Wednesday, April 30, 2008

ഒബാമ: ഉടയുന്ന വിഗ്രഹം | അമേരിക്കന്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പ്

ഒബാമയ്ക്ക് ഇപ്പോള്‍ കഷ്ടകാലമാണ്. തിരഞ്ഞെടുപ്പിന് ഇറങ്ങിയപ്പോഴുണ്ടായിരുന്ന സൂപ്പര്‍ സ്റ്റാര്‍ പരിവേഷം നഷ്ടപ്പെട്ട്, ജറമയ്യ റൈറ്റ് എന്ന ഒരു പകുതി വട്ടന്‍ ഉപദേശിയുടെ ജല്പനങ്ങള്‍ തന്റെ സാധ്യതകള്‍ ഇല്ലാതാക്കുന്നത് തടയാന്‍ വേണ്ടി, അദ്ദേഹം ഇപ്പോള്‍ പെടാപ്പാട് പെടുന്ന കാഴ്ച തികച്ചും സങ്കടകരമാണ്. പ്രത്യേകിച്ചും ഒബാമയെപ്പോലെ പതിവു രാഷ്ട്രീയക്കാരനല്ലാത്ത ഒരാള്‍ അമേരിക്കന്‍ പ്രസിഡന്റായി കാണാന്‍ എനിക്ക് ആഗ്രഹമുള്ളപ്പോള്‍‍.

മാധ്യമങ്ങള്‍ തന്നെ അമിതമായി വിമര്‍ശിക്കുന്നു; ഒബാമയെ വേണ്ടവിധത്തില്‍ കൈകാര്യം ചെയ്യുന്നില്ല എന്നൊക്കെ ഹിലരി പരസ്യമായി പരിഭവം പറഞ്ഞുതുടങ്ങിയതു മുതലാണ് ഒബാമയുടെ പ്രതിച്ഛായക്ക് മങ്ങലേല്‍പ്പിക്കുന്ന ഓരോന്ന് മാധ്യമങ്ങള്‍ പുറത്തുകൊണ്ടു വരാന്‍ തുടങ്ങിയത്. അതില്‍ ഏറ്റവും നാശമുണ്ടാക്കിയത് ഒബാമയുടെ പള്ളിയിലെ പാസ്റ്റര്‍ ജറമയ്യ റൈറ്റിന്റെ പ്രകോപനകരമായ പ്രസംഗങ്ങളാണ്. (ഈ വിവാദത്തെക്കുറിച്ച് എന്റെ ആദ്യത്തെ പോസ്റ്റ് ഇവിടെ.) അത്യുജ്ജ്വലമായ ഒരു പ്രഭാഷണത്തിലൂടെ തന്റെ അനുയായികളുടെ സംശയങ്ങള്‍ ദൂരീകരിക്കാന്‍ ഒബാമയ്ക്ക് ആയെങ്കിലും, യാഥാസ്ഥികരായ വെളുത്ത ഡമോക്രാറ്റുകള്‍ അദ്ദേഹത്തില്‍ നിന്ന് വളരെ അകന്നു. ഇന്നലെ പ്രസിദ്ധീകരിച്ച ഒരു പോളുപ്രകാരം ദേശീയതലത്തില്‍ ഒബാമയെക്കാള്‍ മക്കെയിനെ തോല്പിക്കാന്‍ സാധ്യത വോട്ടര്‍മാര്‍ കൊടുക്കുന്നത് ഹിലരിക്കാണ്. ഇതുവരെ മിക്കവാറും പോളുകളില്‍ ഒബാമയായിരുന്നു അക്കാര്യത്തില്‍ മുമ്പില്‍. പ്രൈമറി കഴിഞ്ഞാലും ആര്‍ക്കും കേവല ഭൂരിപക്ഷം കിട്ടാനിടയില്ലാത്തതിനാല്‍ സ്ഥാനാര്‍ഥിയെ നിശ്ചയിക്കാനിടയുള്ള സൂപ്പര്‍ ഡലിഗേറ്റുകളുടെ അടുത്ത് തന്റെ വാദം ശക്തമാക്കാന്‍ ഇത്തരം പോളുകളില്‍ മുന്‍‌തൂക്കമുണ്ടായിരിക്കേണ്ടത് അത്യാവശ്യമാണ്. പാര്‍ട്ടിക്കാരുടെ ഭാഗത്തുനിന്ന് നോക്കുമ്പോള്‍ ആര്‍ക്കാണ് റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ഥിയായ മക്കെയിനെ തോല്‍പ്പിക്കാനാവുക എന്നതാണല്ലോ പ്രധാനം.

ജറമയ്യ റൈറ്റ് ആദ്യം മിണ്ടാതെയിരുന്നതുകൊണ്ട് ആ വിവാദം ഒന്ന് കെട്ടടങ്ങിയതായിരുന്നു. എന്നാലും ഒബാമയ്ക്ക് പെന്‍സില്‍‌വേനിയ പ്രൈമറിയില്‍ അത് ക്ഷീണമുണ്ടാക്കി. ഏകദേശം 10% വോട്ടിന് ഒബാമ അവിടെ തോറ്റത്, വലിയ, വെള്ളക്കാര്‍ അധികമുള്ള സംസ്ഥാനങ്ങളില്‍ അദ്ദേഹത്തിന് ജയിക്കാന്‍ സാധിക്കില്ല എന്ന വാദത്തിന് അടിവരയായി. റിപ്പബ്ലിക്കന്‍മാര്‍ ജറമയ്യ വിവാദത്തിനെ മുതലെടുക്കാന്‍ ടി.വി.പരസ്യങ്ങള്‍ ആസൂത്രണം ചെയ്തു; യാഥാസ്തിക സംസ്ഥാനങ്ങളിലെ ഡമോക്രാറ്റുകള്‍ പ്രാദേശിക തിരഞ്ഞെടുപ്പുകളില്‍ സ്വന്തം സാധ്യതകള്‍ കളഞ്ഞികുളിക്കാതിരിക്കാന്‍ ഒബാമയില്‍ നിന്ന് അകന്നു നില്‍ക്കാന്‍ ശ്രമിച്ചുതുടങ്ങി. അമേരിക്കക്കാരെ എല്ലാ തിരുവുകളില്‍ നിന്നും, പ്രത്യേകിച്ചും വംശീയ തരംതിരുവുകളില്‍ നിന്ന് മോചിപ്പിച്ച്, ഒന്നിപ്പിക്കാന്‍ ഇറങ്ങിത്തിരിച്ച ഒബാമയുടെ ഗതികേട് അവസാനം അങ്ങനെയായി.

അത്തരമൊരു സാഹചര്യമാണ് നിലനിന്നിരുന്നതെങ്കിലും, മെയ് 6-ന് നടക്കുന്ന ഇന്‍‌ഡ്യാനയിലെ പ്രൈമറിയില്‍ ജയിക്കാന്‍ നല്ല സാധ്യതയും നോര്‍ത്ത് കാരളൈനയില്‍ ജയിക്കുമെന്നുള്ള ഉറപ്പും ഒബാമയ്ക്ക് ഉണ്ടായിരുന്നു. അപ്പോഴാണ് തന്റെ ഭാഗം വിശദീകരിക്കാനെന്ന മട്ടില്‍ കഴിഞ്ഞ 2-3 ദിവസങ്ങളിലായി ജറമയ്യ റൈറ്റ് ഒരു പ്രസംഗപര്യടനത്തിനു തന്നെ ഇറങ്ങിത്തിരിച്ചത്. തന്റെ പഴയ പ്രസംഗങ്ങളിലെ വിവാദപരമായ എല്ലാ കാര്യങ്ങളെയും സമര്‍ഥിച്ചുകൊണ്ടായിരുന്നു അദ്ദേഹത്തിന്റെ പുതിയ പ്രസംഗങ്ങളും ഇന്റര്‍വ്യൂകളും. മാധ്യമങ്ങള്‍ അവയൊക്കെ ആഘോഷമായി കൊണ്ടുനടക്കുന്നു എന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ. ഒബാമയ്ക്ക് പ്രസിഡന്റ് സ്ഥാനാര്‍ഥി ആവുന്നതിനും തുടര്‍ന്ന് പ്രസിഡന്റ് ആയി തിരഞ്ഞെടുക്കപ്പെടുന്നതിനും എതിരെയുള്ള ഏറ്റവും വലിയ വെല്ലുവിളിയായാണ് ജറമയ്യ റൈറ്റ് രംഗത്തു വന്നിട്ടുള്ളത്.

ഒബാമ അമേരിക്കയിലെ വംശീയതയെപ്പറ്റി ചെയ്ത തന്റെ സുപ്രസിദ്ധമായ പ്രസംഗത്തില്‍ ജറമയ്യ റൈറ്റ് പറഞ്ഞ കാര്യങ്ങളെ തള്ളി പറഞ്ഞെങ്കിലും തന്നെ കല്യാണം കഴിപ്പിച്ച, തന്റെ കുട്ടികളെ മാമ്മോദീസ മുക്കിയ പാസ്റ്ററെ തള്ളിപ്പറയാന്‍ കൂട്ടാക്കിയില്ല. പക്ഷേ, ജറമയ്യ റൈറ്റ് യാതൊരു അനുഭാവവും ഒബാമയോട് കാണിക്കുന്നില്ല. ഒബാമ രാഷ്ട്രീയക്കാരനാണെന്നും തന്റെ ചിന്താഗതിയോട് അനുഭാവമുണ്ടെങ്കില്‍ പോലും വോട്ടു കിട്ടാന്‍ വേണ്ടി അത് പുറത്തു പറയില്ല എന്നൊക്കെയാണ് ജറമയ്യ റൈറ്റ് തട്ടിവിടുന്നത്. പൊതുവേ, കറമ്പരെ പേടിയായ വെള്ളക്കാര്‍ക്ക് ഹാലിളകാന്‍ വേറെ എന്തെങ്കിലും ആവശ്യമുണ്ടോ? എന്തായാലും, ഒബാമ ഇന്ന് ജറമയ്യ റൈറ്റിനെ ഏതാണ്ട് തള്ളിപ്പറഞ്ഞു; തനിക്ക് 20 വര്‍ഷങ്ങള്‍ക്ക് മുമ്പ് പരിചയമുണ്ടായിരുന്ന ആളല്ല, വെറുപ്പിന്റെ ദൈവശാസ്ത്രം പ്രസംഗിച്ചു നടക്കുന്ന ഇപ്പോഴത്തെ ജറമയ്യ റൈറ്റ് എന്നാണ് അദ്ദേഹം പറഞ്ഞത്. ആ വാദം സാധാരണ വെള്ളക്കാര്‍ വിശ്വസിക്കുമോ എന്നതാണ് പ്രശ്നം. തന്നെയുമല്ല, ജറമയ്യ റൈറ്റിനെ തള്ളിപ്പറയുക വഴി ഇപ്പോള്‍ ഒബാമയ്ക്കുള്ള കറുമ്പരുടെ 90% പിന്തുണയില്‍ ഇടിവുണ്ടാകാനും സാധ്യതയുണ്ട്. കാരണം ഒരു ചെറിയ ശതമാനം കറമ്പരെങ്കിലും ജറമയ്യ റൈറ്റിന്റെ തീവ്രവാദത്തെ പിന്തുണക്കുന്നവരാണ്; അത്തരക്കാര്‍ക്ക് ഒബാമ അനഭിമതനാകാന്‍ അദ്ദേഹം ഇന്ന് നടത്തിയ പ്രസ്താവനകള്‍ തന്നെ ധാരാളം.

ഇത്തരം പ്രശ്നങ്ങളും (പ്രധാനമായി ജറമയ്യ റൈറ്റ് വിവാദവും ടോണി റെസ്ക്കോ എന്ന ഷിക്കാഗോയിലെ ബില്‍ഡറുമായുള്ള ബന്ധവും), ഹിലരിയുടെ നിര്‍ത്താതെയുള്ള ചളി വാരി എറിയലുകളും, അവയ്ക്കെതിരെ ആ നാണയത്തില്‍ തന്നെ പ്രതികരിക്കേണ്ടി വന്നതും, വളരെയധികം പേര്‍ മനസ്സിലേറ്റിക്കൊണ്ടു നടന്ന ഒബാമ എന്ന വിഗ്രഹത്തിന് ഉടച്ചിലുകള്‍ ഉണ്ടാക്കിയിട്ടുണ്ട്. ഈയിടെയായിട്ട് അദ്ദേഹം മറ്റൊരു രാഷ്ട്രീയക്കാരനെപ്പോലെ പെരുമാറുന്നു എന്ന് മാധ്യമങ്ങളില്‍ അദ്ദേഹത്തെ പിന്തുണച്ചിരുന്നവര്‍ തന്നെ പറഞ്ഞുതുടങ്ങിയിട്ടുണ്ട്. നോര്‍ത്ത് കാരളൈനയിലും ഓറിഗണിലും ജയിക്കുകയാണെങ്കില്‍ ഡമോക്രാറ്റുകളുടെ സ്ഥാനാര്‍ഥി അദ്ദേഹം തന്നെ ആവുമെന്നാണ് പൊതുവേ കരുതപ്പെടുന്നത്. പക്ഷേ, ജറമയ്യ റൈറ്റിനെപ്പോലെയൊരാള്‍ക്ക് ഒബാമയുടെ കൈയകലത്തില്‍ വന്നിരിക്കുന്ന, ചരിത്രം സൃഷ്ടിക്കുവാന്‍ പോകുന്ന, അവസരം തട്ടിത്തെറിപ്പിക്കാന്‍ ആകും. ജറമയ്യ റൈറ്റ് കറമ്പരുടെ സകല കഷ്ടതകള്‍ക്കും വെള്ളക്കാരെ പഴിചാരുന്നുണ്ടെങ്കിലും, ഇപ്പോള്‍ ഒബാമ എന്ന കറമ്പന്റെ പേടിസ്വപ്നം, കാഴ്ചക്ക് വെള്ളക്കാരനെപ്പോലെയിരിക്കുന്ന ജറമയ്യ റൈറ്റ് തന്നെയാണ്. അദ്ദേഹത്തെ പ്രസ് ക്ലബ്ബുകളിലും ടി.വി.സ്റ്റേഷനുകളിലും കൂട്ടിക്കൊണ്ടു നടക്കുന്നത് ഒരു ഹിലരി അനുഭാവിയാണെന്ന് politico.com-ല്‍ വാര്‍ത്തയും കണ്ടു. (politico-യിലെ ലിങ്ക് തപ്പിയിട്ട് കിട്ടാത്തതിനാല്‍ മറ്റൊന്ന് ഇവിടെ കൊടുക്കുന്നു.) അതു ശരിയാണെങ്കില്‍ വെള്ളക്കാരും അവരുടെ പ്രോക്സികളും കറമ്പരെ ഇപ്പോഴും വെറുതെ വിടുന്നില്ല എന്നുതന്നെ വേണം കരുതാന്‍.

6 comments:

t.k. formerly known as thomman said...

ഒബാമയുടെ സമീപകാല യാതനകളെപ്പറ്റി ഒരു കുറിപ്പ്. ഒരു സാധാരണ രാഷ്ട്രീയക്കാരിക്കുപരിയായി ജയിക്കാന്‍ എന്തു കുതന്ത്രവും എടുക്കാന്‍ മടിയില്ലാത്ത ആളാണ്‍ താനെന്ന് ഹിലരി ഈ പ്രചരണം വഴി തെളിയിച്ചുകൊണ്ടിരിക്കുകയാണ്‍. ജറമയ്യ റൈറ്റുപോലുള്ളവരുടെ സഹവര്‍ത്തിത്വം വഴി ഒബാമ അതിന്ന് തലവച്ച് കൊടുക്കുകയും.

മൂര്‍ത്തി said...

നന്ദി വിശകലനത്തിന്...കാത്തിരുന്നുകാണാം അല്ലേ?

ചിതല്‍ said...

അന്ന് അല്‍ഗോരില്‍ ചെറിയ പ്രതീക്ഷ ചിലര്‍ക്കുണ്ടായിരുന്നു, “മഹത്തായ” അമേരിക്കന്‍ ജനാധിപത്യം ബുഷിനെ എങ്ങനെയാണ് അന്ന് അധികാരത്തില്‍ കേറ്റിയത് എന്ന് നാം കണ്ടു.. ഇനി ക്ലിന്റന്റെ ഹിലാരിയെയും.

പിന്നെ ആകെ കണ്‍ഫ്യൂഷന്‍. ഒബാമയില്‍ പ്രതീക്ഷ വെക്കാം(വിജയമെല്ലാം മനുഷ്യത്വം) എന്ന് ചില ലേഖനങ്ങള്‍ വായിച്ചു. പ്രതീക്ഷയെ വേണ്ട എന്ന ചില കുറിപ്പും കണ്ടു.. ലോകപോലീസ് ചമയുന്നു എന്ന് പറയുമെങ്കിലും എല്ലാവരും അമേരിക്കയെ ലോകപോലീസായി തന്നെ മനസ്സില്‍ കാണുന്നില്ലേ.. ആ ഒരു ഭയം (പോലിസിനോടുള്ള)എല്ലാവര്‍ക്കും ഇല്ലേ.. കുറച്ചെങ്കിലും മനുഷ്യത്വം ഉള്ള ആളാകട്ടെ പുതിയ പോലീസ് മേധാവി എന്ന് ആഗ്രഹിക്കാന്‍ ഒബാമക്ക് വേണ്ടി പ്രാര്‍ത്ഥിക്കണോ..
ആ. അവരായി അവരുടെ പാടായി ..(എന്നാലും)

നല്ല വിശകലനം..നന്ദി..

ചിതല്‍ said...

:)

Manoj | മനോജ്‌ said...

ഏതു വിലകൊടുത്തും സ്ഥാനാര്‍ത്ഥിയാകാ‍നാണ് ഹിലരിയുടെ ശ്രമം.കൂട്ടിന് രാഷ്ട്രീയ വക്രത കൈക്കലുള്ള ഒരു സെറ്റ് ആള്‍ക്കാരും!

ഇതിനിടെ ജെറമൈയാ റൈറ്റിനെപ്പോലെ ഒരൂത്തനും... പുലീപോലെ വന്നവന്‍ എലിപോലെ പോകാന്‍ ഇതില്‍പ്പരം കാരണങ്ങള്‍ വേണോ? ഒബാമയുടെ back pocket ല്‍ പുതിയ അടവുകള്‍ വല്ലതും കാണുമോ എന്ന് നോക്കാം...

t.k. formerly known as thomman said...

മൂര്‍ത്തി - ഒബാമ തന്നെ ഡമോക്രാറ്റ് സ്ഥാനാര്‍ഥി ആകാനാണ് ഇപ്പോഴും സാധ്യത. പക്ഷേ, അദ്ദേഹം പൊതുതിരഞ്ഞെടുപ്പില്‍ മക്കെയിനെ നേരിടുന്നത് പ്രൈമറിയില്‍ നിന്നേല്‍ക്കുന്ന പരിക്കിന്റെ ക്ഷീണത്തിലാവും.

ചിതല്‍ - അമേരിക്കയുടെ ഇപ്പോഴത്തെ വീഴ്ച അല്‍ ഗോറിന്റെ തോല്‍‌വിയില്‍ നിന്നാണ്‌ ആരംഭിക്കുന്നത്. 2004-ല്‍ കെറിയെ ജയിപ്പിച്ച് ആ വീഴ്ചയുടെ വേഗത കുറയ്ക്കാമായിരുന്നു; പക്ഷേ, അമേരിക്കക്കാര്‍ക്ക് വേണ്ടിയിരുന്നത് ബുഷിനെ തന്നെ. വിദേശ (ലോകപോലീസ്) നയത്തില് ഒബാമ വ്യത്യാസമുണ്ടാക്കാന്‍ വഴിയുണ്ട്. ഏറ്റുമുട്ടലിന്റെ മാത്രം വഴി പിന്തുടരാതെ ചര്‍ച്ചകള്‍ക്കും സ്ഥാനം കൊടുക്കണമെന്ന് അദ്ദേഹം പറഞ്ഞുവച്ചിട്ടുണ്ട്; അതിന്റെ പേരില്‍ ഹിലരിയും കൂട്ടരും അദ്ദേഹം ദുര്‍ബലനാണെന്ന് കാണിച്ച് മുതലെടുക്കാനും നോക്കുന്നുണ്ട്. പക്ഷേ, പാക്കിസ്ഥാനെ വേണമെങ്കില്‍ ആക്രമിക്കുമെന്ന് ഒബാമ പറഞ്ഞത് മറക്കരുത്.

സ്വപ്നാടകന്‍ - വിവാദങ്ങള്‍ ഒബാമയുടെ തിളക്കം ഒട്ടൊക്കെ കുറച്ചിട്ടുണ്ട്. പക്ഷേ, എന്തെങ്കിലും വ്യത്യാസങ്ങള്‍ കൊണ്ടുവരാന്‍ അദ്ദേഹത്തിനേ കഴിയൂ. ‍