Tuesday, February 27, 2007

സ്വവര്‍ഗപ്രേമം രോഗമോ? ലൈംഗിക സംശയത്തിന് മറുപടി

സത്യം പറയണമല്ലോ; ഞാന്‍ “വനിത” വായിക്കുന്ന ഒരു പുരുഷനാണ്. (പ്രയോഗം എന്റെ സ്വന്തമല്ല; സുഹൃത്ത് പ്രസീല ഹണിയോട് കടപ്പാട്.) അതിന്റെ കെട്ടൂം മട്ടും, സിനിമാതാരങ്ങളുടെയും സുന്ദരിമാരുടെയും പടങ്ങളും, സര്‍വ്വോപരി കാണാന്‍ ഭംഗിയുള്ള ഭക്ഷണസാധനങ്ങളുടെ ചിത്രങ്ങളും ഒക്കെ ആകുമ്പോള്‍ ഏതവനും അതെടുത്ത് ഒന്ന് നോക്കിപ്പോകും. ചിലപ്പോള്‍ പുറം മുതല്‍ പുറം വരെ വായിച്ചും പോകും ;-) വിനയ ഡോളറുകള്‍ മുടക്കി നാട്ടില്‍നിന്ന് വരുത്തുന്ന സാധനത്തിന് ബേ ഏരിയയില്‍ നല്ല ഡിമാന്റാണ്. പഴയ പ്രതികള്‍ ഒന്നും കളയില്ല. ഞാന്‍ വരുത്തുന്ന Economist, New Yorker തുടങ്ങിയ ഉശിരന്‍ മാഗസിനുകള്‍‍ യാതൊരു ദാ‍ക്ഷണ്യവുമില്ലാതെ വിനയ കുപ്പത്തൊട്ടിയില്‍ എറിയുമ്പോള്‍ “വനിത”യുടെ മാത്രം വര്‍ഷങ്ങളോളം പഴക്കമുള്ള ലക്കങ്ങള്‍ ഇവിടെ ഇപ്പോ ഴും ഇരിപ്പുണ്ട്.

“വനിത”യില്‍ കൊടുക്കാറുള്ള പല കാര്യങ്ങളും അശാസ്ത്രീയമാണെന്ന് എനിക്ക് തോന്നിയിട്ടുണ്ട്. പ്രത്യേകിച്ചും ആരോഗ്യത്തെക്കുറിച്ച് കൊടുക്കാറുള്ള ടിപ്പുകളും മറ്റും. ചൈനീസ് പാചകക്കുറിപ്പുകളിലും മറ്റും വമ്പന്‍ തെറ്റുകള്‍ കണ്ടിട്ടുണ്ട്. (Bay Area -യിലെ “ദേശീയ” cuisine ചൈനീസ് ആണേ.)

ഫെബ്രുവരി 15-28,2007 ലക്കത്തിലെ “ലൈംഗിക സംശയങ്ങള്‍ക്കു മറുപടി” യില്‍ സ്വവര്‍ഗരതിയെക്കുറിച്ച് ഒരു ഡോക്ടറുടെ പേരില്‍ എഴുതിക്കണ്ട ചില കാര്യങ്ങള്‍ വിമര്‍ശിക്കപ്പെടേണ്ടതാണെന്നു തോന്നി. സ്വവര്‍ഗരതിയെയും അതിന്റെ രാഷ്ടീയത്തെയും അംഗീകരിക്കുന്ന, ആ വിഷയങ്ങള്‍ ഏറ്റവും കൂടുതല്‍ ചര്‍ച്ചചെയ്യപ്പെടുന്ന, സാന്‍ ഫ്രാന്‍സിസ്ക്കോയില്‍ നിന്ന് ഒരു പ്രതികരണം ഉണ്ടാകേണ്ടത് ആവശ്യവുമാണ്.

“വനിത”യിലെ മേല്‍പ്പടി കോളം കൈകാര്യം ചെയ്യുന്നത് Dr.D. Narayana Reddy, Dega Institute, Chennai ആണ്. (നാട്ടില്‍ മലയാളി വൈദ്യന്മാര്‍ ആരെയും കിട്ടാനില്ലേ?) ഇദ്ദേഹത്തിന് 2007-ലെ World Association for Sexual Health Gold Medal കിട്ടിയെന്ന് പറയുന്നു. (അവരുടെ website കണ്ടുപിടിച്ചെങ്കിലും ഇദ്ദേഹത്തിന് ഗോള്‍ഡ് മെഡല്‍ കിട്ടിയതൊന്നും അതില്‍ കാണാനില്ല. ) പിന്നെ American University (അങ്ങനെയൊന്നുണ്ടോ?) യുടെ Distinguished Fellow Award; Sexology -യുടെ 7-മത് World Congress Award എന്നിവയൊക്കെ ഇങ്ങേര്‍ക്ക് കിട്ടിയതായി പറയുന്നുണ്ട്. എഴുതുന്ന ആളുടെ credentials ഒക്കെ ശരിയായ രീതിയില്‍ കൊടുത്തില്ലെങ്കില്‍ ഒരു വ്യാജന്‍ look ഉണ്ടാവുമെന്ന് മനോരമക്ക് അറിയില്ലേ, ആവോ?

ഡോക്ടറോട് ചോദിക്കുന്നത് ഒരു പി.ജി. വിദ്യാര്‍ത്ഥിനിയാണ്. പുള്ളിക്കാരത്തിക്ക് കൂട്ടുകാരിയോട് കലശലായ പ്രേമം; അവര്‍ ശാരിരിക ബന്ധത്തിലൊക്കെ ഏര്‍പ്പെടുന്നുണ്ട്. ആ ഇടപാട് വിവാഹബന്ധത്തെ ബാധിക്കുമോ എന്നാണ് സംശയം.

ചോദ്യത്തില്‍ തന്നെ കാണുന്ന ചില വൈരുദ്ധ്യങ്ങള്‍ വച്ചു നോക്കുമ്പോള്‍ യഥാര്‍ത്ഥ‍ത്തില്‍ ഒരു ചോദ്യകര്‍ത്താവുണ്ടോ എന്നു തന്നെ സംശയമാണ്. പക്ഷേ, തികച്ചും ഒരു ആരോഗ്യപ്രശ്നത്തെ അവലോകനം ചെയ്യുന്നതുപോലെയുള്ള ഡോക്ടറുടെ മറുപടിയില്‍ അപാകതയുണ്ട്. അദ്ദേഹത്തിന്റെ ചികിത്സാവിധിയില്‍ നിന്ന് കുറച്ച്:
“ഏതു സാഹചര്യമാണ് സ്വവര്‍ഗപ്രണയം തുടങ്ങാന്‍ കാരണം എന്ന് ആദ്യമേ കണ്ടെത്തണം. ഇതിന് വിദഗ്ധനായ മന:ശാസ്ത്രജ്ഞന്റെ സഹായവും സ്വവര്‍ഗപ്രണയം മാറ്റാന്‍ സൈക്കോതെറാപ്പിയും ആവശ്യമാണ്. ..... സ്വവര്‍ഗപ്രണയക്കാരിലെ ലൈംഗികബന്ധം എയ്ഡ്സ് വ്യാപകമാക്കുമെന്നതിനെക്കുറിച്ച് ശക്തമായ അവബോധം സ്കൂള്‍, കോളേജ് തലത്തില്‍ വളര്‍ത്തേണ്ടിയിരിക്കുന്നു.” (കൂടുതല്‍ വിവരങ്ങള്‍ക്ക് ദയവായി മാഗസിന്‍ വായിക്കുക; എല്ലാം ടൈപ്പൂ ചെയ്യാന്‍ നേരമില്ല. പക്ഷേ, മറുപടിയുടെ പോക്ക് ഇങ്ങനെയാണ്.)

സ്വവര്‍ഗരതിയെയും എയ്ഡിനെയുമൊക്കെയുള്ള ഈ അഭിപ്രായങ്ങള്‍ വളരെ പുരാതനവും തികച്ചും അശാസ്ത്രീയവുമാണ്. സ്വവര്‍ഗരതിക്കാര്‍ അങ്ങനെ തന്നെ ജനിക്കുന്നവരാണെന്നാണ് പൊതുവെ ഇന്ന് അംഗീകരിക്കപ്പെട്ടിട്ടുള്ളത്. അതിനെ ഒരു പ്രകൃതി വൈരുദ്ധ്യമായി കാണുന്ന രീതി ഇന്ന്‍ ചുരുങ്ങിയ പക്ഷം ആധുനികചികിത്സാരംഗത്തില്ല. (മത-രാഷ്ട്രീയ രംഗത്ത് ഇതേക്കുറിച്ച് ഒരു പൊതുവായം ഇനിയും ആയിട്ടില്ല; ചില യൂറോപ്യന്‍ രാജ്യങ്ങളിലും വളരെ ചുരുക്കം ക്രിസ്തീയ സഭകളിലും അല്ലാതെ.)എയ്ഡ്സ് സ്വവര്‍ഗരതിക്കാരുടെ രോഗം എന്ന് പേരു വരാന്‍ കാരണം ആ രോഗത്തെ കണ്ടെത്തിയ സമയത്ത് ധാരാളം സ്വവര്‍ഗരതിക്കാര്‍ക്ക് ആ രോഗം ഉണ്ടായിരുന്നതുകൊണ്ടാണ്; ഇന്ന് എയ്ഡ്സിന് അങ്ങനെ പ്രത്യേക ലൈംഗീകമാനമൊന്നും ഉണ്ടെന്നു തോന്നുന്നില്ല.

ജനപ്രിയ മാസികകളുടെ ഇത്തരം വിജ്ഞാന“ഡോസ്”കൊണ്ട് എത്രയോ ആളുകളായിരിക്കും നാനാതരം വിഷയങ്ങളെക്കുറിച്ച് വികലവും അപൂര്‍ണ്ണവുമായ ധാരണകള്‍ വച്ചുപുലര്‍ത്തുന്നത്.

ഇതുപോലൊരു അസത്യം ദിലീപിന്റെ “ചാന്തുപൊട്ടി”ലൂടെയും പ്രചരിപ്പിക്കപ്പെടുകയുണ്ടായി. ദിലീപ് വളരെ നന്നായി അവതരിപ്പിച്ച കഥാപാത്രത്തെ അവസാനം ചികിത്സിച്ച് “ഭേദ”മാക്കുന്നത് ഭൂരിപക്ഷത്തിന്റെ യാഥാസ്ഥികതയെ ഭയന്നോ, സുഖിപ്പിക്കുവാനോ ആണ്. സ്തൈണഭാവമുള്ള ആ ആണിന്റെ കഥാപാത്രത്തെ സിനിമയുടെ അവസാനം വരെ നിലനിര്‍ത്തിയെങ്കില്‍ ആ ചിത്രം കൂടുതല്‍ സത്യസന്ധവും കുറച്ചുകൂടി ആഴമുള്ളതുമാകുമായിരുന്നു.

Friday, February 23, 2007

വേദവാക്യങ്ങളിലെ മണ്ടത്തരങ്ങള്‍ അഥവാ മാതൃഭൂമിയുടെ പത്രാധിപരെവിടെ?

നാട്ടില്‍ നിന്ന്‌ കൊണ്ടുവന്ന ആഴ്ച്പ്പതിപ്പുകളിലൂടെ ഓടിച്ചുനോക്കുമ്പോഴാണ്‌ മാതൃഭൂമിയില്‍ ടി.ഡി.രാമകൃഷ്ണന്‍ ചെയ്ത, സി.വി.ശ്രീരാമനുമായുള്ള അഭിമുഖം ശ്രദ്ധയില്‍ പെട്ടത്‌. (സി.വി.ശ്രീരാമനും കാലവും, 2006 ഡിസംബര്‍ 31 - ജനവരി 6, ലക്കം 44).

സക്കറിയയും പുനത്തിലും കാക്കനാടനും മുകുന്ദനും തങ്ങളുടെ കൈയടക്കങ്ങള്‍കൊണ്ട്‌ മലയാളകഥാലോകത്ത്‌ നിറഞ്ഞ്‌ നില്‍ക്കുമ്പോഴാണ്‌, ലോകം കണ്ട ഒരു പ്രവാസിയുടെ അനുഭവങ്ങളുടെ തീഷ്ണതയുള്ള കഥകളുമായിട്ട്‌ സി.വി. ശ്രീരാമന്‍ മലയാളത്തിലേക്ക്‌ വരികയും തന്റേതായ ഒരു അനുവാചകവൃന്ദത്തെ ഉണ്ടാക്കിയെടുക്കുകയും ചെയ്തത്‌. മലയാള കഥാകാരന്മാരില്‍ ഇന്നും നല്ലൊരു ശതമാനം എഴുത്തുകാരും, കഥയുടെ രൂപഘടനയിലും ഭാഷയിലും ആഖ്യാന രീതികളിലും ഒതുങ്ങുന്ന പരീക്ഷണങ്ങളില്‍ മുഴുകി, ചിലപ്പോള്‍ കഥ പറയാന്‍ തന്നെ മറന്നു പോകുന്നവരാണ്‌. ആ കൂട്ടത്തില്‍ നിന്ന്‌ സി.വി. ശ്രീരാമന്‍ എന്നും വേറിട്ടുനിന്നു; അദ്ദേഹത്തിന്റെ കഥ എന്നും പക്വതയുള്ളതായിരുന്നു.

പക്ഷേ, ഈ അഭിമുഖത്തില്‍ അദ്ദേഹം വിളിച്ചുപറയുന്ന കാര്യങ്ങളില്‍ നിന്ന്‌ ആ എഴുത്തുകാരന്‍ വര്‍ത്തമാന കാലത്തിലൊന്നുമല്ല ജീവിക്കുന്നതെന്ന്‌ പെട്ടെന്ന്‌ മനസ്സിലാക്കാം. എനിക്ക്‌ അതിനോടല്ല പ്രശ്നം; മറിച്ച്‌ മാതൃഭൂമിയെപ്പോലെ ഉത്തരവാദിത്തപ്പെട്ട ഒരു പ്രസിദ്ധീകരണം ആ അസത്യങ്ങള്‍ നമുക്ക് വിളമ്പിത്തരുന്നതിലാണ്‌. അഭിമുഖത്തില്‍ ആര്‍ക്കും എന്തും പറയാം; പക്ഷേ, അത്‌ വാസ്തവങ്ങളെക്കുറിച്ചാകുമ്പോള്‍ പ്രസിദ്ധീകരിക്കുന്നതിന്ന്‌ മുമ്പ്‌ അവയൊക്കെ സ്ഥിരീകരിക്കേണ്ട ചുമതല പത്രാധിപര്‍ക്കുണ്ട്‌. നമ്മളെപ്പോലെ വിരല്‍ത്തുമ്പത്ത്‌ വിക്കിപ്പീഡിയയൊന്നും മാതൃഭൂമി വായിക്കപ്പെടുന്ന ഗ്രാമീണവായനശാലകളില്‍ ഇല്ലല്ലോ.

ഉദാഹരണത്തിന്‌ അര്‍മീനിയ എന്ന രാജ്യത്തെക്കുറിച്ച്‌ അദ്ദേഹം പറയുന്നത്‌ നോക്കുക:
"സോവിയറ്റ്‌ യൂണിയന്റെ തകര്‍ച്ചയില്‍ ഒരു പ്രധാന പങ്ക്‌ വഹിച്ചത്‌ അര്‍മീനിയയാണ്‌. യൂറോപ്പിലെ ഏക ഇസ്ലാമിക്‌ സ്റ്റേറ്റാണ്‌ അര്‍മീനിയ. അര്‍മീനിയന്‍സ്‌ എന്ന്‌ പറയുന്നത്‌ ലോകത്തില്‍ മേറ്റ്‌വിടെയുമില്ലാത്ത ഒരു ക്ലാനാണ്‌. അവര്‍ ഫയര്‍ വര്‍ഷിപ്പേഴ്സാണ്‌. വളരെ വ്യത്യസ്തരായവര്‍. ക്രിസ്ത്യ‍ന്‍ ഇന്‍വേഷനെ എക്കാലത്തും പ്രതിരോധിച്ചിട്ടുള്ള പാരമ്പര്യമുള്ളവരാണ്‌. അവര്‍ ലോകത്തിലെ മറ്റൊരു സംസ്ക്കാരവുമായി ഞങ്ങള്‍ക്ക്‌ ബന്ധമില്ലെന്നും ഞങ്ങളുടെ പ്രത്യേക ഐഡന്റിറ്റി നിലനിര്‍ത്തുമെന്നും പറഞ്ഞു." അങ്ങനെ പോകുന്നു ആ ജല്‌പനങ്ങളൂടെ ഘോഷയാത്ര.

അര്‍മീനിയ അതിന്റെ അതിപുരാതന ഓര്‍ത്തൊഡോക്സ്‌ ക്രിസ്ത്യന്‍‍ പാരമ്പര്യത്തില്‍ അഭിമാനിക്കുന്ന ഒരു രാജ്യമാണ്‌. അത്‌ യുറോപ്പിലുമല്ല, ഏഷ്യയിലുമല്ല; രണ്ടിനുമിടക്കാണ്‌. മുസ്ലിം രാജ്യവുമല്ല; ലോകത്തില്‍ ആദ്യമായി ക്രിസ്തുമതത്തെ ഔദ്യോഗികമാക്കിയ രാജ്യമാണ്‌. ഇരുപതാം നൂറ്റാണ്ടിന്റെ തുടക്കത്തില്‍ തുര്‍ക്കിയുടെ അധിനിവേശത്തെ ചെറുത്തതിന്‌ വംശീയ ഉന്മൂലനം (നാത്‌സികള്‍ ജൂതന്മാരെയും ജിപ്സികളേയും കൊന്നൊടുക്കിയ തോതില്‍) നേരിട്ടവരാണ്‌. അര്‍മീനിയയിലുള്ളതിനെക്കാള്‍ ഏതാണ്ട്‌ മൂന്നിരട്ടി അര്‍മീനിയക്കാര്‍ പുറത്തുണ്ട്‌; അമേരിക്കയിലൊക്കെ പ്രവാസിസമൂഹങ്ങളുടെ മുന്നിരയിലാണ്‌ അവരുടെ സ്ഥാനം.

സോവിയറ്റ്‌ യൂണിയന്‍ തകര്‍ന്നതിന്‌ ഇത്ര ലളിതമായ ഒരു കാരണം ഞാന്‍ ആദ്യമായാണ്‌ കാണുന്നത്‌ :-)

പ്രസിദ്ധരായ സാഹിത്യകാരന്മാരെ നാം പലപ്പോഴും ദൈവങ്ങളെപ്പോലെയാണ്‌ കാണുന്നത്‌. അവര്‍ പറയുന്നത്‌ വേദവാക്യവും. അത്തരം ജഡതയെ പ്രതിരോധിക്കാന്‍ ബ്ലോഗുപോലുള്ള ഒന്ന് അത്യാവശ്യം. ഇതൊന്നും വിളിച്ചുപറയുന്നതിന്ന് മാതൃഭൂമിയുടെ എഴുത്തുപെട്ടിയെ ആശ്രയിക്കേണ്ടല്ലോ.