Thursday, January 10, 2008

വര്‍ണവിവേചനം തലപൊക്കുന്നോ? | അമേരിക്കന്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പ്

ഒബാമയുടെ സാധ്യതയെപ്പറ്റി ഞാന്‍ ആദ്യം എഴുതിയപ്പോള്‍ അദ്ദേഹത്തിന്‍ ഹിലരിയെ തോല്‍പ്പിക്കാന്‍ പറ്റില്ല എന്നു പറയാനുണ്ടായ ഒരു കാരണം ഒരു സാധാരണ വെള്ളക്കാര്‍ കറമ്പന്‍ വോട്ടു ചെയ്യില്ല എന്ന എന്റെയൊരു ഊഹത്തിന്റെ അടിസ്ഥാനത്തിലായിരുന്നു. പക്ഷേ, അയോവയിലെ അദ്ദേഹത്തിന്റെ വിജയം എന്റെ ആ നിഗമനത്തിന്‍ തികച്ചും എതിരായിരുന്നു. വെള്ളക്കാര്‍ക്ക് ബഹുഭൂരിപക്ഷമുള്ള അയോവയില്‍ അദ്ദേഹം വമ്പിച്ച ഭൂരിപക്ഷത്തോടെ ഡമോക്രാറ്റിക്ക് കോക്കസ് വിജയിച്ചു.

ആ വിജയം അഭിപ്രായ വോട്ടെടുപ്പുകളില്‍ വലിയ വ്യത്യാസമാണുണ്ടാക്കിയത്. ഒബാമ ഹിലരിയില്‍ നിന്ന് മത്സരത്തിലെ ലീഡ് പിടിച്ചെടുത്തു. എന്നേപ്പോലെയുള്ളവര്‍ അമേരിക്ക സാംസ്ക്കാരികമായി മുന്നേറി എന്ന് വൃഥാ ആശിച്ചു.

അയോവയിലെ വിജയം ഒബാമക്ക് ന്യൂ ഹാമ്പ്ഷയറില്‍ 10-12% വിജയ സാധ്യതയാണ് അഭിപ്രായവോട്ടെടുപ്പുകളില് നേടിക്കൊടുത്തത്. ഹിലരിയുടെ ആള്‍ക്കാര്‍ രണ്ടക്ക ശതമാന തോല്‌വി എങ്ങനെയെങ്ങിലും ‍ഒഴിവാക്കാന്‍ വേണ്ടിയുള്ള പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കുകയും ചെയ്തു. നിരാശപ്പെട്ട് ഹിലരി കാണിച്ച പരസ്യമായ ഒരു വിങ്ങിപ്പൊട്ടലായിരുന്നു വാര്‍ത്തകളില്‍ മുഴുവന്‍ നിറഞ്ഞുനിന്നത്. ഒബാമയുടെ വിജയം എല്ലാവരും പ്രതീക്ഷിച്ചു; ഹിലരി സ്വന്തം പ്രചരണയന്ത്രം അഴിച്ചുപണിയുന്നതിനെപ്പറ്റി സംസാരിച്ചു തുടങ്ങി. ചില സംസ്ഥാനങ്ങളില്‍ നിന്ന് മത്സരത്തില്‍ നിന്ന് പിന്മാറുന്നതിനെക്കുറിച്ചു പോലും. അത്ര ശക്തമായിരുന്നു ഒബാമ തരംഗം പ്രത്യക്ഷമായ രൂപം അതുവരെ.

പക്ഷേ, ഒബാമ ഹിലാരിയോട് 3% വോട്ടിന്‍ ന്യൂ ഹാമ്പ്ഷയറില്‍ തോറ്റു. അഭിപ്രായവോട്ടെടുപ്പുകളില്‍ നിന്ന് ഏതാണ്ട് 15% വരെ വ്യതാസം. തികച്ചും അസാ‍ധ്യമായൊരു കാര്യം. (മക്കെയിന്റെ വിജയം അഭിപ്രായവോട്ടെടുപ്പുകളില്‍ നിന്ന് ഒരു അണുവിട മാറിയില്ലെന്നും കൂടി നാം ഇവിടെ ഓര്‍ക്കണം.)

ഇത്തരമൊരു പ്രതിഭാസത്തെ വിശദീകരിക്കുന്നത് ഒരേയൊരു കാര്യം മാത്രം- വര്‍ണവിവേചനം. പൊതുവെ ഡമോക്രാറ്റുകളുടെ വോട്ടു ബാങ്കായ പാവപ്പെട്ട,വിദ്യാഭ്യാസം കുറഞ്ഞ വെള്ളക്കാര്‍ വര്‍ണ്ണവെറിയന്‍മാര്‍ കൂടിയാണ്‍ എന്നതാണ്‍ ഒരു സിദ്ധാന്തം. അഭിപ്രായവോട്ടെടുപ്പുകളില്‍ ഇത്തരക്കാര്‍ പങ്കെടുക്കാന്‍ വിമുഖത കാട്ടും; അങ്ങനെ അഭിപ്രായങ്ങള്‍ കറുത്തവരുടെ കാര്യം വരുമ്പോള്‍ പാടെ തെറ്റുകയും ചെയ്യും. തന്നെയുമല്ല പരസ്യമായി കറമ്പന്‍ വോട്ടു ചെയ്യും എന്നു പറയുന്ന വെള്ളക്കാരന്‍ പോളിംഗ് ബൂത്തിന്റെ സ്വകാര്യതയില്‍ മനം മാറ്റുകയും വെള്ളക്കാരന്‍ തന്നെ വോട്ടുചെയ്യുകയും ചെയ്യും. ബ്രാഡ്‌ലി ഇഫക്റ്റ് എന്നാണ്‍ ഈ പ്രതിഭാസത്തെ അമേരിക്കയില്‍ പൊതുവേ പറയുക. ലോസ് ആഞ്ചലസിലെ മേയറായിരുന്ന റ്റോം ബ്രാഡ്‌ലി 1982-ല്‍ നടന്ന കാലിഫോര്‍ണിയ ഗവര്‍ണര്‍ തിരഞ്ഞെടുപ്പില്‍ എല്ലാ അഭിപ്രായവോട്ടെടുപ്പുകളിലും മുന്നിട്ടു നിന്നു; പക്ഷേ അവസാനം വെള്ളക്കാരനായ എതിരാളിയോട് തോറ്റു. വെള്ളക്കാരന്റെ വൃത്തികെട്ട ആ വഞ്ചനയില്‍‍ നിന്നാണ്‍ വര്‍ണവിവേചത്തിന്റെ നിഘണ്ടുവിലേക്ക് ബ്രാഡ്‌ലി ഇഫക്റ്റ് എന്ന ഓമനപ്രയോഗം കടന്നു വരുന്നത്.

ഒബാമക്ക് മുമ്പ് വേറെ പലരും ഈ പ്രതിഭാസത്തിന്റെ കയ്പുനീര്‍ കുടിച്ചിട്ടുണ്ട്. 1983-ലെ ചിക്കാഗോ മേയര്‍ തിരഞ്ഞെടുപ്പില്‍ ഹാരോള്‍ഡ് വാഷിംഗ്ടന്‍; 1988-ലെ വിസ്ക്കോന്‍സിന്‍ ഡമോക്രാറ്റിക് പ്രൈമറിയില്‍ ജെസി ജാക്ക്സന്‍; 1989-ലെ വിര്‍ജീനിയ ഗവര്‍ണര്‍ ഇലക്ഷനില്‍ ഡഗ്ലസ് വൈല്‍ഡര്‍; അതേ വര്‍ഷം തന്നെ ന്യൂ യോര്‍ക്ക് നഗരത്തിലെ മേയര്‍ തിരഞ്ഞെടുപ്പില്‍ ഡേവിഡ് ഡിങ്കിന്‍സ് തുടങ്ങിയ പ്രമുഖ കറുത്ത രാഷ്ട്രീയക്കാര്‍ അതിന്റെ രുചി അറിഞ്ഞവരാണ്‍. വളരെ പൊതുജനസമ്മതനായ‍, ബുഷിന്റെ വിദേശകാര്യ സെക്രട്ടറിയായിരുന്ന, കോളിന്‍ പവല്‍ തിരഞ്ഞെടുപ്പ് ഗോദയില്‍ ഇറങ്ങാതിരുന്നതിന്റെ ഒരു പ്രധാന കാരണം ആ പ്രതിഭാസത്തോടുള്ള ഭീതിയാല്‍ ആയിരുന്നത്രേ.

2003-ല്‍ ഇന്ത്യന്‍ അമേരിക്കനായ ബോബി ജിണ്ഡല്‍ ലൂയിസിയാന ഗവര്‍ണര്‍ തിരഞ്ഞെടുപ്പില്‍ കാതലീന്‍ ബ്ലാങ്കോയോട് തോറ്റതിലും ബ്രാഡ്‌ലി ഇഫക്റ്റിന്റെ കരം കാണുന്നവരുണ്ട്. അദ്ദേഹത്തിന്റെ പോലെ ദേശീയതലത്തില്‍ കഴിവുതെളിയിച്ച ഒരാള്‍ ബ്ലാങ്കോയോട് അഭിപ്രായവോട്ടെടുപ്പുകളില്‍ മുന്നിട്ടു നിന്നശേഷം തോല്ക്കാന്‍ മറ്റു കാരണങ്ങള്‍ കണ്ടെത്താന്‍ പ്രയാസമാണ്‍. സുനാമി ആക്രമണം കൈകാര്യം ചെയ്തതതിലെ കഴിവുകേടുകള്‍ പോലുള്ള കാര്യങ്ങള്‍ വേണ്ടിവന്നു ജിണ്ഡലിന്റെ ആവശ്യം സംസ്ഥാനത്തിന്റെ ഭരണത്തില്‍ വേണമെന്ന കാര്യം ലൂയിസിയാനക്കാരെ ബോധ്യപ്പെടുത്തി കൊടുക്കാനും 2007 നടന്ന തിരഞ്ഞെടുപ്പില്‍ അദ്ദേഹത്തെ വിജയത്തിലേക്ക് നയിക്കാനും.

എന്തായാലും ഇത് അമേരിക്കന്‍ വെള്ളക്കാരന്റെ തനിനിറം കാണാന്‍ അവസരം തരുന്ന ഒരു തിരഞ്ഞെടുപ്പാണ്‍. ജനാധിപത്യം പുറംനാടുകളിലേക്ക് കയറ്റുമതി ചെയ്യാന്‍ തിടുക്കം പൂണ്ട് നടക്കുന്ന അമേരിക്കക്കാരന്‍ സ്വന്തം തട്ടകത്ത് ജനാധിപത്യം അതിന്റെ പൂര്‍ണ്ണരൂപത്തില്‍ നടപ്പില്‍ വരുത്തുന്നുണ്ടോയെന്ന് ആത്മപരിശോധന നടത്തുന്നത് നന്നായിരിക്കും. ഇപ്പോള്‍ കാണുന്നത് ഒരു ഭരണവര്‍ഗ്ഗവും ഒരു അടിയാളരും തമ്മിലുള്ള തിരിവാണ്‍.

പൌരനാകാനുള്ള എന്റെ ആഗ്രഹത്തെ ഞാന്‍ പുനപ്പരിശോധിക്കേണ്ടിയിരിക്കുന്നു.‍

3 comments:

t.k. formerly known as thomman said...

ഒബാമക്ക് ന്യൂ ഹാമ്പ്ഷയര്‍ പ്രൈമറിയില്‍ അപ്രതീക്ഷിതമായി തോല്ക്കാനുണ്ടായ കാരണം വര്‍ണവിവേചനം മറനീക്കി പുറത്തുവന്നതാണോ? ഇന്ത്യയില്‍ ജാതി-മത രാഷ്ട്രീയം കളിക്കുമ്പോള്‍, അമേരിക്കയില്‍ അതിന്റെ സ്ഥാനത്ത് വംശീയ-മത രാഷ്ട്രീയമാണ്‍. ജനാധിപത്യം കൊണ്ട് ഒരു സമൂഹത്തിന്‍ കൈവരുന്ന പുരോഗമനം ഇത്തരം സങ്കുചിതമനസ്ക്കതകൊണ്ട് കൈവിട്ട് പോകുന്നു.

സാജന്‍| SAJAN said...

ഇത്തരം ഓരാങ്കിളില്‍ നിന്ന് തെരഞ്ഞെടുപ്പ് കാണുമ്പോ അതിനു വേറൊരു രസം! ബ്ലോഗ് മുടങ്ങാതെ ഇത് അപ്ഡേറ്റ് ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നു?
കാന്‍ഡിഡേറ്റ്സ് മീറ്റിങ്ങുകളിലെല്ലാം ഹിലാരിയുടെ പെര്‍ഫോമന്‍സ് ഒബാമയെക്കാള്‍ വളരെ മുമ്പിലായിരുന്നെന്ന് (ബ്ലോഗിലാണെന്ന് തോന്നുന്നു) വായിച്ചിരുന്നു, ഇതെല്ലാം കൂടെ ഈ തെരഞ്ഞെടുപ്പില്‍ റിഫ്ലെക്റ്റ് ചെയ്യില്ലേ?

ദിവാസ്വപ്നം said...

:-)

റേസിസത്തേക്കാള്‍, ഹിലരിയുടെ ഒരു കണ്ണുതുടയ്ക്കലിലാണ് അയോവ കോക്കസിന്റെ നന്മ ന്യൂഹാമ്പ്ഷെയറില്‍ ഇല്ലാതായത്. കാര്യം, “ഒബാമ ഇച്ചിരൂടെ മൂക്കണം“, എന്നാലും, ആ കരച്ചിലൊഴിവാക്കിയിരുന്നെങ്കില്‍ ഹിലരി തന്നെ മതിയായിരുന്നു. ഹി ഹി.

ഇന്ന് ക്യാമ്പെയിന്റെ ഇടയില്‍ വച്ച് ഒരു ആരാധിക ഹിലരിയോട് ചോദിച്ചു :
“മി.. ക്ലിന്റണ്‍ സുഖമായിരിക്കുന്നോ ?”

ഉത്തരം :
“ആ പിന്നേ.. ഇന്നലെ ഞങ്ങള്‍ ഒന്നിച്ചാണ് ഞങ്ങളുടെയൊരു പഴയ ഫാം ഹൌസിന്റെ അറ്റകുറ്റപ്പണിയെല്ലാം തീര്‍ത്തത്. ഫാം ഹൌസ് ആകെ നാശമായി കിടക്കുകയായിരുന്നു. ഞങ്ങള്‍ക്ക് കറന്റുബില്ലും വലിയൊരു തുകയാണ് വരുന്നത്.
യാപ്പിറ്റി..യാപ്പിറ്റി..”


അമേരിക്കയിലെ ആദ്യ വനിതാ പ്രസിഡന്റ് ഹോപ്‌ഫുള്‍ എങ്ങോട്ടാണ് ചാരുന്നതെന്നു നോക്കൂ.