Saturday, March 08, 2008

ഒബാമ പതറുന്നു | അമേരിക്കന്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പ്

മാര്‍ച്ച് 4-ന് നടന്ന പ്രൈമറികളില്‍ ഒബാമക്ക് ടെക്സസില്‍ മാത്രമേ വിജയിക്കേണ്ടിയിരുന്നുള്ളൂ, നോമിനേഷനില്‍ അതിശക്തമായ പിടിമുറുക്കാന്‍. ബില്‍ ക്ലിന്റനും മറ്റു തലമുതിര്‍ന്ന ഡമോക്രാറ്റിക് പാര്‍ട്ടി നേതാക്കളും സൂചിപ്പിച്ചിരുന്നതുപോലെ ഒഹായോയിലും ടെക്സസിലും തോറ്റിട്ട് ഹിലരിക്ക് അവരുടെ ക്യാം‌മ്പയിന്‍ മുന്നോട്ട് കൊണ്ടുപോകാ‍ന്‍ ആവുമായിരുന്നില്ല; പിന്മാറാന്‍ പാര്‍ട്ടിയില്‍ നിന്ന് സമ്മര്‍ദ്ദം മുറുകിയേനെ. പക്ഷേ, ഹിലരി രണ്ടിടത്തും വിജയിച്ചു. കിട്ടിയ ഡലിഗേറ്റുകളുടെ കാര്യത്തില്‍ വലിയ വ്യത്യാസമില്ലെങ്കിലും ആ വിജയിത്തിനുശേഷം അവര്‍ക്ക് വിജയിക്കാന്‍ കഴിയുമെന്ന ഒരു തോന്നല്‍ പൊതുജനങ്ങളില്‍ ഉണ്ടായിട്ടുണ്ട്.

പോളുകളില്‍ നേരിയ മുന്‍‌തൂക്കമേ ഉണ്ടായിരുന്നുവുള്ളൂ എങ്കിലും ടെക്സസില്‍ ഒബാമ ജയിക്കുമെന്നാണ് പൊതുവെ കരുതിയിരുന്നത്. പക്ഷേ, തിരഞ്ഞെടുപ്പിന് കുറച്ചുദിവസങ്ങള്‍ക്ക് മുമ്പ് പലതും സംഭവിച്ചു. അതൊന്നും ഫലപ്രദമായി നേരിടാന്‍ കഴിയാഞ്ഞതുകൊണ്ടാണ് ഒബാമ തോറ്റത്; അതിന്നൊപ്പം കുറച്ച് നിര്‍ഭാഗ്യവും അദ്ദേഹത്തിന് ഉണ്ടായി. എക്സിറ്റ് പോളുകള്‍ പ്രകാരം തിരഞ്ഞെടുപ്പിന് 3 ദിവസങ്ങള്‍ മുമ്പ് ആര്‍ക്ക് വോട്ടുചെയ്യണമെന്ന് തീരുമാനമെടുത്തവര്‍ ഈ രണ്ടു സംസ്ഥാനങ്ങളിലും ബഹുഭൂരിപക്ഷവും ഹിലരിക്കാണ് വോട്ടുചെയ്തത്; ആ ദിവസങ്ങള്‍ക്ക് മുമ്പ് ചെയ്ത നിഗമനങ്ങള്‍ മൊത്തം മാറിമറിയാനും അതു കാരണമായി.



ഹിലരിയുടെ 3 a.m. ടി.വി. പരസ്യം (ലിങ്ക് മുകളില്‍)ആണ് പ്രചരണത്തില്‍ ഏറ്റവും ഫലപ്രദമായത്. ഒബാമ ദേശീയസുരക്ഷിതത്വവുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ കൈകാര്യം ചെയ്യാന്‍ പ്രാപ്തനല്ല എന്നു വരുത്തിതീര്‍ക്കാനുതകുന്ന ഒന്നായിരുന്നു, രാജ്യത്ത് എന്തെങ്കിലും വിപത്ത് സംഭവിച്ചാല്‍ ഏതുസമയത്തും ഫോണെടുക്കാന്‍ താനാണ് ഏറ്റവും അനുയോജ്യ എന്ന് ഉല്‍ഘോഷിക്കുന്ന ഹിലരിയുടെ ആ പരസ്യം. ഒബാമയെ ഈ പരസ്യത്തില്‍ നേരിട്ട് വിമര്‍ശിക്കുന്നില്ല; പക്ഷേ അതു കാണുന്ന ആര്‍ക്കും മനസ്സിലാകും ഹിലരി ആരെയാണ് ഉന്നം വയ്ക്കുന്നതെന്ന്. ഒബാമ എതിര്‍പരസ്യം ഇട്ടെങ്കിലും ജനങ്ങള്‍ ഹിലരിയെ തന്നെ വിശ്വസിച്ചു എന്നു വേണം കരുതാന്‍. മറ്റു രണ്ടു കാര്യങ്ങള്‍ ഒബാമയുടെ നിര്‍ഭാഗ്യം കൊണ്ട് സംഭവിച്ചതാണ്.അതിലൊന്ന് ഷിക്കാഗോയിലെ അദ്ദേഹത്തിന്റെ ഒരു പഴയ സുഹൃത്തും ബിസിനസ്സുകാരനുമായ ടോണി റിസ്ക്കോ ഒരു അഴിമതിയില്‍ പെടുകയും ആ കേസ് കോടതിയില്‍ എത്തുകയും ചെയ്തതാണ്. വീടുവാങ്ങിയതുമായും രാഷ്ട്രീയ സംഭാവന വാങ്ങിയതുമായും മറ്റും ഒബാമയ്ക്ക് അദ്ദേഹവുമായുള്ള ബന്ധം മാധ്യമങ്ങളില്‍ പരക്കെ ചോദ്യം ചെയ്യപ്പെട്ടു. (ടോണി റിസ്ക്കോവുമായുള്ള ബന്ധം തുടര്‍ന്നും ഒബാമയെ വേട്ടയാടും എന്ന് ഉറപ്പാണ്.) രണ്ടാമത്തേത് NAFTA ഉടമ്പടിയോട് അദ്ദേഹത്തിനോടുള്ള എതിര്‍പ്പ് ഇലക്ഷന്‍ പ്രചരണത്തിന് വേണ്ടി മാത്രം കാണിക്കുന്നതാണെന്നും ആ ഉടമ്പടിയില്‍ ഭാഗക്കാരായ കാനഡപോലുള്ള രാജ്യങ്ങള്‍ക്ക് പേടിക്കേണ്ട കാര്യമില്ലെന്നും അദ്ദേഹത്തിന്റെ ഒരു ഉപദേശകന്‍ ഒരു കനേഡിയന്‍ ഡിപ്ലോമാറ്റിനോട് പറഞ്ഞതാണ്. ആ വാര്‍ത്ത ഒഹായോയില്‍ അദ്ദേഹത്തിന്റെ പ്രതിച്ഛായ മങ്ങാന്‍ കാരണമായി. ഒഹായോക്കാരെപ്പോലെയാണ് അടുത്ത പ്രധാനപ്പെട്ട തിരഞ്ഞെടുപ്പു നടക്കാന്‍ പോകുന്ന പെന്‍സില്‍‌വേനിയയിലെ വോട്ടര്‍മാര്‍; അതുകൊണ്ട് ഒബാമക്ക് അവിടെയും ക്ഷീണം ഉണ്ടാവും.

പൊതുവേ ഏതുതരത്തിലുള്ള ആക്രമണത്തിനും ഹിലരിക്ക് മടിയുണ്ടെന്ന് തോന്നുന്നില്ല; പ്രത്യേകിച്ച് ചളി വാരി എറിയുന്നതും നുണകള്‍ പ്രചരിപ്പിക്കുന്നതുമായ കിച്ചന്‍ സിങ്ക് ആക്രമണങ്ങള്‍. ആദര്‍‌ശരാഷ്ട്രീയം പ്രസംഗിച്ചു നടക്കുന്ന ഒബാമയുടെ കൈകള്‍ ആ നിലപാടുകൊണ്ടുതന്നെ ഒരളവുവരെ ബന്ധിക്കപ്പെട്ടിരിക്കുകയാണ്, അതേ നാണയത്തില്‍ പ്രത്യാക്രമണം നടത്തുന്നതില്‍ നിന്ന്. ഒരളവുവരെ അദ്ദേഹം പ്രതിധാനം ചെയ്യുന്ന രാഷ്ട്രീയത്തിന്റെയും അദ്ദേഹത്തിനുള്ള പിന്തുണയുടെയും പരിമിതികള്‍ ഇപ്പോള്‍ വെളിവായി വരുന്നുണ്ട്. അതേക്കുറിച്ച് കൂടുതല്‍ അറിയണമെങ്കില്‍ ‘ഇക്കണോമിസ്റ്റി’ലെ ഈ ഒന്നാന്തരം ലേഖനം വായിക്കുക. (താഴെ കൊടുത്തിരിക്കുന്ന ചിത്രത്തില്‍ ക്ലിക്കുക.)




മൊത്തം ഡലിഗേറ്റുകളുടെ എണ്ണത്തില്‍ ഏകദേശം 100 പേരുടെ ലീഡ് ഇപ്പോഴും ഒബാമക്കുണ്ട്. പെന്‍‌സില്‍‌വേനിയയിലെ പ്രൈമറി വരെ അതില്‍ വലിയ വ്യത്യാസം വരികയില്ല. അതിനിടെ പാര്‍ട്ടി നേതൃത്വം നിര്‍‌ദ്ദേശിച്ച സമയത്ത് നടത്താതെ നേരത്തെ പ്രൈമറി നടത്തിയതുകൊണ്ട് അയോഗ്യത കല്‍പ്പിച്ച ഫ്ലോറിഡയിലെയും മിഷിഗണിലെയും പ്രൈമറികള്‍ വീണ്ടും നടത്തുവാന്‍ ഇടയുണ്ട്. പേരിന് ഇവിടങ്ങളില്‍ ഹിലരിയാണ് ജയിച്ചത്; അതുകൊണ്ട് അവിടത്തെ ഡലിഗേറ്റുകളെ തനിക്ക് കിട്ടണം എന്ന് ഹിലരി വാദിക്കുന്നുണ്ട്.

ഇനിയുള്ള ദിവസങ്ങളില്‍ ഒബാമയെയാണ് എല്ലാവരും ഉറ്റുനോക്കുന്നത്. മാധ്യമങ്ങളുമായുള്ള അദ്ദേഹത്തിന്റെ ഹണിമൂണ്‍ അവസാനിച്ചു കഴിഞ്ഞുവെന്ന് ഇപ്പോഴത്തെ വാര്‍ത്തകള്‍ കണ്ടാല്‍ അറിയാം. ഇത്തരമൊരു പരുക്കന്‍ സാഹചര്യത്തില്‍ അദ്ദേഹം എങ്ങനെയാണ് പെരുമാറുന്നതെന്നും ആക്രമണങ്ങള്‍ക്ക് മറുപടി കൊടുക്കുന്നതെന്നും വിലയിരുത്തേണ്ടത് ആവശ്യമാണ്; അമേരിക്കന്‍ പ്രസിഡന്റിന്റെ പണി പിള്ള കളിയല്ലല്ലോ. തല്‍ക്കാലം ഒബാമ പ്രതിരോധത്തിലാണ്.

ഇപ്പോള്‍ വയോമിങ്ങില്‍ കോക്കസുകള്‍ കൂടിക്കൊണ്ടിരിക്കുകയാണ്. ഡലിഗേറ്റുകള്‍ അധികമില്ലെങ്കിലും മാര്‍ച്ച് 4-നു ശേഷം ആദ്യം നടക്കുന്ന തിരഞ്ഞെടുപ്പ് എന്ന നിലയില്‍ ഈ തിരഞ്ഞെടുപ്പിന് പ്രാധാന്യമുണ്ട്.

Monday, March 03, 2008

ടെക്സസ്, ഒഹായോ : അവസാനത്തെ പോര്‍ക്കളങ്ങള്‍ | അമേരിക്കന്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പ്

ഫെബ്രുവരി 5-ന് 20-ല്‍ അധികം സംസ്ഥാനങ്ങളില്‍ നടന്ന ‘സൂപ്പര്‍ ട്യൂസ്ഡേ’ പ്രൈമറിയില്‍ ഒബാമയെ ഇടിച്ചുവീഴ്ത്തി തന്റെ നോമിനേഷന്‍ ഉറപ്പാക്കാം എന്നായിരുന്നു ഹിലരിയുടെ കണക്കുകൂട്ടല്‍. ആ പദ്ധതി നടന്നില്ലെങ്കില്‍ അതിന്ന് ഒരു ബദലുപദ്ധതി അവര്‍ രൂപികരിച്ചില്ലായിരുന്നു; അത്ര വലുതായിരുന്നു ജയിക്കുമെന്നുള്ള അവരുടെ ആത്മവിശ്വാസം. പക്ഷേ, അന്നത്തെ വന്‍പോരാട്ടത്തില്‍ ഒബാമയും ഹിലരിയും സമനില പാലിച്ചു. തുടര്‍ന്നുള്ള യുദ്ധത്തിന് തയ്യാറെടുപ്പുമൊന്നുമില്ലാതെ ഇരുന്ന ഹിലരി പകച്ചുനിന്നപ്പോള്‍, അത്തരമൊരു ഫലം മുന്‍‌കൂട്ടി കണ്ടിരുന്ന ഒബാമ മറ്റിടങ്ങളില്‍ പ്രചരണം ആരംഭിച്ചു കഴിഞ്ഞിരുന്നു. ഹിലരിയുടെ പതനം അവിടെയാണ് തുടങ്ങുന്നത്. തുടര്‍ന്നു നടന്ന 11 മത്സരങ്ങളില്‍ വന്‍‌ഭൂരിപക്ഷത്തിന് ഒബാമ വിജയിക്കുകയും ഡലിഗേറ്റുകളുടെ എണ്ണത്തില്‍ ഹിലരിയില്‍ നിന്ന് ലീഡ് പിടിച്ചെടുക്കുകയും ചെയ്തു.

ലീഡ് കളഞ്ഞുകുളിച്ചതിനേക്കാള്‍ വലുത് ഒരു മാസത്തോളം ഒരു പരാജിതയുടെ റോള്‍ ഹിലരിക്ക് സ്വീകരിക്കേണ്ടി വന്നതാണ്. അത്തരമൊരു ശക്തമായ നില കൈവന്നത് ഒബാമക്ക് ഒരുപാട് കാര്യങ്ങള്‍ നേടിക്കൊടുത്തു: ഹിലരിക്ക് പിന്തുണ കൊടുത്തിരുന്ന ചില സൂപ്പര്‍ ഡലിഗേറ്റുകള്‍ കാലുമാറി; ശക്തമായ തൊഴിലാളി യൂണിയനുകള്‍ ഒബാമക്ക് പിന്തുണയും പണവും കൊടുത്തു; കൂടുതല്‍ നേതാക്കന്മാര്‍ അദ്ദേഹത്തിന് പിന്തുണ പ്രഖ്യാപിച്ചു; ദേശീയതലത്തില്‍ പോളുകളില്‍ ഹിലരിയെ പിന്തള്ളി.

മാര്‍ച്ച് 4-ന് (ചൊവ്വാഴ്ച) 4 സംസ്ഥാനങ്ങളിലാണ് പ്രൈമറി നടക്കുന്നത്- ടെക്സസ്(228), ഒഹായോ(161), റോഡ് ഐലന്റ്(32), വെര്‍മോണ്ട്(23). ബ്രാക്കറ്റില്‍ കൊടുത്തിട്ടുള്ളത് അതാത് സംസ്ഥാനങ്ങളില്‍ നിന്നും തിരഞ്ഞെടുക്കപ്പെടുന്ന ഡലിഗേറ്റുകളുടെ എണ്ണമാണ്; സംസ്ഥാനങ്ങളുടെ ആപേക്ഷിക വലിപ്പം (ജനസംഖ്യ) അതില്‍ നിന്നും ഊഹിക്കാമല്ലോ. അന്തിമമായി കിട്ടുന്ന ഡലിഗേറ്റുകളുടെ എണ്ണമാണ് ഏറ്റവും പ്രധാനമെന്നതുകൊണ്ട് ടെക്സസിലും ഒഹായോയിലുമാണ് സ്ഥാനാര്‍ഥികള്‍ ശ്രദ്ധ കേന്ദ്രീകരിച്ചിട്ടുള്ളത്. വളരെക്കാലമായി ഈ സംസ്ഥാനങ്ങളില്‍ ഹിലരിക്ക് കൂറ്റന്‍ ലീഡാണ് ഉണ്ടായിരുന്നത്. ടെക്സസ്, ബില്‍ ക്ലിന്റ്ന്റെ നാടും അദ്ദേഹം ഗവര്‍ണറുമായിരുന്ന അര്‍ക്കന്‍‌സായുടെ അയല്‍സംസ്ഥാനമാണ്; പല പ്രദേശങ്ങളും ഹിലരിക്ക് ഉള്ളംകൈ പോലെ അറിയാം; പ്രധാനപ്പെട്ട പാര്‍ട്ടി ഭാരവാഹികളെയും. മറ്റൊരു പ്രധാന കാര്യം ലറ്റീനോകളുടെ വന്‍‌പിന്തുണയാണ്. (ഹിലരിക്ക് ഇതുവരെ കാര്യമായി നഷ്ടപ്പെടാത്ത ഒരു വോട്ടുബാങ്ക് അവരുടേതാണ്.) നെവാഡയിലും കാലിഫോര്‍ണിയയിലും ഒക്കെ അവരെ വിജയിപ്പിച്ചത് ലറ്റീനോകളുടെ വോട്ടാണ്. ടെക്സസില്‍ ലറ്റീനോകളാണെങ്കില്‍ ഒഹായോയില്‍ അവരുടെ പിന്തുണ പ്രധാനമായും വരുന്നത് തൊഴിലാളികളായ വെള്ളക്കാരില്‍ നിന്നായിരിക്കും. ലറ്റീനോകളുടേതുപോലെ അത്ര ഉറപ്പുള്ള വോട്ടല്ല അവരുടെതെന്ന് വിസ്ക്കോന്‍സിലെ തിരഞ്ഞെടുപ്പു ഫലം ഒരു സൂചകമായിട്ടെടുക്കുകയാണെങ്കില്‍ പറയേണ്ടിവരും. പക്ഷേ, 2-3 ആഴ്ചകളുടെ ഇടവേളയില്‍ പ്രചരങ്ങള്‍ പല തന്ത്രങ്ങള്‍ ഇറക്കുകയും വോട്ടര്‍മാരുടെ കൂറ് അതനുസരിച്ച് മാറുകയും ചെയ്തിട്ടുണ്ട്.

മറ്റിടങ്ങളില്‍ സംഭവിച്ചതു പോലെ ഹിലരിക്കുണ്ടായിരുന്ന വന്‍ലീഡുകള്‍ ഒബാമ പ്രചരണം ആരംഭിച്ച ശേഷം രണ്ടിടത്തും മാഞ്ഞുപോയി. പൊതുവേ, പോളുകള്‍ പ്രകാരം ഇപ്പോള്‍ അദ്ദേഹത്തിന് ടെക്സസിലും ഹിലരിക്ക് ഒഹായോയിലും നേരിയ ലീഡുണ്ട്. (ഏത് പോള്‍, എന്ന് നോക്കി എന്നും ആശ്രയിച്ചിരിക്കും.) റോഡ് ഐലന്റില്‍ ഹിലരിയും വെര്‍മോണ്ടില്‍ ഒബാമയും ജയിക്കാനാണ് സാധ്യത കാണുന്നത്.

ഡമോക്രാറ്റുകളുടെ പ്രൈമറിയിലെ ഏറ്റവും പ്രധാനപ്പെട്ട മത്സരം ചൊവ്വാഴ്ചത്തെ ആയിരിക്കുകയാണ്. നേരത്തെ ബില്‍ ക്ലിന്റന്‍ തന്നെ പറഞ്ഞതുപോലെ, ഹിലരിക്കു പിടിച്ചു നില്‍‌ക്കണമെങ്കില്‍ ടെക്സസിലും ഒഹായോയിലും ജയിച്ചേ തീരൂ. ഒന്നില്‍ ജയിച്ചാല്‍ പോലും പോരാട്ടം തുടരുമെന്ന് ഹിലരി ഇപ്പോള്‍ പറയുന്നുണ്ടെങ്കിലും അങ്ങനെ ഒരു തോല്‍‌വി ഉണ്ടായാല്‍ ഡലിഗേറ്റുകളുടെ എണ്ണത്തില്‍ ഒബാമയെ മറികടക്കുക ഏതാണ്ട് അസാധ്യം തന്നെ ആയിരിക്കും. അത്തരമൊരു സാഹചര്യത്തില്‍ ഭര്‍ത്താവിന്റെയൊപ്പം വളര്‍ത്തിക്കൊണ്ടുവന്ന പാര്‍ട്ടിയെ പിളര്‍ത്താതെ മിക്കവാറും അവര്‍ പരാജയം സമ്മതിച്ച് പിന്‍‌വാങ്ങാനാണ് സാധ്യത. മറിച്ച് അവര്‍ രണ്ടിടത്തും ജയിക്കുകയാണെങ്കില്‍ കാര്യങ്ങള്‍ ഡമോക്രാറ്റുകള്‍ക്ക് കുറച്ചു പ്രയാസമാകും. വന്‍‌ഭൂരിപക്ഷത്തിന് ഹിലരി എന്തായാലും ജയിക്കാന്‍ പോകുന്നില്ല. ഡലിഗേറ്റുകളെ കിട്ടുന്നത് പിടിക്കുന്ന വോട്ടുകള്‍‌ക്ക് ആനുപാതികമായതുകൊണ്ട് ഇപ്പോഴുള്ള ലീഡ് കുറഞ്ഞാലും, ഒബാമ അത് നിലനിര്‍ത്താനാണ് സാധ്യത. അങ്ങനെ ഹിലരിക്ക് ഒരു മുന്നേറ്റം കിട്ടുമെങ്കിലും ഒബാമക്ക് പിന്‍‌വാങ്ങേണ്ട യാതൊരു സമ്മര്‍ദ്ദവും നേരിടേണ്ടിവരില്ല. മത്സരം ഏപ്രില്‍ 22-ന് പ്രൈമറി നടക്കുന്ന മറ്റൊരു പ്രധാനപ്പെട്ട സംസ്ഥാനമായ പെന്‍സില്‍‌വേനിയയ്ക്കും അപ്പുറത്തേക്കും നീണ്ടുപോവുകയും ചെയ്യും.

ഒബാമയും ഹിലരിയും തമ്മിലിടിച്ച് വീഴ്ത്തുന്ന ചോര കുടിച്ച് രസിക്കാന്‍ തുടങ്ങിയിരിക്കുന്നത് ജോണ്‍ മക്കെയിനാണ്. ഒബാമക്കെതിരെ എല്ലാത്തരത്തിലുള്ള ആക്രമണങ്ങളും ഹിലരി നടത്തുന്നുണ്ട്. അതേ നാണയത്തില്‍ ഒബാമയുടെ മറുപടിയും. പ്രധാന തിരഞ്ഞെടുപ്പില്‍ മക്കെയിന് ഡമോക്രാറ്റ് പ്രതിയോഗി ആരായിരുന്നായാലും പ്രയോഗിക്കാന്‍ വേണ്ട ആയുധങ്ങള്‍ ഡമോക്രാറ്റുകള്‍ തന്നെ തിരഞ്ഞെടുത്ത് കൊടുക്കുന്നുണ്ട്.

റിപ്പബ്ലിക്കന്‍ പ്രൈമറിയും ഇതേ സംസ്ഥാനങ്ങളില്‍ നടക്കുന്നുണ്ട്. മാധ്യമങ്ങള്‍ അതിന് പ്രാധാന്യം കൊടുത്ത് റേറ്റിംഗ് കൊടുക്കാന്‍ നോക്കുന്നുണ്ടെങ്കിലും വോട്ടര്‍മാര്‍ ശ്രദ്ധിക്കുന്നില്ലെന്ന് തോന്നുന്നു. ജോണ്‍ മക്കെയിന് കേവലഭൂരിപക്ഷം ഈ മത്സരങ്ങളില്‍ നിന്ന് കിട്ടിയേക്കും. മൈക്ക് ഹക്കബിക്ക് യാതൊരു സാധ്യതയുമില്ല. ഹക്കബിയുടെ ഉദ്ദേശം കിട്ടുന്നത്ര പബ്ലിസിറ്റി മുതലാക്കുകയാണ്; അതുവഴി കൃസ്ത്യന്‍ യാഥാസ്ഥികരുടെ ദേശീയ നേതാവായി ഉയരുകയോ അടുത്ത തിരഞ്ഞെടുപ്പില്‍ പ്രധാന സ്ഥാനാര്‍ഥിയായി രംഗത്തുവരികയോ ചെയ്യുക. അങ്ങനെ സാങ്കേതികമായി റിപ്പബ്ലിക്കന്മാരുടെ അവസാനപോരാട്ടവും ഇതായിരിക്കുമെന്നു കരുതുന്നു.

ഇതിനിടെ പലരും നോക്കിയിരുന്ന രണ്ടു കാര്യങ്ങള്‍ സംഭവിച്ചു: ഒന്ന് റാല്‍ഫ് നേഡര്‍ മത്സരത്തിനിറങ്ങിയതാണ്. ഇദ്ദേഹത്തെ അമേരിക്കക്ക് പുറത്ത് വളരെക്കുറച്ച് പേരെ കേട്ടിട്ടുണ്ടാവുകയുള്ളൂ. സാധാരണ ഉപഭോഗാക്കളുടെ അവകാശങ്ങള്‍ക്കു വേണ്ടി അമേരിക്കന്‍ കോര്‍പ്പറേഷനുകളുമായി നിയമയുദ്ധം ചെയ്താണ് അദ്ദേഹം ആദരവ് പിടിച്ചുപറ്റിയത്. പക്ഷേ, ആ വില 2000-ലും 2004-ലും തിരഞ്ഞെടുപ്പിന് നിന്ന് അദ്ദേഹം കളഞ്ഞുകുളിച്ചു. ഇത്തവണത്തെ അദ്ദേഹത്തിന്റെ രംഗപ്രവേശം ഒരു തമാശയായിട്ടാണ് മാധ്യമങ്ങള്‍ എടുത്തിരിക്കുന്നത്. രണ്ടാമത്തെ കാര്യം ന്യൂയോര്‍ക്ക് നഗരത്തിലെ സുസമ്മതനായ മേയറും മുന്‍‌വ്യവസായിയും ബില്യണയറുമായ മൈക്കേല്‍ ബ്ലൂംബെര്‍ഗ് സ്വതന്ത്രനായി തിരഞ്ഞെടുപ്പിന് നില്‍‌ക്കുന്നില്ല എന്ന് പ്രഖ്യാപിച്ചതാണ്. മക്കെയിനെപ്പോലെ ഒരു മോഡറേറ്റ്, റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ഥിയായി രംഗത്തുള്ളപ്പോള്‍, അതേ ആശയക്കാരനായ തനിക്കുകൂടി ഇടയില്ല എന്ന് കണ്ടറിഞ്ഞ് അദ്ദേഹം മാറിയതാണ്. ഇദ്ദേഹത്തെ മത്സരത്തിനിറക്കി തിരഞ്ഞെടുപ്പുരംഗമൊന്നു കൊഴുപ്പിക്കാന്‍ മാധ്യമങ്ങള്‍ ശ്രമിച്ചിരുന്നു. നടന്നില്ല.

ഇനിയുള്ള 48 മണിക്കൂറുകള്‍ രസകരമായിരിക്കും. പ്രധാനപ്പെട്ട വാര്‍ത്തകള്‍ അറിയുവാന്‍ ഞാന്‍ ആശ്രയിക്കുന്നത് news.yahoo.com-ലെ politics വിഭാഗമാണ്. ഇത്ര നല്ലവണ്ണം പല പത്രങ്ങളില്‍ നിന്നുമുള്ള വാര്‍ത്തകള്‍ അവയ്ക്കുന്ന വേണ്ടുന്ന പ്രാധാന്യത്തോടെ കൊടുക്കുന്ന വേറെ സൈറ്റുകള്‍ വേറെ ഒന്നുമില്ല.