കേരള സാഹിത്യ അക്കാദമി “അമേരിക്കന്‍ മലയാളി കവീതകള്‍” എന്ന പേരില്‍ ഒരു കവിതാസമാഹാരം പുറത്തിറക്കിയിരിക്കുന്നു. പുസ്തകപ്രകാശനത്തിന്റെ വിശദാംശങ്ങള്‍ ഇവിടെ ഉണ്ട്. ജോസഫ് നമ്പിമഠമാണ് ഈ സമാഹാരം എഡിറ്റ് ചെയ്തിരിക്കുന്നത്. ചെറിയാന്‍ കെ. ചെറിയാന്‍, ജയന്‍ കെ.സി. തുടങ്ങിയ പ്രശസ്തന്മാര്‍ ഇതില്‍ ഉണ്ട്; അതിന്റെ കൂടെ എന്റെ മെംഫിസിലെ കാഴ്ചകള്‍ എന്ന കവിതയും ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഈ കവിത പോസ്റ്റു ചെയ്തുകൊണ്ടാണ് 2006-ല്‍ ഞാന്‍ എന്റെ മലയാള ബ്ലോഗിംഗ് ആരംഭിക്കുന്നത്.
ആകെ 40 കവിതകള്‍ ആണ് ഈ പുസ്തകത്തില്‍ ഉള്ളത്. രണ്ടോ മൂന്നോ പേരുടേതൊഴിച്ചാല്‍ അമേരിക്കന്‍ മലയാളികളുടെ ഇടയില്‍ നിന്ന് ഗൌരവമുള്ള കവിതകളൊന്നും ഉണ്ടാവുന്നില്ല എന്ന വ്യക്തിപരമായ അഭിപ്രായക്കാരനാണ് ഞാന്‍. എന്നാലും, കവിതയില്‍ താല്പര്യമുള്ളവര്‍ കുറഞ്ഞത് 40 പേരെങ്കിലും ഞാനുള്‍പ്പെടുന്ന അമേരിക്കന്‍ മലയാളി സമൂഹത്തില്‍ ഉണ്ടെന്നറിയുന്നത് വളരെ ആഹ്ലാദകരമാണ്. ആ സന്തോഷവും, ബ്ലോഗില്‍ മാത്രം ഇതിന്നുമുമ്പ് പ്രത്യക്ഷപ്പെട്ട എന്റെ കവിത ഈ സമാഹാരത്തിലേക്ക് തിരഞ്ഞെടുക്കപ്പെട്ടതിന്റെ സന്തോഷവും ഇവിടെ പങ്കുവയ്ക്കട്ടെ.
