കഴിഞ്ഞ പോസ്റ്റിലെ കമന്റുകളില്‍ സൂചിപ്പിച്ചതുപോലെ, പോളുകളില്‍, നേരിയ ലീഡില്‍ നിന്ന് വ്യക്തമായ ലീഡിലേക്ക് ഒബാമ നീങ്ങുന്നതായിട്ടാണ് ഇപ്പോള്‍ കാണുന്നത്. റിപ്പബ്ലിക്കന്‍ ശക്തിദുര്‍ഗ്ഗങ്ങളായിരുന്ന വിര്‍ജീനിയയിലും നോര്‍ത്ത് കാരളൈനയിലും ഒബാമ മുന്നേറുമ്പോള്‍ ആടി നിന്ന പല സംസ്ഥാനങ്ങളിലും അദ്ദേഹം തന്റെ നില ശക്തമാക്കിയിട്ടുണ്ട്. ഫ്ലോറിഡ, ഒഹായോ എന്നീ വലിയ സംസ്ഥാനങ്ങളില്‍ മക്കെയിന്റെ ലീഡ് കുറയ്ക്കുകയും ചെയ്തു. ഈ നില തുടരുകയാണെങ്കില്‍ നവംബര്‍ 4-ന് വിജയിക്കുന്നത് ഒബാമ തന്നെ ആയിരിക്കും.
ഒബാമയ്ക്ക് പെട്ടന്ന് പിന്തുണ കൂടാനുള്ള കാരണം? അമേരിക്കന്‍ സാമ്പത്തികമേഖലയുടെ തകര്‍ച്ച തന്നെ. അമേരിക്കന്‍ ചരിത്രത്തിലെ തകര്‍ന്നടിഞ്ഞ ഏറ്റവും വലിയ ബാങ്കായി ഈ ആഴ്ച നിലംപതിച്ച വാഷിംഗ്‌ടണ്‍ മ്യൂച്ചല്‍ ബാങ്ക്. സാമ്പത്തിക സ്ഥാപനങ്ങളുടെ തകര്‍ച്ച ഒഴിവാക്കാന്‍ 700 ബില്യണ്‍ ഡോളറിന്റെ (അമേരിക്കന്‍ GDP-യുടെ ഏകദേശം 6%) പാക്കേജിന് സര്‍ക്കാര്‍ പദ്ധതിയിടുന്നുണ്ടെങ്കിലും ഇതുവരെ അതിന്നെപ്പറ്റി കോണ്‍ഗ്രസില്‍ സമവായം ആയിട്ടില്ല. ബുഷിന്റെ പാര്‍ട്ടിക്കാരായ റിപ്പബ്ലിക്കന്മാര്‍ തന്നെയാണ് അതിന്റെ പ്രധാന വിമര്‍ശകര്‍ എന്നതാണ് ഏറെ രസകരം. വിലയിടിഞ്ഞ, മോര്‍ട്ട്‌ഗേജ്(ഗൃഹവായ്പ)കള്‍ സര്‍ക്കാര്‍ വാങ്ങിക്കൂട്ടി ബാങ്കുകളെ രക്ഷിക്കുക എന്നതാണ് ഈ പദ്ധതിയുടെ പ്രധാന ഉദ്ദേശം. അത്യാഗ്രഹം മൂത്ത്, ബാങ്കുകള്‍ നടത്തിയ ചൂതാട്ടത്തില്‍ കാശ് കളഞ്ഞുകുളിച്ചവരെ ജനങ്ങളുടെ നികുതികൊണ്ട് രക്ഷിക്കുക! എങ്ങനെ വീണാലും വാള്‍ സ്ട്രീറ്റുകാര്‍ നാലുകാലിലേ വീഴൂ. പൊതുജനങ്ങള്‍ ഈ പദ്ധതിക്ക് എതിരാണെന്ന് തോന്നുന്നു. റിപ്പബ്ലിക്കന്മാരോടുള്ള രോഷം ഒബാമയ്ക്ക് പിന്തുണയായി മാറുന്നുമുണ്ട്.
സാമ്പത്തികകാര്യങ്ങളില്‍ ജനങ്ങള്‍ ഒബാമയെ കൂടുതല്‍ വിശ്വസിക്കുന്നതുകൊണ്ട് ആ രംഗത്ത് കാലുറപ്പിക്കാന്‍ മക്കെയിന്‍ ഒരു ചെറിയ സ്റ്റണ്ടു നടത്തി, ഇന്നലത്തെ ഡിബേറ്റില്‍ പങ്കെടുക്കാതെ വാഷിംഗ്ടണില്‍ പോയി അവിടെ വാള്‍ സ്ട്രീറ്റ് രക്ഷാപദ്ധതി ഉഷാറാക്കും എന്ന് അദ്ദേഹം ഒരു പ്രഖ്യാപനം നടത്തി. അദ്ദേഹം അവിടെ ചെന്നെങ്കിലും പട്ടി ചന്തയ്ക്കുപോയതു പോലെ തിരിച്ചുപോരേണ്ടി വന്നു. ഒബാമയുമായി സംവാദത്തില്‍ പങ്കെടുക്കാന്‍ പേടിയായതുകൊണ്ടാണ് അത് ഒഴിവാക്കാന്‍ നോക്കിയതെന്നും, വാള്‍ സ്ട്രീറ്റ് രക്ഷാപദ്ധതിയുടെ ചര്‍ച്ചകളില്‍ രാഷ്ട്രീയം കലര്‍ത്തി എന്നുമൊക്കെയുള്ള ആരോപണങ്ങള്‍ക്ക് മക്കെയിന്‍ വിധേയനായതു മാത്രം മിച്ചം.
അവസാനം ഡിബേറ്റ് ഇന്നലെ തന്നെ നടന്നു. മക്കെയിനും ഒബാമയും തമ്മിലുള്ള വ്യത്യാസം നേരിട്ടറിയാന്‍ കിട്ടിയ ഒരവസരമായിരുന്നു. പോളുകള്‍ സൂചിപ്പിക്കുന്നതുപോലെ ഒബാമയായിരുന്നു ഡിബേറ്റിലെ വിജയി. തന്റെ നയങ്ങള്‍ വ്യക്തമായി പറയാന്‍ ഒബാമ ശ്രമിച്ചപ്പോള്‍ ക്യാംമ്പയിന്‍ മുദ്രാവാക്യങ്ങള്‍ ആവര്‍ത്തിക്കാനും ഒബാമയെ പുച്ഛിക്കാനും മാത്രമേ മക്കെയിന്‍ തയ്യാറായുള്ളൂ. സാമ്പത്തികകാര്യങ്ങള്‍ ചര്‍ച്ച ചെയ്തപ്പോള്‍ ഒബാമയാണ് വ്യക്തമായും മുന്നിട്ടു നിന്നത്. വിദേശ-സുരക്ഷാ കാര്യങ്ങളില്‍ മക്കെയിനാണ് ചര്‍ച്ചയില്‍ മുന്തൂക്കമുണ്ടായിരുന്നതെന്ന് മാധ്യമങ്ങള്‍ പറയുന്നുണ്ടെങ്കിലും കാര്യങ്ങള്‍ കൃത്യമായി പറഞ്ഞത് ഒബാമയാണെന്നാണ് എനിക്കു തോന്നിയത്. പ്രത്യേകിച്ചും അമേരിക്കയുടെ പുറത്തുള്ള ഇമേജ് വര്‍ദ്ധിപ്പിക്കുന്നതിനെയും അണ്വായുധനിയന്ത്രണത്തെപ്പറ്റിയും ഒക്കെയുള്ള അദ്ദേഹത്തിന്റെ നിരീക്ഷണങ്ങള്‍.
(അതിനിടക്ക് “മനോരമ”യില്‍ ഡിബേറ്റിനെപ്പറ്റി ഒരു വാര്‍ത്ത കണ്ടു. വാര്‍ത്തയും എന്റര്‍റ്റെയ്ന്മെന്റും കൂട്ടിക്കുഴക്കുന്നത് അവര്‍ക്ക് പതിവ് പരിപാടിയാണ്. അതിന്നിടയില്‍ വാര്‍ത്തയുടെ കൃത്യത നോക്കാന്‍ മെനക്കെടാറുമില്ല. വാഷിംഗ്‌ടണില്‍ നിന്നാണ് വാര്‍ത്ത വരുന്നതെങ്കിലും അമേരിക്കന്‍ രാഷ്ട്രീയവും ഭൂമിശാസ്ത്രവും ലേഖകര്‍ക്ക് അറിയില്ല എന്ന് വളരെ വ്യക്തം. ഉദാഹരണത്തിന് ഡിബേറ്റ് നടന്നത് മെംഫിസിലെ ഓക്സ്‌ഫഡില്‍ ആണത്രേ. മിസിസിപ്പിയിലെ ഓക്സ്‌ഫഡില്‍ ആണ് ഡിബേറ്റ് നടന്നതെന്ന് ഏത് അമേരിക്കന്‍ പത്രത്തിന്റെ സൈറ്റില്‍ പോയാലും വായിക്കാം. ഓക്സ്ഫഡ് എന്ന “ഓള്‍ മിസ്” യൂണിവേഴ്സിറ്റി ടൌണിന് അടുത്തുള്ള, അയല്‍ സംസ്ഥാനമായ ടെന്നസിയിലെ ഒരു പ്രധാന നഗരമാണ് മെംഫിസ്. ഡിബേറ്റ് നടന്നത് യൂണിവേഴ്സിറ്റി കാമ്പസില്‍ ആണ്. ഇത്തരം വലിയ പത്രങ്ങളില്‍, കാര്യങ്ങള്‍ “പൈങ്കളീകരിക്കാതെ” തിരഞ്ഞെടുപ്പ് പ്രക്രിയയെക്കുറിച്ച് കുറച്ചുകൂടി വ്യക്തമായി പ്രതിപാദിച്ചെങ്കില്‍ നന്നായിരുന്നു. ഈ വാര്‍ത്ത വായിച്ചാല്‍ നാട്ടിലുള്ളവര്‍ക്ക് മക്കെയിനും ഒബാമയും ഏതോ ആഘോഷത്തില്‍ പങ്കെടുക്കാന്‍ പോയതുപോലെ തോന്നും. പ്രസിഡന്റ് തിരഞ്ഞെടുപ്പിലെ പ്രധാനപ്പെട്ട ഒരു പ്രക്രിയയാണ് സ്ഥാനാര്‍ഥികള്‍ തമ്മിലുള്ള സംവാദമെന്ന് യാതൊരു സൂചനയും ആ വാര്‍ത്തയില്‍ ഇല്ല.)
മുമ്പ് മക്കെയിന്‍ പ്രസിഡന്റായാലും എനിക്ക് കുഴപ്പമില്ല എന്ന് ഞാന്‍ പറഞ്ഞിരുന്നല്ലോ. അദ്ദേഹം സെയ്‌റാ പെയ്‌ലിനെ തിരഞ്ഞെടുത്തതു മുതല്‍ എനിക്ക് അദ്ദേഹത്തിന്റെ യോഗ്യതയിലും കഴിവുകളിലും സംശയം വന്നു തുടങ്ങിയിരുന്നു. ഈ ഡിബേറ്റിനു ശേഷം ഒരു കാര്യം വളരെ വ്യക്തമായി- മക്കെയിന്‍ ആധുനികകാലത്ത് അമേരിക്കയെ നയിക്കാന്‍ പറ്റിയ ആളല്ല.
സെയ്‌റാ പെയ്‌ലിന്‍ മണ്ടത്തരങ്ങള്‍ വിളിച്ചുപറഞ്ഞ് റിപ്പബ്ലിക്കന്മാരെ നാണം കെടുത്തുന്നുണ്ട്. അതിലേക്കൊന്നും കൂടുതല്‍ പോകാന്‍ സമയം അനുവദിക്കുന്നില്ല. യാഥാസ്ഥിക ബുദ്ധിജീവികള്‍ പോലും അവര്‍ മത്സരത്തില്‍ നിന്ന് പിന്‍വാങ്ങണമെന്ന് ആവശ്യപ്പെട്ടു തുടങ്ങി. (അത്തരം പിന്‍വാങ്ങലുകള്‍ ഉണ്ടായിട്ടുണ്ട്.) ഒക്ടോബര്‍ 2-ന് സെന്റ് ലൂയിസിലെ വാഷിംഗ്‌ടണ്‍ യൂണിവേഴ്‌സിറ്റിയില്‍ വച്ചു നടക്കുന്ന വൈസ് പ്രസിഡന്റ് സ്ഥാനാര്‍ഥികളുടെ ഡിബേറ്റില്‍ അവര്‍ ജോ ബൈഡനെ എങ്ങനെ എതിരിടും എന്നാണ് ഇപ്പോള്‍ എല്ലാവരും ഉറ്റുനോക്കുന്നത്.
Showing posts with label പെയ്‌ലിന്‍. Show all posts
Showing posts with label പെയ്‌ലിന്‍. Show all posts
Saturday, September 27, 2008
Subscribe to:
Posts (Atom)
