Monday, January 15, 2007

സദ്ദാമും ലോക സമാധാനവും

ബെ ഏരിയയിലെ കൂട്ടുകാര്‍ ഇത്തവണ ക്രിസ്തുമസ്സ് അവധി പലയിടത്തായിട്ടാണ് ആഘോഷിച്ചത്. ഞങ്ങള്‍ വളരെ നാളുകള്‍ക്കുശേഷം ക്രിസ്മസ് നാട്ടില്‍ ആഘോഷിച്ചു. “ഉണ്ണി പിറന്നു പുല്‍ക്കുടിലില്‍, വന്ദനമരുളാന്‍ ...” എന്ന പാട്ടും പാടി, നേരിയ തണുപ്പത്ത് തിരുപ്പിറവിക്കുശേഷം ചെയ്യുന്ന പ്രദക്ഷിണമാണ് എന്റെ ക്രിസ്മസ് ആഘോഷത്തിന്റെ ഏറ്റവും പ്രധാനപ്പെട്ട ഭാഗം. വളരെ നാളുകള്‍ക്കുശേഷം അതാവര്‍ത്തിക്കാന്‍ കഴിഞ്ഞു. അമല ഒരു കുഴപ്പവുമുണ്ടാക്കാതെ എളിയിലിരുന്ന് എല്ലാം കണ്ട് രസിക്കുന്നുണ്ടായിരുന്നു. അമേരിക്കയില്‍ ക്രിസ്മസ് ആഘോഷിക്കുമ്പോള്‍ മറ്റൊരു വലിയ പാര്‍ട്ടിയെന്നല്ലാതെ വേറൊന്നും തോന്നാറില്ല. ക്രിസ്മസ് ആഘോഷിക്കാന്‍ പറ്റിയ സ്ഥലം നാടു തന്നെ. എല്ലാവര്‍ക്കും സമ്മാനം വാങ്ങുക എന്ന ഏര്‍പ്പാടു തന്നെ വേണ്ടല്ലോ. എവിടെ കയറിച്ചെന്നാലും ഒരു പ്ലം കേക്ക് വാങ്ങിക്കൊണ്ടു പോയാല്‍ മതി.

ഞാന്‍ പറഞ്ഞു വന്നത് യേശു ലോകത്തില്‍ വന്നത് സമാധാനം എന്ന സന്ദേശം കൊണ്ടാണ്. ക്രിസ്മസു കഴിഞ്ഞ് ആദ്യമായി കൂടിയ ബിയര്‍ പാര്‍ട്ടിയിലും ലോകസമാധാനം തന്നെയായിരുന്നു പ്രധാന ചര്‍ച്ചാ വിഷയം. (ഫാ‍ള്‍ട്ട് ലൈന്‍, സണ്ണിവേല്‍)

സദ്ദാമിനെ അമേരിക്കക്കാര്‍ തൂക്കിയടിച്ചപ്പോള്‍ ഏറ്റവും കൂടുതല്‍ സന്തോഷിച്ച ഒരു വ്യക്തിയായിരുന്നു ഞാന്‍. അല്‍-ക്വയ്ദ ബന്ധമുണ്ട്ന്നു തോന്നിയതുകൊണ്ടൊന്നുമല്ല. ലോകത്തു നിന്ന് ഒരു ഏകാധിപതി കൂടി പോയല്ലോ എന്നായിരുന്നു എന്റെ സന്തോഷം. എനിക്ക് ഏകാധിപതികളേയും ഏകാധിപത്യ സ്വഭാവമുള്ളവരെയും വെറുപ്പാണ്. പക്ഷെ, സദ്ദാമിനെ നീക്കിയശേഷം ഇറാക്കില്‍ നടന്നക്കുന്ന കാര്യങ്ങളേക്കുറിച്ചൊന്നും ഞാന്‍ പ്രത്യേകിച്ച് എഴുതേണ്ടല്ലോ. സദ്ദാമിനോട് എനിക്ക് അനുകമ്പയൊന്നും തോന്നിയില്ലെങ്കിലും അയാളെ കൊന്ന രീതി ഏറ്റവും പ്രാകൃതരീതിയിലായിപ്പോയി. ഒരു കൂട്ടം പ്രാകൃതരും രക്തദാഹികളും നിറഞ്ഞുനിന്ന ആ അറവുശാലയില്‍ സദ്ദാം മാത്രമായിരുന്നു എന്തെങ്കിലും അന്തസ്സുകാണിച്ചത്. അയാള്‍ അങ്ങനെ വീരനായി മരണത്തിലേക്കു യാതൊരു കൂസലുമില്ലാതെ നടന്നു കയറി. ഇങ്ങനെയുള്ള ചങ്ങുറപ്പായിരിക്കും ഒരു പക്ഷേ സദ്ദാമിനെ ഇറാക്കുപോലുള്ള ഒരു പാമ്പുംകുഴിയില്‍ ദശകങ്ങള്‍ ഭരണത്തിലിരുത്താന്‍ സഹായിച്ചത്.

സദ്ദാമിന്റെ ഭരണകാലത്ത് ഇറാക്കില്‍ സമാധാ‍നമുണ്ടായിരുന്നു എന്നതില്‍ തര്‍ക്കമൊന്നുമില്ല. ഇപ്പോള്‍ നടക്കുന്ന ഷിയ-സുന്നി സ്പര്‍ദ്ദ കാണുമ്പോള്‍ സദ്ദാം എന്തുകൊണ്ടാണ് ക്രൂരമായ കാര്യങ്ങള്‍ ചെയ്തിരുന്നു എന്നതിന്നും വലിയ തോതില്‍ ചിന്തിക്കേണ്ട കാര്യമൊന്നുമില്ല. എന്നാലും സദ്ദാമിനെപ്പോലെയുള്ള ഒരാളെ സമാധാനത്തിനു വേണ്ടി അനുകൂലിക്കുന്നത് ശരിയാണോ? അല്ല; എല്ലാ ഏകാധിപത്യത്തെയും ചെറുക്കേണ്ടതാണ്.മാര്‍ക്സിസ്റ്റുകള്‍ ലോകമെമ്പാടും ഒരു സമയത്ത് സമാധാനവും സാമഗ്രഹികളും കൊടുക്കാമെന്നു പറഞ്ഞ് ജനങ്ങളെപ്പറ്റിച്ച് അടക്കി ഭരിക്കാന്‍ നോക്കിയതാണ്. സമാധാനത്തിന്റെ ഒരു പുകമറ ഇവര്‍ക്കൊക്കെ ഉണ്ടാക്കന്‍ പറ്റി എന്നുള്ളത് വാസ്തവമാണ്. പക്ഷേ, ജനങ്ങളുടെ മനസ്സിലിരുപ്പ് മാറ്റാന്‍ പറ്റുമോ? ഇല്ല എന്നാണ് എനിക്കു തോന്നുന്നത്: സെര്‍ബിയ-ബോസ്നിയ, നിരന്തരം അടി കൂടുന്ന പഴയ സോവിയറ്റ് റിപ്പബ്ലിക്കുകള്‍, ഇറാക്ക് എന്നിവയൊക്കെ ജനതകളുടെ സമാധാനവ്യഗ്രതയെക്കാള്‍ സ്പര്‍ദ്ദക്കുള്ള ചായ്‌വിനെയാണ് കാണിക്കുന്നത്. “നൂറ്റാണ്ടുകളായി ഉണങ്ങാതെ കിടക്കുന്ന മുറിവ്” എന്നൊക്കെ പത്രക്കാര്‍ എഴുതുമ്പോള്‍ അതെന്ത് അസംബന്ധമെന്ന് വിചാരിച്ചിട്ടുണ്ട്. പക്ഷേ, അതൊക്കെ ഒരളവുവരെ ശരിയാണെന്ന് മുമ്പ് പറഞ്ഞ് സ്ഥലങ്ങളില്‍, വളരെ നാളുകള്‍ക്കു ശേഷം പൊട്ടിപ്പുറപ്പെട്ട കലാപങ്ങളും കൂട്ടക്കൊലകളും തെളിയിക്കുന്നു.

അപ്പോള്‍ നമുക്കു കിട്ടുന്നത് ഒന്നുകില്‍ സദ്ദാമും സമാധാനവും; അല്ലെങ്കില്‍ സ്വാതന്ത്ര്യവും അരാജകത്വവും. എങ്ങനെയാണ് സമാധാനവും സ്വാതന്ത്ര്യവും ഉണ്ടാകുന്നത്? അതിന്നുള്ള ഉത്തരം ബാള്‍ക്കനില്‍ നിന്ന് കിട്ടിയിട്ടുണ്ട്. വംശീയരീതിയില്‍ രാജ്യത്തെവിഭജിക്കുക. യുഗോസ്ലാവിയയെ അങ്ങനെ വെട്ടിമുറിച്ച ശേഷം നാം വളരെയൊന്നും അവിടെനിന്ന് കേട്ടിട്ടില്ല.

ഇറാക്കിനെ അങ്ങനെ ചെയ്ത് അമേരിക്കക്കു പുറത്തുവന്നുകൂടെ? ഒരു ഷിയ രാജ്യം, ഒരു സുന്നി രാജ്യം, പിന്നെ ഒരു കുര്‍ദ്ദ് രാജ്യം. ഇതില്‍ മൂന്നാമത്തേത് ഏതാണ്ട് രൂപപ്പെട്ടുകഴിഞ്ഞു. തുര്‍ക്കിയെ പേടിച്ചാണ് അവര്‍ സ്വതന്ത്രരാജ്യമായി പ്രഖ്യാപിക്കാത്തത്. വിഭജനം അത്ര എളുപ്പമുള്ള കാര്യമാണെന്നു തോന്നുന്നില്ല. പക്ഷെ, അങ്ങനെ ചെയ്യാതെ എന്നും നിലനില്‍ക്കുന്ന സമാധാനം അവിടെ ഉണ്ടാവുമെന്നു തോന്നുന്നില്ല.

No comments: