Saturday, March 08, 2008

ഒബാമ പതറുന്നു | അമേരിക്കന്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പ്

മാര്‍ച്ച് 4-ന് നടന്ന പ്രൈമറികളില്‍ ഒബാമക്ക് ടെക്സസില്‍ മാത്രമേ വിജയിക്കേണ്ടിയിരുന്നുള്ളൂ, നോമിനേഷനില്‍ അതിശക്തമായ പിടിമുറുക്കാന്‍. ബില്‍ ക്ലിന്റനും മറ്റു തലമുതിര്‍ന്ന ഡമോക്രാറ്റിക് പാര്‍ട്ടി നേതാക്കളും സൂചിപ്പിച്ചിരുന്നതുപോലെ ഒഹായോയിലും ടെക്സസിലും തോറ്റിട്ട് ഹിലരിക്ക് അവരുടെ ക്യാം‌മ്പയിന്‍ മുന്നോട്ട് കൊണ്ടുപോകാ‍ന്‍ ആവുമായിരുന്നില്ല; പിന്മാറാന്‍ പാര്‍ട്ടിയില്‍ നിന്ന് സമ്മര്‍ദ്ദം മുറുകിയേനെ. പക്ഷേ, ഹിലരി രണ്ടിടത്തും വിജയിച്ചു. കിട്ടിയ ഡലിഗേറ്റുകളുടെ കാര്യത്തില്‍ വലിയ വ്യത്യാസമില്ലെങ്കിലും ആ വിജയിത്തിനുശേഷം അവര്‍ക്ക് വിജയിക്കാന്‍ കഴിയുമെന്ന ഒരു തോന്നല്‍ പൊതുജനങ്ങളില്‍ ഉണ്ടായിട്ടുണ്ട്.

പോളുകളില്‍ നേരിയ മുന്‍‌തൂക്കമേ ഉണ്ടായിരുന്നുവുള്ളൂ എങ്കിലും ടെക്സസില്‍ ഒബാമ ജയിക്കുമെന്നാണ് പൊതുവെ കരുതിയിരുന്നത്. പക്ഷേ, തിരഞ്ഞെടുപ്പിന് കുറച്ചുദിവസങ്ങള്‍ക്ക് മുമ്പ് പലതും സംഭവിച്ചു. അതൊന്നും ഫലപ്രദമായി നേരിടാന്‍ കഴിയാഞ്ഞതുകൊണ്ടാണ് ഒബാമ തോറ്റത്; അതിന്നൊപ്പം കുറച്ച് നിര്‍ഭാഗ്യവും അദ്ദേഹത്തിന് ഉണ്ടായി. എക്സിറ്റ് പോളുകള്‍ പ്രകാരം തിരഞ്ഞെടുപ്പിന് 3 ദിവസങ്ങള്‍ മുമ്പ് ആര്‍ക്ക് വോട്ടുചെയ്യണമെന്ന് തീരുമാനമെടുത്തവര്‍ ഈ രണ്ടു സംസ്ഥാനങ്ങളിലും ബഹുഭൂരിപക്ഷവും ഹിലരിക്കാണ് വോട്ടുചെയ്തത്; ആ ദിവസങ്ങള്‍ക്ക് മുമ്പ് ചെയ്ത നിഗമനങ്ങള്‍ മൊത്തം മാറിമറിയാനും അതു കാരണമായി.



ഹിലരിയുടെ 3 a.m. ടി.വി. പരസ്യം (ലിങ്ക് മുകളില്‍)ആണ് പ്രചരണത്തില്‍ ഏറ്റവും ഫലപ്രദമായത്. ഒബാമ ദേശീയസുരക്ഷിതത്വവുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ കൈകാര്യം ചെയ്യാന്‍ പ്രാപ്തനല്ല എന്നു വരുത്തിതീര്‍ക്കാനുതകുന്ന ഒന്നായിരുന്നു, രാജ്യത്ത് എന്തെങ്കിലും വിപത്ത് സംഭവിച്ചാല്‍ ഏതുസമയത്തും ഫോണെടുക്കാന്‍ താനാണ് ഏറ്റവും അനുയോജ്യ എന്ന് ഉല്‍ഘോഷിക്കുന്ന ഹിലരിയുടെ ആ പരസ്യം. ഒബാമയെ ഈ പരസ്യത്തില്‍ നേരിട്ട് വിമര്‍ശിക്കുന്നില്ല; പക്ഷേ അതു കാണുന്ന ആര്‍ക്കും മനസ്സിലാകും ഹിലരി ആരെയാണ് ഉന്നം വയ്ക്കുന്നതെന്ന്. ഒബാമ എതിര്‍പരസ്യം ഇട്ടെങ്കിലും ജനങ്ങള്‍ ഹിലരിയെ തന്നെ വിശ്വസിച്ചു എന്നു വേണം കരുതാന്‍. മറ്റു രണ്ടു കാര്യങ്ങള്‍ ഒബാമയുടെ നിര്‍ഭാഗ്യം കൊണ്ട് സംഭവിച്ചതാണ്.അതിലൊന്ന് ഷിക്കാഗോയിലെ അദ്ദേഹത്തിന്റെ ഒരു പഴയ സുഹൃത്തും ബിസിനസ്സുകാരനുമായ ടോണി റിസ്ക്കോ ഒരു അഴിമതിയില്‍ പെടുകയും ആ കേസ് കോടതിയില്‍ എത്തുകയും ചെയ്തതാണ്. വീടുവാങ്ങിയതുമായും രാഷ്ട്രീയ സംഭാവന വാങ്ങിയതുമായും മറ്റും ഒബാമയ്ക്ക് അദ്ദേഹവുമായുള്ള ബന്ധം മാധ്യമങ്ങളില്‍ പരക്കെ ചോദ്യം ചെയ്യപ്പെട്ടു. (ടോണി റിസ്ക്കോവുമായുള്ള ബന്ധം തുടര്‍ന്നും ഒബാമയെ വേട്ടയാടും എന്ന് ഉറപ്പാണ്.) രണ്ടാമത്തേത് NAFTA ഉടമ്പടിയോട് അദ്ദേഹത്തിനോടുള്ള എതിര്‍പ്പ് ഇലക്ഷന്‍ പ്രചരണത്തിന് വേണ്ടി മാത്രം കാണിക്കുന്നതാണെന്നും ആ ഉടമ്പടിയില്‍ ഭാഗക്കാരായ കാനഡപോലുള്ള രാജ്യങ്ങള്‍ക്ക് പേടിക്കേണ്ട കാര്യമില്ലെന്നും അദ്ദേഹത്തിന്റെ ഒരു ഉപദേശകന്‍ ഒരു കനേഡിയന്‍ ഡിപ്ലോമാറ്റിനോട് പറഞ്ഞതാണ്. ആ വാര്‍ത്ത ഒഹായോയില്‍ അദ്ദേഹത്തിന്റെ പ്രതിച്ഛായ മങ്ങാന്‍ കാരണമായി. ഒഹായോക്കാരെപ്പോലെയാണ് അടുത്ത പ്രധാനപ്പെട്ട തിരഞ്ഞെടുപ്പു നടക്കാന്‍ പോകുന്ന പെന്‍സില്‍‌വേനിയയിലെ വോട്ടര്‍മാര്‍; അതുകൊണ്ട് ഒബാമക്ക് അവിടെയും ക്ഷീണം ഉണ്ടാവും.

പൊതുവേ ഏതുതരത്തിലുള്ള ആക്രമണത്തിനും ഹിലരിക്ക് മടിയുണ്ടെന്ന് തോന്നുന്നില്ല; പ്രത്യേകിച്ച് ചളി വാരി എറിയുന്നതും നുണകള്‍ പ്രചരിപ്പിക്കുന്നതുമായ കിച്ചന്‍ സിങ്ക് ആക്രമണങ്ങള്‍. ആദര്‍‌ശരാഷ്ട്രീയം പ്രസംഗിച്ചു നടക്കുന്ന ഒബാമയുടെ കൈകള്‍ ആ നിലപാടുകൊണ്ടുതന്നെ ഒരളവുവരെ ബന്ധിക്കപ്പെട്ടിരിക്കുകയാണ്, അതേ നാണയത്തില്‍ പ്രത്യാക്രമണം നടത്തുന്നതില്‍ നിന്ന്. ഒരളവുവരെ അദ്ദേഹം പ്രതിധാനം ചെയ്യുന്ന രാഷ്ട്രീയത്തിന്റെയും അദ്ദേഹത്തിനുള്ള പിന്തുണയുടെയും പരിമിതികള്‍ ഇപ്പോള്‍ വെളിവായി വരുന്നുണ്ട്. അതേക്കുറിച്ച് കൂടുതല്‍ അറിയണമെങ്കില്‍ ‘ഇക്കണോമിസ്റ്റി’ലെ ഈ ഒന്നാന്തരം ലേഖനം വായിക്കുക. (താഴെ കൊടുത്തിരിക്കുന്ന ചിത്രത്തില്‍ ക്ലിക്കുക.)




മൊത്തം ഡലിഗേറ്റുകളുടെ എണ്ണത്തില്‍ ഏകദേശം 100 പേരുടെ ലീഡ് ഇപ്പോഴും ഒബാമക്കുണ്ട്. പെന്‍‌സില്‍‌വേനിയയിലെ പ്രൈമറി വരെ അതില്‍ വലിയ വ്യത്യാസം വരികയില്ല. അതിനിടെ പാര്‍ട്ടി നേതൃത്വം നിര്‍‌ദ്ദേശിച്ച സമയത്ത് നടത്താതെ നേരത്തെ പ്രൈമറി നടത്തിയതുകൊണ്ട് അയോഗ്യത കല്‍പ്പിച്ച ഫ്ലോറിഡയിലെയും മിഷിഗണിലെയും പ്രൈമറികള്‍ വീണ്ടും നടത്തുവാന്‍ ഇടയുണ്ട്. പേരിന് ഇവിടങ്ങളില്‍ ഹിലരിയാണ് ജയിച്ചത്; അതുകൊണ്ട് അവിടത്തെ ഡലിഗേറ്റുകളെ തനിക്ക് കിട്ടണം എന്ന് ഹിലരി വാദിക്കുന്നുണ്ട്.

ഇനിയുള്ള ദിവസങ്ങളില്‍ ഒബാമയെയാണ് എല്ലാവരും ഉറ്റുനോക്കുന്നത്. മാധ്യമങ്ങളുമായുള്ള അദ്ദേഹത്തിന്റെ ഹണിമൂണ്‍ അവസാനിച്ചു കഴിഞ്ഞുവെന്ന് ഇപ്പോഴത്തെ വാര്‍ത്തകള്‍ കണ്ടാല്‍ അറിയാം. ഇത്തരമൊരു പരുക്കന്‍ സാഹചര്യത്തില്‍ അദ്ദേഹം എങ്ങനെയാണ് പെരുമാറുന്നതെന്നും ആക്രമണങ്ങള്‍ക്ക് മറുപടി കൊടുക്കുന്നതെന്നും വിലയിരുത്തേണ്ടത് ആവശ്യമാണ്; അമേരിക്കന്‍ പ്രസിഡന്റിന്റെ പണി പിള്ള കളിയല്ലല്ലോ. തല്‍ക്കാലം ഒബാമ പ്രതിരോധത്തിലാണ്.

ഇപ്പോള്‍ വയോമിങ്ങില്‍ കോക്കസുകള്‍ കൂടിക്കൊണ്ടിരിക്കുകയാണ്. ഡലിഗേറ്റുകള്‍ അധികമില്ലെങ്കിലും മാര്‍ച്ച് 4-നു ശേഷം ആദ്യം നടക്കുന്ന തിരഞ്ഞെടുപ്പ് എന്ന നിലയില്‍ ഈ തിരഞ്ഞെടുപ്പിന് പ്രാധാന്യമുണ്ട്.

4 comments:

വിന്‍സ് said...

ഒബാമ പരുപാടി നിര്‍ത്തി പോവേണ്ട സമയം കഴിഞ്ഞു. എക്കണോമിസ്റ്റില്‍ വന്ന ലേഖനം അതു പോലെ തന്നെ പലതിനും വന്നിട്ടുണ്ട്. ഒബാമക്കെന്നല്ല ഇല്ലിനോയിലെ എല്ലാ പ്രമുഖ രാഷ്ട്രീയക്കാര്‍ക്കും അറിയാം ടോണി റാസ്കോ ആരാണു, എന്താണു എന്നൊക്കെ. ഇപ്പം പിടിച്ചു എന്നു മാത്രം. നാഫ്റ്റയുടെ കാര്യത്തില്‍ ഒബാമ ഇരട്ടത്താപ്പു നയം ആണു കാണിക്കുന്നത് എന്നു അദ്ധേഹത്തിന്റെ പ്രസംഗം ഫാളോ ചെയ്യൂന്ന എല്ലാവര്‍ക്കും അറിയാം.

ഒബാമക്കു പ്രസംഗിക്കാന്‍ അറിയാം, പ്രവര്‍ത്തിക്കാന്‍ അറിയാമോ എന്നു ഇതു വരെ തെളിയിച്ചിട്ടില്ല.

ക്വിറ്റ് ഒബാമ. വോട്ട് ഫോര്‍ ഹിലറി.

t.k. formerly known as thomman said...

വയോമിങ്ങിലെ കോക്കസില്‍ ഒബാമ വന്‍ഭൂരിപക്ഷത്തിന് വിജയിച്ച് കോക്കസുകളില്‍ വിജയിക്കാനുള്ള അദ്ദേഹത്തിന്റെ പ്രാവീണ്യം ഒരിക്കല്‍ കൂടി തെളിയിച്ചു. ടെക്സസിലെ പ്രൈമറിയില്‍ അദ്ദേഹം പരാജയപ്പെട്ടെങ്കിലും കോക്കസില്‍ അദ്ദേഹമാണ് മുന്നിട്ടുനില്‍ക്കുന്നതെന്നുകൂടി ഇവിടെ ഓര്‍ക്കണം. (ടെക്സസിലെ കോക്കസിന്റെ ഫലം ഇതുവരെ പ്രഖ്യാപിച്ചിട്ടില്ലെങ്കിലും ഒബാമ അതില്‍ ജയിക്കുമെന്ന് ഏതാണ്ട് ഉറപ്പാണ്; 1/3 ഡലിഗേറ്റുകളെ കോക്കസിലെ ഫലമനുസരിച്ചാണ് തിരഞ്ഞെടുക്കുന്നത്.)

t.k. formerly known as thomman said...

ഇന്ന് മിസിസ്സിപ്പിയില്‍ നടന്ന പ്രൈമറിയില്‍ പ്രതീക്ഷിച്ചതുപോലെ ഒബാമ വന്‍ഭൂരിപക്ഷത്തിന് വിജയിച്ചു. ഇതോടെ ടെക്സസിലും ഒഹായോയിലും വിജയിച്ചതുവഴി ഹിലരിക്ക് ഡലിഗേറ്റുകളുടെ എണ്ണത്തില്‍ ഉണ്ടായ നേട്ടം ഇല്ലാതാവുകയും ചെയ്തു.

അടുത്ത പ്രൈമറി 6 ആഴ്ചകള്‍ക്കുശേഷം പെന്‍സില്‍‌വേനിയയില്‍ ആണ്.

t.k. formerly known as thomman said...

CNN ടെക്സസില്‍ നടന്ന ഡമോക്രാറ്റുകളുടെ കോക്കസില്‍ ഒബാമയെ വിജയിയായി പ്രൊജക്ടു ചെയ്തു. (വോട്ടെണ്ണല്‍ ഇതുവരെ കഴിഞ്ഞിട്ടില്ല.) ഇതിന്റെ രസകരമായ വശം എന്താണെന്നുവച്ചാല്‍ ഒബാമ ടെക്സസില്‍ ഡലിഗേറ്റുകളുടെ എണ്ണത്തിന്റെ കാര്യത്തില്‍ മറികടന്നു എന്നതാണ്. വിശദാംശങ്ങള്‍ ഇവിടെ.

നെവാഡയിലും ഏകദേശം ഇതുതന്നെയാണ് സംഭവിച്ചത്. ഹിലരി കൂടുതല്‍ വോട്ടുകള്‍ നേടിയെങ്കിലും ഒരു ഡലിഗേറ്റ് കൂടുതല്‍ ഒബാമയ്ക്കായിരുന്നു.

മൊത്തത്തില്‍ മാര്‍ച്ച് 4-ന് ഒബാമയ്ക്കുണ്ടായിരുന്ന ലീഡ് കുറച്ചുകൂടി വര്‍ദ്ധിച്ചു.