ക്ക് പേലിന്‍ പരാജയത്തില്‍ നിന്ന് പോറലേല്‍‌ക്കാതെ രക്ഷപ്പെടാനുള്ള ഓരോ അടവുകളും പയറ്റുന്നുണ്ട്; അതൊന്നും വിസ്തരിച്ച് ഞാന്‍ നേരം കളയുന്നില്ല.

തിരഞ്ഞെടുപ്പിന്റെ അന്ന് ഞാന്‍ ലൈവ് ബ്ലോഗ് ചെയ്യുന്നുണ്ട്. പങ്കെടുക്കാന്‍ ശ്രമിക്കുക. അതിനൊരു പ്രത്യേക പോസ്റ്റായിരിക്കും ഞാന്‍ ഉപയോഗിക്കുന്നത്. നിങ്ങള്‍ക്ക് തിരഞ്ഞെടുപ്പ് പിന്തുടരാന്‍ എന്തെങ്കിലും പദ്ധതി ഉണ്ടെങ്കില്‍ എന്നെയും അറിയിക്കുക.

Rasmussen Reports പ്രകാരം ഇന്ന് ഒബാമയുടെ ലീഡ് ദേശീയതലത്തിലുള്ള പോളില്‍ 3% ആയി കുറഞ്ഞിട്ടുണ്ട്. ഈ പോളില്‍ ഈ അടുത്ത ദിവസങ്ങളില്‍ 7-8% മുന്നില്‍ ആയിരുന്നു. പക്ഷേ, മറ്റു പോളുകളില്‍ ഇതില്‍ അധികം ലീഡ് ഒബാമയ്ക്ക് കാണുന്നുണ്ട്. പോളുകള്‍ എന്തൊക്ക കാ‍ണിച്ചാലും പൊതുവേ മാധ്യമങ്ങളും രാഷ്ട്രീയക്കാരും ചാരുകസാല പണ്ഡിതന്മാരും ഒബാമ ജയിച്ച പോലെയാണ് കാര്യങ്ങള്‍ നീക്കുന്നതെന്നു തോന്നുന്നു. മക്കെയിന്‍ സ്വന്തം സംസ്ഥാനമായ അരിസോണയില്‍ ഒബാമയ്ക്കെതിരെ ചെറിയ തോതില്‍ പ്രചരണം ആരംഭിച്ചതില്‍ നിന്ന് കാര്യങ്ങളുടെ നില ഏതാണ്ട് ഊഹിക്കാമല്ലോ.

എന്റെ ഇലക്ടറല്‍ കോളജ് നിഗമനങ്ങള്‍ താഴെ; ഒഹായോയിലും ഞാന്‍ ഒബാമ ജയിക്കുമെന്ന് കരുതുന്നു:

ആകെയുള്ള ഇലക്ടറല്‍ വോട്ടുകള്‍: 538
ഒബാമയ്ക്ക് കിട്ടുമെന്ന് ഉറപ്പുള്ള ഇലക്ടറന്മാര്‍ - 302 (കേവല ഭൂരിപക്ഷത്തിന് 270). പെന്‍സില്‍‌വേനിയ, വിര്‍ജീനിയ, കൊളറാഡോ, നെവാഡ, മിസ്സോറി എന്നീ സംസ്ഥാനങ്ങള്‍ ഞാന്‍ ഒബാമ പക്ഷത്താണ് കൂട്ടിയിട്ടുള്ളത്.
മക്കെയിന് കിട്ടുമെന്ന് ഉറപ്പുള്ള ഇലക്ടറന്മാര്‍ - 163

രണ്ടുപേര്‍ക്കും സാധ്യതയുള്ള സംസ്ഥാനങ്ങളും അവിടങ്ങളില്‍ ജയിക്കാന്‍ ഞാന്‍ ഇപ്പോള്‍ ഏറ്റവും സാധ്യത കാണുന്ന ആളും:
ഫ്ലോറിഡ(27) - ഒബാമ
ഇന്‍‌ഡ്യാ‍ന(11) - മക്കെയിന്‍
ഒഹായോ(20) - ഒബാമ
നോര്‍ത്ത് കാരളൈന(15) - മക്കെയിന്‍

അവസാന നില: ഒബാമ (349); മക്കെയിന്‍ (189)

യുദ്ധക്കളങ്ങള്‍ ഇനി വെറും മൂന്നെണ്ണം | അമേരിക്കന്‍ പ്രസി‌ഡന്റ് തിരഞ്ഞെടുപ്പ്

സ്ഥാനാര്‍‌ഥികള്‍ അവരുടെ പ്രചരണങ്ങള്‍ ഉപസംഹരിക്കുകയാണ്. ഒബാമ റിപ്പബ്ലിക്കന്‍ ശക്തികേന്ദ്രങ്ങളില്‍ പിടിമുറുക്കുമ്പോള്‍ പെന്‍‌സില്‍‌വേനിയയില്‍ ജയിക്കേണ്ടത് മക്കെയിന്ന് ഒഴിവാക്കാന്‍ പറ്റാ‍ത്ത കാര്യമായിട്ടുണ്ട്. പക്ഷേ, അദ്ദേഹത്തിന് അവിടെ വലിയ സാധ്യതയൊന്നും ആരും കൊടുക്കുന്നില്ല. യാതൊരു പഴുതും കൊടുക്കാതെ ഒബാമയും അവിടത്തെ പ്രതികൂലമായ (യഥാര്‍ഥ) കാ‍ലാവസ്ഥ വകവയ്ക്കാതെ പ്രചരണം ചെയ്യുന്നുണ്ട്. അവസാനത്തെ ആഴ്ച മത്സരം വെറും 3 സംസ്ഥാനങ്ങളിലേക്ക് ചുരുങ്ങിയിരിക്കുകയാണ്- പെന്‍സില്‍‌വേനിയ കൂടാതെ പിന്നെ ഒഹായോയും ഫ്ലോറിഡയും. എല്ലായിടത്തും ഒബാമ തന്നെയാണ് പോളുകളില്‍ മുന്നില്‍. ഇതില്‍ രണ്ടെടുത്തെങ്കിലും വിജയിച്ചില്ലെങ്കില്‍ മക്കെയിന്ന് യാതൊരു സാധ്യതയുമില്ല.

അതുകൊണ്ട് മക്കെയിന്‍ ജയിക്കാനുള്ള സാധ്യത ഏതാണ്ട് പൂജ്യം തന്നെയാണ്. മക്കെയിന്റെ പ്രധാന റിപ്പബ്ലിക്കന്‍ അനുയായികളായ പോളന്റിയും മിറ്റ് റോംനിയുമൊക്കെ അക്കാര്യം ഏതാണ്ട് അംഗീകരിച്ച മട്ടാണ്.

മാധ്യമങ്ങളും റിപ്പബ്ലിക്കന്‍ പാര്‍ട്ടിയിലെ അതിയാഥാസ്തികരും സാറാ പേലിനെ അടുത്ത താരമാക്കാനുള്ള ശ്രമത്തിലാണ്. ഏകദേശം 60% വോട്ടര്‍മാര്‍ക്ക് അവരെ ഇഷ്ടമില്ലെന്ന കാര്യം ഇവരൊക്കെ സൌകര്യപൂര്‍വ്വം മറക്കുകയാണ്. സ്വന്തം നിലയില്‍ അവര്‍ ഒരു ദേശീയ നേതാവായി ഉയരാനുള്ള സാധ്യതയൊന്നും ഞാന്‍ കാണുന്നില്ല. ഡാന്‍ ക്വയിലിന്നെപ്പോലെ ഒരു അമേരിക്കന്‍ രാഷ്ട്രീയതമാശയായി അവശേഷിക്കാനാണ് അവര്‍ക്കും വിധി. അവര്‍ മക്കെയിന്റെ വിടുതിയില്‍ നിന്ന് മാറി സ്വന്തം കാര്യം നോക്കാന്‍ തുടങ്ങിയ കാര്യം ഞാന്‍ കഴിഞ്ഞൊരു പോസ്റ്റില്‍ സൂചിപ്പിച്ചതാണല്ലോ.

ഇന്നിറങ്ങിയ പോളുകളില്‍ 5 മുതല്‍ 16 ശമതാനം വരെ പോയന്റുകള്‍ക്ക് ദേശീയതലത്തില്‍ ഒബാമ മുന്നിലാണ്. പതിവുപോലെ ഒരു പോളിലും മത്സരം മക്കെയിന്‍ തുല്യനിലയില്‍ ആക്കുന്നതായി കാണുന്നില്ല.

ഒബാമയുടെ കൈയില്‍ കാശ് ധാരാളം ബാക്കിയുണ്ടെന്ന് തോന്നുന്നു. നാളെ വന്‍‌തുക മുടക്കി പ്രധാനപ്പെട്ട ചാനലുകളില്‍ 30 മിനിട്ട് സമയം വിലക്കുവാങ്ങി അദ്ദേഹം രാജ്യമൊട്ടുക്കും തന്റെ നയങ്ങളെപ്പറ്റി ജനങ്ങളോട് സംസാരിക്കും. ജനങ്ങള്‍ അത് ഏതുരീതിയില്‍ എടുക്കും എന്ന് കണ്ടറിയണം. അതൊരു നല്ല തന്ത്രമാണെന്ന് എന്തോ എനിക്ക് തോന്നുന്നില്ല. അമേരിക്കക്കാരന്‍ ചിലവു ചുരുക്കാന്‍ ശ്രമിക്കുമ്പോള്‍ ഒബാമ അത്തരമൊരു ധാരാളിത്തം കാണിക്കുന്നത് എല്ലാവര്‍ക്കും ഇഷ്ടപ്പെടുമെന്ന് തോന്നുന്നില്ല.

തിരഞ്ഞെടുപ്പിന്റെ അന്ന് ഞാന്‍ ലൈവ് ബ്ലോഗ് ചെയ്യുന്നുണ്ട്. പങ്കെടുക്കാന്‍ ശ്രമിക്കുക. അതിനൊരു പ്രത്യേക പോസ്റ്റായിരിക്കും ഞാന്‍ ഉപയോഗിക്കുന്നത്. നിങ്ങള്‍ക്ക് തിരഞ്ഞെടുപ്പ് പിന്തുടരാന്‍ എന്തെങ്കിലും പദ്ധതി ഉണ്ടെങ്കില്‍ എന്നെയും അറിയിക്കുക.

എന്റെ ഇലക്ടറല്‍ കോളജ് നിഗമനങ്ങള്‍ താഴെ:

ആകെയുള്ള ഇലക്ടറല്‍ വോട്ടുകള്‍: 538
ഒബാമയ്ക്ക് കിട്ടുമെന്ന് ഉറപ്പുള്ള ഇലക്ടറന്മാര്‍ - 302 (കേവല ഭൂരിപക്ഷത്തിന് 270). പെന്‍സില്‍‌വേനിയ, വിര്‍ജീനിയ, കൊളറാഡോ, നെവാഡ, മിസ്സോറി എന്നീ സംസ്ഥാനങ്ങള്‍ ഞാന്‍ ഒബാമ പക്ഷത്താണ് കൂട്ടിയിട്ടുള്ളത്.
മക്കെയിന് കിട്ടുമെന്ന് ഉറപ്പുള്ള ഇലക്ടറന്മാര്‍ - 163

രണ്ടുപേര്‍ക്കും സാധ്യതയുള്ള സംസ്ഥാനങ്ങളും അവിടങ്ങളില്‍ ജയിക്കാന്‍ ഞാന്‍ ഇപ്പോള്‍ ഏറ്റവും സാധ്യത കാണുന്ന ആളും:
ഫ്ലോറിഡ(27) - ഒബാമ
ഇന്‍‌ഡ്യാ‍ന(11) - മക്കെയിന്‍
ഒഹായോ(20) - മക്കെയിന്‍
നോര്‍ത്ത് കാരളൈന(15) - മക്കെയിന്‍

അവസാന നില: ഒബാമ (329); മക്കെയിന്‍ (209)

Monday, October 27, 2008

ഒബാമയെ വധിക്കാനുള്ള ഗൂഢാലോചന തകര്‍ത്തു | അമേരിക്കന്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പ്



(ചിത്രത്തിന് അസോഷിയേറ്റഡ് പ്രസിനോട് കടപ്പാട്)

ഒബാമയെയും കറുത്ത വര്‍ഗ്ഗക്കാരായ സ്കൂള്‍ കുട്ടികളെയും വധിക്കന്നുന്നതിന് പദ്ധതിയിട്ട 2 നിയോ-നാത്‌സികളായ ചെറുപ്പക്കാരെ ടെന്നസിയിലെ ഒരു ചെറുപട്ടണത്തില്‍ നിന്ന് ഇന്ന് അറസ്റ്റ് ചെയ്തു. ഇതില്‍ ഒബാമയെ വധിക്കാനുള്ള അവരുടെ പദ്ധതി എത്ര പ്രായോഗികമായിരുന്നുവെന്ന് സംശയിക്കേണ്ടിയിരിക്കുന്നു. പക്ഷേ, 102 സ്കൂള്‍ കുട്ടികളെ വധിക്കാന്‍ അവര്‍ക്ക് വലിയ പ്രയാസമൊന്നും ഉണ്ടാവില്ലായിരുന്നു. പൈശാചികമായ അവരുടെ സംരംഭത്തിന് കൂടുതല്‍ ആയുധങ്ങള്‍ കൈക്കലാക്കാന്‍ വേണ്ടി ഒരു തോക്കുകട കൊള്ളയടിക്കാന്‍ വേണ്ടി ഇരിക്കുമ്പോഴാണ് അറസ്റ്റ് നടന്നത്.

പ്രസിഡന്റ് ആയാലും ഒബാമയ്ക്ക് ഇത്തരം ഭീഷണി എപ്പോഴും ഉണ്ടായിരിക്കും. ഒരു പക്ഷേ, JFK-യുടെ പാതയിലൂടെയാണ് അദ്ദേഹത്തിന്റെ നടപ്പെന്ന് ഈ വാര്‍ത്ത നമ്മളെ വീണ്ടും ഓര്‍‌മ്മിപ്പിക്കുന്നു. അദ്ദേഹത്തിന്റെ ജീവന് എന്തെങ്കിലും സംഭവിച്ചാല്‍ കറുത്തവര്‍ വെറുതെയിരിക്കുമെന്ന് തോന്നുന്നില്ല.

ദീര്‍‌ഘകാലമായി അലാസ്ക്ക സംസ്ഥാനത്തെ സെനറ്ററായ റ്റെഡ് സ്റ്റീവന്‍‌സിനെ അഴിമതിക്ക് കുറ്റക്കാരനാണെന്ന് കോടതി ഇന്ന് കണ്ടെത്തി. പൊതുതിരഞ്ഞെടുപ്പില്‍ GOP-യുടെ സാധ്യതകള്‍ക്ക് മറ്റൊരു അടിയായി അത്. ഒപ്പം സാറാ പേലിന്റെ സംസ്ഥാനത്തു നിന്ന് ഉയര്‍ന്നുവരുന്ന വിവാദങ്ങളിലേക്ക് മറ്റൊന്നു കൂടി. അവരുടെ പ്രതിച്ഛായക്കും ഈ സംഭവം മങ്ങലേല്‍‌പ്പിക്കും എന്ന് സംശയമില്ല. റ്റെഡ് സ്റ്റീവന്‍‌സ് ഇത്തവണയും സെനറ്ററായി മത്സരിക്കുന്നുണ്ട്; പക്ഷേ, അദ്ദേഹം പിന്‍‌മാറുന്നില്ലത്രേ.

ഒബാമ ഒഹായോയില്‍ തന്റെ അവിടത്തെ പ്രചരണത്തിന് ഏതാണ്ട് പരിസമാപ്തി കുറിച്ചുകൊണ്ടുള്ള രീതിയില്‍ വോട്ടര്‍‌മാരോടും അനുയായികളോടും അഭ്യര്‍ത്ഥന നടത്തി. അദ്ദേഹമാണ് പോളുകളില്‍ അവിടെ മുന്നിട്ടു നില്‍ക്കുന്നത്. പക്ഷേ, മക്കെയിന്‍ കഴിഞ്ഞ ദിവസങ്ങളില്‍ അവിടെ ഒബാമയ്ക്കുള്ള ലീഡ് കുറച്ചിട്ടുണ്ട്.

ഫ്ലോറിഡയില്‍ ഒബാമ മുന്നേറുന്നതായിട്ടാണ് ഇന്ന് കാണുന്നത്. എന്റെ ഇലക്ടറല്‍ കോളജ് നിഗമനങ്ങള്‍ താഴെ:

രണ്ടുപേര്‍ക്കും സാധ്യതയുള്ള സംസ്ഥാനങ്ങളും അവിടങ്ങളില്‍ ജയിക്കാന്‍ ഞാന്‍ ഇപ്പോള്‍ ഏറ്റവും സാധ്യത കാണുന്ന ആളും:
ഫ്ലോറിഡ(27) - ഒബാമ
ഇന്‍‌ഡ്യാ‍ന(11) - മക്കെയിന്‍
ഒഹായോ(20) - മക്കെയിന്‍
നോര്‍ത്ത് കാരളൈന(15) - മക്കെയിന്‍

അവസാന നില: ഒബാമ (329); മക്കെയിന്‍ (209)

പോളുകളില്‍ ഒബാമ മുന്നില്‍; പേലിന്‍ മക്കെയിന്റെ പിടിവിടുന്നു | അമേരിക്കന്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പ്

തോല്‍‌വി ഏകദേശം തീര്‍ച്ചയായതുകൊണ്ട് സാറാ പേലിന്‍ മക്കെയിന്‍ ക്യാം‌മ്പയിന്റെ നിയന്ത്രങ്ങള്‍ക്ക് പുറത്തുപോയി മാധ്യമങ്ങളോട് സംസാരിക്കുന്നതൊക്കെയാണ് കഴിഞ്ഞ ആഴ്ചയില്‍ കണ്ടത്. അലാസ്ക്ക രാഷ്ട്രീയത്തില്‍ അവരെ പോക്കിക്കൊണ്ടു വന്നവരെ ചവിട്ടിത്താഴ്ത്തി തന്റെ സ്വന്തം ഉയര്‍ച്ച ഉറപ്പാക്കിയ ചരിത്രം അവര്‍ക്കുണ്ട്; മക്കെയിനും ആ വിധി ഉണ്ടാകും എന്ന് ഇപ്പോള്‍ വ്യക്തമായിട്ടുണ്ട്. റിപ്പബ്ലിക്കന്‍ പ്രമാണികളും അതിന്ന് ഒത്താശ ചെയ്യുന്നുണ്ട്; കാരണം പേലിന്‍ ആള്‍ക്കാരെ കൂട്ടാന്‍ കഴിവുള്ള ആളാണെന്ന് അവര്‍ക്കറിയാം. പക്ഷേ, 2012-ല്‍ റിപ്പബ്ലിക്കന്‍ സ്ഥാ‍നാര്‍ഥി ആകാമെന്ന അവരുടെ മോഹം നടക്കുമെന്ന് തോന്നുന്നില്ല. മക്കെയിന്‍ തോറ്റാല്‍ അതിന്റെ നല്ല ഒരു പഴി അവര്‍‌ക്ക് കിട്ടും. ജോണ്‍ എഡ്വേര്‍‌ഡ്‌സിനെപ്പോലെ എങ്ങുമെത്താതെ അവര്‍ അമേരിക്കന്‍ രാഷ്ട്രീയത്തില്‍ നിന്ന് അപ്രത്യക്ഷമാകും. അലാസ്ക്കയിലെ ഏറ്റവും വലിയ പത്രം ഒബാമയെ എന്‍‌ഡോഴ്സ് ചെയ്തത് അവര്‍ക്ക് അലാസ്ക്കയില്‍ പോലും ശക്തമായ എതിര്‍പ്പ് ഉണ്ടായി വരുന്നതിന്റെ തെളിവാണ്.

ലക്ഷക്കണക്കിന് ഡോളര്‍ മുടക്കി അവരെ അണിയിച്ചൊരുക്കാന്‍ വസ്ത്രങ്ങളും മറ്റു സാമഗ്രഹികളും വാങ്ങിച്ചതുമായി ബന്ധപ്പെട്ട വിവാദത്തിനെ എതിരിടുന്നതിനും ട്രൂപ്പര്‍ ഗേറ്റില്‍ പേലിന്‍‌മാര്‍ക്ക് അന്വേഷണക്കമ്മീഷന്റെ മുന്നില്‍ എത്തേണ്ടതിനുമൊക്കെയായി റിപ്പബ്ലിക്കന്‍ ടിക്കറ്റിന് ഒരാഴ്ച കൂടി നഷ്ടപ്പെടുത്തി.

ഒബാമ അതിന്നിടയില്‍ ഹവായിയിലേക്ക് പറന്ന് തീരെ അവശയായിരിക്കുന്നെന്ന് പറയപ്പെടുന്ന അദ്ദേഹത്തിന്റെ അമ്മയുടെ അമ്മ ‘ടൂട്ടി’നെ കണ്ട് തിരിച്ച് വന്നു; അവരാണ് ഒബാമയെ പത്തു വയസ്സു മുതല്‍, അദ്ദേഹം ഇന്തോനേഷ്യയില്‍ നിന്ന് തിരിച്ചു വന്ന ശേഷം, കാലിഫോര്‍‌ണിയയിലേക്ക് കോളജില്‍ ചേര്‍ന്നു പഠിക്കാന്‍ പോയതു വരെ നോക്കി വളര്‍ത്തിയത്. രണ്ടു ദിവസം ക്യാം‌മ്പയിനില്‍ നിന്ന് അതിന്ന് വേണ്ടി വിട്ടുനില്‍‌ക്കേണ്ടി വന്നെങ്കിലും ആ സന്ദര്‍ശനം അദ്ദേഹത്തെ രാഷ്ട്രീയമായി പലവിധത്തില്‍ സഹായിച്ചിട്ടുണ്ടെന്നാണ് എനിക്ക് തോന്നുന്നത്. അദ്ദേഹം കുടുംബത്തിന് കൊടുക്കുന്ന പ്രാധാന്യം; അദ്ദേഹത്തിന്റെ വെള്ള പാരമ്പര്യം എന്നിവ അവയില്‍ പ്രധാന കാര്യങ്ങള്‍.

ഒബാമയുടെ വിജയം മിക്കവാറും എല്ലാ പോളുകളും പ്രവചിക്കുന്നതുകൊണ്ട് മാധ്യമങ്ങള്‍ ‘ബ്രാഡ്‌ലി ഇഫക്ട്’ എന്ന ശാസ്ത്രീയമായി തെളിയിക്കപ്പെട്ടില്ലാത്ത ഒരു തിരഞ്ഞെടുപ്പ് പ്രതിഭാസം പൊക്കിക്കൊണ്ടുവന്ന് ഇലക്ഷന്‍ ദിനത്തില്‍ ഒബാമയെ അത് മുക്കുമോ എന്ന ചര്‍ച്ചയിലും ഏര്‍പ്പെടുന്നുണ്ട്. 1982-ല്‍ കാലിഫോര്‍ണിയ ഗവര്‍ണര്‍ തിരഞ്ഞെടുപ്പിലാണ് ടോം ബ്രാഡ്‌ലി എന്ന കറുത്തവര്‍ഗ്ഗക്കാരനായ സ്ഥാനാര്‍ഥി പോളുകളില്‍ മുന്നിട്ടു നിന്ന ശേഷം ചെറിയ വ്യത്യാസത്തിന് തോറ്റത്. വെളുത്തവര്‍ പോളുചെയ്യുന്നവരോട് കറുത്തവര്‍ഗ്ഗക്കാരനായ സ്ഥാനാര്‍ഥിക്ക് വോട്ട് ചെയ്യും എന്ന് നുണ പറയും എന്നതാണ് ആ പ്രതിഭാസത്തിന്റെ അടിസ്ഥാനം. പക്ഷേ, കൃത്യമായി തെളിയിക്കപ്പെട്ടിട്ടൊന്നുമില്ല. തന്നെയുമല്ല 1982-ല്‍ നിന്ന് ഈ രാജ്യം വളരെ മുന്നോട്ട് നീങ്ങിയിട്ടുണ്ട്. ഒബാമയുടെ പ്രൈമറി വിജയം തന്നെ അതിന്ന് ഉദാഹരണം. ഇത്തരം വാദങ്ങളെ വിമര്‍ശിച്ചുകൊണ്ട് ‘ന്യൂ യോര്‍ക്ക് ടൈംസി’ലെ കോളമിസ്റ്റ് ഫ്രാങ്ക് റിച്ച് എഴുതിയിട്ടുള്ള കോളം വായിച്ചിരിക്കേണ്ടത് തന്നെയാണ്. ഞാന്‍ ഇതിന്നു മുമ്പ് പലവട്ടം ‘ബ്രാഡ്‌ലി ഇഫക്ടി’നെക്കുറിച്ച് എഴുതിയിട്ടുണ്ട്; ഒരെണ്ണം ഇവിടെ . ഒബാമയുടെ വിജയം മിക്കവാറും ‘ബ്രാഡ്‌ലി ഇഫക്ടി’നെ അമേരിക്കന്‍ തിരഞ്ഞെടുപ്പ് നിഘണ്ടുവില്‍ നിന്ന് നീക്കം ചെയ്യുമെന്നാണ് എനിക്ക് തോന്നുന്നത്.

ഇപ്പോള്‍ അമേരിക്കന്‍ മാധ്യമങ്ങള്‍ ദിനം‌പ്രതി പുറത്തിറക്കുന്ന ദേശീയതലത്തിലുള്ള പോളുകളുടെ ഫലങ്ങളില്‍ നിന്ന് എന്തെങ്കിലും നിഗമനത്തിലെത്തണമെങ്കില്‍ കിലുക്കിക്കുത്തുതന്നെയാണ് ആശ്രയം. ഒരു കാര്യം ശ്രദ്ധേയമാണ്: പ്രധാനപ്പെട്ട ഒരു പോളും മക്കെയിന്‍ വിജയിക്കുമെന്ന് പറയുന്നില്ല. തല്‍ക്കാലം ആ ഒരു കാര്യം മാത്രമേ നമുക്ക് വിശ്വസിക്കാന്‍ ആകൂ. യഥാര്‍ഥത്തില്‍ വേണ്ടത് യുദ്ധക്കളസംസ്ഥാനങ്ങളില്‍ നിന്നുള്ള പോളുകളാണ്; അവ വളരെ കുറവാണു താനും. ഡമോക്രാറ്റുകളുടെ ശക്തികേന്ദ്രമായ കാലിഫോര്‍ണിയയില്‍ കുറച്ച് വണ്ടികളുടെ പിന്നില്‍ ഒട്ടിച്ചിരിക്കുന്ന ഒബാമ/ബൈഡന്‍ ബമ്പര്‍ സ്റ്റിക്കറുകളും അപൂര്‍വ്വം ചില വീടുകളുടെ തൊടിയില്‍ കുത്തിയിരിക്കുന്ന സൈന്‍ ബോര്‍ഡുകളും ഒഴിച്ചാല്‍ ഇവിടെ പ്രസിഡന്റ് തിരഞ്ഞെടുപ്പ് നടക്കുന്നുണ്ടെന്ന് തോന്നുക പോലുമില്ല. അതിന്ന് പകരം കാ‍ലിഫോര്‍‌ണിയയുടെ അതിര്‍ത്തിക്ക് അടുത്ത് കിടക്കുന്ന നെവാഡയിലെ റീനോ എന്ന പട്ടണത്തില്‍ ഒബാമ 2 വട്ടം വന്നുപോയി. അവിടെയൊക്കെ പോയി ‘ഒബാമ ദര്‍ശനം’ നടത്തിവരുന്ന കാലിഫോര്‍ണിയക്കാര്‍ ഉണ്ടെന്ന് ഇന്ന് പത്രത്തില്‍ വായിച്ചു.

യുദ്ധക്കളസംസ്ഥാനങ്ങളിലെ എന്റെ നിഗമനങ്ങള്‍ ഇവിടെ:
ആകെയുള്ള ഇലക്ടറല്‍ വോട്ടുകള്‍: 538
ഒബാമയ്ക്ക് കിട്ടുമെന്ന് ഉറപ്പുള്ള ഇലക്ടറന്മാര്‍ - 302 (കേവല ഭൂരിപക്ഷത്തിന് 270). വിര്‍ജീനിയ, കൊളറാഡോ, നെവാഡ, മിസ്സോറി എന്നീ സംസ്ഥാനങ്ങള്‍ ഞാന്‍ ഒബാമ പക്ഷത്താണ് കൂട്ടിയിട്ടുള്ളത്.
മക്കെയിന് കിട്ടുമെന്ന് ഉറപ്പുള്ള ഇലക്ടറന്മാര്‍ - 163

രണ്ടുപേര്‍ക്കും സാധ്യതയുള്ള സംസ്ഥാനങ്ങളും അവിടങ്ങളില്‍ ജയിക്കാന്‍ ഞാന്‍ ഇപ്പോള്‍ ഏറ്റവും സാധ്യത കാണുന്ന ആളും:
ഫ്ലോറിഡ(27) - ഒബാമ
ഇന്‍‌ഡ്യാ‍ന(11) - മക്കെയിന്‍
ഒഹായോ(20) - മക്കെയിന്‍
നോര്‍ത്ത് കാരളൈന(15) - മക്കെയിന്‍

അവസാന നില: ഒബാമ (329); മക്കെയിന്‍ (209)

എത്ര ‘ബ്രാഡ്‌ലി ഇഫക്ട്’ ഉണ്ടായാലും ഇലക്ടറല്‍ കോളജില്‍ ഏകദേശം 60 വോട്ടുകളുടെ ഭൂരിപക്ഷം ഇപ്പോള്‍ (എന്റെ കണക്കുപ്രകാരം) ഉള്ള ഒബാമ നവം‌മ്പര്‍ 4-ന് തോല്‍ക്കാന്‍ ഞാന്‍ യാതൊരു സാധ്യതയും കാണുന്നില്ല.

Tuesday, October 21, 2008

എന്തുകൊണ്ട് ഞാന്‍ ഒബാമയ്ക്ക് വോട്ടു ചെയ്തു? | അമേരിക്കന്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പ്



ഞങ്ങള്‍ കുറച്ച് സുഹൃത്തുക്കള്‍ ചേര്‍ന്നിരുന്ന് ഈ കഴിഞ്ഞ വെള്ളിയാഴ്ച വോട്ടു രേഖപ്പെടുത്തി. എല്ലാവരും പോസ്റ്റല്‍ വോട്ടുചെയ്യാന്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നതുകൊണ്ട് ബാലറ്റ് പേപ്പര്‍ തപാലില്‍ നേരത്തേ വന്നിരുന്നു. ഇനി അത് തിരിച്ചയയ്ക്കുകയോ നേരെ അവ ശേഖരിക്കുന്ന സ്ഥലങ്ങളില്‍ കൊണ്ട് കൊടുക്കുകയോ ചെയ്താല്‍ മതി.

ഒബാമയ്ക്ക് തന്നെയാണ് ഞാന്‍ വോട്ടു ചെയ്യുകയുള്ളൂവെന്ന് എന്റെ പോസ്റ്റുകള്‍ വായിക്കുന്നവര്‍ക്ക് അറിയാവുന്ന കാര്യമാണ്. പൊതുതിരഞ്ഞെടുപ്പിന്റെ തുടക്കത്തില്‍, ജോണ്‍ മക്കെയിന്‍ പ്രസിഡന്റ് ആയാലും എനിക്ക് വലിയ കുഴപ്പമില്ല എന്ന് ഞാന്‍ പറഞ്ഞുവച്ചിട്ടുണ്ടായിരുന്നു. പക്ഷേ, ആ തീരുമാനം ഇപ്പോള്‍ മാറി. മക്കെയിന്‍ ജയിക്കരുത് എന്നു തന്നെയാണ് ഇപ്പോള്‍ എന്റെ നിലപാട്. ആ നിലപാടിനെ സാധൂകരിക്കുന്നതിനുള്ള കാരണങ്ങളാണ് ഞാന്‍ ഇവിടെ നിരത്തുന്നത്. നല്ല അമേരിക്കക്കാരെപ്പോലെ നിങ്ങള്‍ക്ക് എന്നോട് വിയോജിക്കാം; പക്ഷേ, എനിക്ക് പറയാനുള്ള കാര്യങ്ങള്‍ മനസ്സിരുത്തി വായിക്കുമല്ലോ.

സാറാ പേലിന്റെ സ്ഥാനാര്‍‌ത്തിത്വം

ഒബാമയെ എന്‍‌ഡോഴ്സ് ചെയ്തുകൊണ്ട് നടത്തിയ അഭിമുഖത്തിനിടയില്‍ കോളിന്‍ പവല്‍ പറഞ്ഞതുപോലെ, വൈസ് പ്രസിഡന്റിന്റെ പ്രധാന ജോലി പ്രസിഡന്റാവാന്‍ തയ്യാറായി ഇരിക്കുക എന്നതാണ്. മക്കെയിന്റെ കാര്യത്തില്‍ അത് വളരെ അര്‍ത്ഥവത്തുമാണ്. അദ്ദേഹത്തിന് നല്ല പ്രായമുണ്ട്; അദ്ദേഹത്തെ പലതവണ കാര്‍സറിന്ന് ചികിത്സിച്ചിട്ടുണ്ട്; അതൊന്നുമില്ലെങ്കില്‍ തന്നെ അമേരിക്കന്‍ പ്രസിഡന്റിന്റെ ജോലി ജീവന് ഏതുസമയവും ഭീഷണിയുള്ളതാണ്. അത്തരമൊരു നിര്‍ഭാഗ്യകരമായ സാഹചര്യം ഉണ്ടാവുകയാണെങ്കില്‍ സാറാ പേലിന്‍ പ്രസിഡന്റാകും. പക്ഷേ, അവര്‍ക്ക് ആ സ്ഥാനത്തിരിക്കാന്‍ യാതൊരു യോഗ്യതയുമില്ല. ചാ‍നലുകളിലും അഭിമുഖങ്ങളിലും ഒക്കെയായിട്ട് നമ്മള്‍ അവരുടെ പ്രകടനം കണ്ടു. ഒരു ചെറിയ നഗരത്തിന്റെയോ, അലാസ്ക്ക പോലെ ഒറ്റപ്പെട്ട ഒരു ചെറിയ സംസ്ഥാനത്തിലെ (ഞാന്‍ താമസിക്കുന്ന സാന്‍ ഹോസെ എന്ന നഗരത്തിലെ അത്രയും ജനസംഖ്യയാണ് ഏകദേശം അലാസ്ക്കയിലുള്ളത്) ഗവര്‍ണറോ ഒക്കെ ആകാന്‍ അവര്‍ക്ക് പ്രാപ്തിയുണ്ടായിരിക്കും.

പക്ഷേ, രാജ്യം ഇത്രയും പ്രശ്നങ്ങളുടെ നടുക്കടലില്‍, വ്യക്തമായ ലക്‍ഷ്യവും നേതൃത്വമില്ലാതെ ഒഴുകി നടക്കുമ്പോള്‍, സാറാ പേലിനെപ്പോലെയുള്ള ഒരാളുടെ കൈയില്‍ രാജ്യത്തിന്റെ നിയന്ത്രണം എത്തുന്നതിനെപ്പറ്റി ചിന്തിക്കാന്‍ പോലും ആവുന്നില്ല. ഭാവി പ്രസിഡന്റ് എന്ന നിലയില്‍ മക്കെയിന്‍ എടുത്ത ആദ്യത്തെ തീരുമാനമായിരുന്നു സാറാ പേലിന്റെ സ്ഥാനാര്‍ത്തിത്വം; ആ തീരുമാനം തികച്ചും മോശവുമായി.

മക്കെയിന്റെ ദുഷ്‌പ്രചരണം

മക്കെയിന്‍ റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ഥിയായപ്പോള്‍ എനിക്കുണ്ടായ ഒരു സന്തോഷത്തിന്റെ കാരണം അദ്ദേഹം റിപ്പബ്ലിക്കന്മാരുടെ പതിവ് ദുഷ്പ്രചരണതന്ത്രങ്ങള്‍ പുറത്തെടുക്കില്ലല്ലോ എന്ന ചിന്തയായിരുന്നു. 2000-ലെ റിപ്പബ്ലിക്കന്‍ പ്രൈമറിയില്‍ അദ്ദേഹം തന്നെ അത്തരം ഒരു പ്രചരണത്തിന്റെ ഇരയായിരുന്നു. അതുവരെ പിന്നില്‍ നിന്ന ബുഷിനെ രക്ഷിക്കാന്‍ കാള്‍ റോവ് അതിനീചമായ രീതിയില്‍ മക്കെയിന്റെ കുടുംബത്തെപ്പറ്റി നുണകള്‍ പ്രചരിപ്പിച്ച് സൌത്ത് കാരളൈനയില്‍ അദ്ദേഹത്തെ വീഴ്ത്തി.

മക്കെയിന്‍ അത്തരം പ്രചരണതന്ത്രം ഒബാ‍മയ്ക്കെതിരെ ഉപയോഗിക്കില്ല എന്ന് എല്ലാവരും പൊതുവേ കരുതി. അവര്‍ തമ്മില്‍ തങ്ങളുടെ നയവ്യത്യാസങ്ങളെപ്പറ്റി തര്‍ക്കിച്ച് പ്രചരണത്തെ ഉന്നതതലത്തിലേക്ക് ഉയര്‍ത്തുമെന്ന് വൃഥാ മോഹിച്ചു. പക്ഷേ, സാറാ പേലിന്‍ രംഗത്തെത്തിയ അന്നു മുതല്‍ മക്കെയിന്‍ ക്യാം‌മ്പയിന്റെ സ്വരം മാറുന്നതാണ് കണ്ടത്. മിക്കവാറും അദ്ദേഹത്തിന്റെ 100% പരസ്യങ്ങളും നെഗറ്റീവ് ആണെന്ന് മാധ്യമങ്ങള്‍ പിന്നീട് വിലയിരുത്തി. പ്രധാന കാരണം കാള്‍ റോവിന്റെ അനുചരര്‍ അദ്ദേഹത്തിന്റെ പ്രചരണം ഏറ്റെടുത്തു എന്നതാണ്. (കാള്‍ റോവ് പോലും മക്കെയിനെ നെഗറ്റീവ് പ്രചരണത്തിന്റെ പേരില്‍ വിമര്‍ശിച്ചു എന്നതാണ് ഏറെ രസകരം.)

അടുത്തകാലത്ത്, നെഗറ്റീവ് പ്രചരണം മൂലം ജനപിന്തുണ നഷ്ടപ്പെടുന്നു എന്ന് പോളുകളില്‍ കണ്ടപ്പോഴാണ് മക്കെയിന്‍ വ്യക്തിഹത്യയില്‍ നിന്ന് കുറച്ചെങ്കിലും മാറി നില്‍ക്കാന്‍ ശ്രമിച്ചത്. അദ്ദേഹം നുണപ്രചരണം തുടങ്ങിവച്ചു എന്നുമാത്രമല്ല; പിന്നീട് ഒബാമ അത്തരം പ്രചരണം നടത്തുന്നു എന്നു പറഞ്ഞ് വിമര്‍ശിച്ചതാണ് ഏറ്റവും വിചിത്രമായി എനിക്ക് തോന്നിയത്.

അമേരിക്കയുടെ പ്രതിച്ഛായ

സെപ്തംബര്‍ 11-ന് ശേഷം ലോകം മുഴുവനും അമേരിക്കയോട് അനുകമ്പ കാണിച്ചു. അഫ്ഗാനിസ്ഥാനില്‍ താലിബാന്‍ പ്രാകൃതരെ ഉന്മൂലനം ചെയ്യാന്‍ അമേരിക്കക്ക് ജനാധിപത്യരാജ്യങ്ങളുടെ ധാര്‍മിക പിന്തുണയെങ്കിലും ഉണ്ടായിരുന്നു. ഇറാക്ക് അധിനിവേശം വഴി ജോര്‍‌ജ്ജ് ബുഷും കൂട്ടരും ആ നന്മ മൊത്തം കളഞ്ഞുകുളിക്കുക മാത്രമല്ല; ലോകത്തെമ്പാടുമുള്ള അമേരിക്കയുടെ പ്രതിച്ഛായ ഏറ്റവും മോശമായ നിലയിലെത്തിച്ചു. ഒരു തരം യുദ്ധോദ്യുക്തമായ റിപ്പബ്ലിക്കന്‍ വിദേശകാര്യനയം ഒരിക്കലും അമേരിക്കയുടെ പ്രതിച്ഛായ നന്നാക്കുമെന്നു തോന്നുന്നില്ല. ഒരു രാജ്യത്തിന്റെ സുരക്ഷയ്ക്കും വാണിജ്യതാല്പര്യങ്ങളുടെ സംരക്ഷണത്തിനും മറ്റും അതിന്റെ പ്രതിച്ഛായ നന്നായിരിക്കേണ്ടത് അത്യാവശ്യമാണ്. അമേരിക്കക്ക് ലോകജനതക്ക് മുമ്പില്‍ വയ്ക്കാന്‍ പറ്റിയ ഏറ്റവും മികച്ച രാഷ്ട്രീയക്കാരനാണ് ഒബാമ. അദ്ദേഹത്തിന്റെ വിജയം, ഇതുവരെ പുറം‌ലോകം കണ്ട മുരടന്‍ രാഷ്ട്രീയക്കാരെപ്പോലെയല്ല ഞങ്ങള്‍ എന്ന് പറഞ്ഞ്, അമേരിക്കക്കാര്‍ക്ക് പുറത്തേക്കയക്കാന്‍ പറ്റിയ ഒരു മികച്ച സന്ദേശമാണ്.

ബി.ബി.സി. ആഗോളതലത്തില്‍ നടത്തിയ ഒരു പോളില്‍ ലോകജനതയ്ക്ക് ബഹുഭൂരിപക്ഷത്തിനും ഒബാമ അമേരിക്കന്‍ പ്രസിഡന്റാവണമെന്ന ആഗ്രഹമുള്ളതായി കാണിക്കുന്നു. ഒബാമയുടെ ബര്‍ളിന്‍ റാലിയില്‍ ഏകദേശം 2 ലക്ഷം ആള്‍ക്കാരാണ് പങ്കെടുത്തത്.

വിദേശകാര്യനയത്തില്‍ ജോണ്‍ മക്കെയിന് മിടുക്കനാണെന്ന് അമേരിക്കയിലെ മാധ്യമങ്ങള്‍ പറയുന്നുണ്ടെങ്കിലും അദ്ദേഹത്തിന്റെ ഡിബേറ്റുകളിലെ പ്രകടനം വച്ചുനോക്കിയിട്ട് എനിക്ക് അങ്ങനെ തോന്നിയില്ല. വിദേശകാര്യവുമായി ബന്ധപ്പെട്ട കാര്യങ്ങളെ അദ്ദേഹം അതിലളിതമായ രീതിയില്‍ സമീപിക്കുന്നതായിട്ടാണ് എനിക്ക് തോന്നിയത്. അദ്ദേഹം ധാരാളം രാജ്യങ്ങള്‍ സന്ദര്‍ശിച്ചിട്ടുണ്ട്; ലോകനേതാക്കന്മാരുമായി അടുത്ത ബന്ധമുണ്ട് എന്നതൊക്കെ ശരിയാണ്. പക്ഷേ, 21-ആം നൂറ്റാണ്ടിലെ പ്രശ്നങ്ങളെ ദീര്‍‌ഘവീക്ഷണത്തോടെ കൈകാര്യം ചെയ്യാന്‍ ഒബാമയ്ക്കേ കഴിയൂ എന്നാണ് എനിക്ക് തോന്നുന്നത്. പ്രത്യേകിച്ചും മറ്റു രാജ്യങ്ങളിലെ പട്ടിണിയും രോഗവും വിദ്യാഭ്യാസക്കുറവും തൊഴിലില്ലായ്മയും പോലുള്ള പ്രശ്നങ്ങള്‍ പല രീതിയില്‍ അമേരിക്കയുടെ സുരക്ഷയ്ക്ക് ഭീഷണിയായിക്കൊണ്ടിരിക്കുമ്പോള്‍.


വെള്ളക്കാരനല്ലാത്ത ഒരാള്‍ പ്രസിഡന്റാകേണ്ട ആവശ്യകത


വൈറ്റ് ഹൌസില്‍ എത്തിച്ചേരുന്ന ആള്‍ക്കാര്‍ക്ക് വളരെയേരെ സാമ്യമുണ്ട്. ഒരാളൊഴിച്ച് ബാക്കിയെല്ലാവരും വെളുത്ത തൊലിയുള്ള; പ്രൊട്ടസ്റ്റന്റ് വിഭാഗത്തില്‍ പെട്ട പുരുഷന്മാര്‍ ആണ്. വ്യത്യാസമുള്ള ഒരാള്‍, ജോണ്‍ എഫ്. കെന്നഡി, പോലും വലിയ വ്യത്യാസമൊന്നുമുള്ള ആളല്ല ബാക്കിയുള്ളവരില്‍ നിന്ന്; അദ്ദേഹം കത്തോലിക്കന്‍ ആണെന്നേയുള്ളൂ. ഇതുവരെ ഒരു വെള്ളക്കാരനല്ലാത്തയാളോ, ഒരു സ്ത്രീയോ ഒരു പ്രധാനപ്പെട്ട പാര്‍ട്ടിയുടെ സ്ഥാനാര്‍‌ഥി പോലും ആയിട്ടില്ല. ഒബാമയാണ് ആദ്യത്തെ വെളുത്ത നിറമില്ലാത്ത, പ്രസിഡന്റ് പദത്തിന്റെയടുത്ത് ഇത്രയുമടുത്ത് എത്തിച്ചേര്‍ന്നിട്ടുള്ള ഒരാള്‍.

ഒബാമ ജയിക്കണം; ആ വിജയം വെള്ളക്കാരല്ലാത്തവര്‍ക്കും ഈ രാജ്യത്ത് ഏറ്റവും വലിയ പദവിയില്‍ എത്താം എന്നതിന്ന് ഒരു തെളിവാകണം. പ്രത്യേകിച്ച് വളര്‍ന്നു വരുന്ന നമ്മുടെ മക്കള്‍ക്ക് ഈ രാജ്യത്ത് വെള്ളക്കാരെപ്പോലെ തന്നെ തുല്യഅവസരങ്ങള്‍ ഉണ്ടെന്ന് ഉറപ്പുണ്ടാകാന്‍.

വെളുത്തതല്ലാത്തതുകൊണ്ട് മാത്രം പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കുന്ന ഒരാള്‍ക്ക് വോട്ടുചെയ്യുന്നത് ശരിയാണെന്ന് എനിക്ക് തോന്നുന്നില്ല. പക്ഷേ, ഒബാമ ആ സ്ഥാനത്തിന് തികച്ചും യോഗ്യനാണ്; അതുകൊണ്ട് അദ്ദേഹം ജയിക്കുക തന്നെ വേണം. ഇത്തരം ഒരു അവസരം ഇനി നമുക്ക് എന്ന് കിട്ടുമെന്ന് പറയാനാവില്ല.

ഇറാക്ക് നയം

റിപ്പബ്ലിക്കന്‍ പതിവുതന്ത്രമായ നുണപ്രചരണം വഴി, രാജ്യത്തെ മൊത്തം വഴിതെറ്റിച്ച്, ഇറാക്കില്‍ അമേരിക്ക ഇടപെട്ടതു മുതല്‍ ഇന്നിവിടെ കാണുന്ന അപചയങ്ങള്‍ക്ക് തുടക്കമായി. രാജ്യത്തിന്റെ സൈനികശക്തിയുടെ പരിമിതികള്‍ ഇറാക്കില്‍ വെളിവായി; അതുകൊണ്ടാണ് റഷ്യ ജോര്‍‌ജിയയില്‍ മസിലു വിറപ്പിക്കുന്നതൊക്കെ കണ്ടുകൊണ്ട് അമേരിക്കക്ക് നോക്കി നില്‍‌ക്കേണ്ടി വന്നത്. മക്കെയിന്‍ ലക്‍ഷ്യമിടുന്ന ഇറാക്കിലെ ജയം അവിടത്തെ ഊഷരഭൂമിയിലെപ്പോലെ ഒരു മരീചികയാണ്.വിയറ്റ്‌നാമില്‍ നിന്ന് വിപരീതമായി, ആരോടാണ് അമേരിക്ക പൊരുതുന്നതെന്ന കാര്യത്തില്‍ പോലും ചിലപ്പോള്‍ വ്യക്തതയില്ല; സദ്ദാമില്‍ തുടങ്ങി, സാദറിലൂടെ അല്‍-ക്വയ്ദയില്‍ എത്തി നില്‍‌ക്കുന്നു ബുഷിന്റെ യുദ്ധം. യാതൊരു അന്തവുമില്ലാതെ നീണ്ടുപോകുന്ന ഈ യുദ്ധം അമേരിക്കയുടെ സാമ്പത്തികരംഗത്തെ തകര്‍ച്ചക്ക് ആക്കം കൂട്ടുകയേയുള്ളൂ.

എന്നെപ്പോലെ സാമ്പത്തിക അഭയാര്‍‌ഥിയായികളായി എത്തിയിട്ടുള്ളവര്‍ക്ക് അമേരിക്ക സാമ്പത്തികമായി സുശക്തമായ നിലയില്‍ എത്തേണ്ടത് വെറും സ്വാര്‍ത്ഥമായ ഒരു താല്‍‌പര്യമാണ്. ഇപ്പോള്‍ അമേരിക്കയില്‍ കണ്ട സാമ്പത്തിക പ്രശ്നങ്ങള്‍ മറ്റു രാജ്യങ്ങളില്‍ ഉണ്ടാക്കുന്ന പ്രത്യാഘാതങ്ങള്‍ ഒരു കാരണമായി എടുക്കാമെങ്കില്‍ ലോകജനതയുടെ തന്നെ ആവശ്യമാണ് അമേരിക്കന്‍ സാമ്പത്തികരംഗം തകരാതെയിരിക്കേണ്ടത് എന്നും മനസ്സിലാകും. അങ്ങനെ നമുക്കും നാട്ടിലുള്ളവര്‍ക്കുമെല്ലാം അമേരിക്ക എല്ലാ തലത്തിലും സുശക്തമായിരിക്കേണ്ടത് ഒരാവശ്യമാണ്; അതിന് ഇറാക്കിലെ യുദ്ധം എത്രയും പെട്ടന്ന് അവസാനിക്കണം. ഒബാമയ്ക്ക് മാത്രമേ അത്തരമോരു കാര്യം ചെയ്യാന്‍ ധൈര്യവും സന്നദ്ധതയും ഉണ്ടാകൂ.


ഊര്‍ജ്ജത്തില്‍ സ്വയം പര്യാപ്തത


അമേരിക്ക ഓയിലിന്ന് വേണ്ടി ചിലവഴിക്കുന്ന പൈസയില്‍ ഒരു ഭാഗം ഇസ്ലാമിക തീവ്രവാദികളെ പോറ്റാന്‍ വേണ്ടി ഉപയോഗിക്കപ്പെടുന്നുണ്ടെന്നുള്ളത് പൊതുവേ അറിയാവുന്ന കാര്യമാണ്. ഓയിലിന്റെ ലഭ്യത ഉറപ്പുവരുത്താന്‍ അറബ് ഏകാധിപതികളെയും അവരുടെ മര്‍ദ്ദകഭരണകൂടങ്ങളെയും സംരക്ഷിക്കുന്നത് ജനാധിപത്യം കയറ്റുമതി ചെയ്യാന്‍ ഒരുമ്പെട്ടു നടക്കുന്ന അമേരിക്കക്ക് നാണക്കേടുമാണ്. അതുകൊണ്ട് രാജ്യത്തിന്റെ സുരക്ഷയ്ക്ക് അമേരിക്ക ഊര്‍ജ്ജത്തില്‍ സ്വയം പര്യാപ്തത നേടേണ്ടത് പ്രധാനപ്പെട്ട കാര്യമാണ്. ഒബാമയ്ക്ക് ആ കാര്യം ശരിക്ക് മനസ്സിലായിട്ടുണ്ടെന്ന് തോന്നുന്നു. ദീര്‍‌ഘവീക്ഷണത്തോടെയുള്ള ഒരു ഊര്‍ജ്ജനയം അദ്ദേത്തിന്റെ ഭരണത്തിന്റെ ഭാഗമായിരിക്കും. മറിച്ച് മക്കെയിന്‍ പ്രധാനമായും ഓയിലിന്ന് വേണ്ടി അമേരിക്കയില്‍ കൂടുതല്‍ കുഴിക്കണമെന്ന വാദക്കാരനാണ്; പ്രത്യേകിച്ചും സാറാ പേലിന്‍. അവരുടെ സംസ്ഥാനമായ അലാസ്ക്കയില്‍ ഇനിയും ധാരാളം സ്ഥലങ്ങള്‍ കുഴിക്കാന്‍ ബാക്കിയുണ്ട്. ഓയിലിതര ഊര്‍ജ്ജസ്രോതസ്സുകള്‍ വികസിപ്പിച്ചിടുക്കുന്നതില്‍ മക്കെയിന്‍ ഗൌരവമായി എന്തെങ്കിലും ചെയ്യുമെന്ന് തോന്നുന്നില്ല.

യഥാര്‍ഥ വ്യത്യാസത്തിന്റെ പ്രതീകം

എന്തൊക്കെ പറഞ്ഞാലും ജോണ്‍ മക്കെയിന്‍ വാഷിംഗ്‌ടണിലേക്ക് യഥാര്‍ഥ വ്യത്യാസം കൊണ്ടുവരും എന്ന് വിശ്വസിക്കാന്‍ പറ്റില്ല. അതു അദ്ദേഹത്തിന് സാധ്യവുമല്ല. കാരണം അദ്ദേഹം നയിക്കുന്ന ഭരണകൂടത്തില്‍ പ്രധാനികള്‍ പഴയ റിപ്പബ്ലിക്കന്മാര്‍ തന്നെ ആയിരിക്കും. അദ്ദേഹത്തിന്റെ ഇപ്പോഴത്തെ ക്യാം‌മ്പയിനില്‍ തന്നെ ബുഷിന്റെ പ്രചരണങ്ങള്‍ നിയന്ത്രിച്ചിരുന്നവര്‍ കയറിപ്പറ്റിയതുപോലെ. ഒബാമയുടെ ടീം പുതിയതായിരിക്കും; അവരുടെ തീരുമാനങ്ങള്‍ക്ക് പുതുമ ഉണ്ടാവും.


വിദ്യാഭ്യാസ യോഗ്യതയും പരിഷ്ക്കാരങ്ങളും


ഒബാമയും ബൈഡനും എതിരാളികളെക്കാള്‍ വിദ്യാഭ്യാസമുള്ളവരാണ്; കുറച്ചുകൂടി ബുദ്ധികൂടുതല്‍ ഉള്ളവരും ആണെന്നു തോന്നുന്നു. ഈ ബുദ്ധിമുട്ടുകളുടെ കാലത്ത് രാജ്യത്തെ നേരായ വഴിക്ക് നയിക്കാന്‍ ആ രണ്ട് കാര്യങ്ങള്‍ കൂടുതലുള്ളവര്‍ കാര്യങ്ങള്‍ സീറ്റിലുള്ളത് നല്ലതാണ്. പ്രത്യേകിച്ചും 8 കൊല്ലത്തോളം ആ വകുപ്പില്‍ കുറച്ച് കുറവുള്ള ഒരാള്‍ വൈറ്റ് ഹൌസില്‍ ഇരുന്ന് കാര്യങ്ങള്‍ കുത്തഴിച്ചിട്ടിരിക്കുന്ന ഈ സാഹചര്യത്തില്‍ അത്തരമൊരു വ്യത്യാസം വളരെ സ്വാഗതാര്‍ഹവുമാണ്.

ഒബാമ വിദ്യാഭ്യാസരംഗത്ത് പരിഷ്ക്കാരങ്ങള്‍ കൊണ്ടുവരുമെന്ന് തോന്നുന്നു. അമേരിക്ക നാള്‍ക്കുനാള്‍ ആ രംഗത്ത് പുറകിലോട്ട് പോയിക്കൊണ്ടിരിക്കുകയാണ്. ദീര്‍ഘകാലാടിസ്ഥാനത്തില്‍ ഒരു രാജ്യത്തിന്റെ പുരോഗതിയെ നിയന്ത്രിക്കുന്നത് മികച്ച വിദ്യാഭ്യാസം സിദ്ധിച്ച ഒരു ജനതയാണെന്ന് പ്രത്യേകിച്ച് പറയേണ്ടതില്ലല്ലോ.

സുപ്രീംകോടതിയിലെ നിയമനങ്ങള്‍

ഈ പ്രസിഡന്റിന് 3 സുപ്രീംകോടതി ജഡ്ജിമാരെ വരെ നിയമിക്കാനുള്ള അവസരം കിട്ടിയേക്കും. ഇനിയും യാഥാസ്തികരായ ജഡ്ജിമാര്‍ സുപ്രീംകോടതിയില്‍ എത്തിയാല്‍ ആ വിഭാഗക്കാര്‍ക്ക് വ്യക്തമായ ഭൂരിപക്ഷം ഭരണകൂടത്തിന്റെ പ്രധാനഭാഗമായ ജൂഡിഷ്യറിയില്‍ ലഭിക്കും. അവരുടെ നിയമനം ആജീവനാന്തമായതുകൊണ്ട് യാഥാസ്തികര്‍ക്ക് സുപ്രീംകോടതിയില്‍ ദീര്‍ഘനാളത്തെ സ്വാധീനം കൈവരും. രാജ്യത്തിന്റെ സാമൂഹികപുരോഗതിക്ക് അത്തരമൊരു സാഹചര്യം ഉണ്ടാവുന്നത് നല്ലതാണെന്നു തോന്നുന്നില്ല. പ്രത്യേകിച്ചും ഭരണഘടന അനുശാസിക്കുന്ന ജനങ്ങളുടെ അവകാശങ്ങള്‍ വ്യാഖ്യാനിക്കപ്പെടുമ്പോള്‍.

മറ്റൊരു എഴുത്തുകാരന്‍

പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കുന്നവരും പ്രസിഡന്റായവരും പുസ്തകങ്ങള്‍ എഴുതുന്നത് വളരെ സാധാരണമാണ്. പക്ഷേ, മിക്കവാറും അത് ചെയ്യുന്നത് മികച്ച എഡിറ്റര്‍മാരുടെ സഹായത്താലോ കൂലി എഴുത്തുകാരെ (ghost writers) വച്ചോ ആണ്. ഒബാമ അദ്ദേഹം പ്രസിദ്ധീകരിച്ച 2 പുസ്തകങ്ങളും സ്വന്തമായിട്ടാണ് എഴുതിയത്. അതിന്ന് മുമ്പ് അദ്ദേഹം കഥകളും മറ്റും എഴുതിയിട്ടുണ്ടെന്ന് എവിടെയോ വായിച്ചിട്ടുണ്ട്. അദ്ദേഹത്തിന്റെ ചില നല്ല പ്രസംഗങ്ങളും സ്വന്തം സൃഷ്ടികള്‍ തന്നെയാണ്. വൈറ്റ് ഹൌസില്‍ ഒരു എഴുത്തുകാരന്‍ എത്തുന്നത് സുഖമുള്ള കാര്യം തന്നെ. പ്രത്യേകിച്ചും അക്ഷരങ്ങള്‍ തപ്പിപ്പിടിക്കാന്‍ ബുദ്ധിമുട്ടുന്ന രണ്ടുപേര്‍ അദ്ദേഹത്തിന്റെ എതിര്‍ ടിക്കറ്റില്‍ ഉള്ളപ്പോള്‍.

Wednesday, October 15, 2008

മക്കെയിയിന്റെ അവസാനത്തെ അവസരം | അമേരിക്കന്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പ്

ഇന്ന് വൈകീട്ട് ന്യൂ യോര്‍ക്കിലെ ലോംഗ് ഐലന്റില്‍ നടക്കുന്ന മൂന്നാമത്തെയും അവസാനത്തെയും ഡിബേറ്റിലേക്ക് മക്കെയിന്‍ പോകുന്നത് വളരെ ദുര്‍ബലനായിട്ടാണ്. ഇന്ന് പുറത്തിറങ്ങിയ CBS/New York Times പോളില്‍ 14 പോയന്റുകള്‍ക്കാണ് ഒബാമ ദേശീയതലത്തില്‍ മുന്നിട്ടു നില്‍ക്കുന്നത്. ഗാലപ്പ് പോളില്‍ 4 പോയന്റിനും Rasmussen Reports-ല്‍ 5 പോയന്റിനും CNN/Opinion Research Corporation പോളില്‍ 8 പോയന്റിനും Ipsos/McClatchy പോളില്‍ 9 പോയന്റുകള്‍ക്കും ആണ് ഒബാമ മുന്നില്‍ നില്‍ക്കുന്നത്. അതിനേക്കാള്‍ ഉപരിയായി, യുദ്ധക്കളസംസ്ഥാനങ്ങളില്‍ ഏതാണ്ട് എല്ലായിടത്തും ഒബാമയാണ് മുന്നിലുള്ളത്.

1988-ല്‍ മൈക്കേല്‍ ഡ്യൂക്കാക്കീസിനെ സീനിയര്‍ ബുഷ് ഒരു കൊലപാതകിയുമായി ബന്ധപ്പെടുത്തി മുക്കിയതുപോലെ, കഴിഞ്ഞ 2 ആഴ്ചകളില്‍ ഒബാമയില്‍ തീവ്രവാദി ബന്ധം ആരോപിച്ച് വോട്ടര്‍മാരെ തിരിക്കാന്‍ മക്കെയിന്‍ ക്യാം‌മ്പയിന്‍ ശ്രമിച്ചു. വിയറ്റ്നാം യുദ്ധവിരുദ്ധനും അഭ്യന്തരതീവ്രവാദിയും ആയിരുന്ന, ഇപ്പോള്‍ യൂണിവേഴ്സിറ്റി പ്രഫസറുമായ ഷിക്കാഗോ സ്വദേശി വില്യം അയ‌ഴ്സിനെ ഒബാമയുമായി ബന്ധപ്പെടുത്തുകയായിരുന്നു അതിലെ പ്രധാന തന്ത്രം. സാമ്പത്തിക കാര്യങ്ങള്‍ ചര്‍ച്ചചെയ്യാതെ വ്യക്തിഹത്യക്കു തുനിയുന്നു എന്ന പതിവ് പ്രത്യാക്രമണം നടത്തി ഒബാമ ആ ആക്രമണത്തിന്റെ മുനയൊടിച്ചു.

മറ്റൊന്ന് പണ്ട് ഹിലരി പയറ്റിയതുപോലെ ഒബാമയുടെ പേരിലെ “ഹുസൈന്‍” എന്ന വാക്കെടുത്ത് പ്രയോഗിച്ച് ജനങ്ങളുടെ മുസ്ലീം/അറബി വിരുദ്ധവികാരം ഇളക്കി വിടാന്‍ ശ്രമിക്കുകയായിരുന്നു. യാഥാസ്ഥികര്‍ അതില്‍ ഇളകുകയും ഒബാമയെ കൊല്ലാന്‍ വരെ അവര്‍ റാലികളില്‍ നിര്‍ദ്ദേശിക്കുകയും ചെയ്തു. കാര്യങ്ങള്‍ പിടിവിടുന്നതുകണ്ട് മക്കെയിന്‍ തന്നെ ഇടപെട്ട് ആ പ്രചരണം മതിയാക്കി. ഫലം അത്തരം പ്രചരണം കണ്ട് മനം മടുത്ത സ്വതന്ത്രര്‍ അദ്ദേഹത്തെ കൈവിട്ടതു തന്നെ.

അതിന്നിടയില്‍ സാറാ പേലിന്റെ സഹോദരിയുടെ പണ്ടത്തെ ഭര്‍ത്താവും പോലീസുകാരനുമായിരുന്ന മൈക്ക് വൂറ്റനെ, മുകളില്‍ നിന്ന് സമ്മര്‍ദ്ദമുണ്ടായെങ്കിലും പിരിച്ചുവിടാതിരുന്ന സ്റ്റേറ്റ് സേഫ്റ്റി കമ്മീഷണര്‍ വാള്‍ട്ട് മോനിഗനെ സാറാ പേലിന്‍ പിരിച്ചുവിട്ടതില്‍ കുഴപ്പങ്ങളുണ്ടെന്ന ജനപ്രതിനിധികളുടെ കണ്ടെത്തല്‍, മക്കെയിന്‍ ക്യാം‌മ്പയിന് അടിയായി. ശരിക്കും കുറ്റാരോപിതയായ ഒരാള്‍ ഒബാമയുടെ തീവ്രവാദി സംസര്‍ഗ്ഗമൊക്കെ വിളിച്ചുപറഞ്ഞു നടക്കുന്നതിലെ അപാകത ജനങ്ങള്‍ക്കും മനസ്സിലായിക്കാണും. തന്നെയുമല്ല അവരുടെ ഭര്‍ത്താവ് റ്റോഡ് പേലിന്‍ അലാസ്ക്ക സ്വതന്ത്ര്യരാജ്യമാകണമെന്ന് വാദിക്കുന്ന ഒരു വിഘടനാവാദസംഘടനയിലെ അംഗമായിരുന്നു പണ്ട്.

എന്തായാലും അത്തരം നെഗറ്റീവ് പ്രചരണങ്ങള്‍ മക്കെയിന്റെ പിന്തുണ കുറച്ചുകൂടി കുറയാനേ ഉപകരിച്ചുള്ളൂ. പല യാഥാസ്തിക ബുദ്ധിജീവികളും പരസ്യമായി ഒബാമയ്ക്ക് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. പ്രധാനമായും സാറാ പേലിന്റെ സ്ഥാനാര്‍ത്തിത്വമാണ് അവരെ പ്രകോപിപ്പിച്ചിട്ടുള്ളത്.

മക്കെയിന്‍ സാമ്പത്തിക കാര്യങ്ങളിലേക്ക് തന്നെ തിരിച്ചുവന്നിരിക്കുകയാണ്. മിക്കവാറും ദിവസങ്ങളില്‍ ഒരു പുതിയ നിര്‍ദ്ദേശം അദ്ദേഹം വയ്ക്കുന്നുണ്ട്. പക്ഷേ, ഒന്നും ഏല്‍ക്കുന്നില്ല. അത്തരം കാര്യങ്ങളില്‍ ആദ്യം മുതലേ ഒബാമയെ ആണ് ജനങ്ങള്‍ക്ക് വിശ്വാസം.

ഈ ഡിബേറ്റില്‍ അദ്ദേഹത്തിന് താനാണ് ഒബാമയെക്കാള്‍ മികച്ച നേതാവെന്ന് വോട്ടര്‍മാരെ കാണിച്ചുകൊടുക്കാനുള്ള അവസാനത്തെ അവസരമാണ് കിട്ടുന്നത്. അത് ഫലപ്രദമായി ഉപയോഗിച്ചില്ലെങ്കില്‍ ഒബാമയ്ക്ക് ഇപ്പോഴുള്ള ലീഡിനെ മറികടക്കാന്‍ പ്രയാസമായിരിക്കും. മക്കെയിന്റെ കഴിഞ്ഞ 2 ഡിബേറ്റുകളിലെ പ്രകടനം വച്ചുനോക്കുകയാണെങ്കില്‍ ഒബാമയെ തോല്‍പ്പിക്കുക അദ്ദേഹത്തിന് ശ്രമകരമാണ്.

വിജയസാധ്യതകളെക്കുറിച്ച് എന്റെ കഴിഞ്ഞ ആഴ്ചത്തെ നിഗമനങ്ങളില്‍ നിന്ന് വ്യത്യാസമൊന്നുമില്ല: ഒബാമ (338); മക്കെയിന്‍ (200). ജയിക്കാന്‍ വേണ്ടത് 270 മാത്രം.

Thursday, October 09, 2008

പുസ്തകം പുറത്തിറങ്ങി - ബറാക്ക് ഹുസൈന്‍ ഒബാമ: ഒരു താരോദയത്തിന്റെ ദിനവൃത്താന്തങ്ങള്‍



ബ്ലോഗില്‍ നിന്ന് മറ്റൊരു പുസ്തകം കൂടി. അമേരിക്കന്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പിനെപ്പറ്റി ഞാന്‍ ഈ ബ്ലോഗില്‍ പ്രസിദ്ധീകരിച്ച പ്രധാന പോസ്റ്റുകള്‍ സമാഹരിച്ച് “ബറാക്ക് ഹുസൈന്‍ ഒബാമ: ഒരു താരോദയത്തിന്റെ ദിനവൃത്താന്തങ്ങള്‍“ എന്ന പേരില്‍ പ്രസിദ്ധീകരിച്ചിരിക്കുന്നു. ഒബാമ തിരഞ്ഞെടുപ്പിന് ഇറങ്ങുന്നതു മുതല്‍ പ്രൈമറിയില്‍ ഹിലരിയുടെ മേല്‍ വിജയം നേടുന്നതുവരെയുള്ള കാര്യങ്ങളാണ് ഈ പുസ്തകത്തില്‍ ചര്‍ച്ച ചെയ്യപ്പെടുന്നത്.

ഞാന്‍ സ്വന്തമാണ് ഈ പുസ്തകം പ്രസിദ്ധീകരിച്ചിട്ടുള്ളത്. പുഴ ബുക്ക്സ്റ്റോര്‍ വഴി ഓണ്‍‌ലൈന്‍ ആയും എറണാകുളം ജില്ലയില്‍ ചില പുസ്തകശാലകളില്‍ നേരിട്ടും പുസ്തകം വാങ്ങാന്‍ കിട്ടും. എല്ലാവരും നവംബര്‍ 4-നു മുമ്പ് തന്നെ കോപ്പികള്‍ കരസ്ഥമാക്കുക; ഒബാമ വിജയിച്ച് റീപ്രിന്റ് ഇറക്കേണ്ടി വന്നാല്‍ വില കൂട്ടാന്‍ സാധ്യതയുണ്ട് ;-)

ഓണ്‍ലൈന്‍ ആയി വാങ്ങുന്നതിന് ഇവിടെ ക്ലിക്ക് ചെയ്യുക.

ഈ പുസ്തകത്തിന്റെ കവര്‍ ചിത്രം ചെയ്തത് ബൂലോഗത്ത് ഏവര്‍ക്കും സുപരിചിതനായ സജ്ജീവ് ബാലകൃഷ്ണനും; കവര്‍ ഡിസൈന്‍ ചെയ്തത് അനില്‍ നായരമ്പലവുമാണ്.

നിങ്ങള്‍ക്ക് ആവുന്ന രീതിയില്‍ ഈ പുസ്തകത്തിന് പ്രചാരം കൊടുക്കുമല്ലോ.

ബ്ലോഗില്‍ നിന്ന് പുസ്തകം നിര്‍മ്മിച്ചത് എങ്ങനെ?

1. ബ്ലോഗ് പോസ്റ്റുകളില്‍ നിന്ന് മാറ്റര്‍ ഒരു Notepad/UTF-8 ഫയലില്‍ ആക്കി. പുസ്തകരൂപത്തിലേക്ക് മാറ്റാന്‍ വേണ്ടി മാറ്ററില്‍ ചെയ്ത എല്ലാ എഡിറ്റിംഗും ഞാന്‍ ഈ ഫയലിലാണ് ചെയ്തത്.

2. വരമൊഴിക്കൊപ്പം വരുന്ന ഫോണ്ട് കണ്‍‌വേര്‍ട്ടര്‍ പ്രോഗ്രാമുകള്‍ ഉപയോഗിച്ച് യുണീക്കോഡ് മാറ്റര്‍ "ML-TTKarthika" ഫോണ്ടിലേക്ക് മാറ്റി. കണ്‍‌വേര്‍ട്ടര്‍ ഉണ്ടാക്കിയ മാറ്ററില്‍ ചെറിയ പ്രശ്നങ്ങള്‍ കണ്ടതുകൊണ്ട്, ഒരു ചെറിയ Perl പ്രോഗ്രാം തന്നെ എഴുതേണ്ടി വന്നു എല്ലാം വൃത്തിയാക്കിയെടുക്കാന്‍.

3. കവര്‍ ഒഴിച്ചുള്ള മൊത്തം പുസ്തകത്തിന്റെ മാറ്റര്‍ (നോട്ട്പാഡില്‍ ചെയ്തത്) ഞാന്‍ ഒരു Word ഫയലില്‍ ആക്കി. ലേ ഔട്ടിന് വേണ്ട നിര്‍ദ്ദേശങ്ങളും അത്യാവശ്യം ഫോര്‍മാറ്റിംഗും ഈ ഫയലില്‍ ചെയ്തു.

4. ലേ ഔട്ട് ചെയ്തയാള്‍ ആ Word ഫയലില്‍ നിന്ന് മാറ്റര്‍ PageMaker-ലേക്ക് മാറ്റി. PageMaker-ല്‍ “ML-Karthika" എന്ന ഫോണ്ടാണ് ഉപയോഗിച്ചത്. അതുകൊണ്ട് കുറച്ച് ഫോണ്ട് പ്രശ്നങ്ങള്‍ ഉണ്ടായി; ആ തെറ്റുകള്‍ കണ്ടുപിടിച്ച് തിരുത്താനാണ് ഏറ്റവും അധികം സമയം എടുത്തത്.

Monday, October 06, 2008

ഒരു മാസം മുമ്പ് ഒബാമ മുന്നില്‍ | അമേരിക്കന്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പ്

നവംബര്‍ 4-ന് നടക്കുന്ന പൊതുതിരഞ്ഞെടുപ്പിന് ഒരു മാസം ഇനി തികച്ചില്ല. പോസ്റ്റല്‍ വോട്ടിംഗും നേരത്തെയുള്ള വോട്ടിംഗുമൊക്കെ പല സംസ്ഥാനങ്ങളിലും ആരംഭിച്ചു കഴിഞ്ഞു. തിരഞ്ഞെടുപ്പ് ഇപ്പോള്‍ നടക്കുകയാണെങ്കില്‍ ആരു ജയിക്കുമെന്നതിനെപ്പറ്റി അഭിപ്രായവോട്ടെടുപ്പുകാര്‍ക്കും എന്നേപ്പോലെ സാധാരണക്കാര്‍ക്കും എന്തിന് റിപ്പബ്ലിക്കന്‍ ചാണക്യനായ കാള്‍ റോവിന് പോലും സംശയമില്ല- അത് ഒബാമ തന്നെയാണ്.

2004-ല്‍ ജോണ്‍ കെറി ജയിച്ച എല്ലാ സംസ്ഥാനങ്ങളിലും തന്റെ നില സുരക്ഷിതമാക്കിയശേഷം അത്തവണ ബുഷ് ജയിച്ച ന്യൂ മെക്സിക്കോ, അയോവ, വിര്‍‌ജീനിയ, നെവാഡ, കൊളറാഡോ, മിസോറി, ഇന്‍‌ഡ്യാന, ഒഹായോ, നോര്‍ത്ത് കാരളൈന, ഫ്ലോറിഡ എന്നീ സംസ്ഥാനങ്ങളില്‍ ഒബാമ മത്സരം ശക്തമാക്കുകയോ നല്ല ലീഡ് എടുക്കുകയോ ചെയ്തിട്ടുള്ളതാണ് മക്കെയിന് വിനയായിട്ടുള്ളത്. സംസ്ഥാനമൊട്ടാകെ നോക്കുകയാണെങ്കില്‍ റിപ്പബ്ലിക്കന്‍ ഉരുക്കുകോട്ടയായ നെബ്രാസ്ക്കയില്‍ പോലും ഒബാമ മത്സരം കടുപ്പമാക്കിയിട്ടുണ്ടെന്നാണ് വാര്‍ത്ത. മറ്റുള്ള സംസ്ഥാനങ്ങളില്‍ നിന്ന് വ്യത്യസ്തമായി ഇലക്ടറല്‍ വോട്ടുകള്‍ അവിടെ വീതിക്കുകയാണ് ചെയ്യുക. അതുകൊണ്ട് ഏതെങ്കിലും ജില്ലകളില്‍ വിജയിക്കുകയാണെങ്കില്‍ അവിടത്തെ വോട്ട് പിടിച്ചെടുക്കാം. (ഇലക്ടറല്‍ വോട്ട് ഇങ്ങനെ വീതിക്കുന്ന മറ്റൊരു സംസ്ഥാനം വടക്കു-കിഴക്കന്‍ സംസ്ഥാനമായ മെയിന്‍ ആണ്.)

നീണ്ടുപോയ പ്രൈമറി തിരഞ്ഞെടുപ്പ്, റിപ്പബ്ലിക്കന്‍ കോട്ടകളിലേക്ക് പൊതുതിരഞ്ഞെടുപ്പ് വ്യാപിപ്പിക്കാന്‍ ഒബാ‍മയെ സഹായിച്ചു എന്നു പറയാം. എല്ലാ സംസ്ഥാനങ്ങളിലും പ്രൈമറിയില്‍ മത്സരിക്കേണ്ടി വന്നതുകൊണ്ട് അവിടങ്ങളിലൊക്കെ പ്രചരണത്തിനുവേണ്ട ആസൂത്രണങ്ങള്‍ ചെയ്യേണ്ടി വരികയും അങ്ങനെ ഓരോ സംസ്ഥാനങ്ങളിലുമുള്ള സാധ്യതകളെക്കുറിച്ച് നല്ലവണ്ണം പഠിക്കാന്‍ അദ്ദേഹത്തിന്റെ ക്യാം‌മ്പയിന് അവസരം കിട്ടുകയും ചെയ്തു. തന്നെയുമല്ല ആ സംസ്ഥാ‍നങ്ങളിലൊക്കെ പ്രചരണത്തിനു വേണ്ട സംഘാടനം നേരത്തേ തുടങ്ങിയിടാനും കഴിഞ്ഞു.

എന്റെ കഴിഞ്ഞ പോസ്റ്റില്‍ പറഞ്ഞതുപോലെ ഒബാമക്ക് 277 ഇലക്ടറല്‍ വോട്ടുകള്‍ പിടിക്കാന്‍ ഇപ്പോഴത്തെ സാഹചര്യത്തില്‍ യാതൊരു ബുദ്ധിമുട്ടുമില്ല. യുദ്ധക്കളസംസ്ഥാനങ്ങളായ നെവാഡ, കൊളറാഡോ, മിസോറി, ഇന്‍‌ഡ്യാന, ഒഹായോ, നോര്‍ത്ത് കാരളൈന, ഫ്ലോറിഡ എന്നീ സംസ്ഥാനങ്ങളില്‍ തോറ്റാലും ഒബാമയ്ക്ക് കുഴപ്പമില്ല. മക്കെയിന് അവിടങ്ങളിലൊക്കെ വിജയിക്കുകയും വേണം. അതുകൊണ്ട് മക്കെയിന്റെ ഭാഗത്താണ് ഇപ്പോള്‍ വലിയ സമ്മര്‍ദ്ദമുള്ളത്. കാര്യമായിട്ട് എന്തെങ്കിലും അദ്ദേഹം ഇപ്പോള്‍ ചെയ്തില്ലെങ്കില്‍ നവം‌ബര്‍ 4-ന് ഒബാമ വിജയത്തിലേക്ക് സുഗമമായി നടന്നുകയറും.

മക്കെയിനെ ഇത്ര വിഷമത്തിലാക്കിയത് പ്രധാനമായും സാമ്പത്തികരംഗത്തുണ്ടായ തകര്‍ച്ചയാണ്. സാറാ പേലിന്റെ കടന്നുവരവോടെ ഒരു “റിയാലിറ്റി ഷോ” പോലെ ആയി തീര്‍ന്ന തിരഞ്ഞെടുപ്പില്‍ ഗൌരവമായി ആരുമൊന്നും ചര്‍ച്ച ചെയ്യുന്നില്ലായിരുന്നു. വാള്‍ സ്ട്രീറ്റിന്റെ തകര്‍ച്ചയും അതിന്നെ രക്ഷിക്കാന്‍ വേണ്ടി സര്‍ക്കാര്‍ നടത്തിയ ശ്രമങ്ങളും ജനങ്ങളെ യഥാര്‍ഥ പ്രശ്നങ്ങളിലേക്ക് ശ്രദ്ധ തിരിക്കാന്‍ പ്രേരിപ്പിച്ചു. സാമ്പത്തികകാര്യങ്ങള്‍ കൈകാര്യം ചെയ്യാന്‍ മിടുക്കന്‍ ഒബാമയാണെന്ന പൊതുവായ ധാരണ വോട്ടര്‍മാരെ അദ്ദേഹത്തിന്റെ ഭാഗത്തേക്ക് മാറ്റി. അതാണ് കഴിഞ്ഞ ആഴ്ചകളില്‍ പെന്‍‌സില്‍‌വേനിയ, ഒഹായോ, ഫ്ലോറിഡ, വിര്‍‌ജീനിയ തുടങ്ങിയ സംസ്ഥാനങ്ങളില്‍ ഒബാമ മുന്നേറുന്നതിലൂടെ നമ്മള്‍ കണ്ടത്.

സാമ്പത്തികവും ആരോഗ്യപരിരക്ഷയുമായുള്ള വിഷയങ്ങളുമായി ബന്ധപ്പെട്ട് തിരഞ്ഞെടുപ്പു ചര്‍ച്ചകള്‍ നവംബര്‍ 4 വരെ നീണ്ടുപോവുകയാണെങ്കില്‍ ഒബാമയ്ക്ക് കാര്യമായി വിയര്‍ക്കാതെ തിരഞ്ഞെടുപ്പ് ജയിക്കാം. അതുകൊണ്ടാണ് മക്കെയിന്‍ വിഷയം മാറ്റാന്‍ ശ്രമിക്കുന്നത്. ജോണ്‍ കെറിക്കെതിരെ 2004-ല്‍ ബുഷ് നടത്തിയ “സ്വിഫ്റ്റ് ബോട്ട്” ആക്രമണത്തെ ഓര്‍മ്മിപ്പിക്കും പോലെ ഒബാമക്കെതിരെ മക്കെയിന്‍ ക്യാം‌മ്പയിന്‍ ഇന്ന് ഒരു സ്വഭാവഹത്യ പ്രചരണം ആരംഭിച്ചിട്ടുണ്ട്. 1960-കളില്‍ സജീവമായിരുന്ന “വെതര്‍ അണ്ടര്‍‌ഗ്രൌണ്ട്” എന്ന ഒരു തീവ്രവാദി സംഘടനയുടെ നേതാവായ വില്യം അയഴ്‌സുമായി ഒബാമയെ ബന്ധപ്പെടുത്തിയാണ് സാറാ പേലിന്‍ ആ ആക്രമണത്തിന് തുടക്കം കുറിച്ചിട്ടുള്ളത്. ആ സംഘടന സജീവമായിരുന്നപ്പോള്‍ ഒബാമയ്ക്ക് 8-9 വയസ്സേ പ്രായമുണ്ടായിരുന്നുള്ളൂ. ഇപ്പോള്‍ ഷിക്കാഗോയില്‍ താമസക്കാരനും പ്രഫസറും വിദ്യാഭ്യാസ വിദഗ്ദനൊക്കെയുമായ വില്യം അയഴ്‌സിനെ ഒബാമയ്ക്ക് അറിയാം എന്നതു മാത്രമേ വാസ്തവമായിട്ടുള്ളൂ.

ജോണ്‍ കെറി മിണ്ടാതെയിരുന്നെങ്കില്‍, ഒബാമ മക്കെയിനെതിരെ ഇന്നുതന്നെ ശക്തമായ പ്രത്യാക്രമണം നടത്തിയാണ് പ്രതികരിച്ചത്. ജനങ്ങള്‍ക്ക് പ്രധാനപ്പെട്ട സാമ്പത്തിക പ്രശ്നങ്ങളില്‍ നിന്ന് അവരുടെ ശ്രദ്ധതിരിക്കാനാണ് ഇത്തരം വ്യക്തിഹത്യകള്‍ക്ക് തുനിയുന്നതെന്ന് പറഞ്ഞാണ് ഒബാമ ക്യാം‌മ്പയിന്‍ തുടങ്ങിയിട്ടുള്ളതെങ്കിലും വരുന്ന ദിവസങ്ങളില്‍ മക്കെയിന്റെയും പേലിന്റെയും പഴയ പല ഇടപാടുകള്‍ അവര്‍ ഉയര്‍ത്തിക്കൊണ്ടു വരും എന്ന് ഉറപ്പാണ്. മക്കെയിന്‍ ഇതുവരെ കാര്യമായി ഉപയോഗിച്ചിട്ടില്ലാത്ത ഒരു വിവാദം ജറമയ്യ റൈറ്റുമായി ഒബാമയ്ക്കുള്ള ബന്ധമാണ്. അതും ഈയിടെ കോടതി ശിക്ഷിച്ച ഷിക്കാഗോ ബിസിനസ്സുകാരന്‍ ടോണി റിസ്ക്കോവുമായുള്ള ഒബാമയുടെ ബന്ധവും അവസാനത്തെ ആഴ്ചകളിലേക്ക് ഉപയോഗിക്കാന്‍ വേണ്ടി മക്കെയിന്‍ ക്യാം‌മ്പയിന്‍ മാറ്റി വച്ചിരിക്കുകയാണോ എന്നേ നോക്കേണ്ടതുള്ളൂ.

അത്തരം ആരോപണങ്ങള്‍ക്ക് ചുട്ട മറുപടികള്‍ കൊടുക്കുകയും പ്രത്യാക്രമണങ്ങള്‍ നടത്തുന്നതോടൊപ്പം തന്നെ സാമ്പത്തികപ്രശ്നങ്ങളില്‍ ജനശ്രദ്ധ എത്രത്തോളം പിടിച്ചു നിര്‍ത്താന്‍ കഴിയും എന്നതിനെ ആശ്രയിച്ചിരിക്കും ഒബാമയ്ക്ക് ഇപ്പോഴുള്ള മുന്തൂക്കം നിലനിര്‍ത്താനുള്ള സാധ്യത.

ഈ ചൊവ്വാഴ്ചയാണ് മക്കെയിനും ഒബാമയും തമ്മിലുള്ള രണ്ടാമത്തെ ഡിബേറ്റ്. മക്കെയിന്‍ അതില്‍ ഒബാമയെ വഴിവിട്ട് ആക്രമിക്കുമെന്നതില്‍ സംശയം ഒന്നും വേണ്ട. അതല്ലാതെ മക്കെയിന് വലിയ രക്ഷയുമൊന്നുമില്ല. കഴിഞ്ഞ തവണ ഒബാമ കുറച്ചു കാര്യങ്ങള്‍ സമ്മതിച്ചു കൊടുത്തതുപോലെ ഇത്തവണ ഉണ്ടാവില്ലെന്ന് പ്രതീക്ഷിക്കാം. നുണപ്രചരണങ്ങള്‍ നടത്തുന്നവര്‍ പറയുന്ന ഒന്നും സമ്മതിച്ചുകൊടുക്കരുത് (അത് ശരിയാണെങ്കില്‍ പോലും). കാരണം അത്തരം യോജിപ്പുകള്‍ അവരുടെ നുണകള്‍ക്ക് ഒരുതരത്തിലുള്ള വിശ്വാസ്യത കൊടുക്കും എന്ന് എനിക്ക് തോന്നുന്നു.

കാള്‍ റോവിന്റെ സൈറ്റിനെപ്പറ്റി ഞാന്‍ മുമ്പ് സൂചിപ്പിച്ചിരുന്നല്ലോ. അദ്ദേഹത്തിന്റെ ഇലക്ടറല്‍ മാപ്പില്‍ ഇന്ന് ഒബാമയാണ് മുമ്പില്‍. “റാസ്‌മ്യൂസന്‍ റിപ്പോര്‍ട്ട്‌സ്”-ന്റെ പ്രതിദിന അഭിപ്രായസര്‍വ്വേയില്‍ ഇന്ന് ഒബാമ 51% പിന്തുണയോടെ ദേശീയതലത്തില്‍ മക്കെയിനേക്കാള്‍ 7% പോയന്റുകള്‍ക്ക് മുമ്പിലാണ്.

ഇവയാണ് എന്റെ ഇപ്പോഴത്തെ നിഗമനങ്ങള്‍:

ഒബാമയ്ക്ക് കിട്ടുമെന്ന് ഉറപ്പുള്ള ഇലക്ടറന്മാര്‍ - 277 (ഭൂരിപക്ഷത്തിന് 270)
മക്കെയിന് കിട്ടുമെന്ന് ഉറപ്പുള്ള ഇലക്ടറന്മാര്‍ - 174

രണ്ടുപേര്‍ക്കും സാധ്യതയുള്ള സംസ്ഥാനങ്ങള്‍ - ഫ്ലോറിഡ(27), ഇന്‍‌ഡ്യാ‍ന(11), ഒഹായോ(20), കൊളറാഡോ(9), നെവാഡ(5), നോര്‍ത്ത് കാരളൈന(15).

ഇവയില്‍ ഫ്ലോറിഡ, ഒഹായോ, കൊളറാഡോ, നെവാഡ എന്നീ സംസ്ഥാനങ്ങളില്‍ ഒബാമ ജയിക്കാനാണ് സാധ്യത കൂടുതല്‍. ഇന്‍‌ഡ്യാ‍ന, നോര്‍ത്ത് കാരളൈന എന്നീ സംസ്ഥാനങ്ങളില്‍ മക്കെയിനും.

അവസാനത്തെ നില: ഒബാമ (338); മക്കെയിന്‍ (200)

Thursday, October 02, 2008

പേയ്‌ലിന്‍ പിടിച്ചു നിന്നു | അമേരിക്കന്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പ്


ചിത്രം “ന്യൂ യോര്‍ക്ക് ടൈംസി”ലെ വാര്‍ത്തയില്‍ നിന്ന് എടുത്തത്.

എല്ലാവരും പ്രതീക്ഷിച്ചിരുന്ന വൈസ് പ്രസിഡന്റ് സ്ഥാനാര്‍ഥികളുടെ ഡിബേറ്റ് കുറച്ച് മുമ്പ് കഴിഞ്ഞു; സെന്റ് ലൂയീസിലെ വാഷിംഗ്‌ടണ്‍ യൂണിവേഴ്സിറ്റിയിലാണ് ഡിബേറ്റ് നടന്നത്. പ്രതീക്ഷകള്‍ക്ക് വിരുദ്ധമായി ആരും വിഢിത്തങ്ങള്‍ ഒന്നും എഴുന്നുള്ളിച്ചില്ല. ജോ ബൈഡന്‍ വളരെ ആത്മനിയന്ത്രണം കാണിച്ചു; അമിതമായി സംസാരിക്കാനും അതിന്നിടയില്‍ വിവാദപരമായ പലതും വിളിച്ചു പറയാനും ഉള്ള അദ്ദേഹത്തിന്റെ പ്രവണത ഇത്തവണ പ്രശ്നമൊന്നും ഉണ്ടാക്കിയില്ല.

ചോദ്യങ്ങള്‍ക്ക് കൃത്യമായി മറുപടി പറഞ്ഞില്ലെങ്കിലും പഠിച്ചുവച്ച കാര്യങ്ങള്‍ പേലിന്‍ നന്നായി പറഞ്ഞു. ചാനലുകള്‍ക്ക് അവര്‍ കൊടുത്ത അഭിമുഖങ്ങളില്‍ അവര്‍ പറഞ്ഞ വിഢിത്തങ്ങള്‍ കാരണം യാഥാസ്തിക ബുദ്ധിജീവികള്‍ തന്നെ അവര്‍ക്കെതിരെ പരസ്യമായി രംഗത്തു വന്നിരിക്കുന്ന സാഹചര്യത്തില്‍, തന്റെ പ്രതിച്ഛായ തന്നെ സംരക്ഷിക്കേണ്ട ധര്‍മമായിരുന്നു ഇന്ന് പേലിന്റേത്. അത് അവര്‍ ഭംഗിയായി നിര്‍വ്വഹിച്ചു. ആ അര്‍ത്ഥത്തില്‍ അവര്‍ ആയിരുന്നു ഡിബേറ്റിലെ വിജയി എന്നു പറയാം. കാരണം അവര്‍ ഡിബേറ്റില്‍ പതറുമെന്ന് മിക്കവാറും എല്ലാ മാധ്യമങ്ങളും കരുതിയിരിക്കുകയായിരുന്നു.

പൊതുവേ, വൈസ് പ്രസിഡന്റ് സ്ഥാനാര്‍ഥിയുടെ പ്രധാന ചുമതല എതിര്‍ ടിക്കറ്റിലെ പ്രസിഡന്റ് സ്ഥാനാര്‍ഥിയെ ആക്രമിക്കുക എന്നതാണ്. ജോ ബൈഡന്‍ അത് ഭംഗിയായി നിര്‍വ്വഹിച്ചു. ചോദ്യങ്ങള്‍ക്ക് വൃത്തിയായി മറുപടി കൊടുത്തു. വ്യക്തിപരമായി ഞാന്‍ വിജയിയായി അദ്ദേഹത്തെ തിരഞ്ഞെടുക്കും. എന്നാലും പേലിന്‍ ഡിബേറ്റില്‍ ഇത്ര ശോഭിക്കുമെന്ന് ഞാന്‍ കരുതിയിരുന്നില്ല. അത്ര പരിതാപകരമായിരുന്നു അഭിമുഖങ്ങളില്‍ അവരുടെ പ്രകടനം.

എന്തായാലും തിരഞ്ഞെടുപ്പ് സമവാക്യങ്ങളില്‍ ഈ ഡിബേറ്റിന്റെ ഫലം എന്തെങ്കിലും വ്യത്യാസം വരുത്തുമെന്ന് എനിക്ക് തോന്നുന്നില്ല. നാളെ വാള്‍ സ്ട്രീറ്റ് രക്ഷാപദ്ധതിക്ക് ജനപ്രതിനിധി സഭ വീണ്ടും വോട്ടു ചെയ്യും; സെനറ്റ് ആ ബില്ല് ഇന്നലെ പാസാക്കിയിരുന്നു. അതിന്റെ ഫലവും ഡിബേറ്റും വോട്ടര്‍മാരില്‍ ചെലുത്തിയേക്കാവുന്ന സ്വാധീനം തിങ്കളാഴ്ച മുതല്‍ പുറത്തുവരുന്ന പോളുകളില്‍ നിന്ന് അറിയാന്‍ സാധിക്കും.

ഇന്ന് മക്കെയിന്‍ മിഷിഗണ്‍ ഒബാമയ്ക്ക് ഏതാണ്ട് വിട്ടുകൊടുത്തു. ജയിക്കാന്‍ സാധ്യത ഇല്ല എന്ന് മനസ്സിലായതിനാല്‍ അവിടത്തെ പ്രചരണം അദ്ദേഹം നിറുത്തി.

മാറിയ സാഹചര്യത്തില്‍, വിര്‍ജീനിയയും പെന്‍‌സില്‍‌വേനിയയും ന്യൂ മെക്സിക്കോയും ഒബാമയ്ക്ക് കിട്ടുമെന്ന് ഞാന്‍ കരുതുന്നു. അപ്പോഴത്തെ നില:
ഒബാമയ്ക്ക് കിട്ടുമെന്ന് ഉറപ്പുള്ള ഇലക്ടറന്മാര്‍ - 277 (ഭൂരിപക്ഷം)
മക്കെയിന് കിട്ടുമെന്ന് ഉറപ്പുള്ള ഇലക്ടറന്മാര്‍ - 179

രണ്ടുപേര്‍ക്കും സാധ്യതയുള്ള സംസ്ഥാനങ്ങള്‍ - ഫ്ലോറിഡ(27), ഇന്‍‌ഡ്യാ‍ന(11), ഒഹായോ(20), കൊളറാഡോ(9), നെവാഡ(5), നോര്‍ത്ത് കാരളൈന(15). ഇന്‍‌ഡ്യാന ഒഴിച്ച് ബാക്കി എല്ലായിടത്തും ഒബാമയാണ് മുമ്പില്‍.

മക്കെയിന് മത്സരം ബാലികേറാമല ആയിട്ടുണ്ടെന്ന് ഇതില്‍ നിന്ന് മനസ്സിലായല്ലോ.

Saturday, September 27, 2008

വാ‍ള്‍ സ്ട്രീറ്റ് നിലയ്ക്കുമ്പോള്‍ ഒബാമ മുന്നോട്ട് | അമേരിക്കന്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പ്

കഴിഞ്ഞ പോസ്റ്റിലെ കമന്റുകളില്‍ സൂചിപ്പിച്ചതുപോലെ, പോളുകളില്‍, നേരിയ ലീഡില്‍ നിന്ന് വ്യക്തമായ ലീഡിലേക്ക് ഒബാമ നീങ്ങുന്നതായിട്ടാണ് ഇപ്പോള്‍ കാണുന്നത്. റിപ്പബ്ലിക്കന്‍ ശക്തിദുര്‍ഗ്ഗങ്ങളായിരുന്ന വിര്‍‌ജീനിയയിലും നോര്‍ത്ത് കാരളൈനയിലും ഒബാമ മുന്നേറുമ്പോള്‍ ആടി നിന്ന പല സംസ്ഥാനങ്ങളിലും അദ്ദേഹം തന്റെ നില ശക്തമാക്കിയിട്ടുണ്ട്. ഫ്ലോറിഡ, ഒഹായോ എന്നീ വലിയ സംസ്ഥാനങ്ങളില്‍ മക്കെയിന്റെ ലീഡ് കുറയ്ക്കുകയും ചെയ്തു. ഈ നില തുടരുകയാണെങ്കില്‍ നവംബര്‍ 4-ന് വിജയിക്കുന്നത് ഒബാമ തന്നെ ആയിരിക്കും.

ഒബാമയ്ക്ക് പെട്ടന്ന് പിന്തുണ കൂടാനുള്ള കാരണം? അമേരിക്കന്‍ സാമ്പത്തികമേഖലയുടെ തകര്‍ച്ച തന്നെ. അമേരിക്കന്‍ ചരിത്രത്തിലെ തകര്‍ന്നടിഞ്ഞ ഏറ്റവും വലിയ ബാങ്കായി ഈ ആഴ്ച നിലം‌പതിച്ച വാഷിംഗ്‌ടണ്‍ മ്യൂച്ചല്‍ ബാങ്ക്. സാമ്പത്തിക സ്ഥാപനങ്ങളുടെ തകര്‍ച്ച ഒഴിവാക്കാന്‍ 700 ബില്യണ്‍ ഡോളറിന്റെ (അമേരിക്കന്‍ GDP-യുടെ ഏകദേശം 6%) പാക്കേജിന് സര്‍ക്കാര്‍ പദ്ധതിയിടുന്നുണ്ടെങ്കിലും ഇതുവരെ അതിന്നെപ്പറ്റി കോണ്‍‌ഗ്രസില്‍ സമവായം ആയിട്ടില്ല. ബുഷിന്റെ പാര്‍ട്ടിക്കാരായ റിപ്പബ്ലിക്കന്മാര്‍ തന്നെയാണ് അതിന്റെ പ്രധാന വിമര്‍ശകര്‍ എന്നതാണ് ഏറെ രസകരം. വിലയിടിഞ്ഞ, മോര്‍ട്ട്‌ഗേജ്(ഗൃഹവായ്പ)കള്‍ സര്‍ക്കാര്‍ വാങ്ങിക്കൂട്ടി ബാങ്കുകളെ രക്ഷിക്കുക എന്നതാണ് ഈ പദ്ധതിയുടെ പ്രധാന ഉദ്ദേശം. അത്യാഗ്രഹം മൂത്ത്, ബാങ്കുകള്‍ നടത്തിയ ചൂതാട്ടത്തില്‍ കാശ് കളഞ്ഞുകുളിച്ചവരെ ജനങ്ങളുടെ നികുതികൊണ്ട് രക്ഷിക്കുക! എങ്ങനെ വീണാലും വാള്‍ സ്ട്രീറ്റുകാര്‍ നാലുകാലിലേ വീഴൂ. പൊതുജനങ്ങള്‍ ഈ പദ്ധതിക്ക് എതിരാണെന്ന് തോന്നുന്നു. റിപ്പബ്ലിക്കന്മാരോടുള്ള രോഷം ഒബാമയ്ക്ക് പിന്തുണയായി മാറുന്നുമുണ്ട്.

സാമ്പത്തികകാര്യങ്ങളില്‍ ജനങ്ങള്‍ ഒബാമയെ കൂടുതല്‍ വിശ്വസിക്കുന്നതുകൊണ്ട് ആ രംഗത്ത് കാലുറപ്പിക്കാന്‍ മക്കെയിന്‍ ഒരു ചെറിയ സ്റ്റണ്ടു നടത്തി, ഇന്നലത്തെ ഡിബേറ്റില്‍ പങ്കെടുക്കാതെ വാഷിംഗ്ടണില്‍ പോയി അവിടെ വാള്‍ സ്ട്രീറ്റ് രക്ഷാപദ്ധതി ഉഷാറാക്കും എന്ന് അദ്ദേഹം ഒരു പ്രഖ്യാപനം നടത്തി. അദ്ദേഹം അവിടെ ചെന്നെങ്കിലും പട്ടി ചന്തയ്ക്കുപോയതു പോലെ തിരിച്ചുപോരേണ്ടി വന്നു. ഒബാമയുമായി സംവാദത്തില്‍ പങ്കെടുക്കാന്‍ പേടിയായതുകൊണ്ടാണ് അത് ഒഴിവാക്കാന്‍ നോക്കിയതെന്നും, വാള്‍ സ്ട്രീറ്റ് രക്ഷാപദ്ധതിയുടെ ചര്‍ച്ചകളില്‍ രാഷ്ട്രീയം കലര്‍ത്തി എന്നുമൊക്കെയുള്ള ആരോപണങ്ങള്‍ക്ക് മക്കെയിന്‍ വിധേയനായതു മാത്രം മിച്ചം.

അവസാനം ഡിബേറ്റ് ഇന്നലെ തന്നെ നടന്നു. മക്കെയിനും ഒബാമയും തമ്മിലുള്ള വ്യത്യാസം നേരിട്ടറിയാന്‍ കിട്ടിയ ഒരവസരമായിരുന്നു. പോളുകള്‍ സൂചിപ്പിക്കുന്നതുപോലെ ഒബാമയായിരുന്നു ഡിബേറ്റിലെ വിജയി. തന്റെ നയങ്ങള്‍ വ്യക്തമായി പറയാന്‍ ഒബാമ ശ്രമിച്ചപ്പോള്‍ ക്യാം‌മ്പയിന്‍ മുദ്രാവാക്യങ്ങള്‍ ആവര്‍ത്തിക്കാനും ഒബാമയെ പുച്ഛിക്കാനും മാത്രമേ മക്കെയിന്‍ തയ്യാറായുള്ളൂ. സാമ്പത്തികകാര്യങ്ങള്‍ ചര്‍ച്ച ചെയ്തപ്പോള്‍ ഒബാമയാണ് വ്യക്തമായും മുന്നിട്ടു നിന്നത്. വിദേശ-സുരക്ഷാ കാര്യങ്ങളില്‍ മക്കെയിനാണ് ചര്‍ച്ചയില്‍ മുന്തൂക്കമുണ്ടായിരുന്നതെന്ന് മാധ്യമങ്ങള്‍ പറയുന്നുണ്ടെങ്കിലും കാര്യങ്ങള്‍ കൃത്യമായി പറഞ്ഞത് ഒബാമയാണെന്നാണ് എനിക്കു തോന്നിയത്. പ്രത്യേകിച്ചും അമേരിക്കയുടെ പുറത്തുള്ള ഇമേജ് വര്‍ദ്ധിപ്പിക്കുന്നതിനെയും അണ്വായുധനിയന്ത്രണത്തെപ്പറ്റിയും ഒക്കെയുള്ള അദ്ദേഹത്തിന്റെ നിരീക്ഷണങ്ങള്‍.

(അതിനിടക്ക് “മനോരമ”യില്‍ ഡിബേറ്റിനെപ്പറ്റി ഒരു വാര്‍ത്ത കണ്ടു. വാര്‍ത്തയും എന്റര്‍‌റ്റെയ്ന്മെന്റും കൂട്ടിക്കുഴക്കുന്നത് അവര്‍ക്ക് പതിവ് പരിപാടിയാണ്. അതിന്നിടയില്‍ വാര്‍ത്തയുടെ കൃത്യത നോക്കാന്‍ മെനക്കെടാറുമില്ല. വാഷിംഗ്‌ടണില്‍ നിന്നാണ് വാര്‍ത്ത വരുന്നതെങ്കിലും അമേരിക്കന്‍ രാഷ്ട്രീയവും ഭൂമിശാസ്ത്രവും ലേഖകര്‍ക്ക് അറിയില്ല എന്ന് വളരെ വ്യക്തം. ഉദാഹരണത്തിന് ഡിബേറ്റ് നടന്നത് മെംഫിസിലെ ഓക്സ്‌ഫഡില്‍ ആണത്രേ. മിസിസിപ്പിയിലെ ഓക്സ്‌ഫഡില്‍ ആണ് ഡിബേറ്റ് നടന്നതെന്ന് ഏത് അമേരിക്കന്‍ പത്രത്തിന്റെ സൈറ്റില്‍ പോയാലും വായിക്കാം. ഓക്സ്ഫഡ് എന്ന “ഓള്‍ മിസ്” യൂണിവേഴ്സിറ്റി ടൌണിന് അടുത്തുള്ള, അയല്‍ സംസ്ഥാനമായ ടെന്നസിയിലെ ഒരു പ്രധാന നഗരമാണ് മെംഫിസ്. ഡിബേറ്റ് നടന്നത് യൂണിവേഴ്സിറ്റി കാമ്പസില്‍ ആണ്. ഇത്തരം വലിയ പത്രങ്ങളില്‍, കാര്യങ്ങള്‍ “പൈങ്കളീകരിക്കാതെ” തിരഞ്ഞെടുപ്പ് പ്രക്രിയയെക്കുറിച്ച് കുറച്ചുകൂടി വ്യക്തമായി പ്രതിപാദിച്ചെങ്കില്‍ നന്നായിരുന്നു. ഈ വാര്‍ത്ത വായിച്ചാല്‍ നാട്ടിലുള്ളവര്‍ക്ക് മക്കെയിനും ഒബാമയും ഏതോ ആഘോഷത്തില്‍ പങ്കെടുക്കാന്‍ പോയതുപോലെ തോന്നും. പ്രസിഡന്റ് തിരഞ്ഞെടുപ്പിലെ പ്രധാനപ്പെട്ട ഒരു പ്രക്രിയയാണ് സ്ഥാനാര്‍ഥികള്‍ തമ്മിലുള്ള സംവാദമെന്ന് യാതൊരു സൂചനയും ആ വാര്‍ത്തയില്‍ ഇല്ല.)

മുമ്പ് മക്കെയിന്‍ പ്രസിഡന്റായാലും എനിക്ക് കുഴപ്പമില്ല എന്ന് ഞാന്‍ പറഞ്ഞിരുന്നല്ലോ. അദ്ദേഹം സെയ്‌റാ പെയ്‌ലിനെ തിരഞ്ഞെടുത്തതു മുതല്‍ എനിക്ക് അദ്ദേഹത്തിന്റെ യോഗ്യതയിലും കഴിവുകളിലും സംശയം വന്നു തുടങ്ങിയിരുന്നു. ഈ ഡിബേറ്റിനു ശേഷം ഒരു കാര്യം വളരെ വ്യക്തമായി- മക്കെയിന്‍ ആധുനികകാലത്ത് അമേരിക്കയെ നയിക്കാന്‍ പറ്റിയ ആളല്ല.

സെയ്‌റാ പെയ്‌ലിന്‍ മണ്ടത്തരങ്ങള്‍ വിളിച്ചുപറഞ്ഞ് റിപ്പബ്ലിക്കന്മാരെ നാണം കെടുത്തുന്നുണ്ട്. അതിലേക്കൊന്നും കൂടുതല്‍ പോകാന്‍ സമയം അനുവദിക്കുന്നില്ല. യാഥാസ്ഥിക ബുദ്ധിജീവികള്‍ പോലും അവര്‍ മത്സരത്തില്‍ നിന്ന് പിന്‍‌വാങ്ങണമെന്ന് ആവശ്യപ്പെട്ടു തുടങ്ങി. (അത്തരം പിന്‍‌വാങ്ങലുകള്‍ ഉണ്ടായിട്ടുണ്ട്.) ഒക്ടോബര്‍ 2-ന് സെന്റ് ലൂയിസിലെ വാഷിം‌ഗ്‌ടണ്‍ യൂണിവേഴ്‌സിറ്റിയില്‍ വച്ചു നടക്കുന്ന വൈസ് പ്രസിഡന്റ് സ്ഥാനാര്‍ഥികളുടെ ഡിബേറ്റില്‍ അവര്‍ ജോ ബൈഡനെ എങ്ങനെ എതിരിടും എന്നാണ് ഇപ്പോള്‍ എല്ലാവരും ഉറ്റുനോക്കുന്നത്.

Monday, September 22, 2008

പെയ്‌ലിന്റെ പ്രഭ പൊലിയുന്നു; ഒബാമയ്ക്ക് പോളുകളില്‍ മുന്നേറ്റം | അമേരിക്കന്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പ്

ഇന്നത്തെ CNN-ന്റെ “പോളുകളുടെ പോള്‍” (പോളുകളുടെ ഒരു തരം അഗ്രിഗേറ്റര്‍) പ്രകാരം ദേശീയതലത്തില്‍ ഒബാമ 5 പോയന്റുകള്‍ക്ക് (49-44%) മുന്നിലെത്തി. സെയ്‌റാ പെയ്‌ലിന്‍ തരംഗമടിച്ച് കുറച്ച് പിന്നില്‍ പോയശേഷം ഒബാമയ്ക്ക് ഇത്രയും മുന്നേറാന്‍ കഴിഞ്ഞത് ചില്ലറ കാര്യമല്ല. ഇങ്ങനെ മുന്നിലെത്താന്‍ ഒബാമയെ സഹായിച്ചത് രണ്ടു കാര്യങ്ങളാണ്: പ്രധാനമായി അമേരിക്കന്‍ സാമ്പത്തികരംഗത്തുണ്ടായ വന്‍‌തകര്‍ച്ച; പിന്നെ സെയ്‌റാ പെയ്‌ലിന്‍ തരംഗം ഒരുവിധം കെട്ടടങ്ങിയത്.

കഴിഞ്ഞ ആഴ്ചകളില്‍ അമേരിക്കയെ പിടിച്ചുകുലുക്കിയ സാമ്പത്തികരംഗത്തെ കുഴപ്പങ്ങള്‍, സെയ്‌റാ പെയ്‌ലിന്റെ രംഗപ്രവേശം വഴി വെറും “പോപ്പുലാ‍രിറ്റി കോണ്ടസ്റ്റാ“യി തരംതാഴുകയായിരുന്ന പ്രസിഡന്റ് തിരഞ്ഞെടുപ്പിനെ ഗൌരവമുള്ള വിഷയങ്ങള്‍ ചര്‍ച്ചചെയ്യാനുള്ള ഒരു വേദിയാക്കി വീണ്ടും മാറ്റാന്‍ സഹായിച്ചു. സമ്പദ്‌രംഗം കൈകാര്യം ചെയ്യാന്‍ മക്കെയിനെക്കാള്‍ കഴിവ് ഒബാമയ്ക്കുണ്ടെന്നാണ് പൊതുജനങ്ങള്‍ കരുതുന്നത്. സാമ്പത്തികതകര്‍ച്ചയെ ചുറ്റിപ്പറ്റിയുള്ള ചര്‍ച്ചകള്‍ തിരഞ്ഞെടുപ്പ് വരെ നീട്ടിക്കൊണ്ടുപോകാന്‍ ഡമോക്രാറ്റുകള്‍ക്ക് കഴിഞ്ഞാല്‍ അവര്‍ക്ക് വൈറ്റ്‌ഹൌസിലേക്കുള്ള വഴി എളുപ്പമാകും.

സെയ്‌റാ പെയ്‌ലിന്‍ റിപ്പബ്ലിക്കന്‍മാരെ ഊര്‍ജ്ജസ്വലരാക്കി എന്നത് ശരിയാണ്; മക്കെയിന്‍ പോളുകളില്‍ രണ്ടാഴ്ചകള്‍ക്ക് മുമ്പ് മുന്നേറിയത് ആ വര്‍ദ്ധിച്ച പിന്തുണകൊണ്ടാണ്. പക്ഷേ, മടിച്ചുനിന്ന ഡമോക്രാറ്റുകള്‍ ഒബാമയുടെ പിന്നില്‍ അണിനിരക്കാനും അത് കാരണമായി. പലയിടത്തും 90%-ല്‍ അധികം പാര്‍ട്ടിക്കാരുടെ പിന്തുണ അദ്ദേഹത്തിന് ഇപ്പോള്‍ കിട്ടുന്നുണ്ട്. മാധ്യമങ്ങള്‍ സെയ്‌റാ പെയ്‌ലിന്റെ ഓരോ നുണകളും ഇടപാടുകളും പുറത്തുകൊണ്ടുവരുമ്പോള്‍ പൊതുവേ അവര്‍ മക്കെയിന് ബാധ്യത ആവുന്നുണ്ടെന്നാണ് എനിക്ക് തോന്നുന്നത്.

എന്നാല്‍ ഒബാമയുടെ തൊലിനിറം പ്രശ്നമാകുമെന്നാണ് സ്റ്റാന്‍ഫോര്‍ഡ് യൂണിവേഴ്സിറ്റി,യാഹൂ ന്യൂസ്, അസോഷിയേറ്റഡ് പ്രസ് എന്നിവര്‍ ചേര്‍ന്നു നടത്തിയ ഒരു പഠനത്തില്‍ കണ്ടെത്തിയത്. കറുത്തവനായതുകൊണ്ട് ഏകദേശം 6% വോട്ടുകള്‍ അദ്ദേഹത്തിന് നഷ്ടപ്പെടുമത്രേ. മത്സരം വളരെ അടുത്തതാവുകയാണെങ്കില്‍ ഇത്തരത്തിലുള്ള കാര്യങ്ങള്‍ മത്സരത്തിന്റെ ഗതി നിയന്ത്രിച്ചേക്കാമത്രേ. പക്ഷേ, ചെറുപ്പക്കാരുടെയും കറുത്തവരുടെയും വര്‍ദ്ധിച്ച പിന്തുണ ഒബാമയ്ക്കുള്ളത് ഈ നഷ്ടത്തെ എത്ര കണ്ട് പരിഹരിക്കുമെന്ന് അറിയില്ല.

വിദേശകാര്യത്തില്‍ അമേരിക്കക്കാര്‍ കൂടുതല്‍ വിശ്വസിക്കുന്നത് ഇപ്പോഴും മക്കെയിനെ ആണ്. തിരഞ്ഞെടുപ്പിന് മുമ്പ് ഇറാക്കിലോ പാക്കിസ്ഥാനിലോ മറ്റോ പ്രശ്നങ്ങള്‍ തലപൊക്കി അത് മാധ്യമങ്ങളില്‍ പ്രധാനവാര്‍ത്ത ആയാല്‍ മക്കെയിന് അതില്‍ നിന്ന് എളുപ്പത്തില്‍ മുതലെടുക്കാന്‍ പറ്റും.

ഒബാമ 5 പോയന്റുകള്‍ക്ക് ഇപ്പോള്‍ ദേശീയതലത്തില്‍ മുന്നിലാണെങ്കിലും മത്സരങ്ങള്‍ യഥാര്‍ഥത്തില്‍ നടക്കുന്നത് സംസ്ഥാനതലത്തിലാണെന്ന് അറിയാമല്ലോ. ഇലക്ടറല്‍ കോളജിലെ എന്റെ പഴയ കണക്കുകൂട്ടലുകള്‍ക്ക് ഇപ്പോള്‍ എന്തെങ്കിലും വ്യത്യാസം വന്നോ എന്നു നോക്കാം ഇനി.

ആകെയുള്ള ഇലക്ടറന്മാര്‍ - 538
ജയിക്കാന്‍ വേണ്ട ഇലക്ടറന്മാര്‍ - 270

ഡമോക്രാറ്റുകള്‍ക്ക് കിട്ടുമെന്ന് ഉറപ്പുള്ള ഇലക്ടറന്മാര്‍ - 238
റിപ്പബ്ലിക്കന്മാര്‍ക്ക് കിട്ടുമെന്ന് ഉറപ്പുള്ള ഇലക്ടറന്മാര്‍ - 174

രണ്ടുപേര്‍ക്കും സാധ്യതയുള്ള സംസ്ഥാനങ്ങള്‍ - ഫ്ലോറിഡ(27), ഇന്‍‌ഡ്യാ‍ന(11), ഒഹായോ(20), കൊളറാഡോ(9), ന്യൂ മെക്സിക്കോ(5), നെവാഡ(5), വിര്‍ജീനിയ(13), നോര്‍ത്ത് കാരളൈന(15), പെന്‍‌സില്‍‌വേനിയ(21)

ചുരുക്കത്തില്‍ ഈ 9 സംസ്ഥാനങ്ങളിലേ യഥാര്‍ഥത്തില്‍ മത്സരം നടക്കുന്നുള്ളൂ. ഇവയില്‍ തന്നെ ഇന്‍‌ഡ്യാന, വിര്‍‌ജീനിയ, നോര്‍ത്ത് കാരളൈന എന്നീ സംസ്ഥാനങ്ങള്‍ പൊതുവേ റിപ്പബ്ലിക്കന്‍ സംസ്ഥാനങ്ങളായാണ് അറിയപ്പെടുന്നത്. ഫ്ലോറിഡയിലും മക്കെയിന്‍ മുന്നേറുന്നുണ്ടെന്ന് പോളുകള്‍ കാണിക്കുന്നു. അവിടെയെല്ലാം മക്കെയിന്‍ ജയിക്കുമെന്ന് കരുതുകയാണെങ്കില്‍ മക്കെയിന് ആകെ 240 ഇലക്ടറന്മാര്‍ ആകും. ബാക്കിയുള്ളത് ഒഹായോ, കൊളറാഡോ, ന്യൂ മെക്സിക്കോ, നെവാഡ, പെന്‍‌സില്‍വേനിയ എന്നീ സംസ്ഥാനങ്ങള്‍ ആണ്. തല്‍ക്കാലം പെന്‍‌സില്‍‌വേനിയയില്‍ മുന്നിട്ട് നില്‍ക്കുന്നത് ഒബാമയാണ്; അവിടത്തെ ഇലക്‍ടറന്മാരെക്കൂടി ചേര്‍ത്താല്‍ അദ്ദേഹത്തിന് 259 പേര്‍ ആയി.

ഇപ്പോള്‍ ഒഹായോ, കൊളറാഡോ, ന്യൂ മെക്സിക്കോ, നെവാഡ എന്നീ സംസ്ഥാനങ്ങളില്‍ നേരിയ ഭൂരിപക്ഷത്തിന് മക്കെയിനാണ് മുമ്പില്‍. അവിടെയൊക്കെ ലീഡ് നിലനിര്‍ത്തുകയാണെങ്കില്‍ അദ്ദേഹം തിരഞ്ഞെടുപ്പില്‍ വിജയിക്കും. ഒഹായോയില്‍ ഒബാമയ്ക്ക് കാര്യങ്ങള്‍ കുറച്ച് ബുദ്ധിമുട്ടാണെന്ന് തോന്നുന്നു. അതുകൊണ്ട് അദ്ദേഹത്തിന് ജയിക്കണമെങ്കില്‍ കൊളറാഡോ നേടിയേ തീരൂ; പിന്നെ ന്യൂ മെക്സിക്കോയോ നെവാഡയോ. ന്യൂ മെക്സിക്കോയിലും നെവാഡയിലും മാത്രം ഒബാമ ജയിക്കുകയാണെങ്കില്‍ മത്സരം തുല്യനിലയില്‍ ആകും. അത്തരമൊരു സാഹചര്യത്തില്‍ അമേരിക്കന്‍ കോണ്‍‌ഗ്രസാണ് പ്രസിഡന്റിനെ തിരഞ്ഞെടുക്കുക. കാര്യങ്ങള്‍ അത്രത്തോളം നീളില്ല എന്ന് നമുക്ക് ആശിക്കാം.

ഇനി വരുന്ന ആഴ്ചകളില്‍ നോക്കിയിരിക്കേണ്ട പോളുകളിലെ വ്യത്യാസങ്ങള്‍‍: ഫ്ലോറിഡയിലോ ഒഹായോയിലോ ഒബാമ മുന്നേറുകയാണെങ്കില്‍ പിന്നെ മക്കെയിന്റെ പൊതുതിരഞ്ഞെടുപ്പിലെ സാധ്യതകള്‍ക്ക് വളരെ മങ്ങലേല്‍ക്കും. അതുപോലെ ഒബാമ പെന്‍‌സില്‍‌വേനിയയിലും കൊളറാഡോയിലും എത്രത്തോളം മുന്നേറും എന്നും നിരീക്ഷിക്കേണ്ടതുണ്ട്. ദേശീയതലത്തിലുള്ള പോളുകള്‍ക്ക് വലിയ പ്രസക്തി ഉണ്ടെന്നു തോന്നുന്നില്ല; അത്തരം പോളുകളില്‍ മുന്നേറുന്ന സ്ഥാനാര്‍ഥി ഭൂരിപക്ഷം വോട്ടുകള്‍ നേടിയേക്കുമെങ്കിലും.

ഈ വരുന്ന വെള്ളിയാഴ്ചയാണ്, മക്കെയിനും ഒബാമയും തമ്മിലുള്ള ഡിബേറ്റുകളിലെ ആദ്യത്തേത്, മിസിസിപ്പിയിലെ ഓക്സ്‌ഫോര്‍ഡില്‍ വച്ച് നടക്കാന്‍ പോകുന്നത്. ഇതുവരെ പരസ്യങ്ങളിലൂടെയും മാധ്യമങ്ങളിലൂടെയും മാത്രം സംവദിച്ചിരുന്നവര്‍ നേരെ ഏറ്റുമുട്ടുമ്പോള്‍ കാണികള്‍ക്ക് അത് രസകരമായിരിക്കുമെന്ന് തീര്‍ച്ചയാണ്.

Tuesday, September 16, 2008

Sex, lies (and no videotape yet) | അമേരിക്കന്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പ്

17 വയസുള്ള മകളുടെ ഗര്‍ഭത്തിന്റെ വിശേഷവുമായിട്ടാണ്‌ സേറാ പേലിന്‍ പ്രസിഡന്റ്‌ ഇലക്ഷന്‍ രംഗത്തേക്ക് കടന്നുവരുന്നത്. അമേരിക്കയുടെ ഒരു സാമൂഹിക പ്രശ്നം തന്നെയായ കൗമാര ഗര്‍ഭത്തിനെ വലിയൊരു ആഘോഷമായിട്ടാണു വലതുപക്ഷക്കാര്‍ സൗകര്യപൂര്‍വ്വം അന്ന് കൊണ്ടാടിയത്. ആരോ കൃത്യമായി നിരീക്ഷിച്ചതുപോലെ, ഒബാമയുടെ കുടുംബത്തിലാണ്‌ അതു സംഭവിച്ചിരുന്നതെങ്കില്‍, കറുത്തവരുടെ കുടുംബങ്ങളുടെ തകര്‍ച്ചയായി ആ സംഭവത്തെ ചിത്രീകരിച്ച്, ഒളിഞ്ഞും തെളിഞ്ഞും ഈ സമയത്തു യാഥാസ്ഥികര്‍ ഒബാമയെ ആക്രമിക്കുമായിരുന്നു.

കാരണവര്‍ക്ക്‌ അടുപ്പിലും തൂറാമല്ലോ. വെള്ളക്കാര്‍ക്ക്‌ അമേരിക്കയില്‍ എന്തും ആവാം. അതിനെ വിമര്‍ശിച്ചാല്‍ അവരോട്‌ അനാദരവ്‌ കാട്ടി എന്നു പറഞ്ഞാവും അടുത്ത ആക്രമണം. ഞാന്‍ കഴിഞ്ഞ പോസ്റ്റില്‍ വിവരിച്ച ലിപ്സ്റ്റിക്ക് വിവാദത്തില്‍ ഒബാമ പേലിനെ അങ്ങനെ ചിത്രീകരിച്ചത് (ഒബാമ പേലിനെ ഉദ്ദേശിച്ചാണ് പറഞ്ഞതെന്നതിന് തെളിവൊന്നുമില്ല) അനാദരവായിപ്പോയി എന്നു പറഞ്ഞാണ് മക്കെയിന്റെ പ്രത്യാക്രമണം.

തന്റെ ടിക്കറ്റില്‍ ചേര്‍ന്ന അന്നു മുതല്‍ നുണകളുടെ ഒരു ഘോഷയാത്രയില്‍ പേലിനെയും തേരിലേറ്റി മക്കെയിന്‍ നാടൊട്ടുക്ക്‌ നടക്കുകയാണ്‌. പേലിന്‍ തന്നെപ്പറ്റി പറയുന്നതും ഒബാമയെപ്പറ്റി പറയുന്നതും മിക്കവാറും നുണകള്‍ തന്നെ. മേമ്പൊടിയായി സെക്സും ഉണ്ട്‌; വീഡിയോ ടേപ്പോന്നും ഇതുവരെ പുറത്തു വന്നിട്ടില്ല എന്നുമാത്രം. (ഇപ്പറഞ്ഞതിന്ന് "Sex, Lies and Videotape" എന്ന കള്‍ട്ട്‌ ഹോളിവുഡ്‌ ക്ലാസിക്കിനോട്‌ കടപ്പാട്‌.)

ഇല്ലിനോയി സംസ്ഥാനത്ത് ഒബാമ സെനറ്റര്‍ ആയിരിക്കുമ്പോള്‍ സ്കൂള്‍ കുട്ടികള്‍ക്ക് ലൈംഗികകുറ്റവാളികളെ തിരിച്ചറിയുവാന്‍ വേണ്ടി അവരെ പരിശീലിപ്പിക്കാന്‍ അനുശാസിക്കുന്ന ഒരു ബില്ലിന് വോട്ട് ചെയ്തിരുന്നു. പള്ളിയിലെ അച്ചന്മാര്‍ മുതല്‍ പള്ളിക്കൂടത്തിലെ അധ്യാപകര്‍ വരെ കുട്ടികളെ വെറുതെ വിടാത്ത ഇക്കാലത്ത് അത്തരമൊരു അധ്യാപനരീതി തികച്ചും പ്രശംസനീയമാകേണ്ടതായിരുന്നു. പക്ഷേ, മക്കെയിന്റെ ഒരു ടെലിവിഷന്‍ പരസ്യത്തില്‍ പറയുന്നത് ഒബാമ കുട്ടികളെ അക്ഷരം പഠിപ്പിക്കുന്നതിന് മുമ്പ് ലൈംഗികവിദ്യാഭ്യാസത്തിന് വിധേയരാക്കുന്നു എന്നാണ്.

നുണകളുടെ ഒരു മലവെള്ളപ്പാച്ചില്‍ തന്നെയായിരുന്നു കഴിഞ്ഞ ദിവസങ്ങളില്‍ മക്കെയിന്റെ ഭാഗത്തുനിന്ന്. അത് കരുതിക്കൂട്ടിത്തന്നെയുള്ള ഒരു സാധാരണ റിപ്പബ്ലിക്കന്‍ തന്ത്രമാണ്. കഴിഞ്ഞ തവണ അവയ്ക്കൊന്നും കൃത്യമായി മറുപടി പറയാന്‍ കഴിയാതെ ജോണ്‍ കെറി മുട്ടുമടക്കി. ഒബാമ മറുപടികള്‍ കൊടുക്കുന്നുണ്ട്; പക്ഷേ, അകാരണമായി അദ്ദേഹം പ്രതിരോധത്തില്‍ ആയിപ്പോയത് നീണ്ടുപോയാല്‍ അത്ര ഗുണം ചെയ്യുമെന്ന് തോന്നുന്നില്ല. നുണപ്രചരണങ്ങളുടെ ലക്ഷ്യം വാസ്തവങ്ങളുടെ ചുറ്റും ഒരു പുകമറ സൃഷ്ടിക്കുക എന്നതാണ്. യഥാര്‍ഥ പ്രശ്നങ്ങള്‍ ചര്‍ച്ചചെയ്യാതെ സമയം കളയാനും അത് ഉപകരിക്കും.

സത്യം എന്തെന്ന് അന്വേഷിച്ചറിഞ്ഞ് ഉപഭോക്താക്കളെ അറിയിക്കാതെ രണ്ടു ക്യാമ്പിനും വാര്‍ത്തകളില്‍ തുല്യം പ്രാധാന്യം കൊടുക്കുക എന്ന അമേരിക്കന്‍ മാധ്യമങ്ങളുടെ ഒരു രീതി മക്കെയിന്‍ ക്യാമ്പ് ഉപയോഗപ്പെടുത്തുകയും ചെയ്തു. നുണകളെപ്പറ്റി എഴുതുമ്പോള്‍ തന്നെ മറുവശത്തിന്റെ ഭാഷ്യം കൂടി കൊടുക്കുക സാധാരണമാണ്; സാധാരണക്കാരന്‍ ചിലപ്പോള്‍ വിവരത്തിന്റെ ആധിക്യത്തില്‍ മുങ്ങിപ്പോകുകയും ചെയ്യും. പക്ഷേ, റിപ്പബ്ലിക്കന്മാരുടെ ഈ തന്ത്രം തിരിച്ചറിഞ്ഞ് മക്കെയിന്റെയും സേറാ പേലിന്റെയും നുണകളെ പുറത്തുകൊണ്ടുവരാന്‍ പത്രങ്ങള്‍ ശ്രമിക്കുന്നുണ്ട്. “ടൈമി”-ലും “ന്യൂ യോര്‍ക്ക് ടൈംസി”ലുമൊക്കെ മക്കെയിന്‍-പേലിന്‍ ടിക്കറ്റിനെ വിമര്‍‌ശിച്ച് കൂടുതല്‍ ലേഖനങ്ങള്‍ വന്നുതുടങ്ങി.

ABC News-ന്റെ ചാള്‍സ് ഗിബ്സനാണ് സേറാ പേലിന്‍ സ്ഥാനാര്‍ഥി ആയ ശേഷം അവരെ ആദ്യമായി ഇന്റര്‍വ്യൂ ചെയ്യാന്‍ അവസരം ലഭിച്ചത്. ഞാന്‍ കണ്ട അതിന്റെ കുറച്ചു ഭാഗങ്ങളും അതേക്കുറിച്ചുവന്ന വാര്‍ത്തകളും വച്ചുനോക്കിയാല്‍ തികച്ചും പേടിപ്പെടുത്തുന്ന അജ്ഞതയാണ് സേറാ പേലിന്റെ ഭാഗത്ത് ഞാന്‍ കണ്ടത്. ഏതോ കുഗ്രാമത്തില്‍ നിന്ന് നഗരത്തിലേക്ക് വന്ന ഒരു തന്റേടിയുടെ മട്ടാണ് പൊതുവേ അവര്‍ പ്രകടിപ്പിച്ചത്. ഉദാഹരണത്തിന് റഷ്യയെക്കുറിച്ചുള്ള അവരുടെ നയത്തെപ്പറ്റി ചോദിച്ചപ്പോള്‍ ആ രാജ്യം അലാസ്ക്കക്ക് അടുത്താണെന്നും അലാസ്ക്കയില്‍ നിന്ന് നോക്കിയാല്‍ റഷ്യ കാണാമെന്നൊക്കെയാണ് അവര്‍ പറഞ്ഞത്. “അജ്ഞത“ ആഘോഷിക്കേണ്ട ഒരു ഗുണമായി, പ്രത്യേകിച്ചും രാഷ്ട്രീയത്തില്‍, അമേരിക്കയില്‍ മാറിയോ എന്ന് എനിക്ക് സംശയം. കാരണം ഒബാമ 2 പുസ്തകമെഴുതിയത് വലിയ തെറ്റുപോലെയാണ് പേലിന്‍ പാര്‍ട്ടി കണ്‍‌വെന്‍ഷനില്‍ അവതരിപ്പിച്ചത്.

മത്സരം വീണ്ടും തുല്യനിലയിലായി; ഏതാണ്ട് പാര്‍ട്ടി കണ്‍‌വെന്‍ഷനുകള്‍ തുടങ്ങുന്നതിന് മുമ്പുള്ള നില. പക്ഷേ, മക്കെയിന്‍ ഒബാമയുടെ ശക്തികേന്ദ്രങ്ങളില്‍ ചില നേട്ടങ്ങള്‍ ഉണ്ടാക്കിയിട്ടുണ്ട്. ന്യൂ മെക്സിക്കോ, പെന്‍സില്‍‌വേനിയ, ന്യൂ ജെഴ്സി,മിന്യസോട്ട എന്നിവിടങ്ങളില്‍. അതിന്ന് ബദലായി ഒഹായോ, വിര്‍ജീനിയ എന്നിവിടങ്ങളില്‍ ഒബാമ കൂടുതല്‍ ശക്തി കാണിക്കുന്നുമുണ്ട്. ഇലക്ടറല്‍ കോളജ് പ്രകാരം നോക്കുകയാണെങ്കില്‍ ഇപ്പോഴും നേരിയ മുന്തൂക്കം ഒബാമയ്ക്ക് തന്നെ.

ഇപ്പോള്‍ വാള്‍ സ്ട്രീറ്റില്‍ നടന്നുകൊണ്ടിരിക്കുന്ന ഭൂകമ്പങ്ങള്‍ (പാപ്പരാവാതിരിക്കാന്‍ ഫാനി മേ/ഫ്രെഡി മാക്ക് എന്ന മോര്‍ട്ട്‌ഗേജ് വമ്പന്മാരെ സര്‍ക്കാരിന്ന് വാങ്ങേണ്ടി വന്നു; ലേമാന്‍ ബ്രദേഴ്സ്, മെറില്‍ ലിന്‍‌ഞ്ച് എന്നീ ഇന്‍‌വെസ്റ്റ്മെന്റ് കമ്പനികള്‍ പാപ്പരായി; എ.ഐ.ജി. എന്ന ഇന്‍‌ഷൂറന്‍ ഭീമനെ വന്‍‌തുക ഇറക്കി സര്‍ക്കാറിന്ന് താങ്ങിനിര്‍ത്തേണ്ടി വന്നു; സെപ്തംബര്‍ 11-ന് ശേഷം ഷെയര്‍ മാര്‍ക്കറ്റില്‍ ഏറ്റവും വലിയ ഇടിവ് സംഭവിച്ചു) കാര്യമുള്ള കാര്യങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ സ്ഥാനാര്‍ഥികളെ നിര്‍‌ബന്ധിതരാക്കിയിട്ടുണ്ട്. അത് പൊതുവേ ഡമോക്രാറ്റുകളെ സഹായിക്കും എന്നാണ് കരുതുന്നത്. കാരണം സാമ്പത്തികരംഗത്ത് ചട്ടങ്ങള്‍ വളരെ ഉദാരമാക്കിയതാണ് ഇത്തരം വമ്പന്‍ കമ്പനികള്‍ കൈവിട്ട് കളിക്കാന്‍ കാരണമായതെന്ന് പൊതുവേ നിരീക്ഷിക്കപ്പെടുന്നുണ്ട്; നിയന്ത്രണങ്ങള്‍ അധികം കൊണ്ടുവരാന്‍ സമ്മതിക്കാത്തത് പൊതുവേ റിപ്പബ്ലിക്കന്മാരുമാണ്.

Thursday, September 11, 2008

ലിപ്സ്റ്റിക്കിട്ട പന്നിയും ഒരു വന്‍‌ശക്തിയുടെ പതനവും | അമേരിക്കന്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പ്

ഏതാനും മണിക്കൂറുകള്‍ക്കുള്ളില്‍ സെപ്റ്റംബര്‍ 11 ആക്രമണം നടന്നിട്ട് 7 വര്‍ഷങ്ങള്‍ പൂര്‍ത്തിയാകും. ഒരിക്കല്‍ അജയ്യമെന്ന് കരുതപ്പെട്ടിരുന്ന അമേരിക്കന്‍ ശക്തിയുടെ പരിമിതികള്‍ ലോകം നേരിട്ടറിഞ്ഞത് അതുവഴിയാണ്‌. സോവിയറ്റ് കമ്യൂണിസത്തെ തളക്കാന്‍ അമേരിക്ക വളര്‍ത്തിയ; അമേരിക്കന്‍ പെട്രോ-ഡോളര്‍ കുടിച്ച് കൊഴുത്ത ഇസ്ലാമിക ഭീകരവാദം, ഒബാമയുടെ പണ്ടത്തെ പാസ്റ്റര്‍ ജറമയ്യ റൈറ്റ് പണ്ട് പറഞ്ഞതുപോലെ, മുട്ടയിടാന്‍ വീട്ടില്‍ തിരിച്ചെത്തിയപ്പോള്‍ കോഴിക്കൂട് കാക്കേണ്ടിയിരുന്നയാള്‍ കഥയൊന്നുമറിയാതെ ഫ്ലോറിഡയിലെ ഒരു സ്കൂളിലിരുന്ന് ബാലസാഹിത്യം വായിക്കുകയായിരുന്നു.

അമേരിക്കയുടെ അഭ്യന്തര ദൌര്‍ബല്യം അതിന്റെ ശത്രുക്കള്‍ ഒരു പക്ഷേ ആദ്യം മനസ്സിലാക്കിയത് ജോര്‍ജ്ജ് ബുഷിന്റെ 2000-ലെ തിരഞ്ഞെടുപ്പിലൂടെ ആയിരിക്കുമെന്ന് എനിക്ക് തോന്നുന്നു. അന്ന് അമേരിക്കക്കാര്‍ അദ്ദേഹത്തിന് വോട്ടു ചെയ്തതിലല്ല പ്രശ്നം; അദ്ദേഹത്തെ അമേരിക്കന്‍ പ്രസിഡന്റാ‍യി അവരോധിക്കാന്‍ സുപ്രീംകോടതി അടക്കമുള്ള നിഷ്പക്ഷത പാലിക്കേണ്ടിയിരുന്ന ഏജന്‍‌സികള്‍ കാണിച്ച വ്യഗ്രതയാണ് അന്ന്‌ സംശയജനകമായിരുന്നത്. സെപ്തംബര്‍ 11-ന് ശേഷം ലോകജനത ഒന്നടങ്കം അമേരിക്കയോട് കാണിച്ച അനുഭാവവും പ്രാകൃതരായ താലിബാന്റെ മേല്‍ അമേരിക്ക നേടിയ സൈനികവിജയത്തിന്റെ തിളക്കവും ഇറാക്ക് അധിനിവേശത്തിലൂടെ അവര്‍ കളഞ്ഞുകുളിച്ചു. രാജ്യരക്ഷയുടെ മറവില്‍ ബുഷ് നോക്കിയത് സ്വന്തക്കാര്‍ക്ക് ആ രാജ്യത്തിലെ എണ്ണയുടെ നിയന്ത്രണം ഏല്പിച്ചുകൊടുക്കാനായിരുന്നു.

2004-ലെ തിരഞ്ഞെടുപ്പിന്റെ സമയം ആയപ്പോഴേക്കും ഇറാക്കില്‍ അമേരിക്കയുടെ ഇടപെടല്‍ തെറ്റായിരുന്നെന്ന് പകല്‍ പോലെ വ്യക്തമായിരുന്നു. പക്ഷേ, വിയറ്റ്നാമില്‍ പോകാതെ തടിതപ്പിയ ബുഷും ചെയ്നിയും, ഒരു യഥാര്‍ഥ വിയറ്റ്നാം യുദ്ധവീരനായ ജോണ്‍ കെറിയെ, അദ്ദേഹത്തിന്റെ യുദ്ധകാലനേട്ടങ്ങളെ തന്നെ ചോദ്യം ചെയ്ത്, വീണ്ടും ജയിച്ചു കയറി.

നുണപ്രചരണങ്ങള്‍ ഇത്ര എളുപ്പത്തില്‍ അമേരിക്കക്കാര്‍ വിശ്വസിക്കാന്‍ എന്താണ് കാരണമെന്ന് എനിക്ക് മനസ്സിലായിട്ടില്ല. പക്ഷേ, കാള്‍ റോവിന്റെ നേതൃത്വത്തില്‍ റിപ്പബ്ലിക്കന്‍ യാഥാസ്ഥികര്‍ വളരെ വിജയകരമായി നടത്തിയ ഒന്നാണ് നുണപ്രചരണങ്ങളും അതുവഴി വോട്ടര്‍മാരെ സ്വാധീനിക്കലും. മക്കെയിന്‍ തന്നെ 2000-ല്‍ അതിന്റെ ഇരയായിരുന്നു: ബുഷ് ന്യൂ ഹാം‌പ്‌ഷയറില്‍ റിപ്പബ്ലിക്കന്‍ പ്രൈമറി തോറ്റപ്പോള്‍ സൌത്ത് കാരളൈന തുടങ്ങിയ സംസ്ഥാനങ്ങളില്‍ ജയിക്കാന്‍ വേണ്ടി മക്കെയിന്റെ ബംഗ്ലാദേശുകാരിയായ ദത്തുപുത്രി അദ്ദേഹത്തിന് ഒരു അവിഹിതബന്ധത്തില്‍ ഉണ്ടായതാണ് എന്ന നുണ പറഞ്ഞുപരത്തി അദ്ദേഹത്തെ മലര്‍ത്തിയടിച്ചു.

കാള്‍ റോവ് ഇന്ന് സജീവമായി പ്രചരണത്തിന് ഇല്ലെങ്കിലും അദ്ദേഹത്തിന്റെ ശിഷ്യന്മാരാണ് മക്കെയിന്റെ തിരഞ്ഞെടുപ്പ് ഇപ്പോള്‍ നിയന്ത്രിക്കുന്നത്. കറതീര്‍ന്ന കൃസ്ത്യന്‍ യാഥാസ്ഥികയായ സാറാ പേലിന്റെ സ്ഥാനാര്‍ഥിത്വം അടക്കമുള്ള കാര്യങ്ങള്‍ അവരാണ് നിശ്ചയിച്ചത്. സാറാ പേലിന്‍ പാര്‍ട്ടി കണ്‍‌വെന്‍ഷനില്‍ ചെയ്ത പ്രസംഗത്തില്‍ പറഞ്ഞ പല കാര്യങ്ങളും അര്‍ദ്ധസത്യങ്ങള്‍ ആയിരുന്നു. അതിന്നു ശേഷം അവര്‍ ഒബാമയ്ക്കെതിരെ നടത്തിയ ആരോപണങ്ങള്‍ മിക്കവാറും എല്ലാം തന്നെ സത്യവിരുദ്ധമായിരുന്നു. അമേരിക്കന്‍ വോട്ടര്‍മാര്‍ അതെല്ലാം കേട്ട് രസിച്ച് മക്കെയിന്‍-പേലിന്‍ ടിക്കറ്റിലേക്ക് മാറുന്നുമുണ്ട്. ഡമോക്രാറ്റുകളും വിട്ടുകൊടുക്കുന്നില്ല. പോളുകളില്‍ മുന്‍‌തൂക്കം നഷ്ടപ്പെട്ട വിഷമത്തില്‍ അവരും പ്രത്യാക്രമണം നടത്തുന്നുണ്ട്. പക്ഷേ, അവര്‍ ഇപ്പോള്‍ പ്രധാനമായും പ്രതിരോധത്തിലാണ്. റിപ്പബ്ലിക്കന്മാര്‍ 8 കൊല്ലം ഭരിച്ച് നാട് മുടിച്ചിട്ടും ഇത്തരമൊരു അവസ്ഥയില്‍ ഡമോക്രാറ്റുകള്‍ വന്നെത്തിയതില്‍ എനിക്ക് അത്ര അത്ഭുതം തോന്നുന്നില്ല. നല്ലൊരുപങ്ക് അമേരിക്കക്കാര്‍ക്ക് ഈ തിരഞ്ഞെടുപ്പ് ഒരു റിയാലിറ്റി എന്റര്‍‌റ്റെയിന്മെന്റ് ഷോ മാത്രമാണ്. രാജ്യത്തിന് വന്നുചേര്‍ന്നിരിക്കുന്ന വിപത്തുകള്‍ ഒന്നും തന്നെ ഈ ക്യാം‌മ്പയിനില്‍ ചര്‍ച്ചചെയ്യപ്പെടുന്നില്ല. അത്തരം ഗൌരവമായ ചര്‍ച്ചകളിലേക്ക് കാര്യങ്ങള്‍ പോകാതെ നോക്കാന്‍ റിപ്പബ്ലിക്കന്മാര്‍ക്ക് നല്ല വശമാണ്. എല്ലാ ദിവസവും എന്തെങ്കിലും ബാലിശമായ വിഷയങ്ങള്‍ പൊക്കിക്കൊണ്ടുവന്ന് വോട്ടര്‍മാരെയും മാധ്യമങ്ങളെയും അതില്‍ ആകൃഷ്ടരാക്കാന്‍ അവര്‍ക്ക് കഴിയുന്നുണ്ട്.

ഒബാമയുടെ ഒരു പരാമര്‍ശം, അത്തരമൊരു വിവാദം റിപ്പബ്ലിക്കന്മാര്‍ക്ക് തുടങ്ങിവയ്ക്കാനും, സെപ്തംബര്‍ 11-ന്റെ തലേദിവസം മുഴുവന്‍ അതിന്നുവേണ്ടി ഉഴിഞ്ഞുവയ്ക്കാനും അമേരിക്കയ്ക്കു കഴിഞ്ഞു. നല്ല പോക്ക് അമേരിക്ക! കണ്‍‌വെന്‍ഷന്‍ പ്രസംഗത്തിനിടയില്‍ താന്‍ ലിപ്‌സ്റ്റിക്കിട്ട ബുള്‍ ഡോഗാണെന്ന ഒരു പരാമര്‍ശം സാറാ പേലിന്‍ നടത്തിയിരുന്നു. മക്കെയിന്റെ നയങ്ങളെപ്പറ്റി പറയുന്നതിനിടയില്‍, അവ എത്ര റീപാക്കേജ് ചെയ്താലും പന്നി ലിപ്‌സ്റ്റിക്കിട്ടാലും പന്നി തന്നെ ആയിരിക്കുന്നതുപോലെയാണ് ആ നയങ്ങള്‍ എന്ന ഒരു പ്രയോഗം ഒബാമ നടത്തി. (ഇതൊരു അമേരിക്കന്‍ ശൈലി മാത്രമാണ്; പക്ഷേ, ഒബാമ സാറാ പേലിനെ ഉന്നമിട്ടിരിക്കാം.) മക്കെയിന്‍ ക്യാം‌മ്പയിന്‍ ഉടനെ തന്നെ ഒബാമ സാറാ പേലിനെ പന്നിയെന്ന് വിളിച്ചു എന്ന് പറഞ്ഞ് അലമുറയിടാന്‍ തുടങ്ങി; മാധ്യമങ്ങള്‍ അത് ഏറ്റുപാടാനും.

പൊതുവേ തിരഞ്ഞെടുപ്പ് പ്രചരണത്തിന്റെ സ്വഭാവം ഇപ്പോള്‍ അങ്ങനെയാണ്. റിപ്പബ്ലിക്കന്മാര്‍ നേരിട്ടും ഡമോക്രാറ്റുകള്‍ ഒളിഞ്ഞും പരസ്പരം ചെളിവാരി എറിയുക; ആ മത്സരത്തില്‍ മുന്നേറുന്നവര്‍ക്ക് ജനപിന്തുണ കിട്ടുക. നാലുകൊല്ലത്തിലൊരിക്കല്‍ അമേരിക്കക്കാര്‍ക്ക് കിട്ടുന്ന ഈ ‘രാഷ്ടീയ ഒളിമ്പിക്സില്‍‘ ജയിക്കുന്നത് കഴിഞ്ഞ 2 തവണയായി റിപ്പബ്ലിക്കന്മാരാണെങ്കിലും തോല്‍ക്കുന്നത് തങ്ങളാണെന്ന് വോട്ടര്‍മാര്‍ തിരിച്ചറിയാതെ പോകുന്നു. യൂറോപ്പ് പ്രപഞ്ചത്തിന്റെ അതിനിഗൂഢമായ രഹസ്യങ്ങള്‍ തേടി പരീക്ഷണങ്ങള്‍ നടത്തുമ്പോള്‍; ചൈന ഒളിമ്പിക്സ് വിജയകരമായി നടത്തി, ബഹിരാകാശത്തേക്ക് മനുഷ്യനെ അയയ്ക്കാന്‍ തയ്യാറെടുക്കുമ്പോള്‍; ഇന്ത്യ ആണവകരാറില്‍ ഏര്‍പ്പെട്ട് അറബി ഓയിലിന്റെ കരാളഹസ്തത്തില്‍ നിന്ന് രാജ്യത്തെ പാവപ്പെട്ടവനെ രക്ഷിക്കാന്‍ മുതിരുമ്പോള്‍; റഷ്യന്‍ ടാങ്കുകള്‍ മറ്റൊരു സാമ്രാജ്യനിര്‍മ്മാണത്തിന് ഒരുങ്ങി അതിര്‍ത്തികടക്കുമ്പോള്‍ അമേരിക്കക്കാരന്‍ അതൊന്നുമറിയാതെ സാറാ പേലിന്‍ പന്നിയാണോ, അതോ പന്നിയുടെ ചുണ്ടിലെ ലിപ്സിറ്റിക്കാണോ എന്ന “അതിസങ്കീര്‍‌ണ്ണമായ” പ്രശ്നത്തിന്റെ ഉത്തരം തേടി ചാനലുകളും ബ്ലോഗുകളും പരതി നടക്കുകയാണ്. കളിയും കാര്യവും തിരിച്ചറിയാത്ത ഒരവസ്ഥയില്‍ റോമാ സാമ്രാജ്യം എത്തിയപ്പോള്‍ പ്രാകൃതരെന്നു കരുതിയിരുന്ന ഹൂണന്മാര്‍ അതിന്നെ ഉന്മൂലനം ചെയ്തതുപോലെയുള്ള കാര്യങ്ങള്‍ ചരിത്രത്തില്‍ എന്നും ആവര്‍‌ത്തിച്ചിട്ടുണ്ട്.

7 വര്‍ഷങ്ങള്‍ക്ക് മുമ്പ് കുറെ സാംസ്ക്കാരികപ്രാകൃതരുടെ ആക്രമണത്തില്‍ ഉലഞ്ഞ്, അധ:പതനത്തിലേക്ക് കൂപ്പുകുത്തിയ അമേരിക്ക എന്ന മഹാ‍‌ആശയത്തിന്റെ ഗതിയും ആ വഴിക്കാണോ? അത്തരമൊരു ദുരന്തത്തിന്റെ വാര്‍ഷികത്തില്‍ കാണുന്ന സൂചനകള്‍ ഒട്ടും ആശാവഹമല്ല.

പോളുകളില്‍ നേരിയ മുന്തൂക്കം ഇപ്പോള്‍ മക്കെയിന്‍-പാലിന്‍ ടിക്കറ്റിനാണ്. പക്ഷേ, ഇലക്ടറല്‍ കോളജിലുള്ള ലീഡ് (എന്റെ കണക്കു പ്രകാരം) ഒബാമ നിലനിര്‍ത്തുന്നു. എന്നാല്‍ ഇപ്പോള്‍ മക്കെയിന്‍-പേലിന്‍ തരംഗമാണ് ചര്‍ച്ച ചെയ്യപ്പെടുന്നത്. അടുത്ത ഒന്നുരണ്ട് ആഴ്ചകള്‍ക്കുള്ളില്‍ ഒബാമയ്ക്ക് ഇവരുടെ ഈ തരംഗത്തെ ഫലപ്രദമായി തടയാന്‍ കഴിഞ്ഞില്ലെങ്കില്‍ കാര്യങ്ങള്‍ അദ്ദേഹത്തിന്റെ കൈവിട്ടു പോയേക്കാന്‍ വഴിയുണ്ട്. കാരണം എപ്പോഴും ഡമോക്രാറ്റുകളുടെ കൂടെ നിന്നിട്ടുള്ള വെള്ളസ്ത്രീകള്‍, അവരുടെ താല്പര്യങ്ങള്‍ക്ക് പൊതുവേ എതിരെ നില്‍ക്കുന്ന, മക്കെയിന്‍ പക്ഷത്തേക്ക് കൂട്ടമായി ഒഴുകുന്നതായിട്ടാണ് പോളുകള്‍ കാണിക്കുന്നത്.

ഒബാമയുടെ Change എന്ന സന്ദേശം വളരെ ഫലപ്രദമായി മക്കെയിന്‍-പേലിന്‍ ടിക്കറ്റ് തട്ടിയെടുത്തതാണ് മറ്റൊരു സംഭവവികാസം. ബുഷിനെ ചിത്രത്തില്‍ നിന്ന് പാടേ മാറ്റിനിര്‍ത്തുക വഴി അവര്‍ക്കും Change-ന്റെ ആള്‍ക്കാരാണെന്ന് തങ്ങള്‍ എന്ന് വരുത്തിത്തീര്‍ക്കാന്‍ കഴിയുന്നുണ്ട്. പ്രസംഗങ്ങളില്‍ ഇപ്പോള്‍ റിപ്പബ്ലിക്കന്മാര്‍ ബുഷിനെ “പ്രസിഡന്റ്” എന്നേ പറയൂ; സ്വന്തം പാര്‍ട്ടിയില്‍ അദ്ദേഹത്തിന്റെ വില അത്രയായി കുറഞ്ഞിരിക്കുന്നു. പാര്‍ട്ടി കണ്‍‌വെന്‍ഷനില്‍ നേരിട്ട് വരാതെ സാറ്റലൈറ്റ് വഴി ബന്ധപ്പെട്ട് നേര്‍ച്ച കഴിച്ചതിനെപ്പറ്റി ഞാന്‍ നേരത്തേ എഴുതിയിരുന്നല്ലോ.

ബി.ബി.സി. ലോകത്തെ പ്രധാനപ്പെട്ട രാജ്യങ്ങളില്‍ നടത്തിയ ഒരു പോളില്‍ ഒബാമ ജയിച്ചുകാണാനാണ് ലോകം പൊതുവേ ആഗ്രഹിക്കുന്നത് എന്ന് കാണുന്നു. വാര്‍ത്ത ഇവിടെ. എമറി യൂണിവേഴ്‌സിറ്റിയിലെ അലന്‍ അബ്രാമോവിറ്റ്സ് 1988 മുതലുള്ള എല്ലാ തിരഞ്ഞെടുപ്പുകളും ഗണിതശാസ്ത്ര മാതൃകകള്‍ ഉപയോഗിച്ച് കൃത്യമായി നിര്‍‌ണ്ണയിച്ചിട്ടുണ്ട്. അദ്ദേഹം ഇത്തവണ ഒബാമ വിജയമാണ് പ്രവചിക്കുന്നത്; ഒബാമയുടെ തൊലിനിറം അതില്‍ കണക്കിലെടുത്തിട്ടുണ്ടോ എന്ന് അറിയില്ല. വാര്‍ത്ത ഇവിടെ.

Friday, September 05, 2008

കൌണ്ട് ഡൌണ്‍: ഇനി 60 ദിവസങ്ങള്‍ | അമേരിക്കന്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പ്

ഇന്നലെ റിപ്പബ്ലിക്കന്‍ പാര്‍ട്ടി കണ്‍‌വെന്‍ഷന്‍ സമാപിച്ചതോടുകൂടി പൊതുതിരഞ്ഞെടുപ്പ് ഔദ്യോഗികമായി ആരംഭിച്ചെന്നു പറയാം. രണ്ടു പാര്‍ട്ടികളും സ്ഥാനാര്‍ഥികളെ ഔദ്യോഗികമായി തിരഞ്ഞെടുത്തു; ഇനിയുള്ള 60 ദിവസങ്ങള്‍, നവംബര്‍ 4 വരെ, തീഷ്ണമായ പ്രചരണത്തിന്റെ ദിനങ്ങളാണ്.

പക്ഷേ, ആകെയുള്ള 50 സംസ്ഥാനങ്ങളില്‍ വളരെ കുറച്ച സംസ്ഥാനങ്ങളിലേ തിരഞ്ഞെടുപ്പിന്റെ ചൂട് ഉണ്ടാവുകയുള്ളൂ. ഡമോക്രാറ്റിക് പ്രൈമറിയില്‍ നാം കണ്ടതുപോലെ രാജ്യത്തിന്റെ മുക്കിലും മൂലയിലും തിരഞ്ഞെടുപ്പ് പ്രചരണം ഒന്നും ഉണ്ടാവില്ല. അതിന്റെ പ്രധാന കാരണം പ്രസിഡന്റിനെ തിരഞ്ഞെടുക്കുന്ന ഇലക്ടറല്‍ കോളജ് എന്ന സംവിധാനമാണ്.

അമേരിക്കന്‍ പ്രസിഡന്റിനെ തിരഞ്ഞെടുക്കുന്നത് ജനങ്ങള്‍ നേരിട്ടല്ല. 538 പേര്‍ അടങ്ങിയ ഒരു ഇലക്ടറല്‍ കോളജിലെ അംഗങ്ങളെയാണ് തിരഞ്ഞെടുപ്പില്‍ വോട്ടര്‍മാര്‍ ശരിക്കും തിരഞ്ഞെടുക്കുന്നത്. ഓരോ സംസ്ഥാനത്തില്‍ നിന്നും നിശ്ചിത എണ്ണം അംഗങ്ങള്‍ ഈ ഗ്രൂപ്പിലേക്ക് തിരഞ്ഞെടുക്കപ്പെടുന്നു. ഒരു സംസ്ഥാനത്തില്‍ നിന്നുള്ള കോണ്‍ഗ്രസിലേക്കുള്ള ആകെ അംഗങ്ങളുടെ എണ്ണത്തിനു (ജനപ്രതിനിധിസഭയിലെ അംഗങ്ങള്‍ + 2 സെനറ്റര്‍മാര്‍ ) തുല്യമായ ഇലക്ടറന്മാരെയാണ് ആ സംസ്ഥാനത്തില്‍ നിന്ന് ഇലക്ടറല്‍ കോളജിലേക്ക് അയക്കുന്നത്. രണ്ടു സംസ്ഥാനങ്ങളിലൊഴികെ, മെയിനിലും നെബ്രാസ്ക്കയിലും ഒഴിച്ച്, ബാക്കി എല്ലാ സംസ്ഥാനങ്ങളും അവിടങ്ങളില്‍ ഭൂരിപക്ഷം നേടുന്ന സ്ഥാ‍നാര്‍ഥിക്ക് എല്ലാ ഇലക്ടറന്മാരെയും കിട്ടും. മെയിനിലും നെബ്രാസ്ക്കയിലും ജനപ്രതിനിധി സഭാ (House of Representatives) നിയോജകമണ്ഡലങ്ങളില്‍ ആരാണോ വിജയിക്കുന്നത് അവര്‍ക്ക് അവിടത്തെ ഇലക്ടറെ ലഭിക്കുന്നു; സംസ്ഥാനത്ത് മൊത്തത്തില്‍ ഭൂരിപക്ഷം നേടുന്ന സ്ഥാനാര്‍ഥി 2 ഇലക്ടറന്മാരെ അധികവും നേടും.

ഒരു സംസ്ഥാനത്ത് അമിതതോതില്‍ ഒരു സ്ഥാനാര്‍ഥിക്ക് (പൊതുവേ ഡമോക്രാറ്റുകള്‍ക്ക് വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലും റിപ്പബ്ലിക്കന്മാര്‍ക്ക് തെക്കന്‍ സംസ്ഥാ‍നങ്ങളിലും ഉള്ള പോലെ) ഉണ്ടായേക്കാവുന്ന പിന്തുണ ദേശീയതലത്തില്‍ തിരഞ്ഞെടുപ്പ് ഫലത്തെ സ്വാധീനിക്കാതിരിക്കാനാണ് അത്തരത്തിലുള്ള ഒരു മുന്‍‌കരുതല്‍; അതുവഴി അമേരിക്കയിലെ ഫെഡറലിസ്റ്റ് സംവിധാനത്തെ ശക്തിപ്പെടുത്തുകയും.

ഇലക്ടറല്‍ കോളജ് സംവിധാനം ദേശീയതലത്തില്‍ ഏറ്റവും കൂടുതല്‍ വോട്ടുകള്‍ കിട്ടുന്ന സ്ഥാനാര്‍ഥി തിരഞ്ഞെടുപ്പില്‍ തോല്‍ക്കുന്ന അവസ്ഥ സൃഷ്ടിക്കാം. ഏറ്റവും അവസാനം അത് സംഭവിച്ചത് 2000-ല്‍ ആണ്; ആല്‍ ഗോര്‍ ഏറ്റവും കൂടുതല്‍ വോട്ട് നേടിയെങ്കിലും (ഫ്ലോറിഡയിലെ വിവാദപരമായ തിരഞ്ഞെടുപ്പുഫലം ശരിയാണെങ്കില്‍) ബുഷിന് ഇലക്ടറല്‍ കോളജില്‍ നേരിയ ഭൂരിപക്ഷം കിട്ടി പ്രസിഡന്റായി,

പ്രസിഡന്റ് തിരഞ്ഞെടുപ്പ് വരുമ്പോള്‍ മിക്കവാറും സംസ്ഥാനങ്ങള്‍ ഏതെങ്കിലും ഒരു പാര്‍ട്ടിയുടെ പോക്കറ്റിലാണ് എന്ന് കാണാം. വടക്കുകിഴക്കന്‍ സംസ്ഥാനങ്ങള്‍ (മാസച്യൂസെറ്റ്സ്, ന്യൂ യോര്‍ക്ക്, ന്യൂ ജേഴ്സി തുടങ്ങിയവ), ശാന്തസമുദ്രതീരത്തെ സംസ്ഥാനങ്ങള്‍ (കാലിഫോര്‍ണിയ, ഓറിഗണ്‍, വാഷിംഗ്‌ടണ്‍) എന്നിവ പോതുവേ ഡമോക്രാറ്റുകളുടെയും, തെക്കന്‍ സംസ്ഥാനങ്ങള്‍ (ജോര്‍ജിയ, കാരളീനകള്‍,ടെന്നസി, ടെക്സസ് തുടങ്ങിയവ), കൌ ബോയ് സംസ്ഥാനങ്ങള്‍ (ഐഡാഹോ, വയോമിംഗ്, ഡക്കോട്ടകള്‍ തുടങ്ങിയവ) എന്നിവ റിപ്പബ്ലിക്കന്മാരുടെയും കൂടെയാണ് പൊതുതിരഞ്ഞെടുപ്പില്‍ നില്‍ക്കുക. ഈ സംസ്ഥാനങ്ങളില്‍ പ്രചരണം നടത്തിയിട്ടൊന്നും വലിയ പ്രയോജനമില്ലാത്തതിനാല്‍ സ്ഥാനാര്‍ഥികള്‍ മറിയാന്‍ സാധ്യതയുള്ള സംസ്ഥാനങ്ങളില്‍ മാത്രം ശ്രദ്ധ കേന്ദ്രീകരിക്കും. അതുകൊണ്ട് പൊതുതിരഞ്ഞെടുപ്പിന്റെ ചൂട് ആ സ്ഥലങ്ങളില്‍ മാത്രം ഒതുങ്ങും.

താഴെ കൊടുക്കുന്ന കണക്കുകള്‍ മത്സരത്തെ കുറച്ചുകൂടി കൃത്യമായി വിലയിരുത്താന്‍ സഹായിക്കും.

ആകെയുള്ള ഇലക്ടറന്മാര്‍ - 538
ജയിക്കാന്‍ വേണ്ട ഇലക്ടറന്മാര്‍ - 270


(താഴെ കൊടുക്കുന്ന കണക്കുകള്‍ എന്റെ നിഗമനങ്ങള്‍ ആണ്.)

ഡമോക്രാറ്റുകള്‍ക്ക് കിട്ടുമെന്ന് ഉറപ്പുള്ള ഇലക്ടറന്മാര്‍ - 186
റിപ്പബ്ലിക്കന്മാര്‍ക്ക് കിട്ടുമെന്ന് ഉറപ്പുള്ള ഇലക്ടറന്മാര്‍ - 186

ബാക്കിയുള്ള സ്ഥാനങ്ങള്‍ക്ക് ഇത്തവണ പോരാട്ടം നടക്കാന്‍ പോകുന്നത് താഴെ കൊടുക്കുന്ന സംസ്ഥാനങ്ങളിലാണ്; ബ്രാക്കറ്റില്‍ ഇലക്ടറന്മാരുടെ എണ്ണം:

ഒബാമ ജയിക്കാന്‍ സാധ്യതയുള്ള സംസ്ഥാനങ്ങള്‍: ന്യൂ മെക്സിക്കോ (5), മിന്യാസോട്ട(10), അയോവ(7), വിസ്ക്കോന്‍സിന്‍(10), പെന്‍‌സില്‍‌വേനിയ(21), മെയിന്‍(4)

മൊത്തം ഒബാമയ്ക്ക്: 243

മക്കെയിന്‍ ജയിക്കാന്‍ സാധ്യതയുള്ള സംസ്ഥാനങ്ങള്‍: മൊണ്ടാന(3)

മൊത്തം മക്കെയിന് - 189

രണ്ടുപേര്‍ക്കും സാധ്യതയുള്ള സംസ്ഥാനങ്ങള്‍: നെവാഡ(5), കൊളറാഡോ(9), മിസോറ(11), മിഷിഗണ്‍(17), ഒഹായോ(20), വെര്‍‌ജീനിയ(13), ഫ്ലോറിഡ(27), ന്യൂ ഹാം‌പ്‌ഷയര്‍(4)

ഇവയില്‍ നെവാഡ, കൊളറാഡോ, മിഷിഗണ്‍ എന്നിവിടങ്ങളില്‍ ഒബാമയും (ആകെ 274) മിസോറ, ഫ്ലോറിഡ, ന്യൂ ഹാം‌പ്‌ഷയര്‍ എന്നിവിടങ്ങളില്‍ മക്കെയിനും (ആകെ 231) ഏറെ സാധ്യതയുണ്ടെന്ന് ഞാന്‍ കരുതുന്നു. ബാക്കിയുള്ളത് ഒഹായോയും വെര്‍ജീനിയയും (ആകെ 33) ആണ്; അവിടങ്ങളിലും മക്കെയിന് തന്നെയാണ് നേരിയ മുന്‍‌തൂക്കം ഇപ്പോള്‍ ഉള്ളത് (ആകെ 264).

അങ്ങനെ എന്റെ കണക്കു പ്രകാരം ഒബാമയ്ക്ക് നേരിയ വിജയസാധ്യതയുണ്ട് ഇപ്പോള്‍. പക്ഷേ, ഈ നിഗമനങ്ങളില്‍ വന്നേക്കാവുന്ന ചെറിയ വ്യത്യാസങ്ങള്‍ ഫലത്തെ ആകെ മാറ്റിമറിക്കും; അത്ര കടുത്തതാണ് മത്സരം ഇപ്പോള്‍. വളരെ ചുരുക്കം സംസ്ഥാനങ്ങളിലെ ഫലങ്ങളാണ് പൊതുതിരഞ്ഞെടുപ്പ് ഫലം നിശ്ചയിക്കുന്നതെന്ന് വളരെ ഈ കണക്കുകളില്‍ നിന്ന് വ്യക്തമാണല്ലോ. സ്ഥാ‍നാര്‍ഥികളും പ്രചരണം നടത്തിയാല്‍ ജയിക്കാന്‍ പറ്റുന്ന സംസ്ഥാനങ്ങളിലേ അതിന്ന് പരിശ്രമിക്കുകയുള്ളൂ. ഈ കണക്കു പ്രകാരം ഏകദേശം 15 സംസ്ഥാനങ്ങള്‍.

വരുന്ന ദിവസങ്ങളില്‍ വിജയസാധ്യതകള്‍ ഇപ്പോള്‍ ഇവിടെ കൊടുത്തിരിക്കുന്ന നിഗമനങ്ങളില്‍ നിന്ന് എത്ര വ്യത്യാസപ്പെടുമെന്നും അത് പൊതുതിരഞ്ഞെടുപ്പിന്റെ ഫലത്തെ എങ്ങനെ ബാധിക്കുമെന്നും ഞാന്‍ എഴുതുന്നതായിരിക്കും.

തല്‍ക്കാലം എന്റെ ഇപ്പോഴത്തെ നിഗമനമനുസരിച്ച് ഒബാമ (274), മക്കെയിന്‍ (264).