Wednesday, April 15, 2009

കേരളത്തിലെ സീറ്റുകളെപ്പറ്റി എന്റെ അനുമാനങ്ങള്‍ (ഫൈനല്‍)

നാളെ കേരളം പോളിംഗ് ബൂത്തിലേക്ക് പോവുകയാണ്. ഇത്ര ദൂരെ ഇരുന്ന് പത്രങ്ങളിലൂടെ തിരഞ്ഞെടുപ്പിലെ നീക്കങ്ങളെ നിരീക്ഷിക്കാമെന്ന വ്യാമോഹം നടന്നില്ല. കാരണം, ജനങ്ങളുടെ നിലപാടിനെക്കുറിച്ച് പത്രങ്ങളില്‍ കാര്യമായി ഒന്നും എഴുതിക്കണ്ടില്ല; നേതാക്കന്മാരുടെ പ്രസ്താവനകളും അവകാശവാദങ്ങളും അവര്‍ വെറുതേ റിലേ ചെയ്തതേയുള്ളൂ. മലയാളം ബ്ലോഗിലാണെങ്കില്‍ എഴുതാനറിയാവുന്ന മിക്കവാറും പേര്‍ തല്‍ക്കാലത്തേക്ക് സി.പി.എമ്മിന് ചുമരെഴുത്തിനായി നിന്നുകൊടുത്തിരിക്കുകയാണ്.

അഭിപ്രായവോട്ടെടുപ്പുകളില്‍ 15 മുതല്‍ 18 വരെ സീറ്റുകള്‍ യു.ഡി.എഫിന് കിട്ടുമെന്ന് പറയപ്പെടുന്നുണ്ട്. എന്റെ നിഗമനം അവര്‍ക്ക് 16 സീറ്റുകള്‍ കിട്ടുമെന്നാണ്. ആറ്റിങ്ങല്‍, കൊല്ലം, ആലത്തൂര്‍, കോഴിക്കോട് എന്നീ സീറ്റുകള്‍ ഒഴിച്ച് ബാക്കിയെല്ലാം യു.ഡി.എഫ്. പിടിക്കും. മണ്ഡലങ്ങള്‍ തിരിച്ചുള്ള എന്റെ നിഗമനങ്ങള്‍ അവസാനം കൊടുത്തിട്ടുള്ള പട്ടികയില്‍ ഉണ്ട്.

ആരൊക്കെ ജയിച്ചു വന്നാലും കേരളത്തില്‍ നിന്നുള്ള 20 പേരും കോണ്‍‌ഗ്രസ് നേതൃത്വത്തിലുള്ള ഒരു മന്ത്രിസഭയെ പിന്തുണക്കാനാണ് ഏറെ സാധ്യത. അതുകൊണ്ട് യു.ഡി.എഫ് എം.പി.മാരെത്തന്നെ ജയിപ്പിച്ചു കേന്ദ്രത്തിലേക്ക് വിടുന്നതാണ് കേരളത്തിന് നല്ലതെന്ന് എനിക്ക് തോന്നുന്നു. ആകെ ഒരാള്‍ മാത്രം ലോക്‍സഭയില്‍ എത്തിയിട്ടും 3 മന്ത്രിമാര്‍ കഴിഞ്ഞ തവണ കേരളത്തില്‍ നിന്ന് ഉണ്ടായി. ശശി തരൂരിനെ കോണ്‍ഗ്രസ് നേതൃത്വം എങ്ങനെ ഉപയോഗപ്പെടുത്തും എന്നാണ് ഞാന്‍ ഇത്തവണ ഉറ്റുനോക്കുന്നത്.

ഇടതുമുന്നണിയുടെ പിന്തുണ യു.പി.എ. സഖ്യത്തിന് ഒരു തലവേദന തന്നെയായിരുന്നു കഴിഞ്ഞ തവണ. പ്രത്യേകിച്ചും ആണവ‌ ഉടമ്പടിയുമായി ബന്ധപ്പെട്ട് അവര്‍ നടത്തിയ നാടകങ്ങള്‍ രാജ്യത്തിന്റെ പുരോഗതിക്ക് ഇടതുമുന്നണി ഭാവിയിലും തടസ്സമാകുമെന്ന് വ്യക്തമാക്കുകയും ചെയ്തു. ഇടതുമുന്നണിയുടെ പിന്തുണയില്ലാതെ കേന്ദ്രത്തില്‍ ഇത്തവണ കോണ്‍‌ഗ്രസ് നയിക്കുന്ന മുന്നണിക്ക് ഭരണത്തില്‍ എത്താന്‍ കഴിയണം. അതുകൊണ്ട് സ്ഥാനാര്‍ഥിയുടെ വ്യക്തിപരമായ ഗുണഗണങ്ങള്‍ മാത്രം നോക്കാതെ അവരുടെ നിലപാടുകളും നോക്കി നിങ്ങളുടെ വോട്ടവകാശം വിനിയോഗിക്കുക.

എന്റെ അവസാനത്തെ നിഗമനങ്ങള്‍ ഇവയാണ്:


മണ്ഡലംസ്ഥാനാര്‍ഥികള്‍സാധ്യത
തിരുവനന്തപൂരംശശി തരൂര്‍ (കോണ്‍ഗ്രസ്) രാമചന്ദ്രന്‍ നായര്‍ (സി.പി.ഐ.) ശശി തരൂര്‍ (ഉറപ്പ്)
ആറ്റിങ്ങല്‍ജി.ബാലചന്ദ്രന്‍ (കോണ്‍ഗ്രസ്) എ.സമ്പത്ത് (സി.പി.എം.) എ.സമ്പത്ത് (സാധ്യത)
കൊല്ലംപീതാംബരക്കുറുപ്പ് (കോണ്‍ഗ്രസ്) പി.രാജേന്ദ്രന്‍ (സി.പി.എം.) പി.രാജേന്ദ്രന്‍(സാധ്യത)
പത്തനംതിട്ടആന്റോ ആന്റണി (കോണ്‍ഗ്രസ്) അനന്തഗോപന്‍‍ (സി.പി.എം.) ആന്റോ ആന്റണി ‍(ഉറപ്പ്)
കോട്ടയംജോസ് കെ.മാണി (കേരള കോണ്‍ഗ്രസ്) സുരേഷ് കുറുപ്പ്‍ (സി.പി.എം.) ജോസ് കെ. മാണി ‍(ഉറപ്പ്)
മാവേലിക്കരകൊടിക്കുന്നില്‍ സുരേഷ് (കോണ്‍ഗ്രസ്) ആര്‍.എസ്.അനില്‍‍ (സി.പി.ഐ.) കൊടിക്കുന്നില്‍ സുരേഷ് ‍(ഉറപ്പ്)
ആലപ്പുഴകെ.സി.വേണുഗോപാല്‍ (കോണ്‍ഗ്രസ്) കെ.എസ്.മനോജ്‍ (സി.പി.എം.) കെ.സി.വേണുഗോപാല്‍ ‍(ഉറപ്പ്)
ഇടുക്കിപി.ടി.തോമസ് (കോണ്‍ഗ്രസ്) ഫ്രാ‍ന്‍‌സിസ് ജോര്‍ജ്ജ്‍‍ (കേരള കോണ്‍‌ഗ്രസ്) പി.ടി.തോമസ് (സാധ്യത)
എറണാകുളംകെ.വി.തോമസ് (കോണ്‍ഗ്രസ്) സിന്ധു ജോയി‍‍ (സി.പി.എം.) കെ.വി.തോമസ് (ഉറപ്പ്)
ചാലക്കുടികെ.പി.ധനപാലന്‍ (കോണ്‍ഗ്രസ്) യു.പി.ജോസഫ് (സി.പി.എം.) കെ.പി.ധനപാലന്‍ ‍(ഉറപ്പ്)
തൃശ്ശൂര്‍പി.സി.ചാക്കോ (കോണ്‍ഗ്രസ്) സി.എന്‍.ജയദേവന്‍‍‍ (സി.പി.ഐ.) പി.സി.ചാക്കോ ‍(ഉറപ്പ്)
ആലത്തൂര്‍എന്‍.കെ.സുധീര്‍ (കോണ്‍ഗ്രസ്) പി.കെ.ബിജു‍‍ (സി.പി.എം.) പി.കെ.ബിജു ‍(സാധ്യത)
പാലക്കാട്സതീശന്‍ പാച്ചേനി (കോണ്‍ഗ്രസ്) എം.ബി.രാജേഷ് (സി.പി.എം.) സതീശന്‍ പാച്ചേനി ‍(സാധ്യത)
കോഴിക്കോട്എം.കെ.രാഘവന്‍ (കോണ്‍ഗ്രസ്) മുഹമ്മദ് റിയാസ് (സി.പി.എം.) മുഹമ്മദ് റിയാസ് ‍(സാധ്യത)
വടകരമുല്ലപ്പിള്ളി രാമചന്ദ്രന്‍ (കോണ്‍ഗ്രസ്) പി.സതിദേവി(സി.പി.എം.) മുല്ലപ്പിള്ളി രാമചന്ദ്രന്‍ ‍(സാധ്യത)
മലപ്പുറംഇ.അഹമ്മദ് (മുസ്ലിം ലീഗ്) ടി.കെ.ഹംസ (സി.പി.എം.) ഇ.അഹമ്മദ് (ഉറപ്പ്)
പൊന്നാനിഇ.ടി.മുഹമ്മദ് ബഷീര്‍ (മുസ്ലീം ലീഗ്) ഹുസൈന്‍ രണ്ടത്താണി (സി.പി.എം. സ്വതന്ത്രന്‍) ഇ.ടി.മുഹമ്മദ് ബഷീര്‍ ‍(ഉറപ്പ്)
വയനാട്എം.ഐ.ഷാനവാസ് (കോണ്‍ഗ്രസ്) എം.റഹ്‌മത്തുള്ള‍ (സി.പി.ഐ.) എം.ഐ.ഷാനവാസ് ‍(സാധ്യത)
കണ്ണൂര്‍കെ.സുധാകരന്‍ (കോണ്‍ഗ്രസ്) കെ.കെ.രാഗേഷ്‍‍ (സി.പി.എം.) കെ. സുധാകരന്‍ ‍(സാധ്യത)
കാസര്‍ഗോഡ്ഷാഹിദാ കമാല്‍ (കോണ്‍ഗ്രസ്) പി.കരുണാകരന്‍‍‍ (സി.പി.എം.) ഷാഹിദാ കമാല്‍ ‍(സാധ്യത)

Sunday, April 05, 2009

അമേരിക്കന്‍ മലയാളി കവിതകള്‍

കേരള സാഹിത്യ അക്കാദമി “അമേരിക്കന്‍ മലയാളി കവീതകള്‍” എന്ന പേരില്‍ ഒരു കവിതാസമാഹാരം പുറത്തിറക്കിയിരിക്കുന്നു. പുസ്തകപ്രകാശനത്തിന്റെ വിശദാംശങ്ങള്‍ ഇവിടെ ഉണ്ട്. ജോസഫ് നമ്പിമഠമാണ് ഈ സമാഹാരം എഡിറ്റ് ചെയ്തിരിക്കുന്നത്.

ചെറിയാന്‍ കെ. ചെറിയാന്‍, ജയന്‍ കെ.സി. തുടങ്ങിയ പ്രശസ്തന്മാര്‍ ഇതില്‍ ഉണ്ട്; അതിന്റെ കൂടെ എന്റെ മെംഫിസിലെ കാഴ്ചകള്‍ എന്ന കവിതയും ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഈ കവിത പോസ്റ്റു ചെയ്തുകൊണ്ടാണ് 2006-ല്‍ ഞാന്‍ എന്റെ മലയാള ബ്ലോഗിംഗ് ആരംഭിക്കുന്നത്.

ആകെ 40 കവിതകള്‍ ആണ് ഈ പുസ്തകത്തില്‍ ഉള്ളത്. രണ്ടോ മൂന്നോ പേരുടേതൊഴിച്ചാല്‍ അമേരിക്കന്‍ മലയാളികളുടെ ഇടയില്‍ നിന്ന് ഗൌരവമുള്ള കവിതകളൊന്നും ഉണ്ടാവുന്നില്ല എന്ന വ്യക്തിപരമായ അഭിപ്രായക്കാരനാണ് ഞാന്‍. എന്നാലും, കവിതയില്‍ താല്പര്യമുള്ളവര്‍ കുറഞ്ഞത് 40 പേരെങ്കിലും ഞാനുള്‍പ്പെടുന്ന അമേരിക്കന്‍ മലയാളി സമൂഹത്തില്‍ ഉണ്ടെന്നറിയുന്നത് വളരെ ആഹ്ലാദകരമാണ്. ആ സന്തോഷവും, ബ്ലോഗില്‍ മാത്രം ഇതിന്നുമുമ്പ് പ്രത്യക്ഷപ്പെട്ട എന്റെ കവിത ഈ സമാഹാരത്തിലേക്ക് തിരഞ്ഞെടുക്കപ്പെട്ടതിന്റെ സന്തോഷവും ഇവിടെ പങ്കുവയ്ക്കട്ടെ.