കഴിഞ്ഞ പോസ്റ്റില്‍ പറഞ്ഞതുപോലെ ഹിലരിക്ക് മത്സരത്തില്‍ പിടിച്ചു നില്‍ക്കണമായിരുന്നെങ്കില്‍ നോര്‍ത്ത് കാരളൈനയില്‍ നല്ല പ്രകടനം കാഴ്ചവയ്ക്കുകയും ഇന്‍ഡ്യാനയില്‍ മികച്ച വിജയം നേടുകയും ചെയ്യണമായിരുന്നു. പക്ഷേ, ഒബാമ തനിക്ക് കഴിഞ്ഞ കുറെ ആഴ്ചകളിലുണ്ടായ യാതനകളില്‍ നിന്ന് വിടുതി നേടി രണ്ടിടത്തും ഉജ്ജ്വല പ്രകടനം കാഴ്ചവെച്ച് നോമിനേഷന്‍ ഏതാണ്ട് കൈപ്പിടിയിലൊതുക്കി.
ഡലിഗേറ്റുകളുടെ മൊത്തം എണ്ണത്തില്‍ ഒബാമയ്ക്ക് ഇനിയും കേവലഭൂരിപക്ഷം ഇനിയും ലഭിച്ചിട്ടില്ല. ജൂണ്‍ 3-ന് അവസാനിക്കുന്ന പ്രൈമറി കഴിഞ്ഞാലും അദ്ദേഹത്തിന്ന് അത് ലഭിക്കുമെന്നു തോന്നുന്നില്ല. സൂപ്പര്‍ ഡലിഗേറ്റുകളാണ് അന്തിമമായി ഫലം നിശ്ചയിക്കേണ്ടതെങ്കിലും ഡലിഗേറ്റുകളുടെ എണ്ണത്തിലും, ലഭിച്ച വോട്ടുകളുടെ എണ്ണത്തിലും പ്രൈമറി കഴിയുമ്പോള്‍ അദ്ദേഹം ഹിലരിയെക്കാള്‍ മുമ്പിലായിരിക്കുമെന്നുള്ളതുകൊണ്ട്, പൊതുജനങ്ങളെ തീരുമാനത്തെ മാനിച്ച് സൂപ്പര്‍ ഡലിഗേറ്റുകള്‍ അദ്ദേഹത്തെ തന്നെ പിന്താങ്ങും.
നോര്‍ത്ത് കാരളൈനയില്‍ ജയിച്ച അന്ന് രാത്രി ചെയ്ത പ്രസംഗത്തില്‍ തന്നെ ഒബാമ പൊതുതിരഞ്ഞെടുപ്പിന്നെ കേന്ദ്രീകരിച്ചാണ് സംസാരിച്ചത്. ഇന്നലെ അദ്ദേഹം കാപ്പിറ്റോള്‍ ഹില്ലില്‍ ഒരു വിക്ടറി പരേഡ് തന്നെ നടത്തി; പ്രധാനമായും കോംഗ്രസിലെ അംഗങ്ങളും സൂപ്പര്‍ ഡലിഗേറ്റുകളുമായവരുടെ പിന്തുണ ഉറപ്പിക്കുകയായിരുന്നു ലക്ഷ്യം. അവര്‍ തമാശക്ക് ‘മിസ്റ്റര്‍ പ്രസിഡന്റ്’ എന്ന് വിളിച്ച് അദ്ദേഹത്തെ അഭിസംബോധന ചെയ്തു തുടങ്ങിയത്രേ. (മുഴുവന്‍ വാര്‍ത്ത
ഇവിടെ.) ഇത്രയൊക്കെ പറയാന്‍ കാരണം പൊതുവേ രാഷ്ട്രീയ-മാധ്യമ വൃത്തങ്ങളില്‍ ഇപ്പോഴുള്ള ധാരണ ഒബാമ നോമിനി ആകുമെന്നു തന്നെയാണ്. ഔദ്ധ്യോഗിക തീരുമാനം ഒരു പക്ഷേ ഓഗസ്തിലെ ഡമോക്രാറ്റിക് കണ്‍വെന്‍ഷന്‍ വരെ നീണ്ടുപോയേക്കും. (ഹിലരി മത്സരത്തില്‍ നിന്ന് പിന്‍വാങ്ങിയില്ലെങ്കില്‍ അതുവരെ നീളും; അല്ലെങ്കില്‍ ഒബാമയ്ക്ക് കേവലഭൂരിപക്ഷം കിട്ടണം.)
പക്ഷേ, ഒബാമ ഔദ്ധ്യോഗിക തീരുമാനങ്ങള്‍ക്ക് കാത്തിരിക്കാതെ മെയ് 20-ന് വിജയം പ്രഖ്യാപിക്കുമെന്നാണ് സൂചന. (വാര്‍ത്ത
ഇവിടെ.) അന്ന് കെന്റക്കിയിലെയും ഓറിഗണിലെയും പ്രൈമറികള്‍ നടക്കുന്ന ദിവസമാണ്. കെന്റക്കിയില്‍ ഹിലരിയുടെയും ഓറിഗണില്‍ ഒബാമയുടെയും വിജയം സുനിശ്ചിതമാണ്. ഓറിഗണിലെ വിജയാഘോഷത്തിനിടയ്ക്ക് കിട്ടുന്ന നല്ല അവസരമുപയോഗിച്ച് നോമിനേഷനില്‍ തനിക്കുള്ള ന്യായമായ അവകാശം പരസ്യമായി ഉന്നയിക്കുക എന്നത് നല്ലൊരു രാഷ്ട്രീയതന്ത്രമാണ്. അത്തരമൊരു നീക്കം അപ്പോഴും ‘അയയില്‍ ഇരുന്ന് ആടുന്ന’ സൂപ്പര്‍ ഡലിഗേറ്റുകളെ വ്യക്തമായ ഒരു തീരുമാനമെടുക്കാന്‍ നിര്‍ബന്ധിതരാക്കുകയും ചെയ്യും. പ്രൈമറിയുടെ ഒരു കാലാവസ്ഥയില്‍ നിന്ന് പൊതുതിരഞ്ഞെടുപ്പിന്റെ ഒരു അന്തരീക്ഷത്തിലേക്ക് കാര്യങ്ങള്‍ നീങ്ങുകയും; മാധ്യമങ്ങള്‍ ഹിലരിയെ അവഗണിക്കുകയും ചെയ്യും. (മക്കെയിന്‍ ഹിലരിയെ അവഗണിച്ചു തുടങ്ങിയിട്ട് കുറെ നാളായി.)
മറ്റൊന്ന് ഒബാമ സൂപ്പര്‍ ഡലിഗേറ്റുകളുടെ എണ്ണത്തില്‍ ഹിലരിയെ ഇന്ന് മറി കടന്നതാണ്. ഒബാമയ്ക്ക് ഇതുവരെ തിരഞ്ഞെടുക്കപ്പെട്ട ഡലിഗേറ്റുകളുടെ കാര്യത്തിലും കിട്ടിയ വോട്ടുകളുടെ എണ്ണത്തിലുമാണ് മുന്തൂക്കമുണ്ടായിരുന്നത്. ഹിലരിക്ക് പാര്‍ട്ടിയിലുണ്ടായിരുന്ന സ്വാധീനം കൊണ്ട് അധികം പേരും അവരെയാണ് പിന്തുണച്ചിരുന്നത്. കാര്യങ്ങള്‍ ഒബാമയ്ക്ക് അനുകൂലമാകുന്നത് കണ്ട് ഇതുവരെ ആര്‍ക്കും പിന്തുണ പ്രഖ്യാപിക്കാതിരുന്നവരില്‍ കുറെപ്പേര്‍ കഴിഞ്ഞ കുറെ ദിവസങ്ങളില്‍ ഒബാമയ്ക്ക് പിന്തുണ പ്രഖ്യാപിക്കുകയും അദ്ദേഹം അക്കാര്യത്തില്‍ ലീഡ് പിടിച്ചെടുക്കുകയും ചെയ്തു.
സങ്കീര്‍ണ്ണമായ ഡലിഗേറ്റ് കണക്ക്പലപ്പോഴായി പറഞ്ഞിട്ടുള്ള കാര്യങ്ങള്‍ ഒന്നുകൂടി ഇവിടെ ആവര്‍ത്തിക്കുന്നു: കോക്കസ്,പ്രൈമറി എന്നീ ഉള്‍പ്പാര്‍ട്ടി ജനാധിപത്യ പ്രക്രിയകളിലൂടെയാണ് ഡമോക്രാറ്റുകളും റിപ്പബ്ലിക്കന്മാരും അമേരിക്കയില്‍ എല്ലാ തലങ്ങളിലുമുള്ള സ്ഥാനാര്‍ഥികളെ തിരഞ്ഞെടുക്കുക. പാര്‍ട്ടികളുടെ പ്രസിഡന്റ് സ്ഥാനാര്‍ഥി അടക്കം. 50 സംസ്ഥാനങ്ങളിലും മറ്റു പ്രവിശ്യകളിലും നടക്കുന്ന കോക്കസ്/പ്രൈമറികളില്‍ സ്ഥാനാര്‍ഥികളോട് കൂറുപുലര്‍ത്തുന്ന ഡലിഗേറ്റുകളെ തിരഞ്ഞെടുക്കും. ഡമോക്രാറ്റുകള്‍ക്ക് സൂപ്പര്‍ ഡലിഗേറ്റുകള്‍ എന്ന മറ്റൊരു വിഭാഗം ഡലിഗേറ്റുകളും ഉണ്ട്. പാര്‍ട്ടിയുടെ നേതൃത്വത്തില്‍ ഉള്ളവരാണ് അവര്‍; തലമുതിര്‍ന്ന ക്ലിന്റന്‍ മുതല്‍ പാര്‍ട്ടിയിലെ താഴെ തലങ്ങളിലുള്ളവര്‍ (തിരഞ്ഞെടുക്കപ്പെട്ട കുറച്ചുപേര്‍) വരെ ഇത്തരക്കാരിലുണ്ട്.
മിഷിഗണ്‍, ഫ്ലോറിഡ എന്നീ സംസ്ഥാനങ്ങളില്‍ പാര്‍ട്ടിയുടെ ദേശീയനേതൃത്വം നിര്‍ദ്ദേശിച്ച സമയത്ത് തിരഞ്ഞെടുപ്പ് നടത്താതിരുന്നതുകൊണ്ട്, അവിടങ്ങളില്‍ നിന്നുള്ള തിരഞ്ഞെടുക്കപ്പെട്ട ഡലിഗേറ്റുകളെ കണക്കിലെടുക്കാതെയാവും കേവലഭൂരിപക്ഷത്തിനു വേണ്ട ഡലിഗേറ്റുകളുടെ എണ്ണം നിശ്ചയിക്കുക. ആ എണ്ണം 2025 ആണ്. ഹിലരി ആ കണക്കിനെ ഇപ്പോള്‍ എതിര്‍ക്കുകയാണ്. ആ 2 സംസ്ഥാനങ്ങളില്‍ നിന്നുള്ള ഡലിഗേറ്റുകളെ ചേര്‍ത്തുവേണം കണക്കുകള്‍ കൂട്ടാന്‍ എന്നാണ് അവരുടെ വാദം. അങ്ങനെയൊരു സാഹചര്യമുണ്ടായാല്‍ കേവലഭൂരിപക്ഷത്തിന് 2208 ഡലിഗേറ്റുകള്‍ വേണ്ടി വരും; പക്ഷേ, അതൊരിക്കലും ഉണ്ടാവില്ല എന്നാണ് പൊതുവേ കരുതപ്പെടുന്നത്. എന്നാലും ഹിലരി മത്സരത്തില്‍ ഉറച്ചു നില്‍ക്കുകയാണെങ്കില്‍ സംശയമുണ്ടാക്കുന്ന ഈ കണക്കുകള്‍ വാര്‍ത്തകളില്‍ സ്ഥാനം പിടിക്കും.
ഡലിഗേറ്റുകളുടെ പട്ടിക താഴെ കൊടുക്കുന്നു:
മിഷിഗണും ഫ്ലോറിഡയും കൂട്ടാതെയുള്ള കണക്ക്:
മൊത്തം തിരഞ്ഞെടുക്കപ്പെടുന്ന ഡലിഗേറ്റുകള്‍ - 3253
ആകെയുള്ള സൂപ്പര്‍ ഡലിഗേറ്റുകളുടെ എണ്ണം - 796
ആകെയുള്ള ഡലിഗേറ്റുകള്‍- 4049
കേവലഭൂരിപക്ഷം - 2025
മിഷിഗണും ഫ്ലോറിഡയും കൂട്ടിയുള്ള കണക്ക്:
തിരഞ്ഞെടുക്കപ്പെടുന്ന ഡലിഗേറ്റുകള്‍ (മിഷിഗണ്‍) - 157
തിരഞ്ഞെടുക്കപ്പെടുന്ന ഡലിഗേറ്റുകള്‍ (ഫ്ലോറിഡ) - 211
മൊത്തം തിരഞ്ഞെടുക്കപ്പെടുന്ന ഡലിഗേറ്റുകള്‍ - 3621
ആകെയുള്ള സൂപ്പര്‍ ഡലിഗേറ്റുകളുടെ എണ്ണം - 796
ആകെയുള്ള ഡലിഗേറ്റുകള്‍- 4417
കേവലഭൂരിപക്ഷം - 2208
ഡലിഗേറ്റ് നില (ന്യൂ യോര്‍ക്ക് ടൈംസിലെ ഇന്നത്തെ കണക്കു പ്രകാരം):
ഒബാമയെ പിന്തുണക്കുന്ന സൂപ്പര്‍ ഡലിഗേറ്റുകള്‍ - 265
ഹിലരിയെ പിന്തുണക്കുന്ന സൂപ്പര്‍ ഡലിഗേറ്റുകള്‍ - 264
ഒബാമയ്ക്ക് കിട്ടിയ ഡലിഗേറ്റുകള്‍ - 1859 (കേവലഭൂരിപക്ഷത്തിന് 166 കൂടി വേണം)
ഹിലരിക്ക് കിട്ടിയ ഡലിഗേറ്റുകള്‍ - 1689 (കേവലഭൂരിപക്ഷത്തിന് 336 കൂടി വേണം)
ഇതുവരെ ആരെയും പിന്തുണക്കാത്ത സൂപ്പര്‍ ഡലിഗേറ്റുകള്‍ - 267
പ്രൈമറിയില്‍ തിരഞ്ഞെടുക്കപ്പെടാനുള്ള ഡലിഗേറ്റുകള്‍ - 274
ബാക്കിയുള്ള ഡലിഗേറ്റുകളുടെ എണ്ണത്തിലൂടെ കണ്ണോടിച്ചാല്‍ ഹിലരിയുടെ സാധ്യത വളരെ ചെറുതാണെന്ന് കാണാമല്ലോ.
ഹിലരിയുടെ അത്ഭുതാവഹമായ പതനംപ്രൈമറി ആരംഭിച്ചപ്പോള്‍ ഹിലരി തന്നെ സ്ഥാനാര്‍ഥി ആവുമെന്നാണ് എല്ലാവരും കരുതിയിരുന്നത്. പ്രസിഡന്റ് തിരഞ്ഞെടുപ്പിനെപ്പറ്റി ഞാന്‍ ആദ്യമായി ഇട്ട
പോസ്റ്റില്‍ (ജനുവരി 17, 2007) തന്നെ അതു വളരെ വ്യക്തമാണ്. വളരെ ശക്തമായ ആ നിലയില്‍ നിന്ന് തികച്ചും ഒരു തുടക്കക്കാരനായ ഒബാമയോട് തോല്‍ക്കാന്‍ ഒബാമയുടെ വളരെ ഫലപ്രദമായ തന്ത്രങ്ങളും ഹിലരിയുടെ വീഴ്ചകളും കാരണമായിട്ടുണ്ട്. പല പോസ്റ്റുകളിലും ആ കാരണങ്ങള്‍ സൂചിപ്പിച്ചിട്ടുണ്ടെങ്കിലും പ്രധാനപ്പെട്ടവ ഇവിടെ എടുത്തെഴുതുന്നത് നല്ലതാണെന്നു തോന്നുന്നു: (Time-ലെ
ഈ ലേഖനത്തിനോട് കടപ്പാട്.)
1. വാഷിംഗ്‌ടണിലെ പരിചയമാണ് ഹിലരി പ്രധാനമായും തന്റെ ഗുണമായി, പ്രത്യേകിച്ചും ഒബാമയുമായി താരതമ്യം ചെയ്യുമ്പോള്‍, ഉയര്‍ത്തിപ്പിടിച്ചിരുന്നത്. ബുഷിന്റെ ദുര്‍ഭരണം ജനങ്ങള്‍ക്ക് വാഷിംഗ്‌ടണിലുള്ള വിശ്വാസം നഷ്ടപ്പെടാന്‍ ഇടയായതുകൊണ്ട്, ആ പശ്ചാത്തലത്തില്‍ നിന്നു വരുന്ന രാഷ്ട്രീയക്കാര്‍ക്ക് വിശ്വാസ്യത ഇല്ലാതായി. ഒബാമയെപ്പോലെയുള്ള ഒരു പുതുമുഖത്തിന്റെ മാറ്റത്തിനുവേണ്ടിയുള്ള സന്ദേശം ആകര്‍ഷകമായി.
2. തിരഞ്ഞെടുപ്പു നിയമങ്ങള്‍ പഠിക്കുന്നതിലുണ്ടായ പിഴവ്: കടുത്ത മത്സരത്തില്‍ അതിസങ്കീര്‍ണ്ണമായ തിരഞ്ഞെടുപ്പു നിയമങ്ങള്‍, പ്രത്യേകിച്ചും ഡലിഗേറ്റുകളെ നിശ്ചയിക്കുന്ന നിയമങ്ങള്‍, അറിഞ്ഞിരിക്കേണ്ടതും അതു പ്രകാരം കാര്യങ്ങള്‍ നീക്കുന്നതും നിര്‍ണ്ണായകമായി. ഹിലരിയുടെ ക്യാംമ്പയിന്ന് അതിന്നു കഴിഞ്ഞില്ല. തലപ്പത്തിരുന്നവര്‍ക്ക് പോലും നിയമങ്ങള്‍ കൃത്യമായി അറിയില്ലായിരുന്നു; അത് തന്ത്രങ്ങള്‍ മെനയുന്നതില്‍ വീഴ്ചകള്‍ ഉണ്ടാക്കി. ഒബാമയുടെ ക്യാംമ്പയിന്‍ ഇക്കാര്യത്തില്‍ നൈപുണ്യം കാണിച്ചു.
3. വലിയ സംസ്ഥാനങ്ങളില്‍ വിജയിച്ച് ഒബാമയെ മുക്കാമെന്നാണ് ഹിലരി കരുതിയത്. താരതമേന്യ ചെറുതും ഡലിഗേറ്റുകളുടെ എണ്ണം കുറഞ്ഞതുമായ കോക്കസ് നടത്തിയ സംസ്ഥാനങ്ങളെ ഹിലരി അവഗണിച്ചു. ഒബാമയുടെ മെച്ചപ്പെട്ട കേഡര്‍ വര്‍ക്കുകൊണ്ട് കോക്കസ് സംസ്ഥാനങ്ങള്‍ അദ്ദേഹം തൂത്തുവാരി. പലതുള്ളി പെരുവെള്ളം; ആ നീക്കം അദ്ദേഹത്തിന് ലീഡ് നേടിക്കൊടുത്തു. ഹിലരിക്ക് നോമിനേഷന്‍ നഷ്ടപ്പെടാനുണ്ടായ ഏറ്റവും പ്രധാന കാരണമായി ഞാന്‍ കാണുന്നത് ഇതിനെയാണ്.
4. തിരഞ്ഞെടുപ്പ് ഫണ്ട് സംഭരിക്കുന്നതിലെ വ്യത്യാസം: ഹിലരി തന്റെ രാഷ്ട്രീയബന്ധങ്ങള്‍ ഉപയോഗിച്ച് ധനാഡ്യരുടെ കൈയില്‍ നിന്നാണ് പ്രധാനമായും പ്രചരണത്തിന് പൈസ പിരിച്ചത്. അങ്ങനെ പിരിക്കുന്നത് ഒരളവുവരെ എളുപ്പമാണെങ്കിലും കൊടുക്കാന്‍ തയ്യാറുള്ളവരുടെ എണ്ണം പെട്ടന്ന് കുറയും; പ്രത്യേകിച്ചും പ്രചരണം നീണ്ടു പോയി പൈസക്ക് ധാരാളം ആവശ്യം ഉണ്ടാവുകയാണെങ്കില്‍. 2004-ല്‍ ഹൊവാര്‍ഡ് ഡീന്‍ കാണിച്ചുകൊടുത്ത, വെബ്ബിലൂടെ ധനസമാഹരണം നടത്തുന്ന വിദ്യ ഒബാമ പൂര്‍ണ്ണതയിലെത്തിച്ച് പൈസ അടിക്കുന്ന യന്ത്രമാക്കി മാറ്റി. പൈസ പിരിക്കുന്ന സകല റെക്കോഡുകളും അദ്ദേഹം ഭേദിച്ചു. ചെറിയ സംഭാവന കൊടുക്കുന്ന വളരെയധികം പേര്‍ ഉണ്ടായതുകൊണ്ട് അദ്ദേഹത്തിന് വെബ്ബ് ഒരു അക്ഷയപാത്രം തന്നെ. അതുകണ്ട് പിന്നീട് ഹിലരിക്കും വെബ്ബിലൂടെ പൈസ സംഭരിക്കാന്‍ സാധിച്ചു. പക്ഷേ, ധാരാളം പൈസ കൈയിലുണ്ടായിരുന്നതുകൊണ്ട് മിക്കവാറും എല്ലായിടത്തും തന്നെ പ്രചരണത്തിന് അദ്ദേഹത്തിന് ഇരട്ടിയും മൂന്നിരട്ടും പൈസ ഇറക്കാന്‍ പറ്റി.
5. സൂപ്പര്‍ ട്യൂസ് ഡേയില്‍ വന്‍വിജയം കൊയ്ത് നോമിനേഷന്‍ കൈയിലൊതുക്കാമെന്നായിരുന്നു ഹിലരിയുടെ പദ്ധതി. പക്ഷേ,അന്ന് അവര്‍ ഏകദേശം തുല്യനിലയിലെത്തി. ഇനി എന്തു ചെയ്യും എന്നറിയാതെ ഹിലരി പകച്ചു നിന്നപ്പോള്‍ ഒബാമ പിന്നീട് നടന്ന തിരഞ്ഞെടുപ്പുകളില്‍ വിജയിച്ച് വ്യക്തമായ ലീഡ് പിടിച്ചെടുക്കുകയും, തോല്‍വി മുന്നില്‍ കണ്ട ഹിലരി ഒബാമയ്ക്കെതിരെ ‘തറ’ ആക്രമണങ്ങള്‍ അഴിച്ചുവിടുകയും ചെയ്തു. ഹിലരിയുടെ നെഗറ്റീവ് പ്രചരണം ഒരുപാട് പേരെ അവരില്‍ നിന്ന് അകറ്റിയെന്നാണ് എനിക്ക് തോന്നുന്നത്. അതുപോലെ ഒബാമയെക്കാള്‍ ശക്തയാണെന്ന് കാണിക്കാന്‍ വേണ്ടി അവര്‍ നടത്തിയ കോപ്രായങ്ങള്‍ - പരസ്യമായി വിസ്ക്കി ഷോട്ടടിക്കുക, വേട്ടയാടുന്നതിന്നെപ്പറ്റി പുകഴ്ത്തി പറയുക, യുദ്ധമുഖത്ത് പോയിട്ടുണ്ടെന്ന് നുണ പറയുക തുടങ്ങിയവ - ദീര്‍ഘകാലാടിസ്ഥാനത്തില്‍ തിരഞ്ഞെടുപ്പ് ജയിക്കാന്‍ വേണ്ടി എന്തും ചെയ്യുമെന്ന അവരുടെ മേലിലുള്ള ആരോപണത്തെ ഉറപ്പിക്കുകയാണുണ്ടായത്.
ഇനി?ഹിലരി ഇനി എന്നുവേണമെങ്കിലും മത്സരത്തില്‍ നിന്ന് പിന്മാറാം. അവര്‍ അത് ഉടനെ ചെയ്യുകയാണെങ്കില്‍ ക്ലിന്റന്‍ ബ്രാന്റിന് ഡമോക്രാറ്റുകളുടെ ഇടയിലുള്ള വില പോകില്ല. എന്തായാലും മാധ്യമങ്ങളും മറ്റും അവരെയിനി കാര്യമായി കവറു ചെയ്യുകയില്ല. ജൂണ്‍ 3-ന് അവസാനത്തെ പ്രൈമറി കഴിഞ്ഞാല്‍ അവര്‍ക്ക് കിടന്ന് ഒച്ചയിടാന്‍ ഒരു പ്ലാറ്റ്ഫോമും ഉണ്ടാകില്ല. അതുകൊണ്ട് അതിന്ന് മുമ്പു തന്നെ അവര്‍ ഒബാമയ്ക്ക് പിന്തുണ പ്രഖ്യാപിച്ച് പിന്മാറുമെന്നാണ് എനിക്ക് തോന്നുന്നത്.
ഇനി ഒബാമയും മക്കെയിനും തമ്മിലുള്ള അടികള്‍ക്ക് കാത്തിരിക്കാം. ഹിലരിയെ അപേക്ഷിച്ച് മക്കെയിന്‍ വളരെ സംസ്ക്കാരമുള്ള വ്യക്തി ആയതുകൊണ്ട് നേരെയുള്ള നെഗറ്റീവ് ആക്രമണങ്ങള്‍ കുറവായിരിക്കും. പക്ഷേ, റിപ്പബ്ലിക്കന്‍ പാര്‍ട്ടി ജറമയ്യ റൈറ്റിന്റെയുമൊക്കെ പേരില്‍ ഒബാമയെ പൊരിക്കാന്‍ പോകുന്നതേയുള്ളൂ.
ചരിത്രത്തിലുണ്ടായ വൃണങ്ങള്‍ പൊറുപ്പിക്കാന്‍ അതു തന്നെ അവസരങ്ങള്‍ വച്ചുനീട്ടുക അപൂര്‍വ്വമാണ്. പക്ഷേ,അത്തരമൊരു അവസരം ഡമോക്രാറ്റിക് കണ്‍വെന്‍ഷനില്‍ ഒരുങ്ങുന്നുണ്ട്: പാര്‍ട്ടിയുടെ നോമിനേഷന്‍ സ്വീകരിച്ച് ബറാക്ക് ഹുസൈന്‍ ഒബാമ പ്രസംഗിക്കുവാന്‍ പോകുന്ന ദിവസം, ആഗസ്റ്റ് 28, മാര്‍ട്ടിന്‍ ലൂതര്‍ കിംഗിന്റെ പ്രശസ്തമായ '
I have a dream' പ്രഭാഷണത്തിന്റെ 45-ആം വാര്‍ഷികദിനമാണ്.