Sunday, August 16, 2009
പാവം യൂദാസ്
Giotto’s “Betrayal of Christ” (circa 1305)
ഒരു കത്തോലിക്കാ കുടുംബത്തില്‍ ജനിച്ചുവളര്‍ന്നതിലെ പ്രധാനപ്പെട്ട ഓര്‍മകളില്‍ ചിലത്, “യൂദാസ്” എന്ന വാക്ക് എന്റെ അപ്പനും അമ്മയും അടുത്ത കുടുംബാംഗങ്ങളുമൊക്കെ ഉപയോഗിച്ചിരുന്ന സന്ദര്‍ഭങ്ങളാണ്: തികച്ചും വഞ്ചകരും പുറകില്‍ നിന്ന് കുത്തുന്നവരുമെന്ന് അവര്‍ക്ക് തോന്നിയവര്‍ക്കും വേണ്ടി നീക്കി വച്ചിരുന്ന വിശേഷണമായിരുന്നു ആ വാക്ക്. “യൂദാസ്” തെറിയേക്കാള്‍ നികൃഷ്ടമായ പദമായിരുന്നു അവര്‍ക്ക്; യൂദാസുകളുമായി മുദ്രകുത്തപ്പെടുന്നവരുമായി സംസര്‍ഗം ഉണ്ടാകാനുള്ള സാധ്യത വളരെ കുറവുമായിരുന്നു. പക്ഷേ, പള്ളിയിലും വേദോപദേശക്ലാസിലുമൊക്കെ ആവര്‍ത്തിച്ചുകേട്ട സുവിശേഷ കഥകളില്‍ നിന്ന് നന്നേ ചെറുപ്പത്തില്‍ തന്നെ ഒരു കാര്യം എനിക്ക് വ്യക്തമായി: യേശുവിന്റെ മരണവും ഉത്ഥാനവും ആകസ്മികമല്ല; “എഴുതപ്പെട്ടതാണ്”. അതായത് എഴുതപ്പെട്ടിരുന്നതുപോലെ സംഭവിക്കേണ്ടിയിരുന്നതാണ് അദ്ദേഹത്തിന്റെ കുരിശുമരണവും ക്രിസ്തുമതത്തിന്റെ അടിസ്ഥാനം തന്നെയായ മൂന്നാം നാളത്തെ ഉയിര്‍പ്പും.
അപ്പോള്‍ യേശുവിനെ കുരിശുമരണത്തിലേക്ക് നയിച്ച ഒറ്റിന്റെ കാരണക്കാരനായ യൂദാസ് എങ്ങനെയാണ് കുറ്റക്കാരനാകുന്നത്? കഠിനമായ പരിശീലനത്തിനുശേഷം കാണികളുടെ മുമ്പില്‍ നന്നായി ചെയ്യുന്ന ഒരു നാടകത്തിലെ ഒറ്റ ചുവടുപോലും പിഴക്കാത്ത മികച്ചൊരു നടന് മാത്രമായിരുന്നില്ലേ യൂദാസ്? തന്റെ റോളിനെക്കുറിച്ച് അറിയാതിരുന്നതുകൊണ്ട് പാവം സ്വന്തം ജീവിതം കൊണ്ട് പ്രായശ്ചിത്തവും ചെയ്തു. യൂദാസിനോട് എനിക്ക് സഹതാപം തോന്നിത്തുടങ്ങിയത് അങ്ങനെയാണ്. ഒരളവുവരെ പീലാത്തോസിനോടും എനിക്ക് അങ്ങനെ തോന്നിയിരുന്നു. അത്തരം സംശയങ്ങള്‍ അക്കാലത്ത് ഞാന്‍ പുറത്ത് പ്രകടിപ്പിച്ചിട്ടുണ്ടാകുമെന്ന് തോന്നുന്നില്ല; അന്നും ഇന്നും ഒട്ടും പൊളിറ്റിക്കലി കറക്റ്റ് അല്ലാത്തെ ആശങ്കകള്‍ പ്രകടിപ്പിക്കാന്‍ പറ്റിയ സ്ഥലം അല്ല കേരളം. “ആറാം തിരുമുറിവ്” നാടകത്തിനെതിരെ ‘ക്രിസ്തുനാഥന് സിന്ദാബാദ്’ എന്ന് മുദ്രാവാക്യം വിളിച്ച് പ്രതിഷേധിച്ച ഒരു സമൂഹത്തില്‍, യൂദാസിനെ ഒരു മനുഷ്യനായി കാണാന്‍ ബഹുദൂരം സഞ്ചരിക്കണമല്ലോ.
യൂദാസിനോടുള്ള അലിവ് മനസ്സിലിട്ട് നടക്കുന്ന കാലത്താണ് ‘യൂദാസിന്റെ കാമുകി’ എന്ന ഒരു നോവല്‍ വായിക്കുന്നത്. എഴുത്തുകാരന്റെ പേര് എനിക്ക് ഓര്മ വരുന്നില്ല; പക്ഷേ, അദ്ദേഹം കത്തോലിക്ക പ്രസിദ്ധീകരണങ്ങളില്‍ ഒക്കെ എഴുതിയിരുന്ന ഒരു കുഞ്ഞാട് തന്നെയായിരുന്നെന്ന് തോന്നുന്നു. യൂദാസിന്റെ കാമുകി ആ നോവലില്‍ മഗ്ദലന മറിയമാണ്. സുവിശേഷങ്ങളുടെ തടവറയില്‍ നിന്ന് യൂദാസ് എന്ന കഥാപാത്രം പുറത്തുപോകുന്നില്ലെങ്കിലും മഗ്ദലന മറിയത്തിന്റെ കാമുകനാക്കുന്നതു വഴി വെറുമൊരു ഒറ്റുകാരനെന്ന ഒറ്റ ഡൈമണ്‍ഷനില്‍ നിന്ന്, ഒരു സാധാരണ മനുഷ്യന്റെ മജ്ജയും മാംസവും ആ നോവല്‍ യൂദാസിന് കിട്ടുന്നുണ്ട്. ഇതിലപ്പുറം എന്തെങ്കിലും മലയാളസാഹിത്യത്തില്‍ യൂദാസിനെക്കുറിച്ച് ഉണ്ടായിട്ടുണ്ടോ? എന്റെ പരിമിതമായ മലയാളം വായനയില്‍ ഒന്നും കണ്ടിട്ടില്ല.
പക്ഷേ, യൂദാസിനെക്കുറിച്ചുള്ള ആകാംഷ പുറംലോകത്ത് വളരെ ശക്തമായിരുന്നെന്ന് പിന്നീട് മനസിലായി. കസാന്ദ്സാക്കീസിന്റെ ‘ലാസ്റ്റ് ടെംപ്റ്റേഷനി’ല്‍ റോമന്‍ അടിമത്തത്തെ ചെറുക്കുന്ന ശക്തനായ ഒരു വിപ്ലവകാരിയാണ് യൂദാസ്. യേശുവുവിന് ശിഷ്യപ്പെടുന്നത് അദ്ദേഹം ചെറുത്തുനില്‍പ്പിന്റെ നേതൃത്വം ഏറ്റെടുക്കും എന്ന വ്യാമോഹത്തിലാണ്. പക്ഷേ, സീസറിനുള്ളത് സീസറിനും ദൈവത്തിനുള്ളതിന് ദൈവത്തിനും എന്ന് പ്രഖ്യാപിച്ച് യേശു അന്നത്തെ രാഷ്ട്രീയ-പടക്കപ്പുരയില്‍ നിന്ന് താല്‍ക്കാലികമായെങ്കിലും വിദഗ്ദമായി രക്ഷപ്പെടുന്നുമുണ്ട്.
എന്റെ മനസ്സില്‍ തന്നെ രൂപപ്പെട്ടതാണോ അതോ ആരോ പറഞ്ഞതാണോ എന്ന് ഉറപ്പില്ല. പക്ഷേ, യേശുവിന്റെ കുരിശുമരണം യേശുവും യൂദാസും കൂടി നടത്തിയ ഒരു രാഷ്ട്രീയനാടകം കൈവിട്ടുപോയതാണെങ്കിലോ? അതായത് , യേശു അറിഞ്ഞുകൊണ്ടുതന്നെ യൂദാസ് അദ്ദേഹത്തെ ജൂതപ്രമാണികള്‍ക്ക് ഏല്പിച്ച് കൊടുക്കുന്നു; ചോദ്യം ചെയ്യലും ഭേദ്യവുമൊക്കെ വഴി കൂടുതല്‍ ജനങ്ങള്‍ക്കിടയില്‍ അറിയപ്പെടാന്‍. പക്ഷേ, യൂദാസിന് പ്രമാണികളുമായുള്ള പിടി ഉപയോഗിച്ച് യേശുവിനെ മരണശിക്ഷയില്‍ നിന്ന് രക്ഷിക്കാനാവാതെ പോകുന്നു; സുഹൃത്തിനെ രക്ഷിക്കാനാവാത്ത വിഷമത്തില്‍ അദ്ദേഹം ആത്മഹത്യ ചെയ്യുകയും ചെയ്യുന്നു.
സുവിശേഷത്തിലേക്കാളും നികൃഷ്ടനായി യൂദാസിനെ അവതരപ്പിക്കുന്നത് മെല്‍ ഗിബ്സന്റെ പാഷന് ഓഫ് ദ ക്രൈസ്റ്റ് എന്ന സിനിമയില്‍ ആണ്. പിശാച് ബാധിതനായാണ് അതില്‍ യൂദാസ് പോയി തൂങ്ങിച്ചാകുന്നത്. തികച്ചും വെറുപ്പുളവാക്കുന്ന ആ സിനിമയിലെ ഏറ്റവും വൃത്തികെട്ട സീനുകളാണ് അതില്‍ യൂദാസിന് വേണ്ടി നീക്കി വച്ചിട്ടുള്ളത്. ഇനി മെല്‍ ഗിബ്സന്റെ പടങ്ങള്‍ കാണില്ല എന്ന് ആ സിനിമ കണ്ടിറങ്ങിയശേഷം തീരുമാനിക്കുകയും ചെയ്തു. യൂദാസിന്റെ വഞ്ചനയെക്കാള്‍ മെല്‍ ഗിബ്സന് എന്ന പച്ച മനുഷ്യന്റെ ഉള്ളിലെ വിഷമാണ് എന്നില്‍ ഏറെ വെറുപ്പുളവാക്കിയത്.
ഇതെല്ലാം എഴുതാന്‍ കാരണം യൂദാസിനെക്കുറിച്ച് ഈയിടെ ന്യൂ യോര്‍ക്കറില്‍ വന്ന “യൂദാസ് ഇസ്ക്കറിയോത്തിനെ നമ്മള് വെറുക്കണമോ?” എന്ന നല്ല ലേഖനമാണ്. എനിക്ക് ചെറുപ്പത്തില്‍ ഉണ്ടായിരുന്ന പല സംശയങ്ങളും ഇതിലും ഉന്നയിക്കപ്പെടുന്നുണ്ട്. 1978-ല്‍ ഈജിപ്തില്‍ കണ്ടെടുത്ത, കോപ്റ്റിക് ഭാഷയില്‍ എഴുതപ്പെട്ട ‘യൂദാസിന്റെ സുവിശേഷം’ യൂദാസിനെ അക്കാദമിക് വൃത്തങ്ങളില്‍ വളരെയധികം ചര്‍ച്ചചെയ്യപ്പെടാന്‍ ഇടയാക്കി. ആ സുവിശേഷത്തില്‍ യേശുവിന്റെ പ്രിയശിഷ്യനാണ് യൂദാസ്. കസാന്‍ദ്സാക്കീസും ബോര്‍ഗസും അടക്കം പല എഴുത്തുകാരും കലാകാരന്മാരും യൂദാസിനെ നല്ല വെളിച്ചത്തില്‍ കാണുന്നുണ്ട്. എങ്കിലും, നൂറ്റാണ്ടുകളായി യൂദാസിനെ പൈശാചികവല്‍ക്കരിക്കുന്നതിന്റെ പ്രധാന രാഷ്ട്രീയം ജൂതന്മാരെ മോശക്കാരാക്കി ചിത്രീകരിക്കുവാനായിരുന്നു എന്ന് ഈ ലേഖനത്തില്‍ നിരീക്ഷിക്കുന്നുണ്ട്. യൂദാസ് എന്ന സുവിശേഷത്തിലെ സങ്കീര്‍ണ്ണകഥാപാത്രത്തെപ്പറ്റി കൂടുതല്‍ അറിയാന്‍ ഈ ലേഖനം വളരെ ഉപകരിക്കും.
Subscribe to:
Post Comments (Atom)
14 comments:
പാവം യൂദാസിനെപ്പറ്റി എന്റെയും മറ്റുള്ളവരുടെയും കുറെ വിചാരങ്ങള്‍.
താങ്കളുടെ നിരീക്ഷണത്തോടും ലിങ്ക് കൊടുത്തിരിക്കുന്ന ലേഖനത്തിലെ പരാമര്‍ശങ്ങളോടും ഉള്ള വിയോചിപ്പു അറിയിക്കുന്നു. ഇതു ഒരു വിശ്വാസിയുടെ വേര്‍ഷനാണ്. (വേണമെങ്കില്‍ അന്ധവിശ്വാസിയെന്നും വിളിക്കാം)
താങ്കള്‍ പറയുന്നു: യേശുവിന്റെ മരണവും ഉത്ഥാനവും ആകസ്മികമല്ല; “എഴുതപ്പെട്ടതാണ്”. അതായത് എഴുതപ്പെട്ടിരുന്നതുപോലെ സംഭവിക്കേണ്ടിയിരുന്നതാണ് അദ്ദേഹത്തിന്റെ കുരിശുമരണവും ക്രിസ്തുമതത്തിന്റെ അടിസ്ഥാനം തന്നെയായ മൂന്നാം നാളത്തെ ഉയിര്‍പ്പും. അപ്പോള്‍ യേശുവിനെ കുരിശുമരണത്തിലേക്ക് നയിച്ച ഒറ്റിന്റെ കാരണക്കാരനായ യൂദാസ് എങ്ങനെയാണ് കുറ്റക്കാരനാകുന്നത്? കഠിനമായ പരിശീലനത്തിനുശേഷം കാണികളുടെ മുമ്പില്‍ നന്നായി ചെയ്യുന്ന ഒരു നാടകത്തിലെ ഒറ്റ ചുവടുപോലും പിഴക്കാത്ത മികച്ചൊരു നടന് മാത്രമായിരുന്നില്ലേ യൂദാസ്? “ചുരുക്കത്തില്‍, യൂദാസ് ഒരു ഉപകരണം ആവുകയായിരുന്നു, എന്ന്.
സംഭവം നേരുതന്നെ പക്ഷേ, തല തിരിഞ്ഞു പോയി. എഴുതപ്പെട്ടതു പോലെ സംഭവിച്ചതല്ല. സംഭവിക്കാനിരുന്നത് മുന്‍കൂട്ടി ദര്‍ശിച്ച് എഴുതിയെന്നേ ഉള്ളൂ. എഴുതപ്പെട്ടില്ലെങ്കിലും അങ്ങിനെ തന്നെ സംഭവിക്കുമായിരുന്നു. എഴുതപ്പെടാത്ത ഒത്തിരി വേറെ കാര്യങ്ങളും അതിനോടനുബന്ധിച്ചു നടന്നു.
യൂദാസിനെ തിന്മയുടെ പ്രതീകമായിക്കാണുന്നത് ബൈബിള്‍ അടിസ്ഥനത്തില്‍ ശരിയല്ല. അന്നു രാത്രിയില്‍, രണ്ടു ശിഷ്യന്മാര് യേശുവിനെ തള്ളിപ്പറഞ്ഞു. ഒരാള്‍ യൂദാസ്. മറ്റേയാള്‍ പത്രോസ്. ഒരാള്‍ എനിക്കു ആളെ അറിയാമെന്നു പറഞ്ഞു കാണിച്ചു കൊടുത്തു, മറ്റേയാള്‍ എനിക്കിയാളെ അറിയില്ലെന്നു പറഞ്ഞു ഒഴിഞ്ഞു മാറി, ഒന്നല്ല മൂന്നു വട്ടം!
രണ്ടു പേരു തെറ്റു ചെയ്തുവെങ്കിലും, പിന്നിടെങ്ങനെ ഒരാള്‍ വിശുദ്ധനും, മറ്റേയാള്‍ അശുദ്ധനും ആയി?
ഇവിടെയാണ് സുവിശേഷത്തിന്റെ അടിസ്ഥാന പ്രമാണംകുടികൊള്ളുന്നത്. തെറ്റു തിരിച്ചറിഞ്ഞപ്പോള്‍ രണ്ടാളുകളുടെയും പ്രതികരണം രണ്ടു വിധമായിരുന്നു. യൂദാസ് തെറ്റു ചെയ്യുവാന്‍ കൂട്ടു നിന്ന പുരോഹിതന്മാരോടു പോയി പരാതി പറഞ്ഞു. പത്രോസോ, പുലരുവോളം, കരഞ്ഞു, മാനസാന്തരപ്പെട്ടു. പിന്നീടുള്ള രണ്ടു പേരുടെയും ജീവിതം നോക്കിയാല്‍ അന്നു രാത്രിയില്‍ അവര്‍ക്കു പറ്റിയ തെറ്റിനേക്കാള്‍,തെറ്റിനോടുള്ള മനോഭാവം എന്തായിരുന്നു അന്നു മനസിലാക്കം. തെറ്റു ചെയ്യത്തവനെയല്ല, തെറ്റിനെ വെറുക്കന്നവനെ, യേശു സ്നേഹിക്കുന്നു
താങ്കള്‍ക്ക്, പാഷന് ഓഫ് ക്രൈസ്റ്റ് കണ്ടപ്പോള്‍ ഉണ്ടായ വികാരം തന്നെയാണ്, എനിക്ക് , കസാന്ത് സാക്കീസിന്റെ പുസ്തകം വായിച്ചപ്പോള്‍ തോന്നിയത്!
യൂദാസിനെക്കുറിച്ചുള്ള എന്റെ ചിന്തകൾ നാടകരൂപത്തിൽ എഴുതിയിരുന്നു. വായിച്ചാൽ നന്നായിരുന്നു.
http://urumbukadikal.blogspot.com/2008/02/blog-post_27.html
യൂദാസ് പാവമായിരുന്നില്ല എന്ന പേരില്‍ ഞാന്‍ ഒരു പോസ്റ്റ് ഇട്ടിട്ടുണ്ട്.
സജി - യൂദാസിനെ ചരിത്രത്തിലെ ഒരു കഥാപാത്രമായി അന്വേഷിക്കുന്നതിലാണ് എന്റെ താല്പര്യം. അത് താങ്കളുടെ സമീപനവുമായി വ്യതാസമുണ്ട്. അതുകൊണ്ട് നമ്മള് തമ്മിലുള്ള ചര്‍ച്ചയില്‍ നിന്ന് എന്തെങ്കിലും ഫലപ്രദമായി ഉരുത്തിരിയുമെന്ന് തോന്നുന്നില്ല. താങ്കളുടെ വ്യത്യസ്ത അഭിപ്രായത്തോട് എനിക്ക് ബഹുമാനമേയുള്ളൂ.
സജിയുടെ വ്യക്ത്മായ മറുപടി ഉചിതമായ സമയത്തു നല്കിയെന്നതിനാല്, വലിയ ആശയകുഴപ്പത്തില്‍ നിന്നും ചിലരെങ്കിലും രക്ഷപെട്ടു, അവസരോചിതമായ മറുപടി പ്രശംസ അര്‍ഹിക്കുന്നു.
ക്രൂശീകരണത്തിന് തലേ രാത്രി യേശു തന്റെ ശിഷ്യന്മാരോട്, “നിങ്ങളില്‍ ഒരുവന് എന്നേ ഒറ്റികൊടുക്കുമെന്നു” പറയുബോള്‍, മറ്റു പതിനൊന്നു പേരും “കര്‍ത്താവേ“ അത് ഞാനോ എന്നു ചോദിക്കുബോള്‍ യൂദാസ് ചോദിക്കുന്നത് “ഗുരുവേ“ അത് ഞാനോ എന്നാണ്, മറ്റ് പതിനൊന്നുപേരുടെയും ജീവിതത്തിന്റെ കര്ത്വത്തം ശേശുവിനായിരുന്നപ്പോള്, യൂദാസിന് യേശു വെറും ഒരു അദ്ധ്യാപകന് മാത്രമായിരുന്നുവെന്നത് ശ്രദ്ധേയമായ കര്യമാണ്.
ബൈബിള്‍ രേഖപ്പെടുത്തിയിരിക്കുന്നത് “ചതിയനായിതീര്ന്ന” യൂദാ എന്നാണ്, അതിനര്‍ത്ഥം യൂദാസിന്റെ ആരംഭം അങ്ങനെയായിരുന്നില്ലാ എന്നാണ്,
ബൈബിള്‍ തന്നേ മറ്റൊരിടത്ത് നാശയോഗ്യനെന്ന് രേഖപ്പെടുത്തിയിരിക്കുന്ന യൂദാസിനേയോര്ത്ത് വിലപിക്കുന്നവര്‍ യൂദാ എങ്ങനെ ചതിയനും നാശയോഗ്യനായി തീര്‍ന്നുവെന്ന് ധ്യാനിച്ചിരുന്നുവെങ്കില് നന്നായിരുന്നു.
ചില സത്യങ്ങള്‍ ഇങ്ങനെയൊക്കെയാണ്. ആദ്യം കേള്‍ക്കുമ്പോള്‍ ഒരു ഞെട്ടല്‍.
ഇത് ഒന്ന് കണ്ട് നോക്കൂ http://www.pbs.org/wgbh/pages/frontline/shows/religion/jesus/arrest.html
കൈകേയി രാമനെ വനവാസത്തിനയക്കാൻ കാരണമെന്താ? രാവണനെ വധിക്കാൻ എന്നുള്ള അവതാരനിയോഗത്തിന് വഴി വെക്കാൻ....
സർവഗുണസമ്പന്നനായ , തന്റേതല്ലാത്ത കാരണത്താൽ മാതാവിന്റെ സ്നേഹം പോലും നിഷേധിക്കപ്പെട്ട കർണൻ വധിക്കപ്പെട്ടതെന്തുകൊണ്ടാ? നരനാരായണന്മാരുടെ കൈ കൊണ്ട് വധിക്കപ്പെടാൻ നിയോഗിക്കപ്പെട്ടവനായത് കൊണ്ട്.
കൈകേയിയെ മന്ഥര ബ്രെയിൻവാഷ് ചെയ്യാൻ കാര്യമെന്താ? നേരത്തെ എഴുതപ്പെട്ടത് കൊണ്ട്.
ഏറ്റവും നല്ല ഭരണകർത്താവായ മഹാബലിയോട് ഭഗവാൻ അന്യായം കാണിച്ചതെന്ത് കൊണ്ടാ? ദാനം ചെയ്യുന്നത് മഹാപാപമാണെന്ന് ജനങ്ങൾക്ക് ഗുണപാഠം നൽകാൻ...
പത്രോസ് മൂന്ന് വട്ടം ക്രിസ്തുവിനെ തള്ളിപ്പറഞ്ഞതെന്തിനാ? പിന്നീട് മാനസാന്തരപ്പെടാൻ...
കാര്യം പിടികിട്ടിയില്ലേ? വിശുദ്ധഗ്രന്ഥങ്ങളിൽ എന്തെങ്കിലും ഉണ്ടെങ്കിൽ അതിന്റെ പിറകിൽ ഒരു കാരണവും ഉണ്ട്. വില്ലനെന്ന് പറഞ്ഞാൽ മഹാവില്ലനാണ്. അവനെപ്പറ്റി ആരെങ്കിലും നല്ല രണ്ട് വാക്കു പറഞ്ഞാൽ , തെറ്റ് പറ്റിയവനും മനുഷ്യനാണെന്ന് തിരിച്ചറിഞ്ഞാൽ വലിയ പാപമാണ്.
പാപികളോട് ക്ഷമിക്കാൻ പഠിപ്പിച്ച യേശുദേവന്റെ അനുയായികൾക്ക് യൂദാസിനു മാപ്പു നൽകാൻ വയ്യ!
കാല്വിന് പറഞ്ഞത് കണ്ടപ്പോള്‍ ആശ്വാസമായി . നല്ലതായാലും ചീത്തയായാലും എല്ലാം ദൈവത്താല്‍ പൂര്വ്വനിശ്ചിതമല്ലേ . പാപം ചെയ്യുന്നതും പുണ്യം ചെയ്യുന്നതും തെറ്റോര്‍ത്ത് ദുഖിക്കുന്നതും ശരിയോര്ത്ത് സന്തോഷിക്കുന്നതും ബ്ലോഗ്ഗില്‍ ഈ മറുപടി എഴുതിക്കുന്നതും അങ്ങനെ എല്ലാമെല്ലാം. പാവം യൂദാസിനെ യേശുവിന്റെ ഒറ്റുകാരനാക്കാന്‍ നിശ്ചയിച്ച ദൈവം നരകത്തില്‍ ഇതിനുള്ള ശിക്ഷ ആ പാവത്തിന് കൊടുത്ത് കാണുമോ ? നമ്മുടെ കാര്യവും അത് തന്നെ?!!!
യൂദാസിന്റെ 'വിശേഷം' മുന്‍പൊരിക്കല്‍ ശ്രീ 'സി കെ ബാബു'വിനുള്ള മറുപടിയായി ഞാനെഴുതുയിരുന്നു. അതിവിടെ വായിക്കാം
യൂദാസിനോടു പൊറുക്കാന്‍ കര്‍ത്താവ് തീരുമാനിച്ചാലുമ് വിശ്വാസികള്‍ തയ്യാറല്ല എന്നാണോ എന്നെപ്പോലെയുള്ള പരിമിതവിഭവനായ ഒരാള്‍ ഇവിടത്തെ കമെന്റുകളില്‍ നിന്ന് മനസ്സിലാക്കേണ്ടത്!?
ദൈവം സ്നേഹമാണ്....
ശത്രുവിനെ പോലും സ്നേഹിക്കുക....
ഇതൊക്കെ അപ്രായോഗികമായ പ്രസ്ടാവനകലാണോ ?
see this link too
http://nilapaatu.blogspot.com/2006/04/blog-post.html
നന്ദി സിദ്ധാര്ത്ഥന്, ബ്ലോഗില്‍ യൂദാസിനെപ്പറ്റി ഇത്രയും ചര്‍ച്ചകള്‍ നടന്നിരുന്നെന്ന് അറിയില്ലായിരുന്നു.
https://sagustories.wordpress.com/2017/04/15/%e0%b4%af%e0%b5%82%e0%b4%a6%e0%b4%be%e0%b4%b8%e0%b4%bf%e0%b4%a8%e0%b5%8d%e0%b4%b1%e0%b5%86-%e0%b4%9a%e0%b4%b0%e0%b4%ae%e0%b4%95%e0%b5%81%e0%b4%b1%e0%b4%bf%e0%b4%aa%e0%b5%8d%e0%b4%aa%e0%b5%8d/
Post a Comment