Saturday, July 26, 2008

ഒബാമയുടെ ലോകദര്‍ശനം‍ | അമേരിക്കന്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പ്



ചിത്രം വാര്‍ത്തയില്‍ നിന്ന് എടുത്തത്. ഒബാമ 2 ലക്ഷം ബെര്‍ളിന്‍കാരെ അഭിസംബോധന ചെയ്യുന്നു

ഒബാമ ലോകത്തിന്റെ മൊത്തം പ്രസിഡന്റാവാനാണോ മത്സരിക്കുന്നത് എന്ന് കഴിഞ്ഞ ഒരാഴ്ചയിലെ അദ്ദേഹത്തിന്റെ വിദേശപര്യടനം കണ്ടാല്‍ ചോദിച്ചുപോകും. അഫ്‌ഗാനിസ്ഥാന്‍, ഇറാക്കും പ്രധാനപ്പെട്ട മറ്റു അറബ് രാജ്യങ്ങളും, ഇസ്രയേല്‍, ജര്‍മനി, ഫ്രാന്‍സ്, ബ്രിട്ടന്‍ അങ്ങനെ പോകുന്നു അദ്ദേഹം സന്ദര്‍ശിച്ച രാജ്യങ്ങളുടെ പട്ടിക. പ്രസിഡന്റ് ആകുന്നതിനുമുമ്പ് തന്നെ ഇത്തരം ഒരു വിദേശസന്ദര്‍ശനം നടത്തുന്നത് അത്ര ശരിയായ കാര്യമല്ല എന്നു തോന്നാമെങ്കിലും മക്കെയിന്റെ വിദേശ്യകാര്യപരിചയത്തിലുള്ള മുന്തൂക്കത്തിനെ മറികടക്കാന്‍ ഒബാമയ്ക്ക് എന്തെങ്കിലും ചെയ്തേ മതിയാകുമായിരുന്നുള്ളൂ.

പ്രസിഡന്റ് ആയേക്കാവുന്ന ഒരാള്‍ക്ക് കിട്ടുന്ന പരിഗണനയേക്കാള്‍ ഒരു റോക്ക് സ്റ്റാറിന്റെ സ്വീകരണമാണ് അദ്ദേഹത്തിന് ചെന്ന സ്ഥലങ്ങളിലൊക്കെ കിട്ടിയത്. പ്രത്യേകിച്ചും 2 ലക്ഷത്തിലധികം ആള്‍ക്കാര്‍ എത്തിയ ബര്‍ളിനില്‍. അവിടങ്ങളിലെ രാഷ്ട്രീയക്കാരും ഒബാമയ്ക്ക് കിട്ടുന്ന പിന്തുണ ശ്രദ്ധിക്കുന്നുണ്ടെന്ന് തോന്നുന്നു: ജനവികാരത്തിനൊത്ത് വഴിവിട്ടുള്ള കാര്യങ്ങള്‍ ചെയ്യാന്‍ അവരും തയ്യാറായി. ഔദ്യോഗികമായി ഒബാമ ഒരു ജൂനിയര്‍ സെനറ്റര്‍ മാത്രമാണെന്ന് ഓര്‍ക്കണം.

തികച്ചും ഏകാധിപത്യ സ്വഭാവമുള്ള ബുഷ് ഭരണകൂടം മാറണമെന്നും, ജനാധിപത്യലോകത്തിന്റെ തലപ്പത്തേക്ക് അമേരിക്ക വീണ്ടും വരണമെന്നുമുള്ള ലോകജനതയുടെ ആഗ്രഹത്തിന്റെ ബഹിര്‍‌സ്ഫുരണമാണ് മാറ്റത്തിന്റെ മുദ്രാവാക്യവുമായി നടക്കുന്ന ഒബാമയോട് കാട്ടുന്ന ഈ സ്നേഹപ്രകടനം എന്നു തോന്നുന്നു. 4 വര്‍ഷങ്ങള്‍ക്ക് മുമ്പ് ബുഷ് രണ്ടാമത് ജയിച്ചപ്പോള്‍ യൂറോപ്പ് അമേരിക്കയെ എഴുതിതള്ളിയതാണ്. അതിന്റെ ആവര്‍ത്തനം ഇത്തവണ ഉണ്ടാവാതിരുന്നാല്‍ മതിയായിരുന്നു.

കാര്യങ്ങള്‍ അങ്ങനെയൊക്കെ ആണെങ്കിലും മക്കെയിന്‍ ഈ സമയത്ത് ചില സംസ്ഥാനങ്ങലില്‍ ലീഡ് കൂട്ടിയത് വിരോദാഭാസമായി തോന്നാം. അമേരിക്കക്കാര്‍ അങ്ങനെയാണ്; വിദേശികള്‍ ഇഷ്ടപ്പെടുന്ന നേതാക്കന്മാരെ അവര്‍ക്ക് ചെറിയ പുച്ഛമാണ്. കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ ജോണ്‍ കെറിക്ക് ഫ്രഞ്ച് സംസാരിക്കാന്‍ പറ്റും എന്ന മാധ്യമങ്ങള്‍ കൊടുത്ത അനാവശ്യ പ്രചരണം അദ്ദേഹത്തിന്റെ സാധ്യതയെ ബാധിച്ചു എന്ന് കരുതുന്നവര്‍ ഉണ്ട്.

മക്കെയിനും ചില വിദേശയാത്രകള്‍ നടത്തിയിരുന്നു. പക്ഷേ, അത് ആരും ശ്രദ്ധിച്ചിരുന്നില്ല എന്നു മാത്രം.

Friday, July 18, 2008

ന്യൂ യോര്‍ക്കര്‍ കാര്‍ട്ടൂണ്‍ വിവാദം | അമേരിക്കന്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പ്



(മുകളിലെ ചിത്രം ലിങ്കുമായി ബന്ധപ്പെട്ട് ന്യൂ യോര്‍ക്കര്‍ മാഗസിനില്‍ വന്നത്.)

ന്യൂ യോര്‍ക്കര്‍ എനിക്ക് പ്രിയപ്പെട്ട വാരികയാണ്. ലിബറല്‍ രാഷ്ട്രീയം, സാഹിത്യം, ജനപ്രിയ കലകള്‍, ശാസ്ത്രം തുടങ്ങിയ സാമാന്യം ബുദ്ധിയുള്ള ആള്‍ക്കാര്‍ക്ക് താല്പര്യമുള്ള വിഷയങ്ങളില്‍ ധാരാളം മികച്ച സൃഷ്ടികള്‍ അധില്‍‍ വരും. ഏറ്റവും ആകര്‍ഷണീയമായിട്ടുള്ളത് അതില്‍ വരുന്ന sarcastic tone ഉള്ള കാര്‍ട്ടൂണുകളാണ്; മിക്കവാറും അതിന്റെ കവറും ഒരു കാര്‍ട്ടൂണ്‍ തന്നെ ആയിരിക്കും. അമേരിക്കയില്‍ വന്നിട്ട് ഞാന്‍ കണ്ടെത്തിയിട്ടുള്ള ഏറ്റവും പ്രധാനപ്പെട്ട രണ്ടു കാര്യങ്ങളാണ്‍ ന്യൂ യോര്‍ക്കില്‍ നിന്ന് പ്രസിദ്ധീകരിക്കുന്ന ഈ വാരികയും കാലിഫോര്‍ണിയയിലെ വൈനും :-)

മുകളില്‍ കൊടുത്തിട്ടുള്ള ചിത്രം ജൂലൈ 21 ലക്കത്തിന്റെ കവറാണ്. ഒബാമ മുസ്ലീം വേഷത്തില്‍; മിഷല്‍ ആയുധധാരിയായി ഒബാമയുമായി നൃത്തം ചെയ്യുന്നു; കത്തുന്നത് അമേരിക്കന്‍ പതാക; ചുമരില്‍ ബിന്‍ ലാദന്റെ പടം. വലതുപക്ഷക്കാര്‍ ഒബാമ വൈറ്റ് ഹൌസിനെ എങ്ങനെ വീക്ഷിക്കും എന്നതിന്റെ ഒരു സറ്റയറാണ് കാര്‍ട്ടൂണ്‍.

ഒബാമയുടെ ആരാധകര്‍ക്ക് ഹാലിളകാന്‍ വേറെയൊന്നും വേണ്ടിവന്നില്ല. പ്രൈമറിക്കു ശേഷം ഒന്നു തണുത്തുകിടന്ന തിരഞ്ഞെടുപ്പ് ചര്‍ച്ച ചൂടുപിടിപ്പിക്കാന്‍ റേഡിയോ ടോക് ഷോകളും ബ്ലോഗുകളും മറിച്ചും തിരിച്ചിട്ടുമൊക്കെ ഇക്കാര്യം ചര്‍ച്ച ചെയ്യുകയാണ്. അതില്‍ നിന്ന് ഒരു കാര്യം വ്യക്തമാകുന്നത് ഒബാമയെ കളിയാക്കാന്‍ അത്ര എളുപ്പമല്ലെന്നുള്ളതാണ്. അത് ഒരിക്കലും ഒരു അമേരിക്കന്‍ രീതിയല്ല. യാതൊരു പേടിയും കൂടാതെ പൊതുപ്രവര്‍ത്തകരെ പരിഹസിക്കാനുള്ള സ്വാതന്ത്ര്യം അമേരിക്കയിലുണ്ട്; ഈ രാജ്യത്തിന്റെ ജനാധിപത്യ ക്രമത്തിന്റെ ഒരു വലിയ ഭാഗവുമാണത്. ഒബാമ അത്തരമൊരു കാര്യത്തിന് വിഷയമാകുമ്പോള്‍ എതിര്‍ക്കുന്നത് അത്ര നല്ലതല്ല എന്നാണ് എന്റെ അഭിപ്രായം. ഹിലരി ചെയ്തപോലെ നുണപ്രചരണമല്ല ഇത്; ഈ കാര്‍ട്ടൂണ്‍ ഉന്നമിട്ടിട്ടുള്ളത് വലതുപക്ഷക്കാരെയാണെന്ന് പകല്‍ പോലെ വ്യക്തമാണ്. മാത്രവുമല്ല ന്യൂ യോര്‍ക്കറിന്റെ വായനക്കാരില്‍ ബഹുഭൂരിപക്ഷവും ഒബാമയ്ക്ക് തന്നെ വോട്ടുചെയ്യുമെന്ന് ഉറപ്പുമാണ്.

പൊതുവേ ഗൌരവക്കാരനാണെന്ന ഒരു പ്രതിച്ഛായ ഒബാമയെപ്പറ്റി പൊതുജനങ്ങളുടെ ഇടയില്‍ ഉണ്ടായി വരുന്നത് അദ്ദേഹത്തിന്‍ നല്ലതല്ല. അതുപോലെയുള്ള അഭിപ്രായം കെറിയെയും ഗോറിനെയും പറ്റി മാധ്യമങ്ങള്‍ പറഞ്ഞു പരത്തിയത് ബുഷിന്റെ തിരഞ്ഞെടുപ്പിനെ നല്ലവണ്ണം സഹായിച്ചിരുന്നു.

എന്തായാലും ഒബാമ പോളുകളില്‍ മുന്നേറിക്കൊണ്ടിരിക്കുകയാണ്. കാലിഫോര്‍ണിയയില്‍ ആ വ്യത്യാസം വളരെ അധികം ആയതുകൊണ്ട് (24%) മക്കെയിന്‍ ഈ ഭാഗത്തേക്ക് പൊതുതിരഞ്ഞെടുപ്പ് പ്രചരണത്തിന് വരുമെന്നും പോലും തോന്നുന്നില്ല. ദേശീയ തലത്തിലും ഒബാമ ലീഡ് കൂട്ടി (45-39).

ഇനി പ്രധാനമായി നോക്കിയിരിക്കുന്നത് ഒബാമയുടെ വിദേശപര്യടനവും സ്ഥാനാര്‍ഥികളുടെ വൈസ് പ്രസിഡന്റ് സ്ഥാനാര്‍ഥി നിര്‍ണയവുമാണ്. അതുകഴിഞ്ഞാല്‍ കാര്യങ്ങള്‍ ചൂടുപിടിക്കുമെന്നു കരുതാം.

Thursday, July 03, 2008

വേദപാഠവും പാഠപുസ്തകവും

മാര്‍ക്സിസ്റ്റ് പാര്‍ട്ടിയുടെ കേരളത്തിലെ ആചാരാനുഷ്ഠാനങ്ങളും അതിന്റെ അന്ധവിശ്വാസികളായ അനുയായികളും ചേര്‍ന്നാല്‍ ഒരു മതത്തിന്റെ സെറ്റപ്പാണ് അവര്‍ക്കുമുള്ളത്; സ്റ്റാലിനെപ്പോലെ കൊടും ഭീകരര്‍ തുടങ്ങി എ.കെ.ജി-യെപ്പോലെ മനുഷ്യസ്നേഹികള് വരെയുളള “വിശുദ്ധര്‍” അടക്കം. ‍

അവര്‍ക്ക് ഇതുവരെ ഇല്ലാതിരുന്നത് കത്തോലിക്കരൊക്കെ സ്കൂളുകളില്‍ ഉപയോഗിക്കുന്നതുപോലുള്ള വേദപാഠത്തിനുള്ള പുസ്തകങ്ങളായിരുന്നു. SFI-യുടെ സൈറ്റില്‍ പോയി സാമ്പിള്‍ അദ്ധ്യായങ്ങള്‍ വായിച്ചപ്പോള്‍ മനസ്സിലായി മാര്‍ക്സിസ്റ്റ് പാര്‍ട്ടി ആ വഴിക്കും നീങ്ങിത്തുടങ്ങിയെന്ന്.

കത്തോലിക്കാ സഭക്കും മാര്‍ക്സിസ്റ്റു മതത്തിനും വേദപാഠങ്ങള്‍ നിര്‍മ്മിക്കാനുള്ള അവകാശമുണ്ട്. കത്തോലിക്കാ സഭക്ക് അത്തരം പുസ്തകങ്ങള്‍ പള്ളിസ്കൂളുകളിലും സണ്‍‌ഡേ സ്കൂളുകളിലും പഠിപ്പിക്കാം; മാര്‍ക്സിസ്റ്റ് പാര്‍ട്ടിക്ക് ശാസ്ത്രസാഹിത്യപരിഷിത്തിനെയോ മറ്റോ വച്ച് അവ പ്രചരിപ്പിക്കാം; സ്റ്റഡി ക്ലാസ്സുകള്‍ നടത്താം. പക്ഷേ, അത് പാഠപുസ്തകമെന്ന് പറഞ്ഞ് അവ കുട്ടികളുടെമേല്‍ അടിച്ചേല്‍പ്പിക്കരുത്.

വിദ്യാര്‍ഥികള്‍ എന്താണ് പഠിക്കേണ്ടതെന്നുള്ള കാര്യം വിദ്യാഭ്യാസ വിദഗ്ദര്‍ക്ക് വിട്ടുകൊടുത്തുകൂടെ?

BJP ഇത്തരം നീചകൃത്യങ്ങള്‍ മറ്റു സംസ്ഥാനങ്ങളില്‍ ചെയ്തപ്പോള്‍ അലറിവിളിച്ച പാര്‍ട്ടിയുടെ സഹയാത്രികര്‍ക്ക് ഇപ്പോള്‍ എന്താണ് ഒരു സംശയം? അതാണ് മതാന്ധതയുടെ ശക്തി. കണ്ണുതിരുമ്മി ഈ പുസ്തകങ്ങളില്‍ എന്താണ് എഴുതിവച്ചിരിക്കുന്നതെന്ന് വായിച്ചു നോക്കുക.

പിന്‍‌വലിച്ചില്ലങ്കില്‍ ഈ പുസ്തകങ്ങള്‍ കത്തിക്കുക തന്നെ വേണം. ചെമ്പന്‍ ഫാഷിസ്റ്റുകളുടെ മസ്തിഷ്ക്കപ്രക്ഷാളണത്തിന്ന് കുട്ടികള്‍ ഇരകളാവാതിരിക്കാന്‍ ഏതുതരത്തിലുള്ള പ്രതിരോധവും അനുയോജ്യമാണ്.