Monday, May 19, 2008

ഒബാമയ്ക്ക് കേവല ഭൂരിപക്ഷം | അമേരിക്കന്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പ്

നാളെ രണ്ടു സംസ്ഥാനങ്ങളില്‍ ഡമോക്രാറ്റുകളുടെ പ്രൈമറി നടക്കുകയാണ്- കെന്റക്കിയിലും ഓറിഗണിലും. രണ്ടു സംസ്ഥാനങ്ങളിലും ന്യൂനപക്ഷങ്ങള്‍ വളരെ കുറവാണെങ്കിലും തെക്കന്‍ സംസ്ഥാനമായ കെന്റക്കി വെസ്റ്റ് വെര്‍ജീനിയയെപ്പോലെ പഴയ അമേരിക്കയെ പ്രതിനിധീകരിക്കുമ്പോള്‍, ശാന്തസമുദ്രത്തിന്റെ തീരത്ത് കാലിഫോര്‍‌ണിയയുടെ വടക്കു സ്ഥിതിചെയ്യുന്ന ഓറിഗണ്‍ അമേരിക്ക കൈവരിച്ച സാമൂഹികപുരോഗതിയുടെ അടയാളമാകുന്നു. ദാരിദ്ര്യത്തിനും വര്‍ണ്ണവെറിയന്മാരുടെ എണ്ണത്തിനും കുതിരപന്തയത്തിനുമൊക്കെ കെന്റക്കിക്ക് പേരുള്ളപ്പോള്, പരിസ്ഥിതി സംരക്ഷണത്തിനും പ്രകൃതിയോടു ചേര്‍ന്നുള്ള കൃഷിക്കും സ്വതന്ത്ര രാഷ്ട്രീയ ചിന്താഗതിക്കും സാല്‍മണ്‍ മത്സ്യബന്ധനത്തിനുമൊക്കെയാണ് ഓറിഗണ് പേരുള്ളത്. ഏബ്രഹാം ലിങ്കണ്‍, മുഹമ്മദ് അലി എന്നിവരുടെ നാടാണ് കെന്റക്കിയെങ്കില്‍ ഭഗവാന്‍ രജനീഷിന്റെ അമേരിക്കയിലെ ആസ്ഥാനമായിരുന്ന രജനീഷ്‌പുരം സ്ഥിതി ചെയ്തിരുന്ന സംസ്ഥാനമായാണ് ഞാന്‍ ആദ്യം ഓറിഗണെക്കുറിച്ച് കേള്‍ക്കുന്നത്.Related news link here.

വെസ്റ്റ് വെര്‍ജീനിയയിലെപ്പോലെ നല്ല വിജയം ഹിലരി കെന്റക്കിയില്‍ നേടും; ഒബാമ ഓറിഗണില്‍ വിജയിക്കും. ഓറിഗണിലെ വിജയത്തോടുകൂടി തിരഞ്ഞെടുക്കപ്പെട്ട, പ്രതിജ്ഞാബദ്ധരായ ഡലിഗേറ്റുകളുടെ കാര്യത്തില്‍ ഒബാമ കേവലഭൂരിപക്ഷം നേടും. ആ നേട്ടത്തിന്ന് ഏകദേശം 17 ഡലിഗേറ്റുകളെക്കൂടി മതി ഒബാമയ്ക്ക്. പ്രൈമറി കഴിഞ്ഞാലും ആര്‍ക്കും മൊത്തം ഡലിഗേറ്റുകളുടെ കാര്യത്തില്‍ കേവലഭൂരിപക്ഷം കിട്ടാന്‍ സാധ്യതയില്ലാത്തതുകൊണ്ട്, ഒബാമയ്ക്ക് ഇത് വിജയമായിത്തന്നെ പ്രഖ്യാപിക്കാവുന്നതാണ്.

പക്ഷേ, ഞാന്‍ കഴിഞ്ഞ പോസ്റ്റില്‍ പറഞ്ഞതുപോലെ നാളെ ഒബാമ വിജയപ്രഖ്യാപനം നടത്താന്‍ ഇടയില്ലെന്നാണ് ഇപ്പോഴത്തെ വാര്‍ത്ത. വിശദാംശങ്ങള്‍ ഇവിടെ. ക്ലിന്റന്‍ ഗ്രൂപ്പിനെ പിണക്കാതെ പൊതുതിരഞ്ഞെടുപ്പില്‍ അവരെ തന്റെ കൂടെ നിര്‍‌ത്താനുള്ള തന്ത്രത്തിന്റെ ഭാഗമാണ് ഇതെന്നാണ് എനിക്കു തോന്നുന്നത്. തന്നെയുമല്ല കഴിഞ്ഞ ഒരു ആഴ്ച ഒബാ‍മയ്ക്ക് വളരെ അനുകൂലമായിരുന്നു. അത്തരമൊരു സാഹചര്യത്തില്‍ വിജയപ്രഖ്യാപനമൊക്കെ മാറ്റി വച്ച്, പാര്‍ട്ടിക്കുള്ളില്‍ അനുരഞ്ജനത്തിന്റെ അന്തരീക്ഷം സൃഷ്ടിക്കാനാവും അദ്ദേഹത്തിന്റെ ശ്രമം.

നാളത്തെ തിരഞ്ഞെടുപ്പുകള്‍ കഴിഞ്ഞാല്‍ പിന്നെ മൂന്ന് പ്രൈമറികള്‍ കൂടിയേ ബാക്കിയുള്ളൂ: ജൂണ്‍ 1-ന് പോര്‍ട്ടൊ റീക്കൊയിലും ജൂണ്‍ 3-ന് മൊണ്ടാനയിലും സൌത്ത് ഡക്കോട്ടയിലും. പലവട്ടം പറഞ്ഞിട്ടുള്ളതുപോലെ നാളത്തെ തിരഞ്ഞെടുപ്പുകള്‍ക്കും ബാക്കിയുള്ളവയ്ക്കും അക്കാദമിക പ്രാധാന്യമേയുള്ളൂ. ഡമോക്രാറ്റുകളുടെ അനൌദ്യോഗിക നോമിനി ഒബാമ തന്നെ.

8 comments:

t.k. formerly known as തൊമ്മന്‍ said...

ഓറിഗണിലെ വിജയത്തോടു കൂടി തിരഞ്ഞെടുക്കപ്പെട്ട,പ്രതിജ്ഞാബദ്ധരായ ഡലിഗേറ്റുകളുടെ എണ്ണത്തില്‍ ഒബാമ കേവലഭൂരിപക്ഷം കരസ്ഥമാക്കും.

അഞ്ചല്‍ക്കാരന്‍ said...

ഒബാമ അമേരിക്കന്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥിയാകാന്‍ വഴിയില്ല എന്നൊരു തോന്നല്‍. വെറും തോന്നലാണേ...

t.k. formerly known as തൊമ്മന്‍ said...

അഞ്ചല്‍‌ക്കാരന്റെ തോന്നല്‍ യാഥാര്‍ത്യമാകാതെ പോകട്ടെ :) ഒബാമയ്ക്ക് എന്തെങ്കിലും പറ്റിയാല്‍ മാത്രമേ അത്തരം ഒരു സാഹചര്യം ഇനി ഉണ്ടാവുകയുള്ളൂ.

t.k. formerly known as തൊമ്മന്‍ said...

കെന്റക്കിയില്‍ 35% വോട്ടുകളുടെ ഭൂരിപക്ഷത്തിന് ഹിലരി ജയിച്ചു. പക്ഷേ, അവിടെ നിന്ന് ലഭിച്ച ഡലിഗേറ്റുകളുടെ എണ്ണം കൊണ്ടുതന്നെ ഒബാമ പ്രതിജ്ഞാബദ്ധരായ ഡലിഗേറ്റുകളുടെ (pledged delegates) എണ്ണത്തില്‍ കേവലഭൂരിപക്ഷം കരസ്ഥമാക്കി.

t.k. formerly known as തൊമ്മന്‍ said...

88% വോട്ടുകള്‍ എണ്ണിക്കഴിഞ്ഞപ്പോള്‍ ഓറിഗണില്‍ ഒബാമ 16% വോട്ടുകള്‍ക്ക് മുമ്പിലാണ്‍. ചാനലുകള്‍ അദ്ദേഹത്തെ വിജയിയായി പ്രഖ്യാപിക്കുകയും ചെയ്തു.

t.k. formerly known as തൊമ്മന്‍ said...

എഡ്വേര്‍‌ഡ് കെന്നഡിക്ക് മസ്തിഷ്ക്കാര്‍ബുദം

JFK-യുടെ ഏറ്റവും ഇളയ സഹോദരനും ലിബറല്‍ ഡമോക്രാറ്റുകളുടെ തലതൊട്ടപ്പനുമായ എഡ്വേര്‍‌ഡ് കെന്നഡിക്ക് മസ്തിഷ്ക്കാര്‍ബുദമാണെന്ന് ഇന്നലെ സ്ഥിരീകരിക്കപ്പെട്ടു. സെനറ്റിലെ ദീര്‍ഘകാലാംഗവും “സെനറ്റിലെ അവസാനത്തെ സിംഹം” എന്നും അറിയപ്പെടുന്ന അദ്ദേഹത്തിന്റെ രോഗവിവരം പാര്‍ട്ടിഭേദമന്യേ രാഷ്ട്രീയവൃത്തങ്ങളില്‍ മ്ലാനത പരത്തി. രാഷ്ട്രിയ എതിരാളിയാണെങ്കിലും ജോണ്‍ മക്കെയിന്‍ കരച്ചിലിനോടടുത്തു ഇന്നലെ കെന്നഡിയെക്കുറിച്ച് സംസാരിച്ചപ്പോള്‍.

വംശീയത പ്രൈമറി തിരഞ്ഞെടുപ്പിലേക്ക് ഹിലരി കുത്തിവച്ചപ്പോള്‍ ഒട്ടും സമയം കളയാതെ എഡ്വേര്‍‌ഡ് കെന്നഡി ഒബാമയ്ക്ക് പിന്തുണ പ്രഖ്യാപിച്ച് പ്രചരണത്തിന് ഇറങ്ങിയിരുന്നു. കെന്നഡി കുടുംബത്തിന്റെ പിന്തുണ ഒബാമയെ പാര്‍ട്ടിയില്‍ അംഗീകരിക്കപ്പെടാന്‍ ഒരുപാട് സഹായിച്ചിട്ടുണ്ട്. ഹിലരിയുടെ “തറ” പ്രചരണതന്ത്രങ്ങളെ വിമര്‍‌ശിക്കാന്‍ കെന്നഡി ഒട്ടും അറപ്പുകാണിച്ചില്ല. അത് ക്ലിന്റന്മാരുടെ കോപത്തിന് അദ്ദേഹം ഇരയാകാന്‍ കാരണമാവുകയും ചെയ്തു.

ലിബറല്‍ ഡമോക്രാറ്റിക് രാഷ്ട്രീയത്തിന്റെ കൈവിളക്ക് ഒബാമയെപ്പോലെ ശക്തനായ, പുതിയ തലമുറയിലെ ഒരു പിന്‍‌ഗാമിക്ക് കൈമാറിക്കൊണ്ട് തനിക്ക് രംഗത്തില്‍ നിന്ന് പിന്‍‌മാറാം എന്ന് കെന്നഡിക്ക് ആശ്വസിക്കാം.

പൊതുതിരഞ്ഞെടുപ്പില്‍ കെന്നഡിയുടെ തട്ടകമായ വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍, പ്രത്യേകിച്ചും അദ്ദേഹം സെനറ്ററായ മാസച്യൂസെറ്റ്‌സില്‍, ഒബാമയ്ക്ക് വലിയൊരു സഹായമാണ് ഇല്ലാതാകുവാന്‍ പോകുന്നത്.

അഞ്ചല്‍ക്കാരന്‍ said...

അമേരിക്കന്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പിലെ ഏറ്റവും ഒടുവിലത്തെ വിശേഷങ്ങള്‍ എന്തൊക്കെയാണ് ടി.കെ?

താങ്കളുടെ ജീമെയില്‍ ഐഡി കിട്ടിയാല്‍ കൊള്ളാമായിര്‍ന്നു.

നന്ദി.

t.k. formerly known as തൊമ്മന്‍ said...

അഞ്ചല്‍ക്കാരന്‍,
നോമിനേഷന്‍ കിട്ടില്ല എന്ന് ഉറപ്പായിട്ടും ഹിലരി പ്രൈമറി തിരഞ്ഞെടുപ്പില്‍ നിന്ന് പിന്മാറാത്തതിന്റെ കാരണങ്ങള്‍ എന്തായിരിക്കും എന്ന താങ്ങളുടെ ചോദ്യത്തിന് മറുപടിയായി, പ്രൈമറികാലത്ത് റോബര്‍ട്ട് കെന്നഡി വധിക്കപ്പെട്ടതുപോലെയൊരു ദുര്‍‌വിധി ഒബാമയുടെ കാര്യത്തിലുണ്ടാകാമെന്നും, അവശേഷിക്കുന്ന സ്ഥാനാര്‍‌ഥി എന്ന നിലയില്‍ ഹിലരിക്ക് നോമിനേഷന്‍ കിട്ടാമെന്നും ഞാന്‍ എഴുതിയിരുന്നല്ലോ. അത്തരം ഒരു ചിന്ത അവര്‍ ഉള്ളില്‍ വച്ചുകൊണ്ടു നടക്കുന്നുണ്ടെന്ന് അബദ്ധവശാല്‍ അവരുടെ വായില്‍ നിന്നു തന്നെ ഇന്നലെ പുറത്തുവന്നു. മത്സരത്തില്‍ നിന്ന് പിന്മാറാത്തതിനെപറ്റി അവര്‍ പറഞ്ഞതിങ്ങനെയാണ്: “ എന്റെ ഭര്‍ത്താവ് ജൂണ്‍ പകുതിയോടുകൂടി കാലിഫോര്‍ണിയ പ്രൈമറി ജയിച്ചതിനു ശേഷമല്ലേ നോമിനേഷന്‍ ഉറപ്പിച്ചത്? ജൂണില്‍ കാലിഫോര്‍ണിയയില്‍ വച്ച് ബോബി കെന്നഡി വധിക്കപ്പെട്ടത് നമ്മളെല്ലാവരും ഓര്‍ക്കുന്നുണ്ട്. എനിക്കത് (അവര്‍ പിന്മാറണമെന്ന മറ്റുള്ളവരുടെ ആഹ്വാനങ്ങള്‍) മനസ്സിലാകുന്നില്ല.” ഒരു വാര്‍ത്ത ഇവിടെ.

ഇത് വളരെ ഒച്ചപ്പാട് ഉണ്ടാക്കുന്നുണ്ട്. ഹിലരി ക്ഷമ ചോദിച്ചെങ്കിലും. താന്‍ ഉദ്ദേശിച്ച കാര്യത്തെ മറക്കാന്‍ വേണ്ടി കെന്നഡി കുടുംബത്തോടാണ്‍ അവര്‍ ക്ഷമ ചോദിച്ചതെന്നു മാത്രം.

പാര്‍ട്ടിക്കാര്‍ ഹിലരിയെ ഒബാമയുടെ വൈസ് പ്രസിഡന്റ് സ്ഥാനാര്‍ഥിയാക്കാന്‍ നോക്കുന്നുണ്ട്. അങ്ങനെ സംഭവിച്ചാല്‍ ഒബാമ എന്ന പ്രതിഭാസത്തിന്റെ തിളക്കം കുറയുമെന്നുള്ളതിന്ന് സംശയമില്ല.

എന്റെ ഇ-മെയില്‍ പ്രൊഫൈലില്‍ കൊടുത്തിട്ടുള്ളതു തന്നെ.