Monday, October 06, 2008

ഒരു മാസം മുമ്പ് ഒബാമ മുന്നില്‍ | അമേരിക്കന്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പ്

നവംബര്‍ 4-ന് നടക്കുന്ന പൊതുതിരഞ്ഞെടുപ്പിന് ഒരു മാസം ഇനി തികച്ചില്ല. പോസ്റ്റല്‍ വോട്ടിംഗും നേരത്തെയുള്ള വോട്ടിംഗുമൊക്കെ പല സംസ്ഥാനങ്ങളിലും ആരംഭിച്ചു കഴിഞ്ഞു. തിരഞ്ഞെടുപ്പ് ഇപ്പോള്‍ നടക്കുകയാണെങ്കില്‍ ആരു ജയിക്കുമെന്നതിനെപ്പറ്റി അഭിപ്രായവോട്ടെടുപ്പുകാര്‍ക്കും എന്നേപ്പോലെ സാധാരണക്കാര്‍ക്കും എന്തിന് റിപ്പബ്ലിക്കന്‍ ചാണക്യനായ കാള്‍ റോവിന് പോലും സംശയമില്ല- അത് ഒബാമ തന്നെയാണ്.

2004-ല്‍ ജോണ്‍ കെറി ജയിച്ച എല്ലാ സംസ്ഥാനങ്ങളിലും തന്റെ നില സുരക്ഷിതമാക്കിയശേഷം അത്തവണ ബുഷ് ജയിച്ച ന്യൂ മെക്സിക്കോ, അയോവ, വിര്‍‌ജീനിയ, നെവാഡ, കൊളറാഡോ, മിസോറി, ഇന്‍‌ഡ്യാന, ഒഹായോ, നോര്‍ത്ത് കാരളൈന, ഫ്ലോറിഡ എന്നീ സംസ്ഥാനങ്ങളില്‍ ഒബാമ മത്സരം ശക്തമാക്കുകയോ നല്ല ലീഡ് എടുക്കുകയോ ചെയ്തിട്ടുള്ളതാണ് മക്കെയിന് വിനയായിട്ടുള്ളത്. സംസ്ഥാനമൊട്ടാകെ നോക്കുകയാണെങ്കില്‍ റിപ്പബ്ലിക്കന്‍ ഉരുക്കുകോട്ടയായ നെബ്രാസ്ക്കയില്‍ പോലും ഒബാമ മത്സരം കടുപ്പമാക്കിയിട്ടുണ്ടെന്നാണ് വാര്‍ത്ത. മറ്റുള്ള സംസ്ഥാനങ്ങളില്‍ നിന്ന് വ്യത്യസ്തമായി ഇലക്ടറല്‍ വോട്ടുകള്‍ അവിടെ വീതിക്കുകയാണ് ചെയ്യുക. അതുകൊണ്ട് ഏതെങ്കിലും ജില്ലകളില്‍ വിജയിക്കുകയാണെങ്കില്‍ അവിടത്തെ വോട്ട് പിടിച്ചെടുക്കാം. (ഇലക്ടറല്‍ വോട്ട് ഇങ്ങനെ വീതിക്കുന്ന മറ്റൊരു സംസ്ഥാനം വടക്കു-കിഴക്കന്‍ സംസ്ഥാനമായ മെയിന്‍ ആണ്.)

നീണ്ടുപോയ പ്രൈമറി തിരഞ്ഞെടുപ്പ്, റിപ്പബ്ലിക്കന്‍ കോട്ടകളിലേക്ക് പൊതുതിരഞ്ഞെടുപ്പ് വ്യാപിപ്പിക്കാന്‍ ഒബാ‍മയെ സഹായിച്ചു എന്നു പറയാം. എല്ലാ സംസ്ഥാനങ്ങളിലും പ്രൈമറിയില്‍ മത്സരിക്കേണ്ടി വന്നതുകൊണ്ട് അവിടങ്ങളിലൊക്കെ പ്രചരണത്തിനുവേണ്ട ആസൂത്രണങ്ങള്‍ ചെയ്യേണ്ടി വരികയും അങ്ങനെ ഓരോ സംസ്ഥാനങ്ങളിലുമുള്ള സാധ്യതകളെക്കുറിച്ച് നല്ലവണ്ണം പഠിക്കാന്‍ അദ്ദേഹത്തിന്റെ ക്യാം‌മ്പയിന് അവസരം കിട്ടുകയും ചെയ്തു. തന്നെയുമല്ല ആ സംസ്ഥാ‍നങ്ങളിലൊക്കെ പ്രചരണത്തിനു വേണ്ട സംഘാടനം നേരത്തേ തുടങ്ങിയിടാനും കഴിഞ്ഞു.

എന്റെ കഴിഞ്ഞ പോസ്റ്റില്‍ പറഞ്ഞതുപോലെ ഒബാമക്ക് 277 ഇലക്ടറല്‍ വോട്ടുകള്‍ പിടിക്കാന്‍ ഇപ്പോഴത്തെ സാഹചര്യത്തില്‍ യാതൊരു ബുദ്ധിമുട്ടുമില്ല. യുദ്ധക്കളസംസ്ഥാനങ്ങളായ നെവാഡ, കൊളറാഡോ, മിസോറി, ഇന്‍‌ഡ്യാന, ഒഹായോ, നോര്‍ത്ത് കാരളൈന, ഫ്ലോറിഡ എന്നീ സംസ്ഥാനങ്ങളില്‍ തോറ്റാലും ഒബാമയ്ക്ക് കുഴപ്പമില്ല. മക്കെയിന് അവിടങ്ങളിലൊക്കെ വിജയിക്കുകയും വേണം. അതുകൊണ്ട് മക്കെയിന്റെ ഭാഗത്താണ് ഇപ്പോള്‍ വലിയ സമ്മര്‍ദ്ദമുള്ളത്. കാര്യമായിട്ട് എന്തെങ്കിലും അദ്ദേഹം ഇപ്പോള്‍ ചെയ്തില്ലെങ്കില്‍ നവം‌ബര്‍ 4-ന് ഒബാമ വിജയത്തിലേക്ക് സുഗമമായി നടന്നുകയറും.

മക്കെയിനെ ഇത്ര വിഷമത്തിലാക്കിയത് പ്രധാനമായും സാമ്പത്തികരംഗത്തുണ്ടായ തകര്‍ച്ചയാണ്. സാറാ പേലിന്റെ കടന്നുവരവോടെ ഒരു “റിയാലിറ്റി ഷോ” പോലെ ആയി തീര്‍ന്ന തിരഞ്ഞെടുപ്പില്‍ ഗൌരവമായി ആരുമൊന്നും ചര്‍ച്ച ചെയ്യുന്നില്ലായിരുന്നു. വാള്‍ സ്ട്രീറ്റിന്റെ തകര്‍ച്ചയും അതിന്നെ രക്ഷിക്കാന്‍ വേണ്ടി സര്‍ക്കാര്‍ നടത്തിയ ശ്രമങ്ങളും ജനങ്ങളെ യഥാര്‍ഥ പ്രശ്നങ്ങളിലേക്ക് ശ്രദ്ധ തിരിക്കാന്‍ പ്രേരിപ്പിച്ചു. സാമ്പത്തികകാര്യങ്ങള്‍ കൈകാര്യം ചെയ്യാന്‍ മിടുക്കന്‍ ഒബാമയാണെന്ന പൊതുവായ ധാരണ വോട്ടര്‍മാരെ അദ്ദേഹത്തിന്റെ ഭാഗത്തേക്ക് മാറ്റി. അതാണ് കഴിഞ്ഞ ആഴ്ചകളില്‍ പെന്‍‌സില്‍‌വേനിയ, ഒഹായോ, ഫ്ലോറിഡ, വിര്‍‌ജീനിയ തുടങ്ങിയ സംസ്ഥാനങ്ങളില്‍ ഒബാമ മുന്നേറുന്നതിലൂടെ നമ്മള്‍ കണ്ടത്.

സാമ്പത്തികവും ആരോഗ്യപരിരക്ഷയുമായുള്ള വിഷയങ്ങളുമായി ബന്ധപ്പെട്ട് തിരഞ്ഞെടുപ്പു ചര്‍ച്ചകള്‍ നവംബര്‍ 4 വരെ നീണ്ടുപോവുകയാണെങ്കില്‍ ഒബാമയ്ക്ക് കാര്യമായി വിയര്‍ക്കാതെ തിരഞ്ഞെടുപ്പ് ജയിക്കാം. അതുകൊണ്ടാണ് മക്കെയിന്‍ വിഷയം മാറ്റാന്‍ ശ്രമിക്കുന്നത്. ജോണ്‍ കെറിക്കെതിരെ 2004-ല്‍ ബുഷ് നടത്തിയ “സ്വിഫ്റ്റ് ബോട്ട്” ആക്രമണത്തെ ഓര്‍മ്മിപ്പിക്കും പോലെ ഒബാമക്കെതിരെ മക്കെയിന്‍ ക്യാം‌മ്പയിന്‍ ഇന്ന് ഒരു സ്വഭാവഹത്യ പ്രചരണം ആരംഭിച്ചിട്ടുണ്ട്. 1960-കളില്‍ സജീവമായിരുന്ന “വെതര്‍ അണ്ടര്‍‌ഗ്രൌണ്ട്” എന്ന ഒരു തീവ്രവാദി സംഘടനയുടെ നേതാവായ വില്യം അയഴ്‌സുമായി ഒബാമയെ ബന്ധപ്പെടുത്തിയാണ് സാറാ പേലിന്‍ ആ ആക്രമണത്തിന് തുടക്കം കുറിച്ചിട്ടുള്ളത്. ആ സംഘടന സജീവമായിരുന്നപ്പോള്‍ ഒബാമയ്ക്ക് 8-9 വയസ്സേ പ്രായമുണ്ടായിരുന്നുള്ളൂ. ഇപ്പോള്‍ ഷിക്കാഗോയില്‍ താമസക്കാരനും പ്രഫസറും വിദ്യാഭ്യാസ വിദഗ്ദനൊക്കെയുമായ വില്യം അയഴ്‌സിനെ ഒബാമയ്ക്ക് അറിയാം എന്നതു മാത്രമേ വാസ്തവമായിട്ടുള്ളൂ.

ജോണ്‍ കെറി മിണ്ടാതെയിരുന്നെങ്കില്‍, ഒബാമ മക്കെയിനെതിരെ ഇന്നുതന്നെ ശക്തമായ പ്രത്യാക്രമണം നടത്തിയാണ് പ്രതികരിച്ചത്. ജനങ്ങള്‍ക്ക് പ്രധാനപ്പെട്ട സാമ്പത്തിക പ്രശ്നങ്ങളില്‍ നിന്ന് അവരുടെ ശ്രദ്ധതിരിക്കാനാണ് ഇത്തരം വ്യക്തിഹത്യകള്‍ക്ക് തുനിയുന്നതെന്ന് പറഞ്ഞാണ് ഒബാമ ക്യാം‌മ്പയിന്‍ തുടങ്ങിയിട്ടുള്ളതെങ്കിലും വരുന്ന ദിവസങ്ങളില്‍ മക്കെയിന്റെയും പേലിന്റെയും പഴയ പല ഇടപാടുകള്‍ അവര്‍ ഉയര്‍ത്തിക്കൊണ്ടു വരും എന്ന് ഉറപ്പാണ്. മക്കെയിന്‍ ഇതുവരെ കാര്യമായി ഉപയോഗിച്ചിട്ടില്ലാത്ത ഒരു വിവാദം ജറമയ്യ റൈറ്റുമായി ഒബാമയ്ക്കുള്ള ബന്ധമാണ്. അതും ഈയിടെ കോടതി ശിക്ഷിച്ച ഷിക്കാഗോ ബിസിനസ്സുകാരന്‍ ടോണി റിസ്ക്കോവുമായുള്ള ഒബാമയുടെ ബന്ധവും അവസാനത്തെ ആഴ്ചകളിലേക്ക് ഉപയോഗിക്കാന്‍ വേണ്ടി മക്കെയിന്‍ ക്യാം‌മ്പയിന്‍ മാറ്റി വച്ചിരിക്കുകയാണോ എന്നേ നോക്കേണ്ടതുള്ളൂ.

അത്തരം ആരോപണങ്ങള്‍ക്ക് ചുട്ട മറുപടികള്‍ കൊടുക്കുകയും പ്രത്യാക്രമണങ്ങള്‍ നടത്തുന്നതോടൊപ്പം തന്നെ സാമ്പത്തികപ്രശ്നങ്ങളില്‍ ജനശ്രദ്ധ എത്രത്തോളം പിടിച്ചു നിര്‍ത്താന്‍ കഴിയും എന്നതിനെ ആശ്രയിച്ചിരിക്കും ഒബാമയ്ക്ക് ഇപ്പോഴുള്ള മുന്തൂക്കം നിലനിര്‍ത്താനുള്ള സാധ്യത.

ഈ ചൊവ്വാഴ്ചയാണ് മക്കെയിനും ഒബാമയും തമ്മിലുള്ള രണ്ടാമത്തെ ഡിബേറ്റ്. മക്കെയിന്‍ അതില്‍ ഒബാമയെ വഴിവിട്ട് ആക്രമിക്കുമെന്നതില്‍ സംശയം ഒന്നും വേണ്ട. അതല്ലാതെ മക്കെയിന് വലിയ രക്ഷയുമൊന്നുമില്ല. കഴിഞ്ഞ തവണ ഒബാമ കുറച്ചു കാര്യങ്ങള്‍ സമ്മതിച്ചു കൊടുത്തതുപോലെ ഇത്തവണ ഉണ്ടാവില്ലെന്ന് പ്രതീക്ഷിക്കാം. നുണപ്രചരണങ്ങള്‍ നടത്തുന്നവര്‍ പറയുന്ന ഒന്നും സമ്മതിച്ചുകൊടുക്കരുത് (അത് ശരിയാണെങ്കില്‍ പോലും). കാരണം അത്തരം യോജിപ്പുകള്‍ അവരുടെ നുണകള്‍ക്ക് ഒരുതരത്തിലുള്ള വിശ്വാസ്യത കൊടുക്കും എന്ന് എനിക്ക് തോന്നുന്നു.

കാള്‍ റോവിന്റെ സൈറ്റിനെപ്പറ്റി ഞാന്‍ മുമ്പ് സൂചിപ്പിച്ചിരുന്നല്ലോ. അദ്ദേഹത്തിന്റെ ഇലക്ടറല്‍ മാപ്പില്‍ ഇന്ന് ഒബാമയാണ് മുമ്പില്‍. “റാസ്‌മ്യൂസന്‍ റിപ്പോര്‍ട്ട്‌സ്”-ന്റെ പ്രതിദിന അഭിപ്രായസര്‍വ്വേയില്‍ ഇന്ന് ഒബാമ 51% പിന്തുണയോടെ ദേശീയതലത്തില്‍ മക്കെയിനേക്കാള്‍ 7% പോയന്റുകള്‍ക്ക് മുമ്പിലാണ്.

ഇവയാണ് എന്റെ ഇപ്പോഴത്തെ നിഗമനങ്ങള്‍:

ഒബാമയ്ക്ക് കിട്ടുമെന്ന് ഉറപ്പുള്ള ഇലക്ടറന്മാര്‍ - 277 (ഭൂരിപക്ഷത്തിന് 270)
മക്കെയിന് കിട്ടുമെന്ന് ഉറപ്പുള്ള ഇലക്ടറന്മാര്‍ - 174

രണ്ടുപേര്‍ക്കും സാധ്യതയുള്ള സംസ്ഥാനങ്ങള്‍ - ഫ്ലോറിഡ(27), ഇന്‍‌ഡ്യാ‍ന(11), ഒഹായോ(20), കൊളറാഡോ(9), നെവാഡ(5), നോര്‍ത്ത് കാരളൈന(15).

ഇവയില്‍ ഫ്ലോറിഡ, ഒഹായോ, കൊളറാഡോ, നെവാഡ എന്നീ സംസ്ഥാനങ്ങളില്‍ ഒബാമ ജയിക്കാനാണ് സാധ്യത കൂടുതല്‍. ഇന്‍‌ഡ്യാ‍ന, നോര്‍ത്ത് കാരളൈന എന്നീ സംസ്ഥാനങ്ങളില്‍ മക്കെയിനും.

അവസാനത്തെ നില: ഒബാമ (338); മക്കെയിന്‍ (200)

1 comment:

t.k. formerly known as തൊമ്മന്‍ said...

പ്രസിഡന്റ് മത്സരം ഏകദേശം അവസാനിച്ചെന്ന് പറയാം. ഇന്നലെ രാത്രി ടെന്നസിയിലെ നാഷ്‌വില്‍ നഗരത്തിലെ (കണ്ട്രി/ഗോസ്‌പല്‍ സംഗീതത്തിന്റെ സിരാകേന്ദ്രമാണ് അമേരിക്കയുടെ ബൈബിള്‍ ബെല്‍റ്റില്‍ സ്ഥിതിചെയ്യുന്ന ഈ പ്രധാന നഗരം. ആല്‍ ഗോറിന്റെ വീടും ഈ നഗരത്തിന് അടുത്താണ്. 2000-ല്‍ അദ്ദേഹം തന്റെ സ്ഥാനാര്‍ഥിത്വം പ്രഖ്യാപിച്ചത് ഇവിടെ വച്ചാണ്; പക്ഷേ,തിരഞ്ഞെടുപ്പില്‍ ടെന്നസി അദ്ദേഹത്തെ കൈവിട്ടു.) ബെല്‍‌മോണ്ട് യൂണിവേഴ്‌സിറ്റിയില്‍ വച്ചു നടന്ന രണ്ടാമത്തെ ഡിബേറ്റിലും ജോണ്‍ മക്കെയിന് സാമ്പത്തിക/ആരോഗ്യപരിരക്ഷ വിഷയങ്ങളില്‍ ഒബാമയുമായി വാദിച്ച് ജയിക്കാനായില്ല. പോളുകള്‍ പ്രകാരം ജനപിന്തുണയില്‍ വളരെ പിന്നില്‍ നില്‍ക്കുന്ന മക്കെയിന് ഇനി ഈ തിരഞ്ഞെടുപ്പ് ജയിക്കാന്‍ സാധിക്കുമെന്ന് എനിക്ക് തോന്നുന്നില്ല.

യുദ്ധക്കളസംസ്ഥാനങ്ങളില്‍ ഒബാമയുടെ പിന്തുണ വര്‍ദ്ധിക്കുന്നതേയുള്ളൂ. പോളുകളില്‍ വളരെ കൃത്യത കാണിക്കുന്ന റാസ്‌‌മ്യൂസന്‍ റിപ്പോര്‍‌ട്ടില്‍ ഇന്ന് ഒബാമയ്ക്ക് 321 ഇലക്ടറല്‍ കോളജ് വോട്ടുകള്‍ കിട്ടാന്‍ ഇടയുണ്ടെന്ന് കാണിക്കുന്നു. നോര്‍ത്ത് കാരളൈന, ഒഹായോ, മിസോറി, വിര്‍ജീനിയ, നെവാഡ എന്നിവിടങ്ങളിലെ വോട്ടുകള്‍ കൂട്ടാതെയാണിത്.

അപ്രതീക്ഷിതമായി ഒന്നും സംഭവിച്ചില്ലെങ്കില്‍ ബറാക്ക് ഒബാമ തന്നെ അടുത്ത അമേരിക്കന്‍ പ്രസിഡന്റ്. മാധ്യമങ്ങള്‍ പറയുന്നത് കാര്യമായി എടുക്കേണ്ടതില്ല; മത്സരം കഠിനമാക്കി അവസാനം വരെ കൊണ്ടുപോകേണ്ടത് അവരുടെ റേറ്റിംഗ് വര്‍ദ്ധിപ്പിക്കാ‍ന്‍ ആവശ്യമാണ്.