Tuesday, June 03, 2008
ഒബാമ ഡമോക്രാറ്റിക് പാര്‍ട്ടി നോമിനി | അമേരിക്കന്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പ്
(ചിത്രം Yahoo! News-ല്‍ ഈ വാര്‍ത്തയോടൊപ്പം കൊടുത്തിട്ടുള്ളത്.)
മെയ് 10-ന് ഒബാമ ഡമോക്രാറ്റിക് പാര്‍ട്ടിയുടെ സ്ഥാനാര്‍ഥി ആവുമെന്ന് ഉറപ്പായെങ്കിലും (വിശദാംശങ്ങള്‍ ഇവിടെ), മൊത്തം ഡലിഗേറ്റുകളുടെ പിന്തുണയില്‍ അദ്ദേഹത്തിന് ഇതുവരെ കേവലഭൂരിപക്ഷം കിട്ടിയിട്ടില്ലായിരുന്നു. ഇന്ന് ഡമോക്രാറ്റിക് പാര്‍ട്ടിയുടെ പ്രൈമറി തിരഞ്ഞെടുപ്പുകള്‍ പൂര്‍ത്തിയായി. മൊണ്ടാനയില്‍ ഒബാമയും സൌത്ത് ഡക്കോട്ടയില്‍ ഹിലരിയും ജയിച്ചു. പക്ഷേ, ആ തിരഞ്ഞെടുപ്പുകളുടെ ഫലങ്ങള്‍ അറിവാകുന്നതിന്ന് മുമ്പ് തന്നെ ഇന്ന് രാവിലെ മുതല്‍ പിന്തുണ പ്രഖ്യാപിക്കാന്‍ ബാക്കിയുണ്ടായിരുന്ന സൂപ്പര്‍ ഡലിഗേറ്റുകള്‍ ഒബാമ പക്ഷത്തേക്ക് ഒഴുകിത്തുടങ്ങി. വൈകുന്നേരത്തോടെ കേവലഭൂരിപക്ഷത്തിന് ആവശ്യമായ 2118 ഡലിഗേറ്റുകളുടെ പിന്തുണ അദ്ദേഹം നേടുകയും ചെയ്തു.
ഏറ്റവും പഴയ ജനാധിപത്യ റിപ്പബ്ലിക്കില്‍ ഈ സംഭവം ചരിത്രത്തിന്റെ ഭാഗമാവുകയാണ്. പ്രധാനപ്പെട്ട പാര്‍ട്ടികളില്‍ ഒന്നിന്റെ പ്രസിഡന്റ് സ്ഥാനാര്‍ഥി വെള്ളക്കാരനല്ലാത്ത ഒരാള്‍ ആവുന്നത്. ഹിലരി സ്ഥാനാര്‍ഥി ആയെങ്കിലും അത് ചരിത്രസംഭവമായേനേ: ഒരു വനിത പ്രധാനപ്പെട്ട പാര്‍ട്ടികളിലൊന്നിന്റെ സ്ഥാനാര്‍ഥി ആവുക. ഒബാമ ഇന്ന് പറഞ്ഞതുപോലെ, ഒരു ചരിത്രം കുറിച്ചതിന്നുശേഷം അടുത്തതിലേക്ക് അദ്ദേഹം ഇന്ന് കാലെടുത്തു വച്ചിരിക്കുകയാണ്: അമേരിക്കയുടെ ആദ്യത്തെ വെള്ളക്കാരനല്ലാത്ത പ്രസിഡന്റാവുക എന്ന, കുറച്ചു മാസങ്ങള്‍ മുമ്പു വരെ പലര്‍ക്കും ആലോചിക്കാന്‍ പോലും പറ്റാതിരുന്ന, സാധ്യതയിലേക്ക്. ഗ്യാലപ്പ് പോളില്‍ ഇന്ന് ഒബാമ ദേശീയ തലത്തില്‍ ലീഡു നേടി. വിവാദങ്ങളിലും ഹിലരിയുമായുള്ള സംഘര്‍ഷത്തിലും പെട്ട് അദ്ദേഹം കുറെനാളായി മക്കെയിന് പിന്നിലായിരുന്നു.
റിപ്പബ്ലിക്കന്‍ പാര്‍ട്ടിയുടെ കണ്വെന്ഷന് നടക്കാന്‍ പോകുന്ന മിന്യാസോട്ട സംസ്ഥാനത്തെ സെയിന്റ് പോള്‍ നഗരത്തിലെ ഒരു കൂറ്റന്‍ റാലിയില്‍ വച്ച് ഒബാമ സ്ഥാനാര്‍ഥിത്വത്തിന് തനിക്കുള്ള അവകാശം പരസ്യമായി ഉന്നയിച്ചു. അദ്ദേഹത്തിന്റെ പ്രസംഗത്തിന്റെ പൂര്‍ണ്ണരൂപം ഇവിടെ.
സാധാരണ അത്തരം ഒരു സന്ദര്‍ഭത്തില്‍ എതിരാളി എതിരാളിക്ക് പിന്തുണ പ്രഖ്യാപിച്ച് പാര്‍ട്ടിയെ ഒന്നിപ്പിക്കാനേ നോക്കൂ. പക്ഷേ, ഹിലരിയില്‍ നിന്ന് അത്തരം ഒരു ആനുകൂല്യം ഇന്ന് ഉണ്ടായില്ല. പോരാത്തതിന്, ഇന്ന് രാവിലെ ഒബാമയുടെ ടിക്കറ്റില്‍ വൈസ് പ്രസിഡന്റ് സ്ഥാനാര്‍ഥി ആകാന്‍ തനിക്ക് താല്പര്യമുണ്ടെന്ന് അവര്‍ പറയുകയും ചെയ്തു. വൈസ്-പ്രസിഡന്‍സി അല്ല; ഒരു സഹ-പ്രസിഡന്‍സിക്കാണ് അവര്‍ ചൂണ്ടയിടുന്നതെന്ന് വളരെ വ്യക്തം. അത്തരം ഒരു അവസരത്തിന് പേശുവാന്‍ വേണ്ടിയാണ് അവര്‍ മത്സരത്തില്‍ നിന്ന് ഔദ്യോഗികമായി പിന്മാറാത്തതെന്നാണ് എനിക്ക് തോന്നുന്നത്. തന്റെ രാഷ്ട്രീയ ഭാവി പണയം വച്ച് അവര്‍ അല്ലെങ്കില്‍ ഇങ്ങനെ കളിക്കില്ല.
ഹിലരി ഒബാമ ടിക്കറ്റില്‍ ചേര്‍ന്നാല്‍ വിജയ സാധ്യത കൂടും എന്ന് എനിക്ക് തോന്നുന്നു. പൊതുവേ, ശക്തമായ ടിക്കറ്റ് എന്ന ഒരു തോന്നല്‍ വോട്ടര്‍മാരില്‍ ഉണ്ടാകാനും, റിപ്പബ്ലിക്കന്മാരുടെ ആവേശം കുറയ്ക്കാനും അതു സഹായിക്കും. വര്ണവെറികൊണ്ട് ഒബാമയ്ക്ക് വോട്ടുചെയ്യാത്തവര്‍ ഹിലരി കൂടെനിന്നാലും പിന്തുണയ്ക്കുമെന്ന് തോന്നുന്നില്ല. പക്ഷേ, വെള്ളക്കാരായ സ്ത്രീകളുടെയും ലറ്റീനോകളുടെയും കൂടുതല്‍ പിന്തുണ ഒബാമ-ഹിലരി ടിക്കറ്റിനു കിട്ടും. ഹിലരിയുമായുള്ള കൂട്ട് ‘മാറ്റം’ എന്ന സന്ദേശവുമായി വന്ന് പാര്‍ട്ടി അണികളെയും സ്വതന്ത്രരായ യുവജനങ്ങളെയും ആവേശം കൊള്ളിച്ച ഒബാമയുടെ മാറ്റ് കുറക്കും. റിപ്പബ്ലിക്കന്മാര്ക്ക് ഹിലരിയെ ചൂണ്ടിക്കാട്ടി ഒബാമയുടെ പുതുമയുടെ ആകര്‍ഷണീയത ഫലപ്രദമായി കുറക്കാന്‍ സാധിക്കും. മറുവശത്ത്, വൈസ് പ്രസിഡന്റ് സ്ഥാനാര്‍ഥിയുടെ പതിവ് റോളായ വേട്ടപ്പട്ടിയുടെ ഭാഗം ഹിലരിക്ക് ശരിക്കും ഇണങ്ങുമെന്നുള്ളതാണ്. ഒബാമയെ ആക്രമിക്കുന്ന കാര്യത്തില്‍ നാം അതു കണ്ടു; പക്ഷേ, ഉറ്റ സുഹൃത്തായ മക്കെയിനെതിരെ അവര്‍ അങ്ങനെ ചെയ്യുമോ യെന്ന് കണ്ടറിയണം.
എന്റെ conspiracy theory ഹിലരി ഒബാമ ടിക്കറ്റില്‍ ചേരുന്നത് അദ്ദേഹത്തെ തോല്പിക്കാന് വേണ്ടി ആണെന്നാണ്. അതുവഴി അവര്‍ക്ക് 2012-ല്‍ വീണ്ടും പരിശ്രമിക്കാം. ജോണ്‍ എഡ്വേര്‍ഡ്സ് 2004-ലെ തിരഞ്ഞെടുപ്പില്‍ ജോണ്‍ കെറിയെ കാര്യമായി സഹായിച്ചില്ല; അത് കെറിയുടെ പരാജയത്തിന് ഒരു കാരണമായി പറയാറുണ്ട്. ഒബാമ ജനസമ്മതനായ ഒരു വെള്ളക്കാരന് ഗവര്‍ണറെ വൈസ് പ്രസിഡന്റ് സ്ഥാനാര്‍ഥി ആക്കുന്നതാണ് നല്ലതെന്നാണ് എനിക്ക് തോന്നുന്നത്. കുറഞ്ഞ പക്ഷം ഒരു ട്രോജന്‍ കുതിര പാളയത്തില്‍ ഇല്ല എന്ന് സമാധാനിക്കാം; ജയിച്ചാല്‍ സമാധാനമായി ഭരിക്കുകയും ചെയ്യാം. ഒബാമയ്ക്കും അമേരിക്കക്കാര്‍ക്കും അടുത്ത 4 വര്‍ഷങ്ങള്‍ ക്ലിന്റന്മാരെ സഹിക്കുന്നതിനേക്കാള്‍ നല്ലത് അതാണ്.
അമേരിക്ക സാമൂഹിക പുരോഗതി നേടിയെന്ന് ഒബാമയുടെ ഈ വിജയത്തോടെ ഉറപ്പാകുന്നു. ബുഷും അനുയായികളും തകര്‍ത്ത അമേരിക്കയുടെ പ്രതിച്ഛായ ലോകം മൊത്തം ഉറ്റുനോക്കുന്ന ഈ മത്സരത്തിന്റെ ഫലം ഒരളവുവരെ മെച്ചപ്പെടുത്തും. ഞാന്‍ ഒന്നര കൊല്ലം മുമ്പ് പറഞ്ഞുവച്ചതുപോലെ ഒബാമ സ്ഥാനാര്‍ഥി ആയതുകൊണ്ട് ഇനി അമേരിക്കന്‍ പൌരനാകണം; അദ്ദേഹത്തിന് വോട്ടു ചെയ്യണം. പൌരനാകാനുള്ള തീരുമാനം അതുമായി മാത്രം ബന്ധപ്പെട്ടതെല്ലെങ്കിലും, പൊതുവേ അസൌകര്യങ്ങള്‍ കുറയ്ക്കാന്‍ ചെയ്യുന്ന ആ നേര്‍ച്ചയ്ക്ക് ഇപ്പോള്‍ ഒരു അര്‍ത്ഥം കൈവന്നതു പോലെ തോന്നുന്നു. അന്ന് ഒബാമയ്ക്ക് നോമിനേഷന് കിട്ടുന്ന കാര്യത്തില്‍ ഞാനും ഒരു സംശയാലുവായിരുന്നു.
ഇനി നവംമ്പര്‍ വരെ ജോണ്‍ മക്കെയിനും ബറാക്ക് ഒബാമയും തമ്മിലുള്ള പൊതുതിരഞ്ഞെടുപ്പിന്റെ ആഘോഷത്തിലേക്ക് എല്ലാ രാഷ്ട്രീയഭ്രാന്തന്മാര്‍ക്കും സ്വാഗതം!
Subscribe to:
Post Comments (Atom)
8 comments:
ഒബാമ ഡമോക്രാറ്റിക് പാര്‍ട്ടി നോമിനി ആയി. ഒന്നര കൊല്ലം മുമ്പ് തുടങ്ങിയ ഈ പരമ്പരയുടെ ആദ്യഘട്ടം ഇവിടെ അവസാനിക്കുന്നു. ഇനി പൊതുതിരഞ്ഞെടുപ്പിന്റെ ബഹളത്തിലേക്ക്.
അമേരിക്കാന്‍ തിരഞ്ഞെടുപ്പ് വിശേഷങ്ങള്‍ എന്തുകൊണ്ട് നമ്മുടെ സംസ്ഥാന തിരഞ്ഞെടുപ്പോളം, നമ്മള് അല്ലെങ്കില്‍ നമ്മുടെ മുഖ്യധാരാ മാധ്യമങ്ങള്‍ ചര്‍ച്ച ചെയ്യുന്നു? ഒന്നോ രണ്ടോ വാചകങ്ങളില്‍ ഒതുങ്ങേണ്ടിയിരുന്ന വാര്‍ത്ത നമ്മള് ബിഗ് ന്യൂസ് ആക്കി വിലക്കയറ്റത്തിന്റേയും പൊറുതിമുട്ടലിന്റെയും മണ്ടയില്‍ കയറിയിരുന്ന് ചര്‍ച്ച ചെയ്യുന്നു, ഇത് തിരഞ്ഞെടുപ്പിന് മുന്നോടിയായുള്ള തിരഞ്ഞെടുപ്പാണ് എന്നിട്ടും(?)
*വ്യത്യസ്ഥതകളോടുള്ള നമ്മുടെ അടങ്ങാത്ത ദാഹമോ?*തിരഞ്ഞെടുപ്പുകളോടുള്ള നമ്മുടെ ആക്രാന്തമോ?*നമ്മുടെ വിജ്ഞാന-നിരീക്ഷണ പാടവമോ?*നമ്മേ ബാധിക്കുന്ന ഒരു പ്രശ്നമെന്ന നിലയ്ക്കോ?
ഒബാമ നേരിയ തോതിലെങ്കിലും മുന്നേറ്റം തുടരുന്നു, ഇനി നടക്കാനുള്ള ചെറിയ സംസ്ഥാനങ്ങളുടെ നിലവെച്ച് നോക്കുമ്പോള്‍ ഹിലാരി ക്ലിന്റണ് പിന്മാറിയേക്കുമെന്ന വാര്‍ത്തയും വന്നു കഴിഞ്ഞു. ചില അണിയറ വാര്‍ത്തകളില്‍ കേട്ടത് ഇപ്രാകരമായിരുന്നു 'ഹിലാരി ഇപ്പോള്‍ തന്നെ ഇരുപത്തഞ്ജ് മില്യണ്‍ ഡോളര്‍ കടക്കാരിയായിരിക്കുന്നു, അതേ സമയം നാല്‍പ്പത്തി രണ്ട് മില്യണ്‍ ഡോളര്‍ ഇനിയും കൈവശമുള്ള ഒബാമ, ഹിലാരിയുടെ കടം വീട്ടി മറ്റ് അഡ്ജസ്റ്റുമെന്റുകളിലേക്ക് നീങ്ങും' എന്നതാണ്.
ജോണ്‍ മെക്കായിനെ നേരിടാനുള്ള തിരഞ്ഞെടുപ്പില്‍ ആരു വിജയിച്ചാലും അതിനൊരു പ്രത്യാകതയുണ്ട്, ഒന്നുകില്‍ ചരിത്രത്തിലാദ്യമായി ഒരു വനിത പ്രസിഡന്റിനു സാധ്യത, അല്ലെങ്കില്‍ ഒരു കറുത്ത വര്‍ഗ്ഗക്കാരനു സാധ്യത, രണ്ടുമല്ലെങ്കില്‍ പഴയ പടക്കുതിര ജോണ്‍ മെക്കായിനു തന്നെ.
അധിനിവേശങ്ങളോടുള്ള ഒബാമയുടെ നിലപാട്(ഇറാഖടക്കമുള്ള) ലോക മനസ്സാക്ഷിക്കൊപ്പമെന്നദ്ദേഹം പ്രഖ്യാപിച്ചു കഴിഞ്ഞു. അതേ സമയം വര്‍ക്കേഴ്സ് ക്ലാസിന്റെ പിന്‍ബലമുള്ള ഹിലാരിക്ക് ബുഷിന്റെ നിലപാടുകളില്‍ നിന്ന് വ്യത്യസ്തമായ ഒരു കാഴ്ച്ചാപ്പാടല്ല ഇക്കാര്യത്തിലെന്ന് വ്യക്തവുമാണ്.
പൊതുവേ അമേരിക്കന്‍ സാമ്പത്തിക മേഘല തകര്‍ച്ചയില്‍, അതിനിടയ്ക്ക് ഈ തിരഞ്ഞെടുപ്പ് വ്യവഹാരവും, വ്യവസായ സര്‍വ്വീസ് മേഘലയെ പ്രതിസന്ധിയില്‍ നിന്ന് പ്രതിസധിയിലേക്ക് നയിക്കുന്നുവെന്നാണ് പുതിയ റിപ്പോര്‍ട്ട്.
അതുകൊണ്ടു തന്നെ നാം സ്വയം ചോദിച്ച ചില ചോദ്യങ്ങളെ തൊട്ടു തന്നെയാണ് ചില ഉത്തരങ്ങള്‍ തലോടുന്നത്. ഡോളറിന്റെ മൂല്യത്തകര്‍ച്ചയുടെ ഭാരം ഏറെ പേറുന്ന ഒരു ഇന്ത്യക്കാരനു ഇതിലൊക്കെ ചിലകാര്യ ദര്‍ശനങ്ങള്‍ ഉണ്ടെന്നതു തന്നെയാണതിലൊന്ന്. എന്തൊക്കെയായാലും അമേരിക്കന്‍ ചരിത്രം പുരോഗതിയുടേതായിരുന്നു ഇതുവരെ, പക്ഷേ നിലപാടുകള്‍ പുരോഗതിയുടേയോ മാറ്റങ്ങളുടേയോആയിരുന്നില്ലെന്നതാണ്‍ സമീപ കാല അമേരിക്കന്‍ ചരിത്രം. എന്നാലിപ്പോള്‍ പുരോഗതിയില്‍ നിന്ന് സമ്പദ് വ്യവസ്ത പിന്നോക്കം പോയിരിക്കുന്ന നിലയ്ക്ക് നിലപാടുകളിലെ മാറ്റം ലോക ജനത ആഗ്രഹിക്കുന്നുവെങ്കിലും, ഏത് ഗവണ്മെന്റെ അധികാരത്തില്‍ വന്നാലും അമേരിക്കയുടെ അഹങ്കാരത്തിന്റെ, അധിനിവേശത്തിന്റെ, യുദ്ധക്കൊതിയുടെ, നരഹത്യയുടെ 'വാല്' പതിറ്റാണ്ടുകളോളം കുഴലിലിട്ട നായയുടെ വാലുപോലെ, അല്ലെങ്കില്‍ വാലിട്ട കുഴലുപോലെ വളഞ്ഞേ ഇരിക്കൂ..എന്നല്ലാത്തൊരു വ്യാമോഹം ഇന്ത്യക്കാരനു വേണ്ടേ വേണ്ട.
ഫസല്‍,
ഞാന്‍ ഈ തിരഞ്ഞെടുപ്പ് പിന്തുടരുന്നത് ഇവിടത്തെ ഒരു സ്ഥിരതാമസക്കാരന് എന്ന നിലക്കാണ്. പൊതുവേ മലയാളികള്‍ക്ക് ഇത്തരം വാര്‍ത്തകളോടുള്ള താല്പര്യം തിരഞ്ഞെടുപ്പിനോടുള്ള ആക്രാന്തം കൊണ്ടുതന്നെയാണെന്നാണ് എനിക്ക് തോന്നുന്നത്. ഞാന്‍ അത്തരത്തിലുള്ള ഒരാളാണ് :-) ലോകത്തെ ഏറ്റവും പ്രധാനപ്പെട്ട ജനാധിപത്യമെന്ന നിലയില്‍ ഇവിടത്തെ തിരഞ്ഞെടുപ്പ് വാര്‍ത്തകള്‍ക്ക് ലോകമെമ്പാടും പ്രാധാന്യം ലഭിക്കുന്നത് സ്വാഭാവികവുമാണല്ലോ.
ഒബാമ വന്നാല്‍ അമേരിക്കയുടെ വിദേശനയം മാറില്ല എന്ന ഭാഗമൊഴിച്ച് നിങ്ങളുടെ ബാക്കിയെല്ലാ നിരീക്ഷണങ്ങളോടും യോജിക്കുന്നു.
മിനിയാന്നു വരെ ഡ്രീം ടിക്കറ്റിന്റെ അര്‍ത്ഥം = ഹിലരി പ്രസിഡന്റ് + ഒബാമ വൈസ് പ്രസിഡന്റ്.
ഇപ്പോള്‍ ഹിലരി ഒബാമയുടെ വൈസ് പ്രസിഡന്റ് സ്ഥാനത്തേയ്ക്ക് മത്സരിയ്ക്കാന്‍ സമ്മതിച്ചു എന്ന് കേള്‍ക്കുമ്പോള്‍ എവിടെയോ എന്തോ ഒരു ഫിക്സിംഗ് പോലെ.
മനപൂര്‍വം ഒബാമയെ കാലുവാരാന്‍ തയാറാകും എന്ന ആരോപണം/സാദ്ധ്യത ഒഴിവാക്കിയാല്‍ ഇപ്പോഴത്തെ സാഹചര്യത്തില്‍ ഹിലരി തന്നെയാകും ഏറ്റവും നല്ല വൈസ് പ്രസിഡന്റ് സ്ഥാനാര്‍ത്ഥി എന്ന് തോന്നുന്നു.
പക്ഷേ, ഒന്നു കൂടി പറയട്ടെ. ആയമ്മയുടെ ആക്രാന്തത്തിനു കിട്ടിയ നല്ല ശിക്ഷ ആണ് ഇപ്പോഴത്തെ സംഭവപരിണാമങ്ങള്‍. ആരെങ്കിലും നാലുപേര്‍ പൊക്കിപ്പിടിച്ചാല്‍ ഉടനെ ‘ഞാന്‍ ചരിത്രവനിതയായി’ എന്ന രീതിയില്‍ മേമനസ്സുകാട്ടുന്നതിന്റെ ശിക്ഷ. പ്രസിഡന്റായിരുന്ന ഭര്‍ത്താവിന്റെ കൂടെ ജീവിച്ചിട്ടുള്ളതിന്റെ പേരില്‍ ഭാര്യമാരെ പ്രസിഡന്റാക്കാന്‍ ഇതെന്താണ് ബീഹാര്‍ നിയമസഭയോ ?
t.k.,
താങ്കളുടെ ബ്ലോഗില്‍ നിന്നായിരുന്നു ഞാനാദ്യമായി ഒബാമയെ പറ്റി വായിച്ചതെന്നാണ് ഓര്‍മ്മ..
അന്ന് പക്ഷേ, ഒബാമ സ്ഥാനാര്‍ത്ഥിയാകുമെന്നു ഒട്ടും പ്രതീക്ഷിച്ചില്ല. ഹിലാരി തന്നെയായിരിക്കുമെന്നാണ് കരുതിയത്.
ഒബാമ വിജയിക്കട്ടെയെന്നു ആശിക്കാം
ഫസലിനോട്,
ഏകധ്രുവലോക ക്രമത്തില്‍ അമേരിക്കയില്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പെന്നാല്‍ ലോകത്തിന്റെ തന്നെ പ്രസിഡന്റിനെ തിരഞ്ഞെടുക്കുക എന്നത് തന്നെയാണ് അര്‍ത്ഥം. അതങ്ങിനെയല്ല എന്ന് പറഞ്ഞാല്‍ തര്‍ക്കത്തിന് വേണ്ടി സമ്മതിക്കാം എന്ന് മാത്രം.
ഹില്ലാരി ക്ലിന്റണ് അമേരിക്കന്‍ പ്രസിഡന്റാകുമായിരുന്നു എങ്കില്‍ ഏറ്റവും കൂടുതല്‍ സന്തോഷിക്കുമായിരുന്നത് നമ്മുടെ ഇപ്പോഴത്തെ പ്രസിഡന്റണ്ണന് തന്നെയാകുമായിരുന്നു. എന്തന്നാല്‍ അമേരിക്ക കണ്ട ഏറ്റവും പിടിപ്പുകെട്ട പ്രസിഡന്റ് എന്ന പദവി അടുത്ത നാലു വര്‍ഷം കൊണ്ട് ബുഷിന്റെ പിടലിയില്‍ നിന്നും ഹില്ലാരി ക്ലീന്റന്റെ ചുമലിലേക്ക് മാറ്റപ്പെടുമായിരുന്നു. ഹില്ലാരി ക്ലിന്റണ് അമേരിക്കന്‍ പ്രസിഡന്റ് ആകുന്നതിനെ തടഞ്ഞു കൊണ്ട് ഒബാമ ലോകത്തോട് ആദ്യത്തെ നന്മ ചെയ്തിരിക്കുന്നു-അധികാരത്തിന് വേണ്ടി ഏതറ്റം വരെയും പോകാന്‍ തയ്യാറായ ഹില്ലാരി ലോകത്തിന് വരുത്തി വെച്ചേയ്ക്കാവുന്ന വിനകളില്‍ നിന്നുമാണ് ഒബാമ രക്ഷപ്പെടുത്തിയിരിക്കുന്നത്.
പൊതു തിരഞ്ഞെടുപ്പില്‍ മെക്കയനുമേല് ഒബാമക്ക് വിജയിക്കാന്‍ കഴിഞ്ഞില്ലാ എങ്കില്‍ കൂടിയും ഒബാമയുടെ ധര്‍മ്മം അദ്ദേഹം ചെയ്തു കഴിഞ്ഞിരിക്കുന്നു. കാരണം മെക്കയ്യനെക്കാള് അപകടകാരിയായിരിന്നു ഹില്ലാരി. വൈസ് പ്രസിഡന്റായി അവര്‍ വരുന്നതും നല്ലതിനല്ല തന്നെ.
ടി.കെ,
അമേരിക്കന്‍ തിരഞ്ഞെടുപ്പിന്റെ സന്ദേശവുമായി താങ്കളുടെ ബ്ലോഗില്‍ വരുന്ന എല്ലാ പോസ്റ്റുകളും വായിച്ചിട്ടുള്ള ഒരാള്‍ എന്ന നിലയില്‍ ഒന്നു പറയാതെ വയ്യ. താങ്കളുടെ അമേരിക്കന്‍ തിരഞ്ഞെടുപ്പ് വിശകലനങ്ങള്‍ വസ്തുനിഷ്ടമായിരുന്നു.
അഭിനന്ദനങ്ങള്‍. വീണ്ടും കൂടുതല്‍ പ്രതീക്ഷിക്കുന്നു.
നന്ദി
എസ്.പി. ഹോസേ,
അഭിപ്രായങ്ങളോട് യോജിക്കുന്നു. ഞാന്‍ നേരത്തേ സൂചിപ്പിച്ചതുപോലെ ഹിലരിക്ക് hidden agenda ഒന്നുമില്ല; പാര്‍ട്ടിയെ ജയിപ്പിക്കുക മാത്രമാണ് ലക്ഷ്യമെങ്കില്‍ അവര്‍ ഒബാമ ടിക്കറ്റിന്റെ ഭാഗമാകുന്നത് പൊതുതിരഞ്ഞെടുപ്പ് ജയിക്കാന്‍ സഹായിക്കുമെന്ന് ഇപ്പോഴത്തെ സാഹചര്യത്തില്‍ എനിക്കും തോന്നുന്നു. പക്ഷേ, അവര്‍ ഒബാമയെ ഭരിക്കാന്‍ സമ്മതിക്കില്ല എന്ന് എനിക്ക് ഉറപ്പാണ്; ആനയെ തൊഴുത്തില്‍ കെട്ടാന്‍ പറ്റില്ലല്ലോ. അവര്‍ക്ക് വല്ല സുപ്രീം കോടതി ജഡ്ജി സ്ഥാനമോ, പ്രധാന വകുപ്പ് സെക്രട്ടറി സ്ഥാനമോ (ഇന്ത്യയിലെ കേന്ദ്രമന്ത്രിപദത്തിന് തുല്യം) കൊടുത്ത് ഒഴിവാക്കി, സ്വന്തം നിലയില്‍ ജയിക്കാന്‍ നോക്കുന്നതായിരിക്കും ഒബാമക്ക് നല്ലത്.
സിജു,
ഒബാമ സ്ഥാനാര്‍ഥി ആകുമെന്ന് എനിക്കും ആദ്യം പ്രതീക്ഷയുണ്ടായിരുന്നില്ല. കറുത്തവര്‍ക്ക് പൂര്ണ്ണവോട്ടവകാശം കിട്ടിയിട്ട് 50 വര്‍ഷങ്ങള്‍ തികയുന്നതിന്ന് മുമ്പ് ഒരു കറുത്തവര്ഗ്ഗക്കാരന് ഈ നിലയിലെത്തിയത് അമേരിക്കയുടെ സാമൂഹികപുരോഗതിയെ തന്നെയാണ് കാണിക്കുന്നത്.
അഞ്ചല്ക്കാരന്,
നിങ്ങളുടെ അഭിപ്രായമാണ് എനിക്കും. പ്രൈമറിയുടെ തുടക്കത്തില്‍ ഒരു വനിത പ്രസിഡന്റാകാനുള്ള സാധ്യത കണ്ട് എനിക്കും വളരെ സന്തോഷമായിരുന്നു. പ്രത്യേകിച്ചും ബില്‍ ക്ലിന്റനെപ്പോലെ ഒരു രാഷ്ട്രതന്ത്രജ്ഞന് അവരുടെ കൂടെയുള്ളപ്പോള്‍. പക്ഷേ, ഒബാമക്കെതിരെ അവര്‍ അഴിച്ചു വിട്ട, തോറ്റിട്ടും തുടര്‍ന്നുപോരുന്ന അവരുടെ ‘തറ’ തന്ത്രങ്ങള്‍ അധികാരത്തിന് വേണ്ടി അവര്‍ എന്തും ചെയ്യാനും പറയാനും മടിക്കാത്ത ഒരാളാണെന്ന് തെളിയിച്ചു. അത്തരത്തിലുള്ള morally weak ആയ ഒരാളെയല്ല ലോകത്തിന് അടുത്ത നാലുകൊല്ലത്തേക്ക് വൈറ്റ് ഹൌസില്‍ വേണ്ടത്. ഒരു bush-lite ആയേ ഞാന്‍ ഹിലരിയെ ഇപ്പോള്‍ കരുതുന്നുള്ളൂ.
പേരിന്ന് റിപ്പബ്ലിക്കനാണെങ്കിലും ജോണ്‍ മക്കെയിന് നീതിമാനാണ്. സഹപ്രവര്‍ത്തകരെ മോചിപ്പിക്കാത്തതുകൊണ്ട് വിയറ്റ്കോംഗുകളുടെ തടവില്‍ മര്‍ദ്ദനമേറ്റ് വര്‍ഷങ്ങളോളം കഴിഞ്ഞയാളാണ്. 8 വര്‍ഷങ്ങള്‍ക്ക് മുമ്പ് നോര്‍ത്ത് കാരളൈനയിലെ പ്രൈമറിയില്‍ കൃസ്ത്യന്‍ തീവ്രവാദികളുടെ സഹായത്തോടെ ബുഷ് അദ്ദേഹത്തിനെ ചതിച്ചാണ് നോമിനേഷന് നേടിയെടുത്തതും പിന്നെ പ്രസിഡന്റായതും. അതൊന്നും അദ്ദേഹം പെട്ടന്ന് മറക്കുമെന്ന് തോന്നുന്നില്ല. അദ്ദേഹത്തിന്റെ നയങ്ങള്‍ ബുഷിന്റേതില്‍ നിന്ന് വളരെ വ്യത്യസ്തമായിരിക്കും. പ്രചരണത്തിന്റെ സമയത്ത് അദ്ദേഹം പറയുന്നത് അധികം കാര്യമാക്കേണ്ട; കാരണം റിപ്പബ്ലിക്കന്‍ പാര്‍ട്ടിക്കാരുടെ വോട്ടുകള്‍ നേടണമെങ്കില്‍ അവര്‍ക്ക് ഇഷ്ടപ്പെടുന്ന കാര്യങ്ങളൊക്കെ പറഞ്ഞേ തീരൂ.
അതുകൊണ്ട് നിങ്ങള്‍ പറഞ്ഞതുപോലെ ഹിലരിയെ രംഗത്തുനിന്ന് ഒഴിവാക്കിയതു തന്നെ ഒബാമ ചെയ്ത ഒരു നല്ല കാര്യമാണ്. ജയിക്കുന്നവര്‍ ആരായാലും അയാള്‍ കാതലായ മാറ്റങ്ങള്‍ അമേരിക്കയിലും ലോകത്തും വരുത്താന്‍ കഴിവും ആഗ്രഹവും ഉള്ള വ്യക്തിയായിരിക്കും.
ബ്ലോഗിനെപ്പറ്റിയുള്ള നല്ല വാക്കുകള്‍ക്ക് നന്ദി.
ഒബാമയ്ക്ക് പിന്തുണ പ്രഖ്യാപിച്ചുകൊണ്ട് ഹിലരി ഇന്ന് ഡമോക്രാറ്റിക് പാര്‍ട്ടിയുടെ നോമിനി ആകാനുള്ള മത്സരത്തില്‍ നിന്ന് പിന്‍വാങ്ങി. അങ്ങനെ അമേരിക്കന്‍ തിരഞ്ഞെടുപ്പു ചരിത്രത്തില്‍ ഐതിഹാസിക മാനം കൈവന്ന ഈ മത്സരത്തിന് ഔദ്യോഗികമായി തിരശീല വീണു.
ഇതോടെ ജോണ്‍ മക്കെയിനും ബറാക്ക് ഒബാമയും തമ്മിലുള്ള പൊതുതിരഞ്ഞെടുപ്പിന് യഥാര്‍ഥത്തില്‍ ആരംഭിച്ചു എന്നു പറയാം. ഇനി നവംബര്‍ 4-വരെയുള്ള ദിനങ്ങള്‍ അവര്‍ തമ്മിലുള്ള പോരാട്ടത്തിന്റേതാണ്.
Post a Comment