Friday, July 18, 2008

ന്യൂ യോര്‍ക്കര്‍ കാര്‍ട്ടൂണ്‍ വിവാദം | അമേരിക്കന്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പ്



(മുകളിലെ ചിത്രം ലിങ്കുമായി ബന്ധപ്പെട്ട് ന്യൂ യോര്‍ക്കര്‍ മാഗസിനില്‍ വന്നത്.)

ന്യൂ യോര്‍ക്കര്‍ എനിക്ക് പ്രിയപ്പെട്ട വാരികയാണ്. ലിബറല്‍ രാഷ്ട്രീയം, സാഹിത്യം, ജനപ്രിയ കലകള്‍, ശാസ്ത്രം തുടങ്ങിയ സാമാന്യം ബുദ്ധിയുള്ള ആള്‍ക്കാര്‍ക്ക് താല്പര്യമുള്ള വിഷയങ്ങളില്‍ ധാരാളം മികച്ച സൃഷ്ടികള്‍ അധില്‍‍ വരും. ഏറ്റവും ആകര്‍ഷണീയമായിട്ടുള്ളത് അതില്‍ വരുന്ന sarcastic tone ഉള്ള കാര്‍ട്ടൂണുകളാണ്; മിക്കവാറും അതിന്റെ കവറും ഒരു കാര്‍ട്ടൂണ്‍ തന്നെ ആയിരിക്കും. അമേരിക്കയില്‍ വന്നിട്ട് ഞാന്‍ കണ്ടെത്തിയിട്ടുള്ള ഏറ്റവും പ്രധാനപ്പെട്ട രണ്ടു കാര്യങ്ങളാണ്‍ ന്യൂ യോര്‍ക്കില്‍ നിന്ന് പ്രസിദ്ധീകരിക്കുന്ന ഈ വാരികയും കാലിഫോര്‍ണിയയിലെ വൈനും :-)

മുകളില്‍ കൊടുത്തിട്ടുള്ള ചിത്രം ജൂലൈ 21 ലക്കത്തിന്റെ കവറാണ്. ഒബാമ മുസ്ലീം വേഷത്തില്‍; മിഷല്‍ ആയുധധാരിയായി ഒബാമയുമായി നൃത്തം ചെയ്യുന്നു; കത്തുന്നത് അമേരിക്കന്‍ പതാക; ചുമരില്‍ ബിന്‍ ലാദന്റെ പടം. വലതുപക്ഷക്കാര്‍ ഒബാമ വൈറ്റ് ഹൌസിനെ എങ്ങനെ വീക്ഷിക്കും എന്നതിന്റെ ഒരു സറ്റയറാണ് കാര്‍ട്ടൂണ്‍.

ഒബാമയുടെ ആരാധകര്‍ക്ക് ഹാലിളകാന്‍ വേറെയൊന്നും വേണ്ടിവന്നില്ല. പ്രൈമറിക്കു ശേഷം ഒന്നു തണുത്തുകിടന്ന തിരഞ്ഞെടുപ്പ് ചര്‍ച്ച ചൂടുപിടിപ്പിക്കാന്‍ റേഡിയോ ടോക് ഷോകളും ബ്ലോഗുകളും മറിച്ചും തിരിച്ചിട്ടുമൊക്കെ ഇക്കാര്യം ചര്‍ച്ച ചെയ്യുകയാണ്. അതില്‍ നിന്ന് ഒരു കാര്യം വ്യക്തമാകുന്നത് ഒബാമയെ കളിയാക്കാന്‍ അത്ര എളുപ്പമല്ലെന്നുള്ളതാണ്. അത് ഒരിക്കലും ഒരു അമേരിക്കന്‍ രീതിയല്ല. യാതൊരു പേടിയും കൂടാതെ പൊതുപ്രവര്‍ത്തകരെ പരിഹസിക്കാനുള്ള സ്വാതന്ത്ര്യം അമേരിക്കയിലുണ്ട്; ഈ രാജ്യത്തിന്റെ ജനാധിപത്യ ക്രമത്തിന്റെ ഒരു വലിയ ഭാഗവുമാണത്. ഒബാമ അത്തരമൊരു കാര്യത്തിന് വിഷയമാകുമ്പോള്‍ എതിര്‍ക്കുന്നത് അത്ര നല്ലതല്ല എന്നാണ് എന്റെ അഭിപ്രായം. ഹിലരി ചെയ്തപോലെ നുണപ്രചരണമല്ല ഇത്; ഈ കാര്‍ട്ടൂണ്‍ ഉന്നമിട്ടിട്ടുള്ളത് വലതുപക്ഷക്കാരെയാണെന്ന് പകല്‍ പോലെ വ്യക്തമാണ്. മാത്രവുമല്ല ന്യൂ യോര്‍ക്കറിന്റെ വായനക്കാരില്‍ ബഹുഭൂരിപക്ഷവും ഒബാമയ്ക്ക് തന്നെ വോട്ടുചെയ്യുമെന്ന് ഉറപ്പുമാണ്.

പൊതുവേ ഗൌരവക്കാരനാണെന്ന ഒരു പ്രതിച്ഛായ ഒബാമയെപ്പറ്റി പൊതുജനങ്ങളുടെ ഇടയില്‍ ഉണ്ടായി വരുന്നത് അദ്ദേഹത്തിന്‍ നല്ലതല്ല. അതുപോലെയുള്ള അഭിപ്രായം കെറിയെയും ഗോറിനെയും പറ്റി മാധ്യമങ്ങള്‍ പറഞ്ഞു പരത്തിയത് ബുഷിന്റെ തിരഞ്ഞെടുപ്പിനെ നല്ലവണ്ണം സഹായിച്ചിരുന്നു.

എന്തായാലും ഒബാമ പോളുകളില്‍ മുന്നേറിക്കൊണ്ടിരിക്കുകയാണ്. കാലിഫോര്‍ണിയയില്‍ ആ വ്യത്യാസം വളരെ അധികം ആയതുകൊണ്ട് (24%) മക്കെയിന്‍ ഈ ഭാഗത്തേക്ക് പൊതുതിരഞ്ഞെടുപ്പ് പ്രചരണത്തിന് വരുമെന്നും പോലും തോന്നുന്നില്ല. ദേശീയ തലത്തിലും ഒബാമ ലീഡ് കൂട്ടി (45-39).

ഇനി പ്രധാനമായി നോക്കിയിരിക്കുന്നത് ഒബാമയുടെ വിദേശപര്യടനവും സ്ഥാനാര്‍ഥികളുടെ വൈസ് പ്രസിഡന്റ് സ്ഥാനാര്‍ഥി നിര്‍ണയവുമാണ്. അതുകഴിഞ്ഞാല്‍ കാര്യങ്ങള്‍ ചൂടുപിടിക്കുമെന്നു കരുതാം.

1 comment:

t.k. formerly known as thomman said...

ന്യൂ യോര്‍ക്കര്‍ മാഗസിനില്‍ ഒബാമയെപ്പറ്റി വന്ന വിവാദം സൃഷ്ടിച്ച കാര്‍ട്ടൂണിനെപ്പറ്റി.