നാട്ടില്‍ നിന്ന് കൊണ്ടുവന്ന ആഴ്ച്പ്പതിപ്പുകളിലൂടെ ഓടിച്ചുനോക്കുമ്പോഴാണ് മാതൃഭൂമിയില്‍ ടി.ഡി.രാമകൃഷ്ണന് ചെയ്ത, സി.വി.ശ്രീരാമനുമായുള്ള അഭിമുഖം ശ്രദ്ധയില്‍ പെട്ടത്. (സി.വി.ശ്രീരാമനും കാലവും, 2006 ഡിസംബര്‍ 31 - ജനവരി 6, ലക്കം 44).
സക്കറിയയും പുനത്തിലും കാക്കനാടനും മുകുന്ദനും തങ്ങളുടെ കൈയടക്കങ്ങള്കൊണ്ട് മലയാളകഥാലോകത്ത് നിറഞ്ഞ് നില്‍ക്കുമ്പോഴാണ്, ലോകം കണ്ട ഒരു പ്രവാസിയുടെ അനുഭവങ്ങളുടെ തീഷ്ണതയുള്ള കഥകളുമായിട്ട് സി.വി. ശ്രീരാമന് മലയാളത്തിലേക്ക് വരികയും തന്റേതായ ഒരു അനുവാചകവൃന്ദത്തെ ഉണ്ടാക്കിയെടുക്കുകയും ചെയ്തത്. മലയാള കഥാകാരന്മാരില് ഇന്നും നല്ലൊരു ശതമാനം എഴുത്തുകാരും, കഥയുടെ രൂപഘടനയിലും ഭാഷയിലും ആഖ്യാന രീതികളിലും ഒതുങ്ങുന്ന പരീക്ഷണങ്ങളില്‍ മുഴുകി, ചിലപ്പോള്‍ കഥ പറയാന്‍ തന്നെ മറന്നു പോകുന്നവരാണ്. ആ കൂട്ടത്തില്‍ നിന്ന് സി.വി. ശ്രീരാമന് എന്നും വേറിട്ടുനിന്നു; അദ്ദേഹത്തിന്റെ കഥ എന്നും പക്വതയുള്ളതായിരുന്നു.
പക്ഷേ, ഈ അഭിമുഖത്തില്‍ അദ്ദേഹം വിളിച്ചുപറയുന്ന കാര്യങ്ങളില്‍ നിന്ന് ആ എഴുത്തുകാരന് വര്‍ത്തമാന കാലത്തിലൊന്നുമല്ല ജീവിക്കുന്നതെന്ന് പെട്ടെന്ന് മനസ്സിലാക്കാം. എനിക്ക് അതിനോടല്ല പ്രശ്നം; മറിച്ച് മാതൃഭൂമിയെപ്പോലെ ഉത്തരവാദിത്തപ്പെട്ട ഒരു പ്രസിദ്ധീകരണം ആ അസത്യങ്ങള്‍ നമുക്ക് വിളമ്പിത്തരുന്നതിലാണ്. അഭിമുഖത്തില്‍ ആര്‍ക്കും എന്തും പറയാം; പക്ഷേ, അത് വാസ്തവങ്ങളെക്കുറിച്ചാകുമ്പോള് പ്രസിദ്ധീകരിക്കുന്നതിന്ന് മുമ്പ് അവയൊക്കെ സ്ഥിരീകരിക്കേണ്ട ചുമതല പത്രാധിപര്‍ക്കുണ്ട്. നമ്മളെപ്പോലെ വിരല്‍ത്തുമ്പത്ത് വിക്കിപ്പീഡിയയൊന്നും മാതൃഭൂമി വായിക്കപ്പെടുന്ന ഗ്രാമീണവായനശാലകളില്‍ ഇല്ലല്ലോ.
ഉദാഹരണത്തിന് അര്‍മീനിയ എന്ന രാജ്യത്തെക്കുറിച്ച് അദ്ദേഹം പറയുന്നത് നോക്കുക:
"സോവിയറ്റ് യൂണിയന്റെ തകര്‍ച്ചയില്‍ ഒരു പ്രധാന പങ്ക് വഹിച്ചത് അര്‍മീനിയയാണ്. യൂറോപ്പിലെ ഏക ഇസ്ലാമിക് സ്റ്റേറ്റാണ് അര്‍മീനിയ. അര്മീനിയന്സ് എന്ന് പറയുന്നത് ലോകത്തില്‍ മേറ്റ്വിടെയുമില്ലാത്ത ഒരു ക്ലാനാണ്. അവര്‍ ഫയര്‍ വര്ഷിപ്പേഴ്സാണ്. വളരെ വ്യത്യസ്തരായവര്‍. ക്രിസ്ത്യന്‍ ഇന്‍വേഷനെ എക്കാലത്തും പ്രതിരോധിച്ചിട്ടുള്ള പാരമ്പര്യമുള്ളവരാണ്. അവര്‍ ലോകത്തിലെ മറ്റൊരു സംസ്ക്കാരവുമായി ഞങ്ങള്‍ക്ക് ബന്ധമില്ലെന്നും ഞങ്ങളുടെ പ്രത്യേക ഐഡന്റിറ്റി നിലനിര്‍ത്തുമെന്നും പറഞ്ഞു." അങ്ങനെ പോകുന്നു ആ ജല്പനങ്ങളൂടെ ഘോഷയാത്ര.
അര്‍മീനിയ അതിന്റെ അതിപുരാതന ഓര്‍ത്തൊഡോക്സ് ക്രിസ്ത്യന്‍ പാരമ്പര്യത്തില്‍ അഭിമാനിക്കുന്ന ഒരു രാജ്യമാണ്. അത് യുറോപ്പിലുമല്ല, ഏഷ്യയിലുമല്ല; രണ്ടിനുമിടക്കാണ്. മുസ്ലിം രാജ്യവുമല്ല; ലോകത്തില്‍ ആദ്യമായി ക്രിസ്തുമതത്തെ ഔദ്യോഗികമാക്കിയ രാജ്യമാണ്. ഇരുപതാം നൂറ്റാണ്ടിന്റെ തുടക്കത്തില്‍ തുര്‍ക്കിയുടെ അധിനിവേശത്തെ ചെറുത്തതിന് വംശീയ ഉന്മൂലനം (നാത്സികള് ജൂതന്മാരെയും ജിപ്സികളേയും കൊന്നൊടുക്കിയ തോതില്‍) നേരിട്ടവരാണ്. അര്മീനിയയിലുള്ളതിനെക്കാള് ഏതാണ്ട് മൂന്നിരട്ടി അര്‍മീനിയക്കാര്‍ പുറത്തുണ്ട്; അമേരിക്കയിലൊക്കെ പ്രവാസിസമൂഹങ്ങളുടെ മുന്‍നിരയിലാണ് അവരുടെ സ്ഥാനം.
സോവിയറ്റ് യൂണിയന് തകര്‍ന്നതിന് ഇത്ര ലളിതമായ ഒരു കാരണം ഞാന്‍ ആദ്യമായാണ് കാണുന്നത് :-)
പ്രസിദ്ധരായ സാഹിത്യകാരന്മാരെ നാം പലപ്പോഴും ദൈവങ്ങളെപ്പോലെയാണ് കാണുന്നത്. അവര്‍ പറയുന്നത് വേദവാക്യവും. അത്തരം ജഡതയെ പ്രതിരോധിക്കാന്‍ ബ്ലോഗുപോലുള്ള ഒന്ന് അത്യാവശ്യം. ഇതൊന്നും വിളിച്ചുപറയുന്നതിന്ന് മാതൃഭൂമിയുടെ എഴുത്തുപെട്ടിയെ ആശ്രയിക്കേണ്ടല്ലോ.
Subscribe to:
Post Comments (Atom)
4 comments:
സി.വി.ശ്രീരാമന്റെ ജല്പനങ്ങളെക്കുറിച്ച്.
അഭിമുഖങ്ങളുടെ രീതി ചോദ്യം ചെയ്യണം. ഒരു വ്യക്തിയുടെ ക്രിയാത്മക സ്വത്വം വെളിവാക്കാനുള്ള ശ്രമത്തിനു പകരം ‘എണ്ണവിലയെക്കുറിച്ച് താങ്കളുടെ അഭിപ്രായമെന്ത്’ എന്നു ചോദിക്കുന്ന അഭിമുഖക്കാരുണ്ട്. അവരില്‍ നിന്ന് ടി.ഡി. ആര് വ്യത്യസ്ഥനാണെന്നു മുന്‍കാല അഭിമുഖങ്ങള്‍ കാണിച്ചിരുന്നല്ലോ... എഡിറ്ററെവിടെ?!
ഈ അഭിമുഖം ഞാനും വായിച്ചിരുന്നു. ഏതു വായനയുടെ ഇടയിലും സ്വയം എഡിറ്റിങ് നടത്തുന്നതു കാരണമായിരിക്കും, ഈ വരി ഞാന്‍ ശ്രദ്ധിച്ചിട്ടില്ല :D
അല്ലെങ്കിലും കേരളത്തിലെ എഴുത്തുകാര്‍ സോവിയറ്റെന്ന നാടിനെ കുറിച്ചു് അതിഭാവുകത്വത്തോടെയേ ചിന്തിച്ചിട്ടുള്ളൂ ;)
അര്മീനിയയെക്കുറിച്ച് മാത്രം പറയരുത്!
പൊതുവെ എഴുത്തുകാര്‍ എന്തിനെ കുറിച്ച് പറഞ്ഞാലും ആധികാരികമാണെന്ന മട്ടിലേ സംസാരിക്കൂ. അതിന്റെ കുഴപ്പമാണ്. അതൊക്കെ തൊണ്ടതൊടാതെ വിഴുങ്ങാന്‍ കുറേ വായനക്കാരുമുണ്ടല്ലോ... ഈ കുറിപ്പ് ഇപ്പോഴാണ് കണ്ടത്.
Post a Comment