പാലേരി മാണിക്യം കണ്ടിട്ട് ദിപ്പോ തിരിച്ചുവന്നതേയുള്ളൂ:വളരെ നാളുകള്‍ക്ക് ശേഷം ഒരു നല്ല മലയാള സിനിമ കണ്ടതിന്റെ സന്തോഷവുമുണ്ട്. ഓവര്‍ ഹൈപ്പ് ചെയ്യപ്പെട്ട മറ്റൊരു മലയാളപടമെന്ന ചുരുങ്ങിയ പ്രതീക്ഷയോടെയാണ് തിയേറ്ററില്‍ എത്തിയത്. അത് പടം കുറച്ചുകൂടി ഇഷ്ടപ്പെടാന്‍ കാരണമായെന്നു തോന്നുന്നു.
സിനിമയുടെ ആദ്യപകുതിയില്‍, മാണിക്യത്തിന്റെ കൊലപാതകം പലരും പലരീതിയില്‍ വ്യാഖ്യാനിക്കുന്നത് കണ്ടപ്പോള്‍ കുറോസവയുടെ റാഷോമോന്‍ ഓര്മ വന്നത്. പക്ഷേ കഥ ആ തലത്തില്‍ നിന്ന് ഹരിദാസിന്റെ വ്യക്തിപരമായ നിലയിലേക്ക് നീങ്ങുമ്പോള്‍ സിനിമക്ക് കൂടുതല്‍ ആഴം കിട്ടിയതുപോലെ തോന്നി. മെലോഡ്രാമയുടെ അംശങ്ങള്‍ അധികമില്ലാതെ തികച്ചും വ്യത്യസ്തമായ രീതിയില്‍ ചിത്രം അവസാനിക്കുമ്പോള്‍ മലയാള സിനിമയിലെ അപൂര്‍വ്വമായ ഒരു കാര്യമാണ് സംഭവിച്ചത്: സിനിമയുടെ രണ്ടാം പകുതി ഭംഗിയായി തീര്‍ക്കുക എന്നത്.
മികച്ച കഥകളും നോവലുകളും ചലച്ചിത്രമാക്കുന്നതിന് ധൈര്യം കൊടുക്കുന്ന ഒരു സംരംഭം കൂടിയാണിത്. ഇത് കൊമേഴ്സ്യല്‍ വിജയം ആയിരുന്നോ എന്നറിയില്ല; പക്ഷേ, കലാപരമായി ഒരു വിജയം തന്നെയാണ് ഈ ചിത്രം.
എല്ലാ നിമിഷത്തിലും എന്തെങ്കിലും പിന്നണിയില്‍ മൂളിക്കൊണ്ടിരിക്കണം എന്നത് ഇന്ത്യന്‍ സിനിമയുടെ ഫോര്‍മുലയുടെ ഭാഗമാണെന്ന് തോന്നുന്നു; ഈ സിനിമയുടെ പല രംഗങ്ങളിലും പശ്ചാത്തലസംഗീതം ഒഴിവാക്കാമായിരുന്നു.
റാഷോമോന്‍ കൂടാതെ ഓര്മ വരുന്ന ഒരു ചിത്രം Midnight in the Garden of Good and Evil ആണ്. കഥയ്ക്ക് അതുമായി ബന്ധമൊന്നുമൊന്നുമില്ലെങ്കിലും ഹരിദാസ് പാലേരിയില്‍ വരുന്നതും, ആ നാട്ടിലെ പ്രമാണിയുമായി ബന്ധപ്പെട്ട അന്വേഷണത്തില്‍ ഏര്‍പ്പെടുന്നതുമെല്ലാം ആ ഹോളിവുഡ് ചിത്രത്തിന്റെ ഇതിവൃത്തവുമായി സാമ്യമുണ്ട്. (ക്ലിന്റ് ഈസ്റ്റ്വുഡ് സംവിധാനം ചെയ്ത ആ ചിത്രം John Berendt-ന്റെ അതേപേരിലുള്ള നോവലിനെ ആധാരമാക്കിയുള്ളതാണ്.)
Subscribe to:
Post Comments (Atom)
1 comment:
മുതിര്‍ന്നവര്‍ക്ക് ഒരു മലയാളം പടം.
Post a Comment