Monday, October 26, 2009

ആദ്യത്തെ മാരത്തോണ്‍ ഓട്ടം

കഴിഞ്ഞ ഞായറാഴ്ച ഞാന്‍ എന്റെ ആദ്യത്തെ മാരത്തോണ്‍ ഓടി. അതിന്നെക്കുറിച്ചുള്ള ഒരു ചെറിയ കുറിപ്പ് ഇവിടെ.

Friday, September 25, 2009

π-യുടെ ജീവിതം



(ചിത്രം വിക്കിപീഡിയയിലെ ലേഖനത്തില്‍ നിന്ന് അടിച്ച് മാറ്റിയത്.)

2002-ല്‍ ബുക്കര്‍ പ്രൈസ് ലഭിച്ച യാന്‍ മാര്‍ട്ടെലിന്റെ ലൈഫ് ഓഫ് പൈ (Life of Pi by Yann Martel) പുതിയ നോവലൊന്നുമല്ലെങ്കിലും ഈയിടെയാണ് വായിച്ച് തീര്‍ത്തത്. ഞാന്‍ ആദ്യമായി ആമസോണിന്റെ കിന്റില്‍ (Kindle) എന്ന ഇലക്ട്രോണിക് റീഡറില്‍ വായിച്ച ഒരു പുസ്തകം. കിന്റില്‍ കിടിലന്‍ സാധനം തന്നെ; പുസ്തകം വയ്ക്കാന്‍ ഷെല്‍ഫില്‍ സ്ഥലം തപ്പുകയും വേണ്ട.

പോണ്ടിച്ചേരി, മൂന്നാര്‍ പിന്നെ നോവലിസ്റ്റിന്റെ ഒരു കുറിപ്പു വായിച്ചപ്പോള്‍ പൊങ്ങിവന്ന ബോംബെ, മാത്തേരണ്‍,

തിരുവനന്തപുരം തുടങ്ങി നോവലില്‍ പറയുന്നതോ അതുമായി ബന്ധപ്പെട്ടതോ ആയ സ്ഥലനാമങ്ങളാണ് ഈ കുറിപ്പിടാന്‍ എന്നെ നിര്‍ബന്ധിതനാക്കിയത്.

തികച്ചും ഒരു യക്ഷിക്കഥ പോലെയോ കുട്ടികള്‍ക്കു വേണ്ടി എഴുതിയ ഒരു ഫാന്റസി പോലെയോ ആണ് ഇതിലെ കഥ.  എഴുത്തിന്റെ ഏതെങ്കിലും ഒരു ചട്ടക്കൂട്ടില്‍ ഈ നോവല്‍ ഒതുങ്ങി നില്‍ക്കുന്നുണ്ടെന്ന് എനിക്ക് തോന്നുന്നില്ല. അതുതന്നെയാണ് ഒരളവുവരെ ഈ നോവലിന്റെ ഒരു ആകര്‍ഷണീയത.

പോണ്ടിച്ചേരിയില്‍ നിന്ന് 16 വയസുകാരനായ പിസിന്‍ പട്ടേല്‍ എന്ന ‘പൈ’ കാനഡക്ക് തന്റെ കുടുംബം നടത്തിവന്നിരുന്ന മൃഗശാലയിലെ ജീവികളോടും കുടുംബാംഗങ്ങളോടുമൊപ്പം ഒരു കപ്പലില്‍ കാനഡയ്ക്ക് കുടിയേറാന്‍ പോകുന്നതും, കപ്പല്‍ച്ഛേദത്തില്‍ പെട്ട അവരില്‍, പൈയും ഒരു ബംഗാള്‍ കടുവയും മാത്രം ഒരു ലൈഫ്ബോട്ടില്‍ യാത്ര പൂര്‍ത്തിയാക്കുന്നതുമാണ് കഥ. നോവലിന്നെക്കുറിച്ച് ഞാന്‍ അധികം എഴുതുന്നില്ല. ധാരാളം വിവരങ്ങള്‍ വിക്കിപീഡിയയിലും മറ്റു സൈറ്റുകളിലും ലഭ്യമാണ്.

ബോംബെയിലും അതിന്നടുത്തുള്ള സുഖവാസകേന്ദ്രമായ മാത്തേരണിലും വച്ചാണത്രേ യാന്‍ മാര്‍ട്ടലിന്ന് ഈ നോവലെഴുതാനുള്ള പ്രചോദനം ഉണ്ടാകുന്നത്. നോവലിന്നു വേണ്ടിയുള്ള ഗവേഷണത്തിന്റെ ഭാഗമായി തിരുവനന്തപുരത്തെ മൃഗശാലയില്‍ നിന്ന് വിവരങ്ങള്‍ ശേഖരിച്ചെന്നും അദ്ദേഹം പറഞ്ഞിട്ടുണ്ട്.  ഈ നോവലിന്റെ പ്രസിദ്ധീകരണത്തിന് മുമ്പ് തികച്ചും അപ്രശസ്തനായിരുന്ന യാന്‍ മാര്‍ട്ടെല്‍, താന്‍ നോവല്‍ എങ്ങനെ എഴുതി എന്ന് ലേഖനത്തില്‍ ലളിതമായി പറയുന്നുണ്ട്.

ഈ നോവല്‍ സിനിമയാക്കാനുള്ള പല ശ്രമങ്ങളും പരാജയമായി. പക്ഷേ, ആംഗ് ലീ അത്തരമൊരു പ്രൊജക്ട് ചെയ്യുന്നുണെന്ന് ഇവിടെ (http://www.imdb.com/title/tt0454876/) കാണുന്നു; 2011-ല്‍ ചിത്രം പുറത്തിറങ്ങിയേക്കാം.

Friday, September 18, 2009

അക്ഷരതെറ്റുള്ള ഇന്‍‌ഗ്ലോറിയസ് ബാസ്റ്റര്‍‌ഡ്സ്



(from the link provided here to New Yorker)
1978-ല്‍ പുറത്തിറങ്ങിയ Quel maledetto treno blindato എന്ന ഇറ്റാലിയന്‍ ചിത്രം അമേരിക്കയില്‍ ഇറക്കിയത് The Inglorious Bastards എന്ന് പേരോടെയാണ്. (ഇറ്റാലിയന്‍ പേരുമായി അതിന്ന് സാമ്യമൊന്നുമില്ല.) രണ്ടാം ലോകമഹായുദ്ധകാലത്ത്, ജര്‍മന്‍ അധിനിവേശിത ഫ്രാന്‍‌സില്‍, കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെട്ടതിന്ന് ജയില്‍ശിക്ഷ കിട്ടിയ ഒരു കൂട്ടം അമേരിക്കന്‍ സൈനികര്‍ തടവറയിലേക്കുള്ള യാത്രാമധ്യേ രക്ഷപ്പെടുന്നതും, അവര്‍ പിന്നീട് ഒരു ജര്‍മന്‍ സൈനീകായുധ പ്രൊജക്ട് തകര്‍ക്കാന്‍ ശ്രമിക്കുന്നതുമാണ് എന്‍സോ കാസ്റ്റെല്ലാ‍രി സംവിധാനം ചെയ്ത ആ ചിത്രത്തിന്റെ കഥാസാരം.

ക്വന്റന്‍ റ്റരാന്റീനോയുടെ, ഏറ്റവും പുതിയ ചിത്രത്തിന്റെയും പേരും ഏകദേശം അതുതന്നെയാണ്; പേരില്‍ മന‍:പൂര്‍വ്വം അക്ഷരത്തെറ്റുകള്‍ വരുത്തിയിട്ടുണ്ടെന്നു മാത്രം: Inglourious Basterds. കാരണം? വിദ്യാഭ്യാസം അധികം ചെയ്യാത്ത ആ പട്ടാളക്കാരെ സൂചിപ്പിക്കാന്‍ എന്നൊക്കെ വാദിക്കാം; പക്ഷേ, പലപ്പോഴും റ്റരാന്റീനോയുടെ പടങ്ങളില്‍ കാണുന്ന വികൃതികള്‍ പലതും അവ ചെയ്യാനുള്ള രസത്തിനുവേണ്ടി മാത്രമായിരിക്കും. അതേക്കുറിച്ച് അധികം ആലോചിച്ച് തലപുണ്ണാക്കുന്നത് വെറുതെയാണ്.

ഈ ചിത്രത്തിലെ കഥ നടക്കുന്നതും ജര്‍മന്‍ അധിനിവേശിത ഫ്രാന്‍സില്‍ തന്നെ; പ്രധാനമായും പാരീസില്‍. രണ്ടു ചിത്രങ്ങള്‍ തമ്മിലുള്ള സാദൃശ്യങ്ങള്‍ അതോടെ തീര്‍ന്നു. നാത്‌സികള്‍ എതിര്‍പക്ഷത്ത് വരുന്ന ഒരു പഴയ ജനപ്രിയ ചിത്രത്തെ ആദരിക്കുക എന്നതില്‍ കവിഞ്ഞ് ഈ പേരിടിലില്‍ എന്തെങ്കിലും പ്രത്യേകിച്ച് കാരണം ഉണ്ടെന്നു തോന്നുന്നില്ല. സിനിമയുമായി ബന്ധപ്പെട്ട ചരിത്രസംഭവങ്ങളെക്കാള്‍ അതില്‍ സ്ഥാനം സിനിമക്കാണ്; ഒളിഞ്ഞും തെളിഞ്ഞും.

സിനിമാക്കാരന്‍ ആകുന്നതിന് മുമ്പ് ഒരു വീഡിയോ റെന്റലിലെ ക്ലര്‍ക്കായിരുന്ന, ലോകമെമ്പാടുമുള്ള ജനപ്രിയസിനിമകളുടെ ഒരു സര്‍വ്വവിജ്ഞാനകോശമായ, റ്റരാന്റീനോയുടെ ചലച്ചിത്രങ്ങള്‍ മുഴുവന്‍ പഴയ സിനിമകളോടും, അവ പ്രതിനിധീകരിക്കുന്ന കാലഘട്ടങ്ങളിലെ പോപ്പ് കള്‍ച്ചറുകളിലെ അടയാളങ്ങളോടുമുള്ള ഒരു തരം പ്രതികരണവുമാണെന്നു പറയാം. അതുകൊണ്ട് അദ്ദേഹത്തിന്റെ സിനിമയെ ഡെറിവേറ്റീവ് സിനിമ എന്ന് പല വിവര്‍ശകരും വിളിച്ചുകണ്ടിട്ടുണ്ട്. അതായത്, ഒരു കഥയോ സംഭവമോ അല്ല അദ്ദേഹത്തിന്റെ സിനിമയ്ക്ക് ഹേതുവാകുന്നത്; മറിച്ച് ഒന്നോ അധിലധികമോ സിനിമകളോടുള്ള ഒരു തരം പ്രതികരണമാകുന്നു അദ്ദേഹത്തിന്റെ സിനിമ. അതോടൊപ്പം പോസ്റ്റ്-മോഡേണ്‍ രീതിയിലുള്ള കഥ പറച്ചിലും, രക്തപ്പുഴയുടെയും വയലിന്‍‌സിന്റെയും കോമിക്കല്‍ ആയുള്ള ഉപയോഗവും ചേര്‍ന്നാല്‍ ഒരു റ്റരാന്റീനോ ചിത്രത്തിന്റെ പതിവു ചേരുവകള്‍ ആയി. ഇത്തരം സാമഗ്രഹികള്‍ അദ്ദേഹം തന്റെ സിനിമാപരിജ്ഞാനത്തില്‍ നിന്ന് കടമെടുക്കുന്നുവെങ്കിലും, എല്ലാവര്‍ക്കുമറിയാവുന്ന ചേരുവകള്‍ വച്ച് അതിരുചികരവും നൂതനവുമായ വിഭവങ്ങള്‍ വികസിപ്പിച്ചെടുക്കുന്ന മിടുക്കനായ ഒരു പാചകക്കാരന്റേതുപോലെയാണ് മികച്ച സിനിമകള്‍ നിര്‍മിക്കുന്ന റ്റരാന്റീനോയുടെ സിനിമാ ജീനിയസ്.

റിസര്‍വോയര്‍ ഡോഗ്‌സ് (ബാങ്ക് കവര്‍ച്ച), അധോലോകം (പള്‍പ്പ് ഫിക്ഷന്‍), ഫ്രം ഡസ്ക് റ്റില്‍ ഡോണ്‍ (ഹൊറര്‍), ജാക്കി ബ്രൌണ്‍ (ബ്ലാക്സ്‌പ്ലോയിറ്റേഷന്‍/കറുത്തവരെ ഉദ്ദേശിച്ചുള്ള പടങ്ങള്‍), കില്‍ ബില്‍ I&II (ഏഷ്യന്‍ മാര്‍ഷ്യല്‍ ആര്‍ട്ട്‌സ്) എന്നിങ്ങനെ അദ്ദേഹത്തിന്റെ എല്ലാ ചിത്രങ്ങളിലും ഏതെങ്കിലും ഒരു ജനപ്രിയ ഫിലിം ഷോണ്‍‌റേയുടെ (film genre) ബാഹ്യഘടകങ്ങള്‍ ഉപയോഗിക്കുവാനുള്ള മന:പൂര്‍വ്വശ്രമം ഉണ്ടെന്ന് കാണുവാന്‍ സാധിക്കും. അതോടൊപ്പം ആ വിഭാഗങ്ങളില്‍ നിന്നുള്ള പ്രശസ്തമായ സിനിമകളെയും വ്യക്തികളെയും തന്റെ സിനിമയില്‍ സൂചിപ്പിക്കുകയോ അവരെ നേരെ പങ്കെടുപ്പിക്കുകയോ ഒക്കെ അദ്ദേഹത്തിന്റെ രീതിയാണ്. തികച്ചും സാധാരണമായ വിഷയങ്ങളെ ആശ്രയിച്ചുള്ള തന്റെ സിനിമകളില്‍, അസാധാരണമായ ശൈലിയില്‍ കഥ പറഞ്ഞുകൊണ്ട് അവയെ ഉത്തമ കലാസൃഷ്ടികളാക്കുകയാണ് റ്റരാന്റീനോ ചെയ്യുന്നത്. സംവിധായകന്റെ സിനിമാഭ്രാന്ത് തന്നെ അദ്ദേഹം എടുക്കുന്ന സിനിമയുടെ അടിസ്ഥാനമാകുമ്പോള്‍, സിനിമാ നിര്‍മാണം ഒരു വാണിജ്യ,കലാ പ്രക്രിയക്കപ്പുറം വ്യക്തിപരമായി ഒരു തരം മതപരമായ ചടങ്ങായി അത് റ്റരാന്റീനോക്ക് മാറുന്നു. പിന്നീട് വന്‍‌വിജയങ്ങളായ പല ചിത്രങ്ങളും സംവിധാനം ചെയ്യാനുള്ള വാഗ്ദാനങ്ങള്‍ അദ്ദേഹം നിരസിച്ചിട്ടുള്ളതിന്റെ ഒരു കാരണം വ്യക്തിപരമായ സന്തോഷം ആ ചിത്രങ്ങളുടെ നിര്‍മാണം വഴി തനിക്ക് ലഭിക്കില്ല എന്ന കണക്കുകൂട്ടലില്‍ നിന്നാവാം.

സിനിമയെ പൂജിക്കുക എന്ന അദ്ദേഹത്തിന്റെ പതിവു ശൈലി അതിന്റെ ഏറ്റവും വ്യക്തമായ നിലയിലാണ് ഈ പുതിയ ചിത്രത്തില്‍ നാം കാണുന്നത്. ഈ ചിത്രത്തിനുവേണ്ടി അനുകരിക്കപ്പെടുന്ന ഷോണ്‍‌റേ രണ്ടാം ലോകമഹായുദ്ധചിത്രങ്ങള്‍ ആണ്; പ്രത്യേകിച്ചും ജൂതമര്‍ദ്ദനത്തിന്റെ പശ്ചാത്തലത്തിലുള്ള നാത്‌സി വിരുദ്ധ ചിത്രങ്ങള്‍. അത്തരത്തിലുള്ള ധാരാളം ചിത്രങ്ങള്‍ യൂറോപ്പിലും ഹോളിവുഡിലും നിര്‍മ്മിക്കപ്പെട്ടിട്ടുണ്ട്: ദ ഗ്രേറ്റ് ഡിക്ടേറ്റര്‍, സോഫീസ് ചോയ്സ്, ദ ഡയറി ഓഫ് ആന്‍ ഫ്രാങ്ക്, ഷിന്‍‌ഡ്‌ലേഴ്‌സ് ലിസ്റ്റ്, ലൈഫ് ഈസ് ബ്യൂട്ടിഫുള്‍, പിയാനിസ്റ്റ്... അങ്ങനെ എല്ലാ കാലഘട്ടത്തിലും ഹൊളോക്കാസ്റ്റുമായി ബന്ധപ്പെട്ടോ അതിന്റെ പശ്ചാത്തലത്തിലോ ധാരാളം സിനിമകള്‍ ഉണ്ടായിട്ടുണ്ട്. ഇവയിലെല്ലാം സ്വാഭാവികമായും ജൂതന്മാരാണ് ഇരകള്‍; പലപ്പോഴും ഹിറ്റ്ലറടക്കമുള്ള നാത്‌സി കഥാപാത്രങ്ങള്‍ പരിഹസിക്കപ്പെടുന്നുണ്ടെങ്കിലും. പക്ഷേ, റ്റരാന്റീനോയുടെ സിനിമയില്‍ കാര്യങ്ങള്‍ തലതിരിഞ്ഞാണുള്ളത്: പേരു കടംകൊണ്ട സിനിമയിലെ അമേരിക്കന്‍ സൈനികരെ ഓര്‍മിപ്പിക്കും പോലെ, ജൂതന്മാരായ (നേതാവായ ബ്രാഡ് പിറ്റിന്റെ കഥാപാത്രമൊഴിച്ച്) അമേരിക്കന്‍ സൈനികരുടെ ഒരു ഗ്രൂപ്പ് നാത്‌സികളെ വേട്ടയാടി നിഷ്ക്കരുണം കൊന്നൊടുക്കുന്നതാണ് സിനിമയുടെ പ്രധാന കഥാതന്തു.

കേണല്‍ ഹന്‍സ് ലന്‍ഡയുടെ (ക്രിസ്റ്റോഫ് വാള്‍‌ട്ട്‌സ് എന്ന ഓസ്‌ട്രിയന്‍ നടനാണ് സിനിമയിലെ ഏറ്റവും മികച്ച പ്രകടനം കാഴ്ച വയ്ക്കുന്ന ആ റോളില്‍) നേതൃത്വത്തില്‍ നാത്‌സി S.S. ഗാര്‍ഡുകള്‍ ഒരു ഫ്രഞ്ച് കര്‍ഷക കുടുംബത്തില്‍ ഒളിച്ചിരിക്കുന്ന ജൂതന്മാരെ അന്വേഷിച്ചെത്തുന്നതായിട്ടാണ് സിനിമ ആരംഭിക്കുന്നത്. അതില്‍ ഒരു പെണ്‍‌കുട്ടി ഒഴികെ ബാക്കിയെല്ലാവരും നാത്‌സികളുടെ തോക്കിനിരയാകും. അങ്ങനെ രക്ഷപ്പെടുന്ന ആ പെണ്‍കുട്ടി, ശോശന്ന, പിന്നീട് പാരീസില്‍ തന്റെ കറുത്തവര്‍ഗ്ഗക്കാരനായ കാമുകനുമൊത്ത് ഒരു ആര്‍ട്ട് ഹൌസ് തീയേറ്റര്‍ നടത്തുന്നു. സിനിമയുടെ പേരിന്ന് ഹേതുവായ ജൂതവംശജരായ അമേരിക്കന്‍ പട്ടാളക്കാര്‍ ഫ്രാന്‍‌സില്‍ ഉടനീളം നടന്ന് നാത്‌സികളെ ചിത്രകഥകളിലെപ്പോലെ ചിത്രവധം ചെയ്ത് രസിക്കുന്നുണ്ട്. അവരുടെ നേതാവ് ലെഫ്.ആള്‍ഡോ റെയ്നി (ബ്രാഡ് പിറ്റ്) ജൂതനല്ല; ടെന്നസിക്കാരനും സിരയില്‍ കുറച്ച് അമേരിക്കന്‍-ഇന്ത്യന്‍ രക്തമുള്ളയാളുമാണ്. (റ്റരാന്റീനോ ടെന്നസിലെ നോക്സ്‌വില്ലിലാണ് ജനിച്ചത്; കുറച്ച് ചെറോക്കി രക്തക്കലര്‍പ്പുമുണ്ട്.) മൂന്നാമതൊരു സംഘം സിനിമാപ്രവര്‍ത്തകരും വിമര്‍ശകരുമടങ്ങിയതാണ്; അവരുടെയും ലക്ഷ്യം നാത്‌സികളുടെ നേതൃത്വത്തെ ഉന്മൂലനം ചെയ്യുക തന്നെ.

അങ്ങനെയിരിക്കുമ്പോഴാണ് ചിലന്തിവലയിലേക്ക് ഇര വന്നുവീഴുന്നതുപോലെ ഗീബല്‍‌സിന്റെ ഒരു നാത്‌സി പ്രചരണ സിനിമയുടെ പ്രീമീയര്‍ ചെയ്യാന്‍ ശോശന്നയുടെ തീയേറ്റര്‍ തിരഞ്ഞെടുക്കപ്പെടുന്നത്. പോരാത്തതിന് ആ സിനിമയിലെ നായകനും നാത്‌സികളുടെ ആരാധനപാത്രവുമായ ചെറുപ്പക്കാരന്ന് ശോശന്നയോട് അടങ്ങാത്ത പ്രേമവും.

സമാന്തരമായി നീങ്ങുന്ന ഈ മൂന്ന് കഥാതന്തുക്കളും അവസാനം കൂട്ടിമുട്ടുന്നുണ്ടെങ്കിലും ‘പള്‍പ്പ് ഫിക്ഷനി’ല്‍ വിജയിച്ചപോലെ ആ ടെക്നിക്ക് ഈ സിനിമയില്‍ അത്ര ഫലപ്രാപ്തിയില്‍ എത്തുന്നില്ല. എന്നാലും ഓരോന്നും അതിന്റേതായ നിലയില്‍ മികച്ച രീതിയിലാണ് ചിത്രീകരിച്ചിട്ടുള്ളത്. അതുകൊണ്ട് കുറച്ച് ദൈര്‍ഘ്യമുള്ള സിനിമ (ഏതാണ്ട് രണ്ടര മണിക്കൂര്‍) ബോറടിപ്പിക്കില്ല.

നാത്‌സികളും അവരെ വേട്ടയാടുന്നവരും സിനിമാപ്രേമികള്‍ ആകുമ്പോള്‍ സിനിമയില്‍ സിനിമ ചര്‍ച്ചാവിഷയം ആവുന്നത് സ്വാഭാവികം. അത്തരത്തിലുള്ള ഒരു രംഗത്തില്‍ ‘കിംഗ് കോംഗി’ന് ആഫ്രിക്കക്കാരെ അടിമകളാക്കി അമേരിക്കന്‍ വന്‍‌കരയിലേക്ക് കൊണ്ടുവന്നതിന്റെ പ്രതീകാത്മകതയെക്കുറിച്ച് ഒരു നാത്‌സി ഓഫീസര്‍ വാചാലനാകുന്നുണ്ട്. തക്കം കിട്ടുമ്പോള്‍ ‘കുരങ്ങ്’ എന്ന് വിളിച്ച് കറുത്തവരെ വിളിച്ച് ആക്ഷേപിക്കുന്ന വംശവെറിയന്മാര്‍ തിയേറ്ററിന്റെ ഇരുട്ടിലിരുന്ന് ചൂളുന്നുണ്ടാവാം എന്ന് പ്രതീക്ഷിക്കാം. പക്ഷേ, റ്റരാന്റീനോയുടെ ലക്ഷ്യം സാമൂഹികപരിഷ്കരണത്തേക്കാള്‍ ‘കിംഗ് കോംഗ്’ എന്ന സിനിമയുടെ പ്രതീകാത്മകത ചൂണ്ടിക്കാട്ടുക മാത്രമാണ്.

അവസാനം നാത്‌സികളെ തീയേറ്ററിന്റെ ഉള്ളില്‍ പൂട്ടിയിട്ട് തീ കൊടുക്കാന്‍ ഉപയോഗിക്കുന്നത് പെട്ടന്ന് തീപിടിക്കുന്ന സിനിമാ ഫിലിം. അങ്ങനെ സിനിമ ഫലപ്രദമായ ഒരായുധം കൂടി ആകുന്നു ഈ സിനിമയില്‍. ഗീബല്‍‌സിന്റെ നേതൃത്വത്തിലുള്ള നാത്‌സി പ്രചരണയന്ത്രത്തിന്റെ ഒരു പ്രധാന ആയുധം സിനിമയായിരുന്നല്ലോ. അന്നത്തെ ആ പുതിയ മാധ്യമത്തില്‍ നാത്‌സി അനുഭാവികളായ സിനിമ നിര്‍മ്മാതാക്കള്‍ കൈവരിച്ച മുന്നേറ്റം ചില്ലറയൊന്നുമല്ല. സംവിധായകന്‍ സിനിമ കൊണ്ട് തന്നെ അവരോട് പ്രതികാരം ചെയ്യുന്നുണ്ടെങ്കിലും തനിക്ക് ജര്‍മന്‍ സിനിമയിലുള്ള പാണ്ഡിത്യം പ്രേക്ഷകരെ അറിയിച്ചിട്ടേ അദ്ദേഹം അവസാനത്തെ സംഹാരതാണ്ഡവത്തിലേക്ക് നമ്മളെ ആനയിക്കുന്നുള്ളൂ.

ഈ ചിത്രം റിലീസ് ചെയ്തപ്പോള്‍ അമേരിക്കന്‍ പത്രങ്ങളുടെ വിമര്‍ശകര്‍ ഒട്ടും അനുഭാവത്തോടെയല്ല അതിനെ സ്വീകരിച്ചത്. ന്യൂസ് വീക്ക് (ലിങ്ക് ഇവിടെ), ന്യൂ യോര്‍ക്കര്‍ (ലിങ്ക് ഇവിടെ), ന്യൂ യോര്‍ക്ക് ടൈംസ് (ഇവിടെ ) തുടങ്ങിയ പല പ്രസിദ്ധീകരണങ്ങളും നേരിയതോ കടുത്തതോ ആയ വിമര്‍ശനങ്ങളുമായാണ് റിവ്യൂകള്‍ ഇറക്കിയത്. സിനിമയുടെ പോരായ്മകളെക്കാള്‍ ഏറെ, ഹൊളോക്കാസ്റ്റ് എന്ന നാത്‌സികള്‍ അഴിച്ചുവിട്ട കൊടുംക്രൂരതയുടെ ഇരകളെ പ്രതിനിധീകരിക്കുന്നവര്‍ സിനിമയില്‍ വേട്ടക്കാരായി അണിനിരക്കുന്നതാണ് അവര്‍ക്ക് ഒട്ടും ഇഷ്ടപ്പെടാഞ്ഞത്. ഒരു പക്ഷേ അവരുടെ അഭിപ്രായം ശരിയായിരിക്കാം എന്ന് സിനിമ കാണും വരെ എനിക്കും തോന്നിയിരുന്നു. പക്ഷേ, സിനിമയുടെ തുടക്കം എന്റെ അഭിപ്രായത്തെ മാറ്റിമറിച്ചു. ഫ്രഞ്ചു ഗ്രാമീണന്റെ വീട്ടില്‍ ഒളിച്ചിരിക്കുന്ന ഒരു ജൂതക്കുടുംബത്തെ നാത്‌സികള്‍ കണ്ടെത്തുന്നതും നിഷ്ക്കരുണം വകവരുത്തുന്നതുമാണ് തുടക്കം. റ്റരാന്റീനോ തന്റെ സിനിമാക്കമ്പത്തിലേക്കും കോമഡിയിലൂന്നിയ പതിവ് കൈയടക്കങ്ങളിലേക്കും വഴുതി വീഴുന്നതിന്നുമുമ്പ്, ഹോളോക്കാസ്റ്റിന്റെ യഥാര്‍ഥ മുഖം നമ്മെ കാണിച്ചുതരാന്‍ മറക്കുന്നില്ല. ഞാന്‍ കുറെ ഹോളോക്കാസ്റ്റ് പടങ്ങള്‍ കണ്ടിട്ടുണ്ടെങ്കിലും ഈ സിനിമയിലെ തുടക്കം പോലെ മനസ്സില്‍ തങ്ങി നില്‍ക്കുന്ന ഒന്ന് വേറെയില്ല.

ഈ സിനിമ കൊണ്ട് ഹോളോക്കാസ്റ്റിന്റെ ഭീകരമുഖം പ്രേക്ഷകരുടെ മനസ്സില്‍ രൂഢമൂലമാകുന്നുവെന്നാണ് എനിക്ക് തോന്നിയത്. ഹിറ്റ്ലറെയും അനുചരരെയും സിനിമയില്‍ കത്തിച്ചാമ്പലാക്കുന്നതുവഴി അവരുടെ പൈശാചികതക്ക് എന്തെങ്കിലും കുറവ് ഭാവിയില്‍ പൊതുജനാഭിപ്രായത്തിന് ഉണ്ടാകുമെന്ന് തോന്നുന്നില്ല. ഒരു പക്ഷേ, അത്തരം ഒരു പ്രവൃത്തിയിലൂടെ തിയേറ്ററിന്ന് പുറത്തിറങ്ങുന്നതുവരെ പ്രേക്ഷകര്‍ക്ക് ഒരു ചെറിയ സന്തോഷം തോന്നുന്നെങ്കില്‍ അവരെ കുറ്റം പറായാനും പറ്റില്ല.

ഹോളിവുഡിലെ മികച്ച എഴുത്തുകാരുടെയും സംവിധായകരുടെയും നിരയില്‍ താന്‍ ഉണ്ടെന്ന് ഈ ചിത്രത്തിലൂടെ റ്റരാന്റീനോ ഒരിക്കല്‍ക്കൂടി തെളിയിച്ചിരിക്കുന്നു.

Friday, September 04, 2009

ഒബാമയുടെ ഹെല്‍ത്ത് കെയര്‍ ബില്ലില്‍ എന്തുകൊണ്ട് പബ്ലിക്ക് ഓപ്ഷന്‍ വേണം?

അങ്ങനെ ഞാന്‍ അവസാനം എന്റെ ഇം‌ഗ്ലീഷ് ബ്ലോഗ് തുടങ്ങി. ഒബാമയുടെ ഹെല്‍‌ത്ത് കെയര്‍ ബില്ലിനെ കുറിച്ച് കൈയിലുണ്ടായിരുന്ന ഒന്ന് റീസൈക്കിള്‍ ചെയ്ത് ഇടുന്നു:

ഒബാമയുടെ ഹെല്‍ത്ത് കെയര്‍ ബില്ലില്‍ എന്തുകൊണ്ട് പബ്ലിക്ക് ഓപ്ഷന്‍ വേണം?

Sunday, August 16, 2009

പാവം യൂദാസ്


Giotto’s “Betrayal of Christ” (circa 1305)

ഒരു കത്തോലിക്കാ കുടുംബത്തില്‍ ജനിച്ചുവളര്‍ന്നതിലെ പ്രധാനപ്പെട്ട ഓര്‍മകളില്‍ ചിലത്, “യൂദാസ്” എന്ന വാക്ക് എന്റെ അപ്പനും അമ്മയും അടുത്ത കുടുംബാംഗങ്ങളുമൊക്കെ ഉപയോഗിച്ചിരുന്ന സന്ദര്‍ഭങ്ങളാണ്: തികച്ചും വഞ്ചകരും പുറകില്‍ നിന്ന് കുത്തുന്നവരുമെന്ന് അവര്‍ക്ക് തോന്നിയവര്‍ക്കും വേണ്ടി നീക്കി വച്ചിരുന്ന വിശേഷണമായിരുന്നു ആ വാക്ക്. “യൂദാസ്” തെറിയേക്കാള്‍ നികൃഷ്ടമായ പദമായിരുന്നു അവര്‍ക്ക്; യൂദാസുകളുമായി മുദ്രകുത്തപ്പെടുന്നവരുമായി സംസര്‍ഗം ഉണ്ടാകാനുള്ള സാധ്യത വളരെ കുറവുമായിരുന്നു. പക്ഷേ, പള്ളിയിലും വേദോപദേശക്ലാ‍സിലുമൊക്കെ ആവര്‍ത്തിച്ചുകേട്ട സുവിശേഷ കഥകളില്‍ നിന്ന് നന്നേ ചെറുപ്പത്തില്‍ തന്നെ ഒരു കാര്യം എനിക്ക് വ്യക്തമായി: യേശുവിന്റെ മരണവും ഉത്ഥാനവും ആകസ്മികമല്ല; “എഴുതപ്പെട്ടതാണ്”. അതായത് എഴുതപ്പെട്ടിരുന്നതുപോലെ സംഭവിക്കേണ്ടിയിരുന്നതാണ് അദ്ദേഹത്തിന്റെ കുരിശുമരണവും ക്രിസ്തുമതത്തിന്റെ അടിസ്ഥാനം തന്നെയായ മൂന്നാം നാളത്തെ ഉയിര്‍പ്പും.

അപ്പോള്‍ യേശുവിനെ കുരിശുമരണത്തിലേക്ക് നയിച്ച ഒറ്റിന്റെ കാരണക്കാരനായ യൂദാസ് എങ്ങനെയാണ് കുറ്റക്കാരനാകുന്നത്? കഠിനമായ പരിശീലനത്തിനുശേഷം കാണികളുടെ മുമ്പില്‍ നന്നായി ചെയ്യുന്ന ഒരു നാടകത്തിലെ ഒറ്റ ചുവടുപോലും പിഴക്കാത്ത മികച്ചൊരു നടന്‍ മാത്രമായിരുന്നില്ലേ യൂദാസ്? തന്റെ റോളിനെക്കുറിച്ച് അറിയാതിരുന്നതുകൊണ്ട് പാവം സ്വന്തം ജീവിതം കൊണ്ട് പ്രായശ്ചിത്തവും ചെയ്തു. യൂദാസിനോട് എനിക്ക് സഹതാപം തോന്നിത്തുടങ്ങിയത് അങ്ങനെയാണ്. ഒരളവുവരെ പീലാത്തോസിനോടും എനിക്ക് അങ്ങനെ തോന്നിയിരുന്നു. അത്തരം സംശയങ്ങള്‍ അക്കാലത്ത് ഞാന്‍ പുറത്ത് പ്രകടിപ്പിച്ചിട്ടുണ്ടാകുമെന്ന് തോന്നുന്നില്ല; അന്നും ഇന്നും ഒട്ടും പൊളിറ്റിക്കലി കറക്റ്റ് അല്ലാത്തെ ആശങ്കകള്‍ പ്രകടിപ്പിക്കാന്‍ പറ്റിയ സ്ഥലം അല്ല കേരളം‍. “ആറാം തിരുമുറിവ്” നാടകത്തിനെതിരെ ‘ക്രിസ്തുനാഥന്‍ സിന്ദാബാദ്’ എന്ന് മുദ്രാവാക്യം വിളിച്ച് പ്രതിഷേധിച്ച ഒരു സമൂഹത്തില്‍, യൂദാസിനെ ഒരു മനുഷ്യനായി കാണാന്‍ ബഹുദൂരം സഞ്ചരിക്കണമല്ലോ.

യൂദാസിനോടുള്ള അലിവ് മനസ്സിലിട്ട് നടക്കുന്ന കാലത്താണ് ‘യൂദാസിന്റെ കാമുകി’ എന്ന ഒരു നോവല്‍ വായിക്കുന്നത്. എഴുത്തുകാരന്റെ പേര് എനിക്ക് ഓര്‍മ വരുന്നില്ല; പക്ഷേ, അദ്ദേഹം കത്തോലിക്ക പ്രസിദ്ധീകരണങ്ങളില്‍ ഒക്കെ എഴുതിയിരുന്ന ഒരു കുഞ്ഞാട് തന്നെയായിരുന്നെന്ന് തോന്നുന്നു. യൂദാസിന്റെ കാമുകി ആ നോവലില്‍ മഗ്ദലന മറിയമാണ്. സുവിശേഷങ്ങളുടെ തടവറയില്‍ നിന്ന് യൂദാസ് എന്ന കഥാപാത്രം പുറത്തുപോകുന്നില്ലെങ്കിലും മഗ്ദലന മറിയത്തിന്റെ കാമുകനാക്കുന്നതു വഴി വെറുമൊരു ഒറ്റുകാരനെന്ന ഒറ്റ ഡൈമണ്‍ഷനില്‍ നിന്ന്, ഒരു സാധാരണ മനുഷ്യന്റെ മജ്ജയും മാംസവും ആ നോവല്‍ യൂദാസിന് കിട്ടുന്നുണ്ട്. ഇതിലപ്പുറം എന്തെങ്കിലും മലയാളസാഹിത്യത്തില്‍ യൂദാസിനെക്കുറിച്ച് ഉണ്ടായിട്ടുണ്ടോ? എന്റെ പരിമിതമായ മലയാളം വായനയില്‍ ഒന്നും കണ്ടിട്ടില്ല.

പക്ഷേ, യൂദാസിനെക്കുറിച്ചുള്ള ആകാംഷ പുറംലോകത്ത് വളരെ ശക്തമായിരുന്നെന്ന് പിന്നീട് മനസിലായി. കസാന്‍‌ദ്സാക്കീസിന്റെ ‘ലാസ്റ്റ് ടെം‌പ്‌റ്റേഷനി’ല്‍ റോമന്‍ അടിമത്തത്തെ ചെറുക്കുന്ന ശക്തനായ ഒരു വിപ്ലവകാരിയാണ് യൂദാസ്. യേശുവുവിന് ശിഷ്യപ്പെടുന്നത് അദ്ദേഹം ചെറുത്തുനില്‍പ്പിന്റെ നേതൃത്വം ഏറ്റെടുക്കും എന്ന വ്യാമോഹത്തിലാണ്. പക്ഷേ, സീസറിനുള്ളത് സീസറിനും ദൈവത്തിനുള്ളതിന് ദൈവത്തിനും എന്ന് പ്രഖ്യാപിച്ച് യേശു അന്നത്തെ രാഷ്ട്രീയ-പടക്കപ്പുരയില്‍ നിന്ന് താല്‍‌ക്കാലികമായെങ്കിലും വിദഗ്ദമായി രക്ഷപ്പെടുന്നുമുണ്ട്.

എന്റെ മനസ്സില്‍ തന്നെ രൂപപ്പെട്ടതാണോ അതോ ആരോ പറഞ്ഞതാണോ എന്ന് ഉറപ്പില്ല. പക്ഷേ, യേശുവിന്റെ കുരിശുമരണം യേശുവും യൂദാസും കൂടി നടത്തിയ ഒരു രാഷ്ട്രീയനാടകം കൈവിട്ടുപോയതാണെങ്കിലോ? അതായത് , യേശു അറിഞ്ഞുകൊണ്ടുതന്നെ യൂദാസ് അദ്ദേഹത്തെ ജൂതപ്രമാണികള്‍ക്ക് ഏല്പിച്ച് കൊടുക്കുന്നു; ചോദ്യം ചെയ്യലും ഭേദ്യവുമൊക്കെ വഴി കൂടുതല്‍ ജനങ്ങള്‍ക്കിടയില്‍ അറിയപ്പെടാന്‍. പക്ഷേ, യൂദാസിന് പ്രമാണികളുമായുള്ള പിടി ഉപയോഗിച്ച് യേശുവിനെ മരണശിക്ഷയില്‍ നിന്ന് രക്ഷിക്കാനാവാതെ പോകുന്നു; സുഹൃത്തിനെ രക്ഷിക്കാനാവാത്ത വിഷമത്തില്‍ അദ്ദേഹം ആത്മഹത്യ ചെയ്യുകയും ചെയ്യുന്നു.

സുവിശേഷത്തിലേക്കാളും നികൃഷ്ടനായി യൂദാസിനെ അവതരപ്പിക്കുന്നത് മെല്‍ ഗിബ്സന്റെ പാഷന്‍ ഓഫ് ദ ക്രൈസ്റ്റ് എന്ന സിനിമയില്‍ ആണ്. പിശാച് ബാധിതനായാണ് അതില്‍ യൂദാസ് പോയി തൂങ്ങിച്ചാകുന്നത്. തികച്ചും വെറുപ്പുളവാക്കുന്ന ആ സിനിമയിലെ ഏറ്റവും വൃത്തികെട്ട സീനുകളാണ് അതില്‍ യൂദാസിന് വേണ്ടി നീക്കി വച്ചിട്ടുള്ളത്. ഇനി മെല്‍ ഗിബ്‌സന്റെ പടങ്ങള്‍ കാണില്ല എന്ന് ആ സിനിമ കണ്ടിറങ്ങിയശേഷം തീരുമാനിക്കുകയും ചെയ്തു. യൂദാസിന്റെ വഞ്ചനയെക്കാള്‍ മെല്‍ ഗിബ്സന്‍ എന്ന പച്ച മനുഷ്യന്റെ ഉള്ളിലെ വിഷമാണ് എന്നില്‍ ഏറെ വെറുപ്പുളവാക്കിയത്.

ഇതെല്ലാം എഴുതാന്‍ കാരണം യൂദാസിനെക്കുറിച്ച് ഈയിടെ ന്യൂ യോര്‍ക്കറില്‍ വന്ന “യൂദാസ് ഇസ്ക്കറിയോത്തിനെ നമ്മള്‍ വെറുക്കണമോ?” എന്ന നല്ല ലേഖനമാണ്. എനിക്ക് ചെറുപ്പത്തില്‍ ഉണ്ടായിരുന്ന പല സംശയങ്ങളും ഇതിലും ഉന്നയിക്കപ്പെടുന്നുണ്ട്. 1978-ല്‍ ഈജിപ്തില്‍ കണ്ടെടുത്ത, കോപ്റ്റിക് ഭാഷയില്‍ എഴുതപ്പെട്ട ‘യൂദാസിന്റെ സുവിശേഷം’ യൂദാസിനെ അക്കാദമിക് വൃത്തങ്ങളില്‍ വളരെയധികം ചര്‍ച്ചചെയ്യപ്പെടാന്‍ ഇടയാക്കി. ആ സുവിശേഷത്തില്‍ യേശുവിന്റെ പ്രിയശിഷ്യനാണ് യൂദാസ്. കസാന്‍‌ദ്‌സാക്കീസും ബോര്‍ഗസും അടക്കം പല എഴുത്തുകാരും കലാകാരന്മാരും യൂദാസിനെ നല്ല വെളിച്ചത്തില്‍ കാണുന്നുണ്ട്. എങ്കിലും, നൂറ്റാണ്ടുകളായി യൂദാസിനെ പൈശാചികവല്‍ക്കരിക്കുന്നതിന്റെ പ്രധാന രാഷ്ട്രീയം ജൂതന്മാരെ മോശക്കാരാക്കി ചിത്രീകരിക്കുവാനായിരുന്നു എന്ന് ഈ ലേഖനത്തില്‍ നിരീക്ഷിക്കുന്നുണ്ട്. യൂദാസ് എന്ന സുവിശേഷത്തിലെ സങ്കീര്‍ണ്ണകഥാപാത്രത്തെപ്പറ്റി കൂടുതല്‍ അറിയാന്‍ ഈ ലേഖനം വളരെ ഉപകരിക്കും.

Friday, May 22, 2009

പ്രഭാകരന്റെ പതനം

സ്വദേശത്ത് ജനാധിപത്യം ശക്തിപ്പെടുക; അയല്‍‌രാജ്യത്ത് അതിന്റെ ഒരു ആജന്മശത്രു പരാജയപ്പെടുക. സന്തോഷത്തിന് വകയുള്ള വാര്‍ത്തകളാണ് കഴിഞ്ഞ രണ്ട് ആഴ്ചകളായിട്ട് പുറത്തുവരുന്നത്. ഏകാധിപതികള്‍ വീഴുമ്പോള്‍ എനിക്ക് ഭയങ്കര സന്തോഷം ഉണ്ടാകാറുണ്ട്. അതുകൊണ്ട് ശ്രീലങ്കന്‍ പട്ടാളം പ്രഭാകരന്റെ കഥകഴിച്ചപ്പോഴും അങ്ങനെതന്നെ തോന്നി. (സദ്ദാം ഹുസൈന്‍ വീണപ്പോഴും അതേ വികാരമാണ് ഉണ്ടായത്; അതിന്നുശേഷം ഇറാക്കികള്‍ അയാളുടെ കീഴില്‍ അനുഭവിച്ചതിനേക്കാള്‍ യാതന അനുഭവിക്കുന്നതുകണ്ടപ്പോള്‍ വീണ്ടുവിചാരം ഉണ്ടായതു വേറെ കാര്യം.)

‘പ്രഭാകരന്‍‘ എന്ന് വേലുപ്പിള്ളൈ പ്രഭാകരന്റെ പേര് പത്രങ്ങളില്‍ എഴുതിക്കാണാന്‍ വളരെ നാളുകള്‍ എടുത്തു എന്നാണ് എന്റെ ഓര്‍മ. ‘പിറഭാകരന്‍‘ എന്നൊക്കെയുള്ള ചില വിചിത്രരൂപങ്ങളാണ് ആദ്യമൊക്കെ കണ്ടിട്ടുള്ളത്. അന്ന് രാഷ്ട്രീയക്കാരും മാധ്യമങ്ങളും പൊതുവേ തമിഴ് വിഘടനവാദത്തെ പിന്താങ്ങിയിരുന്നതുകൊണ്ട് കാലത്ത് വായിക്കാന്‍ ഒരു എരിവുള്ള വാര്‍ത്ത എന്നതില്‍ കവിഞ്ഞ് ശ്രീലങ്കയിലെ തമിഴ് കലാപത്തെ ആരെങ്കിലും കണക്കിലെടുത്തിരുന്നു എന്ന് തോന്നുന്നില്ല.

അങ്ങനെയിരിക്കെയാണ് ഐ.പി.കെ.എഫ്. -നെ രാജീവ് ഗാന്ധി ആ കലാപഭൂമിയില്‍ നിയോഗിക്കുന്നതും വേലിയില്‍ ഇരിന്നിരുന്ന പാമ്പിനെ എടുത്ത് കോ‌‌‌ണത്തില്‍ വച്ചത് പോലെ എന്ന് എന്റെ നാട്ടില്‍ പറയുന്നതുപോലെ ആയതും. ആ ചരിത്രങ്ങളൊന്നും ഇവിടെ വിളമ്പേണ്ട കാര്യമില്ല എന്ന് തോന്നുന്നു. പക്ഷേ, ഞാന്‍ LTTE-യെ വെറുക്കാന്‍ ഉണ്ടായ കാരണം അക്കാലത്ത് ഇന്ത്യ ടുഡേയില്‍ വന്ന ഒരു മുഖചിത്രമാണ്. അതില്‍, കൊല്ലപ്പെട്ട നമ്മുടെ ജവാന്‍‌മാര്‍ നല്ല യൂണിഫോമും ബൂട്ടുമൊക്കെ ഇട്ട് ഒരു തെരുവ് മുഴുവന്‍ നിറഞ്ഞ് കിടക്കുന്നു. അവരുടെ വസ്ത്രങ്ങള്‍ കാര്യമായി മുഷിഞ്ഞിട്ടുപോലുമില്ല; ഒരു സിനിമാസീനിലെ സുന്ദരന്മാരും ആരോഗ്യദൃഢഗാത്രരുമായ എക്സ്ട്രാകളെപ്പോലെ. അവരുടെ ജഢങ്ങള്‍ക്ക് കാവല്‍ നില്‍ക്കുന്നത് ലുങ്കിയുടുത്ത് ആട്ടോമാറ്റിക് തോക്കും പിടിച്ച് സ്ലിപ്പറും ഇട്ട് നില്‍ക്കുന്ന രണ്ടോ-മൂന്നോ ഉണക്ക തമിഴന്മാര്‍. അതുവരെ ശ്രീലങ്കന്‍ തമിഴനോടുണ്ടായിരുന്ന എല്ലാ സഹതാപവും ആ ചിത്രം തുളുപ്പിച്ച വെറുപ്പിന്റെ തള്ളലില്‍ ഒഴുകിപ്പോയി.

രാജീവ് ഗാന്ധിയെ കൊന്നതോടുകൂടി ആ വെറുപ്പ് ഒന്നുകൂടി കടുപ്പമായി.

പിന്നീട് ചെന്നൈയിലും അമേരിക്കയിലും വച്ച് ഇടിയപ്പവും പുട്ടും അപ്പവും മീനും തിന്നുന്ന പാവം സിംഹളരെ നേരിട്ട് കാണാനും പരിചയപ്പെടാനും ഇടയായപ്പോള്‍, തൈര്സാദമടിക്കുന്ന തമിഴനേക്കാള്‍ അവരോട് കൂടുതല്‍ മാനസികബന്ധം തോന്നിയത് വേറെ കാര്യം.

സിംഹളര്‍ ശ്രീലങ്കന്‍ തമിഴരോട് ചെയ്ത ക്രൂരതകള്‍, അതിനെവെല്ലുന്ന ക്രൂരത ലോകത്തിന്റെ മുമ്പില്‍ നിരത്തിക്കൊണ്ട്, ലോകജനതയുടെ ഓര്‍മയില്‍ നിന്ന് മായ്ച്ചതും അതുവഴി തമിഴര്‍ക്ക് ഉണ്ടായിരുന്ന എല്ലാ സഹതാപവും ഇല്ലാതാക്കിയതുമാണ് LTTE ചെയ്ത ഏറ്റവും വലിയ പാതകം. LTTE-യുടെ ആ തേര്‍വാഴ്ചക്കിടയില്‍ എല്ലാ പ്രതിയോഗികളെയും വകവരുത്തുക വഴി, തികച്ചും നാഥരില്ലാത്ത ഒരു ജനക്കൂട്ടമായിട്ടുണ്ട് ശ്രീലങ്കന്‍ തമിഴര്‍. ഇപ്പോള്‍ അവരെ സിംഹളഭൂരിപക്ഷത്തിന്റെ കാരുണ്യത്തില്‍ ആക്കിയിരിക്കുന്നതിന് കാരണക്കാര്‍ തമിഴ് ഈലത്തിന് വേണ്ടി ദുശാഢ്യം പിടിച്ച പ്രഭാരനും കൂട്ടാളികളും തന്നെ.

LTTE-യുടെ സുവര്‍ണകാലത്ത് ചന്ദ്രിക കുമാരതുംഗ തമിഴര്‍ക്ക് സ്വയംഭരണാവകാശം വാഗ്ദാനം ചെയ്തിരുന്നു എന്നാണ് എന്റെ ഓര്‍മ. ആ നീക്കുപോക്കിന് പ്രഭാകരന്‍ തയ്യാറായിരുന്നെങ്കില്‍ സമ്പല്‍‌സമൃദ്ധമായ മറ്റൊരു തമിഴ്നാട് പാക്ക് കടലിടുക്കിന് കുറുകെ ഉണ്ടാകുമായിരുന്നു. അത്തരമൊരു സുവര്‍ണാവസരവും ചരിത്രത്തില്‍ സ്ഥിരമായ സ്ഥാനവുമാണ് തന്റെ മെഗലോമാനിയ കൊണ്ട് പ്രഭാകരന്‍ കളഞ്ഞുകുളിച്ചത്.

ശ്രീലങ്കയില്‍ പ്രഭാകരന്റെ ഭാവനയിലുണ്ടായിരുന്ന തമിഴ് ഈലം ഒരിക്കലും ഉണ്ടാകാന്‍ പാടില്ല. അങ്ങനെ ഒന്ന് സംഭവിച്ചാല്‍ ദക്ഷിണേന്ത്യയില്‍ ആഫ്രിക്കയിലൊക്കെ കാണുന്നതുപോലുള്ള, വംശീയാടിസ്ഥാനത്തിനുള്ള വിഘടനവാദവും senseless violence-ഉം നിത്യസംഭവങ്ങള്‍ ആകും.

പ്രഭാകരന്റെ വീഴ്ചയില്‍ സന്തോഷിക്കുമ്പോഴും ചിന്തിക്കേണ്ട 2-3 കാര്യങ്ങള്‍ ഉണ്ട്:

- ഇതുവരെ കത്തിനിന്ന LTTE എന്തുകൊണ്ട് പെട്ടന്ന് തകര്‍ന്നുവീണു? അവര്‍ വെറുമൊരു ഭീകരസംഘടനയല്ല എന്ന് ഓര്‍ക്കണം. സ്വന്തം സൈന്യവും നികുതിപിരുവുമൊക്കെ ഉണ്ടായിരുന്നവരാണ്. ഹമാസ് പോലെയുള്ള സംഘടനയായിട്ടേ അവരെ താരതമ്യം ചെയ്യാന്‍ പറ്റൂ. ഒരു കാരണം പ്രഭാകരന്റെ domestication ആ‍ണ്. കുട്ടികളടക്കം ബാക്കിയുള്ളവരെ suicide bomb-കള്‍ ആയി അയച്ചിട്ട് ഭാര്യയുടെയും കുട്ടികളുടെയും കൂടെ അദ്ദേഹം സുഖമായി തിന്നും കുടിച്ചും എസിയില്‍ കഴിയുകയായിരുന്നു. പ്രമേഹമുള്ള ഗറില്ലാ നേതാക്കള്‍ വളരെ അപൂര്‍വ്വമായേ ലോകത്തുണ്ടാകൂ. പ്രഭാകരന്റെയും മകന്റെയും അവസാനകാലത്തെ യൂണിഫോമിലുള്ള ചില പടങ്ങള്‍ കണ്ടാല്‍ ചിരിവരും. ദുര്‍മേദസ്സുള്ള ചില മലയാളി മിമിക്രിക്കാര്‍ സ്കിറ്റിന് വേഷം കെട്ടി നില്‍ക്കുന്നതുപോലെ തോന്നും അവരെക്കണ്ടാല്‍.

- LTTE-യുടെ പതനത്തില്‍ പാക്കിസ്ഥാന്റെയും ചൈനയുടെയും പങ്ക്. രാജീവ് ഗാന്ധി വധത്തോടെ ഇന്ത്യ പൂര്‍ണമായും ശ്രീലങ്കന്‍ രാഷ്ട്രീയത്തില്‍ നിന്ന് ഒഴിവായി. ആ ശൂന്യതയിലേക്ക് ചൈനയും പാക്കിസ്ഥാനും കയറിയിട്ടുണ്ടെന്ന് വ്യക്തം. സൈനികരംഗത്ത് പാക്കിസ്ഥാനും സാമ്പത്തികരംഗത്ത് ചൈനയും കാലുറപ്പിക്കുമ്പോള്‍ ഇന്ത്യയ്ക്ക് പ്രശന്മാകുന്നത് അതിന്റെ സുരക്ഷിതത്വം ആണ്. ഇന്ത്യന്‍ നേവിക്കുള്ള മുന്‍‌കൈ ശ്രീലങ്കയിലെ തന്ത്രപ്രധാനമായ സാന്നിധ്യത്തിലൂടെ പാക്കിസ്ഥാന് കുറക്കാന്‍ കഴിയും. ഈ രണ്ടു രാജ്യങ്ങളും LTTE-യെ ഒതുക്കാന്‍ സഹായിച്ചിട്ടുണ്ടെങ്കില്‍ അവര്‍ കൂടുതല്‍ സൌജന്യങ്ങള്‍ ശ്രീലങ്കയില്‍ നിന്ന് ഭാവിയില്‍ നേടും എന്ന് ഉറപ്പാണ്.

- അനാഥരായ ശ്രീലങ്കന്‍ തമിഴരെ അവിടത്തെ സര്‍ക്കാര്‍ എങ്ങനെ കൈകാര്യം ചെയ്യും? സിംഹളഭൂരിപക്ഷത്തിന് പഴയരീതികളിലേക്ക് മടങ്ങി ഇനിയും പ്രഭാകരന്‍‌മാരെ സൃഷ്ടിക്കാം; അല്ലെങ്കില്‍ സ്വയംഭരണാവകാശങ്ങള്‍ പോലുള്ള രീതികള്‍കൊണ്ട് യഥാര്‍ത്ഥ അധികാരം അവരുമായി പങ്കുവച്ച് ഈ അവസരത്തെ സ്ഥായിയായ സമാധാനസ്ഥാപനത്തിന് ഉപയോഗിക്കാം. രാജപക്സേയുടെ പ്രഖ്യാപനങ്ങള്‍ തമിഴരോട് അനുഭാവം കാണിച്ചിട്ടാണ് ഇതുവരെ. അദ്ദേഹവും അതിന് ശേഷം വരുന്ന സര്‍ക്കാറുകളും ജനപക്ഷത്തായിരിക്കുമോ എന്നാണ് നമ്മള്‍ ഇനി നോക്കിയിരിക്കേണ്ടത്.

Wednesday, April 15, 2009

കേരളത്തിലെ സീറ്റുകളെപ്പറ്റി എന്റെ അനുമാനങ്ങള്‍ (ഫൈനല്‍)

നാളെ കേരളം പോളിംഗ് ബൂത്തിലേക്ക് പോവുകയാണ്. ഇത്ര ദൂരെ ഇരുന്ന് പത്രങ്ങളിലൂടെ തിരഞ്ഞെടുപ്പിലെ നീക്കങ്ങളെ നിരീക്ഷിക്കാമെന്ന വ്യാമോഹം നടന്നില്ല. കാരണം, ജനങ്ങളുടെ നിലപാടിനെക്കുറിച്ച് പത്രങ്ങളില്‍ കാര്യമായി ഒന്നും എഴുതിക്കണ്ടില്ല; നേതാക്കന്മാരുടെ പ്രസ്താവനകളും അവകാശവാദങ്ങളും അവര്‍ വെറുതേ റിലേ ചെയ്തതേയുള്ളൂ. മലയാളം ബ്ലോഗിലാണെങ്കില്‍ എഴുതാനറിയാവുന്ന മിക്കവാറും പേര്‍ തല്‍ക്കാലത്തേക്ക് സി.പി.എമ്മിന് ചുമരെഴുത്തിനായി നിന്നുകൊടുത്തിരിക്കുകയാണ്.

അഭിപ്രായവോട്ടെടുപ്പുകളില്‍ 15 മുതല്‍ 18 വരെ സീറ്റുകള്‍ യു.ഡി.എഫിന് കിട്ടുമെന്ന് പറയപ്പെടുന്നുണ്ട്. എന്റെ നിഗമനം അവര്‍ക്ക് 16 സീറ്റുകള്‍ കിട്ടുമെന്നാണ്. ആറ്റിങ്ങല്‍, കൊല്ലം, ആലത്തൂര്‍, കോഴിക്കോട് എന്നീ സീറ്റുകള്‍ ഒഴിച്ച് ബാക്കിയെല്ലാം യു.ഡി.എഫ്. പിടിക്കും. മണ്ഡലങ്ങള്‍ തിരിച്ചുള്ള എന്റെ നിഗമനങ്ങള്‍ അവസാനം കൊടുത്തിട്ടുള്ള പട്ടികയില്‍ ഉണ്ട്.

ആരൊക്കെ ജയിച്ചു വന്നാലും കേരളത്തില്‍ നിന്നുള്ള 20 പേരും കോണ്‍‌ഗ്രസ് നേതൃത്വത്തിലുള്ള ഒരു മന്ത്രിസഭയെ പിന്തുണക്കാനാണ് ഏറെ സാധ്യത. അതുകൊണ്ട് യു.ഡി.എഫ് എം.പി.മാരെത്തന്നെ ജയിപ്പിച്ചു കേന്ദ്രത്തിലേക്ക് വിടുന്നതാണ് കേരളത്തിന് നല്ലതെന്ന് എനിക്ക് തോന്നുന്നു. ആകെ ഒരാള്‍ മാത്രം ലോക്‍സഭയില്‍ എത്തിയിട്ടും 3 മന്ത്രിമാര്‍ കഴിഞ്ഞ തവണ കേരളത്തില്‍ നിന്ന് ഉണ്ടായി. ശശി തരൂരിനെ കോണ്‍ഗ്രസ് നേതൃത്വം എങ്ങനെ ഉപയോഗപ്പെടുത്തും എന്നാണ് ഞാന്‍ ഇത്തവണ ഉറ്റുനോക്കുന്നത്.

ഇടതുമുന്നണിയുടെ പിന്തുണ യു.പി.എ. സഖ്യത്തിന് ഒരു തലവേദന തന്നെയായിരുന്നു കഴിഞ്ഞ തവണ. പ്രത്യേകിച്ചും ആണവ‌ ഉടമ്പടിയുമായി ബന്ധപ്പെട്ട് അവര്‍ നടത്തിയ നാടകങ്ങള്‍ രാജ്യത്തിന്റെ പുരോഗതിക്ക് ഇടതുമുന്നണി ഭാവിയിലും തടസ്സമാകുമെന്ന് വ്യക്തമാക്കുകയും ചെയ്തു. ഇടതുമുന്നണിയുടെ പിന്തുണയില്ലാതെ കേന്ദ്രത്തില്‍ ഇത്തവണ കോണ്‍‌ഗ്രസ് നയിക്കുന്ന മുന്നണിക്ക് ഭരണത്തില്‍ എത്താന്‍ കഴിയണം. അതുകൊണ്ട് സ്ഥാനാര്‍ഥിയുടെ വ്യക്തിപരമായ ഗുണഗണങ്ങള്‍ മാത്രം നോക്കാതെ അവരുടെ നിലപാടുകളും നോക്കി നിങ്ങളുടെ വോട്ടവകാശം വിനിയോഗിക്കുക.

എന്റെ അവസാനത്തെ നിഗമനങ്ങള്‍ ഇവയാണ്:






















മണ്ഡലംസ്ഥാനാര്‍ഥികള്‍സാധ്യത
തിരുവനന്തപൂരംശശി തരൂര്‍ (കോണ്‍ഗ്രസ്) രാമചന്ദ്രന്‍ നായര്‍ (സി.പി.ഐ.) ശശി തരൂര്‍ (ഉറപ്പ്)
ആറ്റിങ്ങല്‍ജി.ബാലചന്ദ്രന്‍ (കോണ്‍ഗ്രസ്) എ.സമ്പത്ത് (സി.പി.എം.) എ.സമ്പത്ത് (സാധ്യത)
കൊല്ലംപീതാംബരക്കുറുപ്പ് (കോണ്‍ഗ്രസ്) പി.രാജേന്ദ്രന്‍ (സി.പി.എം.) പി.രാജേന്ദ്രന്‍(സാധ്യത)
പത്തനംതിട്ടആന്റോ ആന്റണി (കോണ്‍ഗ്രസ്) അനന്തഗോപന്‍‍ (സി.പി.എം.) ആന്റോ ആന്റണി ‍(ഉറപ്പ്)
കോട്ടയംജോസ് കെ.മാണി (കേരള കോണ്‍ഗ്രസ്) സുരേഷ് കുറുപ്പ്‍ (സി.പി.എം.) ജോസ് കെ. മാണി ‍(ഉറപ്പ്)
മാവേലിക്കരകൊടിക്കുന്നില്‍ സുരേഷ് (കോണ്‍ഗ്രസ്) ആര്‍.എസ്.അനില്‍‍ (സി.പി.ഐ.) കൊടിക്കുന്നില്‍ സുരേഷ് ‍(ഉറപ്പ്)
ആലപ്പുഴകെ.സി.വേണുഗോപാല്‍ (കോണ്‍ഗ്രസ്) കെ.എസ്.മനോജ്‍ (സി.പി.എം.) കെ.സി.വേണുഗോപാല്‍ ‍(ഉറപ്പ്)
ഇടുക്കിപി.ടി.തോമസ് (കോണ്‍ഗ്രസ്) ഫ്രാ‍ന്‍‌സിസ് ജോര്‍ജ്ജ്‍‍ (കേരള കോണ്‍‌ഗ്രസ്) പി.ടി.തോമസ് (സാധ്യത)
എറണാകുളംകെ.വി.തോമസ് (കോണ്‍ഗ്രസ്) സിന്ധു ജോയി‍‍ (സി.പി.എം.) കെ.വി.തോമസ് (ഉറപ്പ്)
ചാലക്കുടികെ.പി.ധനപാലന്‍ (കോണ്‍ഗ്രസ്) യു.പി.ജോസഫ് (സി.പി.എം.) കെ.പി.ധനപാലന്‍ ‍(ഉറപ്പ്)
തൃശ്ശൂര്‍പി.സി.ചാക്കോ (കോണ്‍ഗ്രസ്) സി.എന്‍.ജയദേവന്‍‍‍ (സി.പി.ഐ.) പി.സി.ചാക്കോ ‍(ഉറപ്പ്)
ആലത്തൂര്‍എന്‍.കെ.സുധീര്‍ (കോണ്‍ഗ്രസ്) പി.കെ.ബിജു‍‍ (സി.പി.എം.) പി.കെ.ബിജു ‍(സാധ്യത)
പാലക്കാട്സതീശന്‍ പാച്ചേനി (കോണ്‍ഗ്രസ്) എം.ബി.രാജേഷ് (സി.പി.എം.) സതീശന്‍ പാച്ചേനി ‍(സാധ്യത)
കോഴിക്കോട്എം.കെ.രാഘവന്‍ (കോണ്‍ഗ്രസ്) മുഹമ്മദ് റിയാസ് (സി.പി.എം.) മുഹമ്മദ് റിയാസ് ‍(സാധ്യത)
വടകരമുല്ലപ്പിള്ളി രാമചന്ദ്രന്‍ (കോണ്‍ഗ്രസ്) പി.സതിദേവി(സി.പി.എം.) മുല്ലപ്പിള്ളി രാമചന്ദ്രന്‍ ‍(സാധ്യത)
മലപ്പുറംഇ.അഹമ്മദ് (മുസ്ലിം ലീഗ്) ടി.കെ.ഹംസ (സി.പി.എം.) ഇ.അഹമ്മദ് (ഉറപ്പ്)
പൊന്നാനിഇ.ടി.മുഹമ്മദ് ബഷീര്‍ (മുസ്ലീം ലീഗ്) ഹുസൈന്‍ രണ്ടത്താണി (സി.പി.എം. സ്വതന്ത്രന്‍) ഇ.ടി.മുഹമ്മദ് ബഷീര്‍ ‍(ഉറപ്പ്)
വയനാട്എം.ഐ.ഷാനവാസ് (കോണ്‍ഗ്രസ്) എം.റഹ്‌മത്തുള്ള‍ (സി.പി.ഐ.) എം.ഐ.ഷാനവാസ് ‍(സാധ്യത)
കണ്ണൂര്‍കെ.സുധാകരന്‍ (കോണ്‍ഗ്രസ്) കെ.കെ.രാഗേഷ്‍‍ (സി.പി.എം.) കെ. സുധാകരന്‍ ‍(സാധ്യത)
കാസര്‍ഗോഡ്ഷാഹിദാ കമാല്‍ (കോണ്‍ഗ്രസ്) പി.കരുണാകരന്‍‍‍ (സി.പി.എം.) ഷാഹിദാ കമാല്‍ ‍(സാധ്യത)

About Me

My Photo
t.k. formerly known as thomman
View my complete profile