Sunday, August 16, 2009

പാവം യൂദാസ്


Giotto’s “Betrayal of Christ” (circa 1305)

ഒരു കത്തോലിക്കാ കുടുംബത്തില്‍ ജനിച്ചുവളര്‍ന്നതിലെ പ്രധാനപ്പെട്ട ഓര്‍മകളില്‍ ചിലത്, “യൂദാസ്” എന്ന വാക്ക് എന്റെ അപ്പനും അമ്മയും അടുത്ത കുടുംബാംഗങ്ങളുമൊക്കെ ഉപയോഗിച്ചിരുന്ന സന്ദര്‍ഭങ്ങളാണ്: തികച്ചും വഞ്ചകരും പുറകില്‍ നിന്ന് കുത്തുന്നവരുമെന്ന് അവര്‍ക്ക് തോന്നിയവര്‍ക്കും വേണ്ടി നീക്കി വച്ചിരുന്ന വിശേഷണമായിരുന്നു ആ വാക്ക്. “യൂദാസ്” തെറിയേക്കാള്‍ നികൃഷ്ടമായ പദമായിരുന്നു അവര്‍ക്ക്; യൂദാസുകളുമായി മുദ്രകുത്തപ്പെടുന്നവരുമായി സംസര്‍ഗം ഉണ്ടാകാനുള്ള സാധ്യത വളരെ കുറവുമായിരുന്നു. പക്ഷേ, പള്ളിയിലും വേദോപദേശക്ലാ‍സിലുമൊക്കെ ആവര്‍ത്തിച്ചുകേട്ട സുവിശേഷ കഥകളില്‍ നിന്ന് നന്നേ ചെറുപ്പത്തില്‍ തന്നെ ഒരു കാര്യം എനിക്ക് വ്യക്തമായി: യേശുവിന്റെ മരണവും ഉത്ഥാനവും ആകസ്മികമല്ല; “എഴുതപ്പെട്ടതാണ്”. അതായത് എഴുതപ്പെട്ടിരുന്നതുപോലെ സംഭവിക്കേണ്ടിയിരുന്നതാണ് അദ്ദേഹത്തിന്റെ കുരിശുമരണവും ക്രിസ്തുമതത്തിന്റെ അടിസ്ഥാനം തന്നെയായ മൂന്നാം നാളത്തെ ഉയിര്‍പ്പും.

അപ്പോള്‍ യേശുവിനെ കുരിശുമരണത്തിലേക്ക് നയിച്ച ഒറ്റിന്റെ കാരണക്കാരനായ യൂദാസ് എങ്ങനെയാണ് കുറ്റക്കാരനാകുന്നത്? കഠിനമായ പരിശീലനത്തിനുശേഷം കാണികളുടെ മുമ്പില്‍ നന്നായി ചെയ്യുന്ന ഒരു നാടകത്തിലെ ഒറ്റ ചുവടുപോലും പിഴക്കാത്ത മികച്ചൊരു നടന്‍ മാത്രമായിരുന്നില്ലേ യൂദാസ്? തന്റെ റോളിനെക്കുറിച്ച് അറിയാതിരുന്നതുകൊണ്ട് പാവം സ്വന്തം ജീവിതം കൊണ്ട് പ്രായശ്ചിത്തവും ചെയ്തു. യൂദാസിനോട് എനിക്ക് സഹതാപം തോന്നിത്തുടങ്ങിയത് അങ്ങനെയാണ്. ഒരളവുവരെ പീലാത്തോസിനോടും എനിക്ക് അങ്ങനെ തോന്നിയിരുന്നു. അത്തരം സംശയങ്ങള്‍ അക്കാലത്ത് ഞാന്‍ പുറത്ത് പ്രകടിപ്പിച്ചിട്ടുണ്ടാകുമെന്ന് തോന്നുന്നില്ല; അന്നും ഇന്നും ഒട്ടും പൊളിറ്റിക്കലി കറക്റ്റ് അല്ലാത്തെ ആശങ്കകള്‍ പ്രകടിപ്പിക്കാന്‍ പറ്റിയ സ്ഥലം അല്ല കേരളം‍. “ആറാം തിരുമുറിവ്” നാടകത്തിനെതിരെ ‘ക്രിസ്തുനാഥന്‍ സിന്ദാബാദ്’ എന്ന് മുദ്രാവാക്യം വിളിച്ച് പ്രതിഷേധിച്ച ഒരു സമൂഹത്തില്‍, യൂദാസിനെ ഒരു മനുഷ്യനായി കാണാന്‍ ബഹുദൂരം സഞ്ചരിക്കണമല്ലോ.

യൂദാസിനോടുള്ള അലിവ് മനസ്സിലിട്ട് നടക്കുന്ന കാലത്താണ് ‘യൂദാസിന്റെ കാമുകി’ എന്ന ഒരു നോവല്‍ വായിക്കുന്നത്. എഴുത്തുകാരന്റെ പേര് എനിക്ക് ഓര്‍മ വരുന്നില്ല; പക്ഷേ, അദ്ദേഹം കത്തോലിക്ക പ്രസിദ്ധീകരണങ്ങളില്‍ ഒക്കെ എഴുതിയിരുന്ന ഒരു കുഞ്ഞാട് തന്നെയായിരുന്നെന്ന് തോന്നുന്നു. യൂദാസിന്റെ കാമുകി ആ നോവലില്‍ മഗ്ദലന മറിയമാണ്. സുവിശേഷങ്ങളുടെ തടവറയില്‍ നിന്ന് യൂദാസ് എന്ന കഥാപാത്രം പുറത്തുപോകുന്നില്ലെങ്കിലും മഗ്ദലന മറിയത്തിന്റെ കാമുകനാക്കുന്നതു വഴി വെറുമൊരു ഒറ്റുകാരനെന്ന ഒറ്റ ഡൈമണ്‍ഷനില്‍ നിന്ന്, ഒരു സാധാരണ മനുഷ്യന്റെ മജ്ജയും മാംസവും ആ നോവല്‍ യൂദാസിന് കിട്ടുന്നുണ്ട്. ഇതിലപ്പുറം എന്തെങ്കിലും മലയാളസാഹിത്യത്തില്‍ യൂദാസിനെക്കുറിച്ച് ഉണ്ടായിട്ടുണ്ടോ? എന്റെ പരിമിതമായ മലയാളം വായനയില്‍ ഒന്നും കണ്ടിട്ടില്ല.

പക്ഷേ, യൂദാസിനെക്കുറിച്ചുള്ള ആകാംഷ പുറംലോകത്ത് വളരെ ശക്തമായിരുന്നെന്ന് പിന്നീട് മനസിലായി. കസാന്‍‌ദ്സാക്കീസിന്റെ ‘ലാസ്റ്റ് ടെം‌പ്‌റ്റേഷനി’ല്‍ റോമന്‍ അടിമത്തത്തെ ചെറുക്കുന്ന ശക്തനായ ഒരു വിപ്ലവകാരിയാണ് യൂദാസ്. യേശുവുവിന് ശിഷ്യപ്പെടുന്നത് അദ്ദേഹം ചെറുത്തുനില്‍പ്പിന്റെ നേതൃത്വം ഏറ്റെടുക്കും എന്ന വ്യാമോഹത്തിലാണ്. പക്ഷേ, സീസറിനുള്ളത് സീസറിനും ദൈവത്തിനുള്ളതിന് ദൈവത്തിനും എന്ന് പ്രഖ്യാപിച്ച് യേശു അന്നത്തെ രാഷ്ട്രീയ-പടക്കപ്പുരയില്‍ നിന്ന് താല്‍‌ക്കാലികമായെങ്കിലും വിദഗ്ദമായി രക്ഷപ്പെടുന്നുമുണ്ട്.

എന്റെ മനസ്സില്‍ തന്നെ രൂപപ്പെട്ടതാണോ അതോ ആരോ പറഞ്ഞതാണോ എന്ന് ഉറപ്പില്ല. പക്ഷേ, യേശുവിന്റെ കുരിശുമരണം യേശുവും യൂദാസും കൂടി നടത്തിയ ഒരു രാഷ്ട്രീയനാടകം കൈവിട്ടുപോയതാണെങ്കിലോ? അതായത് , യേശു അറിഞ്ഞുകൊണ്ടുതന്നെ യൂദാസ് അദ്ദേഹത്തെ ജൂതപ്രമാണികള്‍ക്ക് ഏല്പിച്ച് കൊടുക്കുന്നു; ചോദ്യം ചെയ്യലും ഭേദ്യവുമൊക്കെ വഴി കൂടുതല്‍ ജനങ്ങള്‍ക്കിടയില്‍ അറിയപ്പെടാന്‍. പക്ഷേ, യൂദാസിന് പ്രമാണികളുമായുള്ള പിടി ഉപയോഗിച്ച് യേശുവിനെ മരണശിക്ഷയില്‍ നിന്ന് രക്ഷിക്കാനാവാതെ പോകുന്നു; സുഹൃത്തിനെ രക്ഷിക്കാനാവാത്ത വിഷമത്തില്‍ അദ്ദേഹം ആത്മഹത്യ ചെയ്യുകയും ചെയ്യുന്നു.

സുവിശേഷത്തിലേക്കാളും നികൃഷ്ടനായി യൂദാസിനെ അവതരപ്പിക്കുന്നത് മെല്‍ ഗിബ്സന്റെ പാഷന്‍ ഓഫ് ദ ക്രൈസ്റ്റ് എന്ന സിനിമയില്‍ ആണ്. പിശാച് ബാധിതനായാണ് അതില്‍ യൂദാസ് പോയി തൂങ്ങിച്ചാകുന്നത്. തികച്ചും വെറുപ്പുളവാക്കുന്ന ആ സിനിമയിലെ ഏറ്റവും വൃത്തികെട്ട സീനുകളാണ് അതില്‍ യൂദാസിന് വേണ്ടി നീക്കി വച്ചിട്ടുള്ളത്. ഇനി മെല്‍ ഗിബ്‌സന്റെ പടങ്ങള്‍ കാണില്ല എന്ന് ആ സിനിമ കണ്ടിറങ്ങിയശേഷം തീരുമാനിക്കുകയും ചെയ്തു. യൂദാസിന്റെ വഞ്ചനയെക്കാള്‍ മെല്‍ ഗിബ്സന്‍ എന്ന പച്ച മനുഷ്യന്റെ ഉള്ളിലെ വിഷമാണ് എന്നില്‍ ഏറെ വെറുപ്പുളവാക്കിയത്.

ഇതെല്ലാം എഴുതാന്‍ കാരണം യൂദാസിനെക്കുറിച്ച് ഈയിടെ ന്യൂ യോര്‍ക്കറില്‍ വന്ന “യൂദാസ് ഇസ്ക്കറിയോത്തിനെ നമ്മള്‍ വെറുക്കണമോ?” എന്ന നല്ല ലേഖനമാണ്. എനിക്ക് ചെറുപ്പത്തില്‍ ഉണ്ടായിരുന്ന പല സംശയങ്ങളും ഇതിലും ഉന്നയിക്കപ്പെടുന്നുണ്ട്. 1978-ല്‍ ഈജിപ്തില്‍ കണ്ടെടുത്ത, കോപ്റ്റിക് ഭാഷയില്‍ എഴുതപ്പെട്ട ‘യൂദാസിന്റെ സുവിശേഷം’ യൂദാസിനെ അക്കാദമിക് വൃത്തങ്ങളില്‍ വളരെയധികം ചര്‍ച്ചചെയ്യപ്പെടാന്‍ ഇടയാക്കി. ആ സുവിശേഷത്തില്‍ യേശുവിന്റെ പ്രിയശിഷ്യനാണ് യൂദാസ്. കസാന്‍‌ദ്‌സാക്കീസും ബോര്‍ഗസും അടക്കം പല എഴുത്തുകാരും കലാകാരന്മാരും യൂദാസിനെ നല്ല വെളിച്ചത്തില്‍ കാണുന്നുണ്ട്. എങ്കിലും, നൂറ്റാണ്ടുകളായി യൂദാസിനെ പൈശാചികവല്‍ക്കരിക്കുന്നതിന്റെ പ്രധാന രാഷ്ട്രീയം ജൂതന്മാരെ മോശക്കാരാക്കി ചിത്രീകരിക്കുവാനായിരുന്നു എന്ന് ഈ ലേഖനത്തില്‍ നിരീക്ഷിക്കുന്നുണ്ട്. യൂദാസ് എന്ന സുവിശേഷത്തിലെ സങ്കീര്‍ണ്ണകഥാപാത്രത്തെപ്പറ്റി കൂടുതല്‍ അറിയാന്‍ ഈ ലേഖനം വളരെ ഉപകരിക്കും.