Friday, December 26, 2008
നോവലിന് വയസ്സ് 1000
(ചിത്രം "ഇക്കണോമിസ്റ്റി"ലെ ഈ ലേഖനത്തില്‍ നിന്ന്.)
മലയാളത്തിലെ ലക്ഷണമൊത്ത ആദ്യത്തെ നോവല്‍ "ഇന്ദുലേഖ"യാണോ "കുന്ദലത"യാണോ എന്നൊക്കെയുള്ള തര്‍ക്കങ്ങളെക്കുറിച്ച് വായിച്ചിട്ടുള്ളതല്ലാതെ നോവലിന്റെ ചരിത്രത്തെക്കുറിച്ച് അറിയുവാനുള്ള താല്പര്യമോ അതിനുള്ള സാഹചര്യമോ ഉണ്ടായിട്ടില്ല. പൊതുവേ വളരെ പുതിയ ഒരു സാഹിത്യരൂപമാണ് നോവല്‍ എന്ന വിശ്വാസമായിരുന്നു എനിക്ക് ഇതുവരെ. കാരണം അത്ര പഴയ നോവലുകളെപ്പറ്റി കേട്ടിട്ടില്ല എന്നതു തന്നെ. പക്ഷേ, അടുത്തയിടെ "ന്യൂ യോര്‍ക്കറി"ല്‍ വായിച്ചു 1000 വര്‍ഷങ്ങള്‍ക്ക് മുമ്പ് ജപ്പാനിലാണ് ലക്ഷണമൊത്ത ആധുനിക നോവല്‍ പിറന്നതെന്ന്. നോവലിന്റെ പേര് "ദ ടെയ്ല് ഓഫ് ഗെഞ്ചി (The Tale of Genji)"; നോവലിസ്റ്റ് മുറാസാക്കി ഷിക്കിബു (Murasaki Shikibu). ആദ്യത്തെ നോവലിസ്റ്റ് ഒരു വനിത ആയിരുന്നു എന്നതാണ് മറ്റൊരു രസകരമായ ഫാക്ടോയ്ഡ്.
"ന്യൂ യോര്‍ക്കറി"ലെ ലേഖനത്തില്‍ അധികം വിവരങ്ങള്‍ കണ്ടില്ലെങ്കിലും ഡിസംബര്‍ 20-ലെ "ഇക്കണോമിസ്റ്റി"ല്‍ ഈ നോവലിനെപ്പറ്റി ഒരു ലേഖനം തന്നെയുണ്ട്. ലിങ്ക് ഇവിടെ Playboy of the eastern world. ഈ നോവലിന്റെ ആയിരാമത്തെ പിറന്നാള്‍ ജപ്പാന്‍കാര്‍ ആഘോഷിക്കുന്നതുകൊണ്ട് ധാരാളം വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ കണ്ടേക്കാം.
1200--ല്‍ അധികം പേജുകളുള്ള ഈ ബൃഹത്തായ നോവല്‍ 11-ആം നൂറ്റാണ്ടില്‍ ഒരു ജപ്പാനീസ് രാജസദസ്സിലാണ് ജന്മമെടുക്കുന്നത്. ആധുനിക ജാപ്പനീസ് ഭാഷയുടെ തുടക്കവും ഏതാണ്ട് ആ കാലഘട്ടത്തിലാണ്. ഒരു ചക്രവര്‍ത്തിയുടെ മകന്റെ ലൈംഗീകചൂഷണത്തിന്റെ കഥയാണ് നോവലിന്റെ പ്രമേയം. സ്ത്രീജനങ്ങള്‍ക്ക് വളരെ സ്വീകാര്യനായിരുന്ന നായകന് പലതരത്തിലും കുലത്തിലുമുള്ളവരുമായി ബന്ധം പുലര്‍ത്തി. ചക്രവര്‍ത്തിയുടെ രാഷ്ട്രീയ എതിരാളിയുടെ മകളുമായുള്ള ബന്ധം അദ്ദേഹത്തെ നാടുകടത്തപ്പെടാന്‍ ഇടയാക്കി. പിന്നീട് അദ്ദേഹം നാട്ടില്‍ തിരിച്ചെത്തി പഴയതുപോലെ ജീവിക്കാന്‍ തുടങ്ങുമെങ്കിലും ഔദ്യോഗിക ഭാര്യ മറ്റൊരാളുമായി ബന്ധം പുലര്‍ത്തി അദ്ദേഹത്തെ വഞ്ചിച്ചു. ഒരു വെപ്പാട്ടിയുടെ മരണത്തിന്റെ ആഘാതതില്‍ നിന്ന് മോചിതനാകാതെ അദ്ദേഹം പിന്നീട് മരിക്കുകയും ചെയ്തു. നോവല്‍ അവിടെ തീരുന്നില്ല. ഗെഞ്ചിയുടെ മകന്റെയും കൊച്ചുമകന്റെയും കൂടി കഥകള്‍ പറഞ്ഞു തീര്‍ത്തിട്ടേ അത് അവസാനിക്കുന്നുള്ളൂ.
ഒരു ഇതിഹാസ കൃതിക്കെന്ന പോലെ നിരവധി ആഖ്യായികകളും വിവര്‍ത്തനങ്ങളും ഈ നോവലിന്ന് ഉണ്ടായിട്ടുണ്ട്. ജാപ്പനീസ് സംസ്ക്കാരത്തിന്റെ ഒരു നാഴികക്കല്ലായ ഈ കൃതി അവരുടെ ദേശീയ അഭിമാനത്തിന്റെ ഭാഗവുമാണ്. വിശദവിവരങ്ങള്‍ക്ക് 'ഇക്കണോമിസ്റ്റി'ലെ ലേഖനം വായിക്കുക.
Subscribe to:
Post Comments (Atom)
3 comments:
1000 വര്‍ഷങ്ങള്‍ക്ക് മുമ്പ് ജപ്പാനില്‍ പിറന്ന ആദ്യത്തെ നോവലിനെപ്പറ്റി.
നന്ദി കൂട്ടുകാരാ ഈ പുതിയ അറിവിന്..... ആശംസകള്‍..
ഒപ്പം പുതുവത്സരാശംസകളും...
ഈ നല്ല അറിവിനു നന്ദി.... ഈ പേജ് ഇനിയും എനിക്ക് ഉപകാരപ്രദം ആകും....
Post a Comment