Saturday, September 27, 2008

വാ‍ള്‍ സ്ട്രീറ്റ് നിലയ്ക്കുമ്പോള്‍ ഒബാമ മുന്നോട്ട് | അമേരിക്കന്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പ്

കഴിഞ്ഞ പോസ്റ്റിലെ കമന്റുകളില്‍ സൂചിപ്പിച്ചതുപോലെ, പോളുകളില്‍, നേരിയ ലീഡില്‍ നിന്ന് വ്യക്തമായ ലീഡിലേക്ക് ഒബാമ നീങ്ങുന്നതായിട്ടാണ് ഇപ്പോള്‍ കാണുന്നത്. റിപ്പബ്ലിക്കന്‍ ശക്തിദുര്‍ഗ്ഗങ്ങളായിരുന്ന വിര്‍‌ജീനിയയിലും നോര്‍ത്ത് കാരളൈനയിലും ഒബാമ മുന്നേറുമ്പോള്‍ ആടി നിന്ന പല സംസ്ഥാനങ്ങളിലും അദ്ദേഹം തന്റെ നില ശക്തമാക്കിയിട്ടുണ്ട്. ഫ്ലോറിഡ, ഒഹായോ എന്നീ വലിയ സംസ്ഥാനങ്ങളില്‍ മക്കെയിന്റെ ലീഡ് കുറയ്ക്കുകയും ചെയ്തു. ഈ നില തുടരുകയാണെങ്കില്‍ നവംബര്‍ 4-ന് വിജയിക്കുന്നത് ഒബാമ തന്നെ ആയിരിക്കും.

ഒബാമയ്ക്ക് പെട്ടന്ന് പിന്തുണ കൂടാനുള്ള കാരണം? അമേരിക്കന്‍ സാമ്പത്തികമേഖലയുടെ തകര്‍ച്ച തന്നെ. അമേരിക്കന്‍ ചരിത്രത്തിലെ തകര്‍ന്നടിഞ്ഞ ഏറ്റവും വലിയ ബാങ്കായി ഈ ആഴ്ച നിലം‌പതിച്ച വാഷിംഗ്‌ടണ്‍ മ്യൂച്ചല്‍ ബാങ്ക്. സാമ്പത്തിക സ്ഥാപനങ്ങളുടെ തകര്‍ച്ച ഒഴിവാക്കാന്‍ 700 ബില്യണ്‍ ഡോളറിന്റെ (അമേരിക്കന്‍ GDP-യുടെ ഏകദേശം 6%) പാക്കേജിന് സര്‍ക്കാര്‍ പദ്ധതിയിടുന്നുണ്ടെങ്കിലും ഇതുവരെ അതിന്നെപ്പറ്റി കോണ്‍‌ഗ്രസില്‍ സമവായം ആയിട്ടില്ല. ബുഷിന്റെ പാര്‍ട്ടിക്കാരായ റിപ്പബ്ലിക്കന്മാര്‍ തന്നെയാണ് അതിന്റെ പ്രധാന വിമര്‍ശകര്‍ എന്നതാണ് ഏറെ രസകരം. വിലയിടിഞ്ഞ, മോര്‍ട്ട്‌ഗേജ്(ഗൃഹവായ്പ)കള്‍ സര്‍ക്കാര്‍ വാങ്ങിക്കൂട്ടി ബാങ്കുകളെ രക്ഷിക്കുക എന്നതാണ് ഈ പദ്ധതിയുടെ പ്രധാന ഉദ്ദേശം. അത്യാഗ്രഹം മൂത്ത്, ബാങ്കുകള്‍ നടത്തിയ ചൂതാട്ടത്തില്‍ കാശ് കളഞ്ഞുകുളിച്ചവരെ ജനങ്ങളുടെ നികുതികൊണ്ട് രക്ഷിക്കുക! എങ്ങനെ വീണാലും വാള്‍ സ്ട്രീറ്റുകാര്‍ നാലുകാലിലേ വീഴൂ. പൊതുജനങ്ങള്‍ ഈ പദ്ധതിക്ക് എതിരാണെന്ന് തോന്നുന്നു. റിപ്പബ്ലിക്കന്മാരോടുള്ള രോഷം ഒബാമയ്ക്ക് പിന്തുണയായി മാറുന്നുമുണ്ട്.

സാമ്പത്തികകാര്യങ്ങളില്‍ ജനങ്ങള്‍ ഒബാമയെ കൂടുതല്‍ വിശ്വസിക്കുന്നതുകൊണ്ട് ആ രംഗത്ത് കാലുറപ്പിക്കാന്‍ മക്കെയിന്‍ ഒരു ചെറിയ സ്റ്റണ്ടു നടത്തി, ഇന്നലത്തെ ഡിബേറ്റില്‍ പങ്കെടുക്കാതെ വാഷിംഗ്ടണില്‍ പോയി അവിടെ വാള്‍ സ്ട്രീറ്റ് രക്ഷാപദ്ധതി ഉഷാറാക്കും എന്ന് അദ്ദേഹം ഒരു പ്രഖ്യാപനം നടത്തി. അദ്ദേഹം അവിടെ ചെന്നെങ്കിലും പട്ടി ചന്തയ്ക്കുപോയതു പോലെ തിരിച്ചുപോരേണ്ടി വന്നു. ഒബാമയുമായി സംവാദത്തില്‍ പങ്കെടുക്കാന്‍ പേടിയായതുകൊണ്ടാണ് അത് ഒഴിവാക്കാന്‍ നോക്കിയതെന്നും, വാള്‍ സ്ട്രീറ്റ് രക്ഷാപദ്ധതിയുടെ ചര്‍ച്ചകളില്‍ രാഷ്ട്രീയം കലര്‍ത്തി എന്നുമൊക്കെയുള്ള ആരോപണങ്ങള്‍ക്ക് മക്കെയിന്‍ വിധേയനായതു മാത്രം മിച്ചം.

അവസാനം ഡിബേറ്റ് ഇന്നലെ തന്നെ നടന്നു. മക്കെയിനും ഒബാമയും തമ്മിലുള്ള വ്യത്യാസം നേരിട്ടറിയാന്‍ കിട്ടിയ ഒരവസരമായിരുന്നു. പോളുകള്‍ സൂചിപ്പിക്കുന്നതുപോലെ ഒബാമയായിരുന്നു ഡിബേറ്റിലെ വിജയി. തന്റെ നയങ്ങള്‍ വ്യക്തമായി പറയാന്‍ ഒബാമ ശ്രമിച്ചപ്പോള്‍ ക്യാം‌മ്പയിന്‍ മുദ്രാവാക്യങ്ങള്‍ ആവര്‍ത്തിക്കാനും ഒബാമയെ പുച്ഛിക്കാനും മാത്രമേ മക്കെയിന്‍ തയ്യാറായുള്ളൂ. സാമ്പത്തികകാര്യങ്ങള്‍ ചര്‍ച്ച ചെയ്തപ്പോള്‍ ഒബാമയാണ് വ്യക്തമായും മുന്നിട്ടു നിന്നത്. വിദേശ-സുരക്ഷാ കാര്യങ്ങളില്‍ മക്കെയിനാണ് ചര്‍ച്ചയില്‍ മുന്തൂക്കമുണ്ടായിരുന്നതെന്ന് മാധ്യമങ്ങള്‍ പറയുന്നുണ്ടെങ്കിലും കാര്യങ്ങള്‍ കൃത്യമായി പറഞ്ഞത് ഒബാമയാണെന്നാണ് എനിക്കു തോന്നിയത്. പ്രത്യേകിച്ചും അമേരിക്കയുടെ പുറത്തുള്ള ഇമേജ് വര്‍ദ്ധിപ്പിക്കുന്നതിനെയും അണ്വായുധനിയന്ത്രണത്തെപ്പറ്റിയും ഒക്കെയുള്ള അദ്ദേഹത്തിന്റെ നിരീക്ഷണങ്ങള്‍.

(അതിനിടക്ക് “മനോരമ”യില്‍ ഡിബേറ്റിനെപ്പറ്റി ഒരു വാര്‍ത്ത കണ്ടു. വാര്‍ത്തയും എന്റര്‍‌റ്റെയ്ന്മെന്റും കൂട്ടിക്കുഴക്കുന്നത് അവര്‍ക്ക് പതിവ് പരിപാടിയാണ്. അതിന്നിടയില്‍ വാര്‍ത്തയുടെ കൃത്യത നോക്കാന്‍ മെനക്കെടാറുമില്ല. വാഷിംഗ്‌ടണില്‍ നിന്നാണ് വാര്‍ത്ത വരുന്നതെങ്കിലും അമേരിക്കന്‍ രാഷ്ട്രീയവും ഭൂമിശാസ്ത്രവും ലേഖകര്‍ക്ക് അറിയില്ല എന്ന് വളരെ വ്യക്തം. ഉദാഹരണത്തിന് ഡിബേറ്റ് നടന്നത് മെംഫിസിലെ ഓക്സ്‌ഫഡില്‍ ആണത്രേ. മിസിസിപ്പിയിലെ ഓക്സ്‌ഫഡില്‍ ആണ് ഡിബേറ്റ് നടന്നതെന്ന് ഏത് അമേരിക്കന്‍ പത്രത്തിന്റെ സൈറ്റില്‍ പോയാലും വായിക്കാം. ഓക്സ്ഫഡ് എന്ന “ഓള്‍ മിസ്” യൂണിവേഴ്സിറ്റി ടൌണിന് അടുത്തുള്ള, അയല്‍ സംസ്ഥാനമായ ടെന്നസിയിലെ ഒരു പ്രധാന നഗരമാണ് മെംഫിസ്. ഡിബേറ്റ് നടന്നത് യൂണിവേഴ്സിറ്റി കാമ്പസില്‍ ആണ്. ഇത്തരം വലിയ പത്രങ്ങളില്‍, കാര്യങ്ങള്‍ “പൈങ്കളീകരിക്കാതെ” തിരഞ്ഞെടുപ്പ് പ്രക്രിയയെക്കുറിച്ച് കുറച്ചുകൂടി വ്യക്തമായി പ്രതിപാദിച്ചെങ്കില്‍ നന്നായിരുന്നു. ഈ വാര്‍ത്ത വായിച്ചാല്‍ നാട്ടിലുള്ളവര്‍ക്ക് മക്കെയിനും ഒബാമയും ഏതോ ആഘോഷത്തില്‍ പങ്കെടുക്കാന്‍ പോയതുപോലെ തോന്നും. പ്രസിഡന്റ് തിരഞ്ഞെടുപ്പിലെ പ്രധാനപ്പെട്ട ഒരു പ്രക്രിയയാണ് സ്ഥാനാര്‍ഥികള്‍ തമ്മിലുള്ള സംവാദമെന്ന് യാതൊരു സൂചനയും ആ വാര്‍ത്തയില്‍ ഇല്ല.)

മുമ്പ് മക്കെയിന്‍ പ്രസിഡന്റായാലും എനിക്ക് കുഴപ്പമില്ല എന്ന് ഞാന്‍ പറഞ്ഞിരുന്നല്ലോ. അദ്ദേഹം സെയ്‌റാ പെയ്‌ലിനെ തിരഞ്ഞെടുത്തതു മുതല്‍ എനിക്ക് അദ്ദേഹത്തിന്റെ യോഗ്യതയിലും കഴിവുകളിലും സംശയം വന്നു തുടങ്ങിയിരുന്നു. ഈ ഡിബേറ്റിനു ശേഷം ഒരു കാര്യം വളരെ വ്യക്തമായി- മക്കെയിന്‍ ആധുനികകാലത്ത് അമേരിക്കയെ നയിക്കാന്‍ പറ്റിയ ആളല്ല.

സെയ്‌റാ പെയ്‌ലിന്‍ മണ്ടത്തരങ്ങള്‍ വിളിച്ചുപറഞ്ഞ് റിപ്പബ്ലിക്കന്മാരെ നാണം കെടുത്തുന്നുണ്ട്. അതിലേക്കൊന്നും കൂടുതല്‍ പോകാന്‍ സമയം അനുവദിക്കുന്നില്ല. യാഥാസ്ഥിക ബുദ്ധിജീവികള്‍ പോലും അവര്‍ മത്സരത്തില്‍ നിന്ന് പിന്‍‌വാങ്ങണമെന്ന് ആവശ്യപ്പെട്ടു തുടങ്ങി. (അത്തരം പിന്‍‌വാങ്ങലുകള്‍ ഉണ്ടായിട്ടുണ്ട്.) ഒക്ടോബര്‍ 2-ന് സെന്റ് ലൂയിസിലെ വാഷിം‌ഗ്‌ടണ്‍ യൂണിവേഴ്‌സിറ്റിയില്‍ വച്ചു നടക്കുന്ന വൈസ് പ്രസിഡന്റ് സ്ഥാനാര്‍ഥികളുടെ ഡിബേറ്റില്‍ അവര്‍ ജോ ബൈഡനെ എങ്ങനെ എതിരിടും എന്നാണ് ഇപ്പോള്‍ എല്ലാവരും ഉറ്റുനോക്കുന്നത്.

Monday, September 22, 2008

പെയ്‌ലിന്റെ പ്രഭ പൊലിയുന്നു; ഒബാമയ്ക്ക് പോളുകളില്‍ മുന്നേറ്റം | അമേരിക്കന്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പ്

ഇന്നത്തെ CNN-ന്റെ “പോളുകളുടെ പോള്‍” (പോളുകളുടെ ഒരു തരം അഗ്രിഗേറ്റര്‍) പ്രകാരം ദേശീയതലത്തില്‍ ഒബാമ 5 പോയന്റുകള്‍ക്ക് (49-44%) മുന്നിലെത്തി. സെയ്‌റാ പെയ്‌ലിന്‍ തരംഗമടിച്ച് കുറച്ച് പിന്നില്‍ പോയശേഷം ഒബാമയ്ക്ക് ഇത്രയും മുന്നേറാന്‍ കഴിഞ്ഞത് ചില്ലറ കാര്യമല്ല. ഇങ്ങനെ മുന്നിലെത്താന്‍ ഒബാമയെ സഹായിച്ചത് രണ്ടു കാര്യങ്ങളാണ്: പ്രധാനമായി അമേരിക്കന്‍ സാമ്പത്തികരംഗത്തുണ്ടായ വന്‍‌തകര്‍ച്ച; പിന്നെ സെയ്‌റാ പെയ്‌ലിന്‍ തരംഗം ഒരുവിധം കെട്ടടങ്ങിയത്.

കഴിഞ്ഞ ആഴ്ചകളില്‍ അമേരിക്കയെ പിടിച്ചുകുലുക്കിയ സാമ്പത്തികരംഗത്തെ കുഴപ്പങ്ങള്‍, സെയ്‌റാ പെയ്‌ലിന്റെ രംഗപ്രവേശം വഴി വെറും “പോപ്പുലാ‍രിറ്റി കോണ്ടസ്റ്റാ“യി തരംതാഴുകയായിരുന്ന പ്രസിഡന്റ് തിരഞ്ഞെടുപ്പിനെ ഗൌരവമുള്ള വിഷയങ്ങള്‍ ചര്‍ച്ചചെയ്യാനുള്ള ഒരു വേദിയാക്കി വീണ്ടും മാറ്റാന്‍ സഹായിച്ചു. സമ്പദ്‌രംഗം കൈകാര്യം ചെയ്യാന്‍ മക്കെയിനെക്കാള്‍ കഴിവ് ഒബാമയ്ക്കുണ്ടെന്നാണ് പൊതുജനങ്ങള്‍ കരുതുന്നത്. സാമ്പത്തികതകര്‍ച്ചയെ ചുറ്റിപ്പറ്റിയുള്ള ചര്‍ച്ചകള്‍ തിരഞ്ഞെടുപ്പ് വരെ നീട്ടിക്കൊണ്ടുപോകാന്‍ ഡമോക്രാറ്റുകള്‍ക്ക് കഴിഞ്ഞാല്‍ അവര്‍ക്ക് വൈറ്റ്‌ഹൌസിലേക്കുള്ള വഴി എളുപ്പമാകും.

സെയ്‌റാ പെയ്‌ലിന്‍ റിപ്പബ്ലിക്കന്‍മാരെ ഊര്‍ജ്ജസ്വലരാക്കി എന്നത് ശരിയാണ്; മക്കെയിന്‍ പോളുകളില്‍ രണ്ടാഴ്ചകള്‍ക്ക് മുമ്പ് മുന്നേറിയത് ആ വര്‍ദ്ധിച്ച പിന്തുണകൊണ്ടാണ്. പക്ഷേ, മടിച്ചുനിന്ന ഡമോക്രാറ്റുകള്‍ ഒബാമയുടെ പിന്നില്‍ അണിനിരക്കാനും അത് കാരണമായി. പലയിടത്തും 90%-ല്‍ അധികം പാര്‍ട്ടിക്കാരുടെ പിന്തുണ അദ്ദേഹത്തിന് ഇപ്പോള്‍ കിട്ടുന്നുണ്ട്. മാധ്യമങ്ങള്‍ സെയ്‌റാ പെയ്‌ലിന്റെ ഓരോ നുണകളും ഇടപാടുകളും പുറത്തുകൊണ്ടുവരുമ്പോള്‍ പൊതുവേ അവര്‍ മക്കെയിന് ബാധ്യത ആവുന്നുണ്ടെന്നാണ് എനിക്ക് തോന്നുന്നത്.

എന്നാല്‍ ഒബാമയുടെ തൊലിനിറം പ്രശ്നമാകുമെന്നാണ് സ്റ്റാന്‍ഫോര്‍ഡ് യൂണിവേഴ്സിറ്റി,യാഹൂ ന്യൂസ്, അസോഷിയേറ്റഡ് പ്രസ് എന്നിവര്‍ ചേര്‍ന്നു നടത്തിയ ഒരു പഠനത്തില്‍ കണ്ടെത്തിയത്. കറുത്തവനായതുകൊണ്ട് ഏകദേശം 6% വോട്ടുകള്‍ അദ്ദേഹത്തിന് നഷ്ടപ്പെടുമത്രേ. മത്സരം വളരെ അടുത്തതാവുകയാണെങ്കില്‍ ഇത്തരത്തിലുള്ള കാര്യങ്ങള്‍ മത്സരത്തിന്റെ ഗതി നിയന്ത്രിച്ചേക്കാമത്രേ. പക്ഷേ, ചെറുപ്പക്കാരുടെയും കറുത്തവരുടെയും വര്‍ദ്ധിച്ച പിന്തുണ ഒബാമയ്ക്കുള്ളത് ഈ നഷ്ടത്തെ എത്ര കണ്ട് പരിഹരിക്കുമെന്ന് അറിയില്ല.

വിദേശകാര്യത്തില്‍ അമേരിക്കക്കാര്‍ കൂടുതല്‍ വിശ്വസിക്കുന്നത് ഇപ്പോഴും മക്കെയിനെ ആണ്. തിരഞ്ഞെടുപ്പിന് മുമ്പ് ഇറാക്കിലോ പാക്കിസ്ഥാനിലോ മറ്റോ പ്രശ്നങ്ങള്‍ തലപൊക്കി അത് മാധ്യമങ്ങളില്‍ പ്രധാനവാര്‍ത്ത ആയാല്‍ മക്കെയിന് അതില്‍ നിന്ന് എളുപ്പത്തില്‍ മുതലെടുക്കാന്‍ പറ്റും.

ഒബാമ 5 പോയന്റുകള്‍ക്ക് ഇപ്പോള്‍ ദേശീയതലത്തില്‍ മുന്നിലാണെങ്കിലും മത്സരങ്ങള്‍ യഥാര്‍ഥത്തില്‍ നടക്കുന്നത് സംസ്ഥാനതലത്തിലാണെന്ന് അറിയാമല്ലോ. ഇലക്ടറല്‍ കോളജിലെ എന്റെ പഴയ കണക്കുകൂട്ടലുകള്‍ക്ക് ഇപ്പോള്‍ എന്തെങ്കിലും വ്യത്യാസം വന്നോ എന്നു നോക്കാം ഇനി.

ആകെയുള്ള ഇലക്ടറന്മാര്‍ - 538
ജയിക്കാന്‍ വേണ്ട ഇലക്ടറന്മാര്‍ - 270

ഡമോക്രാറ്റുകള്‍ക്ക് കിട്ടുമെന്ന് ഉറപ്പുള്ള ഇലക്ടറന്മാര്‍ - 238
റിപ്പബ്ലിക്കന്മാര്‍ക്ക് കിട്ടുമെന്ന് ഉറപ്പുള്ള ഇലക്ടറന്മാര്‍ - 174

രണ്ടുപേര്‍ക്കും സാധ്യതയുള്ള സംസ്ഥാനങ്ങള്‍ - ഫ്ലോറിഡ(27), ഇന്‍‌ഡ്യാ‍ന(11), ഒഹായോ(20), കൊളറാഡോ(9), ന്യൂ മെക്സിക്കോ(5), നെവാഡ(5), വിര്‍ജീനിയ(13), നോര്‍ത്ത് കാരളൈന(15), പെന്‍‌സില്‍‌വേനിയ(21)

ചുരുക്കത്തില്‍ ഈ 9 സംസ്ഥാനങ്ങളിലേ യഥാര്‍ഥത്തില്‍ മത്സരം നടക്കുന്നുള്ളൂ. ഇവയില്‍ തന്നെ ഇന്‍‌ഡ്യാന, വിര്‍‌ജീനിയ, നോര്‍ത്ത് കാരളൈന എന്നീ സംസ്ഥാനങ്ങള്‍ പൊതുവേ റിപ്പബ്ലിക്കന്‍ സംസ്ഥാനങ്ങളായാണ് അറിയപ്പെടുന്നത്. ഫ്ലോറിഡയിലും മക്കെയിന്‍ മുന്നേറുന്നുണ്ടെന്ന് പോളുകള്‍ കാണിക്കുന്നു. അവിടെയെല്ലാം മക്കെയിന്‍ ജയിക്കുമെന്ന് കരുതുകയാണെങ്കില്‍ മക്കെയിന് ആകെ 240 ഇലക്ടറന്മാര്‍ ആകും. ബാക്കിയുള്ളത് ഒഹായോ, കൊളറാഡോ, ന്യൂ മെക്സിക്കോ, നെവാഡ, പെന്‍‌സില്‍വേനിയ എന്നീ സംസ്ഥാനങ്ങള്‍ ആണ്. തല്‍ക്കാലം പെന്‍‌സില്‍‌വേനിയയില്‍ മുന്നിട്ട് നില്‍ക്കുന്നത് ഒബാമയാണ്; അവിടത്തെ ഇലക്‍ടറന്മാരെക്കൂടി ചേര്‍ത്താല്‍ അദ്ദേഹത്തിന് 259 പേര്‍ ആയി.

ഇപ്പോള്‍ ഒഹായോ, കൊളറാഡോ, ന്യൂ മെക്സിക്കോ, നെവാഡ എന്നീ സംസ്ഥാനങ്ങളില്‍ നേരിയ ഭൂരിപക്ഷത്തിന് മക്കെയിനാണ് മുമ്പില്‍. അവിടെയൊക്കെ ലീഡ് നിലനിര്‍ത്തുകയാണെങ്കില്‍ അദ്ദേഹം തിരഞ്ഞെടുപ്പില്‍ വിജയിക്കും. ഒഹായോയില്‍ ഒബാമയ്ക്ക് കാര്യങ്ങള്‍ കുറച്ച് ബുദ്ധിമുട്ടാണെന്ന് തോന്നുന്നു. അതുകൊണ്ട് അദ്ദേഹത്തിന് ജയിക്കണമെങ്കില്‍ കൊളറാഡോ നേടിയേ തീരൂ; പിന്നെ ന്യൂ മെക്സിക്കോയോ നെവാഡയോ. ന്യൂ മെക്സിക്കോയിലും നെവാഡയിലും മാത്രം ഒബാമ ജയിക്കുകയാണെങ്കില്‍ മത്സരം തുല്യനിലയില്‍ ആകും. അത്തരമൊരു സാഹചര്യത്തില്‍ അമേരിക്കന്‍ കോണ്‍‌ഗ്രസാണ് പ്രസിഡന്റിനെ തിരഞ്ഞെടുക്കുക. കാര്യങ്ങള്‍ അത്രത്തോളം നീളില്ല എന്ന് നമുക്ക് ആശിക്കാം.

ഇനി വരുന്ന ആഴ്ചകളില്‍ നോക്കിയിരിക്കേണ്ട പോളുകളിലെ വ്യത്യാസങ്ങള്‍‍: ഫ്ലോറിഡയിലോ ഒഹായോയിലോ ഒബാമ മുന്നേറുകയാണെങ്കില്‍ പിന്നെ മക്കെയിന്റെ പൊതുതിരഞ്ഞെടുപ്പിലെ സാധ്യതകള്‍ക്ക് വളരെ മങ്ങലേല്‍ക്കും. അതുപോലെ ഒബാമ പെന്‍‌സില്‍‌വേനിയയിലും കൊളറാഡോയിലും എത്രത്തോളം മുന്നേറും എന്നും നിരീക്ഷിക്കേണ്ടതുണ്ട്. ദേശീയതലത്തിലുള്ള പോളുകള്‍ക്ക് വലിയ പ്രസക്തി ഉണ്ടെന്നു തോന്നുന്നില്ല; അത്തരം പോളുകളില്‍ മുന്നേറുന്ന സ്ഥാനാര്‍ഥി ഭൂരിപക്ഷം വോട്ടുകള്‍ നേടിയേക്കുമെങ്കിലും.

ഈ വരുന്ന വെള്ളിയാഴ്ചയാണ്, മക്കെയിനും ഒബാമയും തമ്മിലുള്ള ഡിബേറ്റുകളിലെ ആദ്യത്തേത്, മിസിസിപ്പിയിലെ ഓക്സ്‌ഫോര്‍ഡില്‍ വച്ച് നടക്കാന്‍ പോകുന്നത്. ഇതുവരെ പരസ്യങ്ങളിലൂടെയും മാധ്യമങ്ങളിലൂടെയും മാത്രം സംവദിച്ചിരുന്നവര്‍ നേരെ ഏറ്റുമുട്ടുമ്പോള്‍ കാണികള്‍ക്ക് അത് രസകരമായിരിക്കുമെന്ന് തീര്‍ച്ചയാണ്.

Tuesday, September 16, 2008

Sex, lies (and no videotape yet) | അമേരിക്കന്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പ്

17 വയസുള്ള മകളുടെ ഗര്‍ഭത്തിന്റെ വിശേഷവുമായിട്ടാണ്‌ സേറാ പേലിന്‍ പ്രസിഡന്റ്‌ ഇലക്ഷന്‍ രംഗത്തേക്ക് കടന്നുവരുന്നത്. അമേരിക്കയുടെ ഒരു സാമൂഹിക പ്രശ്നം തന്നെയായ കൗമാര ഗര്‍ഭത്തിനെ വലിയൊരു ആഘോഷമായിട്ടാണു വലതുപക്ഷക്കാര്‍ സൗകര്യപൂര്‍വ്വം അന്ന് കൊണ്ടാടിയത്. ആരോ കൃത്യമായി നിരീക്ഷിച്ചതുപോലെ, ഒബാമയുടെ കുടുംബത്തിലാണ്‌ അതു സംഭവിച്ചിരുന്നതെങ്കില്‍, കറുത്തവരുടെ കുടുംബങ്ങളുടെ തകര്‍ച്ചയായി ആ സംഭവത്തെ ചിത്രീകരിച്ച്, ഒളിഞ്ഞും തെളിഞ്ഞും ഈ സമയത്തു യാഥാസ്ഥികര്‍ ഒബാമയെ ആക്രമിക്കുമായിരുന്നു.

കാരണവര്‍ക്ക്‌ അടുപ്പിലും തൂറാമല്ലോ. വെള്ളക്കാര്‍ക്ക്‌ അമേരിക്കയില്‍ എന്തും ആവാം. അതിനെ വിമര്‍ശിച്ചാല്‍ അവരോട്‌ അനാദരവ്‌ കാട്ടി എന്നു പറഞ്ഞാവും അടുത്ത ആക്രമണം. ഞാന്‍ കഴിഞ്ഞ പോസ്റ്റില്‍ വിവരിച്ച ലിപ്സ്റ്റിക്ക് വിവാദത്തില്‍ ഒബാമ പേലിനെ അങ്ങനെ ചിത്രീകരിച്ചത് (ഒബാമ പേലിനെ ഉദ്ദേശിച്ചാണ് പറഞ്ഞതെന്നതിന് തെളിവൊന്നുമില്ല) അനാദരവായിപ്പോയി എന്നു പറഞ്ഞാണ് മക്കെയിന്റെ പ്രത്യാക്രമണം.

തന്റെ ടിക്കറ്റില്‍ ചേര്‍ന്ന അന്നു മുതല്‍ നുണകളുടെ ഒരു ഘോഷയാത്രയില്‍ പേലിനെയും തേരിലേറ്റി മക്കെയിന്‍ നാടൊട്ടുക്ക്‌ നടക്കുകയാണ്‌. പേലിന്‍ തന്നെപ്പറ്റി പറയുന്നതും ഒബാമയെപ്പറ്റി പറയുന്നതും മിക്കവാറും നുണകള്‍ തന്നെ. മേമ്പൊടിയായി സെക്സും ഉണ്ട്‌; വീഡിയോ ടേപ്പോന്നും ഇതുവരെ പുറത്തു വന്നിട്ടില്ല എന്നുമാത്രം. (ഇപ്പറഞ്ഞതിന്ന് "Sex, Lies and Videotape" എന്ന കള്‍ട്ട്‌ ഹോളിവുഡ്‌ ക്ലാസിക്കിനോട്‌ കടപ്പാട്‌.)

ഇല്ലിനോയി സംസ്ഥാനത്ത് ഒബാമ സെനറ്റര്‍ ആയിരിക്കുമ്പോള്‍ സ്കൂള്‍ കുട്ടികള്‍ക്ക് ലൈംഗികകുറ്റവാളികളെ തിരിച്ചറിയുവാന്‍ വേണ്ടി അവരെ പരിശീലിപ്പിക്കാന്‍ അനുശാസിക്കുന്ന ഒരു ബില്ലിന് വോട്ട് ചെയ്തിരുന്നു. പള്ളിയിലെ അച്ചന്മാര്‍ മുതല്‍ പള്ളിക്കൂടത്തിലെ അധ്യാപകര്‍ വരെ കുട്ടികളെ വെറുതെ വിടാത്ത ഇക്കാലത്ത് അത്തരമൊരു അധ്യാപനരീതി തികച്ചും പ്രശംസനീയമാകേണ്ടതായിരുന്നു. പക്ഷേ, മക്കെയിന്റെ ഒരു ടെലിവിഷന്‍ പരസ്യത്തില്‍ പറയുന്നത് ഒബാമ കുട്ടികളെ അക്ഷരം പഠിപ്പിക്കുന്നതിന് മുമ്പ് ലൈംഗികവിദ്യാഭ്യാസത്തിന് വിധേയരാക്കുന്നു എന്നാണ്.

നുണകളുടെ ഒരു മലവെള്ളപ്പാച്ചില്‍ തന്നെയായിരുന്നു കഴിഞ്ഞ ദിവസങ്ങളില്‍ മക്കെയിന്റെ ഭാഗത്തുനിന്ന്. അത് കരുതിക്കൂട്ടിത്തന്നെയുള്ള ഒരു സാധാരണ റിപ്പബ്ലിക്കന്‍ തന്ത്രമാണ്. കഴിഞ്ഞ തവണ അവയ്ക്കൊന്നും കൃത്യമായി മറുപടി പറയാന്‍ കഴിയാതെ ജോണ്‍ കെറി മുട്ടുമടക്കി. ഒബാമ മറുപടികള്‍ കൊടുക്കുന്നുണ്ട്; പക്ഷേ, അകാരണമായി അദ്ദേഹം പ്രതിരോധത്തില്‍ ആയിപ്പോയത് നീണ്ടുപോയാല്‍ അത്ര ഗുണം ചെയ്യുമെന്ന് തോന്നുന്നില്ല. നുണപ്രചരണങ്ങളുടെ ലക്ഷ്യം വാസ്തവങ്ങളുടെ ചുറ്റും ഒരു പുകമറ സൃഷ്ടിക്കുക എന്നതാണ്. യഥാര്‍ഥ പ്രശ്നങ്ങള്‍ ചര്‍ച്ചചെയ്യാതെ സമയം കളയാനും അത് ഉപകരിക്കും.

സത്യം എന്തെന്ന് അന്വേഷിച്ചറിഞ്ഞ് ഉപഭോക്താക്കളെ അറിയിക്കാതെ രണ്ടു ക്യാമ്പിനും വാര്‍ത്തകളില്‍ തുല്യം പ്രാധാന്യം കൊടുക്കുക എന്ന അമേരിക്കന്‍ മാധ്യമങ്ങളുടെ ഒരു രീതി മക്കെയിന്‍ ക്യാമ്പ് ഉപയോഗപ്പെടുത്തുകയും ചെയ്തു. നുണകളെപ്പറ്റി എഴുതുമ്പോള്‍ തന്നെ മറുവശത്തിന്റെ ഭാഷ്യം കൂടി കൊടുക്കുക സാധാരണമാണ്; സാധാരണക്കാരന്‍ ചിലപ്പോള്‍ വിവരത്തിന്റെ ആധിക്യത്തില്‍ മുങ്ങിപ്പോകുകയും ചെയ്യും. പക്ഷേ, റിപ്പബ്ലിക്കന്മാരുടെ ഈ തന്ത്രം തിരിച്ചറിഞ്ഞ് മക്കെയിന്റെയും സേറാ പേലിന്റെയും നുണകളെ പുറത്തുകൊണ്ടുവരാന്‍ പത്രങ്ങള്‍ ശ്രമിക്കുന്നുണ്ട്. “ടൈമി”-ലും “ന്യൂ യോര്‍ക്ക് ടൈംസി”ലുമൊക്കെ മക്കെയിന്‍-പേലിന്‍ ടിക്കറ്റിനെ വിമര്‍‌ശിച്ച് കൂടുതല്‍ ലേഖനങ്ങള്‍ വന്നുതുടങ്ങി.

ABC News-ന്റെ ചാള്‍സ് ഗിബ്സനാണ് സേറാ പേലിന്‍ സ്ഥാനാര്‍ഥി ആയ ശേഷം അവരെ ആദ്യമായി ഇന്റര്‍വ്യൂ ചെയ്യാന്‍ അവസരം ലഭിച്ചത്. ഞാന്‍ കണ്ട അതിന്റെ കുറച്ചു ഭാഗങ്ങളും അതേക്കുറിച്ചുവന്ന വാര്‍ത്തകളും വച്ചുനോക്കിയാല്‍ തികച്ചും പേടിപ്പെടുത്തുന്ന അജ്ഞതയാണ് സേറാ പേലിന്റെ ഭാഗത്ത് ഞാന്‍ കണ്ടത്. ഏതോ കുഗ്രാമത്തില്‍ നിന്ന് നഗരത്തിലേക്ക് വന്ന ഒരു തന്റേടിയുടെ മട്ടാണ് പൊതുവേ അവര്‍ പ്രകടിപ്പിച്ചത്. ഉദാഹരണത്തിന് റഷ്യയെക്കുറിച്ചുള്ള അവരുടെ നയത്തെപ്പറ്റി ചോദിച്ചപ്പോള്‍ ആ രാജ്യം അലാസ്ക്കക്ക് അടുത്താണെന്നും അലാസ്ക്കയില്‍ നിന്ന് നോക്കിയാല്‍ റഷ്യ കാണാമെന്നൊക്കെയാണ് അവര്‍ പറഞ്ഞത്. “അജ്ഞത“ ആഘോഷിക്കേണ്ട ഒരു ഗുണമായി, പ്രത്യേകിച്ചും രാഷ്ട്രീയത്തില്‍, അമേരിക്കയില്‍ മാറിയോ എന്ന് എനിക്ക് സംശയം. കാരണം ഒബാമ 2 പുസ്തകമെഴുതിയത് വലിയ തെറ്റുപോലെയാണ് പേലിന്‍ പാര്‍ട്ടി കണ്‍‌വെന്‍ഷനില്‍ അവതരിപ്പിച്ചത്.

മത്സരം വീണ്ടും തുല്യനിലയിലായി; ഏതാണ്ട് പാര്‍ട്ടി കണ്‍‌വെന്‍ഷനുകള്‍ തുടങ്ങുന്നതിന് മുമ്പുള്ള നില. പക്ഷേ, മക്കെയിന്‍ ഒബാമയുടെ ശക്തികേന്ദ്രങ്ങളില്‍ ചില നേട്ടങ്ങള്‍ ഉണ്ടാക്കിയിട്ടുണ്ട്. ന്യൂ മെക്സിക്കോ, പെന്‍സില്‍‌വേനിയ, ന്യൂ ജെഴ്സി,മിന്യസോട്ട എന്നിവിടങ്ങളില്‍. അതിന്ന് ബദലായി ഒഹായോ, വിര്‍ജീനിയ എന്നിവിടങ്ങളില്‍ ഒബാമ കൂടുതല്‍ ശക്തി കാണിക്കുന്നുമുണ്ട്. ഇലക്ടറല്‍ കോളജ് പ്രകാരം നോക്കുകയാണെങ്കില്‍ ഇപ്പോഴും നേരിയ മുന്തൂക്കം ഒബാമയ്ക്ക് തന്നെ.

ഇപ്പോള്‍ വാള്‍ സ്ട്രീറ്റില്‍ നടന്നുകൊണ്ടിരിക്കുന്ന ഭൂകമ്പങ്ങള്‍ (പാപ്പരാവാതിരിക്കാന്‍ ഫാനി മേ/ഫ്രെഡി മാക്ക് എന്ന മോര്‍ട്ട്‌ഗേജ് വമ്പന്മാരെ സര്‍ക്കാരിന്ന് വാങ്ങേണ്ടി വന്നു; ലേമാന്‍ ബ്രദേഴ്സ്, മെറില്‍ ലിന്‍‌ഞ്ച് എന്നീ ഇന്‍‌വെസ്റ്റ്മെന്റ് കമ്പനികള്‍ പാപ്പരായി; എ.ഐ.ജി. എന്ന ഇന്‍‌ഷൂറന്‍ ഭീമനെ വന്‍‌തുക ഇറക്കി സര്‍ക്കാറിന്ന് താങ്ങിനിര്‍ത്തേണ്ടി വന്നു; സെപ്തംബര്‍ 11-ന് ശേഷം ഷെയര്‍ മാര്‍ക്കറ്റില്‍ ഏറ്റവും വലിയ ഇടിവ് സംഭവിച്ചു) കാര്യമുള്ള കാര്യങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ സ്ഥാനാര്‍ഥികളെ നിര്‍‌ബന്ധിതരാക്കിയിട്ടുണ്ട്. അത് പൊതുവേ ഡമോക്രാറ്റുകളെ സഹായിക്കും എന്നാണ് കരുതുന്നത്. കാരണം സാമ്പത്തികരംഗത്ത് ചട്ടങ്ങള്‍ വളരെ ഉദാരമാക്കിയതാണ് ഇത്തരം വമ്പന്‍ കമ്പനികള്‍ കൈവിട്ട് കളിക്കാന്‍ കാരണമായതെന്ന് പൊതുവേ നിരീക്ഷിക്കപ്പെടുന്നുണ്ട്; നിയന്ത്രണങ്ങള്‍ അധികം കൊണ്ടുവരാന്‍ സമ്മതിക്കാത്തത് പൊതുവേ റിപ്പബ്ലിക്കന്മാരുമാണ്.

Thursday, September 11, 2008

ലിപ്സ്റ്റിക്കിട്ട പന്നിയും ഒരു വന്‍‌ശക്തിയുടെ പതനവും | അമേരിക്കന്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പ്

ഏതാനും മണിക്കൂറുകള്‍ക്കുള്ളില്‍ സെപ്റ്റംബര്‍ 11 ആക്രമണം നടന്നിട്ട് 7 വര്‍ഷങ്ങള്‍ പൂര്‍ത്തിയാകും. ഒരിക്കല്‍ അജയ്യമെന്ന് കരുതപ്പെട്ടിരുന്ന അമേരിക്കന്‍ ശക്തിയുടെ പരിമിതികള്‍ ലോകം നേരിട്ടറിഞ്ഞത് അതുവഴിയാണ്‌. സോവിയറ്റ് കമ്യൂണിസത്തെ തളക്കാന്‍ അമേരിക്ക വളര്‍ത്തിയ; അമേരിക്കന്‍ പെട്രോ-ഡോളര്‍ കുടിച്ച് കൊഴുത്ത ഇസ്ലാമിക ഭീകരവാദം, ഒബാമയുടെ പണ്ടത്തെ പാസ്റ്റര്‍ ജറമയ്യ റൈറ്റ് പണ്ട് പറഞ്ഞതുപോലെ, മുട്ടയിടാന്‍ വീട്ടില്‍ തിരിച്ചെത്തിയപ്പോള്‍ കോഴിക്കൂട് കാക്കേണ്ടിയിരുന്നയാള്‍ കഥയൊന്നുമറിയാതെ ഫ്ലോറിഡയിലെ ഒരു സ്കൂളിലിരുന്ന് ബാലസാഹിത്യം വായിക്കുകയായിരുന്നു.

അമേരിക്കയുടെ അഭ്യന്തര ദൌര്‍ബല്യം അതിന്റെ ശത്രുക്കള്‍ ഒരു പക്ഷേ ആദ്യം മനസ്സിലാക്കിയത് ജോര്‍ജ്ജ് ബുഷിന്റെ 2000-ലെ തിരഞ്ഞെടുപ്പിലൂടെ ആയിരിക്കുമെന്ന് എനിക്ക് തോന്നുന്നു. അന്ന് അമേരിക്കക്കാര്‍ അദ്ദേഹത്തിന് വോട്ടു ചെയ്തതിലല്ല പ്രശ്നം; അദ്ദേഹത്തെ അമേരിക്കന്‍ പ്രസിഡന്റാ‍യി അവരോധിക്കാന്‍ സുപ്രീംകോടതി അടക്കമുള്ള നിഷ്പക്ഷത പാലിക്കേണ്ടിയിരുന്ന ഏജന്‍‌സികള്‍ കാണിച്ച വ്യഗ്രതയാണ് അന്ന്‌ സംശയജനകമായിരുന്നത്. സെപ്തംബര്‍ 11-ന് ശേഷം ലോകജനത ഒന്നടങ്കം അമേരിക്കയോട് കാണിച്ച അനുഭാവവും പ്രാകൃതരായ താലിബാന്റെ മേല്‍ അമേരിക്ക നേടിയ സൈനികവിജയത്തിന്റെ തിളക്കവും ഇറാക്ക് അധിനിവേശത്തിലൂടെ അവര്‍ കളഞ്ഞുകുളിച്ചു. രാജ്യരക്ഷയുടെ മറവില്‍ ബുഷ് നോക്കിയത് സ്വന്തക്കാര്‍ക്ക് ആ രാജ്യത്തിലെ എണ്ണയുടെ നിയന്ത്രണം ഏല്പിച്ചുകൊടുക്കാനായിരുന്നു.

2004-ലെ തിരഞ്ഞെടുപ്പിന്റെ സമയം ആയപ്പോഴേക്കും ഇറാക്കില്‍ അമേരിക്കയുടെ ഇടപെടല്‍ തെറ്റായിരുന്നെന്ന് പകല്‍ പോലെ വ്യക്തമായിരുന്നു. പക്ഷേ, വിയറ്റ്നാമില്‍ പോകാതെ തടിതപ്പിയ ബുഷും ചെയ്നിയും, ഒരു യഥാര്‍ഥ വിയറ്റ്നാം യുദ്ധവീരനായ ജോണ്‍ കെറിയെ, അദ്ദേഹത്തിന്റെ യുദ്ധകാലനേട്ടങ്ങളെ തന്നെ ചോദ്യം ചെയ്ത്, വീണ്ടും ജയിച്ചു കയറി.

നുണപ്രചരണങ്ങള്‍ ഇത്ര എളുപ്പത്തില്‍ അമേരിക്കക്കാര്‍ വിശ്വസിക്കാന്‍ എന്താണ് കാരണമെന്ന് എനിക്ക് മനസ്സിലായിട്ടില്ല. പക്ഷേ, കാള്‍ റോവിന്റെ നേതൃത്വത്തില്‍ റിപ്പബ്ലിക്കന്‍ യാഥാസ്ഥികര്‍ വളരെ വിജയകരമായി നടത്തിയ ഒന്നാണ് നുണപ്രചരണങ്ങളും അതുവഴി വോട്ടര്‍മാരെ സ്വാധീനിക്കലും. മക്കെയിന്‍ തന്നെ 2000-ല്‍ അതിന്റെ ഇരയായിരുന്നു: ബുഷ് ന്യൂ ഹാം‌പ്‌ഷയറില്‍ റിപ്പബ്ലിക്കന്‍ പ്രൈമറി തോറ്റപ്പോള്‍ സൌത്ത് കാരളൈന തുടങ്ങിയ സംസ്ഥാനങ്ങളില്‍ ജയിക്കാന്‍ വേണ്ടി മക്കെയിന്റെ ബംഗ്ലാദേശുകാരിയായ ദത്തുപുത്രി അദ്ദേഹത്തിന് ഒരു അവിഹിതബന്ധത്തില്‍ ഉണ്ടായതാണ് എന്ന നുണ പറഞ്ഞുപരത്തി അദ്ദേഹത്തെ മലര്‍ത്തിയടിച്ചു.

കാള്‍ റോവ് ഇന്ന് സജീവമായി പ്രചരണത്തിന് ഇല്ലെങ്കിലും അദ്ദേഹത്തിന്റെ ശിഷ്യന്മാരാണ് മക്കെയിന്റെ തിരഞ്ഞെടുപ്പ് ഇപ്പോള്‍ നിയന്ത്രിക്കുന്നത്. കറതീര്‍ന്ന കൃസ്ത്യന്‍ യാഥാസ്ഥികയായ സാറാ പേലിന്റെ സ്ഥാനാര്‍ഥിത്വം അടക്കമുള്ള കാര്യങ്ങള്‍ അവരാണ് നിശ്ചയിച്ചത്. സാറാ പേലിന്‍ പാര്‍ട്ടി കണ്‍‌വെന്‍ഷനില്‍ ചെയ്ത പ്രസംഗത്തില്‍ പറഞ്ഞ പല കാര്യങ്ങളും അര്‍ദ്ധസത്യങ്ങള്‍ ആയിരുന്നു. അതിന്നു ശേഷം അവര്‍ ഒബാമയ്ക്കെതിരെ നടത്തിയ ആരോപണങ്ങള്‍ മിക്കവാറും എല്ലാം തന്നെ സത്യവിരുദ്ധമായിരുന്നു. അമേരിക്കന്‍ വോട്ടര്‍മാര്‍ അതെല്ലാം കേട്ട് രസിച്ച് മക്കെയിന്‍-പേലിന്‍ ടിക്കറ്റിലേക്ക് മാറുന്നുമുണ്ട്. ഡമോക്രാറ്റുകളും വിട്ടുകൊടുക്കുന്നില്ല. പോളുകളില്‍ മുന്‍‌തൂക്കം നഷ്ടപ്പെട്ട വിഷമത്തില്‍ അവരും പ്രത്യാക്രമണം നടത്തുന്നുണ്ട്. പക്ഷേ, അവര്‍ ഇപ്പോള്‍ പ്രധാനമായും പ്രതിരോധത്തിലാണ്. റിപ്പബ്ലിക്കന്മാര്‍ 8 കൊല്ലം ഭരിച്ച് നാട് മുടിച്ചിട്ടും ഇത്തരമൊരു അവസ്ഥയില്‍ ഡമോക്രാറ്റുകള്‍ വന്നെത്തിയതില്‍ എനിക്ക് അത്ര അത്ഭുതം തോന്നുന്നില്ല. നല്ലൊരുപങ്ക് അമേരിക്കക്കാര്‍ക്ക് ഈ തിരഞ്ഞെടുപ്പ് ഒരു റിയാലിറ്റി എന്റര്‍‌റ്റെയിന്മെന്റ് ഷോ മാത്രമാണ്. രാജ്യത്തിന് വന്നുചേര്‍ന്നിരിക്കുന്ന വിപത്തുകള്‍ ഒന്നും തന്നെ ഈ ക്യാം‌മ്പയിനില്‍ ചര്‍ച്ചചെയ്യപ്പെടുന്നില്ല. അത്തരം ഗൌരവമായ ചര്‍ച്ചകളിലേക്ക് കാര്യങ്ങള്‍ പോകാതെ നോക്കാന്‍ റിപ്പബ്ലിക്കന്മാര്‍ക്ക് നല്ല വശമാണ്. എല്ലാ ദിവസവും എന്തെങ്കിലും ബാലിശമായ വിഷയങ്ങള്‍ പൊക്കിക്കൊണ്ടുവന്ന് വോട്ടര്‍മാരെയും മാധ്യമങ്ങളെയും അതില്‍ ആകൃഷ്ടരാക്കാന്‍ അവര്‍ക്ക് കഴിയുന്നുണ്ട്.

ഒബാമയുടെ ഒരു പരാമര്‍ശം, അത്തരമൊരു വിവാദം റിപ്പബ്ലിക്കന്മാര്‍ക്ക് തുടങ്ങിവയ്ക്കാനും, സെപ്തംബര്‍ 11-ന്റെ തലേദിവസം മുഴുവന്‍ അതിന്നുവേണ്ടി ഉഴിഞ്ഞുവയ്ക്കാനും അമേരിക്കയ്ക്കു കഴിഞ്ഞു. നല്ല പോക്ക് അമേരിക്ക! കണ്‍‌വെന്‍ഷന്‍ പ്രസംഗത്തിനിടയില്‍ താന്‍ ലിപ്‌സ്റ്റിക്കിട്ട ബുള്‍ ഡോഗാണെന്ന ഒരു പരാമര്‍ശം സാറാ പേലിന്‍ നടത്തിയിരുന്നു. മക്കെയിന്റെ നയങ്ങളെപ്പറ്റി പറയുന്നതിനിടയില്‍, അവ എത്ര റീപാക്കേജ് ചെയ്താലും പന്നി ലിപ്‌സ്റ്റിക്കിട്ടാലും പന്നി തന്നെ ആയിരിക്കുന്നതുപോലെയാണ് ആ നയങ്ങള്‍ എന്ന ഒരു പ്രയോഗം ഒബാമ നടത്തി. (ഇതൊരു അമേരിക്കന്‍ ശൈലി മാത്രമാണ്; പക്ഷേ, ഒബാമ സാറാ പേലിനെ ഉന്നമിട്ടിരിക്കാം.) മക്കെയിന്‍ ക്യാം‌മ്പയിന്‍ ഉടനെ തന്നെ ഒബാമ സാറാ പേലിനെ പന്നിയെന്ന് വിളിച്ചു എന്ന് പറഞ്ഞ് അലമുറയിടാന്‍ തുടങ്ങി; മാധ്യമങ്ങള്‍ അത് ഏറ്റുപാടാനും.

പൊതുവേ തിരഞ്ഞെടുപ്പ് പ്രചരണത്തിന്റെ സ്വഭാവം ഇപ്പോള്‍ അങ്ങനെയാണ്. റിപ്പബ്ലിക്കന്മാര്‍ നേരിട്ടും ഡമോക്രാറ്റുകള്‍ ഒളിഞ്ഞും പരസ്പരം ചെളിവാരി എറിയുക; ആ മത്സരത്തില്‍ മുന്നേറുന്നവര്‍ക്ക് ജനപിന്തുണ കിട്ടുക. നാലുകൊല്ലത്തിലൊരിക്കല്‍ അമേരിക്കക്കാര്‍ക്ക് കിട്ടുന്ന ഈ ‘രാഷ്ടീയ ഒളിമ്പിക്സില്‍‘ ജയിക്കുന്നത് കഴിഞ്ഞ 2 തവണയായി റിപ്പബ്ലിക്കന്മാരാണെങ്കിലും തോല്‍ക്കുന്നത് തങ്ങളാണെന്ന് വോട്ടര്‍മാര്‍ തിരിച്ചറിയാതെ പോകുന്നു. യൂറോപ്പ് പ്രപഞ്ചത്തിന്റെ അതിനിഗൂഢമായ രഹസ്യങ്ങള്‍ തേടി പരീക്ഷണങ്ങള്‍ നടത്തുമ്പോള്‍; ചൈന ഒളിമ്പിക്സ് വിജയകരമായി നടത്തി, ബഹിരാകാശത്തേക്ക് മനുഷ്യനെ അയയ്ക്കാന്‍ തയ്യാറെടുക്കുമ്പോള്‍; ഇന്ത്യ ആണവകരാറില്‍ ഏര്‍പ്പെട്ട് അറബി ഓയിലിന്റെ കരാളഹസ്തത്തില്‍ നിന്ന് രാജ്യത്തെ പാവപ്പെട്ടവനെ രക്ഷിക്കാന്‍ മുതിരുമ്പോള്‍; റഷ്യന്‍ ടാങ്കുകള്‍ മറ്റൊരു സാമ്രാജ്യനിര്‍മ്മാണത്തിന് ഒരുങ്ങി അതിര്‍ത്തികടക്കുമ്പോള്‍ അമേരിക്കക്കാരന്‍ അതൊന്നുമറിയാതെ സാറാ പേലിന്‍ പന്നിയാണോ, അതോ പന്നിയുടെ ചുണ്ടിലെ ലിപ്സിറ്റിക്കാണോ എന്ന “അതിസങ്കീര്‍‌ണ്ണമായ” പ്രശ്നത്തിന്റെ ഉത്തരം തേടി ചാനലുകളും ബ്ലോഗുകളും പരതി നടക്കുകയാണ്. കളിയും കാര്യവും തിരിച്ചറിയാത്ത ഒരവസ്ഥയില്‍ റോമാ സാമ്രാജ്യം എത്തിയപ്പോള്‍ പ്രാകൃതരെന്നു കരുതിയിരുന്ന ഹൂണന്മാര്‍ അതിന്നെ ഉന്മൂലനം ചെയ്തതുപോലെയുള്ള കാര്യങ്ങള്‍ ചരിത്രത്തില്‍ എന്നും ആവര്‍‌ത്തിച്ചിട്ടുണ്ട്.

7 വര്‍ഷങ്ങള്‍ക്ക് മുമ്പ് കുറെ സാംസ്ക്കാരികപ്രാകൃതരുടെ ആക്രമണത്തില്‍ ഉലഞ്ഞ്, അധ:പതനത്തിലേക്ക് കൂപ്പുകുത്തിയ അമേരിക്ക എന്ന മഹാ‍‌ആശയത്തിന്റെ ഗതിയും ആ വഴിക്കാണോ? അത്തരമൊരു ദുരന്തത്തിന്റെ വാര്‍ഷികത്തില്‍ കാണുന്ന സൂചനകള്‍ ഒട്ടും ആശാവഹമല്ല.

പോളുകളില്‍ നേരിയ മുന്തൂക്കം ഇപ്പോള്‍ മക്കെയിന്‍-പാലിന്‍ ടിക്കറ്റിനാണ്. പക്ഷേ, ഇലക്ടറല്‍ കോളജിലുള്ള ലീഡ് (എന്റെ കണക്കു പ്രകാരം) ഒബാമ നിലനിര്‍ത്തുന്നു. എന്നാല്‍ ഇപ്പോള്‍ മക്കെയിന്‍-പേലിന്‍ തരംഗമാണ് ചര്‍ച്ച ചെയ്യപ്പെടുന്നത്. അടുത്ത ഒന്നുരണ്ട് ആഴ്ചകള്‍ക്കുള്ളില്‍ ഒബാമയ്ക്ക് ഇവരുടെ ഈ തരംഗത്തെ ഫലപ്രദമായി തടയാന്‍ കഴിഞ്ഞില്ലെങ്കില്‍ കാര്യങ്ങള്‍ അദ്ദേഹത്തിന്റെ കൈവിട്ടു പോയേക്കാന്‍ വഴിയുണ്ട്. കാരണം എപ്പോഴും ഡമോക്രാറ്റുകളുടെ കൂടെ നിന്നിട്ടുള്ള വെള്ളസ്ത്രീകള്‍, അവരുടെ താല്പര്യങ്ങള്‍ക്ക് പൊതുവേ എതിരെ നില്‍ക്കുന്ന, മക്കെയിന്‍ പക്ഷത്തേക്ക് കൂട്ടമായി ഒഴുകുന്നതായിട്ടാണ് പോളുകള്‍ കാണിക്കുന്നത്.

ഒബാമയുടെ Change എന്ന സന്ദേശം വളരെ ഫലപ്രദമായി മക്കെയിന്‍-പേലിന്‍ ടിക്കറ്റ് തട്ടിയെടുത്തതാണ് മറ്റൊരു സംഭവവികാസം. ബുഷിനെ ചിത്രത്തില്‍ നിന്ന് പാടേ മാറ്റിനിര്‍ത്തുക വഴി അവര്‍ക്കും Change-ന്റെ ആള്‍ക്കാരാണെന്ന് തങ്ങള്‍ എന്ന് വരുത്തിത്തീര്‍ക്കാന്‍ കഴിയുന്നുണ്ട്. പ്രസംഗങ്ങളില്‍ ഇപ്പോള്‍ റിപ്പബ്ലിക്കന്മാര്‍ ബുഷിനെ “പ്രസിഡന്റ്” എന്നേ പറയൂ; സ്വന്തം പാര്‍ട്ടിയില്‍ അദ്ദേഹത്തിന്റെ വില അത്രയായി കുറഞ്ഞിരിക്കുന്നു. പാര്‍ട്ടി കണ്‍‌വെന്‍ഷനില്‍ നേരിട്ട് വരാതെ സാറ്റലൈറ്റ് വഴി ബന്ധപ്പെട്ട് നേര്‍ച്ച കഴിച്ചതിനെപ്പറ്റി ഞാന്‍ നേരത്തേ എഴുതിയിരുന്നല്ലോ.

ബി.ബി.സി. ലോകത്തെ പ്രധാനപ്പെട്ട രാജ്യങ്ങളില്‍ നടത്തിയ ഒരു പോളില്‍ ഒബാമ ജയിച്ചുകാണാനാണ് ലോകം പൊതുവേ ആഗ്രഹിക്കുന്നത് എന്ന് കാണുന്നു. വാര്‍ത്ത ഇവിടെ. എമറി യൂണിവേഴ്‌സിറ്റിയിലെ അലന്‍ അബ്രാമോവിറ്റ്സ് 1988 മുതലുള്ള എല്ലാ തിരഞ്ഞെടുപ്പുകളും ഗണിതശാസ്ത്ര മാതൃകകള്‍ ഉപയോഗിച്ച് കൃത്യമായി നിര്‍‌ണ്ണയിച്ചിട്ടുണ്ട്. അദ്ദേഹം ഇത്തവണ ഒബാമ വിജയമാണ് പ്രവചിക്കുന്നത്; ഒബാമയുടെ തൊലിനിറം അതില്‍ കണക്കിലെടുത്തിട്ടുണ്ടോ എന്ന് അറിയില്ല. വാര്‍ത്ത ഇവിടെ.

Friday, September 05, 2008

കൌണ്ട് ഡൌണ്‍: ഇനി 60 ദിവസങ്ങള്‍ | അമേരിക്കന്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പ്

ഇന്നലെ റിപ്പബ്ലിക്കന്‍ പാര്‍ട്ടി കണ്‍‌വെന്‍ഷന്‍ സമാപിച്ചതോടുകൂടി പൊതുതിരഞ്ഞെടുപ്പ് ഔദ്യോഗികമായി ആരംഭിച്ചെന്നു പറയാം. രണ്ടു പാര്‍ട്ടികളും സ്ഥാനാര്‍ഥികളെ ഔദ്യോഗികമായി തിരഞ്ഞെടുത്തു; ഇനിയുള്ള 60 ദിവസങ്ങള്‍, നവംബര്‍ 4 വരെ, തീഷ്ണമായ പ്രചരണത്തിന്റെ ദിനങ്ങളാണ്.

പക്ഷേ, ആകെയുള്ള 50 സംസ്ഥാനങ്ങളില്‍ വളരെ കുറച്ച സംസ്ഥാനങ്ങളിലേ തിരഞ്ഞെടുപ്പിന്റെ ചൂട് ഉണ്ടാവുകയുള്ളൂ. ഡമോക്രാറ്റിക് പ്രൈമറിയില്‍ നാം കണ്ടതുപോലെ രാജ്യത്തിന്റെ മുക്കിലും മൂലയിലും തിരഞ്ഞെടുപ്പ് പ്രചരണം ഒന്നും ഉണ്ടാവില്ല. അതിന്റെ പ്രധാന കാരണം പ്രസിഡന്റിനെ തിരഞ്ഞെടുക്കുന്ന ഇലക്ടറല്‍ കോളജ് എന്ന സംവിധാനമാണ്.

അമേരിക്കന്‍ പ്രസിഡന്റിനെ തിരഞ്ഞെടുക്കുന്നത് ജനങ്ങള്‍ നേരിട്ടല്ല. 538 പേര്‍ അടങ്ങിയ ഒരു ഇലക്ടറല്‍ കോളജിലെ അംഗങ്ങളെയാണ് തിരഞ്ഞെടുപ്പില്‍ വോട്ടര്‍മാര്‍ ശരിക്കും തിരഞ്ഞെടുക്കുന്നത്. ഓരോ സംസ്ഥാനത്തില്‍ നിന്നും നിശ്ചിത എണ്ണം അംഗങ്ങള്‍ ഈ ഗ്രൂപ്പിലേക്ക് തിരഞ്ഞെടുക്കപ്പെടുന്നു. ഒരു സംസ്ഥാനത്തില്‍ നിന്നുള്ള കോണ്‍ഗ്രസിലേക്കുള്ള ആകെ അംഗങ്ങളുടെ എണ്ണത്തിനു (ജനപ്രതിനിധിസഭയിലെ അംഗങ്ങള്‍ + 2 സെനറ്റര്‍മാര്‍ ) തുല്യമായ ഇലക്ടറന്മാരെയാണ് ആ സംസ്ഥാനത്തില്‍ നിന്ന് ഇലക്ടറല്‍ കോളജിലേക്ക് അയക്കുന്നത്. രണ്ടു സംസ്ഥാനങ്ങളിലൊഴികെ, മെയിനിലും നെബ്രാസ്ക്കയിലും ഒഴിച്ച്, ബാക്കി എല്ലാ സംസ്ഥാനങ്ങളും അവിടങ്ങളില്‍ ഭൂരിപക്ഷം നേടുന്ന സ്ഥാ‍നാര്‍ഥിക്ക് എല്ലാ ഇലക്ടറന്മാരെയും കിട്ടും. മെയിനിലും നെബ്രാസ്ക്കയിലും ജനപ്രതിനിധി സഭാ (House of Representatives) നിയോജകമണ്ഡലങ്ങളില്‍ ആരാണോ വിജയിക്കുന്നത് അവര്‍ക്ക് അവിടത്തെ ഇലക്ടറെ ലഭിക്കുന്നു; സംസ്ഥാനത്ത് മൊത്തത്തില്‍ ഭൂരിപക്ഷം നേടുന്ന സ്ഥാനാര്‍ഥി 2 ഇലക്ടറന്മാരെ അധികവും നേടും.

ഒരു സംസ്ഥാനത്ത് അമിതതോതില്‍ ഒരു സ്ഥാനാര്‍ഥിക്ക് (പൊതുവേ ഡമോക്രാറ്റുകള്‍ക്ക് വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലും റിപ്പബ്ലിക്കന്മാര്‍ക്ക് തെക്കന്‍ സംസ്ഥാ‍നങ്ങളിലും ഉള്ള പോലെ) ഉണ്ടായേക്കാവുന്ന പിന്തുണ ദേശീയതലത്തില്‍ തിരഞ്ഞെടുപ്പ് ഫലത്തെ സ്വാധീനിക്കാതിരിക്കാനാണ് അത്തരത്തിലുള്ള ഒരു മുന്‍‌കരുതല്‍; അതുവഴി അമേരിക്കയിലെ ഫെഡറലിസ്റ്റ് സംവിധാനത്തെ ശക്തിപ്പെടുത്തുകയും.

ഇലക്ടറല്‍ കോളജ് സംവിധാനം ദേശീയതലത്തില്‍ ഏറ്റവും കൂടുതല്‍ വോട്ടുകള്‍ കിട്ടുന്ന സ്ഥാനാര്‍ഥി തിരഞ്ഞെടുപ്പില്‍ തോല്‍ക്കുന്ന അവസ്ഥ സൃഷ്ടിക്കാം. ഏറ്റവും അവസാനം അത് സംഭവിച്ചത് 2000-ല്‍ ആണ്; ആല്‍ ഗോര്‍ ഏറ്റവും കൂടുതല്‍ വോട്ട് നേടിയെങ്കിലും (ഫ്ലോറിഡയിലെ വിവാദപരമായ തിരഞ്ഞെടുപ്പുഫലം ശരിയാണെങ്കില്‍) ബുഷിന് ഇലക്ടറല്‍ കോളജില്‍ നേരിയ ഭൂരിപക്ഷം കിട്ടി പ്രസിഡന്റായി,

പ്രസിഡന്റ് തിരഞ്ഞെടുപ്പ് വരുമ്പോള്‍ മിക്കവാറും സംസ്ഥാനങ്ങള്‍ ഏതെങ്കിലും ഒരു പാര്‍ട്ടിയുടെ പോക്കറ്റിലാണ് എന്ന് കാണാം. വടക്കുകിഴക്കന്‍ സംസ്ഥാനങ്ങള്‍ (മാസച്യൂസെറ്റ്സ്, ന്യൂ യോര്‍ക്ക്, ന്യൂ ജേഴ്സി തുടങ്ങിയവ), ശാന്തസമുദ്രതീരത്തെ സംസ്ഥാനങ്ങള്‍ (കാലിഫോര്‍ണിയ, ഓറിഗണ്‍, വാഷിംഗ്‌ടണ്‍) എന്നിവ പോതുവേ ഡമോക്രാറ്റുകളുടെയും, തെക്കന്‍ സംസ്ഥാനങ്ങള്‍ (ജോര്‍ജിയ, കാരളീനകള്‍,ടെന്നസി, ടെക്സസ് തുടങ്ങിയവ), കൌ ബോയ് സംസ്ഥാനങ്ങള്‍ (ഐഡാഹോ, വയോമിംഗ്, ഡക്കോട്ടകള്‍ തുടങ്ങിയവ) എന്നിവ റിപ്പബ്ലിക്കന്മാരുടെയും കൂടെയാണ് പൊതുതിരഞ്ഞെടുപ്പില്‍ നില്‍ക്കുക. ഈ സംസ്ഥാനങ്ങളില്‍ പ്രചരണം നടത്തിയിട്ടൊന്നും വലിയ പ്രയോജനമില്ലാത്തതിനാല്‍ സ്ഥാനാര്‍ഥികള്‍ മറിയാന്‍ സാധ്യതയുള്ള സംസ്ഥാനങ്ങളില്‍ മാത്രം ശ്രദ്ധ കേന്ദ്രീകരിക്കും. അതുകൊണ്ട് പൊതുതിരഞ്ഞെടുപ്പിന്റെ ചൂട് ആ സ്ഥലങ്ങളില്‍ മാത്രം ഒതുങ്ങും.

താഴെ കൊടുക്കുന്ന കണക്കുകള്‍ മത്സരത്തെ കുറച്ചുകൂടി കൃത്യമായി വിലയിരുത്താന്‍ സഹായിക്കും.

ആകെയുള്ള ഇലക്ടറന്മാര്‍ - 538
ജയിക്കാന്‍ വേണ്ട ഇലക്ടറന്മാര്‍ - 270


(താഴെ കൊടുക്കുന്ന കണക്കുകള്‍ എന്റെ നിഗമനങ്ങള്‍ ആണ്.)

ഡമോക്രാറ്റുകള്‍ക്ക് കിട്ടുമെന്ന് ഉറപ്പുള്ള ഇലക്ടറന്മാര്‍ - 186
റിപ്പബ്ലിക്കന്മാര്‍ക്ക് കിട്ടുമെന്ന് ഉറപ്പുള്ള ഇലക്ടറന്മാര്‍ - 186

ബാക്കിയുള്ള സ്ഥാനങ്ങള്‍ക്ക് ഇത്തവണ പോരാട്ടം നടക്കാന്‍ പോകുന്നത് താഴെ കൊടുക്കുന്ന സംസ്ഥാനങ്ങളിലാണ്; ബ്രാക്കറ്റില്‍ ഇലക്ടറന്മാരുടെ എണ്ണം:

ഒബാമ ജയിക്കാന്‍ സാധ്യതയുള്ള സംസ്ഥാനങ്ങള്‍: ന്യൂ മെക്സിക്കോ (5), മിന്യാസോട്ട(10), അയോവ(7), വിസ്ക്കോന്‍സിന്‍(10), പെന്‍‌സില്‍‌വേനിയ(21), മെയിന്‍(4)

മൊത്തം ഒബാമയ്ക്ക്: 243

മക്കെയിന്‍ ജയിക്കാന്‍ സാധ്യതയുള്ള സംസ്ഥാനങ്ങള്‍: മൊണ്ടാന(3)

മൊത്തം മക്കെയിന് - 189

രണ്ടുപേര്‍ക്കും സാധ്യതയുള്ള സംസ്ഥാനങ്ങള്‍: നെവാഡ(5), കൊളറാഡോ(9), മിസോറ(11), മിഷിഗണ്‍(17), ഒഹായോ(20), വെര്‍‌ജീനിയ(13), ഫ്ലോറിഡ(27), ന്യൂ ഹാം‌പ്‌ഷയര്‍(4)

ഇവയില്‍ നെവാഡ, കൊളറാഡോ, മിഷിഗണ്‍ എന്നിവിടങ്ങളില്‍ ഒബാമയും (ആകെ 274) മിസോറ, ഫ്ലോറിഡ, ന്യൂ ഹാം‌പ്‌ഷയര്‍ എന്നിവിടങ്ങളില്‍ മക്കെയിനും (ആകെ 231) ഏറെ സാധ്യതയുണ്ടെന്ന് ഞാന്‍ കരുതുന്നു. ബാക്കിയുള്ളത് ഒഹായോയും വെര്‍ജീനിയയും (ആകെ 33) ആണ്; അവിടങ്ങളിലും മക്കെയിന് തന്നെയാണ് നേരിയ മുന്‍‌തൂക്കം ഇപ്പോള്‍ ഉള്ളത് (ആകെ 264).

അങ്ങനെ എന്റെ കണക്കു പ്രകാരം ഒബാമയ്ക്ക് നേരിയ വിജയസാധ്യതയുണ്ട് ഇപ്പോള്‍. പക്ഷേ, ഈ നിഗമനങ്ങളില്‍ വന്നേക്കാവുന്ന ചെറിയ വ്യത്യാസങ്ങള്‍ ഫലത്തെ ആകെ മാറ്റിമറിക്കും; അത്ര കടുത്തതാണ് മത്സരം ഇപ്പോള്‍. വളരെ ചുരുക്കം സംസ്ഥാനങ്ങളിലെ ഫലങ്ങളാണ് പൊതുതിരഞ്ഞെടുപ്പ് ഫലം നിശ്ചയിക്കുന്നതെന്ന് വളരെ ഈ കണക്കുകളില്‍ നിന്ന് വ്യക്തമാണല്ലോ. സ്ഥാ‍നാര്‍ഥികളും പ്രചരണം നടത്തിയാല്‍ ജയിക്കാന്‍ പറ്റുന്ന സംസ്ഥാനങ്ങളിലേ അതിന്ന് പരിശ്രമിക്കുകയുള്ളൂ. ഈ കണക്കു പ്രകാരം ഏകദേശം 15 സംസ്ഥാനങ്ങള്‍.

വരുന്ന ദിവസങ്ങളില്‍ വിജയസാധ്യതകള്‍ ഇപ്പോള്‍ ഇവിടെ കൊടുത്തിരിക്കുന്ന നിഗമനങ്ങളില്‍ നിന്ന് എത്ര വ്യത്യാസപ്പെടുമെന്നും അത് പൊതുതിരഞ്ഞെടുപ്പിന്റെ ഫലത്തെ എങ്ങനെ ബാധിക്കുമെന്നും ഞാന്‍ എഴുതുന്നതായിരിക്കും.

തല്‍ക്കാലം എന്റെ ഇപ്പോഴത്തെ നിഗമനമനുസരിച്ച് ഒബാമ (274), മക്കെയിന്‍ (264).

Monday, September 01, 2008

പേലിനും പാര്‍ട്ടി കണ്‍‌വെന്‍ഷനും ഒബാ‍മയെ പോളുകളില്‍ സഹായിക്കുന്നു | അമേരിക്കന്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പ്

കഴിഞ്ഞ ഒരു മാസത്തോളം അഭിപ്രായവോട്ടെടുപ്പുകളില്‍, അതിന്നു മുമ്പ് ഉണ്ടായിരുന്ന ലീഡ് നഷ്ടപ്പെട്ട്, മക്കെയിനോടൊപ്പം ഒപ്പത്തിനൊപ്പം നിന്നെങ്കിലും ഡന്‍‌വറില്‍ വിജയകരമായി സമാപിച്ച പാര്‍ട്ടി കണ്‍‌വെന്‍‌ഷനും മക്കെയിന്‍ സാറാ പേലിനെ വൈസ് പ്രസിഡന്റ് സ്ഥാനാര്‍ഥി ആയി തിരഞ്ഞെടുത്തതും ഒബാ‍മയെ സഹായിച്ചു തുടങ്ങിയിട്ടുണ്ടെന്നു വേണം കരുതാന്‍. താഴെ കൊടുക്കുന്ന പോളുകളെ വിശ്വസിക്കാമെങ്കില്‍:

CBS News/NY Times poll - 48%/40% (ഒബാമ/മക്കെയിന്‍)
Gallup poll/USA Today - 50%/43%
Rasmussen Reports daily Presidential Tracking Poll (Monday) - 47%/44%
CNN/Opinion Research - 49%-48%

ഇവയില്‍ അവസാനത്തെ 2 പോളുകളില്‍ രണ്ടുപേരും സ്റ്റാറ്റിസ്റ്റിക്കലായി തുല്യമാണ്‌. എന്നാലും ഒരു പോളിലും ഇപ്പോള്‍ പേരിനെങ്കിലും മക്കെയിന്‍ മുന്നിലല്ലാത്തത് ഒബാമയുടെ മുന്നേറ്റത്തെയാണ് സൂചിപ്പിക്കുന്നത്. റിപ്പബ്ലിക്കന്‍ പാര്‍ട്ടി കണ്‍‌വെന്‍ഷന്‍ ഉപയോഗിച്ച് ഈ ലീഡ് മക്കെയിന്‍ കുറയ്ക്കുമോ എന്നാണ് അടുത്തയാഴ്ച നോക്കേണ്ടത്.