Thursday, February 04, 2010

ഓസ്കര്‍ 2009: എന്റെ അനുമാനങ്ങള്‍

നോമിനേഷനുകളുള്‍ ചൊവ്വാഴ്ച പുറത്തു വന്നു. മൊത്തം ലിസ്റ്റ്  ഇവിടെ കാണാം. നല്ല ചിത്രങ്ങളുടെ നോമിനേഷനില്‍ എന്റെ ലിസ്റ്റില്‍ നിന്ന് 8/10 ശരിയായി.

ഗോള്‍‌ഡന്‍ ഗ്ലോബില്‍ Avatar അവഗണിക്കപ്പെട്ടെങ്കിലും ഓസ്ക്കറില്‍ ആ ചിത്രത്തിന് പ്രധാന അവാര്‍ഡുകള്‍ കിട്ടുമെന്നാണ് എന്റെ നിഗമനം. അതിനുള്ള കാരണങ്ങള്‍ ഞാന്‍ കഴിഞ്ഞ പോസ്റ്റില്‍ നിരത്തിയിട്ടുണ്ട്.

കുറച്ചു മുമ്പ് Netflix-ല്‍ നിന്ന് കിട്ടിയ Hurt Locker കണ്ടുതീര്‍ത്തു. യുദ്ധക്കളത്തെക്കാള്‍, അതിന്റെ രണ്ടു ഭാഗത്തുമുള്ള ഇരകള്‍ക്ക് പ്രാധാന്യം കൊടുക്കുന്ന, അമേരിക്കയുടെ ഇറാക്ക് അധിനിവേശം പശ്ചാത്തലമാക്കിയുള്ള ഈ ചിത്രം, Platoon-ന് ശേഷം ഞാന്‍ കണ്ടിട്ടുള്ള ഏറ്റവും ശക്തമായ യുദ്ധവിരുദ്ധ ചിത്രങ്ങളിലൊന്നാണ്.

Avatar-നും Hurt Locker-നും 9 നോമിനേഷനുകള്‍ വീതമാണുള്ളത്. Avatar സം‌വിധാനം ചെയ്ത ജയിംസ് കാമറൂണിന്റെ മുന്‍ ഭാര്യയാണ് Hurt Locker-ന്റെ സം‌വിധായക കാതറിന്‍ ബൈഗലോ. അതുകൊണ്ട്  ഈ ചിത്രങ്ങള്‍ തമ്മിലുള്ള മത്സരം അവര്‍ തമ്മിലുള്ള ഒരു കണക്കുപറച്ചില്‍ കൂടിയാണ്. സിനിമാചരിത്രത്തില്‍ ഏറ്റവും ചിലവിട്ടു പിടിച്ച പടവും ഏറ്റവും കൂടുതല്‍ പണം വാരിയ പടവും എന്ന ഖ്യാതി Avatar-ന് ഉള്ളതുകൊണ്ട്, ചുരുങ്ങിയ ബഡ്ജറ്റില്‍ പിടിച്ച  Hurt Locker-ഉം ആയുള്ള മത്സരം ഗോലിയാത്തും ദാവീദും പോലെ എന്ന് പറയുന്നുണ്ട്. പക്ഷേ, ഇതുവരെ കിട്ടിയ അവാര്‍ഡുകളുടെ എണ്ണം വച്ചുനോക്കിയാല്‍ Hurt Locker വിമര്‍ശകരുടെയും ജഡ്ജിമാരുടെയും പ്രിയപ്പെട്ട ചിത്രമാണെന്ന് മനസ്സിലാക്കാം.

ഈ രണ്ടു ചിത്രങ്ങളുടെ മത്സരത്തില്‍ മുങ്ങിപ്പോകുന്നത് മറ്റു പ്രധാനപ്പെട്ട ചിത്രങ്ങളാണ്: District 9, Precious: Based on the Novel ‘Push’ by Sapphire, A Serious Man, Up in the Air എന്നിവ. ഇക്കൂട്ടത്തില്‍ ഞാന്‍ അവസാനമേ Avatar-ന് സ്ഥാനം കൊടുക്കൂ; Hurt Locker ഏറ്റവും മുകളിലും. പക്ഷേ, ഓസ്കര്‍ Avatar കൊണ്ടുപോകും.

മികച്ച സം‌വിധായകന്‍ മികച്ച പടത്തിന്റെ തന്നെ ആള്‍ ആയിരിക്കും.

കണ്ട പടങ്ങളില്‍ The Hurt Locker-ലെ ജറമി റെന്നറിന്റേതാണ് മികച്ച അഭിനയമായി തോന്നിയത്. പക്ഷേ, സാധ്യത കൂടുതല്‍ കൊടുക്കുന്നത് Crazy Heart-ലെ ജെഫ് ബ്രിഡ്ജസിനാണ്. ഞാന്‍ ജറമി റെന്നറിന്റെയൊപ്പം നില്‍ക്കുന്നു. മികച്ച നടി മിക്കവാറും The Blind Side-ലെ സാന്‍ഡ്രാ ബുള്ളോക്ക് ആവുമെന്ന് തോന്നുന്നു; അതിപ്രശസ്തയെങ്കിലും ഇതുവരെ അവര്‍ക്ക് നോമിനേഷന്‍ പോലും കിട്ടിയിട്ടില്ല. കിട്ടിയ അവസരം മുതലാക്കി അക്കാഡമി അംഗങ്ങള്‍ വരെ ആദരിച്ചേക്കും.

സഹനടന്‍, സഹനടി റോളുകളില്‍ യഥാക്രമം Christoph Waltz (Inglourious Basterds)-നും Mo’Nique ( “Precious: Based on the Novel ‘Push’ by Sapphire”)-നും വലിയ മത്സരമൊന്നുമില്ലെന്നു തോന്നുന്നു. വളരെ മികച്ചതാണ് ഈ ചിത്രങ്ങളിലെ അവരുടെ പ്രകടനം.

അനിമേറ്റഡ് ഫീച്ചര്‍ വിഭാഗത്തില്‍ Up തന്നെ വിജയിക്കും. മികച്ച ചിത്രത്തിനുള്ള നോമിനേഷന്‍ വരെ കിട്ടിയിട്ടുള്ള സ്ഥിതിക്ക് ആ അവാര്‍ഡ് ഏറെക്കുറെ ഇപ്പോള്‍ തന്നെ തീര്‍ച്ചയാണ്.

പ്രധാന വിഭാഗങ്ങളിലെ എന്റെ അനുമാനങ്ങള്‍ ഇവിടെ കൊടുക്കുന്നു:

Picture: Avatar

Director: James Cameron (Avatar)

Actor in a Leading Role: Jeremy Renner in “The Hurt Locker”

Actress in a Leading Role: Sandra Bullock in “The Blind Side”

Actor in a Supporting Role: Christoph Waltz in “Inglourious Basterds”

Actress in a Supporting Role: Mo’Nique in “Precious: Based on the Novel ‘Push’ by Sapphire”

Writing (Adapted Screenplay): “Precious: Based on the Novel ‘Push’ by Sapphire” — Screenplay by Geoffrey Fletcher

Writing (Original Screenplay): “A Serious Man” — Written by Joel Coen & Ethan Coen

Animated Feature Film: Up

Art Direction: “Avatar” — Art Direction: Rick Carter and Robert Stromberg; Set Decoration: Kim Sinclair

Cinematography: “Avatar” — Mauro Fiore

Film Editing: “The Hurt Locker” — Bob Murawski and Chris Innis

Foreign Language Film: “The White Ribbon” — Germany

Music (Original Score): “The Hurt Locker” — Marco Beltrami and Buck Sanders

Visual Effects: “Avatar” — Joe Letteri, Stephen Rosenbaum, Richard Baneham and Andrew R. Jones

ഓസ്‌കര്‍ സൈറ്റും നിങ്ങളുടെ അനുമാനങ്ങള്‍ രേഖപ്പെടുത്താന്‍ അവസരമൊരുക്കിയിട്ടുണ്ട്; വിശദാംശങ്ങള്‍ക്ക് ഈ പേജ് കാണുക:

മാര്‍ച്ച് 7-ന് 5pm PST Sunday (6.30am IST Monday) ആണ് ഓസ്കര്‍ നൈറ്റ് തുടങ്ങുന്നത്. അലെക് ബാള്‍‌ഡ്‌വിന്നും സ്റ്റീവ് മാര്ട്ടിനുമാണ് പരിപാടി ആങ്കര്‍ ചെയ്യുന്നത്; അതുകൊണ്ട് നന്നായിരിക്കുമെന്ന് കരുതുന്നു. ഞാന്‍ ആ സമയത്ത്  ഈ പോസ്റ്റില്‍ തന്നെ ലൈവ്  ബ്ലോഗ് ചെയ്യാന്‍ സാധ്യത് ഉണ്ട്; പങ്കെടുക്കാന്‍ താല്പര്യമുണ്ടെങ്കില്‍ ഇത് ട്രാക് ചെയ്യുക.

Monday, February 01, 2010

ഓസ്ക്കര്‍ 2009 നോമിനേഷനുകള്‍

ഈ ചൊവ്വാഴ്ച ഓസ്ക്കര്‍ നോമിനേഷനുകള്‍ പ്രഖ്യാപിക്കുന്നത് ഒരു വലിയ വ്യത്യാസത്തോടെ ആയിരിക്കും. മിക്കവാറും വിഭാഗങ്ങളിലും 5  നോമിനേഷനുകളാണല്ലോ സാധാരണ ഉള്ളത്. ഇത്തവണ മികച്ച ചിത്രങ്ങളുടെ വിഭാഗത്തില്‍ 10 ചിത്രങ്ങള്‍ ഉണ്ടാകും.

കൂടുതല്‍ ചിത്രങ്ങള്‍ ഉള്‍പ്പെടുത്തുന്നതു വഴി കൂടുതല്‍ കാണികളെ ആകര്‍ഷിക്കാനും അതുവഴി പരസ്യത്തില്‍ വരുമാനം കൂട്ടുകയുമാണ് അക്കാഡമിയുടെ ലക്ഷ്യം. വര്‍ഷങ്ങളായി ഓസ്കര്‍ ടെലികാസ്റ്റ് കാണുന്നവരുടെ എണ്ണം കുറഞ്ഞുവരികയാണ്; ബോക്സോഫീസില്‍ വന്‍‌വിജയമായിരുന്ന, തരക്കേടില്ലാത്ത പടമായിരുന്ന ഡാര്‍ക്ക് നൈറ്റിനെ കഴിഞ്ഞ തവണ  നോമിനേഷനില്‍ തന്നെ തഴഞ്ഞത് കുറച്ചൊന്നുമല്ല ഓസ്കര്‍ ഷോയുടെ ജനപ്രീതി കുറയ്ക്കാന്‍ കാരണമായത്.

അത്തരമൊരു തെറ്റ് ഇത്തവണ ഉണ്ടാവില്ല എന്നതിന്ന് ഒരു സൂചനതന്നെയാണ് പരീക്ഷണാടിസ്ഥാനത്തില്‍ 10 പടങ്ങള്‍ നോമിനേറ്റ് ചെയ്യുന്ന നീക്കം. അത്തരമൊരു സാഹചര്യത്തില്‍ ഡാര്‍ക്ക് നൈറ്റ് പോലുള്ള പടങ്ങള്‍ തഴയപ്പെടില്ല; പക്ഷേ, നോമിനേറ്റ് ചെയ്യപ്പെടുന്ന പടം ഒരിക്കലും നിരാശപ്പെടുത്താറില്ല എന്ന കാര്യത്തില്‍ വ്യത്യാസവും ഉണ്ടാകും.

ഇതേ കാരണങ്ങള്‍ കൊണ്ടു തന്നെ ജയിംസ് കാമറൂണിന്റെ അവതാര്‍ ഇത്തവണ മികച്ച പടമായി തിരഞ്ഞെടുക്കപ്പെടുമെന്ന് ഏതാണ്ട് ഉറപ്പുമാണ്. അതുകൊണ്ട് ബാക്കിയുള്ള 9 പടങ്ങള്‍, ഫലം നേരത്തേ നിശ്ചയിച്ച തിരഞ്ഞെടുപ്പിലെ സ്ഥാനാര്‍ഥികളെപ്പോലെയാണ്. പക്ഷേ, വാണിജ്യാടിസ്ഥാനത്തില്‍ ഓസ്കര്‍ ബമ്പ് തിയേറ്ററിലും ഡിവിഡിയുടെ വില്പനയിലുമൊക്കെ ഉണ്ടാകുമെന്നുള്ളത്  അതിന്റെ നിര്‍മാതാക്കള്‍ക്ക് ആശ്വാസമാകും.

ഇത്തവണ ഞാന്‍ കുറെ നല്ല പടങ്ങള്‍ തിയേറ്ററില്‍ കണ്ടൂ. ഈ ചിത്രങ്ങള്‍ നോമിനേറ്റ് ചെയ്യപ്പെടുമെന്നാണ്  എന്റെ അനുമാനം:

1. Where The Wild Things Are
2. Up In the Air
3. Precious
4. A Serious Man
5. Avatar
6. District 9
7. (500) Days of Summer
8. Up (This will most probably the winner in animation category)
9. Inglorious Basterds
10. The Hurt Locker (didn't see it yet but rely on media hype)

Invictus, The Hangover, The Blind Side, Star Trek, A Single Man, Fantastic Mr. Fox എന്നീ പടങ്ങളില്‍ നിന്നും നോമിനേഷനുകള്‍ ഉണ്ടാകും എന്ന് വായനയില്‍ കാണുന്നു; ഞാനവയൊന്നും കാണാത്തതുകൊണ്ട് പ്രത്യേകിച്ച് അഭിപ്രായം ഒന്നും ഇല്ല. കാത്തിരുന്നു കാണാം.

Tuesday, January 19, 2010

പ്രൊജക്ട് ചവിട്ടുനാടകം


ചവിട്ടുനാടകം ടീം: അജിത്ത്, ജോസ്, ഞാന്‍, ഗോപകുമാര്‍,വിനയ്,മനോജ്,മനോജ് എമ്പ്രാന്തിരി (ഫോട്ടോ: സുകു/ജോസിന്റെ ക്യാമറ)
അജിത് പുല്‍‌പ്പള്ളിയാണ് ചവിട്ടുനാടകം കളിക്കാം എന്ന ആശയം ഏതോ തണ്ണിയടി പാര്‍ട്ടിയില്‍ അവതരിപ്പിച്ചത്. കുറെ യു-ട്യൂബ് ലിങ്കുകള്‍ അയച്ചുതന്നത് കണ്ടപ്പോള്‍ എല്ലാവര്‍ക്കും ആവേശമായി. ആര്‍ക്കും ഡാന്‍സൊന്നും അറിയില്ല എന്നും അതൊക്കെ പഠിച്ചെടുക്കാനുള്ള ബാല്യും കഴിഞ്ഞെന്നും സൗകര്യപൂര്വ്വം മറന്നുകൊണ്ടാണ് അടുത്ത മലയാളി പരിപാടിയില്‍ ചവിട്ടുനാടകം അവതരിപ്പിക്കാം എന്ന് പറഞ്ഞുനടക്കാന്‍ തുടങ്ങിയത്.

ചവിട്ടുനാടകത്തെക്കുറിച്ച് എല്ലാ വിവരങ്ങളും വെബ്ബില്‍ കാണും എന്ന് പ്രതീക്ഷിച്ച് ഞങ്ങള്‍ കാര്യങ്ങള്‍ തുടങ്ങിയെങ്കിലും പെട്ടന്ന് മനസ്സിലായി കുറച്ച് യു-ട്യൂബ് ക്ലിപ്പുകളും, ചവിട്ടുനാടകത്തിനെക്കുറിച്ച് ചില സൈറ്റുകളിലും വിക്കിപീഡിയയിലും ഏതാനും വരികളും അല്ലാതെ അത് രംഗത്ത് അവതരിപ്പിക്കാന്‍ മാത്രം വിവരങ്ങളൊന്നും അവിടെ ഇല്ലെന്ന്.

എറണാകുളത്തിനടുത്ത് പള്ളിപ്പുറം ചവിട്ടുനാടകത്തിന്റെ ഒരു കേന്ദ്രമാണെന്ന് കേട്ടിട്ടുണ്ടായിരുന്നു. അതും പ്രശസ്ത ബാലസാഹിത്യകാരന്‍ സിപ്പി പള്ളിപ്പുറത്തിനെ പരിചയമുള്ളതും ഉപകാരപ്പെട്ടു. അദ്ദേഹത്തെ സമീപിച്ചപ്പോള്‍ ഒരു ചവിട്ടുനാടകക്ലബ്ബുമായി ബന്ധപ്പെടുത്തി തരാമെന്നു പറഞ്ഞു. അങ്ങനെയാണ് പള്ളിപ്പുറത്തെ സെന്റ് റോക്കീസ് നൃത്തകലാകേന്ദ്രത്തിന്റെ 'ദാവീദും ഗോലിയാത്തും' എന്ന ചവിട്ടുനാടകത്തിന്റെ ശബ്ദരേഖയും അവര്‍ അവതരിപ്പിച്ചതിന്റെ ഒരു വിസിഡിയും അയച്ചുകിട്ടുന്നത്.

വിസിഡിയില്‍ കണ്ട ഒരു ചെറിയ രംഗം അവതരിപ്പിക്കാന്‍ തീരുമാനിച്ചു. വേഷങ്ങളും മറ്റും നാട്ടില്‍ നിന്നു തന്നെ വരുത്തണം; വീണ്ടും സിപ്പി പള്ളിപ്പുറത്തിന്റെ സഹായം തേടേണ്ടി വന്നു. അദ്ദേഹത്തിന്റെ മേല്‍നോട്ടത്തില്‍ തന്നെ പെട്ടെന്ന് വേഷങ്ങള്‍ തയ്പ്പിച്ചെടുത്ത് അപ്പോള്‍ നാട്ടിലുണ്ടായിരുന്ന രാജേഷ് വേണ്ട വേഷങ്ങളും ബേ ഏരിയയില്‍ എത്തിച്ചു.

പരിശീലനം തുടങ്ങിയപ്പോഴാണ് കാര്യം അത്ര എളുപ്പമല്ല എന്ന് മനസ്സിലായത്. ഭാഗ്യത്തിന് മനോജിനും, മനോജിന്റെ ഭാര്യ ആശക്കും വിസിഡിയില്‍ നോക്കി സ്റ്റെപ്പുകള്‍ എന്താണെന്ന് മനസ്സിലാക്കാനുള്ള വൈദഗ്ദ്യം ഉണ്ടായിരുന്നു. എന്നാലും ഞാനടക്കമുള്ള ടീമിലെ പലര്‍ക്കും നൃത്തവുമായി പുലബന്ധമില്ലാത്തതുകൊണ്ട് വളരെ ലളിതമായ സ്റ്റെപ്പുകള്‍ പോലും പഠിച്ചെടുക്കുന്നത് ബാലികേറാമല ആയി. പക്ഷേ, അതിനകം ഞങ്ങളുടെ ചവിട്ടുനാടകത്തെപ്പറ്റി വീട്ടുകാരും നാട്ടുകാരുമൊക്കെ അറിഞ്ഞതുകൊണ്ട് പ്രൊജക്റ്റ് ഉപേക്ഷിക്കാനും പറ്റാത്ത അവസ്ഥയിലായി.

വൈനടിയും പ്രാക്ടീസു‌മൊക്കെയായിട്ട് മിക്കവാറും എല്ലാ ദിവസങ്ങളിലും ഞങ്ങള്‍ കൂടാന്‍ തുടങ്ങി. സ്ക്രിപ്റ്റിലും പാട്ടിലുമൊക്കെ ചില വ്യത്യാസങ്ങള്‍ വരുത്തി സംഗതി കുറച്ച് എളുപ്പമാക്കി. എന്നാലും പരിപാടിക്ക് ഏതാണ്ട് 10 ദിവസം മുമ്പ് മുതല്‍ മാത്രമേ വലിയ കുഴപ്പമില്ലാതെ എന്തെങ്കിലും അവതരിപ്പിക്കാന്‍ പറ്റും എന്ന വിശ്വാസം എല്ലാവര്‍ക്കും ഉണ്ടായുള്ളൂ.

ചവിട്ടുനാടകത്തെപ്പറ്റി അധികമൊന്നും തിരക്കാന്‍ അതിന്നിടയില്‍ സമയം കിട്ടിയില്ല. ഉള്ള് വിവരം വച്ച് തയ്യാറാക്കിയ ഒരു ആമുഖത്തില്‍ നിന്നുള്ള പ്രസക്തഭാഗങ്ങള്‍ ഇവിടെ കൊടുക്കുന്നു; നിങ്ങള്‍ക്ക് കൂടുതല്‍ എന്തെങ്കിലും അറിയാമെങ്കില്‍ കമന്റായി കൊടുക്കാം:

16 ആം നൂറ്റാണ്ട് മുതല്‍ കേരളത്തിലെ കൃസ്ത്യാനികളുടെ ഇടയില്‍ പ്രചാരമുള്ള ഒരു നൃത്തനാടക കലാരൂപമാണ് ചവിട്ടുനാടകം. ഓപ്പറ, മിറക്കിള്‍ പ്ലേ തുടങ്ങിയ യൂറോപ്യന്‍ നൃത്തനാടകങ്ങളുടെ രീതിയില്‍ ചിട്ടപ്പെടുത്തിയിട്ടുള്ള ചവിട്ടുനാടകം, കളരിപ്പയറ്റില്‍ നിന്നും ധാരാളം കടംകൊണ്ടിട്ടുണ്ട്. പോര്‍ച്ചുഗീസുകാരാണ് ഈ കലാരൂപത്തിന് കേരളത്തില്‍ തുടക്കമിട്ടത്. തൃശ്ശൂര്‍,എറണാകുളം,ആലപ്പുഴ എന്നീ ജില്ലകളിലെ ലത്തീന്‍ കത്തോലിക്കരാണ് ഈ കലയുടെ ആദ്യകാല പ്രയോക്താക്കള്‍.

ബൈബിള്‍ കഥകളോ കൃസ്ത്യന്‍ വീരന്മാരുടെ ചരിത്രങ്ങളോ ആണ് സാധാരണ ചവിട്ടുനാടകത്തിന് പ്രമേയമാക്കുക. പാട്ടും നൃത്തവും മധ്യകാല യൂറോപ്യന്‍ വസ്ത്രങ്ങളൂടെ കണ്ണഞ്ചിപ്പിക്കുന്ന നിറങ്ങളും സമന്വയിപ്പിച്ചുകൊണ്ടുള്ള ചവിട്ടുനാടകക്കാരുടെ പ്രകടനം മറ്റു കേരളീയ കലാരൂപങ്ങളില്‍ നിന്ന് വളരെ പ്രത്യേകതകള്‍ ഉള്ളതും ആകര്‍ഷകവുമാണ്.

തമിഴും മലയാളവും കലര്‍ന്ന ഒരു ഭാഷാരീതിയാണ് കാറല്‍മാന്‍ ചരിതം പോലെയുള്ള ആദ്യകാല ചവിട്ടുനാടകങ്ങില്‍ ഉപയോഗിച്ചിരുന്നത്. തങ്ങളുടെ പ്രകടനത്തിന്നിടക്ക് അഭിനേതാക്കളും നൃത്തക്കാരും പാട്ടുകള്‍ ഉച്ചത്തില്‍ പാടി, പലക വിരിച്ച തറയില്‍ ശക്തമായി ചവിട്ടി, കഥപറച്ചിലിന് ഊന്നല്‍ കൊടുക്കാന്‍ ശ്രമിക്കുന്ന രീതിയില്‍ നിന്നാണ് ചവിട്ടുനാടകത്തിന് അതിന്റെ പേര് ലഭിക്കുന്നത്. അവസാനഭാഗത്തോടെ മരത്തിന്റെ പ്ലാറ്റ്‌ഫോം തകര്‍ന്ന് വീഴുന്നത് നാടകത്തിന്റെ വിജയമായി കണക്കാക്കിയിരുന്ന ഒരു കാലം ഉണ്ടായിരുന്നു.

എന്തായാലും കഴിഞ്ഞ ശനിയാഴ്ച് മൈത്രിയുടെ ക്രീസ്മസ് /ന്യൂ ഇയര്‍ പരിപാടിയില്‍ ഞങ്ങള്‍ ചവിട്ടുനാടകം അവതരിപ്പിച്ചു. പരിപാടിയുടെ പുതുമയും വേഷവിധാനങ്ങളും ഒക്കെ കണ്ട് പൊതുവേ എല്ലാവര്‍ക്കും അത് ഇഷ്ടപ്പെടുകയും ചെയ്തു.

സെന്റ് റോക്കീസ് നൃത്തകലാഭവന്റെ ഈ ക്ലിപ്പായിരുന്നു ഞങ്ങള്‍ക്ക് അവലംബം:


അത് ഞങ്ങള്‍ കളിച്ചപ്പോള്‍ ഇങ്ങനെയായി/ഇങ്ങനെയാക്കി: