അമേരിക്കയിലെ കറുത്ത വര്‍ഗ്ഗക്കാരുടെ ഒരു പ്രധാനപ്പെട്ട സാംസ്ക്കാരിക കേന്ദ്രമായ ന്യൂ യോര്‍ക്കിലെ ഹാര്‍ലമില്‍, 1980-കളില്‍ നടക്കുന്ന ഈ സിനിമയുടെ കഥ ഏതാണ്ട് ഈ രീതിയിലാണ് പുരോഗമിക്കുന്നത്. കഴിഞ്ഞ ആഴ്ച റിലീസ് ചെയ്ത ഈ ചിത്രം വളരെ ചര്‍ച്ച ചെയ്യപ്പെടുമ്പോള്‍, മരണത്തേക്കാള്‍ താഴ്ന്ന ഒരു യാഥാര്ത്യത്തെ അഭിമുഖീകരിക്കുന്ന ഒരു കഥാപാത്രത്തെ വച്ച് ഈ സിനിമ എന്തു ചെയ്യുന്നു എന്ന് പെട്ടന്ന് ചോദ്യങ്ങള്‍ ഉയരാം. കാരണം ദുരിതപൂര്‍ണ്ണമായ ജീവിതങ്ങളെ ചിത്രീകരിക്കുമ്പോഴും സൗന്ദര്യത്തെയും മാംസക്കൊഴുപ്പിനെയും അകറ്റി നിര്‍ത്താന്‍ ഹോളിവുഡ് അധികം തയ്യാറാകാറില്ല. (ഹാലി ബെറിക്ക് ഓസ്ക്കര്‍ നേടിക്കൊടുത്ത Monsters Ball ആണ് പെട്ടന്ന് ഓര്മ വരുന്നത്.)
മൂന്നാം വയസ്സു മുതല്‍ പ്രെഷ്യസ് പിതാവിന്റെ ലൈംഗികചൂഷണത്തിന് ഇരയാകുന്നുണ്ട്. സ്വന്തം മാതാവിന്റെ സമ്മതത്തോടു കൂടി തന്നെ. ആ ബന്ധം മൂലം മാതാവിന് അവളോട് ഒരുതരം അസൂയയാണ്; സ്വന്തം പുരുഷനെ പങ്കുവയ്ക്കേണ്ടി വരുന്നതില്‍. അതിന്ന് ആ അമ്മ പകരം വീട്ടുന്നത് അവളെ ഒരു അടിമയെപ്പോലെ ഉപയോഗിച്ചാണ്. അമ്മ വീട്ടിലെ സെറ്റിയില്‍ സിഗരറ്റും പുകച്ചിരുന്ന് ടിവി കാണുമ്പോള്‍ ജോലി മൊത്തം ചെയ്യുന്നത് പ്രഷ്യസ് ആണ്; അതില്‍ എന്തെങ്കിലും വീഴ്ച വന്നാല്‍ ഫ്രയിംഗ് പാന്‍ മുതല്‍ അലമാര വരെ അവളുടെ തലയില്‍ പതിക്കാം. കനമുള്ള എന്തെങ്കിലും തലയില്‍ വീഴട്ടെ എന്ന് അവള് ആശിക്കുന്നുമുണ്ട്; എന്നാലും അവയില്‍ നിന്ന് അവള് ഓടി മാറുകയും അവയുടെ ആഘാതത്താല്‍ നിലംപതിച്ച്, ചേറില്‍ കിടക്കുമ്പോള്‍, തികച്ചും മനോഹരമായ സ്വപ്നങ്ങള്‍ അവള് നെയ്തെടുക്കുകയും ചെയ്യുന്നുണ്ട്. സ്ക്രീനില്‍ ഉയര്ന്നുനില്ക്കുന്ന അവളുടെ വൈരൂപ്യത്തിന്റെ വന്മതില് ഭേദിച്ച് കാണികളുടെ മനസ്സിലേക്ക് പ്രെഷ്യസ് നടന്ന് കയറുന്നത് അത്തരം രംഗങ്ങളിലാണ്.
ഒരു സോഷ്യല്‍ വര്‍ക്കറുടെ (പ്രശസ്ത പാട്ടുകാരി മരിയ കേരിയാണ് ആ റോളില്‍) ഇടപെടല്‍ മൂലം സ്വന്തം വീട്ടിലെയും അജ്ഞതയുടെയും തടവുകളില്‍ നിന്ന് പ്രെഷ്യസ് രക്ഷപ്പെടുന്ന രംഗങ്ങള്‍ ഹൃദയഭേദകമാണെങ്കിലും, അതിനേക്കാള്‍ ഉപരിയായി ഈ സിനിമയെ പ്രസക്തമാക്കുന്നത് അതില്‍ യാതൊന്നും മറയ്ക്കാതെ പ്രതിപാദിക്കപ്പെടുന്ന, കറുത്തവരെ വേട്ടയാടുന്ന സാമൂഹിക പ്രശ്നങ്ങള്‍ ആണ്.
പൊളിറ്റിക്കല്‍ കറക്ടനസ് ആണ് ഈ സിനിമയില്‍ ആദ്യം തന്നെ തമസ്ക്കരിക്കപ്പെടുന്നത്. ഉദാഹരണത്തിന് പ്രെഷ്യസ് തന്നെ അവളുടെ സ്വപ്നങ്ങളില്‍ കാണുന്നത് വളരെ വണ്ണം കുറഞ്ഞ വെള്ളക്കാരി പെണ്ണായിട്ടും ഒരു വെള്ളക്കാരനെ ഡേറ്റു ചെയ്യുന്നതുമൊക്കെയായിട്ടാണ്. (തൊലി വെളുപ്പിനെക്കുറിച്ച് ഈയിടെ മലയാളം ബ്ലോഗില്‍ നടന്ന ചര്‍ച്ചകളില്‍ അമേരിക്കയിലെ കറുത്തവരുടെ സമൂഹത്തില്‍ പൊതുവേ വെളുത്തതൊലിക്ക് കിട്ടുന്ന മുന്‍ഗണനയെപ്പറ്റി ഞാന്‍ പറഞ്ഞിരുന്നു; അതിന്ന് ഒരു ഉദാഹരണമാണ് ഈ സിനിമയിലെ കഥാപാത്രവും ആ ചിന്താഗതി അവളില്‍ ഉണ്ടാക്കാനിടയുണ്ടായിട്ടുള്ള സാമൂഹികാന്തരീക്ഷവും.)
കറുത്തവരുടെ ജീവിതങ്ങളിലേക്ക് ഇത്തരത്തിലുള്ള പരുഷമായ നോട്ടങ്ങള്‍ ഇതിന്നു മുമ്പും ചില മികച്ച ചിത്രങ്ങളില്‍ ഉണ്ടായിട്ടുണ്ട്. സ്റ്റീവന്‍ സ്പീല്‍ബര്‍ഗിന്റെ Color Purple, ജോനാഥന് ഡെമ്മെയുടെ Beloved തുടങ്ങിയവ മികച്ച ഉദാഹരണങ്ങളാണ്. ഒരു വിചിത്രമായ കാര്യം ഞാന്‍ ശ്രദ്ധിച്ചത് ഈ മൂന്നു ചിത്രങ്ങളിലും ഓപ്ര വിന്‍ഫ്രീക്ക് ഒരു പങ്കുണ്ട് എന്നതാണ്. ആദ്യത്തെ പടത്തില്‍ അവര്‍ അഭിനയിച്ചു; രണ്ടാമത്തെ പടം നിര്‍മ്മിക്കുകയും പ്രധാന റോള്‍ ചെയ്യുകയും ചെയ്തു; ഈ ചിത്രം നിര്‍മ്മിച്ചത് അവരാണ്. മൂന്നു ചിത്രങ്ങളും പ്രശസ്തമായ നോവലുകളെ ആധാരമാക്കിയാണെന്നുള്ളതും ശ്രദ്ധേയമാണ്. യഥാക്രമം ആലീസ് വാക്കറുടെ The Color Purple, ടോണി മോറിസന്റെ Beloved, സഫയറിന്റെ Push എന്നീ നോവലുകള്‍ ആണ് അവ.
ഈ ചിത്രത്തില്‍ പ്രെഷ്യസ് ആയി അഭിനയിക്കുന്നത് ഗബോറി സിദിബേ ആണ്; കഥാപാത്രത്തില്‍ നിന്ന് രൂപത്തില്‍ വലിയ വ്യത്യാസമൊന്നുമില്ല മികച്ച അഭിനയം കാഴ്ച വയ്ക്കുന്ന ഈ നടി. പക്ഷേ ഈ സിനിമയില്‍ ഏറ്റവും നല്ല പ്രകടനം പ്രഷ്യസിന്റെ അമ്മയായി അഭിനയിക്കുന്ന മോ'നിക്കിന്റെയാണ്. ഇക്കൊല്ലത്തെ സഹനടിക്കുള്ള ഓസ്ക്കര്‍ ഇവര്‍ക്ക് കിട്ടുമെന്ന് ഞാന്‍ ഇപ്പോഴേ എഴുതിവയ്ക്കാം :-) വേറെ പ്രധാനപ്പെട്ട കഥാപാത്രങ്ങളൊന്നും ഈ സിനിമയില്‍ ഇല്ല. ലീ ഡാനിയേല്‍സ് ആണ് ഈ ചിത്രത്തിന്റെ സംവിധായകന്.109 മിനിട്ട് ദൈര്‍ഘ്യമുള്ള ഈ പടം മനസ്സില്‍ നിന്ന് പോകാന്‍ കുറെ നാള് എടുക്കുമെന്ന് ഉറപ്പാണ്. Beloved കണ്ട് കഴിഞ്ഞപ്പോഴും അത്തരമൊരു സ്ഥിതിയിലായിരുന്നു. സിനിമയിലെ രംഗങ്ങള്‍ പെട്ടന്ന് മറക്കുന്ന ഒരാളാണ് ഞാനെങ്കിലും ചില സിനിമകള്‍ ഒഴിയാബാധകളായി കൂടുന്നത് അവയുടെ ആവിഷ്ക്കാരത്തിന്റെ ശക്തി കൊണ്ടാണ്.
