ഇന്നലെ റിപ്പബ്ലിക്കന്‍ പാര്‍ട്ടി കണ്വെന്ഷന് സമാപിച്ചതോടുകൂടി പൊതുതിരഞ്ഞെടുപ്പ് ഔദ്യോഗികമായി ആരംഭിച്ചെന്നു പറയാം. രണ്ടു പാര്‍ട്ടികളും സ്ഥാനാര്‍ഥികളെ ഔദ്യോഗികമായി തിരഞ്ഞെടുത്തു; ഇനിയുള്ള 60 ദിവസങ്ങള്‍, നവംബര്‍ 4 വരെ, തീഷ്ണമായ പ്രചരണത്തിന്റെ ദിനങ്ങളാണ്.
പക്ഷേ, ആകെയുള്ള 50 സംസ്ഥാനങ്ങളില്‍ വളരെ കുറച്ച സംസ്ഥാനങ്ങളിലേ തിരഞ്ഞെടുപ്പിന്റെ ചൂട് ഉണ്ടാവുകയുള്ളൂ. ഡമോക്രാറ്റിക് പ്രൈമറിയില്‍ നാം കണ്ടതുപോലെ രാജ്യത്തിന്റെ മുക്കിലും മൂലയിലും തിരഞ്ഞെടുപ്പ് പ്രചരണം ഒന്നും ഉണ്ടാവില്ല. അതിന്റെ പ്രധാന കാരണം പ്രസിഡന്റിനെ തിരഞ്ഞെടുക്കുന്ന ഇലക്ടറല്‍ കോളജ് എന്ന സംവിധാനമാണ്.
അമേരിക്കന്‍ പ്രസിഡന്റിനെ തിരഞ്ഞെടുക്കുന്നത് ജനങ്ങള്‍ നേരിട്ടല്ല. 538 പേര് അടങ്ങിയ ഒരു ഇലക്ടറല്‍ കോളജിലെ അംഗങ്ങളെയാണ് തിരഞ്ഞെടുപ്പില്‍ വോട്ടര്‍മാര്‍ ശരിക്കും തിരഞ്ഞെടുക്കുന്നത്. ഓരോ സംസ്ഥാനത്തില്‍ നിന്നും നിശ്ചിത എണ്ണം അംഗങ്ങള്‍ ഈ ഗ്രൂപ്പിലേക്ക് തിരഞ്ഞെടുക്കപ്പെടുന്നു. ഒരു സംസ്ഥാനത്തില്‍ നിന്നുള്ള കോണ്‍ഗ്രസിലേക്കുള്ള ആകെ അംഗങ്ങളുടെ എണ്ണത്തിനു (ജനപ്രതിനിധിസഭയിലെ അംഗങ്ങള്‍ + 2 സെനറ്റര്‍മാര്‍ ) തുല്യമായ ഇലക്ടറന്മാരെയാണ് ആ സംസ്ഥാനത്തില്‍ നിന്ന് ഇലക്ടറല്‍ കോളജിലേക്ക് അയക്കുന്നത്. രണ്ടു സംസ്ഥാനങ്ങളിലൊഴികെ, മെയിനിലും നെബ്രാസ്ക്കയിലും ഒഴിച്ച്, ബാക്കി എല്ലാ സംസ്ഥാനങ്ങളും അവിടങ്ങളില്‍ ഭൂരിപക്ഷം നേടുന്ന സ്ഥാനാര്‍ഥിക്ക് എല്ലാ ഇലക്ടറന്മാരെയും കിട്ടും. മെയിനിലും നെബ്രാസ്ക്കയിലും ജനപ്രതിനിധി സഭാ (House of Representatives) നിയോജകമണ്ഡലങ്ങളില്‍ ആരാണോ വിജയിക്കുന്നത് അവര്‍ക്ക് അവിടത്തെ ഇലക്ടറെ ലഭിക്കുന്നു; സംസ്ഥാനത്ത് മൊത്തത്തില്‍ ഭൂരിപക്ഷം നേടുന്ന സ്ഥാനാര്‍ഥി 2 ഇലക്ടറന്മാരെ അധികവും നേടും.
ഒരു സംസ്ഥാനത്ത് അമിതതോതില്‍ ഒരു സ്ഥാനാര്‍ഥിക്ക് (പൊതുവേ ഡമോക്രാറ്റുകള്‍ക്ക് വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലും റിപ്പബ്ലിക്കന്മാര്ക്ക് തെക്കന്‍ സംസ്ഥാനങ്ങളിലും ഉള്ള പോലെ) ഉണ്ടായേക്കാവുന്ന പിന്തുണ ദേശീയതലത്തില്‍ തിരഞ്ഞെടുപ്പ് ഫലത്തെ സ്വാധീനിക്കാതിരിക്കാനാണ് അത്തരത്തിലുള്ള ഒരു മുന്‍കരുതല്‍; അതുവഴി അമേരിക്കയിലെ ഫെഡറലിസ്റ്റ് സംവിധാനത്തെ ശക്തിപ്പെടുത്തുകയും.
ഇലക്ടറല്‍ കോളജ് സംവിധാനം ദേശീയതലത്തില്‍ ഏറ്റവും കൂടുതല്‍ വോട്ടുകള്‍ കിട്ടുന്ന സ്ഥാനാര്‍ഥി തിരഞ്ഞെടുപ്പില്‍ തോല്‍ക്കുന്ന അവസ്ഥ സൃഷ്ടിക്കാം. ഏറ്റവും അവസാനം അത് സംഭവിച്ചത് 2000-ല്‍ ആണ്; ആല് ഗോര്‍ ഏറ്റവും കൂടുതല്‍ വോട്ട് നേടിയെങ്കിലും (ഫ്ലോറിഡയിലെ വിവാദപരമായ തിരഞ്ഞെടുപ്പുഫലം ശരിയാണെങ്കില്‍) ബുഷിന് ഇലക്ടറല്‍ കോളജില്‍ നേരിയ ഭൂരിപക്ഷം കിട്ടി പ്രസിഡന്റായി,
പ്രസിഡന്റ് തിരഞ്ഞെടുപ്പ് വരുമ്പോള്‍ മിക്കവാറും സംസ്ഥാനങ്ങള്‍ ഏതെങ്കിലും ഒരു പാര്‍ട്ടിയുടെ പോക്കറ്റിലാണ് എന്ന് കാണാം. വടക്കുകിഴക്കന്‍ സംസ്ഥാനങ്ങള്‍ (മാസച്യൂസെറ്റ്സ്, ന്യൂ യോര്‍ക്ക്, ന്യൂ ജേഴ്സി തുടങ്ങിയവ), ശാന്തസമുദ്രതീരത്തെ സംസ്ഥാനങ്ങള്‍ (കാലിഫോര്‍ണിയ, ഓറിഗണ്‍, വാഷിംഗ്ടണ്‍) എന്നിവ പോതുവേ ഡമോക്രാറ്റുകളുടെയും, തെക്കന്‍ സംസ്ഥാനങ്ങള്‍ (ജോര്‍ജിയ, കാരളീനകള്‍,ടെന്നസി, ടെക്സസ് തുടങ്ങിയവ), കൌ ബോയ് സംസ്ഥാനങ്ങള്‍ (ഐഡാഹോ, വയോമിംഗ്, ഡക്കോട്ടകള്‍ തുടങ്ങിയവ) എന്നിവ റിപ്പബ്ലിക്കന്മാരുടെയും കൂടെയാണ് പൊതുതിരഞ്ഞെടുപ്പില്‍ നില്ക്കുക. ഈ സംസ്ഥാനങ്ങളില്‍ പ്രചരണം നടത്തിയിട്ടൊന്നും വലിയ പ്രയോജനമില്ലാത്തതിനാല്‍ സ്ഥാനാര്‍ഥികള്‍ മറിയാന്‍ സാധ്യതയുള്ള സംസ്ഥാനങ്ങളില്‍ മാത്രം ശ്രദ്ധ കേന്ദ്രീകരിക്കും. അതുകൊണ്ട് പൊതുതിരഞ്ഞെടുപ്പിന്റെ ചൂട് ആ സ്ഥലങ്ങളില്‍ മാത്രം ഒതുങ്ങും.
താഴെ കൊടുക്കുന്ന കണക്കുകള്‍ മത്സരത്തെ കുറച്ചുകൂടി കൃത്യമായി വിലയിരുത്താന്‍ സഹായിക്കും.
ആകെയുള്ള ഇലക്ടറന്മാര്‍ - 538
ജയിക്കാന്‍ വേണ്ട ഇലക്ടറന്മാര്‍ - 270
(താഴെ കൊടുക്കുന്ന കണക്കുകള്‍ എന്റെ നിഗമനങ്ങള്‍ ആണ്.)
ഡമോക്രാറ്റുകള്‍ക്ക് കിട്ടുമെന്ന് ഉറപ്പുള്ള ഇലക്ടറന്മാര്‍ - 186
റിപ്പബ്ലിക്കന്മാര്ക്ക് കിട്ടുമെന്ന് ഉറപ്പുള്ള ഇലക്ടറന്മാര്‍ - 186
ബാക്കിയുള്ള സ്ഥാനങ്ങള്‍ക്ക് ഇത്തവണ പോരാട്ടം നടക്കാന്‍ പോകുന്നത് താഴെ കൊടുക്കുന്ന സംസ്ഥാനങ്ങളിലാണ്; ബ്രാക്കറ്റില്‍ ഇലക്ടറന്മാരുടെ എണ്ണം:
ഒബാമ ജയിക്കാന്‍ സാധ്യതയുള്ള സംസ്ഥാനങ്ങള്‍: ന്യൂ മെക്സിക്കോ (5), മിന്യാസോട്ട(10), അയോവ(7), വിസ്ക്കോന്‍സിന്‍(10), പെന്‍സില്‍വേനിയ(21), മെയിന്‍(4)
മൊത്തം ഒബാമയ്ക്ക്: 243
മക്കെയിന് ജയിക്കാന്‍ സാധ്യതയുള്ള സംസ്ഥാനങ്ങള്‍: മൊണ്ടാന(3)
മൊത്തം മക്കെയിന് - 189
രണ്ടുപേര്‍ക്കും സാധ്യതയുള്ള സംസ്ഥാനങ്ങള്‍: നെവാഡ(5), കൊളറാഡോ(9), മിസോറ(11), മിഷിഗണ്‍(17), ഒഹായോ(20), വെര്‍ജീനിയ(13), ഫ്ലോറിഡ(27), ന്യൂ ഹാംപ്ഷയര്‍(4)
ഇവയില്‍ നെവാഡ, കൊളറാഡോ, മിഷിഗണ്‍ എന്നിവിടങ്ങളില്‍ ഒബാമയും (ആകെ 274) മിസോറ, ഫ്ലോറിഡ, ന്യൂ ഹാംപ്ഷയര്‍ എന്നിവിടങ്ങളില്‍ മക്കെയിനും (ആകെ 231) ഏറെ സാധ്യതയുണ്ടെന്ന് ഞാന്‍ കരുതുന്നു. ബാക്കിയുള്ളത് ഒഹായോയും വെര്‍ജീനിയയും (ആകെ 33) ആണ്; അവിടങ്ങളിലും മക്കെയിന് തന്നെയാണ് നേരിയ മുന്‍തൂക്കം ഇപ്പോള്‍ ഉള്ളത് (ആകെ 264).
അങ്ങനെ എന്റെ കണക്കു പ്രകാരം ഒബാമയ്ക്ക് നേരിയ വിജയസാധ്യതയുണ്ട് ഇപ്പോള്‍. പക്ഷേ, ഈ നിഗമനങ്ങളില്‍ വന്നേക്കാവുന്ന ചെറിയ വ്യത്യാസങ്ങള്‍ ഫലത്തെ ആകെ മാറ്റിമറിക്കും; അത്ര കടുത്തതാണ് മത്സരം ഇപ്പോള്‍. വളരെ ചുരുക്കം സംസ്ഥാനങ്ങളിലെ ഫലങ്ങളാണ് പൊതുതിരഞ്ഞെടുപ്പ് ഫലം നിശ്ചയിക്കുന്നതെന്ന് വളരെ ഈ കണക്കുകളില്‍ നിന്ന് വ്യക്തമാണല്ലോ. സ്ഥാനാര്‍ഥികളും പ്രചരണം നടത്തിയാല്‍ ജയിക്കാന്‍ പറ്റുന്ന സംസ്ഥാനങ്ങളിലേ അതിന്ന് പരിശ്രമിക്കുകയുള്ളൂ. ഈ കണക്കു പ്രകാരം ഏകദേശം 15 സംസ്ഥാനങ്ങള്‍.
വരുന്ന ദിവസങ്ങളില്‍ വിജയസാധ്യതകള്‍ ഇപ്പോള്‍ ഇവിടെ കൊടുത്തിരിക്കുന്ന നിഗമനങ്ങളില്‍ നിന്ന് എത്ര വ്യത്യാസപ്പെടുമെന്നും അത് പൊതുതിരഞ്ഞെടുപ്പിന്റെ ഫലത്തെ എങ്ങനെ ബാധിക്കുമെന്നും ഞാന്‍ എഴുതുന്നതായിരിക്കും.
തല്ക്കാലം എന്റെ ഇപ്പോഴത്തെ നിഗമനമനുസരിച്ച് ഒബാമ (274), മക്കെയിന് (264).
Subscribe to:
Post Comments (Atom)
4 comments:
അമേരിക്കന്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പ്: വോട്ടിംഗിന് ഇനി 60 ദിവസങ്ങള്‍ മാത്രം. ഇലക്ടറല്‍ കോളജ് സംവിധാനം തിരഞ്ഞെടുപ്പിനെ എങ്ങനെ ബാധിക്കും.
തൊമ്മ
പുതിയ അറിവാണ് ഇത് പങ്കു വച്ചതിന് നന്ദി. അപ്പോള്‍ പ്രചരണം തുടങ്ങാന്‍ സമയമായി. ഞാന്‍ മക്കെയിനൊപ്പമാണ് എന്ന് തീരുമാനിച്ചു. അരിയുടെ പ്രശ്നമായതുകൊണ്ടാണ് കെട്ടോ. ഒബാമ എങ്ങാനും വന്ന് സ്വദേശിവല്‍ക്കരണം പ്രഖ്യാപിച്ചാല്‍ പണി പാളില്ലെ. എന്റ US Office ഇല് 20 contacts ഉണ്ട്. അവരെ ആദ്യം ചാക്കിടാം. പിന്നെ പെങ്ങളും കസിന്സും സുഹൃത്തുക്കളുമൊക്കെ ഉണ്ട് അമേരിക്കയില്‍. അവര്‍ വഴിയും ചില പ്രചരണങ്ങള്‍ നടത്താം എന്ന് കരുതുന്നു. ബ്ലൊഗില്‍ ഉടന്‍ പോസ്റ്റര്‍ ഇടുന്നതാണ്. മക്കയിന് അണ്ണന് വേണ്ടി ഇത്രയെങ്കിലും ചെയ്ത് നോക്കാം.
കിരണ്‍,
ഞാന്‍ പോസ്റ്റില്‍ സൂചിപ്പിച്ചതുപോലെ വോട്ടര്‍മാര്‍ മത്സരം യഥാര്‍ഥത്തില്‍ നടക്കുന്ന സംസ്ഥാനങ്ങളില്‍ ആണെങ്കിലേ പ്രചരണം നടത്തിയിട്ട് കാര്യമുള്ളൂ.
സ്വദേശിവല്‍ക്കരണമൊന്നും അമേരിക്കന്‍ പ്രസിഡന്റിന് ചെയ്യാന്‍ കഴിയില്ല. അങ്ങനെ ചെയ്താല്‍ അവരുടെ ഉല്‍പ്പന്നങ്ങളും സേവനങ്ങളും എങ്ങനെയാണ് മറ്റു രാജ്യങ്ങളില്‍ വിറ്റഴിക്കുക? തിരഞ്ഞെടുപ്പില്‍ ഗ്ലൊബലൈസേഷനെതിരേ സംസാരിക്കുന്നത് യൂണിയന്‍കാരെ സുഖിപ്പിക്കാന്‍ വേണ്ടിയാണ്; അതൊന്നും നടക്കാന്‍ പോകുന്നില്ല എന്ന് അത് പറയുന്നവര്‍ക്കും കേള്‍ക്കുന്നവര്‍ക്കും അറിയാം. ഒബാമ തന്നെ പുതിയ ജോലികള്‍ ഉണ്ടാക്കാന്‍ വേണ്ടി ശ്രദ്ധകേന്ദ്രീകരിക്കാന്‍ പോകുന്നത് ഊര്‍ജ്ജവും മറ്റു നവീനസാങ്കേതിക വിദ്യകളുമായി ബന്ധപ്പെട്ട മേഖലകളിലാണ്.
മറുവശത്ത്, സാറാ പേലിനെ സ്ഥാനാര്‍ഥിയാക്കുക വഴി, മക്കെയിന് വെള്ളകൃസ്ത്യന് യാഥാസ്ഥികതയും ഒരുതരം anti-intellectualism-വും മാര്ഗരേഖകളായ ബുഷ്-റിപ്പബ്ലിക്കനിസത്തിന് അടിയറവ് പറഞ്ഞുകഴിഞ്ഞു. കഴിഞ്ഞ 8 കൊല്ലമായി ദുര്‍ബലപ്പെട്ടുകൊണ്ടിരിക്കുന്ന അമേരിക്കയുടെ അധ:പതനം മക്കെയിന്റെ ഭരണത്തിന്റെ കീഴില്‍ ത്വരിതപ്പെടുകയേയുള്ളൂ.
ഇപ്പോള്‍ അമേരിക്കയ്ക്ക് offshore ചെയ്യാന്‍ ജോലികള്‍ ഉണ്ട്; മക്കെയിന്റെ കീഴില്‍ ആ ജോലികള്‍ തന്നെ അപ്രത്യക്ഷമായേക്കും എന്നാണ് ഞാന്‍ പറഞ്ഞുവരുന്നത്.
ലോകരാഷ്ട്രീയത്തില്‍ അമേരിക്കയുടെ ദൌര്ബല്യങ്ങള് സൃഷ്ടിക്കുന്ന ശൂന്യതയിലേക്ക്
ചൈന,റഷ്യ എന്നീ ഏകാധിപത്യഭരണകൂടങ്ങള്‍ കടന്നുവരുന്നതും; കമ്യൂണിസം പരാജയപ്പെട്ടപ്പോള്‍ ഇസ്ലാമിക തീവ്രവാദം പോലെയുള്ള പുതിയ വെല്ലുവിളികള്‍ ഇന്ത്യയെപ്പോലെയുള്ള ജനാധിപത്യരാജ്യങ്ങള്‍ നേരിടേണ്ടിവരുന്നതും അമേരിക്കയുടെ പ്രസക്തി വര്‍ദ്ധിപ്പിക്കുന്നതേയുള്ളൂ. അങ്ങനെ സങ്കീര്‍ണ്ണമായ ഒരു ലോകവ്യവസ്ഥിതിയില്‍ അമേരിക്കയെ നയിക്കാന്‍ തക്ക വിഷന്‍ ഉള്ളത് ഒബാമയ്ക്കാണെന്നാണ് എനിക്ക് തോന്നുന്നത്. ഒബാമയുടെ ഭരണത്തില്‍ ഇന്ത്യ ലോകരാഷ്ട്രീയത്തില്‍ അമേരിക്കയുടെ തുല്യപങ്കാളിയാകാന് എല്ലാ സാധ്യതയുണ്ട്.
തൊമ്മന് ചേട്ടനോട് അനുഭാവം പ്രകടിപ്പിച്ചുകൊണ്ട് പറയട്ടെ, മക്കെയിനെക്കാളും, ഇന്നു അമേരിക്ക നേരിടുന്ന പ്രതിസന്ധികല്ക്കു ഓബാമയില് നിന്നാണു കൂടുതല്‍ സ്വീകാര്യമായ, ലോകവ്യവസ്ഥക്കനുഗുണമായ പ്രത്യേകിച്ച് ഇന്ത്യയ്ക്കും ഗുണകരമായ നിലപാടുകള്‍ ഇതുവരെ ഉണ്ടായിട്ടുള്ളത്.
ഗള്‍ഫിലേ പ്പോലെയുള്ള സ്വദേശിവല്‍ക്കരണം എന്നൊന്നിവിടെ നടപ്പില്ല, കാരണം ഇന്നിവിടെയുള്ളവര്‍, കഴിഞ്ഞ 400 വര്‍ഷങ്ങളില്‍ ലോകത്തിന്റെ നാനാഭാഗങ്ങളില്‍ നിന്നും വന്നവരാണു, ശരിക്കുള്ള സ്വദേശികള്‍, റെഡ് ഇന്ത്യന്‍സിനെ കാണാന്‍ കൂടി കിട്ടില്ല, അവരെയെല്ലം ‘താങ്ക്സ് ഗിവിങ്’ ആക്കിയില്ലെ.
ഒബാമ ജയിക്കട്ടെ....മക്കയിന് തോക്കട്ടെ....
Post a Comment