Monday, March 23, 2009

നിങ്ങള്‍ ചാവുന്നതിന് മുമ്പ് കണ്ടിരിക്കേണ്ട് 100 ചലച്ചിത്രങ്ങള്‍

ലിസ്റ്റുകള്‍ പ്രസിദ്ധീകരിക്കുന്നതിന്ന് ഞാന്‍ ചെറിയ തോതില്‍ തെറി കേള്‍ക്കാറുണ്ട്. പക്ഷേ, ലിസ്റ്റുകള്‍ വഴി ഞാന്‍ ധാരാളം നല്ല സിനിമകളും പുസ്തകങ്ങളും കണ്ടെത്തിയിട്ടുള്ളതുകൊണ്ട് (പ്രത്യേകിച്ച് അത്ര പ്രശസ്തി ലഭിക്കാത്തവ) അവയിലുള്ള വിശ്വാസം ഇപ്പോഴും നിലനില്‍ക്കുന്നു.

ഈ ലിസ്റ്റ് യാഹൂ! മൂവീസില്‍ കണ്ടതാണ്. ഹോളിവുഡ് ചിത്രങ്ങള്‍ മാത്രമല്ല ഈ ലിസ്റ്റിലുള്ളതെന്ന സവിശേഷത ഇതിനുണ്ട്. ഞാന്‍ ഏകദേശം 62 ചിത്രങ്ങള്‍ ഈ ലിസ്റ്റില്‍ നിന്ന് ഇതിനകം കണ്ടിട്ടുണ്ട്. ഏകദേശം എന്നുപറയാന്‍ കാരണം, ചില ചിത്രങ്ങള്‍ കണ്ടോ എന്ന് അത്ര ഉറപ്പില്ല. മിക്കവാറും 62-ന് മുകളിലായിരിക്കും യഥാര്‍ഥ എണ്ണം.

ഈ ലിസ്റ്റില്‍ കാണാത്ത, നിങ്ങളുടെ ഏറ്റവും പ്രിയപ്പെട്ട ചിത്രങ്ങള്‍ ഏതാണ്?

എനിക്ക് പെട്ടന്ന് ഓര്‍മയില്‍ വരുന്നത് ഇവയാണ്: Bullworth, American Beauty, Seven, Gandhi, Amadeus, Platoon, Shining, Reservoir Dogs, Zorba the Greek, JFK, Momento, Midnight Express, Beloved, Fargo, Sling Blade, Crash, Sideways, Children of Heaven (Iran), Ikiru (Japan), Das Boot (Germany), Run Lola Run (Germany), Chungking Express (Hongkong), Mongol (Kazakistan), Central Station (Brazil), Farewell my Concubine (China)

ഇന്ത്യയില്‍ നിന്ന് ഈ ലിസ്റ്റില്‍ ഒരു ചിത്രമേയുള്ളൂ: സത്യജിത് റായിയുടെ ‘Appu's World'. ഞാന്‍ കണ്ടിട്ടുള്ളവയില്‍ ‘ചാന്ദ്നീ ബാര്‍‘ അതില്‍ ചേര്‍ക്കാവുന്നതാണെന്ന് തോന്നുന്നു. മലയാളത്തില്‍ നിന്ന്????? നമുക്ക് പാര്‍ക്കാന്‍ മുന്തിരിത്തോപ്പുകള്‍?? ഹോളിവുഡില്‍ നിര്‍മ്മിക്കപ്പെട്ടെങ്കില്‍ തിലകന് ഓസ്കര്‍ കിട്ടാമായിരുന്ന പടമാണതെന്ന് പലവട്ടം ആ ചിത്രം കണ്ടശേഷവും എനിക്ക് തോന്നിയിട്ടുണ്ട്.

Thursday, March 19, 2009

കേരളത്തിലെ സീറ്റുകളെപ്പറ്റി എന്റെ അനുമാനങ്ങള്‍ - മാര്‍ച്ച് 19

2 മുന്നണികളും സ്ഥാനാ‍ര്‍ഥികളെ ഏതാണ്ട് അണിനിരത്തി കഴിഞ്ഞു. കോണ്‍ഗ്രസുകാര്‍ പതിവുപോലെ സ്വന്തം കാലില്‍ വെടിവച്ചുകൊണ്ടാണ് സ്ഥാനാര്‍ഥി പട്ടിക പുറത്തിറക്കിയിരിക്കുന്നത്. ശശി തരൂരിനെ അവര്‍ക്ക് തിരുവനന്തപുരത്ത് മത്സരിപ്പിക്കാന്‍ കഴിഞ്ഞ നേട്ടം, ഹൈബി ഈഡന് എറണാകുളത്ത് സ്ഥാനാര്‍ത്തിത്വം നിഷേധിച്ചുകൊണ്ട് കളഞ്ഞുകുളിച്ചു. സി.പി.എം. ചെറുപ്പക്കാരെ മത്സരിപ്പിക്കുമ്പോള്‍ കെ.വി.തോമസിനെപ്പോലെയുള്ള അവസരവാദികളെ പൊടിതട്ടിയെടുത്ത് നിറുത്തുന്നത് ഐക്യമുന്നണിക്ക് ദോഷകരമാകും എന്ന് തീര്‍ച്ച. വി.എം.സുധീരന്‍ ചെറുപ്പക്കാര്‍ക്ക് അവസരം കൊടുക്കണമെന്ന് പറഞ്ഞ് മത്സരത്തില്‍ നിന്ന് ഒഴിഞ്ഞുനില്‍ക്കുന്നതിന്റെ പൊള്ളത്തരം സാധാരണ വോട്ടര്‍മാര്‍ക്ക് മനസിലാകുന്നതും കോണ്‍‌ഗ്രസിന്റെ ലിസ്റ്റ് കാണുമ്പോഴാണ്. അതേ ചൊല്ലിയുള്ള വിവാദങ്ങള്‍ നീണ്ടുപോയി പാര്‍ട്ടിയെ ക്ഷീണിപ്പിക്കുമെന്ന് ഷാനിമോള്‍ ഉസ്മാന്‍ ഉറപ്പാക്കുകയും ചെയ്യും.

ആലത്തൂരില്‍ സി.പി.എം.-ന്റെ പി.കെ.ബിജുവിന്റെ സ്ഥാനാര്‍ത്തിത്വം ശ്രദ്ധേയമാണ്. കഴിവുള്ളവരെ നേതൃത്വനിരയിലേക്ക് കൊണ്ടുവരിക എന്ന ആ പാര്‍ട്ടിയുടെ പരിഗണന വളരെ പ്രശംസനീയം തന്നെ. പി.കെ.ബിജുവ്ന്റെ വെബ്ബ് സൈറ്റ് www.pkbiju.com.

എന്റെ പുതുക്കിയ നിഗമനങ്ങള്‍ ഇവയാണ്:






















മണ്ഡലംസ്ഥാനാര്‍ഥികള്‍സാധ്യത
തിരുവനന്തപൂരംശശി തരൂര്‍ (കോണ്‍ഗ്രസ്) രാമചന്ദ്രന്‍ നായര്‍ (സി.പി.ഐ.) ശശി തരൂര്‍ (ഉറപ്പ്)
ആറ്റിങ്ങല്‍ജി.ബാലചന്ദ്രന്‍ (കോണ്‍ഗ്രസ്) എ.സമ്പത്ത് (സി.പി.എം.) എ.സമ്പത്ത് (സാധ്യത)
കൊല്ലംപീതാംബരക്കുറുപ്പ് (കോണ്‍ഗ്രസ്) പി.രാജേന്ദ്രന്‍ (സി.പി.എം.) പി.രാജേന്ദ്രന്‍(ഉറപ്പ്)
പത്തനംതിട്ടആന്റോ ആന്റണി (കോണ്‍ഗ്രസ്) അനന്തഗോപന്‍‍ (സി.പി.എം.) ആന്റോ ആന്റണി ‍(ഉറപ്പ്)
കോട്ടയംജോസ് കെ.മാണി (കേരള കോണ്‍ഗ്രസ്) സുരേഷ് കുറുപ്പ്‍ (സി.പി.എം.) ജോസ് കെ. മാണി ‍(ഉറപ്പ്)
മാവേലിക്കരകൊടിക്കുന്നില്‍ സുരേഷ് (കോണ്‍ഗ്രസ്) ആര്‍.എസ്.അനില്‍‍ (സി.പി.ഐ.) കൊടിക്കുന്നില്‍ സുരേഷ് ‍(ഉറപ്പ്)
ആലപ്പുഴകെ.സി.വേണുഗോപാല്‍ (കോണ്‍ഗ്രസ്) കെ.എസ്.മനോജ്‍ (സി.പി.എം.) കെ.സി.വേണുഗോപാല്‍ ‍(ഉറപ്പ്)
ഇടുക്കിപി.ടി.തോമസ് (കോണ്‍ഗ്രസ്) ഫ്രാ‍ന്‍‌സിസ് ജോര്‍ജ്ജ്‍‍ (കേരള കോണ്‍‌ഗ്രസ്) ടോസ് അപ്പ്
എറണാകുളംകെ.വി.തോമസ് (കോണ്‍ഗ്രസ്) സിന്ധു ജോയി‍‍ (സി.പി.എം.) ടോസ് അപ്പ്
ചാലക്കുടികെ.പി.ധനപാലന്‍ (കോണ്‍ഗ്രസ്) യു.പി.ജോസഫ് (സി.പി.എം.) കെ.പി.ധനപാലന്‍ ‍(സാധ്യത)
തൃശ്ശൂര്‍പി.സി.ചാക്കോ (കോണ്‍ഗ്രസ്) സി.എന്‍.ജയദേവന്‍‍‍ (സി.പി.ഐ.) പി.സി.ചാക്കോ ‍(ഉറപ്പ്)
ആലത്തൂര്‍എന്‍.കെ.സുധീര്‍ (കോണ്‍ഗ്രസ്) പി.കെ.ബിജു‍‍ (സി.പി.എം.) പി.കെ.ബിജു ‍(ഉറപ്പ്)
പാലക്കാട്സതീശന്‍ പാച്ചേനി (കോണ്‍ഗ്രസ്) എം.ബി.രാജേഷ് (സി.പി.എം.) എം.ബി.രാജേഷ്‍(സാധ്യത)
കോഴിക്കോട്എം.കെ.രാഘവന്‍ (കോണ്‍ഗ്രസ്) മുഹമ്മദ് റിയാസ് (സി.പി.എം.) മുഹമ്മദ് റിയാസ് ‍(സാധ്യത)
വടകര?? (കോണ്‍ഗ്രസ്) പി.സതിദേവി(സി.പി.എം.) പി.സതിദേവി ‍(സാധ്യത)
മലപ്പുറംഇ.അഹമ്മദ് (മുസ്ലിം ലീഗ്) ടി.കെ.ഹംസ (സി.പി.എം.) ഇ.അഹമ്മദ് (ഉറപ്പ്)
പൊന്നാനിഇ.ടി.മുഹമ്മദ് ബഷീര്‍(?) (മുസ്ലീം ലീഗ്) ഹുസൈന്‍ രണ്ടത്താണി (സി.പി.എം. സ്വതന്ത്രന്‍) ഇ.ടി.മുഹമ്മദ് ബഷീര്‍ ‍(ഉറപ്പ്)
വയനാട്എം.ഐ.ഷാനവാസ് (കോണ്‍ഗ്രസ്) എം.റഹ്‌മത്തുള്ള‍ (സി.പി.ഐ.) എം.ഐ.ഷാനവാസ് ‍(സാധ്യത)
കണ്ണൂര്‍കെ.സുധാകരന്‍ (കോണ്‍ഗ്രസ്) കെ.കെ.രാഗേഷ്‍‍ (സി.പി.എം.) കെ.കെ.രാഗേഷ് ‍(സാധ്യത)
കാസര്‍ഗോഡ്ഷാനിമോള്‍ ഉസ്‌മാന്‍ (കോണ്‍ഗ്രസ്) പി.കരുണാകരന്‍‍‍ (സി.പി.എം.) പി.കരുണാകരന്‍ ‍(ഉറപ്പ്)


എന്റെ പുതുക്കിയ ലിസ്റ്റില്‍ 2 സീറ്റുകളേ ടോസ്-അപ്പ് ഉള്ളൂ; എറണാകുളവും ഇടുക്കിയും. ബാക്കി 18 സീറ്റുകളും ഏതെങ്കിലും ഭാഗത്തേക്ക് ചരിഞ്ഞാണ് കാണുന്നത്.

സീറ്റുകളുടെ എണ്ണത്തില്‍ വ്യത്യാസമില്ല: യുഡീഫ് (11); എല്‍ഡീഫ് (9)

സര്‍വേകള്‍ പ്രകാരം യൂഡീഎഫിന് കൂടുതല്‍ സീറ്റുകള്‍ കിട്ടുമെന്ന് കാണുന്നു. പക്ഷേ, അതെങ്ങനെ സാധ്യമാകും എന്ന് മനസ്സിലാകുന്നില്ല.

Thursday, March 12, 2009

കേരളത്തിലെ സീറ്റുകളെപ്പറ്റി എന്റെ അനുമാനങ്ങള്‍ - മാര്‍ച്ച് 12

ചാരുകസാല രാഷ്ട്രീയവിശകലനത്തിന് നല്ല ഉദാഹരണമാണ് ഈ പോസ്റ്റ്. ഭൂമിയുടെ മറുവശത്തിരുന്നുകൊണ്ട് ഞാന്‍ കേരളത്തിലെ ലോകസഭാതിരഞ്ഞെടുപ്പുഫലത്തിനെപ്പറ്റി ഒരു പ്രവചനം നടത്തുക :-) മലയാളമനോരമയില്‍ കേരളത്തിലെ ലോകസഭാമണ്ഡലങ്ങളെക്കുറിച്ച് “മണ്ഡലപരിചയം” എന്നൊരു ഫീച്ചര്‍ ഉണ്ട്. അതില്‍ നിന്ന് കിട്ടിയ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് എന്റെയീ പ്രവചനം.

സ്ഥാനാര്‍ഥികള്‍ ആരൊക്കെയെന്ന് തീര്‍ച്ചയാവാതെ ഇത്തരം പ്രവചനങ്ങളൊക്കെ നടത്തുന്നത് ശരിയല്ല എന്ന് എനിക്ക് ആദ്യം തോന്നിയിരുന്നു. പക്ഷേ, രണ്ടുമുന്നണികളും സീറ്റുകള്‍ പങ്കിട്ടെടുക്കും എന്നാണ് ഇപ്പോഴത്തെ നില കാണിക്കുന്നത്.

കോണ്‍‌ഗ്രസിന് ഇപ്പോഴത്തെ രാഷ്ട്രീയകാലാവസ്ഥയില്‍ ഉറപ്പുള്ള പല സീറ്റുകളും ദുര്‍‌ബലരായ സ്ഥാനാര്‍ഥികളെ നിര്‍ത്തി കളഞ്ഞുകുളിക്കാം. ഇടതുമുന്നണി അത്തരം ആത്മഹത്യകള്‍ ചെയ്യാനുള്ള സാധ്യത കുറവാണ്. ടോസ്-അപ്പ് സീറ്റുകളില്‍ സ്ഥാനാര്‍ഥികളുടെ വ്യക്തിപ്രഭാവം വളരെ നിര്‍ണായകമാവും. ഒരു മുന്നണിയോട് ചായ്‌വുള്ള മണ്ഡലങ്ങളില്‍, എതിര്‍ മുന്നണി അതിശക്തരായ സ്ഥാനാര്‍ഥികളെ കണ്ടെത്താതെ രക്ഷയൊന്നുമില്ല; മത്സരിക്കുന്നതില്‍ നിര്‍വൃതി കണ്ടെത്തുന്നവരെ ഒഴിവാക്കിയില്ലെങ്കില്‍ സീറ്റ് എതിര്‍പക്ഷത്തിന് വച്ചുനീട്ടുന്നതിന് തുല്യമാകും.

UDF-ന് ഉറപ്പുള്ളവ - പത്തനംതിട്ട, മാവേലിക്കര, കോട്ടയം, ചാലക്കുടി, തൃശൂര്‍, പൊന്നാനി
UDF-നോട് ചായ്‌വുള്ളവ - എറണാകുളം, മലപ്പുറം, വയനാട്
ടോസ്-അപ്പ് (ചാഞ്ചാടുന്നവ) - തിരുവനന്തപുരം, ആലപ്പുഴ, ഇടുക്കി, ആലത്തൂര്‍
LDF-നോട് ചായ്‌വുള്ളവ - ആറ്റിങ്ങല്‍, കൊല്ലം,പാലക്കാട്,കോഴിക്കോട്
LDF-ന് ഉറപ്പുള്ളവ - വടകര, കണ്ണൂര്‍, കാസര്‍കോട്

ടോസ്-അപ്പുകളെ രണ്ട് മുന്നണിക്കും തുല്യമായി വീതിക്കുകയാണെങ്കില്‍ എന്റെ പ്രവചനം ഇതാണ്:
UDF - 11
LDF - 9

സ്ഥാനാര്‍ഥികള്‍ ആരൊക്കെയെന്ന് അറിഞ്ഞശേഷം ഞാന്‍ ഇതിന്റെ അടുത്ത ഭാഗം ഇടുന്നതായിരിക്കും.