Thursday, January 03, 2008

ബാരക്ക് ഒബാമ അയോവ കോക്കസ് ജയിച്ചു | അമേരിക്കന്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പ്

ഏകദേശം ഒരു കൊല്ലം മുമ്പ് ഒബാമ അങ്കത്തിനിറങ്ങിയപ്പോള്‍ ഞാന്‍ ഒരു പോസ്റ്റിട്ടിരുന്നു. ബാരക്ക് ഒബാമയുടെ സാധ്യതകള്
. ഇന്ന് നടന്ന അയോവയിലെ ഡമോക്രാറ്റ് കോക്കസ് ജയിച്ചുകൊണ്ട് അദ്ദേഹം നല്ലൊരു തുടക്കം കുറിച്ചിരിക്കുകയാണ്‍. ഞാന്‍ അമേരിക്കന്‍ പൌരനാകുന്നതിന് നല്ലൊരു കാരണവും ആവും. (ശ്രമിച്ചാല്‍ എനിക്ക് പൊതുതിരഞ്ഞെടുപ്പിന്‍ മുമ്പ് പൌരനാവുകയും വോട്ടു ചെയ്യുകയും ചെയ്യാം.)

റിപ്പബ്ലിക്കന്‍ ഭാഗത്ത് മുന്‍ അര്‍ക്കന്‍സാ ഗവര്‍ണര്‍ മൈക് ഹക്കബി ജയിച്ചു. രണ്ടുപേരും ഒരു തരത്തില്‍ കറുത്തകുതിരകള്‍. പക്ഷേ, തികച്ചും ശക്തന്മാര്‍. അമേരിക്കന്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പിന്‍ അങ്ങനെ തിരശ്ശീല ഉയര്‍ന്നിരിക്കുകയാണ്‍; നാടകീയമായ തുടക്കവും, ഫലങ്ങള്‍ തികച്ചും അപ്രതീക്ഷിതമല്ലെങ്കിലും. ഹിലരിയുടെ ദയനീയമായ മൂന്നാം സ്ഥാനമാണ്‍ ഏറെ ചര്‍ച്ച ചെയ്യപ്പെടുവാന്‍ പോവുക. മാറ്റത്തിന്റെ ഏജന്റ് താനാണെന്ന ഒബാമയുടെ പ്രചരണം വോട്ടര്‍മാര്‍ നെഞ്ചിലേറ്റി എന്നുവേണം കരുതാന്‍; പ്രത്യേകിച്ചും ചെറുപ്പക്കാര്‍. ഡമോക്രാറ്റ് ഭാഗത്തുണ്ടായ വന്‍ പോളിംഗ് അതാണ്‍ സൂചിപ്പിക്കുന്നത്. അടുത്ത ആഴ്ച ന്യൂ ഹാമ്പ്ഷയറില്‍ നടക്കുന്ന പ്രൈമറിയിലും ഹിലരി തോക്കുകയാണെങ്കില്‍ പിന്നെ നോമിനേഷന്‍ അവര്‍ക്ക് അസാധ്യമല്ലെങ്കിലും ബാലികേറാമല ആവും.

ഹിലരിയും ജൂലിയാനിയും തമ്മില്‍ ആയിരിക്കും എന്ന എന്റെ ഒരു കൊല്ലം മുമ്പത്തെ കണക്കുകൂട്ടല്‍ തെറ്റിയോ എന്നറിയാന്‍ കുറച്ചുനാള്‍ കൂടി കാക്കേണ്ടി വരും. പ്രത്യേകിച്ചും അദ്ദേഹം അയോവയില്‍ കാര്യമായി ശ്രദ്ധിക്കാതിരുന്നതുകൊണ്ട്. എന്റെ കണക്കുകൂട്ടല്‍ തെറ്റി, ഒബാമ തന്നെ ഡമോക്രാറ്റ് പ്രൈമറി ജയിക്കട്ടെ എന്നാണ്‍ എന്റെ പ്രാ‍ര്‍ത്ഥന.

റിപ്പബ്ലിക്കന്‍ ഭാഗത്ത് ജൂലിയാനിയുടെ മുന്നേറ്റം ഞാന്‍ കരുതിയ പോലെ തന്നെയായി. പക്ഷേ, മൈക് ഹക്കബി കടന്നുവന്നത് ഒരാള്‍ പോലും മുന്നില്‍ കണ്ടുവെന്ന് എനിക്ക് തോന്നുന്നില്ല. ഈ തിരഞ്ഞെടുപ്പ് ഇത്ര രസകരമായത് ഒബാമയുടെയും ഹക്കബിയുടെയും മുന്നേറ്റം കൊണ്ടാണ്‍. രണ്ടുപേരും സ്വന്തം പാര്‍ട്ടികളിലെ anti-establishment കാര്‍; വ്യക്തിപരമായി നല്ല മനുഷ്യര്‍; തിരഞ്ഞെടുക്കപ്പെടാന്‍ വേണ്ടി സ്വന്തം നിലപാടുകള്‍ നാഴികക്ക് നാലുവട്ടം മാറ്റാത്തവര്‍.

ജൂലിയാനി അവരുടെ സ്ഥാനാര്‍ഥി ആവുകയാണെങ്കില്‍ റിപ്പബ്ലിക്കന്‍സിന്‍ സാധ്യതയുണ്ടെന്ന വാദത്തില്‍ ഞാന്‍ ഇപ്പോഴും ഉറച്ചു നില്‍ക്കുന്നു. പക്ഷേ, ഹക്കബിക്കും നല്ല സാധ്യതയാണ്‍ സ്ഥാനാര്‍ഥി ആവാന്‍; ഇവാഞ്ചലിസ്റ്റുകളുടെ പരിപൂര്‍ണ്ണ പിന്തുണ അദ്ദേഹത്തിന്‍ ഉള്ളതുകൊണ്ട് (അദ്ദേഹം തന്നെ ഒരു ബാപ്റ്റിസ്റ്റ് മിനിസ്റ്റര്‍ ആണ്‍). എന്നാല്‍ ഡമോക്രാറ്റുകളുടെ കാര്യം എളുപ്പമായി; വൃത്തികെട്ട കറുപ്പു-വെളുപ്പൂ വിവേചനം മറനീക്കി പുറത്തുവന്നില്ലെങ്കില്‍. ഭൂരിപക്ഷം വെള്ളക്കാരുടെ സംസ്ഥാനമായ അയോവയില്‍ നിന്ന് അങ്ങനെയൊരു സന്ദേശമല്ല തല്ക്കാലം വരുന്നത്.

വോട്ടുള്ള ഒബാമക്കാര്‍ ഇവിടെ ഒപ്പു വയ്ക്കുക :)

No comments: