സ്വദേശത്ത് ജനാധിപത്യം ശക്തിപ്പെടുക; അയല്‍രാജ്യത്ത് അതിന്റെ ഒരു ആജന്മശത്രു പരാജയപ്പെടുക. സന്തോഷത്തിന് വകയുള്ള വാര്‍ത്തകളാണ് കഴിഞ്ഞ രണ്ട് ആഴ്ചകളായിട്ട് പുറത്തുവരുന്നത്. ഏകാധിപതികള്‍ വീഴുമ്പോള്‍ എനിക്ക് ഭയങ്കര സന്തോഷം ഉണ്ടാകാറുണ്ട്. അതുകൊണ്ട് ശ്രീലങ്കന്‍ പട്ടാളം പ്രഭാകരന്റെ കഥകഴിച്ചപ്പോഴും അങ്ങനെതന്നെ തോന്നി. (സദ്ദാം ഹുസൈന് വീണപ്പോഴും അതേ വികാരമാണ് ഉണ്ടായത്; അതിന്നുശേഷം ഇറാക്കികള്‍ അയാളുടെ കീഴില്‍ അനുഭവിച്ചതിനേക്കാള്‍ യാതന അനുഭവിക്കുന്നതുകണ്ടപ്പോള്‍ വീണ്ടുവിചാരം ഉണ്ടായതു വേറെ കാര്യം.)
‘പ്രഭാകരന്‘ എന്ന് വേലുപ്പിള്ളൈ പ്രഭാകരന്റെ പേര് പത്രങ്ങളില്‍ എഴുതിക്കാണാന്‍ വളരെ നാളുകള്‍ എടുത്തു എന്നാണ് എന്റെ ഓര്മ. ‘പിറഭാകരന്‍‘ എന്നൊക്കെയുള്ള ചില വിചിത്രരൂപങ്ങളാണ് ആദ്യമൊക്കെ കണ്ടിട്ടുള്ളത്. അന്ന് രാഷ്ട്രീയക്കാരും മാധ്യമങ്ങളും പൊതുവേ തമിഴ് വിഘടനവാദത്തെ പിന്താങ്ങിയിരുന്നതുകൊണ്ട് കാലത്ത് വായിക്കാന്‍ ഒരു എരിവുള്ള വാര്‍ത്ത എന്നതില്‍ കവിഞ്ഞ് ശ്രീലങ്കയിലെ തമിഴ് കലാപത്തെ ആരെങ്കിലും കണക്കിലെടുത്തിരുന്നു എന്ന് തോന്നുന്നില്ല.
അങ്ങനെയിരിക്കെയാണ് ഐ.പി.കെ.എഫ്. -നെ രാജീവ് ഗാന്ധി ആ കലാപഭൂമിയില്‍ നിയോഗിക്കുന്നതും വേലിയില്‍ ഇരിന്നിരുന്ന പാമ്പിനെ എടുത്ത് കോണത്തില്‍ വച്ചത് പോലെ എന്ന് എന്റെ നാട്ടില്‍ പറയുന്നതുപോലെ ആയതും. ആ ചരിത്രങ്ങളൊന്നും ഇവിടെ വിളമ്പേണ്ട കാര്യമില്ല എന്ന് തോന്നുന്നു. പക്ഷേ, ഞാന്‍ LTTE-യെ വെറുക്കാന്‍ ഉണ്ടായ കാരണം അക്കാലത്ത് ഇന്ത്യ ടുഡേയില്‍ വന്ന ഒരു മുഖചിത്രമാണ്. അതില്‍, കൊല്ലപ്പെട്ട നമ്മുടെ ജവാന്മാര് നല്ല യൂണിഫോമും ബൂട്ടുമൊക്കെ ഇട്ട് ഒരു തെരുവ് മുഴുവന്‍ നിറഞ്ഞ് കിടക്കുന്നു. അവരുടെ വസ്ത്രങ്ങള്‍ കാര്യമായി മുഷിഞ്ഞിട്ടുപോലുമില്ല; ഒരു സിനിമാസീനിലെ സുന്ദരന്മാരും ആരോഗ്യദൃഢഗാത്രരുമായ എക്സ്ട്രാകളെപ്പോലെ. അവരുടെ ജഢങ്ങള്‍ക്ക് കാവല്‍ നില്‍ക്കുന്നത് ലുങ്കിയുടുത്ത് ആട്ടോമാറ്റിക് തോക്കും പിടിച്ച് സ്ലിപ്പറും ഇട്ട് നില്ക്കുന്ന രണ്ടോ-മൂന്നോ ഉണക്ക തമിഴന്മാര്. അതുവരെ ശ്രീലങ്കന്‍ തമിഴനോടുണ്ടായിരുന്ന എല്ലാ സഹതാപവും ആ ചിത്രം തുളുപ്പിച്ച വെറുപ്പിന്റെ തള്ളലില്‍ ഒഴുകിപ്പോയി.
രാജീവ് ഗാന്ധിയെ കൊന്നതോടുകൂടി ആ വെറുപ്പ് ഒന്നുകൂടി കടുപ്പമായി.
പിന്നീട് ചെന്നൈയിലും അമേരിക്കയിലും വച്ച് ഇടിയപ്പവും പുട്ടും അപ്പവും മീനും തിന്നുന്ന പാവം സിംഹളരെ നേരിട്ട് കാണാനും പരിചയപ്പെടാനും ഇടയായപ്പോള്‍, തൈര്സാദമടിക്കുന്ന തമിഴനേക്കാള്‍ അവരോട് കൂടുതല്‍ മാനസികബന്ധം തോന്നിയത് വേറെ കാര്യം.
സിംഹളര്‍ ശ്രീലങ്കന്‍ തമിഴരോട് ചെയ്ത ക്രൂരതകള്‍, അതിനെവെല്ലുന്ന ക്രൂരത ലോകത്തിന്റെ മുമ്പില്‍ നിരത്തിക്കൊണ്ട്, ലോകജനതയുടെ ഓര്‍മയില്‍ നിന്ന് മായ്ച്ചതും അതുവഴി തമിഴര്‍ക്ക് ഉണ്ടായിരുന്ന എല്ലാ സഹതാപവും ഇല്ലാതാക്കിയതുമാണ് LTTE ചെയ്ത ഏറ്റവും വലിയ പാതകം. LTTE-യുടെ ആ തേര്‍വാഴ്ചക്കിടയില്‍ എല്ലാ പ്രതിയോഗികളെയും വകവരുത്തുക വഴി, തികച്ചും നാഥരില്ലാത്ത ഒരു ജനക്കൂട്ടമായിട്ടുണ്ട് ശ്രീലങ്കന്‍ തമിഴര്‍. ഇപ്പോള്‍ അവരെ സിംഹളഭൂരിപക്ഷത്തിന്റെ കാരുണ്യത്തില്‍ ആക്കിയിരിക്കുന്നതിന് കാരണക്കാര്‍ തമിഴ് ഈലത്തിന് വേണ്ടി ദുശാഢ്യം പിടിച്ച പ്രഭാരനും കൂട്ടാളികളും തന്നെ.
LTTE-യുടെ സുവര്‍ണകാലത്ത് ചന്ദ്രിക കുമാരതുംഗ തമിഴര്‍ക്ക് സ്വയംഭരണാവകാശം വാഗ്ദാനം ചെയ്തിരുന്നു എന്നാണ് എന്റെ ഓര്മ. ആ നീക്കുപോക്കിന് പ്രഭാകരന് തയ്യാറായിരുന്നെങ്കില്‍ സമ്പല്സമൃദ്ധമായ മറ്റൊരു തമിഴ്നാട് പാക്ക് കടലിടുക്കിന് കുറുകെ ഉണ്ടാകുമായിരുന്നു. അത്തരമൊരു സുവര്‍ണാവസരവും ചരിത്രത്തില്‍ സ്ഥിരമായ സ്ഥാനവുമാണ് തന്റെ മെഗലോമാനിയ കൊണ്ട് പ്രഭാകരന് കളഞ്ഞുകുളിച്ചത്.
ശ്രീലങ്കയില്‍ പ്രഭാകരന്റെ ഭാവനയിലുണ്ടായിരുന്ന തമിഴ് ഈലം ഒരിക്കലും ഉണ്ടാകാന്‍ പാടില്ല. അങ്ങനെ ഒന്ന് സംഭവിച്ചാല്‍ ദക്ഷിണേന്ത്യയില്‍ ആഫ്രിക്കയിലൊക്കെ കാണുന്നതുപോലുള്ള, വംശീയാടിസ്ഥാനത്തിനുള്ള വിഘടനവാദവും senseless violence-ഉം നിത്യസംഭവങ്ങള്‍ ആകും.
പ്രഭാകരന്റെ വീഴ്ചയില്‍ സന്തോഷിക്കുമ്പോഴും ചിന്തിക്കേണ്ട 2-3 കാര്യങ്ങള്‍ ഉണ്ട്:
- ഇതുവരെ കത്തിനിന്ന LTTE എന്തുകൊണ്ട് പെട്ടന്ന് തകര്‍ന്നുവീണു? അവര്‍ വെറുമൊരു ഭീകരസംഘടനയല്ല എന്ന് ഓര്‍ക്കണം. സ്വന്തം സൈന്യവും നികുതിപിരുവുമൊക്കെ ഉണ്ടായിരുന്നവരാണ്. ഹമാസ് പോലെയുള്ള സംഘടനയായിട്ടേ അവരെ താരതമ്യം ചെയ്യാന്‍ പറ്റൂ. ഒരു കാരണം പ്രഭാകരന്റെ domestication ആണ്. കുട്ടികളടക്കം ബാക്കിയുള്ളവരെ suicide bomb-കള്‍ ആയി അയച്ചിട്ട് ഭാര്യയുടെയും കുട്ടികളുടെയും കൂടെ അദ്ദേഹം സുഖമായി തിന്നും കുടിച്ചും എസിയില്‍ കഴിയുകയായിരുന്നു. പ്രമേഹമുള്ള ഗറില്ലാ നേതാക്കള്‍ വളരെ അപൂര്‍വ്വമായേ ലോകത്തുണ്ടാകൂ. പ്രഭാകരന്റെയും മകന്റെയും അവസാനകാലത്തെ യൂണിഫോമിലുള്ള ചില പടങ്ങള്‍ കണ്ടാല്‍ ചിരിവരും. ദുര്‍മേദസ്സുള്ള ചില മലയാളി മിമിക്രിക്കാര് സ്കിറ്റിന് വേഷം കെട്ടി നില്ക്കുന്നതുപോലെ തോന്നും അവരെക്കണ്ടാല്‍.
- LTTE-യുടെ പതനത്തില്‍ പാക്കിസ്ഥാന്റെയും ചൈനയുടെയും പങ്ക്. രാജീവ് ഗാന്ധി വധത്തോടെ ഇന്ത്യ പൂര്‍ണമായും ശ്രീലങ്കന്‍ രാഷ്ട്രീയത്തില്‍ നിന്ന് ഒഴിവായി. ആ ശൂന്യതയിലേക്ക് ചൈനയും പാക്കിസ്ഥാനും കയറിയിട്ടുണ്ടെന്ന് വ്യക്തം. സൈനികരംഗത്ത് പാക്കിസ്ഥാനും സാമ്പത്തികരംഗത്ത് ചൈനയും കാലുറപ്പിക്കുമ്പോള്‍ ഇന്ത്യയ്ക്ക് പ്രശന്മാകുന്നത് അതിന്റെ സുരക്ഷിതത്വം ആണ്. ഇന്ത്യന്‍ നേവിക്കുള്ള മുന്‍കൈ ശ്രീലങ്കയിലെ തന്ത്രപ്രധാനമായ സാന്നിധ്യത്തിലൂടെ പാക്കിസ്ഥാന് കുറക്കാന്‍ കഴിയും. ഈ രണ്ടു രാജ്യങ്ങളും LTTE-യെ ഒതുക്കാന്‍ സഹായിച്ചിട്ടുണ്ടെങ്കില്‍ അവര്‍ കൂടുതല്‍ സൌജന്യങ്ങള്‍ ശ്രീലങ്കയില്‍ നിന്ന് ഭാവിയില്‍ നേടും എന്ന് ഉറപ്പാണ്.
- അനാഥരായ ശ്രീലങ്കന്‍ തമിഴരെ അവിടത്തെ സര്‍ക്കാര്‍ എങ്ങനെ കൈകാര്യം ചെയ്യും? സിംഹളഭൂരിപക്ഷത്തിന് പഴയരീതികളിലേക്ക് മടങ്ങി ഇനിയും പ്രഭാകരന്മാരെ സൃഷ്ടിക്കാം; അല്ലെങ്കില്‍ സ്വയംഭരണാവകാശങ്ങള്‍ പോലുള്ള രീതികള്‍കൊണ്ട് യഥാര്‍ത്ഥ അധികാരം അവരുമായി പങ്കുവച്ച് ഈ അവസരത്തെ സ്ഥായിയായ സമാധാനസ്ഥാപനത്തിന് ഉപയോഗിക്കാം. രാജപക്സേയുടെ പ്രഖ്യാപനങ്ങള്‍ തമിഴരോട് അനുഭാവം കാണിച്ചിട്ടാണ് ഇതുവരെ. അദ്ദേഹവും അതിന് ശേഷം വരുന്ന സര്‍ക്കാറുകളും ജനപക്ഷത്തായിരിക്കുമോ എന്നാണ് നമ്മള് ഇനി നോക്കിയിരിക്കേണ്ടത്.
Friday, May 22, 2009
Subscribe to:
Posts (Atom)