Tuesday, February 27, 2007

സ്വവര്‍ഗപ്രേമം രോഗമോ? ലൈംഗിക സംശയത്തിന് മറുപടി

സത്യം പറയണമല്ലോ; ഞാന്‍ “വനിത” വായിക്കുന്ന ഒരു പുരുഷനാണ്. (പ്രയോഗം എന്റെ സ്വന്തമല്ല; സുഹൃത്ത് പ്രസീല ഹണിയോട് കടപ്പാട്.) അതിന്റെ കെട്ടൂം മട്ടും, സിനിമാതാരങ്ങളുടെയും സുന്ദരിമാരുടെയും പടങ്ങളും, സര്‍വ്വോപരി കാണാന്‍ ഭംഗിയുള്ള ഭക്ഷണസാധനങ്ങളുടെ ചിത്രങ്ങളും ഒക്കെ ആകുമ്പോള്‍ ഏതവനും അതെടുത്ത് ഒന്ന് നോക്കിപ്പോകും. ചിലപ്പോള്‍ പുറം മുതല്‍ പുറം വരെ വായിച്ചും പോകും ;-) വിനയ ഡോളറുകള്‍ മുടക്കി നാട്ടില്‍നിന്ന് വരുത്തുന്ന സാധനത്തിന് ബേ ഏരിയയില്‍ നല്ല ഡിമാന്റാണ്. പഴയ പ്രതികള്‍ ഒന്നും കളയില്ല. ഞാന്‍ വരുത്തുന്ന Economist, New Yorker തുടങ്ങിയ ഉശിരന്‍ മാഗസിനുകള്‍‍ യാതൊരു ദാ‍ക്ഷണ്യവുമില്ലാതെ വിനയ കുപ്പത്തൊട്ടിയില്‍ എറിയുമ്പോള്‍ “വനിത”യുടെ മാത്രം വര്‍ഷങ്ങളോളം പഴക്കമുള്ള ലക്കങ്ങള്‍ ഇവിടെ ഇപ്പോ ഴും ഇരിപ്പുണ്ട്.

“വനിത”യില്‍ കൊടുക്കാറുള്ള പല കാര്യങ്ങളും അശാസ്ത്രീയമാണെന്ന് എനിക്ക് തോന്നിയിട്ടുണ്ട്. പ്രത്യേകിച്ചും ആരോഗ്യത്തെക്കുറിച്ച് കൊടുക്കാറുള്ള ടിപ്പുകളും മറ്റും. ചൈനീസ് പാചകക്കുറിപ്പുകളിലും മറ്റും വമ്പന്‍ തെറ്റുകള്‍ കണ്ടിട്ടുണ്ട്. (Bay Area -യിലെ “ദേശീയ” cuisine ചൈനീസ് ആണേ.)

ഫെബ്രുവരി 15-28,2007 ലക്കത്തിലെ “ലൈംഗിക സംശയങ്ങള്‍ക്കു മറുപടി” യില്‍ സ്വവര്‍ഗരതിയെക്കുറിച്ച് ഒരു ഡോക്ടറുടെ പേരില്‍ എഴുതിക്കണ്ട ചില കാര്യങ്ങള്‍ വിമര്‍ശിക്കപ്പെടേണ്ടതാണെന്നു തോന്നി. സ്വവര്‍ഗരതിയെയും അതിന്റെ രാഷ്ടീയത്തെയും അംഗീകരിക്കുന്ന, ആ വിഷയങ്ങള്‍ ഏറ്റവും കൂടുതല്‍ ചര്‍ച്ചചെയ്യപ്പെടുന്ന, സാന്‍ ഫ്രാന്‍സിസ്ക്കോയില്‍ നിന്ന് ഒരു പ്രതികരണം ഉണ്ടാകേണ്ടത് ആവശ്യവുമാണ്.

“വനിത”യിലെ മേല്‍പ്പടി കോളം കൈകാര്യം ചെയ്യുന്നത് Dr.D. Narayana Reddy, Dega Institute, Chennai ആണ്. (നാട്ടില്‍ മലയാളി വൈദ്യന്മാര്‍ ആരെയും കിട്ടാനില്ലേ?) ഇദ്ദേഹത്തിന് 2007-ലെ World Association for Sexual Health Gold Medal കിട്ടിയെന്ന് പറയുന്നു. (അവരുടെ website കണ്ടുപിടിച്ചെങ്കിലും ഇദ്ദേഹത്തിന് ഗോള്‍ഡ് മെഡല്‍ കിട്ടിയതൊന്നും അതില്‍ കാണാനില്ല. ) പിന്നെ American University (അങ്ങനെയൊന്നുണ്ടോ?) യുടെ Distinguished Fellow Award; Sexology -യുടെ 7-മത് World Congress Award എന്നിവയൊക്കെ ഇങ്ങേര്‍ക്ക് കിട്ടിയതായി പറയുന്നുണ്ട്. എഴുതുന്ന ആളുടെ credentials ഒക്കെ ശരിയായ രീതിയില്‍ കൊടുത്തില്ലെങ്കില്‍ ഒരു വ്യാജന്‍ look ഉണ്ടാവുമെന്ന് മനോരമക്ക് അറിയില്ലേ, ആവോ?

ഡോക്ടറോട് ചോദിക്കുന്നത് ഒരു പി.ജി. വിദ്യാര്‍ത്ഥിനിയാണ്. പുള്ളിക്കാരത്തിക്ക് കൂട്ടുകാരിയോട് കലശലായ പ്രേമം; അവര്‍ ശാരിരിക ബന്ധത്തിലൊക്കെ ഏര്‍പ്പെടുന്നുണ്ട്. ആ ഇടപാട് വിവാഹബന്ധത്തെ ബാധിക്കുമോ എന്നാണ് സംശയം.

ചോദ്യത്തില്‍ തന്നെ കാണുന്ന ചില വൈരുദ്ധ്യങ്ങള്‍ വച്ചു നോക്കുമ്പോള്‍ യഥാര്‍ത്ഥ‍ത്തില്‍ ഒരു ചോദ്യകര്‍ത്താവുണ്ടോ എന്നു തന്നെ സംശയമാണ്. പക്ഷേ, തികച്ചും ഒരു ആരോഗ്യപ്രശ്നത്തെ അവലോകനം ചെയ്യുന്നതുപോലെയുള്ള ഡോക്ടറുടെ മറുപടിയില്‍ അപാകതയുണ്ട്. അദ്ദേഹത്തിന്റെ ചികിത്സാവിധിയില്‍ നിന്ന് കുറച്ച്:
“ഏതു സാഹചര്യമാണ് സ്വവര്‍ഗപ്രണയം തുടങ്ങാന്‍ കാരണം എന്ന് ആദ്യമേ കണ്ടെത്തണം. ഇതിന് വിദഗ്ധനായ മന:ശാസ്ത്രജ്ഞന്റെ സഹായവും സ്വവര്‍ഗപ്രണയം മാറ്റാന്‍ സൈക്കോതെറാപ്പിയും ആവശ്യമാണ്. ..... സ്വവര്‍ഗപ്രണയക്കാരിലെ ലൈംഗികബന്ധം എയ്ഡ്സ് വ്യാപകമാക്കുമെന്നതിനെക്കുറിച്ച് ശക്തമായ അവബോധം സ്കൂള്‍, കോളേജ് തലത്തില്‍ വളര്‍ത്തേണ്ടിയിരിക്കുന്നു.” (കൂടുതല്‍ വിവരങ്ങള്‍ക്ക് ദയവായി മാഗസിന്‍ വായിക്കുക; എല്ലാം ടൈപ്പൂ ചെയ്യാന്‍ നേരമില്ല. പക്ഷേ, മറുപടിയുടെ പോക്ക് ഇങ്ങനെയാണ്.)

സ്വവര്‍ഗരതിയെയും എയ്ഡിനെയുമൊക്കെയുള്ള ഈ അഭിപ്രായങ്ങള്‍ വളരെ പുരാതനവും തികച്ചും അശാസ്ത്രീയവുമാണ്. സ്വവര്‍ഗരതിക്കാര്‍ അങ്ങനെ തന്നെ ജനിക്കുന്നവരാണെന്നാണ് പൊതുവെ ഇന്ന് അംഗീകരിക്കപ്പെട്ടിട്ടുള്ളത്. അതിനെ ഒരു പ്രകൃതി വൈരുദ്ധ്യമായി കാണുന്ന രീതി ഇന്ന്‍ ചുരുങ്ങിയ പക്ഷം ആധുനികചികിത്സാരംഗത്തില്ല. (മത-രാഷ്ട്രീയ രംഗത്ത് ഇതേക്കുറിച്ച് ഒരു പൊതുവായം ഇനിയും ആയിട്ടില്ല; ചില യൂറോപ്യന്‍ രാജ്യങ്ങളിലും വളരെ ചുരുക്കം ക്രിസ്തീയ സഭകളിലും അല്ലാതെ.)എയ്ഡ്സ് സ്വവര്‍ഗരതിക്കാരുടെ രോഗം എന്ന് പേരു വരാന്‍ കാരണം ആ രോഗത്തെ കണ്ടെത്തിയ സമയത്ത് ധാരാളം സ്വവര്‍ഗരതിക്കാര്‍ക്ക് ആ രോഗം ഉണ്ടായിരുന്നതുകൊണ്ടാണ്; ഇന്ന് എയ്ഡ്സിന് അങ്ങനെ പ്രത്യേക ലൈംഗീകമാനമൊന്നും ഉണ്ടെന്നു തോന്നുന്നില്ല.

ജനപ്രിയ മാസികകളുടെ ഇത്തരം വിജ്ഞാന“ഡോസ്”കൊണ്ട് എത്രയോ ആളുകളായിരിക്കും നാനാതരം വിഷയങ്ങളെക്കുറിച്ച് വികലവും അപൂര്‍ണ്ണവുമായ ധാരണകള്‍ വച്ചുപുലര്‍ത്തുന്നത്.

ഇതുപോലൊരു അസത്യം ദിലീപിന്റെ “ചാന്തുപൊട്ടി”ലൂടെയും പ്രചരിപ്പിക്കപ്പെടുകയുണ്ടായി. ദിലീപ് വളരെ നന്നായി അവതരിപ്പിച്ച കഥാപാത്രത്തെ അവസാനം ചികിത്സിച്ച് “ഭേദ”മാക്കുന്നത് ഭൂരിപക്ഷത്തിന്റെ യാഥാസ്ഥികതയെ ഭയന്നോ, സുഖിപ്പിക്കുവാനോ ആണ്. സ്തൈണഭാവമുള്ള ആ ആണിന്റെ കഥാപാത്രത്തെ സിനിമയുടെ അവസാനം വരെ നിലനിര്‍ത്തിയെങ്കില്‍ ആ ചിത്രം കൂടുതല്‍ സത്യസന്ധവും കുറച്ചുകൂടി ആഴമുള്ളതുമാകുമായിരുന്നു.

14 comments:

t.k. formerly known as thomman said...

സ്വവര്‍ഗപ്രേമം രോഗമോ? ഡോക്ടറോടു ചോദിച്ചതിന് “വനിത”യിലെ മറുപടി.

ദിവാസ്വപ്നം said...

തീര്‍ച്ചയായും അന്നുഭാവപൂര്‍ണ്ണം ചിന്തിക്കേണ്ട വിഷയമാണ്. homosexuals, ജീന്‍ വഴിതന്നെ അപ്രകാരം ജനിക്കുന്നുവെന്നാണത്രേ പുതിയ ചിന്താരീതി. ഹോമോ ആയതുകൊണ്ടുമാത്രം ഔട്ട്കാറ്റ്സ്റ്റ് ആകുന്നത് സമൂഹത്തിന്റെ സങ്കുചിതചിന്താഗതിയെയാണ് കാണിക്കുന്നത് എന്നും.

കേരളത്തിലെങ്കിലും, homosexuals-നോട് ഇത്തരം മനോഭാ‍വം വരാന്‍ കാരണം, homosexuality-യെ വരുമാനമാര്‍ഗ്ഗമായി കാണുന്നവര്‍ ആണ് എന്ന് പറയേണ്ടിയിരിക്കുന്നു. പിന്നെ, ചില perverted-സും.

ചിക്കാഗോ മലയാളിയായ ഒരു വനിത - ലിജി പുല്ലാപ്പള്ളി - സംവിധാനം ചെയ്ത ഒരു മലയാളം സിനിമ ഈ വിഷയത്തെപ്പറ്റിയാണ്. ‘സഞ്ചാരം’.
2004 ചിക്കാഗോ ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവലില്‍ ഈ ചിത്രം ഏറ്റവും നല്ല ചിത്രമായി തെരഞ്ഞെടുക്കപ്പെടുകയും ചെയ്തിരുന്നു.

കമിതാക്കളായ രണ്ടു ഉത്തരമലബാര്‍കാരി പെണ്‍കുട്ടികളുടെ കഥയാണ് ഈ ചിത്രം. മാതാപിതാക്കളുടെ എതിര്‍പ്പുകാരണം അവര്‍ക്ക് ഒന്നിക്കാന്‍ കഴിയുന്നില്ല. ഉള്‍ക്കൊള്ളാന്‍ കഴിയാത്ത ആളുമായി വിവാഹം കഴിച്ച് ആ പങ്കാളിയുടെ ജീവിതം കൂടി നശിപ്പിക്കുന്നതിലും ഭേദമല്ലേ ഹോമോകളെ അവരുടെ രീതിയ്ക്ക് ജീവിക്കാന്‍ വിടുന്നത് എന്ന് സംവിധായിക ചോദിക്കുന്നു.

നമ്മുടെ conventional ആറ്റിറ്റ്യൂഡുമായി ലിജിയെ പരിചയപ്പെടാന്‍ ചെന്നപ്പോള്‍, പുതിയൊരു angle ആണ് അവര്‍ കാട്ടിത്തന്നത്.

അതായത്, ഒരു homo-യെ straight-ഉമായി വിവാഹം കഴിപ്പിക്കാന്‍ മാതാപിതാക്കള്‍ ശ്രമിക്കുന്നത് = ഒരു striaght-നെ ഹോമോയുമായി വിവാഹം കഴിപ്പിക്കാന്‍ നിര്‍ബന്ധിക്കുന്നതുപോലെയാണ്.

ഇഷ്ടമില്ലാത്ത ഓറിയന്റേഷനുള്ളയാളുമായി വിവാഹം കഴിപ്പിക്കാന്‍ നിര്‍ബന്ധിക്കുന്നതിലെ അപാകത.

ആ ലോജിക്ക് ശരിയാണെങ്കിലും, സംഗതി മുഴുവനായി അംഗീകരിക്കാന്‍, ഒരു സാദാ മലയാളിയായ എനിക്ക് കഴിയുന്നില്ല. പക്ഷേ, ഒരു കണക്കിന്, മറ്റുള്ളവര്‍ക്ക് ഉപദ്രവമൊന്നും ചെയ്യാത്ത, സമൂഹത്തില്‍ deliberately ഹോമോsexuality പടര്‍ത്താത്ത ഹോമോകളെ അവരുടെ പാട്ടിന് വിടുകയാണ് നല്ലതെന്ന് തോന്നുന്നു.

അപ്പോഴും, മാതാപിതാക്കളുടെ ധര്‍മ്മസങ്കടം ബാക്കി.

ദിവാസ്വപ്നം said...

1. മുകളില്‍, ‘ഹോമോ’ എന്ന വാക്ക് ഉപയോഗിച്ചിരിക്കുന്നത് പരിഹാസരൂപേണയല്ല

2. വളരെ മുന്‍പ് കണ്ട (ഈ വിഷയത്തെപ്പറ്റിയുള്ള) ഒരു ടീവിഷോയില്‍, ഒരു യുവ എം.എല്‍.എ. ഹോമോകളെ സൂചിപ്പിക്കാനായി 'guys' എന്ന വാക്ക് തുടര്‍ച്ചയായി ഉപയോഗിച്ചിരുന്ന രംഗം ഓര്‍മ്മ വരുന്നു. 'gay' അണ് അദ്ദേഹം ഉദ്ദേശിച്ചിരുന്ന വാക്ക്.

Unknown said...

ശാസ്ത്രീയമായ വിവരങ്ങളല്ല മലയാളം മാഗസിനുകള്‍ ഈ കാര്യങ്ങളില്‍ കൊടുക്കുന്നത് എന്ന് തന്നെ പറയെന്റിയിരിക്കുന്നു. സമൂഹത്തിന്റെ പൊതുവേയുള്ള ധാരണകളെ എതിര്‍ക്കാത്ത അല്ലെങ്കില്‍ പാതി സുഖിപ്പിക്കുന്ന രീതിയിലാണ് പല സ്യൂഡോ ഉപദേശങ്ങളും.

t.k. formerly known as thomman said...

ദിവ - കമന്റിനു നന്ദി. ഞാന്‍ ലിജി പുല്ലാപ്പള്ളിയുമായുള്ള അഭിമുഖങ്ങള്‍ കണ്ടിട്ടുണ്ട്. “സഞ്ചാരത്തി”ന്റെ DVD കിട്ടാന്‍ വല്ല മാര്‍ഗ്ഗമുണ്ടോ?

സ്വവര്‍ഗരതിക്കാരെ അവരുടെ പാട്ടിനുവിടണം എന്നു തന്നെയാണ് ഞാന്‍ പറയുന്നത്; അവരെ രോഗികളാക്കി മുദ്രകുത്തി ചികിത്സിക്കാന്‍ ശ്രമിക്കാതെ. നിര്‍ബന്ധിച്ച് വിവാഹമൊക്കെ ചെയ്യിപ്പിച്ചാല്‍ നഷ്ടപ്പെടുന്നത് മറ്റൊരാളുടെ ജീവിതം കൂടിയാവും.

ശരിയാണ് , അവരുടെ ജീവിതരീതിയെ endorse ചെയ്യാന്‍ പാടാണ്. ഇത്തവണ ഓസ്ക്കര്‍ കിട്ടിയ ഒരു സ്ത്രീ എന്റെ ഭാര്യയെന്നു പറഞ്ഞ് സദസ്സിലിരുന്ന മറ്റൊരു സ്ത്രീയെ കാണിച്ചുകൊടുത്തത് ചെറിയ വല്ലായ്കയോടെയാണ് കണ്ടിരുന്നത്.

ദേവന്‍ said...

വാരികകളില്‍ ഡോക്ടറോട്‌ ചോദിക്കാം പംക്തിയില്‍ ഉത്തരം എഴുതുന്നതില്‍ നല്ലൊരു ഭാഗം ആ പേരു വച്ചിരിക്കുന്ന ഡോക്ടര്‍മാരോ പലപ്പോഴും വൈദ്യശാസ്ത്രവുമായി എന്തെങ്കിലും പരിചയമുള്ളവരോ അല്ല. നിങ്ങളുടെ ഈ മാസത്തെ നക്ഷത്രഫലം എന്നിങ്ങനെ ഫില്ലര്‍ എഴുതുന്ന വാരിക ജീവനക്കാര്‍ തന്നെ പ്രശസ്തരായ പലരുടെയും അനുവാദത്തോടെ പേരു വച്ചോ അല്ലെങ്കില്‍ ഒരിടത്തും കേള്‍ക്കാത്ത ഒരു ഡോക്റ്ററുടെ പേരിലോ ഉത്തരങ്ങളെഴുതുന്നു. പലപ്പോഴും ചോദ്യവും അവര്‍ തന്നെ എഴുതുന്നു. നേരിട്ടറിയാവുന്ന കാര്യമായതുകൊണ്ട്‌ ഒരു കുറിപ്പിട്ടെന്നേയുള്ളു. ഇത്തരം ആളുകളെ വ്യാജഡോക്ടറായി കണ്ട്‌ ശിക്ഷിക്കേണ്ടതുണ്ടെന്ന് തോന്നുന്നു.

ദിവാ,
ഹോമോഫോബിയയെക്കുറിച്ചുള്ള ഫിലാഡെല്‍ഫിയ എന്ന ചിത്രം എനിക്കേറെ ഇഷ്ടപ്പെട്ട ഒന്നാണ്‌.

പരാജിതന്‍ said...

തൊമ്മന്‍സേ,
താങ്കളുടെ കുറിപ്പിലെ നിരീക്ഷണങ്ങളോട്‌ പൂര്‍ണ്ണമായും യോജിക്കുന്നു. സ്വവര്‍ഗ്ഗപ്രേമത്തിന്റെ ശരിക്കുമുള്ള വേരുകളെ പൂര്‍ണ്ണമായും അവഗണിക്കുന്ന ഒരു സമൂഹമാണ്‌ നമ്മുടേത്‌.

ദേവാ, പലപ്പോഴും തോന്നിയിട്ടുള്ളതാണ്‌ താങ്കള്‍ പറഞ്ഞ ചോദ്യം-ഉത്തരം ചമയ്ക്കല്‍ പരിപാടി. എങ്കിലും നേരിട്ടറിയാമെന്നു ദേവന്‍ പറഞ്ഞപ്പോള്‍ ഇനി സംശയത്തിന്റെ കൂടി ആവശ്യമില്ലെന്നുറപ്പിച്ചു.

സ്വവര്‍ഗ്ഗ ലൈംഗികതയെയും അതിനോടുള്ള സമൂഹത്തിന്റെ സമീപനത്തെയും അത്‌ സെന്‍സിറ്റീവ്‌ ആയ മനുഷ്യരില്‍ ഉണ്ടാക്കുന്ന സങ്കീര്‍ണ്ണമായ മാറ്റങ്ങളെയുമൊക്കെ ഏറെ കലാത്മകമായി ചിത്രീകരിച്ച ഒരു സിനിമയാണ്‌ പെഡ്രോ അല്‍മോദോവറിന്റെ 'ബാഡ്‌ എഡ്യൂക്കേഷന്‍'.

ദേവന്‍ said...

പരാജിതാ,
ആ ചിത്രം കണ്ടിട്ടില്ല, കിട്ടുമോന്നു നോക്കട്ടെ (നല്ല പടങ്ങള്‍ കിട്ടാന്‍ വല്യ പാടാണു ദുബായില്‍)

മലയാളിയുടെ സ്വവര്‍ഗ്ഗ രതി സങ്കല്‍പ്പത്തിനു വലിയൊരു പാളിച്ചയുണ്ട്‌, അതിനെ ബാല പീഡനവുമായി ബന്ധപ്പെടുത്തിയാണ്‌ മിക്കവരും കാണുന്നത്‌. സ്വവര്‍ഗ്ഗരതി എന്നതിന്റെ ഗ്രാമ്യവും (ഏതാണ്ട്‌ അസഭ്യവും) ആയ മലയാളം പദത്തിനു തന്നെ ബാലന്മാരോടുത്തുള്ള വേഴ്ച്ച എന്നാണ്‌ അര്‍ത്ഥം വരുന്നത്‌.

ദിവാസ്വപ്നം said...

റ്റി.കെ.,

‘സഞ്ചാരം‘ ഡി.വി.ഡി. ഇപ്പോള്‍ ‍ബ്ലോക്ക്ബസ്റ്ററില്‍ ‘ഫോറിന്‍‘ സെക്ഷനിലുണ്ട്.

:)

vimathan said...

ഈ വിഷയത്തില്‍ കേരളത്തിലെ ഒരു പ്രമുഖ വാരിക ഡൊക്ടറുടെ ഉപദേശം എന്ന പേരില്‍ ഇങിനെ എഴുതിയത് അവരുടെ “രാഷ്ട്രീയം” തന്നെയാണ്. നമ്മള്‍ ഭൂരിപക്ഷം “മലയാളികള്‍ക്കും” അംഗീകരിക്കാനാവാത്ത ജീവിതരീതിയാണ് ലൈംഗികന്യൂനപക്ഷങളുടേത് എന്നിരുന്നാലും അവരെ അങിനെ ജീവിക്കാന്‍ അനുവദിക്കുക എന്നത് ഒരു മിനിമം ജനാധിപത്യമര്യാദ മാത്രമാണ്. live and let live എന്നല്ലേ പറയാറ്.

Mubarak Merchant said...

ബഹുമാന്യരെ,
ഞാന്‍ മനസ്സിലാക്കിയിടത്തോളം കേരളത്തില്‍, പ്രത്യേകിച്ച് കൊച്ചി നഗരത്തില്‍ പുരുഷന്മാര്‍ക്കിടയില്‍ കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി പരസ്യമാക്കപ്പെട്ടുകൊണ്ടിരിക്കുന്ന സ്വവര്‍ഗ്ഗരതി മേല്‍ കമന്റുകളില്‍ വിവരിച്ചതു പ്രകാരമുള്ള ജന്മനാല്‍ കിട്ടിയ വാസനയാണെന്നു തോന്നുന്നില്ല.
കൂടുതല്‍ സമയം ചാറ്റ് റൂമുകളില്‍ ചിലവഴിക്കുന്ന ചെറുപ്പക്കാരും മദ്ധ്യ വയസ്കരും പണച്ചെലവ്, അപഖ്യാതി എന്നിവയെ പേടിക്കാതെ ലൈംഗിക സംതൃപ്തി നേടാന്‍ ഉപയോഗിക്കുന്ന എളുപ്പമാര്‍ഗ്ഗമായി ഇതിനെ ഉപയോഗിക്കുന്നതായാണ് എനിക്കു തോന്നിയിട്ടുള്ളത്. ഇത് എതിര്‍ക്കപ്പെടേണ്ടതാണ്. ഇതിനു പിന്നില്‍ പ്രവര്‍ത്തിക്കുന്ന റാക്കറ്റ് സ്കൂളുകളിലേക്കും പ്രവര്‍ത്തനം വ്യാപിപ്പിച്ചിരിക്കുന്നതായും പത്രങ്ങളില്‍ വായിച്ചറിഞ്ഞു. രണ്ടാഴ്ച മുന്‍പ് കൊല്ലത്തെ ഒരു സ്കൂളില്‍ ഇതുമായി ബന്ധപ്പെട്ട് ഒരു വിദ്യാര്‍ത്ഥി ആത്മഹത്യ ചെയ്ത സംഭവവും റിപ്പോര്‍ട്ട് ചെയ്തിരുന്നു.
ചെറിയൊരു ശതമാനം പേര്‍ ജന്മനാ ഉള്ള വാസന കൊണ്ട് ഈ രീതിയില്‍ പ്രവര്‍ത്തിക്കുന്നവരാകാം. എന്നാല്‍ അവരെ മുന്‍ നിര്‍ത്തി മുകളില്‍ പറഞ്ഞ രീതിയിലുള്ള സാമൂഹിക വൈകൃതങ്ങള്‍ പ്രോത്സാഹിപ്പിക്കുന്നതിനെ എതിര്‍ക്കുക തന്നെ വേണമെന്നാണ് എന്റെ എളിയ കാഴ്ചപ്പാട്.

t.k. formerly known as thomman said...

ദിവ - Netflix-ല്‍ നോക്കിയപ്പോള്‍ The Journey എന്ന പേരില്‍ ലിജിയുടെ പടം കണ്ടു. അത് queue-ല്‍ ഇട്ടു കഴിഞ്ഞു. വിശദാംശങ്ങള്‍ക്ക് നന്ദി.

Parajithan - Pedro Almodovar-ന്റെ All About My Mother-ഉം Talk To Her ഉം കണ്ടിട്ടുണ്ട്. രണ്ടും disturbing, but well made പടങ്ങളാണ്. Bad Education ഉടനെ കിട്ടും; ഇനി കണ്ടാല്‍ മതി :-) നിര്‍ദ്ദേശത്തിന് നന്ദി.

രാജ് said...

ലൈംഗികതയും അനുബന്ധ ലേഖനങ്ങളും വനിതയുടെ നിലനില്പിന്റെ പ്രശ്നമല്ലേ തൊമ്മന്‍. വനിത വായിക്കുന്നത് അധികം പുരുഷന്മാരാണെന്നാ തോന്നുന്നത്, ഫയര്‍ മാഗസിന്‍ അവര്‍ക്ക് ഒളിച്ചു വാങ്ങണമെങ്കില്‍ വനിത തെളിഞ്ഞു വാങ്ങാം ;)

ദേവനാണെന്നു തോന്നുന്നു ഒരിക്കല്‍ “പൂന്തോട്ടവും ലൈംഗികതയും” എന്നൊരു കമന്റ് മലയാളത്തിലെ സ്ത്രീവാരികകളുടെ പ്രസിദ്ധീകരണ തന്ത്രങ്ങളെ കുറിച്ചെഴുതിയിരുന്നു. മിക്കവാറും ചോദ്യങ്ങളും അഭിനവ പത്രപ്രവര്‍ത്തകര്‍ തന്നെയാണു് എഴുതിയുണ്ടാക്കുന്നതെന്നും കേട്ടിട്ടുണ്ടു്.

Unknown said...

പ്രിയ തൊമ്മന്‍ , ഞാന്‍ വര്‍ഷങ്ങള്‍ക്ക് മുന്‍പേ ജനയുഗം വാരികയില്‍ ഇത്തരം പംക്തി വായിച്ചപ്പോള്‍ എനിക്ക് മനസ്സിലായ ഒരു കാര്യം ഇതിനൊന്നും ഒരു ചോദ്യകര്‍ത്താവ് ഉണ്ടാകാന്‍ സാധ്യത ഇല്ലെന്നാണ് . വായനക്കാരന് ഇക്കിളി ഉണ്ടകാന്‍ പാകത്തില്‍ ആവശ്യമായ ചോദ്യവും ഉത്തരങ്ങളും അവര്‍ സ്വയം എഴുതുന്നതാണ് . മിക്ക മന:ശാസ്ത്ര -ലൈംഗീക-ആരോഗ്യ-ജ്യോതിഷ ചോദ്യങ്ങളും ഈ പറഞ്ഞ പോലെയാണ് എന്ന് സംശയിക്കേണ്ടിയിരിക്കുന്നു .