Monday, February 25, 2008

ഡാളസ് ഉണര്‍ത്തുന്ന ഓര്‍മകള്‍ | അമേരിക്കന്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പ്

മാര്‍ച്ച് 4-ന് പ്രൈമറി നടക്കുന്ന പ്രധാന സംസ്ഥാനങ്ങളിലൊന്നായ ടെക്സസിലെ ഒരു പ്രധാന നഗരമാണ് ഡാളസ്. മലയാളികളൊക്കെ ധാരാളമുള്ള സ്ഥലം. പണ്ടു ഞങ്ങള്‍ ടെന്നസിയിലെ മെംഫിസില്‍ താമസിച്ചിരുന്നപ്പോള്‍ ചിലപ്പോള്‍ മലയാളം സിനിമ കാണാനും മീനും പലവ്യജ്ഞനവും വാങ്ങാനും 400+ മൈലുകള്‍ ഓടിച്ചു പോയിരുന്ന സ്ഥലം. ടെന്നസിയില്‍ നിന്ന് പടിഞ്ഞാട്ടേക്ക് മിസിസിപ്പി നദിയിലെ ഒരു വന്‍പാലം കടന്ന് അര്‍ക്കന്‍‌സാ എന്ന സംസ്ഥാനം കൂടിയാണ് ടെക്സസിലേക്ക് പോകേണ്ടത്. 2000-ന് മുമ്പ് ബില്‍ ക്ലിന്റനും അല്‍ ഗോറും ഭരിച്ചിരുന്ന കാലത്ത്. ഞങ്ങള്‍ താമസിച്ചിരുന്ന ടെന്നസി സംസ്ഥാനം അല്‍ ഗോറിന്റെ സ്ഥലം; പുഴക്കക്കരെ അര്‍ക്കന്‍‌സാ ബില്‍ ക്ലിന്റന്റെ സ്ഥലം. പ്രസിഡന്റിന്റേയും വൈസ് പ്രസിഡന്റിന്റെയും സംസ്ഥാനങ്ങളിലേക്ക് സ്വാഗതം എന്നൊക്കെ പാലത്തില്‍ എഴുതിവച്ചിരുന്നത് ഓര്‍മ വരുന്നു.

മിസിസ്സിപ്പി നദിക്കരയില്‍ നിന്ന് അധികം ദൂരത്തല്ലാതെ, മെംഫിസ് നഗരത്തിലെ ഒരു മോട്ടലിലെ ബാല്‍‌ക്കണിയില്‍ നില്‍ക്കുമ്പോഴാണ് മാര്‍ട്ടിന്‍ ലൂതര്‍ കിംഗിന് വെടിയേല്‍ക്കുന്നത്. 1968 ഏപ്രില്‍ 4-ന്. ജൂണ്‍ 4-ന്, മാര്‍ട്ടിന്‍ ലൂതര്‍ കിംഗ് നയിച്ച സിവില്‍ റൈറ്റ്സ് മൂവ്മെന്റിന്റെ ശക്തനായ അനുകൂലിയും വിയറ്റ്നാം യുദ്ധവിരുദ്ധനും സര്‍വ്വോപരി ജോണ്‍ എഫ്. കെന്നഡിയുടെ അനിയനുമായിരുന്ന റോബര്‍ട്ട് കെന്നഡിക്ക് ലോസ് ആഞ്ചലസില്‍ വച്ച ഒരു പലസ്തീനിയുടെ വെടിയേല്‍ക്കുകയും പിറ്റേന്ന് മരണമടയുകയും ചെയ്തു. ഡമോക്രാറ്റ് പ്രൈമറിയിലെ നിര്‍ണ്ണായകമായിരുന്ന കാലിഫോര്‍ണിയയിലെ പോരാട്ടത്തില്‍ ജയിച്ച ശേഷം അനുയായികളെ അഭിസംബോധന ചെയ്യാന്‍ അദ്ദേഹം പോകുന്ന വഴിക്ക്. സാമൂഹ്യനീതിക്കും സമാധാനത്തിനും വേണ്ടി നിലകൊണ്ട ആ രണ്ടു നേതാക്കന്മാരെ ചുരുങ്ങിയ കാലയിളവില്‍ നഷ്ടപ്പെട്ടത് ഒരു തലമുറയുടെ തന്നെ നഷ്ടമായിട്ടാണ് പറയപ്പെടുന്നത്.

ഡാളസില്‍ വച്ച് 1963 നവമ്പര്‍ 22-ന് ആണ് ജോണ്‍ എഫ്. കെന്നഡിയെ വധിക്കുന്നത്. കഴിഞ്ഞ ദിവസം പ്രചരണത്തിന് ഇടയില്‍ ഡാളസിലെ ആ സ്ഥലത്തിനടുത്തു കൂടി ഒബാമയുടെ വാഹനവ്യൂഹം കടന്നുപോയപ്പോള്‍ പത്രക്കാരുടെയും അനുയായികളുടെയും മനസ്സിലൂടെ പഴയ കാര്യങ്ങള്‍ എല്ലാം കടന്നുപോയെന്ന് പലരും സാക്ഷ്യപ്പെടുത്തുന്നു. അതിലൊന്ന് ന്യൂ യോര്‍ക്ക് ടൈംസിലെ ഈ ലേഖനമാണ്. http://www.nytimes.com/2008/02/25/us/politics/25memo.html. ജോണ്‍ എഫ്. കെന്നഡിയുടെ മറ്റൊരു അനിയനായ സെനറ്റര്‍ എഡ്വേര്‍‌ഡ് കെന്നഡിയും മകള്‍ കാരളിന്‍ കെന്നഡിയും ഒബാ‍മയ്ക്ക് ഈ തിരഞ്ഞെടുപ്പില്‍ നേരിട്ട് പ്രചരണത്തിന് ഇറങ്ങിയതടക്കമുള്ള ശക്തമായ പിന്തുണ കൊടുക്കുന്നുണ്ട് എന്നു കൂടി ചേര്‍ത്തുവച്ചു വായിക്കുമ്പോഴാണ് 1968 ആവര്‍ത്തിക്കല്ലേയെന്ന് എല്ലാവരും സ്വകാര്യമായി പ്രാര്‍‌ത്ഥിക്കുന്നത്. വിചിത്രമെന്നു തോന്നാമെങ്കിലും കുറെ കറുത്തവര്‍ ഒബാമക്ക് വോട്ടുചെയ്യാത്തത് അദ്ദേഹത്തിന്റെ വിജയസാധ്യത കുറച്ച് വര്‍ണവെറിയന്മാരുടെ നോട്ടപ്പുള്ളി ആക്കാതിരിക്കാനാണ്‌. 1968-ല്‍ നടന്ന കാര്യങ്ങള്‍ അവരുടെ മനസ്സുകളില്‍ മായാതെ കിടക്കുന്നു.

ഒബാമയുടെ പൊതുയോഗങ്ങള്‍ നിറഞ്ഞുകവിയാന്‍ തുടങ്ങിയതു മുതല്‍ അദ്ദേഹത്തിന് സര്‍ക്കാരിന്റെ വക പ്രൊട്ടക്ഷന്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. 1968-ലെ സാഹചര്യങ്ങളോട് സാമ്യമുണ്ട് 2008-നും. യുദ്ധക്കൊതിയന്മാരുടെ ഭരണകൂടം ഇറാക്ക് യുദ്ധത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കുമ്പോള്‍ നാട്ടിലെ പ്രശ്നങ്ങള്‍ ഫലപ്രദമായി കൈകാര്യം ചെയ്യാന്‍ ആരുമില്ലാത്ത അവസ്ഥ. ആ വലിയ വിടവിലേക്കാണ് ആശയുടെ സന്ദേശവുമായി ഒബാമ കടന്നുവരുന്നത്.

ഒബാമയുടെ കൂറ്റന്‍ റാലികളില്‍, കണ്ണുകളില്‍ നക്ഷത്രങ്ങളുടെ തിളക്കവുമായിട്ട് യുവജനങ്ങള്‍ നിറഞ്ഞുകവിയുമ്പോള്‍ ഞാന്‍ ചിലപ്പോള്‍ മനസ്സില്‍ വിളിച്ചുപോകും, “ദൈവമേ.. “

4 comments:

വിന്‍സ് said...

താങ്കളുടെ അമേരിക്കന്‍ പോളിറ്റിക്സിനേ കുറിച്ചുള്ള അറിവുകള്‍ മറ്റു മലയാളികളേക്കാലും കൂടുതല്‍ തന്നെ. താങ്കളുടെ എഴുത്തും വായിക്കാന്‍ നല്ല ഫ്ലോ ഉണ്ട്. കണ്‍ഗ്രാറ്റ്സ്.

പക്ഷെ ഒബാമെയെ ആരു ഞൊട്ടാന്‍ :) എന്തിനു, ആര്‍ക്കു വേണ്ടി, എവിടെ?? ..... ഹീ സ്റ്റാന്‍ഡ്സ് നോ ചാന്‍സ്.

വിന്‍സ് said...

/വിചിത്രമെന്നു തോന്നാമെങ്കിലും കുറെ കറുത്തവര്‍ ഒബാമക്ക് വോട്ടുചെയ്യാത്തത് അദ്ദേഹത്തിന്റെ വിജയസാധ്യത കുറച്ച് വര്‍ണവെറിയന്മാരുടെ നോട്ടപ്പുള്ളി ആക്കാതിരിക്കാനാണ്‌./

ഇതു ഇപ്പോളും അമേരിക്ക തന്നെ അല്ലേ?? :) ഇതൊക്കെ എവിടെന്നും കിട്ടി തൊമ്മന്‍ ചേട്ടനു??

t.k. formerly known as thomman said...

വിന്‍സ് - Thanks for the nice words. സുരക്ഷയെ കരുതി കറുത്തവര്‍ ഒബാമക്ക് വോട്ടുചെയ്യാത്തതിനെപ്പറ്റി ഞാന്‍ പറയുന്നത് വിശ്വാസമാകുന്നില്ലെങ്കില്‍ പോസ്റ്റിന്റെ ഒപ്പം കൊടുത്തിട്ടുള്ള ലിങ്കിലെ ആര്‍ട്ടിക്കിള്‍ മൊത്തം വായിക്കുക. അത് പഴയൊരു അറിവു മാത്രമാണ്; വാര്‍ത്താ വിശകലനങ്ങളിലൊക്കെ കാണാവുന്നതാണ്. അങ്ങനെ ചെയ്യാത്തവരുടെ എണ്ണം വളരെ കുറവാണ്; ഒബാമ നേരിടുന്ന അപകടത്തെ highlight ചെയ്യാന്‍ വേണ്ടി എടുത്തുപറഞ്ഞെന്നു മാത്രം. അല്ലാതെ അത് തിരഞ്ഞെടുപ്പുഫലങ്ങളെയൊന്നും ബാധിക്കില്ല.

കടവന്‍ said...

/വിചിത്രമെന്നു തോന്നാമെങ്കിലും കുറെ കറുത്തവര്‍ ഒബാമക്ക് വോട്ടുചെയ്യാത്തത് അദ്ദേഹത്തിന്റെ വിജയസാധ്യത കുറച്ച് വര്‍ണവെറിയന്മാരുടെ നോട്ടപ്പുള്ളി ആക്കാതിരിക്കാനാണ്‌./
excellent JOKE...