
ഞങ്ങള്‍ കുറച്ച് സുഹൃത്തുക്കള്‍ ചേര്‍ന്നിരുന്ന് ഈ കഴിഞ്ഞ വെള്ളിയാഴ്ച വോട്ടു രേഖപ്പെടുത്തി. എല്ലാവരും പോസ്റ്റല്‍ വോട്ടുചെയ്യാന്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നതുകൊണ്ട് ബാലറ്റ് പേപ്പര്‍ തപാലില്‍ നേരത്തേ വന്നിരുന്നു. ഇനി അത് തിരിച്ചയയ്ക്കുകയോ നേരെ അവ ശേഖരിക്കുന്ന സ്ഥലങ്ങളില്‍ കൊണ്ട് കൊടുക്കുകയോ ചെയ്താല്‍ മതി.
ഒബാമയ്ക്ക് തന്നെയാണ് ഞാന്‍ വോട്ടു ചെയ്യുകയുള്ളൂവെന്ന് എന്റെ പോസ്റ്റുകള്‍ വായിക്കുന്നവര്‍ക്ക് അറിയാവുന്ന കാര്യമാണ്. പൊതുതിരഞ്ഞെടുപ്പിന്റെ തുടക്കത്തില്‍, ജോണ്‍ മക്കെയിന്‍ പ്രസിഡന്റ് ആയാലും എനിക്ക് വലിയ കുഴപ്പമില്ല എന്ന് ഞാന്‍ പറഞ്ഞുവച്ചിട്ടുണ്ടായിരുന്നു. പക്ഷേ, ആ തീരുമാനം ഇപ്പോള്‍ മാറി. മക്കെയിന്‍ ജയിക്കരുത് എന്നു തന്നെയാണ് ഇപ്പോള്‍ എന്റെ നിലപാട്. ആ നിലപാടിനെ സാധൂകരിക്കുന്നതിനുള്ള കാരണങ്ങളാണ് ഞാന്‍ ഇവിടെ നിരത്തുന്നത്. നല്ല അമേരിക്കക്കാരെപ്പോലെ നിങ്ങള്‍ക്ക് എന്നോട് വിയോജിക്കാം; പക്ഷേ, എനിക്ക് പറയാനുള്ള കാര്യങ്ങള്‍ മനസ്സിരുത്തി വായിക്കുമല്ലോ.
സാറാ പേലിന്റെ സ്ഥാനാര്ത്തിത്വംഒബാമയെ എന്‍ഡോഴ്സ് ചെയ്തുകൊണ്ട് നടത്തിയ അഭിമുഖത്തിനിടയില്‍ കോളിന്‍ പവല്‍ പറഞ്ഞതുപോലെ, വൈസ് പ്രസിഡന്റിന്റെ പ്രധാന ജോലി പ്രസിഡന്റാവാന്‍ തയ്യാറായി ഇരിക്കുക എന്നതാണ്. മക്കെയിന്റെ കാര്യത്തില്‍ അത് വളരെ അര്‍ത്ഥവത്തുമാണ്. അദ്ദേഹത്തിന് നല്ല പ്രായമുണ്ട്; അദ്ദേഹത്തെ പലതവണ കാര്‍സറിന്ന് ചികിത്സിച്ചിട്ടുണ്ട്; അതൊന്നുമില്ലെങ്കില്‍ തന്നെ അമേരിക്കന്‍ പ്രസിഡന്റിന്റെ ജോലി ജീവന് ഏതുസമയവും ഭീഷണിയുള്ളതാണ്. അത്തരമൊരു നിര്‍ഭാഗ്യകരമായ സാഹചര്യം ഉണ്ടാവുകയാണെങ്കില്‍ സാറാ പേലിന്‍ പ്രസിഡന്റാകും. പക്ഷേ, അവര്‍ക്ക് ആ സ്ഥാനത്തിരിക്കാന്‍ യാതൊരു യോഗ്യതയുമില്ല. ചാനലുകളിലും അഭിമുഖങ്ങളിലും ഒക്കെയായിട്ട് നമ്മള്‍ അവരുടെ പ്രകടനം കണ്ടു. ഒരു ചെറിയ നഗരത്തിന്റെയോ, അലാസ്ക്ക പോലെ ഒറ്റപ്പെട്ട ഒരു ചെറിയ സംസ്ഥാനത്തിലെ (ഞാന്‍ താമസിക്കുന്ന സാന്‍ ഹോസെ എന്ന നഗരത്തിലെ അത്രയും ജനസംഖ്യയാണ് ഏകദേശം അലാസ്ക്കയിലുള്ളത്) ഗവര്‍ണറോ ഒക്കെ ആകാന്‍ അവര്‍ക്ക് പ്രാപ്തിയുണ്ടായിരിക്കും.
പക്ഷേ, രാജ്യം ഇത്രയും പ്രശ്നങ്ങളുടെ നടുക്കടലില്‍, വ്യക്തമായ ലക്‍ഷ്യവും നേതൃത്വമില്ലാതെ ഒഴുകി നടക്കുമ്പോള്‍, സാറാ പേലിനെപ്പോലെയുള്ള ഒരാളുടെ കൈയില്‍ രാജ്യത്തിന്റെ നിയന്ത്രണം എത്തുന്നതിനെപ്പറ്റി ചിന്തിക്കാന്‍ പോലും ആവുന്നില്ല. ഭാവി പ്രസിഡന്റ് എന്ന നിലയില്‍ മക്കെയിന്‍ എടുത്ത ആദ്യത്തെ തീരുമാനമായിരുന്നു സാറാ പേലിന്റെ സ്ഥാനാര്‍ത്തിത്വം; ആ തീരുമാനം തികച്ചും മോശവുമായി.
മക്കെയിന്റെ ദുഷ്പ്രചരണംമക്കെയിന് റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ഥിയായപ്പോള്‍ എനിക്കുണ്ടായ ഒരു സന്തോഷത്തിന്റെ കാരണം അദ്ദേഹം റിപ്പബ്ലിക്കന്മാരുടെ പതിവ് ദുഷ്പ്രചരണതന്ത്രങ്ങള്‍ പുറത്തെടുക്കില്ലല്ലോ എന്ന ചിന്തയായിരുന്നു. 2000-ലെ റിപ്പബ്ലിക്കന്‍ പ്രൈമറിയില്‍ അദ്ദേഹം തന്നെ അത്തരം ഒരു പ്രചരണത്തിന്റെ ഇരയായിരുന്നു. അതുവരെ പിന്നില്‍ നിന്ന ബുഷിനെ രക്ഷിക്കാന്‍ കാള്‍ റോവ് അതിനീചമായ രീതിയില്‍ മക്കെയിന്റെ കുടുംബത്തെപ്പറ്റി നുണകള്‍ പ്രചരിപ്പിച്ച് സൌത്ത് കാരളൈനയില്‍ അദ്ദേഹത്തെ വീഴ്ത്തി.
മക്കെയിന്‍ അത്തരം പ്രചരണതന്ത്രം ഒബാമയ്ക്കെതിരെ ഉപയോഗിക്കില്ല എന്ന് എല്ലാവരും പൊതുവേ കരുതി. അവര്‍ തമ്മില്‍ തങ്ങളുടെ നയവ്യത്യാസങ്ങളെപ്പറ്റി തര്‍ക്കിച്ച് പ്രചരണത്തെ ഉന്നതതലത്തിലേക്ക് ഉയര്‍ത്തുമെന്ന് വൃഥാ മോഹിച്ചു. പക്ഷേ, സാറാ പേലിന്‍ രംഗത്തെത്തിയ അന്നു മുതല്‍ മക്കെയിന്‍ ക്യാംമ്പയിന്റെ സ്വരം മാറുന്നതാണ് കണ്ടത്. മിക്കവാറും അദ്ദേഹത്തിന്റെ 100% പരസ്യങ്ങളും നെഗറ്റീവ് ആണെന്ന് മാധ്യമങ്ങള്‍ പിന്നീട് വിലയിരുത്തി. പ്രധാന കാരണം കാള്‍ റോവിന്റെ അനുചരര്‍ അദ്ദേഹത്തിന്റെ പ്രചരണം ഏറ്റെടുത്തു എന്നതാണ്. (കാള്‍ റോവ് പോലും മക്കെയിനെ നെഗറ്റീവ് പ്രചരണത്തിന്റെ പേരില്‍ വിമര്‍ശിച്ചു എന്നതാണ് ഏറെ രസകരം.)
അടുത്തകാലത്ത്, നെഗറ്റീവ് പ്രചരണം മൂലം ജനപിന്തുണ നഷ്ടപ്പെടുന്നു എന്ന് പോളുകളില്‍ കണ്ടപ്പോഴാണ് മക്കെയിന്‍ വ്യക്തിഹത്യയില്‍ നിന്ന് കുറച്ചെങ്കിലും മാറി നില്‍ക്കാന്‍ ശ്രമിച്ചത്. അദ്ദേഹം നുണപ്രചരണം തുടങ്ങിവച്ചു എന്നുമാത്രമല്ല; പിന്നീട് ഒബാമ അത്തരം പ്രചരണം നടത്തുന്നു എന്നു പറഞ്ഞ് വിമര്‍ശിച്ചതാണ് ഏറ്റവും വിചിത്രമായി എനിക്ക് തോന്നിയത്.
അമേരിക്കയുടെ പ്രതിച്ഛായസെപ്തംബര് 11-ന് ശേഷം ലോകം മുഴുവനും അമേരിക്കയോട് അനുകമ്പ കാണിച്ചു. അഫ്ഗാനിസ്ഥാനില്‍ താലിബാന്‍ പ്രാകൃതരെ ഉന്മൂലനം ചെയ്യാന്‍ അമേരിക്കക്ക് ജനാധിപത്യരാജ്യങ്ങളുടെ ധാര്‍മിക പിന്തുണയെങ്കിലും ഉണ്ടായിരുന്നു. ഇറാക്ക് അധിനിവേശം വഴി ജോര്‍ജ്ജ് ബുഷും കൂട്ടരും ആ നന്മ മൊത്തം കളഞ്ഞുകുളിക്കുക മാത്രമല്ല; ലോകത്തെമ്പാടുമുള്ള അമേരിക്കയുടെ പ്രതിച്ഛായ ഏറ്റവും മോശമായ നിലയിലെത്തിച്ചു. ഒരു തരം യുദ്ധോദ്യുക്തമായ റിപ്പബ്ലിക്കന്‍ വിദേശകാര്യനയം ഒരിക്കലും അമേരിക്കയുടെ പ്രതിച്ഛായ നന്നാക്കുമെന്നു തോന്നുന്നില്ല. ഒരു രാജ്യത്തിന്റെ സുരക്ഷയ്ക്കും വാണിജ്യതാല്പര്യങ്ങളുടെ സംരക്ഷണത്തിനും മറ്റും അതിന്റെ പ്രതിച്ഛായ നന്നായിരിക്കേണ്ടത് അത്യാവശ്യമാണ്. അമേരിക്കക്ക് ലോകജനതക്ക് മുമ്പില്‍ വയ്ക്കാന്‍ പറ്റിയ ഏറ്റവും മികച്ച രാഷ്ട്രീയക്കാരനാണ് ഒബാമ. അദ്ദേഹത്തിന്റെ വിജയം, ഇതുവരെ പുറംലോകം കണ്ട മുരടന്‍ രാഷ്ട്രീയക്കാരെപ്പോലെയല്ല ഞങ്ങള്‍ എന്ന് പറഞ്ഞ്, അമേരിക്കക്കാര്‍ക്ക് പുറത്തേക്കയക്കാന്‍ പറ്റിയ ഒരു മികച്ച സന്ദേശമാണ്.
ബി.ബി.സി. ആഗോളതലത്തില്‍ നടത്തിയ ഒരു പോളില്‍ ലോകജനതയ്ക്ക് ബഹുഭൂരിപക്ഷത്തിനും ഒബാമ അമേരിക്കന്‍ പ്രസിഡന്റാവണമെന്ന ആഗ്രഹമുള്ളതായി കാണിക്കുന്നു. ഒബാമയുടെ ബര്‍ളിന്‍ റാലിയില്‍ ഏകദേശം 2 ലക്ഷം ആള്‍ക്കാരാണ് പങ്കെടുത്തത്.
വിദേശകാര്യനയത്തില്‍ ജോണ്‍ മക്കെയിന് മിടുക്കനാണെന്ന് അമേരിക്കയിലെ മാധ്യമങ്ങള്‍ പറയുന്നുണ്ടെങ്കിലും അദ്ദേഹത്തിന്റെ ഡിബേറ്റുകളിലെ പ്രകടനം വച്ചുനോക്കിയിട്ട് എനിക്ക് അങ്ങനെ തോന്നിയില്ല. വിദേശകാര്യവുമായി ബന്ധപ്പെട്ട കാര്യങ്ങളെ അദ്ദേഹം അതിലളിതമായ രീതിയില്‍ സമീപിക്കുന്നതായിട്ടാണ് എനിക്ക് തോന്നിയത്. അദ്ദേഹം ധാരാളം രാജ്യങ്ങള്‍ സന്ദര്‍ശിച്ചിട്ടുണ്ട്; ലോകനേതാക്കന്മാരുമായി അടുത്ത ബന്ധമുണ്ട് എന്നതൊക്കെ ശരിയാണ്. പക്ഷേ, 21-ആം നൂറ്റാണ്ടിലെ പ്രശ്നങ്ങളെ ദീര്‍ഘവീക്ഷണത്തോടെ കൈകാര്യം ചെയ്യാന്‍ ഒബാമയ്ക്കേ കഴിയൂ എന്നാണ് എനിക്ക് തോന്നുന്നത്. പ്രത്യേകിച്ചും മറ്റു രാജ്യങ്ങളിലെ പട്ടിണിയും രോഗവും വിദ്യാഭ്യാസക്കുറവും തൊഴിലില്ലായ്മയും പോലുള്ള പ്രശ്നങ്ങള്‍ പല രീതിയില്‍ അമേരിക്കയുടെ സുരക്ഷയ്ക്ക് ഭീഷണിയായിക്കൊണ്ടിരിക്കുമ്പോള്‍.
വെള്ളക്കാരനല്ലാത്ത ഒരാള്‍ പ്രസിഡന്റാകേണ്ട ആവശ്യകതവൈറ്റ് ഹൌസില്‍ എത്തിച്ചേരുന്ന ആള്‍ക്കാര്‍ക്ക് വളരെയേരെ സാമ്യമുണ്ട്. ഒരാളൊഴിച്ച് ബാക്കിയെല്ലാവരും വെളുത്ത തൊലിയുള്ള; പ്രൊട്ടസ്റ്റന്റ് വിഭാഗത്തില്‍ പെട്ട പുരുഷന്മാര്‍ ആണ്. വ്യത്യാസമുള്ള ഒരാള്‍, ജോണ്‍ എഫ്. കെന്നഡി, പോലും വലിയ വ്യത്യാസമൊന്നുമുള്ള ആളല്ല ബാക്കിയുള്ളവരില്‍ നിന്ന്; അദ്ദേഹം കത്തോലിക്കന്‍ ആണെന്നേയുള്ളൂ. ഇതുവരെ ഒരു വെള്ളക്കാരനല്ലാത്തയാളോ, ഒരു സ്ത്രീയോ ഒരു പ്രധാനപ്പെട്ട പാര്‍ട്ടിയുടെ സ്ഥാനാര്‍ഥി പോലും ആയിട്ടില്ല. ഒബാമയാണ് ആദ്യത്തെ വെളുത്ത നിറമില്ലാത്ത, പ്രസിഡന്റ് പദത്തിന്റെയടുത്ത് ഇത്രയുമടുത്ത് എത്തിച്ചേര്‍ന്നിട്ടുള്ള ഒരാള്‍.
ഒബാമ ജയിക്കണം; ആ വിജയം വെള്ളക്കാരല്ലാത്തവര്‍ക്കും ഈ രാജ്യത്ത് ഏറ്റവും വലിയ പദവിയില്‍ എത്താം എന്നതിന്ന് ഒരു തെളിവാകണം. പ്രത്യേകിച്ച് വളര്‍ന്നു വരുന്ന നമ്മുടെ മക്കള്‍ക്ക് ഈ രാജ്യത്ത് വെള്ളക്കാരെപ്പോലെ തന്നെ തുല്യഅവസരങ്ങള്‍ ഉണ്ടെന്ന് ഉറപ്പുണ്ടാകാന്‍.
വെളുത്തതല്ലാത്തതുകൊണ്ട് മാത്രം പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കുന്ന ഒരാള്‍ക്ക് വോട്ടുചെയ്യുന്നത് ശരിയാണെന്ന് എനിക്ക് തോന്നുന്നില്ല. പക്ഷേ, ഒബാമ ആ സ്ഥാനത്തിന് തികച്ചും യോഗ്യനാണ്; അതുകൊണ്ട് അദ്ദേഹം ജയിക്കുക തന്നെ വേണം. ഇത്തരം ഒരു അവസരം ഇനി നമുക്ക് എന്ന് കിട്ടുമെന്ന് പറയാനാവില്ല.
ഇറാക്ക് നയംറിപ്പബ്ലിക്കന് പതിവുതന്ത്രമായ നുണപ്രചരണം വഴി, രാജ്യത്തെ മൊത്തം വഴിതെറ്റിച്ച്, ഇറാക്കില്‍ അമേരിക്ക ഇടപെട്ടതു മുതല്‍ ഇന്നിവിടെ കാണുന്ന അപചയങ്ങള്‍ക്ക് തുടക്കമായി. രാജ്യത്തിന്റെ സൈനികശക്തിയുടെ പരിമിതികള്‍ ഇറാക്കില്‍ വെളിവായി; അതുകൊണ്ടാണ് റഷ്യ ജോര്‍ജിയയില്‍ മസിലു വിറപ്പിക്കുന്നതൊക്കെ കണ്ടുകൊണ്ട് അമേരിക്കക്ക് നോക്കി നില്‍ക്കേണ്ടി വന്നത്. മക്കെയിന്‍ ലക്‍ഷ്യമിടുന്ന ഇറാക്കിലെ ജയം അവിടത്തെ ഊഷരഭൂമിയിലെപ്പോലെ ഒരു മരീചികയാണ്.വിയറ്റ്‌നാമില്‍ നിന്ന് വിപരീതമായി, ആരോടാണ് അമേരിക്ക പൊരുതുന്നതെന്ന കാര്യത്തില്‍ പോലും ചിലപ്പോള്‍ വ്യക്തതയില്ല; സദ്ദാമില്‍ തുടങ്ങി, സാദറിലൂടെ അല്‍-ക്വയ്ദയില്‍ എത്തി നില്‍ക്കുന്നു ബുഷിന്റെ യുദ്ധം. യാതൊരു അന്തവുമില്ലാതെ നീണ്ടുപോകുന്ന ഈ യുദ്ധം അമേരിക്കയുടെ സാമ്പത്തികരംഗത്തെ തകര്‍ച്ചക്ക് ആക്കം കൂട്ടുകയേയുള്ളൂ.
എന്നെപ്പോലെ സാമ്പത്തിക അഭയാര്‍ഥിയായികളായി എത്തിയിട്ടുള്ളവര്‍ക്ക് അമേരിക്ക സാമ്പത്തികമായി സുശക്തമായ നിലയില്‍ എത്തേണ്ടത് വെറും സ്വാര്‍ത്ഥമായ ഒരു താല്‍പര്യമാണ്. ഇപ്പോള്‍ അമേരിക്കയില്‍ കണ്ട സാമ്പത്തിക പ്രശ്നങ്ങള്‍ മറ്റു രാജ്യങ്ങളില്‍ ഉണ്ടാക്കുന്ന പ്രത്യാഘാതങ്ങള്‍ ഒരു കാരണമായി എടുക്കാമെങ്കില്‍ ലോകജനതയുടെ തന്നെ ആവശ്യമാണ് അമേരിക്കന്‍ സാമ്പത്തികരംഗം തകരാതെയിരിക്കേണ്ടത് എന്നും മനസ്സിലാകും. അങ്ങനെ നമുക്കും നാട്ടിലുള്ളവര്‍ക്കുമെല്ലാം അമേരിക്ക എല്ലാ തലത്തിലും സുശക്തമായിരിക്കേണ്ടത് ഒരാവശ്യമാണ്; അതിന് ഇറാക്കിലെ യുദ്ധം എത്രയും പെട്ടന്ന് അവസാനിക്കണം. ഒബാമയ്ക്ക് മാത്രമേ അത്തരമോരു കാര്യം ചെയ്യാന്‍ ധൈര്യവും സന്നദ്ധതയും ഉണ്ടാകൂ.
ഊര്‍ജ്ജത്തില്‍ സ്വയം പര്യാപ്തതഅമേരിക്ക ഓയിലിന്ന് വേണ്ടി ചിലവഴിക്കുന്ന പൈസയില്‍ ഒരു ഭാഗം ഇസ്ലാമിക തീവ്രവാദികളെ പോറ്റാന്‍ വേണ്ടി ഉപയോഗിക്കപ്പെടുന്നുണ്ടെന്നുള്ളത് പൊതുവേ അറിയാവുന്ന കാര്യമാണ്. ഓയിലിന്റെ ലഭ്യത ഉറപ്പുവരുത്താന്‍ അറബ് ഏകാധിപതികളെയും അവരുടെ മര്‍ദ്ദകഭരണകൂടങ്ങളെയും സംരക്ഷിക്കുന്നത് ജനാധിപത്യം കയറ്റുമതി ചെയ്യാന്‍ ഒരുമ്പെട്ടു നടക്കുന്ന അമേരിക്കക്ക് നാണക്കേടുമാണ്. അതുകൊണ്ട് രാജ്യത്തിന്റെ സുരക്ഷയ്ക്ക് അമേരിക്ക ഊര്‍ജ്ജത്തില്‍ സ്വയം പര്യാപ്തത നേടേണ്ടത് പ്രധാനപ്പെട്ട കാര്യമാണ്. ഒബാമയ്ക്ക് ആ കാര്യം ശരിക്ക് മനസ്സിലായിട്ടുണ്ടെന്ന് തോന്നുന്നു. ദീര്‍ഘവീക്ഷണത്തോടെയുള്ള ഒരു ഊര്‍ജ്ജനയം അദ്ദേത്തിന്റെ ഭരണത്തിന്റെ ഭാഗമായിരിക്കും. മറിച്ച് മക്കെയിന്‍ പ്രധാനമായും ഓയിലിന്ന് വേണ്ടി അമേരിക്കയില്‍ കൂടുതല്‍ കുഴിക്കണമെന്ന വാദക്കാരനാണ്; പ്രത്യേകിച്ചും സാറാ പേലിന്‍. അവരുടെ സംസ്ഥാനമായ അലാസ്ക്കയില്‍ ഇനിയും ധാരാളം സ്ഥലങ്ങള്‍ കുഴിക്കാന്‍ ബാക്കിയുണ്ട്. ഓയിലിതര ഊര്‍ജ്ജസ്രോതസ്സുകള്‍ വികസിപ്പിച്ചിടുക്കുന്നതില്‍ മക്കെയിന്‍ ഗൌരവമായി എന്തെങ്കിലും ചെയ്യുമെന്ന് തോന്നുന്നില്ല.
യഥാര്‍ഥ വ്യത്യാസത്തിന്റെ പ്രതീകംഎന്തൊക്കെ പറഞ്ഞാലും ജോണ്‍ മക്കെയിന്‍ വാഷിംഗ്‌ടണിലേക്ക് യഥാര്‍ഥ വ്യത്യാസം കൊണ്ടുവരും എന്ന് വിശ്വസിക്കാന്‍ പറ്റില്ല. അതു അദ്ദേഹത്തിന് സാധ്യവുമല്ല. കാരണം അദ്ദേഹം നയിക്കുന്ന ഭരണകൂടത്തില്‍ പ്രധാനികള്‍ പഴയ റിപ്പബ്ലിക്കന്മാര്‍ തന്നെ ആയിരിക്കും. അദ്ദേഹത്തിന്റെ ഇപ്പോഴത്തെ ക്യാംമ്പയിനില്‍ തന്നെ ബുഷിന്റെ പ്രചരണങ്ങള്‍ നിയന്ത്രിച്ചിരുന്നവര്‍ കയറിപ്പറ്റിയതുപോലെ. ഒബാമയുടെ ടീം പുതിയതായിരിക്കും; അവരുടെ തീരുമാനങ്ങള്‍ക്ക് പുതുമ ഉണ്ടാവും.
വിദ്യാഭ്യാസ യോഗ്യതയും പരിഷ്ക്കാരങ്ങളുംഒബാമയും ബൈഡനും എതിരാളികളെക്കാള്‍ വിദ്യാഭ്യാസമുള്ളവരാണ്; കുറച്ചുകൂടി ബുദ്ധികൂടുതല്‍ ഉള്ളവരും ആണെന്നു തോന്നുന്നു. ഈ ബുദ്ധിമുട്ടുകളുടെ കാലത്ത് രാജ്യത്തെ നേരായ വഴിക്ക് നയിക്കാന്‍ ആ രണ്ട് കാര്യങ്ങള്‍ കൂടുതലുള്ളവര്‍ കാര്യങ്ങള്‍ സീറ്റിലുള്ളത് നല്ലതാണ്. പ്രത്യേകിച്ചും 8 കൊല്ലത്തോളം ആ വകുപ്പില്‍ കുറച്ച് കുറവുള്ള ഒരാള്‍ വൈറ്റ് ഹൌസില്‍ ഇരുന്ന് കാര്യങ്ങള്‍ കുത്തഴിച്ചിട്ടിരിക്കുന്ന ഈ സാഹചര്യത്തില്‍ അത്തരമൊരു വ്യത്യാസം വളരെ സ്വാഗതാര്‍ഹവുമാണ്.
ഒബാമ വിദ്യാഭ്യാസരംഗത്ത് പരിഷ്ക്കാരങ്ങള്‍ കൊണ്ടുവരുമെന്ന് തോന്നുന്നു. അമേരിക്ക നാള്‍ക്കുനാള്‍ ആ രംഗത്ത് പുറകിലോട്ട് പോയിക്കൊണ്ടിരിക്കുകയാണ്. ദീര്‍ഘകാലാടിസ്ഥാനത്തില്‍ ഒരു രാജ്യത്തിന്റെ പുരോഗതിയെ നിയന്ത്രിക്കുന്നത് മികച്ച വിദ്യാഭ്യാസം സിദ്ധിച്ച ഒരു ജനതയാണെന്ന് പ്രത്യേകിച്ച് പറയേണ്ടതില്ലല്ലോ.
സുപ്രീംകോടതിയിലെ നിയമനങ്ങള്ഈ പ്രസിഡന്റിന് 3 സുപ്രീംകോടതി ജഡ്ജിമാരെ വരെ നിയമിക്കാനുള്ള അവസരം കിട്ടിയേക്കും. ഇനിയും യാഥാസ്തികരായ ജഡ്ജിമാര്‍ സുപ്രീംകോടതിയില്‍ എത്തിയാല്‍ ആ വിഭാഗക്കാര്‍ക്ക് വ്യക്തമായ ഭൂരിപക്ഷം ഭരണകൂടത്തിന്റെ പ്രധാനഭാഗമായ ജൂഡിഷ്യറിയില്‍ ലഭിക്കും. അവരുടെ നിയമനം ആജീവനാന്തമായതുകൊണ്ട് യാഥാസ്തികര്‍ക്ക് സുപ്രീംകോടതിയില്‍ ദീര്‍ഘനാളത്തെ സ്വാധീനം കൈവരും. രാജ്യത്തിന്റെ സാമൂഹികപുരോഗതിക്ക് അത്തരമൊരു സാഹചര്യം ഉണ്ടാവുന്നത് നല്ലതാണെന്നു തോന്നുന്നില്ല. പ്രത്യേകിച്ചും ഭരണഘടന അനുശാസിക്കുന്ന ജനങ്ങളുടെ അവകാശങ്ങള്‍ വ്യാഖ്യാനിക്കപ്പെടുമ്പോള്‍.
മറ്റൊരു എഴുത്തുകാരന്‍ പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കുന്നവരും പ്രസിഡന്റായവരും പുസ്തകങ്ങള്‍ എഴുതുന്നത് വളരെ സാധാരണമാണ്. പക്ഷേ, മിക്കവാറും അത് ചെയ്യുന്നത് മികച്ച എഡിറ്റര്‍മാരുടെ സഹായത്താലോ കൂലി എഴുത്തുകാരെ (ghost writers) വച്ചോ ആണ്. ഒബാമ അദ്ദേഹം പ്രസിദ്ധീകരിച്ച 2 പുസ്തകങ്ങളും സ്വന്തമായിട്ടാണ് എഴുതിയത്. അതിന്ന് മുമ്പ് അദ്ദേഹം കഥകളും മറ്റും എഴുതിയിട്ടുണ്ടെന്ന് എവിടെയോ വായിച്ചിട്ടുണ്ട്. അദ്ദേഹത്തിന്റെ ചില നല്ല പ്രസംഗങ്ങളും സ്വന്തം സൃഷ്ടികള്‍ തന്നെയാണ്. വൈറ്റ് ഹൌസില്‍ ഒരു എഴുത്തുകാരന്‍ എത്തുന്നത് സുഖമുള്ള കാര്യം തന്നെ. പ്രത്യേകിച്ചും അക്ഷരങ്ങള്‍ തപ്പിപ്പിടിക്കാന്‍ ബുദ്ധിമുട്ടുന്ന രണ്ടുപേര്‍ അദ്ദേഹത്തിന്റെ എതിര്‍ ടിക്കറ്റില്‍ ഉള്ളപ്പോള്‍.