ചവിട്ടുനാടകം ടീം: അജിത്ത്, ജോസ്, ഞാന്‍, ഗോപകുമാര്‍,വിനയ്,മനോജ്,മനോജ് എമ്പ്രാന്തിരി (ഫോട്ടോ: സുകു/ജോസിന്റെ ക്യാമറ)
അജിത് പുല്‍പ്പള്ളിയാണ് ചവിട്ടുനാടകം കളിക്കാം എന്ന ആശയം ഏതോ തണ്ണിയടി പാര്‍ട്ടിയില്‍ അവതരിപ്പിച്ചത്. കുറെ യു-ട്യൂബ് ലിങ്കുകള്‍ അയച്ചുതന്നത് കണ്ടപ്പോള്‍ എല്ലാവര്‍ക്കും ആവേശമായി. ആര്‍ക്കും ഡാന്‍സൊന്നും അറിയില്ല എന്നും അതൊക്കെ പഠിച്ചെടുക്കാനുള്ള ബാല്യും കഴിഞ്ഞെന്നും സൗകര്യപൂര്വ്വം മറന്നുകൊണ്ടാണ് അടുത്ത മലയാളി പരിപാടിയില്‍ ചവിട്ടുനാടകം അവതരിപ്പിക്കാം എന്ന് പറഞ്ഞുനടക്കാന്‍ തുടങ്ങിയത്. ചവിട്ടുനാടകത്തെക്കുറിച്ച് എല്ലാ വിവരങ്ങളും വെബ്ബില്‍ കാണും എന്ന് പ്രതീക്ഷിച്ച് ഞങ്ങള്‍ കാര്യങ്ങള്‍ തുടങ്ങിയെങ്കിലും പെട്ടന്ന് മനസ്സിലായി കുറച്ച് യു-ട്യൂബ് ക്ലിപ്പുകളും, ചവിട്ടുനാടകത്തിനെക്കുറിച്ച് ചില സൈറ്റുകളിലും വിക്കിപീഡിയയിലും ഏതാനും വരികളും അല്ലാതെ അത് രംഗത്ത് അവതരിപ്പിക്കാന്‍ മാത്രം വിവരങ്ങളൊന്നും അവിടെ ഇല്ലെന്ന്.
എറണാകുളത്തിനടുത്ത് പള്ളിപ്പുറം ചവിട്ടുനാടകത്തിന്റെ ഒരു കേന്ദ്രമാണെന്ന് കേട്ടിട്ടുണ്ടായിരുന്നു. അതും പ്രശസ്ത ബാലസാഹിത്യകാരന്‍ സിപ്പി പള്ളിപ്പുറത്തിനെ പരിചയമുള്ളതും ഉപകാരപ്പെട്ടു. അദ്ദേഹത്തെ സമീപിച്ചപ്പോള്‍ ഒരു ചവിട്ടുനാടകക്ലബ്ബുമായി ബന്ധപ്പെടുത്തി തരാമെന്നു പറഞ്ഞു. അങ്ങനെയാണ് പള്ളിപ്പുറത്തെ സെന്റ് റോക്കീസ് നൃത്തകലാകേന്ദ്രത്തിന്റെ 'ദാവീദും ഗോലിയാത്തും' എന്ന ചവിട്ടുനാടകത്തിന്റെ ശബ്ദരേഖയും അവര്‍ അവതരിപ്പിച്ചതിന്റെ ഒരു വിസിഡിയും അയച്ചുകിട്ടുന്നത്.
വിസിഡിയില്‍ കണ്ട ഒരു ചെറിയ രംഗം അവതരിപ്പിക്കാന്‍ തീരുമാനിച്ചു. വേഷങ്ങളും മറ്റും നാട്ടില്‍ നിന്നു തന്നെ വരുത്തണം; വീണ്ടും സിപ്പി പള്ളിപ്പുറത്തിന്റെ സഹായം തേടേണ്ടി വന്നു. അദ്ദേഹത്തിന്റെ മേല്‍നോട്ടത്തില്‍ തന്നെ പെട്ടെന്ന് വേഷങ്ങള്‍ തയ്പ്പിച്ചെടുത്ത് അപ്പോള്‍ നാട്ടിലുണ്ടായിരുന്ന രാജേഷ് വേണ്ട വേഷങ്ങളും ബേ ഏരിയയില്‍ എത്തിച്ചു.
പരിശീലനം തുടങ്ങിയപ്പോഴാണ് കാര്യം അത്ര എളുപ്പമല്ല എന്ന് മനസ്സിലായത്. ഭാഗ്യത്തിന് മനോജിനും, മനോജിന്റെ ഭാര്യ ആശക്കും വിസിഡിയില്‍ നോക്കി സ്റ്റെപ്പുകള്‍ എന്താണെന്ന് മനസ്സിലാക്കാനുള്ള വൈദഗ്ദ്യം ഉണ്ടായിരുന്നു. എന്നാലും ഞാനടക്കമുള്ള ടീമിലെ പലര്‍ക്കും നൃത്തവുമായി പുലബന്ധമില്ലാത്തതുകൊണ്ട് വളരെ ലളിതമായ സ്റ്റെപ്പുകള്‍ പോലും പഠിച്ചെടുക്കുന്നത് ബാലികേറാമല ആയി. പക്ഷേ, അതിനകം ഞങ്ങളുടെ ചവിട്ടുനാടകത്തെപ്പറ്റി വീട്ടുകാരും നാട്ടുകാരുമൊക്കെ അറിഞ്ഞതുകൊണ്ട് പ്രൊജക്റ്റ് ഉപേക്ഷിക്കാനും പറ്റാത്ത അവസ്ഥയിലായി.
വൈനടിയും പ്രാക്ടീസുമൊക്കെയായിട്ട് മിക്കവാറും എല്ലാ ദിവസങ്ങളിലും ഞങ്ങള്‍ കൂടാന്‍ തുടങ്ങി. സ്ക്രിപ്റ്റിലും പാട്ടിലുമൊക്കെ ചില വ്യത്യാസങ്ങള്‍ വരുത്തി സംഗതി കുറച്ച് എളുപ്പമാക്കി. എന്നാലും പരിപാടിക്ക് ഏതാണ്ട് 10 ദിവസം മുമ്പ് മുതല്‍ മാത്രമേ വലിയ കുഴപ്പമില്ലാതെ എന്തെങ്കിലും അവതരിപ്പിക്കാന്‍ പറ്റും എന്ന വിശ്വാസം എല്ലാവര്‍ക്കും ഉണ്ടായുള്ളൂ.
ചവിട്ടുനാടകത്തെപ്പറ്റി അധികമൊന്നും തിരക്കാന്‍ അതിന്നിടയില്‍ സമയം കിട്ടിയില്ല. ഉള്ള് വിവരം വച്ച് തയ്യാറാക്കിയ ഒരു ആമുഖത്തില്‍ നിന്നുള്ള പ്രസക്തഭാഗങ്ങള്‍ ഇവിടെ കൊടുക്കുന്നു; നിങ്ങള്‍ക്ക് കൂടുതല്‍ എന്തെങ്കിലും അറിയാമെങ്കില്‍ കമന്റായി കൊടുക്കാം:
16 ആം നൂറ്റാണ്ട് മുതല്‍ കേരളത്തിലെ കൃസ്ത്യാനികളുടെ ഇടയില്‍ പ്രചാരമുള്ള ഒരു നൃത്തനാടക കലാരൂപമാണ് ചവിട്ടുനാടകം. ഓപ്പറ, മിറക്കിള്‍ പ്ലേ തുടങ്ങിയ യൂറോപ്യന്‍ നൃത്തനാടകങ്ങളുടെ രീതിയില്‍ ചിട്ടപ്പെടുത്തിയിട്ടുള്ള ചവിട്ടുനാടകം, കളരിപ്പയറ്റില്‍ നിന്നും ധാരാളം കടംകൊണ്ടിട്ടുണ്ട്. പോര്‍ച്ചുഗീസുകാരാണ് ഈ കലാരൂപത്തിന് കേരളത്തില്‍ തുടക്കമിട്ടത്. തൃശ്ശൂര്‍,എറണാകുളം,ആലപ്പുഴ എന്നീ ജില്ലകളിലെ ലത്തീന്‍ കത്തോലിക്കരാണ് ഈ കലയുടെ ആദ്യകാല പ്രയോക്താക്കള്‍.
ബൈബിള്‍ കഥകളോ കൃസ്ത്യന്‍ വീരന്മാരുടെ ചരിത്രങ്ങളോ ആണ് സാധാരണ ചവിട്ടുനാടകത്തിന് പ്രമേയമാക്കുക. പാട്ടും നൃത്തവും മധ്യകാല യൂറോപ്യന്‍ വസ്ത്രങ്ങളൂടെ കണ്ണഞ്ചിപ്പിക്കുന്ന നിറങ്ങളും സമന്വയിപ്പിച്ചുകൊണ്ടുള്ള ചവിട്ടുനാടകക്കാരുടെ പ്രകടനം മറ്റു കേരളീയ കലാരൂപങ്ങളില്‍ നിന്ന് വളരെ പ്രത്യേകതകള്‍ ഉള്ളതും ആകര്‍ഷകവുമാണ്.
തമിഴും മലയാളവും കലര്‍ന്ന ഒരു ഭാഷാരീതിയാണ് കാറല്‍മാന്‍ ചരിതം പോലെയുള്ള ആദ്യകാല ചവിട്ടുനാടകങ്ങില്‍ ഉപയോഗിച്ചിരുന്നത്. തങ്ങളുടെ പ്രകടനത്തിന്നിടക്ക് അഭിനേതാക്കളും നൃത്തക്കാരും പാട്ടുകള്‍ ഉച്ചത്തില്‍ പാടി, പലക വിരിച്ച തറയില്‍ ശക്തമായി ചവിട്ടി, കഥപറച്ചിലിന് ഊന്നല്‍ കൊടുക്കാന്‍ ശ്രമിക്കുന്ന രീതിയില്‍ നിന്നാണ് ചവിട്ടുനാടകത്തിന് അതിന്റെ പേര് ലഭിക്കുന്നത്. അവസാനഭാഗത്തോടെ മരത്തിന്റെ പ്ലാറ്റ്‌ഫോം തകര്‍ന്ന് വീഴുന്നത് നാടകത്തിന്റെ വിജയമായി കണക്കാക്കിയിരുന്ന ഒരു കാലം ഉണ്ടായിരുന്നു.

എന്തായാലും കഴിഞ്ഞ ശനിയാഴ്ച് മൈത്രിയുടെ ക്രീസ്മസ് /ന്യൂ ഇയര്‍ പരിപാടിയില്‍ ഞങ്ങള്‍ ചവിട്ടുനാടകം അവതരിപ്പിച്ചു. പരിപാടിയുടെ പുതുമയും വേഷവിധാനങ്ങളും ഒക്കെ കണ്ട് പൊതുവേ എല്ലാവര്‍ക്കും അത് ഇഷ്ടപ്പെടുകയും ചെയ്തു.
സെന്റ് റോക്കീസ് നൃത്തകലാഭവന്റെ ഈ ക്ലിപ്പായിരുന്നു ഞങ്ങള്‍ക്ക് അവലംബം:
അത് ഞങ്ങള്‍ കളിച്ചപ്പോള്‍ ഇങ്ങനെയായി/ഇങ്ങനെയാക്കി: