Showing posts with label മക്കെയിന്‍. Show all posts
Showing posts with label മക്കെയിന്‍. Show all posts

Sunday, November 02, 2008

മക്കെയിന്‍ ക്യാം‌മ്പയിന്റെ പെട്ടിയിലെ അവസാനത്തെ ആണി | അമേരിക്കന്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പ്

ബുഷിനെയും ചെയ്നിയെയും അടുപ്പിക്കാതെ മക്കെയിന്‍ തിരഞ്ഞെടുപ്പ് പ്രചരണം ഇത്രയും നാള്‍ ഒരു വിധത്തില്‍ കൊണ്ടുനടന്നിരുന്നു. ബുഷ് മക്കെയിനെ പരസ്യമായി പിന്തുണച്ചോ പ്രസ്താവന ഇറക്കിയോ ബുദ്ധിമുട്ടിക്കാതിരിക്കാന്‍ ശ്രമിച്ചിരുന്നു. റിപ്പബ്ലിക്കന്‍ കണ്‍‌വെന്‍ഷനില്‍ പോലും നേരിട്ട് പങ്കെടുക്കാതെ, തനിക്കെതിരെയുള്ള ജനരോഷം മക്കെയിന് ബാധ്യതയാകാതെ നോക്കിയിരുന്നു. പക്ഷേ, ബുഷിനേക്കാള്‍ അപ്രിയനായ ചെയ്നി ഈ അവസാന നിമിഷത്തില്‍ എന്തോ വൈരാഗ്യം തീര്‍ക്കുന്നതുപോലെയാണ് മക്കെയിന് എന്‍‌ഡോഴ്‌സ്‌മെന്റ് കൊടുത്തത്. വോട്ടിം‌ഗ് ബൂത്തിലേക്ക് ജനങ്ങള്‍ നില്‍ക്കുമ്പോള്‍ ബുഷ്-ചെയ്നി ഭരണകൂടവുമായി മക്കെയിനുള്ള ബന്ധം അവരുടെ ഓര്‍മയില്‍ തങ്ങിനില്‍ക്കാന്‍ ഈ എന്‍‌ഡോഴ്‌സ്മെന്റ് ശരിക്കും ഉപകരിക്കും. പാവം മക്കെയിന്‍; പ്രചരണത്തിന്റെ സമയത്ത് എന്തൊക്കെ മോശമായി സംഭവിക്കാന്‍ ഇടയുണ്ടായിരുന്നോ അവയൊക്കെ യാഥാ‍ര്‍ഥ്യമായി, തിരഞ്ഞെടുപ്പു ഗോദയില്‍ അദ്ദേഹത്തിന്റെ തിരഞ്ഞെടുപ്പ് ക്യാം‌മ്പയിന്‍ മരണാസന്നമായി കിടക്കുകയാണ്. ചെയ്നിയുടെ എന്‍ഡോഴ്സ്മെന്റ് അതിന്റെ പെട്ടിയിലെ അവസാ‍നത്തെ ആണിയുമായി.

ഒബാമ ക്യാം‌മ്പയിന്‍ ഡിക്ക് ചെയ്‌നിയുടെ പ്രസ്താവന ടിവി പരസ്യമാക്കി അവസാന മണിക്കൂറുകളില്‍ പ്രക്ഷേപണം ചെയ്യാന്‍ പോവുകയാണ്. പകരം മക്കെയിന്റെ ക്യാം‌മ്പയിന്‍, ഒബാമയ്ക്കെതിരെയും മക്കെയിന്ന് അനുകൂലമായും ഹിലരി നടത്തിയ ചില പ്രസ്താവനകള്‍ ആണ് അവസാനനാളുകളിലെ പരസ്യത്തില്‍ ഉപയോഗിക്കുന്നത്.

ABC News-ന്റെ ഇന്നത്തെ പോളില്‍ 11% വോട്ടുകള്‍ക്ക് ദേശീയതലത്തില്‍ ഒബാമ മുന്നിലാണ്. Rasmussen Reports-ലും ഒബാമയ്ക്ക് ഇന്ന് 51% പിന്തുണ കാണിക്കുന്നുണ്ട്. യുദ്ധക്കളസംസ്ഥാനങ്ങളില്‍ Reuters/Zogby പോളുകളുടെ ഫലം കുറച്ചുമുമ്പ് പുറത്തിറങ്ങി; അതിലും മക്കെയിന്ന് സാധ്യതയൊന്നും കാണുന്നില്ല. പ്രധാനപ്പെട്ട മാധ്യമങ്ങള്‍ എല്ലാം മക്കെയിനെ എഴുതിതള്ളിയ മട്ടാണ്. പെന്‍‌സില്‍‌വേനിയയില്‍ മക്കെയിന്‍ അട്ടിമറി വിജയം നേടുകയാണെങ്കില്‍ പോലും മറ്റു റിപ്പബ്ലിക്കന്‍ സംസ്ഥാനങ്ങളില്‍ ഉറപ്പായിട്ടുള്ള അദ്ദേഹത്തിന്റെ തോല്‍‌വി, 270 ഇലക്ടറല്‍ വോട്ടുകള്‍ പിടിക്കുക അദ്ദേഹത്തിന് ഏതാണ്ട് അസാധ്യമായ ഒരു കാര്യമായി തീര്‍ത്തിട്ടുണ്ട്.

സാറാ പേലിന്‍ താനൊരു മന്ദബുദ്ധിയാണെന്ന് വീണ്ടും നാട്ടുകാര്‍ക്ക് കാണിച്ചുകൊടുത്തു. മോണ്‍‌ട്രിയോളില്‍ (കാനഡ) നിന്ന് ഒരു റേഡിയോ ജോക്കി ഫ്രഞ്ച് പ്രസിഡന്റ് നിക്കോളാസ് സര്‍ക്കോസിയാണെന്ന ഭാവേന സാറാ പേലിന്നെ ഫോണില്‍ വിളിച്ച് കുറെ സംസാരിച്ചു; മിക്കവാറും അവരെ കളിയാക്കുന്ന രീതിയില്‍. (ക്ലിപ്പ് ഇവിടെ.) എന്നിട്ടും അവര്‍ക്ക് അത് മനസിലാകാതിരുന്നത് IQ-വിന്റെ കുറവു തന്നെയായിട്ടാണ് എനിക്ക് തോന്നുന്നത്.

ജോര്‍ജ്ജ് സ്റ്റെഫ്‌നാപോളസ് അടക്കമുള്ള രാഷ്ട്രീയനിരീക്ഷകരുടെ ഇലക്ടറല്‍ കോളജ് നിഗമനങ്ങള്‍ ABC News പുറത്തിറക്കിയിട്ടുണ്ട്. എല്ലാവരും 350-ന് അടുത്ത് വോട്ടുകളാണ് ഒബാമയ്ക്ക് കിട്ടുമെന്ന് പ്രതീക്ഷിക്കുന്നത്. എന്റെ നിഗമനം ഞാന്‍ കുറച്ചുകൂടി ലളിതമാക്കി. 2004-ല്‍ ജോണ്‍ കെറി ജയിച്ച എല്ലാ സംസ്ഥാനങ്ങളും ഒബാമ നിലനിര്‍ത്തുമെന്ന് ഞാന്‍ കരുതുന്നു. അതിന്നോടൊപ്പം 2004-ല്‍ ബുഷ് ജയിച്ച നെവാഡ, കൊളറാഡോ, ന്യൂ മെക്സിക്കോ, അയോവ, ഒഹായോ, വിര്‍ജീനിയ, ഫ്ലോറിഡ എന്നീ സംസ്ഥാനങ്ങള്‍ ഒബാമ പിടിച്ചെടുക്കുമെന്നും ഞാന്‍ കരുതുന്നു. അത്തരത്തിലുള്ള വിജയം ഒബാമയ്ക്ക് 349 ഇലക്ടറല്‍ വോട്ടുകള്‍ നേടിക്കൊടുക്കും; ജയിക്കാന്‍ ആകെയുള്ള 538 വോട്ടുകളില്‍ 270 എണ്ണം പിടിച്ചാല്‍ മതി. ഇന്‍‌ഡ്യാന, നോര്‍ത്ത് കാരളൈന, അരിസോണ, മൊണ്ടാന, നോര്‍ത്ത് ഡക്കോട്ട, ജോര്‍ജിയ എന്നിവിടങ്ങളിലും ഒബാമ മത്സരം കടുപ്പമാക്കിയിട്ടുണ്ടെങ്കിലും അവിടെയൊക്കെ മക്കെയിന്‍ തന്നെ ജയിക്കാനാണ് കൂടുതല്‍ സാധ്യത.

തിരഞ്ഞെടുപ്പിന്റെ അന്ന് ഞാന്‍ ലൈവ് ബ്ലോഗ് ചെയ്യുന്നുണ്ട്. പങ്കെടുക്കാന്‍ ശ്രമിക്കുക. അതിന് ഈ പോസ്റ്റായിരിക്കും ഞാന്‍ ഉപയോഗിക്കുന്നത്. അതില്‍ പോയി ഒരു കമന്റിട്ട് Follow-up comments by e-mail ചെക്ക് ചെയ്താല്‍ അപ്‌ഡേറ്റുകള്‍ ഇ-മെയിലില്‍ തത്സമയം കിട്ടും.

Wednesday, October 29, 2008

ഒബാമ ഇന്‍‌ഫോമേഴ്‌‌സ്യല്‍ - ഒരു പുതിയ പ്രചരണ തന്ത്രം കൂടി | അമേരിക്കന്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പ്



ഇന്നത്തെ പ്രധാന വാര്‍ത്ത (അതോ സംഭവമോ) ഒബാമ പ്രധാനപ്പെട്ട ചാനലുകളില്‍ ഇട്ട 30 മിനിട്ട് നേരത്തെ ഒരു പരസ്യമായിരുന്നു (ഇന്‍‌ഫോമേഴ്‌സ്യല്‍). ഡോക്യുമെന്ററി പോലെയുള്ള ഈ പരസ്യം ഒബാമയുടെ നയങ്ങള്‍, ആവര്‍ത്തിച്ച്, കുറച്ചുകൂടി വ്യക്തമായ ഭാഷയില്‍ വോട്ടര്‍മാരുടെ അടുത്ത് എത്തിക്കുക എന്ന ഉദ്ദേശത്തോടെ നിര്‍മ്മിക്കപ്പെട്ടതാണ്.

ഞാന്‍ ഇന്നലെ സൂചിപ്പിച്ചതുപോലെ, ഈ പരസ്യം കണ്ടാല്‍ ജനങ്ങള്‍ക്ക് അത് ഒബാമ അധികച്ചിലവ് നടത്തിയതാണെന്ന തോന്നല്‍ ഉണ്ടാകുമെന്ന് തോന്നുന്നില്ല. വളരെ മികച്ച രീതിയില്‍ നിര്‍‌മ്മിച്ചിട്ടുള്ള, കാഴ്ചക്കാരെ മടുപ്പിക്കാത്ത ഒന്നാണത്. പ്രചരണത്തിന് അങ്ങനെ ഒബാമ മറ്റൊരു പുതിയ രീതി സംഭാവന ചെയ്തിരിക്കുകയാണ്; വെബ്ബുപയോഗിച്ചുള്ള നൂതനമാര്‍ഗ്ഗങ്ങളാണ് പ്രചരണതന്ത്രത്തിലേക്കുള്ള അദ്ദേഹത്തിന്റെ പ്രധാന സംഭാവന. ഭാവിയിലെ തിരഞ്ഞെടുപ്പുകളില്‍ ഇതുപോലൊരു പ്രചരണായുധം അവസാനത്തെ ആഴ്ചയില്‍ സ്ഥാനാര്‍‌ഥികള്‍ കൊണ്ടുവരും എന്ന് ഉറപ്പാണ്.

ജോണ്‍ മക്കെയിന്‍ ഒബാമയുടെ ഈ സംരംഭത്തെ വിമര്‍ശിച്ചു. ഇന്ന് അദ്ദേഹം ജോ എന്ന പ്ലം‌ബറെ വിട്ട്, ഒബാമ വന്നാല്‍ രാജ്യസുരക്ഷ പ്രശ്നമാകും എന്ന് പറഞ്ഞ് വോട്ടര്‍‌മാരെ പേടിപ്പിക്കാനാണ് നോക്കിയത്. (കഴിഞ്ഞ തവണ ഡിക്ക് ചെയ്നി ഫലപ്രദമായി ചെയ്ത കാര്യം.) സാറാ പേലിന്‍ ഒബാമയ്ക്ക് ഒരു പലസ്തീന്‍ തീവ്രവാദിയുമായി ബന്ധമുണ്ട് എന്ന് പറഞ്ഞ് ജനങ്ങളെ പേടിപ്പിക്കാനും ശ്രമിച്ചു. (കൊളം‌മ്പിയ യൂണിവേഴ്‌സിറ്റിയിലെ പലസ്തീന്‍‌ വംശജനായ ഒരു പ്രഫസറുമായി ഒബാമയ്ക്ക് പരിചയമുള്ളതാണ് ആ ആരോപണത്തിന്റെ അടിസ്ഥാനം.) പരിതാപകരമായ ഒരു പ്രചരണം എന്നേ അതേക്കുറിച്ച് പറയാനുള്ളൂ. അതിന്നിടയ്ക്ക് പേലിന്‍ പരാജയത്തില്‍ നിന്ന് പോറലേല്‍‌ക്കാതെ രക്ഷപ്പെടാനുള്ള ഓരോ അടവുകളും പയറ്റുന്നുണ്ട്; അതൊന്നും വിസ്തരിച്ച് ഞാന്‍ നേരം കളയുന്നില്ല.

തിരഞ്ഞെടുപ്പിന്റെ അന്ന് ഞാന്‍ ലൈവ് ബ്ലോഗ് ചെയ്യുന്നുണ്ട്. പങ്കെടുക്കാന്‍ ശ്രമിക്കുക. അതിനൊരു പ്രത്യേക പോസ്റ്റായിരിക്കും ഞാന്‍ ഉപയോഗിക്കുന്നത്. നിങ്ങള്‍ക്ക് തിരഞ്ഞെടുപ്പ് പിന്തുടരാന്‍ എന്തെങ്കിലും പദ്ധതി ഉണ്ടെങ്കില്‍ എന്നെയും അറിയിക്കുക.

Rasmussen Reports പ്രകാരം ഇന്ന് ഒബാമയുടെ ലീഡ് ദേശീയതലത്തിലുള്ള പോളില്‍ 3% ആയി കുറഞ്ഞിട്ടുണ്ട്. ഈ പോളില്‍ ഈ അടുത്ത ദിവസങ്ങളില്‍ 7-8% മുന്നില്‍ ആയിരുന്നു. പക്ഷേ, മറ്റു പോളുകളില്‍ ഇതില്‍ അധികം ലീഡ് ഒബാമയ്ക്ക് കാണുന്നുണ്ട്. പോളുകള്‍ എന്തൊക്ക കാ‍ണിച്ചാലും പൊതുവേ മാധ്യമങ്ങളും രാഷ്ട്രീയക്കാരും ചാരുകസാല പണ്ഡിതന്മാരും ഒബാമ ജയിച്ച പോലെയാണ് കാര്യങ്ങള്‍ നീക്കുന്നതെന്നു തോന്നുന്നു. മക്കെയിന്‍ സ്വന്തം സംസ്ഥാനമായ അരിസോണയില്‍ ഒബാമയ്ക്കെതിരെ ചെറിയ തോതില്‍ പ്രചരണം ആരംഭിച്ചതില്‍ നിന്ന് കാര്യങ്ങളുടെ നില ഏതാണ്ട് ഊഹിക്കാമല്ലോ.

എന്റെ ഇലക്ടറല്‍ കോളജ് നിഗമനങ്ങള്‍ താഴെ; ഒഹായോയിലും ഞാന്‍ ഒബാമ ജയിക്കുമെന്ന് കരുതുന്നു:

ആകെയുള്ള ഇലക്ടറല്‍ വോട്ടുകള്‍: 538
ഒബാമയ്ക്ക് കിട്ടുമെന്ന് ഉറപ്പുള്ള ഇലക്ടറന്മാര്‍ - 302 (കേവല ഭൂരിപക്ഷത്തിന് 270). പെന്‍സില്‍‌വേനിയ, വിര്‍ജീനിയ, കൊളറാഡോ, നെവാഡ, മിസ്സോറി എന്നീ സംസ്ഥാനങ്ങള്‍ ഞാന്‍ ഒബാമ പക്ഷത്താണ് കൂട്ടിയിട്ടുള്ളത്.
മക്കെയിന് കിട്ടുമെന്ന് ഉറപ്പുള്ള ഇലക്ടറന്മാര്‍ - 163

രണ്ടുപേര്‍ക്കും സാധ്യതയുള്ള സംസ്ഥാനങ്ങളും അവിടങ്ങളില്‍ ജയിക്കാന്‍ ഞാന്‍ ഇപ്പോള്‍ ഏറ്റവും സാധ്യത കാണുന്ന ആളും:
ഫ്ലോറിഡ(27) - ഒബാമ
ഇന്‍‌ഡ്യാ‍ന(11) - മക്കെയിന്‍
ഒഹായോ(20) - ഒബാമ
നോര്‍ത്ത് കാരളൈന(15) - മക്കെയിന്‍

അവസാന നില: ഒബാമ (349); മക്കെയിന്‍ (189)

Monday, October 27, 2008

പോളുകളില്‍ ഒബാമ മുന്നില്‍; പേലിന്‍ മക്കെയിന്റെ പിടിവിടുന്നു | അമേരിക്കന്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പ്

തോല്‍‌വി ഏകദേശം തീര്‍ച്ചയായതുകൊണ്ട് സാറാ പേലിന്‍ മക്കെയിന്‍ ക്യാം‌മ്പയിന്റെ നിയന്ത്രങ്ങള്‍ക്ക് പുറത്തുപോയി മാധ്യമങ്ങളോട് സംസാരിക്കുന്നതൊക്കെയാണ് കഴിഞ്ഞ ആഴ്ചയില്‍ കണ്ടത്. അലാസ്ക്ക രാഷ്ട്രീയത്തില്‍ അവരെ പോക്കിക്കൊണ്ടു വന്നവരെ ചവിട്ടിത്താഴ്ത്തി തന്റെ സ്വന്തം ഉയര്‍ച്ച ഉറപ്പാക്കിയ ചരിത്രം അവര്‍ക്കുണ്ട്; മക്കെയിനും ആ വിധി ഉണ്ടാകും എന്ന് ഇപ്പോള്‍ വ്യക്തമായിട്ടുണ്ട്. റിപ്പബ്ലിക്കന്‍ പ്രമാണികളും അതിന്ന് ഒത്താശ ചെയ്യുന്നുണ്ട്; കാരണം പേലിന്‍ ആള്‍ക്കാരെ കൂട്ടാന്‍ കഴിവുള്ള ആളാണെന്ന് അവര്‍ക്കറിയാം. പക്ഷേ, 2012-ല്‍ റിപ്പബ്ലിക്കന്‍ സ്ഥാ‍നാര്‍ഥി ആകാമെന്ന അവരുടെ മോഹം നടക്കുമെന്ന് തോന്നുന്നില്ല. മക്കെയിന്‍ തോറ്റാല്‍ അതിന്റെ നല്ല ഒരു പഴി അവര്‍‌ക്ക് കിട്ടും. ജോണ്‍ എഡ്വേര്‍‌ഡ്‌സിനെപ്പോലെ എങ്ങുമെത്താതെ അവര്‍ അമേരിക്കന്‍ രാഷ്ട്രീയത്തില്‍ നിന്ന് അപ്രത്യക്ഷമാകും. അലാസ്ക്കയിലെ ഏറ്റവും വലിയ പത്രം ഒബാമയെ എന്‍‌ഡോഴ്സ് ചെയ്തത് അവര്‍ക്ക് അലാസ്ക്കയില്‍ പോലും ശക്തമായ എതിര്‍പ്പ് ഉണ്ടായി വരുന്നതിന്റെ തെളിവാണ്.

ലക്ഷക്കണക്കിന് ഡോളര്‍ മുടക്കി അവരെ അണിയിച്ചൊരുക്കാന്‍ വസ്ത്രങ്ങളും മറ്റു സാമഗ്രഹികളും വാങ്ങിച്ചതുമായി ബന്ധപ്പെട്ട വിവാദത്തിനെ എതിരിടുന്നതിനും ട്രൂപ്പര്‍ ഗേറ്റില്‍ പേലിന്‍‌മാര്‍ക്ക് അന്വേഷണക്കമ്മീഷന്റെ മുന്നില്‍ എത്തേണ്ടതിനുമൊക്കെയായി റിപ്പബ്ലിക്കന്‍ ടിക്കറ്റിന് ഒരാഴ്ച കൂടി നഷ്ടപ്പെടുത്തി.

ഒബാമ അതിന്നിടയില്‍ ഹവായിയിലേക്ക് പറന്ന് തീരെ അവശയായിരിക്കുന്നെന്ന് പറയപ്പെടുന്ന അദ്ദേഹത്തിന്റെ അമ്മയുടെ അമ്മ ‘ടൂട്ടി’നെ കണ്ട് തിരിച്ച് വന്നു; അവരാണ് ഒബാമയെ പത്തു വയസ്സു മുതല്‍, അദ്ദേഹം ഇന്തോനേഷ്യയില്‍ നിന്ന് തിരിച്ചു വന്ന ശേഷം, കാലിഫോര്‍‌ണിയയിലേക്ക് കോളജില്‍ ചേര്‍ന്നു പഠിക്കാന്‍ പോയതു വരെ നോക്കി വളര്‍ത്തിയത്. രണ്ടു ദിവസം ക്യാം‌മ്പയിനില്‍ നിന്ന് അതിന്ന് വേണ്ടി വിട്ടുനില്‍‌ക്കേണ്ടി വന്നെങ്കിലും ആ സന്ദര്‍ശനം അദ്ദേഹത്തെ രാഷ്ട്രീയമായി പലവിധത്തില്‍ സഹായിച്ചിട്ടുണ്ടെന്നാണ് എനിക്ക് തോന്നുന്നത്. അദ്ദേഹം കുടുംബത്തിന് കൊടുക്കുന്ന പ്രാധാന്യം; അദ്ദേഹത്തിന്റെ വെള്ള പാരമ്പര്യം എന്നിവ അവയില്‍ പ്രധാന കാര്യങ്ങള്‍.

ഒബാമയുടെ വിജയം മിക്കവാറും എല്ലാ പോളുകളും പ്രവചിക്കുന്നതുകൊണ്ട് മാധ്യമങ്ങള്‍ ‘ബ്രാഡ്‌ലി ഇഫക്ട്’ എന്ന ശാസ്ത്രീയമായി തെളിയിക്കപ്പെട്ടില്ലാത്ത ഒരു തിരഞ്ഞെടുപ്പ് പ്രതിഭാസം പൊക്കിക്കൊണ്ടുവന്ന് ഇലക്ഷന്‍ ദിനത്തില്‍ ഒബാമയെ അത് മുക്കുമോ എന്ന ചര്‍ച്ചയിലും ഏര്‍പ്പെടുന്നുണ്ട്. 1982-ല്‍ കാലിഫോര്‍ണിയ ഗവര്‍ണര്‍ തിരഞ്ഞെടുപ്പിലാണ് ടോം ബ്രാഡ്‌ലി എന്ന കറുത്തവര്‍ഗ്ഗക്കാരനായ സ്ഥാനാര്‍ഥി പോളുകളില്‍ മുന്നിട്ടു നിന്ന ശേഷം ചെറിയ വ്യത്യാസത്തിന് തോറ്റത്. വെളുത്തവര്‍ പോളുചെയ്യുന്നവരോട് കറുത്തവര്‍ഗ്ഗക്കാരനായ സ്ഥാനാര്‍ഥിക്ക് വോട്ട് ചെയ്യും എന്ന് നുണ പറയും എന്നതാണ് ആ പ്രതിഭാസത്തിന്റെ അടിസ്ഥാനം. പക്ഷേ, കൃത്യമായി തെളിയിക്കപ്പെട്ടിട്ടൊന്നുമില്ല. തന്നെയുമല്ല 1982-ല്‍ നിന്ന് ഈ രാജ്യം വളരെ മുന്നോട്ട് നീങ്ങിയിട്ടുണ്ട്. ഒബാമയുടെ പ്രൈമറി വിജയം തന്നെ അതിന്ന് ഉദാഹരണം. ഇത്തരം വാദങ്ങളെ വിമര്‍ശിച്ചുകൊണ്ട് ‘ന്യൂ യോര്‍ക്ക് ടൈംസി’ലെ കോളമിസ്റ്റ് ഫ്രാങ്ക് റിച്ച് എഴുതിയിട്ടുള്ള കോളം വായിച്ചിരിക്കേണ്ടത് തന്നെയാണ്. ഞാന്‍ ഇതിന്നു മുമ്പ് പലവട്ടം ‘ബ്രാഡ്‌ലി ഇഫക്ടി’നെക്കുറിച്ച് എഴുതിയിട്ടുണ്ട്; ഒരെണ്ണം ഇവിടെ . ഒബാമയുടെ വിജയം മിക്കവാറും ‘ബ്രാഡ്‌ലി ഇഫക്ടി’നെ അമേരിക്കന്‍ തിരഞ്ഞെടുപ്പ് നിഘണ്ടുവില്‍ നിന്ന് നീക്കം ചെയ്യുമെന്നാണ് എനിക്ക് തോന്നുന്നത്.

ഇപ്പോള്‍ അമേരിക്കന്‍ മാധ്യമങ്ങള്‍ ദിനം‌പ്രതി പുറത്തിറക്കുന്ന ദേശീയതലത്തിലുള്ള പോളുകളുടെ ഫലങ്ങളില്‍ നിന്ന് എന്തെങ്കിലും നിഗമനത്തിലെത്തണമെങ്കില്‍ കിലുക്കിക്കുത്തുതന്നെയാണ് ആശ്രയം. ഒരു കാര്യം ശ്രദ്ധേയമാണ്: പ്രധാനപ്പെട്ട ഒരു പോളും മക്കെയിന്‍ വിജയിക്കുമെന്ന് പറയുന്നില്ല. തല്‍ക്കാലം ആ ഒരു കാര്യം മാത്രമേ നമുക്ക് വിശ്വസിക്കാന്‍ ആകൂ. യഥാര്‍ഥത്തില്‍ വേണ്ടത് യുദ്ധക്കളസംസ്ഥാനങ്ങളില്‍ നിന്നുള്ള പോളുകളാണ്; അവ വളരെ കുറവാണു താനും. ഡമോക്രാറ്റുകളുടെ ശക്തികേന്ദ്രമായ കാലിഫോര്‍ണിയയില്‍ കുറച്ച് വണ്ടികളുടെ പിന്നില്‍ ഒട്ടിച്ചിരിക്കുന്ന ഒബാമ/ബൈഡന്‍ ബമ്പര്‍ സ്റ്റിക്കറുകളും അപൂര്‍വ്വം ചില വീടുകളുടെ തൊടിയില്‍ കുത്തിയിരിക്കുന്ന സൈന്‍ ബോര്‍ഡുകളും ഒഴിച്ചാല്‍ ഇവിടെ പ്രസിഡന്റ് തിരഞ്ഞെടുപ്പ് നടക്കുന്നുണ്ടെന്ന് തോന്നുക പോലുമില്ല. അതിന്ന് പകരം കാ‍ലിഫോര്‍‌ണിയയുടെ അതിര്‍ത്തിക്ക് അടുത്ത് കിടക്കുന്ന നെവാഡയിലെ റീനോ എന്ന പട്ടണത്തില്‍ ഒബാമ 2 വട്ടം വന്നുപോയി. അവിടെയൊക്കെ പോയി ‘ഒബാമ ദര്‍ശനം’ നടത്തിവരുന്ന കാലിഫോര്‍ണിയക്കാര്‍ ഉണ്ടെന്ന് ഇന്ന് പത്രത്തില്‍ വായിച്ചു.

യുദ്ധക്കളസംസ്ഥാനങ്ങളിലെ എന്റെ നിഗമനങ്ങള്‍ ഇവിടെ:
ആകെയുള്ള ഇലക്ടറല്‍ വോട്ടുകള്‍: 538
ഒബാമയ്ക്ക് കിട്ടുമെന്ന് ഉറപ്പുള്ള ഇലക്ടറന്മാര്‍ - 302 (കേവല ഭൂരിപക്ഷത്തിന് 270). വിര്‍ജീനിയ, കൊളറാഡോ, നെവാഡ, മിസ്സോറി എന്നീ സംസ്ഥാനങ്ങള്‍ ഞാന്‍ ഒബാമ പക്ഷത്താണ് കൂട്ടിയിട്ടുള്ളത്.
മക്കെയിന് കിട്ടുമെന്ന് ഉറപ്പുള്ള ഇലക്ടറന്മാര്‍ - 163

രണ്ടുപേര്‍ക്കും സാധ്യതയുള്ള സംസ്ഥാനങ്ങളും അവിടങ്ങളില്‍ ജയിക്കാന്‍ ഞാന്‍ ഇപ്പോള്‍ ഏറ്റവും സാധ്യത കാണുന്ന ആളും:
ഫ്ലോറിഡ(27) - ഒബാമ
ഇന്‍‌ഡ്യാ‍ന(11) - മക്കെയിന്‍
ഒഹായോ(20) - മക്കെയിന്‍
നോര്‍ത്ത് കാരളൈന(15) - മക്കെയിന്‍

അവസാന നില: ഒബാമ (329); മക്കെയിന്‍ (209)

എത്ര ‘ബ്രാഡ്‌ലി ഇഫക്ട്’ ഉണ്ടായാലും ഇലക്ടറല്‍ കോളജില്‍ ഏകദേശം 60 വോട്ടുകളുടെ ഭൂരിപക്ഷം ഇപ്പോള്‍ (എന്റെ കണക്കുപ്രകാരം) ഉള്ള ഒബാമ നവം‌മ്പര്‍ 4-ന് തോല്‍ക്കാന്‍ ഞാന്‍ യാതൊരു സാധ്യതയും കാണുന്നില്ല.

Tuesday, October 21, 2008

എന്തുകൊണ്ട് ഞാന്‍ ഒബാമയ്ക്ക് വോട്ടു ചെയ്തു? | അമേരിക്കന്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പ്



ഞങ്ങള്‍ കുറച്ച് സുഹൃത്തുക്കള്‍ ചേര്‍ന്നിരുന്ന് ഈ കഴിഞ്ഞ വെള്ളിയാഴ്ച വോട്ടു രേഖപ്പെടുത്തി. എല്ലാവരും പോസ്റ്റല്‍ വോട്ടുചെയ്യാന്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നതുകൊണ്ട് ബാലറ്റ് പേപ്പര്‍ തപാലില്‍ നേരത്തേ വന്നിരുന്നു. ഇനി അത് തിരിച്ചയയ്ക്കുകയോ നേരെ അവ ശേഖരിക്കുന്ന സ്ഥലങ്ങളില്‍ കൊണ്ട് കൊടുക്കുകയോ ചെയ്താല്‍ മതി.

ഒബാമയ്ക്ക് തന്നെയാണ് ഞാന്‍ വോട്ടു ചെയ്യുകയുള്ളൂവെന്ന് എന്റെ പോസ്റ്റുകള്‍ വായിക്കുന്നവര്‍ക്ക് അറിയാവുന്ന കാര്യമാണ്. പൊതുതിരഞ്ഞെടുപ്പിന്റെ തുടക്കത്തില്‍, ജോണ്‍ മക്കെയിന്‍ പ്രസിഡന്റ് ആയാലും എനിക്ക് വലിയ കുഴപ്പമില്ല എന്ന് ഞാന്‍ പറഞ്ഞുവച്ചിട്ടുണ്ടായിരുന്നു. പക്ഷേ, ആ തീരുമാനം ഇപ്പോള്‍ മാറി. മക്കെയിന്‍ ജയിക്കരുത് എന്നു തന്നെയാണ് ഇപ്പോള്‍ എന്റെ നിലപാട്. ആ നിലപാടിനെ സാധൂകരിക്കുന്നതിനുള്ള കാരണങ്ങളാണ് ഞാന്‍ ഇവിടെ നിരത്തുന്നത്. നല്ല അമേരിക്കക്കാരെപ്പോലെ നിങ്ങള്‍ക്ക് എന്നോട് വിയോജിക്കാം; പക്ഷേ, എനിക്ക് പറയാനുള്ള കാര്യങ്ങള്‍ മനസ്സിരുത്തി വായിക്കുമല്ലോ.

സാറാ പേലിന്റെ സ്ഥാനാര്‍‌ത്തിത്വം

ഒബാമയെ എന്‍‌ഡോഴ്സ് ചെയ്തുകൊണ്ട് നടത്തിയ അഭിമുഖത്തിനിടയില്‍ കോളിന്‍ പവല്‍ പറഞ്ഞതുപോലെ, വൈസ് പ്രസിഡന്റിന്റെ പ്രധാന ജോലി പ്രസിഡന്റാവാന്‍ തയ്യാറായി ഇരിക്കുക എന്നതാണ്. മക്കെയിന്റെ കാര്യത്തില്‍ അത് വളരെ അര്‍ത്ഥവത്തുമാണ്. അദ്ദേഹത്തിന് നല്ല പ്രായമുണ്ട്; അദ്ദേഹത്തെ പലതവണ കാര്‍സറിന്ന് ചികിത്സിച്ചിട്ടുണ്ട്; അതൊന്നുമില്ലെങ്കില്‍ തന്നെ അമേരിക്കന്‍ പ്രസിഡന്റിന്റെ ജോലി ജീവന് ഏതുസമയവും ഭീഷണിയുള്ളതാണ്. അത്തരമൊരു നിര്‍ഭാഗ്യകരമായ സാഹചര്യം ഉണ്ടാവുകയാണെങ്കില്‍ സാറാ പേലിന്‍ പ്രസിഡന്റാകും. പക്ഷേ, അവര്‍ക്ക് ആ സ്ഥാനത്തിരിക്കാന്‍ യാതൊരു യോഗ്യതയുമില്ല. ചാ‍നലുകളിലും അഭിമുഖങ്ങളിലും ഒക്കെയായിട്ട് നമ്മള്‍ അവരുടെ പ്രകടനം കണ്ടു. ഒരു ചെറിയ നഗരത്തിന്റെയോ, അലാസ്ക്ക പോലെ ഒറ്റപ്പെട്ട ഒരു ചെറിയ സംസ്ഥാനത്തിലെ (ഞാന്‍ താമസിക്കുന്ന സാന്‍ ഹോസെ എന്ന നഗരത്തിലെ അത്രയും ജനസംഖ്യയാണ് ഏകദേശം അലാസ്ക്കയിലുള്ളത്) ഗവര്‍ണറോ ഒക്കെ ആകാന്‍ അവര്‍ക്ക് പ്രാപ്തിയുണ്ടായിരിക്കും.

പക്ഷേ, രാജ്യം ഇത്രയും പ്രശ്നങ്ങളുടെ നടുക്കടലില്‍, വ്യക്തമായ ലക്‍ഷ്യവും നേതൃത്വമില്ലാതെ ഒഴുകി നടക്കുമ്പോള്‍, സാറാ പേലിനെപ്പോലെയുള്ള ഒരാളുടെ കൈയില്‍ രാജ്യത്തിന്റെ നിയന്ത്രണം എത്തുന്നതിനെപ്പറ്റി ചിന്തിക്കാന്‍ പോലും ആവുന്നില്ല. ഭാവി പ്രസിഡന്റ് എന്ന നിലയില്‍ മക്കെയിന്‍ എടുത്ത ആദ്യത്തെ തീരുമാനമായിരുന്നു സാറാ പേലിന്റെ സ്ഥാനാര്‍ത്തിത്വം; ആ തീരുമാനം തികച്ചും മോശവുമായി.

മക്കെയിന്റെ ദുഷ്‌പ്രചരണം

മക്കെയിന്‍ റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ഥിയായപ്പോള്‍ എനിക്കുണ്ടായ ഒരു സന്തോഷത്തിന്റെ കാരണം അദ്ദേഹം റിപ്പബ്ലിക്കന്മാരുടെ പതിവ് ദുഷ്പ്രചരണതന്ത്രങ്ങള്‍ പുറത്തെടുക്കില്ലല്ലോ എന്ന ചിന്തയായിരുന്നു. 2000-ലെ റിപ്പബ്ലിക്കന്‍ പ്രൈമറിയില്‍ അദ്ദേഹം തന്നെ അത്തരം ഒരു പ്രചരണത്തിന്റെ ഇരയായിരുന്നു. അതുവരെ പിന്നില്‍ നിന്ന ബുഷിനെ രക്ഷിക്കാന്‍ കാള്‍ റോവ് അതിനീചമായ രീതിയില്‍ മക്കെയിന്റെ കുടുംബത്തെപ്പറ്റി നുണകള്‍ പ്രചരിപ്പിച്ച് സൌത്ത് കാരളൈനയില്‍ അദ്ദേഹത്തെ വീഴ്ത്തി.

മക്കെയിന്‍ അത്തരം പ്രചരണതന്ത്രം ഒബാ‍മയ്ക്കെതിരെ ഉപയോഗിക്കില്ല എന്ന് എല്ലാവരും പൊതുവേ കരുതി. അവര്‍ തമ്മില്‍ തങ്ങളുടെ നയവ്യത്യാസങ്ങളെപ്പറ്റി തര്‍ക്കിച്ച് പ്രചരണത്തെ ഉന്നതതലത്തിലേക്ക് ഉയര്‍ത്തുമെന്ന് വൃഥാ മോഹിച്ചു. പക്ഷേ, സാറാ പേലിന്‍ രംഗത്തെത്തിയ അന്നു മുതല്‍ മക്കെയിന്‍ ക്യാം‌മ്പയിന്റെ സ്വരം മാറുന്നതാണ് കണ്ടത്. മിക്കവാറും അദ്ദേഹത്തിന്റെ 100% പരസ്യങ്ങളും നെഗറ്റീവ് ആണെന്ന് മാധ്യമങ്ങള്‍ പിന്നീട് വിലയിരുത്തി. പ്രധാന കാരണം കാള്‍ റോവിന്റെ അനുചരര്‍ അദ്ദേഹത്തിന്റെ പ്രചരണം ഏറ്റെടുത്തു എന്നതാണ്. (കാള്‍ റോവ് പോലും മക്കെയിനെ നെഗറ്റീവ് പ്രചരണത്തിന്റെ പേരില്‍ വിമര്‍ശിച്ചു എന്നതാണ് ഏറെ രസകരം.)

അടുത്തകാലത്ത്, നെഗറ്റീവ് പ്രചരണം മൂലം ജനപിന്തുണ നഷ്ടപ്പെടുന്നു എന്ന് പോളുകളില്‍ കണ്ടപ്പോഴാണ് മക്കെയിന്‍ വ്യക്തിഹത്യയില്‍ നിന്ന് കുറച്ചെങ്കിലും മാറി നില്‍ക്കാന്‍ ശ്രമിച്ചത്. അദ്ദേഹം നുണപ്രചരണം തുടങ്ങിവച്ചു എന്നുമാത്രമല്ല; പിന്നീട് ഒബാമ അത്തരം പ്രചരണം നടത്തുന്നു എന്നു പറഞ്ഞ് വിമര്‍ശിച്ചതാണ് ഏറ്റവും വിചിത്രമായി എനിക്ക് തോന്നിയത്.

അമേരിക്കയുടെ പ്രതിച്ഛായ

സെപ്തംബര്‍ 11-ന് ശേഷം ലോകം മുഴുവനും അമേരിക്കയോട് അനുകമ്പ കാണിച്ചു. അഫ്ഗാനിസ്ഥാനില്‍ താലിബാന്‍ പ്രാകൃതരെ ഉന്മൂലനം ചെയ്യാന്‍ അമേരിക്കക്ക് ജനാധിപത്യരാജ്യങ്ങളുടെ ധാര്‍മിക പിന്തുണയെങ്കിലും ഉണ്ടായിരുന്നു. ഇറാക്ക് അധിനിവേശം വഴി ജോര്‍‌ജ്ജ് ബുഷും കൂട്ടരും ആ നന്മ മൊത്തം കളഞ്ഞുകുളിക്കുക മാത്രമല്ല; ലോകത്തെമ്പാടുമുള്ള അമേരിക്കയുടെ പ്രതിച്ഛായ ഏറ്റവും മോശമായ നിലയിലെത്തിച്ചു. ഒരു തരം യുദ്ധോദ്യുക്തമായ റിപ്പബ്ലിക്കന്‍ വിദേശകാര്യനയം ഒരിക്കലും അമേരിക്കയുടെ പ്രതിച്ഛായ നന്നാക്കുമെന്നു തോന്നുന്നില്ല. ഒരു രാജ്യത്തിന്റെ സുരക്ഷയ്ക്കും വാണിജ്യതാല്പര്യങ്ങളുടെ സംരക്ഷണത്തിനും മറ്റും അതിന്റെ പ്രതിച്ഛായ നന്നായിരിക്കേണ്ടത് അത്യാവശ്യമാണ്. അമേരിക്കക്ക് ലോകജനതക്ക് മുമ്പില്‍ വയ്ക്കാന്‍ പറ്റിയ ഏറ്റവും മികച്ച രാഷ്ട്രീയക്കാരനാണ് ഒബാമ. അദ്ദേഹത്തിന്റെ വിജയം, ഇതുവരെ പുറം‌ലോകം കണ്ട മുരടന്‍ രാഷ്ട്രീയക്കാരെപ്പോലെയല്ല ഞങ്ങള്‍ എന്ന് പറഞ്ഞ്, അമേരിക്കക്കാര്‍ക്ക് പുറത്തേക്കയക്കാന്‍ പറ്റിയ ഒരു മികച്ച സന്ദേശമാണ്.

ബി.ബി.സി. ആഗോളതലത്തില്‍ നടത്തിയ ഒരു പോളില്‍ ലോകജനതയ്ക്ക് ബഹുഭൂരിപക്ഷത്തിനും ഒബാമ അമേരിക്കന്‍ പ്രസിഡന്റാവണമെന്ന ആഗ്രഹമുള്ളതായി കാണിക്കുന്നു. ഒബാമയുടെ ബര്‍ളിന്‍ റാലിയില്‍ ഏകദേശം 2 ലക്ഷം ആള്‍ക്കാരാണ് പങ്കെടുത്തത്.

വിദേശകാര്യനയത്തില്‍ ജോണ്‍ മക്കെയിന് മിടുക്കനാണെന്ന് അമേരിക്കയിലെ മാധ്യമങ്ങള്‍ പറയുന്നുണ്ടെങ്കിലും അദ്ദേഹത്തിന്റെ ഡിബേറ്റുകളിലെ പ്രകടനം വച്ചുനോക്കിയിട്ട് എനിക്ക് അങ്ങനെ തോന്നിയില്ല. വിദേശകാര്യവുമായി ബന്ധപ്പെട്ട കാര്യങ്ങളെ അദ്ദേഹം അതിലളിതമായ രീതിയില്‍ സമീപിക്കുന്നതായിട്ടാണ് എനിക്ക് തോന്നിയത്. അദ്ദേഹം ധാരാളം രാജ്യങ്ങള്‍ സന്ദര്‍ശിച്ചിട്ടുണ്ട്; ലോകനേതാക്കന്മാരുമായി അടുത്ത ബന്ധമുണ്ട് എന്നതൊക്കെ ശരിയാണ്. പക്ഷേ, 21-ആം നൂറ്റാണ്ടിലെ പ്രശ്നങ്ങളെ ദീര്‍‌ഘവീക്ഷണത്തോടെ കൈകാര്യം ചെയ്യാന്‍ ഒബാമയ്ക്കേ കഴിയൂ എന്നാണ് എനിക്ക് തോന്നുന്നത്. പ്രത്യേകിച്ചും മറ്റു രാജ്യങ്ങളിലെ പട്ടിണിയും രോഗവും വിദ്യാഭ്യാസക്കുറവും തൊഴിലില്ലായ്മയും പോലുള്ള പ്രശ്നങ്ങള്‍ പല രീതിയില്‍ അമേരിക്കയുടെ സുരക്ഷയ്ക്ക് ഭീഷണിയായിക്കൊണ്ടിരിക്കുമ്പോള്‍.


വെള്ളക്കാരനല്ലാത്ത ഒരാള്‍ പ്രസിഡന്റാകേണ്ട ആവശ്യകത


വൈറ്റ് ഹൌസില്‍ എത്തിച്ചേരുന്ന ആള്‍ക്കാര്‍ക്ക് വളരെയേരെ സാമ്യമുണ്ട്. ഒരാളൊഴിച്ച് ബാക്കിയെല്ലാവരും വെളുത്ത തൊലിയുള്ള; പ്രൊട്ടസ്റ്റന്റ് വിഭാഗത്തില്‍ പെട്ട പുരുഷന്മാര്‍ ആണ്. വ്യത്യാസമുള്ള ഒരാള്‍, ജോണ്‍ എഫ്. കെന്നഡി, പോലും വലിയ വ്യത്യാസമൊന്നുമുള്ള ആളല്ല ബാക്കിയുള്ളവരില്‍ നിന്ന്; അദ്ദേഹം കത്തോലിക്കന്‍ ആണെന്നേയുള്ളൂ. ഇതുവരെ ഒരു വെള്ളക്കാരനല്ലാത്തയാളോ, ഒരു സ്ത്രീയോ ഒരു പ്രധാനപ്പെട്ട പാര്‍ട്ടിയുടെ സ്ഥാനാര്‍‌ഥി പോലും ആയിട്ടില്ല. ഒബാമയാണ് ആദ്യത്തെ വെളുത്ത നിറമില്ലാത്ത, പ്രസിഡന്റ് പദത്തിന്റെയടുത്ത് ഇത്രയുമടുത്ത് എത്തിച്ചേര്‍ന്നിട്ടുള്ള ഒരാള്‍.

ഒബാമ ജയിക്കണം; ആ വിജയം വെള്ളക്കാരല്ലാത്തവര്‍ക്കും ഈ രാജ്യത്ത് ഏറ്റവും വലിയ പദവിയില്‍ എത്താം എന്നതിന്ന് ഒരു തെളിവാകണം. പ്രത്യേകിച്ച് വളര്‍ന്നു വരുന്ന നമ്മുടെ മക്കള്‍ക്ക് ഈ രാജ്യത്ത് വെള്ളക്കാരെപ്പോലെ തന്നെ തുല്യഅവസരങ്ങള്‍ ഉണ്ടെന്ന് ഉറപ്പുണ്ടാകാന്‍.

വെളുത്തതല്ലാത്തതുകൊണ്ട് മാത്രം പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കുന്ന ഒരാള്‍ക്ക് വോട്ടുചെയ്യുന്നത് ശരിയാണെന്ന് എനിക്ക് തോന്നുന്നില്ല. പക്ഷേ, ഒബാമ ആ സ്ഥാനത്തിന് തികച്ചും യോഗ്യനാണ്; അതുകൊണ്ട് അദ്ദേഹം ജയിക്കുക തന്നെ വേണം. ഇത്തരം ഒരു അവസരം ഇനി നമുക്ക് എന്ന് കിട്ടുമെന്ന് പറയാനാവില്ല.

ഇറാക്ക് നയം

റിപ്പബ്ലിക്കന്‍ പതിവുതന്ത്രമായ നുണപ്രചരണം വഴി, രാജ്യത്തെ മൊത്തം വഴിതെറ്റിച്ച്, ഇറാക്കില്‍ അമേരിക്ക ഇടപെട്ടതു മുതല്‍ ഇന്നിവിടെ കാണുന്ന അപചയങ്ങള്‍ക്ക് തുടക്കമായി. രാജ്യത്തിന്റെ സൈനികശക്തിയുടെ പരിമിതികള്‍ ഇറാക്കില്‍ വെളിവായി; അതുകൊണ്ടാണ് റഷ്യ ജോര്‍‌ജിയയില്‍ മസിലു വിറപ്പിക്കുന്നതൊക്കെ കണ്ടുകൊണ്ട് അമേരിക്കക്ക് നോക്കി നില്‍‌ക്കേണ്ടി വന്നത്. മക്കെയിന്‍ ലക്‍ഷ്യമിടുന്ന ഇറാക്കിലെ ജയം അവിടത്തെ ഊഷരഭൂമിയിലെപ്പോലെ ഒരു മരീചികയാണ്.വിയറ്റ്‌നാമില്‍ നിന്ന് വിപരീതമായി, ആരോടാണ് അമേരിക്ക പൊരുതുന്നതെന്ന കാര്യത്തില്‍ പോലും ചിലപ്പോള്‍ വ്യക്തതയില്ല; സദ്ദാമില്‍ തുടങ്ങി, സാദറിലൂടെ അല്‍-ക്വയ്ദയില്‍ എത്തി നില്‍‌ക്കുന്നു ബുഷിന്റെ യുദ്ധം. യാതൊരു അന്തവുമില്ലാതെ നീണ്ടുപോകുന്ന ഈ യുദ്ധം അമേരിക്കയുടെ സാമ്പത്തികരംഗത്തെ തകര്‍ച്ചക്ക് ആക്കം കൂട്ടുകയേയുള്ളൂ.

എന്നെപ്പോലെ സാമ്പത്തിക അഭയാര്‍‌ഥിയായികളായി എത്തിയിട്ടുള്ളവര്‍ക്ക് അമേരിക്ക സാമ്പത്തികമായി സുശക്തമായ നിലയില്‍ എത്തേണ്ടത് വെറും സ്വാര്‍ത്ഥമായ ഒരു താല്‍‌പര്യമാണ്. ഇപ്പോള്‍ അമേരിക്കയില്‍ കണ്ട സാമ്പത്തിക പ്രശ്നങ്ങള്‍ മറ്റു രാജ്യങ്ങളില്‍ ഉണ്ടാക്കുന്ന പ്രത്യാഘാതങ്ങള്‍ ഒരു കാരണമായി എടുക്കാമെങ്കില്‍ ലോകജനതയുടെ തന്നെ ആവശ്യമാണ് അമേരിക്കന്‍ സാമ്പത്തികരംഗം തകരാതെയിരിക്കേണ്ടത് എന്നും മനസ്സിലാകും. അങ്ങനെ നമുക്കും നാട്ടിലുള്ളവര്‍ക്കുമെല്ലാം അമേരിക്ക എല്ലാ തലത്തിലും സുശക്തമായിരിക്കേണ്ടത് ഒരാവശ്യമാണ്; അതിന് ഇറാക്കിലെ യുദ്ധം എത്രയും പെട്ടന്ന് അവസാനിക്കണം. ഒബാമയ്ക്ക് മാത്രമേ അത്തരമോരു കാര്യം ചെയ്യാന്‍ ധൈര്യവും സന്നദ്ധതയും ഉണ്ടാകൂ.


ഊര്‍ജ്ജത്തില്‍ സ്വയം പര്യാപ്തത


അമേരിക്ക ഓയിലിന്ന് വേണ്ടി ചിലവഴിക്കുന്ന പൈസയില്‍ ഒരു ഭാഗം ഇസ്ലാമിക തീവ്രവാദികളെ പോറ്റാന്‍ വേണ്ടി ഉപയോഗിക്കപ്പെടുന്നുണ്ടെന്നുള്ളത് പൊതുവേ അറിയാവുന്ന കാര്യമാണ്. ഓയിലിന്റെ ലഭ്യത ഉറപ്പുവരുത്താന്‍ അറബ് ഏകാധിപതികളെയും അവരുടെ മര്‍ദ്ദകഭരണകൂടങ്ങളെയും സംരക്ഷിക്കുന്നത് ജനാധിപത്യം കയറ്റുമതി ചെയ്യാന്‍ ഒരുമ്പെട്ടു നടക്കുന്ന അമേരിക്കക്ക് നാണക്കേടുമാണ്. അതുകൊണ്ട് രാജ്യത്തിന്റെ സുരക്ഷയ്ക്ക് അമേരിക്ക ഊര്‍ജ്ജത്തില്‍ സ്വയം പര്യാപ്തത നേടേണ്ടത് പ്രധാനപ്പെട്ട കാര്യമാണ്. ഒബാമയ്ക്ക് ആ കാര്യം ശരിക്ക് മനസ്സിലായിട്ടുണ്ടെന്ന് തോന്നുന്നു. ദീര്‍‌ഘവീക്ഷണത്തോടെയുള്ള ഒരു ഊര്‍ജ്ജനയം അദ്ദേത്തിന്റെ ഭരണത്തിന്റെ ഭാഗമായിരിക്കും. മറിച്ച് മക്കെയിന്‍ പ്രധാനമായും ഓയിലിന്ന് വേണ്ടി അമേരിക്കയില്‍ കൂടുതല്‍ കുഴിക്കണമെന്ന വാദക്കാരനാണ്; പ്രത്യേകിച്ചും സാറാ പേലിന്‍. അവരുടെ സംസ്ഥാനമായ അലാസ്ക്കയില്‍ ഇനിയും ധാരാളം സ്ഥലങ്ങള്‍ കുഴിക്കാന്‍ ബാക്കിയുണ്ട്. ഓയിലിതര ഊര്‍ജ്ജസ്രോതസ്സുകള്‍ വികസിപ്പിച്ചിടുക്കുന്നതില്‍ മക്കെയിന്‍ ഗൌരവമായി എന്തെങ്കിലും ചെയ്യുമെന്ന് തോന്നുന്നില്ല.

യഥാര്‍ഥ വ്യത്യാസത്തിന്റെ പ്രതീകം

എന്തൊക്കെ പറഞ്ഞാലും ജോണ്‍ മക്കെയിന്‍ വാഷിംഗ്‌ടണിലേക്ക് യഥാര്‍ഥ വ്യത്യാസം കൊണ്ടുവരും എന്ന് വിശ്വസിക്കാന്‍ പറ്റില്ല. അതു അദ്ദേഹത്തിന് സാധ്യവുമല്ല. കാരണം അദ്ദേഹം നയിക്കുന്ന ഭരണകൂടത്തില്‍ പ്രധാനികള്‍ പഴയ റിപ്പബ്ലിക്കന്മാര്‍ തന്നെ ആയിരിക്കും. അദ്ദേഹത്തിന്റെ ഇപ്പോഴത്തെ ക്യാം‌മ്പയിനില്‍ തന്നെ ബുഷിന്റെ പ്രചരണങ്ങള്‍ നിയന്ത്രിച്ചിരുന്നവര്‍ കയറിപ്പറ്റിയതുപോലെ. ഒബാമയുടെ ടീം പുതിയതായിരിക്കും; അവരുടെ തീരുമാനങ്ങള്‍ക്ക് പുതുമ ഉണ്ടാവും.


വിദ്യാഭ്യാസ യോഗ്യതയും പരിഷ്ക്കാരങ്ങളും


ഒബാമയും ബൈഡനും എതിരാളികളെക്കാള്‍ വിദ്യാഭ്യാസമുള്ളവരാണ്; കുറച്ചുകൂടി ബുദ്ധികൂടുതല്‍ ഉള്ളവരും ആണെന്നു തോന്നുന്നു. ഈ ബുദ്ധിമുട്ടുകളുടെ കാലത്ത് രാജ്യത്തെ നേരായ വഴിക്ക് നയിക്കാന്‍ ആ രണ്ട് കാര്യങ്ങള്‍ കൂടുതലുള്ളവര്‍ കാര്യങ്ങള്‍ സീറ്റിലുള്ളത് നല്ലതാണ്. പ്രത്യേകിച്ചും 8 കൊല്ലത്തോളം ആ വകുപ്പില്‍ കുറച്ച് കുറവുള്ള ഒരാള്‍ വൈറ്റ് ഹൌസില്‍ ഇരുന്ന് കാര്യങ്ങള്‍ കുത്തഴിച്ചിട്ടിരിക്കുന്ന ഈ സാഹചര്യത്തില്‍ അത്തരമൊരു വ്യത്യാസം വളരെ സ്വാഗതാര്‍ഹവുമാണ്.

ഒബാമ വിദ്യാഭ്യാസരംഗത്ത് പരിഷ്ക്കാരങ്ങള്‍ കൊണ്ടുവരുമെന്ന് തോന്നുന്നു. അമേരിക്ക നാള്‍ക്കുനാള്‍ ആ രംഗത്ത് പുറകിലോട്ട് പോയിക്കൊണ്ടിരിക്കുകയാണ്. ദീര്‍ഘകാലാടിസ്ഥാനത്തില്‍ ഒരു രാജ്യത്തിന്റെ പുരോഗതിയെ നിയന്ത്രിക്കുന്നത് മികച്ച വിദ്യാഭ്യാസം സിദ്ധിച്ച ഒരു ജനതയാണെന്ന് പ്രത്യേകിച്ച് പറയേണ്ടതില്ലല്ലോ.

സുപ്രീംകോടതിയിലെ നിയമനങ്ങള്‍

ഈ പ്രസിഡന്റിന് 3 സുപ്രീംകോടതി ജഡ്ജിമാരെ വരെ നിയമിക്കാനുള്ള അവസരം കിട്ടിയേക്കും. ഇനിയും യാഥാസ്തികരായ ജഡ്ജിമാര്‍ സുപ്രീംകോടതിയില്‍ എത്തിയാല്‍ ആ വിഭാഗക്കാര്‍ക്ക് വ്യക്തമായ ഭൂരിപക്ഷം ഭരണകൂടത്തിന്റെ പ്രധാനഭാഗമായ ജൂഡിഷ്യറിയില്‍ ലഭിക്കും. അവരുടെ നിയമനം ആജീവനാന്തമായതുകൊണ്ട് യാഥാസ്തികര്‍ക്ക് സുപ്രീംകോടതിയില്‍ ദീര്‍ഘനാളത്തെ സ്വാധീനം കൈവരും. രാജ്യത്തിന്റെ സാമൂഹികപുരോഗതിക്ക് അത്തരമൊരു സാഹചര്യം ഉണ്ടാവുന്നത് നല്ലതാണെന്നു തോന്നുന്നില്ല. പ്രത്യേകിച്ചും ഭരണഘടന അനുശാസിക്കുന്ന ജനങ്ങളുടെ അവകാശങ്ങള്‍ വ്യാഖ്യാനിക്കപ്പെടുമ്പോള്‍.

മറ്റൊരു എഴുത്തുകാരന്‍

പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കുന്നവരും പ്രസിഡന്റായവരും പുസ്തകങ്ങള്‍ എഴുതുന്നത് വളരെ സാധാരണമാണ്. പക്ഷേ, മിക്കവാറും അത് ചെയ്യുന്നത് മികച്ച എഡിറ്റര്‍മാരുടെ സഹായത്താലോ കൂലി എഴുത്തുകാരെ (ghost writers) വച്ചോ ആണ്. ഒബാമ അദ്ദേഹം പ്രസിദ്ധീകരിച്ച 2 പുസ്തകങ്ങളും സ്വന്തമായിട്ടാണ് എഴുതിയത്. അതിന്ന് മുമ്പ് അദ്ദേഹം കഥകളും മറ്റും എഴുതിയിട്ടുണ്ടെന്ന് എവിടെയോ വായിച്ചിട്ടുണ്ട്. അദ്ദേഹത്തിന്റെ ചില നല്ല പ്രസംഗങ്ങളും സ്വന്തം സൃഷ്ടികള്‍ തന്നെയാണ്. വൈറ്റ് ഹൌസില്‍ ഒരു എഴുത്തുകാരന്‍ എത്തുന്നത് സുഖമുള്ള കാര്യം തന്നെ. പ്രത്യേകിച്ചും അക്ഷരങ്ങള്‍ തപ്പിപ്പിടിക്കാന്‍ ബുദ്ധിമുട്ടുന്ന രണ്ടുപേര്‍ അദ്ദേഹത്തിന്റെ എതിര്‍ ടിക്കറ്റില്‍ ഉള്ളപ്പോള്‍.

Wednesday, October 15, 2008

മക്കെയിയിന്റെ അവസാനത്തെ അവസരം | അമേരിക്കന്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പ്

ഇന്ന് വൈകീട്ട് ന്യൂ യോര്‍ക്കിലെ ലോംഗ് ഐലന്റില്‍ നടക്കുന്ന മൂന്നാമത്തെയും അവസാനത്തെയും ഡിബേറ്റിലേക്ക് മക്കെയിന്‍ പോകുന്നത് വളരെ ദുര്‍ബലനായിട്ടാണ്. ഇന്ന് പുറത്തിറങ്ങിയ CBS/New York Times പോളില്‍ 14 പോയന്റുകള്‍ക്കാണ് ഒബാമ ദേശീയതലത്തില്‍ മുന്നിട്ടു നില്‍ക്കുന്നത്. ഗാലപ്പ് പോളില്‍ 4 പോയന്റിനും Rasmussen Reports-ല്‍ 5 പോയന്റിനും CNN/Opinion Research Corporation പോളില്‍ 8 പോയന്റിനും Ipsos/McClatchy പോളില്‍ 9 പോയന്റുകള്‍ക്കും ആണ് ഒബാമ മുന്നില്‍ നില്‍ക്കുന്നത്. അതിനേക്കാള്‍ ഉപരിയായി, യുദ്ധക്കളസംസ്ഥാനങ്ങളില്‍ ഏതാണ്ട് എല്ലായിടത്തും ഒബാമയാണ് മുന്നിലുള്ളത്.

1988-ല്‍ മൈക്കേല്‍ ഡ്യൂക്കാക്കീസിനെ സീനിയര്‍ ബുഷ് ഒരു കൊലപാതകിയുമായി ബന്ധപ്പെടുത്തി മുക്കിയതുപോലെ, കഴിഞ്ഞ 2 ആഴ്ചകളില്‍ ഒബാമയില്‍ തീവ്രവാദി ബന്ധം ആരോപിച്ച് വോട്ടര്‍മാരെ തിരിക്കാന്‍ മക്കെയിന്‍ ക്യാം‌മ്പയിന്‍ ശ്രമിച്ചു. വിയറ്റ്നാം യുദ്ധവിരുദ്ധനും അഭ്യന്തരതീവ്രവാദിയും ആയിരുന്ന, ഇപ്പോള്‍ യൂണിവേഴ്സിറ്റി പ്രഫസറുമായ ഷിക്കാഗോ സ്വദേശി വില്യം അയ‌ഴ്സിനെ ഒബാമയുമായി ബന്ധപ്പെടുത്തുകയായിരുന്നു അതിലെ പ്രധാന തന്ത്രം. സാമ്പത്തിക കാര്യങ്ങള്‍ ചര്‍ച്ചചെയ്യാതെ വ്യക്തിഹത്യക്കു തുനിയുന്നു എന്ന പതിവ് പ്രത്യാക്രമണം നടത്തി ഒബാമ ആ ആക്രമണത്തിന്റെ മുനയൊടിച്ചു.

മറ്റൊന്ന് പണ്ട് ഹിലരി പയറ്റിയതുപോലെ ഒബാമയുടെ പേരിലെ “ഹുസൈന്‍” എന്ന വാക്കെടുത്ത് പ്രയോഗിച്ച് ജനങ്ങളുടെ മുസ്ലീം/അറബി വിരുദ്ധവികാരം ഇളക്കി വിടാന്‍ ശ്രമിക്കുകയായിരുന്നു. യാഥാസ്ഥികര്‍ അതില്‍ ഇളകുകയും ഒബാമയെ കൊല്ലാന്‍ വരെ അവര്‍ റാലികളില്‍ നിര്‍ദ്ദേശിക്കുകയും ചെയ്തു. കാര്യങ്ങള്‍ പിടിവിടുന്നതുകണ്ട് മക്കെയിന്‍ തന്നെ ഇടപെട്ട് ആ പ്രചരണം മതിയാക്കി. ഫലം അത്തരം പ്രചരണം കണ്ട് മനം മടുത്ത സ്വതന്ത്രര്‍ അദ്ദേഹത്തെ കൈവിട്ടതു തന്നെ.

അതിന്നിടയില്‍ സാറാ പേലിന്റെ സഹോദരിയുടെ പണ്ടത്തെ ഭര്‍ത്താവും പോലീസുകാരനുമായിരുന്ന മൈക്ക് വൂറ്റനെ, മുകളില്‍ നിന്ന് സമ്മര്‍ദ്ദമുണ്ടായെങ്കിലും പിരിച്ചുവിടാതിരുന്ന സ്റ്റേറ്റ് സേഫ്റ്റി കമ്മീഷണര്‍ വാള്‍ട്ട് മോനിഗനെ സാറാ പേലിന്‍ പിരിച്ചുവിട്ടതില്‍ കുഴപ്പങ്ങളുണ്ടെന്ന ജനപ്രതിനിധികളുടെ കണ്ടെത്തല്‍, മക്കെയിന്‍ ക്യാം‌മ്പയിന് അടിയായി. ശരിക്കും കുറ്റാരോപിതയായ ഒരാള്‍ ഒബാമയുടെ തീവ്രവാദി സംസര്‍ഗ്ഗമൊക്കെ വിളിച്ചുപറഞ്ഞു നടക്കുന്നതിലെ അപാകത ജനങ്ങള്‍ക്കും മനസ്സിലായിക്കാണും. തന്നെയുമല്ല അവരുടെ ഭര്‍ത്താവ് റ്റോഡ് പേലിന്‍ അലാസ്ക്ക സ്വതന്ത്ര്യരാജ്യമാകണമെന്ന് വാദിക്കുന്ന ഒരു വിഘടനാവാദസംഘടനയിലെ അംഗമായിരുന്നു പണ്ട്.

എന്തായാലും അത്തരം നെഗറ്റീവ് പ്രചരണങ്ങള്‍ മക്കെയിന്റെ പിന്തുണ കുറച്ചുകൂടി കുറയാനേ ഉപകരിച്ചുള്ളൂ. പല യാഥാസ്തിക ബുദ്ധിജീവികളും പരസ്യമായി ഒബാമയ്ക്ക് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. പ്രധാനമായും സാറാ പേലിന്റെ സ്ഥാനാര്‍ത്തിത്വമാണ് അവരെ പ്രകോപിപ്പിച്ചിട്ടുള്ളത്.

മക്കെയിന്‍ സാമ്പത്തിക കാര്യങ്ങളിലേക്ക് തന്നെ തിരിച്ചുവന്നിരിക്കുകയാണ്. മിക്കവാറും ദിവസങ്ങളില്‍ ഒരു പുതിയ നിര്‍ദ്ദേശം അദ്ദേഹം വയ്ക്കുന്നുണ്ട്. പക്ഷേ, ഒന്നും ഏല്‍ക്കുന്നില്ല. അത്തരം കാര്യങ്ങളില്‍ ആദ്യം മുതലേ ഒബാമയെ ആണ് ജനങ്ങള്‍ക്ക് വിശ്വാസം.

ഈ ഡിബേറ്റില്‍ അദ്ദേഹത്തിന് താനാണ് ഒബാമയെക്കാള്‍ മികച്ച നേതാവെന്ന് വോട്ടര്‍മാരെ കാണിച്ചുകൊടുക്കാനുള്ള അവസാനത്തെ അവസരമാണ് കിട്ടുന്നത്. അത് ഫലപ്രദമായി ഉപയോഗിച്ചില്ലെങ്കില്‍ ഒബാമയ്ക്ക് ഇപ്പോഴുള്ള ലീഡിനെ മറികടക്കാന്‍ പ്രയാസമായിരിക്കും. മക്കെയിന്റെ കഴിഞ്ഞ 2 ഡിബേറ്റുകളിലെ പ്രകടനം വച്ചുനോക്കുകയാണെങ്കില്‍ ഒബാമയെ തോല്‍പ്പിക്കുക അദ്ദേഹത്തിന് ശ്രമകരമാണ്.

വിജയസാധ്യതകളെക്കുറിച്ച് എന്റെ കഴിഞ്ഞ ആഴ്ചത്തെ നിഗമനങ്ങളില്‍ നിന്ന് വ്യത്യാസമൊന്നുമില്ല: ഒബാമ (338); മക്കെയിന്‍ (200). ജയിക്കാന്‍ വേണ്ടത് 270 മാത്രം.

Monday, October 06, 2008

ഒരു മാസം മുമ്പ് ഒബാമ മുന്നില്‍ | അമേരിക്കന്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പ്

നവംബര്‍ 4-ന് നടക്കുന്ന പൊതുതിരഞ്ഞെടുപ്പിന് ഒരു മാസം ഇനി തികച്ചില്ല. പോസ്റ്റല്‍ വോട്ടിംഗും നേരത്തെയുള്ള വോട്ടിംഗുമൊക്കെ പല സംസ്ഥാനങ്ങളിലും ആരംഭിച്ചു കഴിഞ്ഞു. തിരഞ്ഞെടുപ്പ് ഇപ്പോള്‍ നടക്കുകയാണെങ്കില്‍ ആരു ജയിക്കുമെന്നതിനെപ്പറ്റി അഭിപ്രായവോട്ടെടുപ്പുകാര്‍ക്കും എന്നേപ്പോലെ സാധാരണക്കാര്‍ക്കും എന്തിന് റിപ്പബ്ലിക്കന്‍ ചാണക്യനായ കാള്‍ റോവിന് പോലും സംശയമില്ല- അത് ഒബാമ തന്നെയാണ്.

2004-ല്‍ ജോണ്‍ കെറി ജയിച്ച എല്ലാ സംസ്ഥാനങ്ങളിലും തന്റെ നില സുരക്ഷിതമാക്കിയശേഷം അത്തവണ ബുഷ് ജയിച്ച ന്യൂ മെക്സിക്കോ, അയോവ, വിര്‍‌ജീനിയ, നെവാഡ, കൊളറാഡോ, മിസോറി, ഇന്‍‌ഡ്യാന, ഒഹായോ, നോര്‍ത്ത് കാരളൈന, ഫ്ലോറിഡ എന്നീ സംസ്ഥാനങ്ങളില്‍ ഒബാമ മത്സരം ശക്തമാക്കുകയോ നല്ല ലീഡ് എടുക്കുകയോ ചെയ്തിട്ടുള്ളതാണ് മക്കെയിന് വിനയായിട്ടുള്ളത്. സംസ്ഥാനമൊട്ടാകെ നോക്കുകയാണെങ്കില്‍ റിപ്പബ്ലിക്കന്‍ ഉരുക്കുകോട്ടയായ നെബ്രാസ്ക്കയില്‍ പോലും ഒബാമ മത്സരം കടുപ്പമാക്കിയിട്ടുണ്ടെന്നാണ് വാര്‍ത്ത. മറ്റുള്ള സംസ്ഥാനങ്ങളില്‍ നിന്ന് വ്യത്യസ്തമായി ഇലക്ടറല്‍ വോട്ടുകള്‍ അവിടെ വീതിക്കുകയാണ് ചെയ്യുക. അതുകൊണ്ട് ഏതെങ്കിലും ജില്ലകളില്‍ വിജയിക്കുകയാണെങ്കില്‍ അവിടത്തെ വോട്ട് പിടിച്ചെടുക്കാം. (ഇലക്ടറല്‍ വോട്ട് ഇങ്ങനെ വീതിക്കുന്ന മറ്റൊരു സംസ്ഥാനം വടക്കു-കിഴക്കന്‍ സംസ്ഥാനമായ മെയിന്‍ ആണ്.)

നീണ്ടുപോയ പ്രൈമറി തിരഞ്ഞെടുപ്പ്, റിപ്പബ്ലിക്കന്‍ കോട്ടകളിലേക്ക് പൊതുതിരഞ്ഞെടുപ്പ് വ്യാപിപ്പിക്കാന്‍ ഒബാ‍മയെ സഹായിച്ചു എന്നു പറയാം. എല്ലാ സംസ്ഥാനങ്ങളിലും പ്രൈമറിയില്‍ മത്സരിക്കേണ്ടി വന്നതുകൊണ്ട് അവിടങ്ങളിലൊക്കെ പ്രചരണത്തിനുവേണ്ട ആസൂത്രണങ്ങള്‍ ചെയ്യേണ്ടി വരികയും അങ്ങനെ ഓരോ സംസ്ഥാനങ്ങളിലുമുള്ള സാധ്യതകളെക്കുറിച്ച് നല്ലവണ്ണം പഠിക്കാന്‍ അദ്ദേഹത്തിന്റെ ക്യാം‌മ്പയിന് അവസരം കിട്ടുകയും ചെയ്തു. തന്നെയുമല്ല ആ സംസ്ഥാ‍നങ്ങളിലൊക്കെ പ്രചരണത്തിനു വേണ്ട സംഘാടനം നേരത്തേ തുടങ്ങിയിടാനും കഴിഞ്ഞു.

എന്റെ കഴിഞ്ഞ പോസ്റ്റില്‍ പറഞ്ഞതുപോലെ ഒബാമക്ക് 277 ഇലക്ടറല്‍ വോട്ടുകള്‍ പിടിക്കാന്‍ ഇപ്പോഴത്തെ സാഹചര്യത്തില്‍ യാതൊരു ബുദ്ധിമുട്ടുമില്ല. യുദ്ധക്കളസംസ്ഥാനങ്ങളായ നെവാഡ, കൊളറാഡോ, മിസോറി, ഇന്‍‌ഡ്യാന, ഒഹായോ, നോര്‍ത്ത് കാരളൈന, ഫ്ലോറിഡ എന്നീ സംസ്ഥാനങ്ങളില്‍ തോറ്റാലും ഒബാമയ്ക്ക് കുഴപ്പമില്ല. മക്കെയിന് അവിടങ്ങളിലൊക്കെ വിജയിക്കുകയും വേണം. അതുകൊണ്ട് മക്കെയിന്റെ ഭാഗത്താണ് ഇപ്പോള്‍ വലിയ സമ്മര്‍ദ്ദമുള്ളത്. കാര്യമായിട്ട് എന്തെങ്കിലും അദ്ദേഹം ഇപ്പോള്‍ ചെയ്തില്ലെങ്കില്‍ നവം‌ബര്‍ 4-ന് ഒബാമ വിജയത്തിലേക്ക് സുഗമമായി നടന്നുകയറും.

മക്കെയിനെ ഇത്ര വിഷമത്തിലാക്കിയത് പ്രധാനമായും സാമ്പത്തികരംഗത്തുണ്ടായ തകര്‍ച്ചയാണ്. സാറാ പേലിന്റെ കടന്നുവരവോടെ ഒരു “റിയാലിറ്റി ഷോ” പോലെ ആയി തീര്‍ന്ന തിരഞ്ഞെടുപ്പില്‍ ഗൌരവമായി ആരുമൊന്നും ചര്‍ച്ച ചെയ്യുന്നില്ലായിരുന്നു. വാള്‍ സ്ട്രീറ്റിന്റെ തകര്‍ച്ചയും അതിന്നെ രക്ഷിക്കാന്‍ വേണ്ടി സര്‍ക്കാര്‍ നടത്തിയ ശ്രമങ്ങളും ജനങ്ങളെ യഥാര്‍ഥ പ്രശ്നങ്ങളിലേക്ക് ശ്രദ്ധ തിരിക്കാന്‍ പ്രേരിപ്പിച്ചു. സാമ്പത്തികകാര്യങ്ങള്‍ കൈകാര്യം ചെയ്യാന്‍ മിടുക്കന്‍ ഒബാമയാണെന്ന പൊതുവായ ധാരണ വോട്ടര്‍മാരെ അദ്ദേഹത്തിന്റെ ഭാഗത്തേക്ക് മാറ്റി. അതാണ് കഴിഞ്ഞ ആഴ്ചകളില്‍ പെന്‍‌സില്‍‌വേനിയ, ഒഹായോ, ഫ്ലോറിഡ, വിര്‍‌ജീനിയ തുടങ്ങിയ സംസ്ഥാനങ്ങളില്‍ ഒബാമ മുന്നേറുന്നതിലൂടെ നമ്മള്‍ കണ്ടത്.

സാമ്പത്തികവും ആരോഗ്യപരിരക്ഷയുമായുള്ള വിഷയങ്ങളുമായി ബന്ധപ്പെട്ട് തിരഞ്ഞെടുപ്പു ചര്‍ച്ചകള്‍ നവംബര്‍ 4 വരെ നീണ്ടുപോവുകയാണെങ്കില്‍ ഒബാമയ്ക്ക് കാര്യമായി വിയര്‍ക്കാതെ തിരഞ്ഞെടുപ്പ് ജയിക്കാം. അതുകൊണ്ടാണ് മക്കെയിന്‍ വിഷയം മാറ്റാന്‍ ശ്രമിക്കുന്നത്. ജോണ്‍ കെറിക്കെതിരെ 2004-ല്‍ ബുഷ് നടത്തിയ “സ്വിഫ്റ്റ് ബോട്ട്” ആക്രമണത്തെ ഓര്‍മ്മിപ്പിക്കും പോലെ ഒബാമക്കെതിരെ മക്കെയിന്‍ ക്യാം‌മ്പയിന്‍ ഇന്ന് ഒരു സ്വഭാവഹത്യ പ്രചരണം ആരംഭിച്ചിട്ടുണ്ട്. 1960-കളില്‍ സജീവമായിരുന്ന “വെതര്‍ അണ്ടര്‍‌ഗ്രൌണ്ട്” എന്ന ഒരു തീവ്രവാദി സംഘടനയുടെ നേതാവായ വില്യം അയഴ്‌സുമായി ഒബാമയെ ബന്ധപ്പെടുത്തിയാണ് സാറാ പേലിന്‍ ആ ആക്രമണത്തിന് തുടക്കം കുറിച്ചിട്ടുള്ളത്. ആ സംഘടന സജീവമായിരുന്നപ്പോള്‍ ഒബാമയ്ക്ക് 8-9 വയസ്സേ പ്രായമുണ്ടായിരുന്നുള്ളൂ. ഇപ്പോള്‍ ഷിക്കാഗോയില്‍ താമസക്കാരനും പ്രഫസറും വിദ്യാഭ്യാസ വിദഗ്ദനൊക്കെയുമായ വില്യം അയഴ്‌സിനെ ഒബാമയ്ക്ക് അറിയാം എന്നതു മാത്രമേ വാസ്തവമായിട്ടുള്ളൂ.

ജോണ്‍ കെറി മിണ്ടാതെയിരുന്നെങ്കില്‍, ഒബാമ മക്കെയിനെതിരെ ഇന്നുതന്നെ ശക്തമായ പ്രത്യാക്രമണം നടത്തിയാണ് പ്രതികരിച്ചത്. ജനങ്ങള്‍ക്ക് പ്രധാനപ്പെട്ട സാമ്പത്തിക പ്രശ്നങ്ങളില്‍ നിന്ന് അവരുടെ ശ്രദ്ധതിരിക്കാനാണ് ഇത്തരം വ്യക്തിഹത്യകള്‍ക്ക് തുനിയുന്നതെന്ന് പറഞ്ഞാണ് ഒബാമ ക്യാം‌മ്പയിന്‍ തുടങ്ങിയിട്ടുള്ളതെങ്കിലും വരുന്ന ദിവസങ്ങളില്‍ മക്കെയിന്റെയും പേലിന്റെയും പഴയ പല ഇടപാടുകള്‍ അവര്‍ ഉയര്‍ത്തിക്കൊണ്ടു വരും എന്ന് ഉറപ്പാണ്. മക്കെയിന്‍ ഇതുവരെ കാര്യമായി ഉപയോഗിച്ചിട്ടില്ലാത്ത ഒരു വിവാദം ജറമയ്യ റൈറ്റുമായി ഒബാമയ്ക്കുള്ള ബന്ധമാണ്. അതും ഈയിടെ കോടതി ശിക്ഷിച്ച ഷിക്കാഗോ ബിസിനസ്സുകാരന്‍ ടോണി റിസ്ക്കോവുമായുള്ള ഒബാമയുടെ ബന്ധവും അവസാനത്തെ ആഴ്ചകളിലേക്ക് ഉപയോഗിക്കാന്‍ വേണ്ടി മക്കെയിന്‍ ക്യാം‌മ്പയിന്‍ മാറ്റി വച്ചിരിക്കുകയാണോ എന്നേ നോക്കേണ്ടതുള്ളൂ.

അത്തരം ആരോപണങ്ങള്‍ക്ക് ചുട്ട മറുപടികള്‍ കൊടുക്കുകയും പ്രത്യാക്രമണങ്ങള്‍ നടത്തുന്നതോടൊപ്പം തന്നെ സാമ്പത്തികപ്രശ്നങ്ങളില്‍ ജനശ്രദ്ധ എത്രത്തോളം പിടിച്ചു നിര്‍ത്താന്‍ കഴിയും എന്നതിനെ ആശ്രയിച്ചിരിക്കും ഒബാമയ്ക്ക് ഇപ്പോഴുള്ള മുന്തൂക്കം നിലനിര്‍ത്താനുള്ള സാധ്യത.

ഈ ചൊവ്വാഴ്ചയാണ് മക്കെയിനും ഒബാമയും തമ്മിലുള്ള രണ്ടാമത്തെ ഡിബേറ്റ്. മക്കെയിന്‍ അതില്‍ ഒബാമയെ വഴിവിട്ട് ആക്രമിക്കുമെന്നതില്‍ സംശയം ഒന്നും വേണ്ട. അതല്ലാതെ മക്കെയിന് വലിയ രക്ഷയുമൊന്നുമില്ല. കഴിഞ്ഞ തവണ ഒബാമ കുറച്ചു കാര്യങ്ങള്‍ സമ്മതിച്ചു കൊടുത്തതുപോലെ ഇത്തവണ ഉണ്ടാവില്ലെന്ന് പ്രതീക്ഷിക്കാം. നുണപ്രചരണങ്ങള്‍ നടത്തുന്നവര്‍ പറയുന്ന ഒന്നും സമ്മതിച്ചുകൊടുക്കരുത് (അത് ശരിയാണെങ്കില്‍ പോലും). കാരണം അത്തരം യോജിപ്പുകള്‍ അവരുടെ നുണകള്‍ക്ക് ഒരുതരത്തിലുള്ള വിശ്വാസ്യത കൊടുക്കും എന്ന് എനിക്ക് തോന്നുന്നു.

കാള്‍ റോവിന്റെ സൈറ്റിനെപ്പറ്റി ഞാന്‍ മുമ്പ് സൂചിപ്പിച്ചിരുന്നല്ലോ. അദ്ദേഹത്തിന്റെ ഇലക്ടറല്‍ മാപ്പില്‍ ഇന്ന് ഒബാമയാണ് മുമ്പില്‍. “റാസ്‌മ്യൂസന്‍ റിപ്പോര്‍ട്ട്‌സ്”-ന്റെ പ്രതിദിന അഭിപ്രായസര്‍വ്വേയില്‍ ഇന്ന് ഒബാമ 51% പിന്തുണയോടെ ദേശീയതലത്തില്‍ മക്കെയിനേക്കാള്‍ 7% പോയന്റുകള്‍ക്ക് മുമ്പിലാണ്.

ഇവയാണ് എന്റെ ഇപ്പോഴത്തെ നിഗമനങ്ങള്‍:

ഒബാമയ്ക്ക് കിട്ടുമെന്ന് ഉറപ്പുള്ള ഇലക്ടറന്മാര്‍ - 277 (ഭൂരിപക്ഷത്തിന് 270)
മക്കെയിന് കിട്ടുമെന്ന് ഉറപ്പുള്ള ഇലക്ടറന്മാര്‍ - 174

രണ്ടുപേര്‍ക്കും സാധ്യതയുള്ള സംസ്ഥാനങ്ങള്‍ - ഫ്ലോറിഡ(27), ഇന്‍‌ഡ്യാ‍ന(11), ഒഹായോ(20), കൊളറാഡോ(9), നെവാഡ(5), നോര്‍ത്ത് കാരളൈന(15).

ഇവയില്‍ ഫ്ലോറിഡ, ഒഹായോ, കൊളറാഡോ, നെവാഡ എന്നീ സംസ്ഥാനങ്ങളില്‍ ഒബാമ ജയിക്കാനാണ് സാധ്യത കൂടുതല്‍. ഇന്‍‌ഡ്യാ‍ന, നോര്‍ത്ത് കാരളൈന എന്നീ സംസ്ഥാനങ്ങളില്‍ മക്കെയിനും.

അവസാനത്തെ നില: ഒബാമ (338); മക്കെയിന്‍ (200)

Saturday, September 27, 2008

വാ‍ള്‍ സ്ട്രീറ്റ് നിലയ്ക്കുമ്പോള്‍ ഒബാമ മുന്നോട്ട് | അമേരിക്കന്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പ്

കഴിഞ്ഞ പോസ്റ്റിലെ കമന്റുകളില്‍ സൂചിപ്പിച്ചതുപോലെ, പോളുകളില്‍, നേരിയ ലീഡില്‍ നിന്ന് വ്യക്തമായ ലീഡിലേക്ക് ഒബാമ നീങ്ങുന്നതായിട്ടാണ് ഇപ്പോള്‍ കാണുന്നത്. റിപ്പബ്ലിക്കന്‍ ശക്തിദുര്‍ഗ്ഗങ്ങളായിരുന്ന വിര്‍‌ജീനിയയിലും നോര്‍ത്ത് കാരളൈനയിലും ഒബാമ മുന്നേറുമ്പോള്‍ ആടി നിന്ന പല സംസ്ഥാനങ്ങളിലും അദ്ദേഹം തന്റെ നില ശക്തമാക്കിയിട്ടുണ്ട്. ഫ്ലോറിഡ, ഒഹായോ എന്നീ വലിയ സംസ്ഥാനങ്ങളില്‍ മക്കെയിന്റെ ലീഡ് കുറയ്ക്കുകയും ചെയ്തു. ഈ നില തുടരുകയാണെങ്കില്‍ നവംബര്‍ 4-ന് വിജയിക്കുന്നത് ഒബാമ തന്നെ ആയിരിക്കും.

ഒബാമയ്ക്ക് പെട്ടന്ന് പിന്തുണ കൂടാനുള്ള കാരണം? അമേരിക്കന്‍ സാമ്പത്തികമേഖലയുടെ തകര്‍ച്ച തന്നെ. അമേരിക്കന്‍ ചരിത്രത്തിലെ തകര്‍ന്നടിഞ്ഞ ഏറ്റവും വലിയ ബാങ്കായി ഈ ആഴ്ച നിലം‌പതിച്ച വാഷിംഗ്‌ടണ്‍ മ്യൂച്ചല്‍ ബാങ്ക്. സാമ്പത്തിക സ്ഥാപനങ്ങളുടെ തകര്‍ച്ച ഒഴിവാക്കാന്‍ 700 ബില്യണ്‍ ഡോളറിന്റെ (അമേരിക്കന്‍ GDP-യുടെ ഏകദേശം 6%) പാക്കേജിന് സര്‍ക്കാര്‍ പദ്ധതിയിടുന്നുണ്ടെങ്കിലും ഇതുവരെ അതിന്നെപ്പറ്റി കോണ്‍‌ഗ്രസില്‍ സമവായം ആയിട്ടില്ല. ബുഷിന്റെ പാര്‍ട്ടിക്കാരായ റിപ്പബ്ലിക്കന്മാര്‍ തന്നെയാണ് അതിന്റെ പ്രധാന വിമര്‍ശകര്‍ എന്നതാണ് ഏറെ രസകരം. വിലയിടിഞ്ഞ, മോര്‍ട്ട്‌ഗേജ്(ഗൃഹവായ്പ)കള്‍ സര്‍ക്കാര്‍ വാങ്ങിക്കൂട്ടി ബാങ്കുകളെ രക്ഷിക്കുക എന്നതാണ് ഈ പദ്ധതിയുടെ പ്രധാന ഉദ്ദേശം. അത്യാഗ്രഹം മൂത്ത്, ബാങ്കുകള്‍ നടത്തിയ ചൂതാട്ടത്തില്‍ കാശ് കളഞ്ഞുകുളിച്ചവരെ ജനങ്ങളുടെ നികുതികൊണ്ട് രക്ഷിക്കുക! എങ്ങനെ വീണാലും വാള്‍ സ്ട്രീറ്റുകാര്‍ നാലുകാലിലേ വീഴൂ. പൊതുജനങ്ങള്‍ ഈ പദ്ധതിക്ക് എതിരാണെന്ന് തോന്നുന്നു. റിപ്പബ്ലിക്കന്മാരോടുള്ള രോഷം ഒബാമയ്ക്ക് പിന്തുണയായി മാറുന്നുമുണ്ട്.

സാമ്പത്തികകാര്യങ്ങളില്‍ ജനങ്ങള്‍ ഒബാമയെ കൂടുതല്‍ വിശ്വസിക്കുന്നതുകൊണ്ട് ആ രംഗത്ത് കാലുറപ്പിക്കാന്‍ മക്കെയിന്‍ ഒരു ചെറിയ സ്റ്റണ്ടു നടത്തി, ഇന്നലത്തെ ഡിബേറ്റില്‍ പങ്കെടുക്കാതെ വാഷിംഗ്ടണില്‍ പോയി അവിടെ വാള്‍ സ്ട്രീറ്റ് രക്ഷാപദ്ധതി ഉഷാറാക്കും എന്ന് അദ്ദേഹം ഒരു പ്രഖ്യാപനം നടത്തി. അദ്ദേഹം അവിടെ ചെന്നെങ്കിലും പട്ടി ചന്തയ്ക്കുപോയതു പോലെ തിരിച്ചുപോരേണ്ടി വന്നു. ഒബാമയുമായി സംവാദത്തില്‍ പങ്കെടുക്കാന്‍ പേടിയായതുകൊണ്ടാണ് അത് ഒഴിവാക്കാന്‍ നോക്കിയതെന്നും, വാള്‍ സ്ട്രീറ്റ് രക്ഷാപദ്ധതിയുടെ ചര്‍ച്ചകളില്‍ രാഷ്ട്രീയം കലര്‍ത്തി എന്നുമൊക്കെയുള്ള ആരോപണങ്ങള്‍ക്ക് മക്കെയിന്‍ വിധേയനായതു മാത്രം മിച്ചം.

അവസാനം ഡിബേറ്റ് ഇന്നലെ തന്നെ നടന്നു. മക്കെയിനും ഒബാമയും തമ്മിലുള്ള വ്യത്യാസം നേരിട്ടറിയാന്‍ കിട്ടിയ ഒരവസരമായിരുന്നു. പോളുകള്‍ സൂചിപ്പിക്കുന്നതുപോലെ ഒബാമയായിരുന്നു ഡിബേറ്റിലെ വിജയി. തന്റെ നയങ്ങള്‍ വ്യക്തമായി പറയാന്‍ ഒബാമ ശ്രമിച്ചപ്പോള്‍ ക്യാം‌മ്പയിന്‍ മുദ്രാവാക്യങ്ങള്‍ ആവര്‍ത്തിക്കാനും ഒബാമയെ പുച്ഛിക്കാനും മാത്രമേ മക്കെയിന്‍ തയ്യാറായുള്ളൂ. സാമ്പത്തികകാര്യങ്ങള്‍ ചര്‍ച്ച ചെയ്തപ്പോള്‍ ഒബാമയാണ് വ്യക്തമായും മുന്നിട്ടു നിന്നത്. വിദേശ-സുരക്ഷാ കാര്യങ്ങളില്‍ മക്കെയിനാണ് ചര്‍ച്ചയില്‍ മുന്തൂക്കമുണ്ടായിരുന്നതെന്ന് മാധ്യമങ്ങള്‍ പറയുന്നുണ്ടെങ്കിലും കാര്യങ്ങള്‍ കൃത്യമായി പറഞ്ഞത് ഒബാമയാണെന്നാണ് എനിക്കു തോന്നിയത്. പ്രത്യേകിച്ചും അമേരിക്കയുടെ പുറത്തുള്ള ഇമേജ് വര്‍ദ്ധിപ്പിക്കുന്നതിനെയും അണ്വായുധനിയന്ത്രണത്തെപ്പറ്റിയും ഒക്കെയുള്ള അദ്ദേഹത്തിന്റെ നിരീക്ഷണങ്ങള്‍.

(അതിനിടക്ക് “മനോരമ”യില്‍ ഡിബേറ്റിനെപ്പറ്റി ഒരു വാര്‍ത്ത കണ്ടു. വാര്‍ത്തയും എന്റര്‍‌റ്റെയ്ന്മെന്റും കൂട്ടിക്കുഴക്കുന്നത് അവര്‍ക്ക് പതിവ് പരിപാടിയാണ്. അതിന്നിടയില്‍ വാര്‍ത്തയുടെ കൃത്യത നോക്കാന്‍ മെനക്കെടാറുമില്ല. വാഷിംഗ്‌ടണില്‍ നിന്നാണ് വാര്‍ത്ത വരുന്നതെങ്കിലും അമേരിക്കന്‍ രാഷ്ട്രീയവും ഭൂമിശാസ്ത്രവും ലേഖകര്‍ക്ക് അറിയില്ല എന്ന് വളരെ വ്യക്തം. ഉദാഹരണത്തിന് ഡിബേറ്റ് നടന്നത് മെംഫിസിലെ ഓക്സ്‌ഫഡില്‍ ആണത്രേ. മിസിസിപ്പിയിലെ ഓക്സ്‌ഫഡില്‍ ആണ് ഡിബേറ്റ് നടന്നതെന്ന് ഏത് അമേരിക്കന്‍ പത്രത്തിന്റെ സൈറ്റില്‍ പോയാലും വായിക്കാം. ഓക്സ്ഫഡ് എന്ന “ഓള്‍ മിസ്” യൂണിവേഴ്സിറ്റി ടൌണിന് അടുത്തുള്ള, അയല്‍ സംസ്ഥാനമായ ടെന്നസിയിലെ ഒരു പ്രധാന നഗരമാണ് മെംഫിസ്. ഡിബേറ്റ് നടന്നത് യൂണിവേഴ്സിറ്റി കാമ്പസില്‍ ആണ്. ഇത്തരം വലിയ പത്രങ്ങളില്‍, കാര്യങ്ങള്‍ “പൈങ്കളീകരിക്കാതെ” തിരഞ്ഞെടുപ്പ് പ്രക്രിയയെക്കുറിച്ച് കുറച്ചുകൂടി വ്യക്തമായി പ്രതിപാദിച്ചെങ്കില്‍ നന്നായിരുന്നു. ഈ വാര്‍ത്ത വായിച്ചാല്‍ നാട്ടിലുള്ളവര്‍ക്ക് മക്കെയിനും ഒബാമയും ഏതോ ആഘോഷത്തില്‍ പങ്കെടുക്കാന്‍ പോയതുപോലെ തോന്നും. പ്രസിഡന്റ് തിരഞ്ഞെടുപ്പിലെ പ്രധാനപ്പെട്ട ഒരു പ്രക്രിയയാണ് സ്ഥാനാര്‍ഥികള്‍ തമ്മിലുള്ള സംവാദമെന്ന് യാതൊരു സൂചനയും ആ വാര്‍ത്തയില്‍ ഇല്ല.)

മുമ്പ് മക്കെയിന്‍ പ്രസിഡന്റായാലും എനിക്ക് കുഴപ്പമില്ല എന്ന് ഞാന്‍ പറഞ്ഞിരുന്നല്ലോ. അദ്ദേഹം സെയ്‌റാ പെയ്‌ലിനെ തിരഞ്ഞെടുത്തതു മുതല്‍ എനിക്ക് അദ്ദേഹത്തിന്റെ യോഗ്യതയിലും കഴിവുകളിലും സംശയം വന്നു തുടങ്ങിയിരുന്നു. ഈ ഡിബേറ്റിനു ശേഷം ഒരു കാര്യം വളരെ വ്യക്തമായി- മക്കെയിന്‍ ആധുനികകാലത്ത് അമേരിക്കയെ നയിക്കാന്‍ പറ്റിയ ആളല്ല.

സെയ്‌റാ പെയ്‌ലിന്‍ മണ്ടത്തരങ്ങള്‍ വിളിച്ചുപറഞ്ഞ് റിപ്പബ്ലിക്കന്മാരെ നാണം കെടുത്തുന്നുണ്ട്. അതിലേക്കൊന്നും കൂടുതല്‍ പോകാന്‍ സമയം അനുവദിക്കുന്നില്ല. യാഥാസ്ഥിക ബുദ്ധിജീവികള്‍ പോലും അവര്‍ മത്സരത്തില്‍ നിന്ന് പിന്‍‌വാങ്ങണമെന്ന് ആവശ്യപ്പെട്ടു തുടങ്ങി. (അത്തരം പിന്‍‌വാങ്ങലുകള്‍ ഉണ്ടായിട്ടുണ്ട്.) ഒക്ടോബര്‍ 2-ന് സെന്റ് ലൂയിസിലെ വാഷിം‌ഗ്‌ടണ്‍ യൂണിവേഴ്‌സിറ്റിയില്‍ വച്ചു നടക്കുന്ന വൈസ് പ്രസിഡന്റ് സ്ഥാനാര്‍ഥികളുടെ ഡിബേറ്റില്‍ അവര്‍ ജോ ബൈഡനെ എങ്ങനെ എതിരിടും എന്നാണ് ഇപ്പോള്‍ എല്ലാവരും ഉറ്റുനോക്കുന്നത്.

Monday, September 22, 2008

പെയ്‌ലിന്റെ പ്രഭ പൊലിയുന്നു; ഒബാമയ്ക്ക് പോളുകളില്‍ മുന്നേറ്റം | അമേരിക്കന്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പ്

ഇന്നത്തെ CNN-ന്റെ “പോളുകളുടെ പോള്‍” (പോളുകളുടെ ഒരു തരം അഗ്രിഗേറ്റര്‍) പ്രകാരം ദേശീയതലത്തില്‍ ഒബാമ 5 പോയന്റുകള്‍ക്ക് (49-44%) മുന്നിലെത്തി. സെയ്‌റാ പെയ്‌ലിന്‍ തരംഗമടിച്ച് കുറച്ച് പിന്നില്‍ പോയശേഷം ഒബാമയ്ക്ക് ഇത്രയും മുന്നേറാന്‍ കഴിഞ്ഞത് ചില്ലറ കാര്യമല്ല. ഇങ്ങനെ മുന്നിലെത്താന്‍ ഒബാമയെ സഹായിച്ചത് രണ്ടു കാര്യങ്ങളാണ്: പ്രധാനമായി അമേരിക്കന്‍ സാമ്പത്തികരംഗത്തുണ്ടായ വന്‍‌തകര്‍ച്ച; പിന്നെ സെയ്‌റാ പെയ്‌ലിന്‍ തരംഗം ഒരുവിധം കെട്ടടങ്ങിയത്.

കഴിഞ്ഞ ആഴ്ചകളില്‍ അമേരിക്കയെ പിടിച്ചുകുലുക്കിയ സാമ്പത്തികരംഗത്തെ കുഴപ്പങ്ങള്‍, സെയ്‌റാ പെയ്‌ലിന്റെ രംഗപ്രവേശം വഴി വെറും “പോപ്പുലാ‍രിറ്റി കോണ്ടസ്റ്റാ“യി തരംതാഴുകയായിരുന്ന പ്രസിഡന്റ് തിരഞ്ഞെടുപ്പിനെ ഗൌരവമുള്ള വിഷയങ്ങള്‍ ചര്‍ച്ചചെയ്യാനുള്ള ഒരു വേദിയാക്കി വീണ്ടും മാറ്റാന്‍ സഹായിച്ചു. സമ്പദ്‌രംഗം കൈകാര്യം ചെയ്യാന്‍ മക്കെയിനെക്കാള്‍ കഴിവ് ഒബാമയ്ക്കുണ്ടെന്നാണ് പൊതുജനങ്ങള്‍ കരുതുന്നത്. സാമ്പത്തികതകര്‍ച്ചയെ ചുറ്റിപ്പറ്റിയുള്ള ചര്‍ച്ചകള്‍ തിരഞ്ഞെടുപ്പ് വരെ നീട്ടിക്കൊണ്ടുപോകാന്‍ ഡമോക്രാറ്റുകള്‍ക്ക് കഴിഞ്ഞാല്‍ അവര്‍ക്ക് വൈറ്റ്‌ഹൌസിലേക്കുള്ള വഴി എളുപ്പമാകും.

സെയ്‌റാ പെയ്‌ലിന്‍ റിപ്പബ്ലിക്കന്‍മാരെ ഊര്‍ജ്ജസ്വലരാക്കി എന്നത് ശരിയാണ്; മക്കെയിന്‍ പോളുകളില്‍ രണ്ടാഴ്ചകള്‍ക്ക് മുമ്പ് മുന്നേറിയത് ആ വര്‍ദ്ധിച്ച പിന്തുണകൊണ്ടാണ്. പക്ഷേ, മടിച്ചുനിന്ന ഡമോക്രാറ്റുകള്‍ ഒബാമയുടെ പിന്നില്‍ അണിനിരക്കാനും അത് കാരണമായി. പലയിടത്തും 90%-ല്‍ അധികം പാര്‍ട്ടിക്കാരുടെ പിന്തുണ അദ്ദേഹത്തിന് ഇപ്പോള്‍ കിട്ടുന്നുണ്ട്. മാധ്യമങ്ങള്‍ സെയ്‌റാ പെയ്‌ലിന്റെ ഓരോ നുണകളും ഇടപാടുകളും പുറത്തുകൊണ്ടുവരുമ്പോള്‍ പൊതുവേ അവര്‍ മക്കെയിന് ബാധ്യത ആവുന്നുണ്ടെന്നാണ് എനിക്ക് തോന്നുന്നത്.

എന്നാല്‍ ഒബാമയുടെ തൊലിനിറം പ്രശ്നമാകുമെന്നാണ് സ്റ്റാന്‍ഫോര്‍ഡ് യൂണിവേഴ്സിറ്റി,യാഹൂ ന്യൂസ്, അസോഷിയേറ്റഡ് പ്രസ് എന്നിവര്‍ ചേര്‍ന്നു നടത്തിയ ഒരു പഠനത്തില്‍ കണ്ടെത്തിയത്. കറുത്തവനായതുകൊണ്ട് ഏകദേശം 6% വോട്ടുകള്‍ അദ്ദേഹത്തിന് നഷ്ടപ്പെടുമത്രേ. മത്സരം വളരെ അടുത്തതാവുകയാണെങ്കില്‍ ഇത്തരത്തിലുള്ള കാര്യങ്ങള്‍ മത്സരത്തിന്റെ ഗതി നിയന്ത്രിച്ചേക്കാമത്രേ. പക്ഷേ, ചെറുപ്പക്കാരുടെയും കറുത്തവരുടെയും വര്‍ദ്ധിച്ച പിന്തുണ ഒബാമയ്ക്കുള്ളത് ഈ നഷ്ടത്തെ എത്ര കണ്ട് പരിഹരിക്കുമെന്ന് അറിയില്ല.

വിദേശകാര്യത്തില്‍ അമേരിക്കക്കാര്‍ കൂടുതല്‍ വിശ്വസിക്കുന്നത് ഇപ്പോഴും മക്കെയിനെ ആണ്. തിരഞ്ഞെടുപ്പിന് മുമ്പ് ഇറാക്കിലോ പാക്കിസ്ഥാനിലോ മറ്റോ പ്രശ്നങ്ങള്‍ തലപൊക്കി അത് മാധ്യമങ്ങളില്‍ പ്രധാനവാര്‍ത്ത ആയാല്‍ മക്കെയിന് അതില്‍ നിന്ന് എളുപ്പത്തില്‍ മുതലെടുക്കാന്‍ പറ്റും.

ഒബാമ 5 പോയന്റുകള്‍ക്ക് ഇപ്പോള്‍ ദേശീയതലത്തില്‍ മുന്നിലാണെങ്കിലും മത്സരങ്ങള്‍ യഥാര്‍ഥത്തില്‍ നടക്കുന്നത് സംസ്ഥാനതലത്തിലാണെന്ന് അറിയാമല്ലോ. ഇലക്ടറല്‍ കോളജിലെ എന്റെ പഴയ കണക്കുകൂട്ടലുകള്‍ക്ക് ഇപ്പോള്‍ എന്തെങ്കിലും വ്യത്യാസം വന്നോ എന്നു നോക്കാം ഇനി.

ആകെയുള്ള ഇലക്ടറന്മാര്‍ - 538
ജയിക്കാന്‍ വേണ്ട ഇലക്ടറന്മാര്‍ - 270

ഡമോക്രാറ്റുകള്‍ക്ക് കിട്ടുമെന്ന് ഉറപ്പുള്ള ഇലക്ടറന്മാര്‍ - 238
റിപ്പബ്ലിക്കന്മാര്‍ക്ക് കിട്ടുമെന്ന് ഉറപ്പുള്ള ഇലക്ടറന്മാര്‍ - 174

രണ്ടുപേര്‍ക്കും സാധ്യതയുള്ള സംസ്ഥാനങ്ങള്‍ - ഫ്ലോറിഡ(27), ഇന്‍‌ഡ്യാ‍ന(11), ഒഹായോ(20), കൊളറാഡോ(9), ന്യൂ മെക്സിക്കോ(5), നെവാഡ(5), വിര്‍ജീനിയ(13), നോര്‍ത്ത് കാരളൈന(15), പെന്‍‌സില്‍‌വേനിയ(21)

ചുരുക്കത്തില്‍ ഈ 9 സംസ്ഥാനങ്ങളിലേ യഥാര്‍ഥത്തില്‍ മത്സരം നടക്കുന്നുള്ളൂ. ഇവയില്‍ തന്നെ ഇന്‍‌ഡ്യാന, വിര്‍‌ജീനിയ, നോര്‍ത്ത് കാരളൈന എന്നീ സംസ്ഥാനങ്ങള്‍ പൊതുവേ റിപ്പബ്ലിക്കന്‍ സംസ്ഥാനങ്ങളായാണ് അറിയപ്പെടുന്നത്. ഫ്ലോറിഡയിലും മക്കെയിന്‍ മുന്നേറുന്നുണ്ടെന്ന് പോളുകള്‍ കാണിക്കുന്നു. അവിടെയെല്ലാം മക്കെയിന്‍ ജയിക്കുമെന്ന് കരുതുകയാണെങ്കില്‍ മക്കെയിന് ആകെ 240 ഇലക്ടറന്മാര്‍ ആകും. ബാക്കിയുള്ളത് ഒഹായോ, കൊളറാഡോ, ന്യൂ മെക്സിക്കോ, നെവാഡ, പെന്‍‌സില്‍വേനിയ എന്നീ സംസ്ഥാനങ്ങള്‍ ആണ്. തല്‍ക്കാലം പെന്‍‌സില്‍‌വേനിയയില്‍ മുന്നിട്ട് നില്‍ക്കുന്നത് ഒബാമയാണ്; അവിടത്തെ ഇലക്‍ടറന്മാരെക്കൂടി ചേര്‍ത്താല്‍ അദ്ദേഹത്തിന് 259 പേര്‍ ആയി.

ഇപ്പോള്‍ ഒഹായോ, കൊളറാഡോ, ന്യൂ മെക്സിക്കോ, നെവാഡ എന്നീ സംസ്ഥാനങ്ങളില്‍ നേരിയ ഭൂരിപക്ഷത്തിന് മക്കെയിനാണ് മുമ്പില്‍. അവിടെയൊക്കെ ലീഡ് നിലനിര്‍ത്തുകയാണെങ്കില്‍ അദ്ദേഹം തിരഞ്ഞെടുപ്പില്‍ വിജയിക്കും. ഒഹായോയില്‍ ഒബാമയ്ക്ക് കാര്യങ്ങള്‍ കുറച്ച് ബുദ്ധിമുട്ടാണെന്ന് തോന്നുന്നു. അതുകൊണ്ട് അദ്ദേഹത്തിന് ജയിക്കണമെങ്കില്‍ കൊളറാഡോ നേടിയേ തീരൂ; പിന്നെ ന്യൂ മെക്സിക്കോയോ നെവാഡയോ. ന്യൂ മെക്സിക്കോയിലും നെവാഡയിലും മാത്രം ഒബാമ ജയിക്കുകയാണെങ്കില്‍ മത്സരം തുല്യനിലയില്‍ ആകും. അത്തരമൊരു സാഹചര്യത്തില്‍ അമേരിക്കന്‍ കോണ്‍‌ഗ്രസാണ് പ്രസിഡന്റിനെ തിരഞ്ഞെടുക്കുക. കാര്യങ്ങള്‍ അത്രത്തോളം നീളില്ല എന്ന് നമുക്ക് ആശിക്കാം.

ഇനി വരുന്ന ആഴ്ചകളില്‍ നോക്കിയിരിക്കേണ്ട പോളുകളിലെ വ്യത്യാസങ്ങള്‍‍: ഫ്ലോറിഡയിലോ ഒഹായോയിലോ ഒബാമ മുന്നേറുകയാണെങ്കില്‍ പിന്നെ മക്കെയിന്റെ പൊതുതിരഞ്ഞെടുപ്പിലെ സാധ്യതകള്‍ക്ക് വളരെ മങ്ങലേല്‍ക്കും. അതുപോലെ ഒബാമ പെന്‍‌സില്‍‌വേനിയയിലും കൊളറാഡോയിലും എത്രത്തോളം മുന്നേറും എന്നും നിരീക്ഷിക്കേണ്ടതുണ്ട്. ദേശീയതലത്തിലുള്ള പോളുകള്‍ക്ക് വലിയ പ്രസക്തി ഉണ്ടെന്നു തോന്നുന്നില്ല; അത്തരം പോളുകളില്‍ മുന്നേറുന്ന സ്ഥാനാര്‍ഥി ഭൂരിപക്ഷം വോട്ടുകള്‍ നേടിയേക്കുമെങ്കിലും.

ഈ വരുന്ന വെള്ളിയാഴ്ചയാണ്, മക്കെയിനും ഒബാമയും തമ്മിലുള്ള ഡിബേറ്റുകളിലെ ആദ്യത്തേത്, മിസിസിപ്പിയിലെ ഓക്സ്‌ഫോര്‍ഡില്‍ വച്ച് നടക്കാന്‍ പോകുന്നത്. ഇതുവരെ പരസ്യങ്ങളിലൂടെയും മാധ്യമങ്ങളിലൂടെയും മാത്രം സംവദിച്ചിരുന്നവര്‍ നേരെ ഏറ്റുമുട്ടുമ്പോള്‍ കാണികള്‍ക്ക് അത് രസകരമായിരിക്കുമെന്ന് തീര്‍ച്ചയാണ്.

Tuesday, September 16, 2008

Sex, lies (and no videotape yet) | അമേരിക്കന്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പ്

17 വയസുള്ള മകളുടെ ഗര്‍ഭത്തിന്റെ വിശേഷവുമായിട്ടാണ്‌ സേറാ പേലിന്‍ പ്രസിഡന്റ്‌ ഇലക്ഷന്‍ രംഗത്തേക്ക് കടന്നുവരുന്നത്. അമേരിക്കയുടെ ഒരു സാമൂഹിക പ്രശ്നം തന്നെയായ കൗമാര ഗര്‍ഭത്തിനെ വലിയൊരു ആഘോഷമായിട്ടാണു വലതുപക്ഷക്കാര്‍ സൗകര്യപൂര്‍വ്വം അന്ന് കൊണ്ടാടിയത്. ആരോ കൃത്യമായി നിരീക്ഷിച്ചതുപോലെ, ഒബാമയുടെ കുടുംബത്തിലാണ്‌ അതു സംഭവിച്ചിരുന്നതെങ്കില്‍, കറുത്തവരുടെ കുടുംബങ്ങളുടെ തകര്‍ച്ചയായി ആ സംഭവത്തെ ചിത്രീകരിച്ച്, ഒളിഞ്ഞും തെളിഞ്ഞും ഈ സമയത്തു യാഥാസ്ഥികര്‍ ഒബാമയെ ആക്രമിക്കുമായിരുന്നു.

കാരണവര്‍ക്ക്‌ അടുപ്പിലും തൂറാമല്ലോ. വെള്ളക്കാര്‍ക്ക്‌ അമേരിക്കയില്‍ എന്തും ആവാം. അതിനെ വിമര്‍ശിച്ചാല്‍ അവരോട്‌ അനാദരവ്‌ കാട്ടി എന്നു പറഞ്ഞാവും അടുത്ത ആക്രമണം. ഞാന്‍ കഴിഞ്ഞ പോസ്റ്റില്‍ വിവരിച്ച ലിപ്സ്റ്റിക്ക് വിവാദത്തില്‍ ഒബാമ പേലിനെ അങ്ങനെ ചിത്രീകരിച്ചത് (ഒബാമ പേലിനെ ഉദ്ദേശിച്ചാണ് പറഞ്ഞതെന്നതിന് തെളിവൊന്നുമില്ല) അനാദരവായിപ്പോയി എന്നു പറഞ്ഞാണ് മക്കെയിന്റെ പ്രത്യാക്രമണം.

തന്റെ ടിക്കറ്റില്‍ ചേര്‍ന്ന അന്നു മുതല്‍ നുണകളുടെ ഒരു ഘോഷയാത്രയില്‍ പേലിനെയും തേരിലേറ്റി മക്കെയിന്‍ നാടൊട്ടുക്ക്‌ നടക്കുകയാണ്‌. പേലിന്‍ തന്നെപ്പറ്റി പറയുന്നതും ഒബാമയെപ്പറ്റി പറയുന്നതും മിക്കവാറും നുണകള്‍ തന്നെ. മേമ്പൊടിയായി സെക്സും ഉണ്ട്‌; വീഡിയോ ടേപ്പോന്നും ഇതുവരെ പുറത്തു വന്നിട്ടില്ല എന്നുമാത്രം. (ഇപ്പറഞ്ഞതിന്ന് "Sex, Lies and Videotape" എന്ന കള്‍ട്ട്‌ ഹോളിവുഡ്‌ ക്ലാസിക്കിനോട്‌ കടപ്പാട്‌.)

ഇല്ലിനോയി സംസ്ഥാനത്ത് ഒബാമ സെനറ്റര്‍ ആയിരിക്കുമ്പോള്‍ സ്കൂള്‍ കുട്ടികള്‍ക്ക് ലൈംഗികകുറ്റവാളികളെ തിരിച്ചറിയുവാന്‍ വേണ്ടി അവരെ പരിശീലിപ്പിക്കാന്‍ അനുശാസിക്കുന്ന ഒരു ബില്ലിന് വോട്ട് ചെയ്തിരുന്നു. പള്ളിയിലെ അച്ചന്മാര്‍ മുതല്‍ പള്ളിക്കൂടത്തിലെ അധ്യാപകര്‍ വരെ കുട്ടികളെ വെറുതെ വിടാത്ത ഇക്കാലത്ത് അത്തരമൊരു അധ്യാപനരീതി തികച്ചും പ്രശംസനീയമാകേണ്ടതായിരുന്നു. പക്ഷേ, മക്കെയിന്റെ ഒരു ടെലിവിഷന്‍ പരസ്യത്തില്‍ പറയുന്നത് ഒബാമ കുട്ടികളെ അക്ഷരം പഠിപ്പിക്കുന്നതിന് മുമ്പ് ലൈംഗികവിദ്യാഭ്യാസത്തിന് വിധേയരാക്കുന്നു എന്നാണ്.

നുണകളുടെ ഒരു മലവെള്ളപ്പാച്ചില്‍ തന്നെയായിരുന്നു കഴിഞ്ഞ ദിവസങ്ങളില്‍ മക്കെയിന്റെ ഭാഗത്തുനിന്ന്. അത് കരുതിക്കൂട്ടിത്തന്നെയുള്ള ഒരു സാധാരണ റിപ്പബ്ലിക്കന്‍ തന്ത്രമാണ്. കഴിഞ്ഞ തവണ അവയ്ക്കൊന്നും കൃത്യമായി മറുപടി പറയാന്‍ കഴിയാതെ ജോണ്‍ കെറി മുട്ടുമടക്കി. ഒബാമ മറുപടികള്‍ കൊടുക്കുന്നുണ്ട്; പക്ഷേ, അകാരണമായി അദ്ദേഹം പ്രതിരോധത്തില്‍ ആയിപ്പോയത് നീണ്ടുപോയാല്‍ അത്ര ഗുണം ചെയ്യുമെന്ന് തോന്നുന്നില്ല. നുണപ്രചരണങ്ങളുടെ ലക്ഷ്യം വാസ്തവങ്ങളുടെ ചുറ്റും ഒരു പുകമറ സൃഷ്ടിക്കുക എന്നതാണ്. യഥാര്‍ഥ പ്രശ്നങ്ങള്‍ ചര്‍ച്ചചെയ്യാതെ സമയം കളയാനും അത് ഉപകരിക്കും.

സത്യം എന്തെന്ന് അന്വേഷിച്ചറിഞ്ഞ് ഉപഭോക്താക്കളെ അറിയിക്കാതെ രണ്ടു ക്യാമ്പിനും വാര്‍ത്തകളില്‍ തുല്യം പ്രാധാന്യം കൊടുക്കുക എന്ന അമേരിക്കന്‍ മാധ്യമങ്ങളുടെ ഒരു രീതി മക്കെയിന്‍ ക്യാമ്പ് ഉപയോഗപ്പെടുത്തുകയും ചെയ്തു. നുണകളെപ്പറ്റി എഴുതുമ്പോള്‍ തന്നെ മറുവശത്തിന്റെ ഭാഷ്യം കൂടി കൊടുക്കുക സാധാരണമാണ്; സാധാരണക്കാരന്‍ ചിലപ്പോള്‍ വിവരത്തിന്റെ ആധിക്യത്തില്‍ മുങ്ങിപ്പോകുകയും ചെയ്യും. പക്ഷേ, റിപ്പബ്ലിക്കന്മാരുടെ ഈ തന്ത്രം തിരിച്ചറിഞ്ഞ് മക്കെയിന്റെയും സേറാ പേലിന്റെയും നുണകളെ പുറത്തുകൊണ്ടുവരാന്‍ പത്രങ്ങള്‍ ശ്രമിക്കുന്നുണ്ട്. “ടൈമി”-ലും “ന്യൂ യോര്‍ക്ക് ടൈംസി”ലുമൊക്കെ മക്കെയിന്‍-പേലിന്‍ ടിക്കറ്റിനെ വിമര്‍‌ശിച്ച് കൂടുതല്‍ ലേഖനങ്ങള്‍ വന്നുതുടങ്ങി.

ABC News-ന്റെ ചാള്‍സ് ഗിബ്സനാണ് സേറാ പേലിന്‍ സ്ഥാനാര്‍ഥി ആയ ശേഷം അവരെ ആദ്യമായി ഇന്റര്‍വ്യൂ ചെയ്യാന്‍ അവസരം ലഭിച്ചത്. ഞാന്‍ കണ്ട അതിന്റെ കുറച്ചു ഭാഗങ്ങളും അതേക്കുറിച്ചുവന്ന വാര്‍ത്തകളും വച്ചുനോക്കിയാല്‍ തികച്ചും പേടിപ്പെടുത്തുന്ന അജ്ഞതയാണ് സേറാ പേലിന്റെ ഭാഗത്ത് ഞാന്‍ കണ്ടത്. ഏതോ കുഗ്രാമത്തില്‍ നിന്ന് നഗരത്തിലേക്ക് വന്ന ഒരു തന്റേടിയുടെ മട്ടാണ് പൊതുവേ അവര്‍ പ്രകടിപ്പിച്ചത്. ഉദാഹരണത്തിന് റഷ്യയെക്കുറിച്ചുള്ള അവരുടെ നയത്തെപ്പറ്റി ചോദിച്ചപ്പോള്‍ ആ രാജ്യം അലാസ്ക്കക്ക് അടുത്താണെന്നും അലാസ്ക്കയില്‍ നിന്ന് നോക്കിയാല്‍ റഷ്യ കാണാമെന്നൊക്കെയാണ് അവര്‍ പറഞ്ഞത്. “അജ്ഞത“ ആഘോഷിക്കേണ്ട ഒരു ഗുണമായി, പ്രത്യേകിച്ചും രാഷ്ട്രീയത്തില്‍, അമേരിക്കയില്‍ മാറിയോ എന്ന് എനിക്ക് സംശയം. കാരണം ഒബാമ 2 പുസ്തകമെഴുതിയത് വലിയ തെറ്റുപോലെയാണ് പേലിന്‍ പാര്‍ട്ടി കണ്‍‌വെന്‍ഷനില്‍ അവതരിപ്പിച്ചത്.

മത്സരം വീണ്ടും തുല്യനിലയിലായി; ഏതാണ്ട് പാര്‍ട്ടി കണ്‍‌വെന്‍ഷനുകള്‍ തുടങ്ങുന്നതിന് മുമ്പുള്ള നില. പക്ഷേ, മക്കെയിന്‍ ഒബാമയുടെ ശക്തികേന്ദ്രങ്ങളില്‍ ചില നേട്ടങ്ങള്‍ ഉണ്ടാക്കിയിട്ടുണ്ട്. ന്യൂ മെക്സിക്കോ, പെന്‍സില്‍‌വേനിയ, ന്യൂ ജെഴ്സി,മിന്യസോട്ട എന്നിവിടങ്ങളില്‍. അതിന്ന് ബദലായി ഒഹായോ, വിര്‍ജീനിയ എന്നിവിടങ്ങളില്‍ ഒബാമ കൂടുതല്‍ ശക്തി കാണിക്കുന്നുമുണ്ട്. ഇലക്ടറല്‍ കോളജ് പ്രകാരം നോക്കുകയാണെങ്കില്‍ ഇപ്പോഴും നേരിയ മുന്തൂക്കം ഒബാമയ്ക്ക് തന്നെ.

ഇപ്പോള്‍ വാള്‍ സ്ട്രീറ്റില്‍ നടന്നുകൊണ്ടിരിക്കുന്ന ഭൂകമ്പങ്ങള്‍ (പാപ്പരാവാതിരിക്കാന്‍ ഫാനി മേ/ഫ്രെഡി മാക്ക് എന്ന മോര്‍ട്ട്‌ഗേജ് വമ്പന്മാരെ സര്‍ക്കാരിന്ന് വാങ്ങേണ്ടി വന്നു; ലേമാന്‍ ബ്രദേഴ്സ്, മെറില്‍ ലിന്‍‌ഞ്ച് എന്നീ ഇന്‍‌വെസ്റ്റ്മെന്റ് കമ്പനികള്‍ പാപ്പരായി; എ.ഐ.ജി. എന്ന ഇന്‍‌ഷൂറന്‍ ഭീമനെ വന്‍‌തുക ഇറക്കി സര്‍ക്കാറിന്ന് താങ്ങിനിര്‍ത്തേണ്ടി വന്നു; സെപ്തംബര്‍ 11-ന് ശേഷം ഷെയര്‍ മാര്‍ക്കറ്റില്‍ ഏറ്റവും വലിയ ഇടിവ് സംഭവിച്ചു) കാര്യമുള്ള കാര്യങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ സ്ഥാനാര്‍ഥികളെ നിര്‍‌ബന്ധിതരാക്കിയിട്ടുണ്ട്. അത് പൊതുവേ ഡമോക്രാറ്റുകളെ സഹായിക്കും എന്നാണ് കരുതുന്നത്. കാരണം സാമ്പത്തികരംഗത്ത് ചട്ടങ്ങള്‍ വളരെ ഉദാരമാക്കിയതാണ് ഇത്തരം വമ്പന്‍ കമ്പനികള്‍ കൈവിട്ട് കളിക്കാന്‍ കാരണമായതെന്ന് പൊതുവേ നിരീക്ഷിക്കപ്പെടുന്നുണ്ട്; നിയന്ത്രണങ്ങള്‍ അധികം കൊണ്ടുവരാന്‍ സമ്മതിക്കാത്തത് പൊതുവേ റിപ്പബ്ലിക്കന്മാരുമാണ്.

Thursday, September 11, 2008

ലിപ്സ്റ്റിക്കിട്ട പന്നിയും ഒരു വന്‍‌ശക്തിയുടെ പതനവും | അമേരിക്കന്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പ്

ഏതാനും മണിക്കൂറുകള്‍ക്കുള്ളില്‍ സെപ്റ്റംബര്‍ 11 ആക്രമണം നടന്നിട്ട് 7 വര്‍ഷങ്ങള്‍ പൂര്‍ത്തിയാകും. ഒരിക്കല്‍ അജയ്യമെന്ന് കരുതപ്പെട്ടിരുന്ന അമേരിക്കന്‍ ശക്തിയുടെ പരിമിതികള്‍ ലോകം നേരിട്ടറിഞ്ഞത് അതുവഴിയാണ്‌. സോവിയറ്റ് കമ്യൂണിസത്തെ തളക്കാന്‍ അമേരിക്ക വളര്‍ത്തിയ; അമേരിക്കന്‍ പെട്രോ-ഡോളര്‍ കുടിച്ച് കൊഴുത്ത ഇസ്ലാമിക ഭീകരവാദം, ഒബാമയുടെ പണ്ടത്തെ പാസ്റ്റര്‍ ജറമയ്യ റൈറ്റ് പണ്ട് പറഞ്ഞതുപോലെ, മുട്ടയിടാന്‍ വീട്ടില്‍ തിരിച്ചെത്തിയപ്പോള്‍ കോഴിക്കൂട് കാക്കേണ്ടിയിരുന്നയാള്‍ കഥയൊന്നുമറിയാതെ ഫ്ലോറിഡയിലെ ഒരു സ്കൂളിലിരുന്ന് ബാലസാഹിത്യം വായിക്കുകയായിരുന്നു.

അമേരിക്കയുടെ അഭ്യന്തര ദൌര്‍ബല്യം അതിന്റെ ശത്രുക്കള്‍ ഒരു പക്ഷേ ആദ്യം മനസ്സിലാക്കിയത് ജോര്‍ജ്ജ് ബുഷിന്റെ 2000-ലെ തിരഞ്ഞെടുപ്പിലൂടെ ആയിരിക്കുമെന്ന് എനിക്ക് തോന്നുന്നു. അന്ന് അമേരിക്കക്കാര്‍ അദ്ദേഹത്തിന് വോട്ടു ചെയ്തതിലല്ല പ്രശ്നം; അദ്ദേഹത്തെ അമേരിക്കന്‍ പ്രസിഡന്റാ‍യി അവരോധിക്കാന്‍ സുപ്രീംകോടതി അടക്കമുള്ള നിഷ്പക്ഷത പാലിക്കേണ്ടിയിരുന്ന ഏജന്‍‌സികള്‍ കാണിച്ച വ്യഗ്രതയാണ് അന്ന്‌ സംശയജനകമായിരുന്നത്. സെപ്തംബര്‍ 11-ന് ശേഷം ലോകജനത ഒന്നടങ്കം അമേരിക്കയോട് കാണിച്ച അനുഭാവവും പ്രാകൃതരായ താലിബാന്റെ മേല്‍ അമേരിക്ക നേടിയ സൈനികവിജയത്തിന്റെ തിളക്കവും ഇറാക്ക് അധിനിവേശത്തിലൂടെ അവര്‍ കളഞ്ഞുകുളിച്ചു. രാജ്യരക്ഷയുടെ മറവില്‍ ബുഷ് നോക്കിയത് സ്വന്തക്കാര്‍ക്ക് ആ രാജ്യത്തിലെ എണ്ണയുടെ നിയന്ത്രണം ഏല്പിച്ചുകൊടുക്കാനായിരുന്നു.

2004-ലെ തിരഞ്ഞെടുപ്പിന്റെ സമയം ആയപ്പോഴേക്കും ഇറാക്കില്‍ അമേരിക്കയുടെ ഇടപെടല്‍ തെറ്റായിരുന്നെന്ന് പകല്‍ പോലെ വ്യക്തമായിരുന്നു. പക്ഷേ, വിയറ്റ്നാമില്‍ പോകാതെ തടിതപ്പിയ ബുഷും ചെയ്നിയും, ഒരു യഥാര്‍ഥ വിയറ്റ്നാം യുദ്ധവീരനായ ജോണ്‍ കെറിയെ, അദ്ദേഹത്തിന്റെ യുദ്ധകാലനേട്ടങ്ങളെ തന്നെ ചോദ്യം ചെയ്ത്, വീണ്ടും ജയിച്ചു കയറി.

നുണപ്രചരണങ്ങള്‍ ഇത്ര എളുപ്പത്തില്‍ അമേരിക്കക്കാര്‍ വിശ്വസിക്കാന്‍ എന്താണ് കാരണമെന്ന് എനിക്ക് മനസ്സിലായിട്ടില്ല. പക്ഷേ, കാള്‍ റോവിന്റെ നേതൃത്വത്തില്‍ റിപ്പബ്ലിക്കന്‍ യാഥാസ്ഥികര്‍ വളരെ വിജയകരമായി നടത്തിയ ഒന്നാണ് നുണപ്രചരണങ്ങളും അതുവഴി വോട്ടര്‍മാരെ സ്വാധീനിക്കലും. മക്കെയിന്‍ തന്നെ 2000-ല്‍ അതിന്റെ ഇരയായിരുന്നു: ബുഷ് ന്യൂ ഹാം‌പ്‌ഷയറില്‍ റിപ്പബ്ലിക്കന്‍ പ്രൈമറി തോറ്റപ്പോള്‍ സൌത്ത് കാരളൈന തുടങ്ങിയ സംസ്ഥാനങ്ങളില്‍ ജയിക്കാന്‍ വേണ്ടി മക്കെയിന്റെ ബംഗ്ലാദേശുകാരിയായ ദത്തുപുത്രി അദ്ദേഹത്തിന് ഒരു അവിഹിതബന്ധത്തില്‍ ഉണ്ടായതാണ് എന്ന നുണ പറഞ്ഞുപരത്തി അദ്ദേഹത്തെ മലര്‍ത്തിയടിച്ചു.

കാള്‍ റോവ് ഇന്ന് സജീവമായി പ്രചരണത്തിന് ഇല്ലെങ്കിലും അദ്ദേഹത്തിന്റെ ശിഷ്യന്മാരാണ് മക്കെയിന്റെ തിരഞ്ഞെടുപ്പ് ഇപ്പോള്‍ നിയന്ത്രിക്കുന്നത്. കറതീര്‍ന്ന കൃസ്ത്യന്‍ യാഥാസ്ഥികയായ സാറാ പേലിന്റെ സ്ഥാനാര്‍ഥിത്വം അടക്കമുള്ള കാര്യങ്ങള്‍ അവരാണ് നിശ്ചയിച്ചത്. സാറാ പേലിന്‍ പാര്‍ട്ടി കണ്‍‌വെന്‍ഷനില്‍ ചെയ്ത പ്രസംഗത്തില്‍ പറഞ്ഞ പല കാര്യങ്ങളും അര്‍ദ്ധസത്യങ്ങള്‍ ആയിരുന്നു. അതിന്നു ശേഷം അവര്‍ ഒബാമയ്ക്കെതിരെ നടത്തിയ ആരോപണങ്ങള്‍ മിക്കവാറും എല്ലാം തന്നെ സത്യവിരുദ്ധമായിരുന്നു. അമേരിക്കന്‍ വോട്ടര്‍മാര്‍ അതെല്ലാം കേട്ട് രസിച്ച് മക്കെയിന്‍-പേലിന്‍ ടിക്കറ്റിലേക്ക് മാറുന്നുമുണ്ട്. ഡമോക്രാറ്റുകളും വിട്ടുകൊടുക്കുന്നില്ല. പോളുകളില്‍ മുന്‍‌തൂക്കം നഷ്ടപ്പെട്ട വിഷമത്തില്‍ അവരും പ്രത്യാക്രമണം നടത്തുന്നുണ്ട്. പക്ഷേ, അവര്‍ ഇപ്പോള്‍ പ്രധാനമായും പ്രതിരോധത്തിലാണ്. റിപ്പബ്ലിക്കന്മാര്‍ 8 കൊല്ലം ഭരിച്ച് നാട് മുടിച്ചിട്ടും ഇത്തരമൊരു അവസ്ഥയില്‍ ഡമോക്രാറ്റുകള്‍ വന്നെത്തിയതില്‍ എനിക്ക് അത്ര അത്ഭുതം തോന്നുന്നില്ല. നല്ലൊരുപങ്ക് അമേരിക്കക്കാര്‍ക്ക് ഈ തിരഞ്ഞെടുപ്പ് ഒരു റിയാലിറ്റി എന്റര്‍‌റ്റെയിന്മെന്റ് ഷോ മാത്രമാണ്. രാജ്യത്തിന് വന്നുചേര്‍ന്നിരിക്കുന്ന വിപത്തുകള്‍ ഒന്നും തന്നെ ഈ ക്യാം‌മ്പയിനില്‍ ചര്‍ച്ചചെയ്യപ്പെടുന്നില്ല. അത്തരം ഗൌരവമായ ചര്‍ച്ചകളിലേക്ക് കാര്യങ്ങള്‍ പോകാതെ നോക്കാന്‍ റിപ്പബ്ലിക്കന്മാര്‍ക്ക് നല്ല വശമാണ്. എല്ലാ ദിവസവും എന്തെങ്കിലും ബാലിശമായ വിഷയങ്ങള്‍ പൊക്കിക്കൊണ്ടുവന്ന് വോട്ടര്‍മാരെയും മാധ്യമങ്ങളെയും അതില്‍ ആകൃഷ്ടരാക്കാന്‍ അവര്‍ക്ക് കഴിയുന്നുണ്ട്.

ഒബാമയുടെ ഒരു പരാമര്‍ശം, അത്തരമൊരു വിവാദം റിപ്പബ്ലിക്കന്മാര്‍ക്ക് തുടങ്ങിവയ്ക്കാനും, സെപ്തംബര്‍ 11-ന്റെ തലേദിവസം മുഴുവന്‍ അതിന്നുവേണ്ടി ഉഴിഞ്ഞുവയ്ക്കാനും അമേരിക്കയ്ക്കു കഴിഞ്ഞു. നല്ല പോക്ക് അമേരിക്ക! കണ്‍‌വെന്‍ഷന്‍ പ്രസംഗത്തിനിടയില്‍ താന്‍ ലിപ്‌സ്റ്റിക്കിട്ട ബുള്‍ ഡോഗാണെന്ന ഒരു പരാമര്‍ശം സാറാ പേലിന്‍ നടത്തിയിരുന്നു. മക്കെയിന്റെ നയങ്ങളെപ്പറ്റി പറയുന്നതിനിടയില്‍, അവ എത്ര റീപാക്കേജ് ചെയ്താലും പന്നി ലിപ്‌സ്റ്റിക്കിട്ടാലും പന്നി തന്നെ ആയിരിക്കുന്നതുപോലെയാണ് ആ നയങ്ങള്‍ എന്ന ഒരു പ്രയോഗം ഒബാമ നടത്തി. (ഇതൊരു അമേരിക്കന്‍ ശൈലി മാത്രമാണ്; പക്ഷേ, ഒബാമ സാറാ പേലിനെ ഉന്നമിട്ടിരിക്കാം.) മക്കെയിന്‍ ക്യാം‌മ്പയിന്‍ ഉടനെ തന്നെ ഒബാമ സാറാ പേലിനെ പന്നിയെന്ന് വിളിച്ചു എന്ന് പറഞ്ഞ് അലമുറയിടാന്‍ തുടങ്ങി; മാധ്യമങ്ങള്‍ അത് ഏറ്റുപാടാനും.

പൊതുവേ തിരഞ്ഞെടുപ്പ് പ്രചരണത്തിന്റെ സ്വഭാവം ഇപ്പോള്‍ അങ്ങനെയാണ്. റിപ്പബ്ലിക്കന്മാര്‍ നേരിട്ടും ഡമോക്രാറ്റുകള്‍ ഒളിഞ്ഞും പരസ്പരം ചെളിവാരി എറിയുക; ആ മത്സരത്തില്‍ മുന്നേറുന്നവര്‍ക്ക് ജനപിന്തുണ കിട്ടുക. നാലുകൊല്ലത്തിലൊരിക്കല്‍ അമേരിക്കക്കാര്‍ക്ക് കിട്ടുന്ന ഈ ‘രാഷ്ടീയ ഒളിമ്പിക്സില്‍‘ ജയിക്കുന്നത് കഴിഞ്ഞ 2 തവണയായി റിപ്പബ്ലിക്കന്മാരാണെങ്കിലും തോല്‍ക്കുന്നത് തങ്ങളാണെന്ന് വോട്ടര്‍മാര്‍ തിരിച്ചറിയാതെ പോകുന്നു. യൂറോപ്പ് പ്രപഞ്ചത്തിന്റെ അതിനിഗൂഢമായ രഹസ്യങ്ങള്‍ തേടി പരീക്ഷണങ്ങള്‍ നടത്തുമ്പോള്‍; ചൈന ഒളിമ്പിക്സ് വിജയകരമായി നടത്തി, ബഹിരാകാശത്തേക്ക് മനുഷ്യനെ അയയ്ക്കാന്‍ തയ്യാറെടുക്കുമ്പോള്‍; ഇന്ത്യ ആണവകരാറില്‍ ഏര്‍പ്പെട്ട് അറബി ഓയിലിന്റെ കരാളഹസ്തത്തില്‍ നിന്ന് രാജ്യത്തെ പാവപ്പെട്ടവനെ രക്ഷിക്കാന്‍ മുതിരുമ്പോള്‍; റഷ്യന്‍ ടാങ്കുകള്‍ മറ്റൊരു സാമ്രാജ്യനിര്‍മ്മാണത്തിന് ഒരുങ്ങി അതിര്‍ത്തികടക്കുമ്പോള്‍ അമേരിക്കക്കാരന്‍ അതൊന്നുമറിയാതെ സാറാ പേലിന്‍ പന്നിയാണോ, അതോ പന്നിയുടെ ചുണ്ടിലെ ലിപ്സിറ്റിക്കാണോ എന്ന “അതിസങ്കീര്‍‌ണ്ണമായ” പ്രശ്നത്തിന്റെ ഉത്തരം തേടി ചാനലുകളും ബ്ലോഗുകളും പരതി നടക്കുകയാണ്. കളിയും കാര്യവും തിരിച്ചറിയാത്ത ഒരവസ്ഥയില്‍ റോമാ സാമ്രാജ്യം എത്തിയപ്പോള്‍ പ്രാകൃതരെന്നു കരുതിയിരുന്ന ഹൂണന്മാര്‍ അതിന്നെ ഉന്മൂലനം ചെയ്തതുപോലെയുള്ള കാര്യങ്ങള്‍ ചരിത്രത്തില്‍ എന്നും ആവര്‍‌ത്തിച്ചിട്ടുണ്ട്.

7 വര്‍ഷങ്ങള്‍ക്ക് മുമ്പ് കുറെ സാംസ്ക്കാരികപ്രാകൃതരുടെ ആക്രമണത്തില്‍ ഉലഞ്ഞ്, അധ:പതനത്തിലേക്ക് കൂപ്പുകുത്തിയ അമേരിക്ക എന്ന മഹാ‍‌ആശയത്തിന്റെ ഗതിയും ആ വഴിക്കാണോ? അത്തരമൊരു ദുരന്തത്തിന്റെ വാര്‍ഷികത്തില്‍ കാണുന്ന സൂചനകള്‍ ഒട്ടും ആശാവഹമല്ല.

പോളുകളില്‍ നേരിയ മുന്തൂക്കം ഇപ്പോള്‍ മക്കെയിന്‍-പാലിന്‍ ടിക്കറ്റിനാണ്. പക്ഷേ, ഇലക്ടറല്‍ കോളജിലുള്ള ലീഡ് (എന്റെ കണക്കു പ്രകാരം) ഒബാമ നിലനിര്‍ത്തുന്നു. എന്നാല്‍ ഇപ്പോള്‍ മക്കെയിന്‍-പേലിന്‍ തരംഗമാണ് ചര്‍ച്ച ചെയ്യപ്പെടുന്നത്. അടുത്ത ഒന്നുരണ്ട് ആഴ്ചകള്‍ക്കുള്ളില്‍ ഒബാമയ്ക്ക് ഇവരുടെ ഈ തരംഗത്തെ ഫലപ്രദമായി തടയാന്‍ കഴിഞ്ഞില്ലെങ്കില്‍ കാര്യങ്ങള്‍ അദ്ദേഹത്തിന്റെ കൈവിട്ടു പോയേക്കാന്‍ വഴിയുണ്ട്. കാരണം എപ്പോഴും ഡമോക്രാറ്റുകളുടെ കൂടെ നിന്നിട്ടുള്ള വെള്ളസ്ത്രീകള്‍, അവരുടെ താല്പര്യങ്ങള്‍ക്ക് പൊതുവേ എതിരെ നില്‍ക്കുന്ന, മക്കെയിന്‍ പക്ഷത്തേക്ക് കൂട്ടമായി ഒഴുകുന്നതായിട്ടാണ് പോളുകള്‍ കാണിക്കുന്നത്.

ഒബാമയുടെ Change എന്ന സന്ദേശം വളരെ ഫലപ്രദമായി മക്കെയിന്‍-പേലിന്‍ ടിക്കറ്റ് തട്ടിയെടുത്തതാണ് മറ്റൊരു സംഭവവികാസം. ബുഷിനെ ചിത്രത്തില്‍ നിന്ന് പാടേ മാറ്റിനിര്‍ത്തുക വഴി അവര്‍ക്കും Change-ന്റെ ആള്‍ക്കാരാണെന്ന് തങ്ങള്‍ എന്ന് വരുത്തിത്തീര്‍ക്കാന്‍ കഴിയുന്നുണ്ട്. പ്രസംഗങ്ങളില്‍ ഇപ്പോള്‍ റിപ്പബ്ലിക്കന്മാര്‍ ബുഷിനെ “പ്രസിഡന്റ്” എന്നേ പറയൂ; സ്വന്തം പാര്‍ട്ടിയില്‍ അദ്ദേഹത്തിന്റെ വില അത്രയായി കുറഞ്ഞിരിക്കുന്നു. പാര്‍ട്ടി കണ്‍‌വെന്‍ഷനില്‍ നേരിട്ട് വരാതെ സാറ്റലൈറ്റ് വഴി ബന്ധപ്പെട്ട് നേര്‍ച്ച കഴിച്ചതിനെപ്പറ്റി ഞാന്‍ നേരത്തേ എഴുതിയിരുന്നല്ലോ.

ബി.ബി.സി. ലോകത്തെ പ്രധാനപ്പെട്ട രാജ്യങ്ങളില്‍ നടത്തിയ ഒരു പോളില്‍ ഒബാമ ജയിച്ചുകാണാനാണ് ലോകം പൊതുവേ ആഗ്രഹിക്കുന്നത് എന്ന് കാണുന്നു. വാര്‍ത്ത ഇവിടെ. എമറി യൂണിവേഴ്‌സിറ്റിയിലെ അലന്‍ അബ്രാമോവിറ്റ്സ് 1988 മുതലുള്ള എല്ലാ തിരഞ്ഞെടുപ്പുകളും ഗണിതശാസ്ത്ര മാതൃകകള്‍ ഉപയോഗിച്ച് കൃത്യമായി നിര്‍‌ണ്ണയിച്ചിട്ടുണ്ട്. അദ്ദേഹം ഇത്തവണ ഒബാമ വിജയമാണ് പ്രവചിക്കുന്നത്; ഒബാമയുടെ തൊലിനിറം അതില്‍ കണക്കിലെടുത്തിട്ടുണ്ടോ എന്ന് അറിയില്ല. വാര്‍ത്ത ഇവിടെ.

Friday, September 05, 2008

കൌണ്ട് ഡൌണ്‍: ഇനി 60 ദിവസങ്ങള്‍ | അമേരിക്കന്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പ്

ഇന്നലെ റിപ്പബ്ലിക്കന്‍ പാര്‍ട്ടി കണ്‍‌വെന്‍ഷന്‍ സമാപിച്ചതോടുകൂടി പൊതുതിരഞ്ഞെടുപ്പ് ഔദ്യോഗികമായി ആരംഭിച്ചെന്നു പറയാം. രണ്ടു പാര്‍ട്ടികളും സ്ഥാനാര്‍ഥികളെ ഔദ്യോഗികമായി തിരഞ്ഞെടുത്തു; ഇനിയുള്ള 60 ദിവസങ്ങള്‍, നവംബര്‍ 4 വരെ, തീഷ്ണമായ പ്രചരണത്തിന്റെ ദിനങ്ങളാണ്.

പക്ഷേ, ആകെയുള്ള 50 സംസ്ഥാനങ്ങളില്‍ വളരെ കുറച്ച സംസ്ഥാനങ്ങളിലേ തിരഞ്ഞെടുപ്പിന്റെ ചൂട് ഉണ്ടാവുകയുള്ളൂ. ഡമോക്രാറ്റിക് പ്രൈമറിയില്‍ നാം കണ്ടതുപോലെ രാജ്യത്തിന്റെ മുക്കിലും മൂലയിലും തിരഞ്ഞെടുപ്പ് പ്രചരണം ഒന്നും ഉണ്ടാവില്ല. അതിന്റെ പ്രധാന കാരണം പ്രസിഡന്റിനെ തിരഞ്ഞെടുക്കുന്ന ഇലക്ടറല്‍ കോളജ് എന്ന സംവിധാനമാണ്.

അമേരിക്കന്‍ പ്രസിഡന്റിനെ തിരഞ്ഞെടുക്കുന്നത് ജനങ്ങള്‍ നേരിട്ടല്ല. 538 പേര്‍ അടങ്ങിയ ഒരു ഇലക്ടറല്‍ കോളജിലെ അംഗങ്ങളെയാണ് തിരഞ്ഞെടുപ്പില്‍ വോട്ടര്‍മാര്‍ ശരിക്കും തിരഞ്ഞെടുക്കുന്നത്. ഓരോ സംസ്ഥാനത്തില്‍ നിന്നും നിശ്ചിത എണ്ണം അംഗങ്ങള്‍ ഈ ഗ്രൂപ്പിലേക്ക് തിരഞ്ഞെടുക്കപ്പെടുന്നു. ഒരു സംസ്ഥാനത്തില്‍ നിന്നുള്ള കോണ്‍ഗ്രസിലേക്കുള്ള ആകെ അംഗങ്ങളുടെ എണ്ണത്തിനു (ജനപ്രതിനിധിസഭയിലെ അംഗങ്ങള്‍ + 2 സെനറ്റര്‍മാര്‍ ) തുല്യമായ ഇലക്ടറന്മാരെയാണ് ആ സംസ്ഥാനത്തില്‍ നിന്ന് ഇലക്ടറല്‍ കോളജിലേക്ക് അയക്കുന്നത്. രണ്ടു സംസ്ഥാനങ്ങളിലൊഴികെ, മെയിനിലും നെബ്രാസ്ക്കയിലും ഒഴിച്ച്, ബാക്കി എല്ലാ സംസ്ഥാനങ്ങളും അവിടങ്ങളില്‍ ഭൂരിപക്ഷം നേടുന്ന സ്ഥാ‍നാര്‍ഥിക്ക് എല്ലാ ഇലക്ടറന്മാരെയും കിട്ടും. മെയിനിലും നെബ്രാസ്ക്കയിലും ജനപ്രതിനിധി സഭാ (House of Representatives) നിയോജകമണ്ഡലങ്ങളില്‍ ആരാണോ വിജയിക്കുന്നത് അവര്‍ക്ക് അവിടത്തെ ഇലക്ടറെ ലഭിക്കുന്നു; സംസ്ഥാനത്ത് മൊത്തത്തില്‍ ഭൂരിപക്ഷം നേടുന്ന സ്ഥാനാര്‍ഥി 2 ഇലക്ടറന്മാരെ അധികവും നേടും.

ഒരു സംസ്ഥാനത്ത് അമിതതോതില്‍ ഒരു സ്ഥാനാര്‍ഥിക്ക് (പൊതുവേ ഡമോക്രാറ്റുകള്‍ക്ക് വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലും റിപ്പബ്ലിക്കന്മാര്‍ക്ക് തെക്കന്‍ സംസ്ഥാ‍നങ്ങളിലും ഉള്ള പോലെ) ഉണ്ടായേക്കാവുന്ന പിന്തുണ ദേശീയതലത്തില്‍ തിരഞ്ഞെടുപ്പ് ഫലത്തെ സ്വാധീനിക്കാതിരിക്കാനാണ് അത്തരത്തിലുള്ള ഒരു മുന്‍‌കരുതല്‍; അതുവഴി അമേരിക്കയിലെ ഫെഡറലിസ്റ്റ് സംവിധാനത്തെ ശക്തിപ്പെടുത്തുകയും.

ഇലക്ടറല്‍ കോളജ് സംവിധാനം ദേശീയതലത്തില്‍ ഏറ്റവും കൂടുതല്‍ വോട്ടുകള്‍ കിട്ടുന്ന സ്ഥാനാര്‍ഥി തിരഞ്ഞെടുപ്പില്‍ തോല്‍ക്കുന്ന അവസ്ഥ സൃഷ്ടിക്കാം. ഏറ്റവും അവസാനം അത് സംഭവിച്ചത് 2000-ല്‍ ആണ്; ആല്‍ ഗോര്‍ ഏറ്റവും കൂടുതല്‍ വോട്ട് നേടിയെങ്കിലും (ഫ്ലോറിഡയിലെ വിവാദപരമായ തിരഞ്ഞെടുപ്പുഫലം ശരിയാണെങ്കില്‍) ബുഷിന് ഇലക്ടറല്‍ കോളജില്‍ നേരിയ ഭൂരിപക്ഷം കിട്ടി പ്രസിഡന്റായി,

പ്രസിഡന്റ് തിരഞ്ഞെടുപ്പ് വരുമ്പോള്‍ മിക്കവാറും സംസ്ഥാനങ്ങള്‍ ഏതെങ്കിലും ഒരു പാര്‍ട്ടിയുടെ പോക്കറ്റിലാണ് എന്ന് കാണാം. വടക്കുകിഴക്കന്‍ സംസ്ഥാനങ്ങള്‍ (മാസച്യൂസെറ്റ്സ്, ന്യൂ യോര്‍ക്ക്, ന്യൂ ജേഴ്സി തുടങ്ങിയവ), ശാന്തസമുദ്രതീരത്തെ സംസ്ഥാനങ്ങള്‍ (കാലിഫോര്‍ണിയ, ഓറിഗണ്‍, വാഷിംഗ്‌ടണ്‍) എന്നിവ പോതുവേ ഡമോക്രാറ്റുകളുടെയും, തെക്കന്‍ സംസ്ഥാനങ്ങള്‍ (ജോര്‍ജിയ, കാരളീനകള്‍,ടെന്നസി, ടെക്സസ് തുടങ്ങിയവ), കൌ ബോയ് സംസ്ഥാനങ്ങള്‍ (ഐഡാഹോ, വയോമിംഗ്, ഡക്കോട്ടകള്‍ തുടങ്ങിയവ) എന്നിവ റിപ്പബ്ലിക്കന്മാരുടെയും കൂടെയാണ് പൊതുതിരഞ്ഞെടുപ്പില്‍ നില്‍ക്കുക. ഈ സംസ്ഥാനങ്ങളില്‍ പ്രചരണം നടത്തിയിട്ടൊന്നും വലിയ പ്രയോജനമില്ലാത്തതിനാല്‍ സ്ഥാനാര്‍ഥികള്‍ മറിയാന്‍ സാധ്യതയുള്ള സംസ്ഥാനങ്ങളില്‍ മാത്രം ശ്രദ്ധ കേന്ദ്രീകരിക്കും. അതുകൊണ്ട് പൊതുതിരഞ്ഞെടുപ്പിന്റെ ചൂട് ആ സ്ഥലങ്ങളില്‍ മാത്രം ഒതുങ്ങും.

താഴെ കൊടുക്കുന്ന കണക്കുകള്‍ മത്സരത്തെ കുറച്ചുകൂടി കൃത്യമായി വിലയിരുത്താന്‍ സഹായിക്കും.

ആകെയുള്ള ഇലക്ടറന്മാര്‍ - 538
ജയിക്കാന്‍ വേണ്ട ഇലക്ടറന്മാര്‍ - 270


(താഴെ കൊടുക്കുന്ന കണക്കുകള്‍ എന്റെ നിഗമനങ്ങള്‍ ആണ്.)

ഡമോക്രാറ്റുകള്‍ക്ക് കിട്ടുമെന്ന് ഉറപ്പുള്ള ഇലക്ടറന്മാര്‍ - 186
റിപ്പബ്ലിക്കന്മാര്‍ക്ക് കിട്ടുമെന്ന് ഉറപ്പുള്ള ഇലക്ടറന്മാര്‍ - 186

ബാക്കിയുള്ള സ്ഥാനങ്ങള്‍ക്ക് ഇത്തവണ പോരാട്ടം നടക്കാന്‍ പോകുന്നത് താഴെ കൊടുക്കുന്ന സംസ്ഥാനങ്ങളിലാണ്; ബ്രാക്കറ്റില്‍ ഇലക്ടറന്മാരുടെ എണ്ണം:

ഒബാമ ജയിക്കാന്‍ സാധ്യതയുള്ള സംസ്ഥാനങ്ങള്‍: ന്യൂ മെക്സിക്കോ (5), മിന്യാസോട്ട(10), അയോവ(7), വിസ്ക്കോന്‍സിന്‍(10), പെന്‍‌സില്‍‌വേനിയ(21), മെയിന്‍(4)

മൊത്തം ഒബാമയ്ക്ക്: 243

മക്കെയിന്‍ ജയിക്കാന്‍ സാധ്യതയുള്ള സംസ്ഥാനങ്ങള്‍: മൊണ്ടാന(3)

മൊത്തം മക്കെയിന് - 189

രണ്ടുപേര്‍ക്കും സാധ്യതയുള്ള സംസ്ഥാനങ്ങള്‍: നെവാഡ(5), കൊളറാഡോ(9), മിസോറ(11), മിഷിഗണ്‍(17), ഒഹായോ(20), വെര്‍‌ജീനിയ(13), ഫ്ലോറിഡ(27), ന്യൂ ഹാം‌പ്‌ഷയര്‍(4)

ഇവയില്‍ നെവാഡ, കൊളറാഡോ, മിഷിഗണ്‍ എന്നിവിടങ്ങളില്‍ ഒബാമയും (ആകെ 274) മിസോറ, ഫ്ലോറിഡ, ന്യൂ ഹാം‌പ്‌ഷയര്‍ എന്നിവിടങ്ങളില്‍ മക്കെയിനും (ആകെ 231) ഏറെ സാധ്യതയുണ്ടെന്ന് ഞാന്‍ കരുതുന്നു. ബാക്കിയുള്ളത് ഒഹായോയും വെര്‍ജീനിയയും (ആകെ 33) ആണ്; അവിടങ്ങളിലും മക്കെയിന് തന്നെയാണ് നേരിയ മുന്‍‌തൂക്കം ഇപ്പോള്‍ ഉള്ളത് (ആകെ 264).

അങ്ങനെ എന്റെ കണക്കു പ്രകാരം ഒബാമയ്ക്ക് നേരിയ വിജയസാധ്യതയുണ്ട് ഇപ്പോള്‍. പക്ഷേ, ഈ നിഗമനങ്ങളില്‍ വന്നേക്കാവുന്ന ചെറിയ വ്യത്യാസങ്ങള്‍ ഫലത്തെ ആകെ മാറ്റിമറിക്കും; അത്ര കടുത്തതാണ് മത്സരം ഇപ്പോള്‍. വളരെ ചുരുക്കം സംസ്ഥാനങ്ങളിലെ ഫലങ്ങളാണ് പൊതുതിരഞ്ഞെടുപ്പ് ഫലം നിശ്ചയിക്കുന്നതെന്ന് വളരെ ഈ കണക്കുകളില്‍ നിന്ന് വ്യക്തമാണല്ലോ. സ്ഥാ‍നാര്‍ഥികളും പ്രചരണം നടത്തിയാല്‍ ജയിക്കാന്‍ പറ്റുന്ന സംസ്ഥാനങ്ങളിലേ അതിന്ന് പരിശ്രമിക്കുകയുള്ളൂ. ഈ കണക്കു പ്രകാരം ഏകദേശം 15 സംസ്ഥാനങ്ങള്‍.

വരുന്ന ദിവസങ്ങളില്‍ വിജയസാധ്യതകള്‍ ഇപ്പോള്‍ ഇവിടെ കൊടുത്തിരിക്കുന്ന നിഗമനങ്ങളില്‍ നിന്ന് എത്ര വ്യത്യാസപ്പെടുമെന്നും അത് പൊതുതിരഞ്ഞെടുപ്പിന്റെ ഫലത്തെ എങ്ങനെ ബാധിക്കുമെന്നും ഞാന്‍ എഴുതുന്നതായിരിക്കും.

തല്‍ക്കാലം എന്റെ ഇപ്പോഴത്തെ നിഗമനമനുസരിച്ച് ഒബാമ (274), മക്കെയിന്‍ (264).

Monday, September 01, 2008

പേലിനും പാര്‍ട്ടി കണ്‍‌വെന്‍ഷനും ഒബാ‍മയെ പോളുകളില്‍ സഹായിക്കുന്നു | അമേരിക്കന്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പ്

കഴിഞ്ഞ ഒരു മാസത്തോളം അഭിപ്രായവോട്ടെടുപ്പുകളില്‍, അതിന്നു മുമ്പ് ഉണ്ടായിരുന്ന ലീഡ് നഷ്ടപ്പെട്ട്, മക്കെയിനോടൊപ്പം ഒപ്പത്തിനൊപ്പം നിന്നെങ്കിലും ഡന്‍‌വറില്‍ വിജയകരമായി സമാപിച്ച പാര്‍ട്ടി കണ്‍‌വെന്‍‌ഷനും മക്കെയിന്‍ സാറാ പേലിനെ വൈസ് പ്രസിഡന്റ് സ്ഥാനാര്‍ഥി ആയി തിരഞ്ഞെടുത്തതും ഒബാ‍മയെ സഹായിച്ചു തുടങ്ങിയിട്ടുണ്ടെന്നു വേണം കരുതാന്‍. താഴെ കൊടുക്കുന്ന പോളുകളെ വിശ്വസിക്കാമെങ്കില്‍:

CBS News/NY Times poll - 48%/40% (ഒബാമ/മക്കെയിന്‍)
Gallup poll/USA Today - 50%/43%
Rasmussen Reports daily Presidential Tracking Poll (Monday) - 47%/44%
CNN/Opinion Research - 49%-48%

ഇവയില്‍ അവസാനത്തെ 2 പോളുകളില്‍ രണ്ടുപേരും സ്റ്റാറ്റിസ്റ്റിക്കലായി തുല്യമാണ്‌. എന്നാലും ഒരു പോളിലും ഇപ്പോള്‍ പേരിനെങ്കിലും മക്കെയിന്‍ മുന്നിലല്ലാത്തത് ഒബാമയുടെ മുന്നേറ്റത്തെയാണ് സൂചിപ്പിക്കുന്നത്. റിപ്പബ്ലിക്കന്‍ പാര്‍ട്ടി കണ്‍‌വെന്‍ഷന്‍ ഉപയോഗിച്ച് ഈ ലീഡ് മക്കെയിന്‍ കുറയ്ക്കുമോ എന്നാണ് അടുത്തയാഴ്ച നോക്കേണ്ടത്.