Friday, February 29, 2008

മുസ്ലിം വിരോധം ഊതിക്കത്തിക്കുന്നവര്‍ | അമേരിക്കന്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പ്

ഹവായി യൂണിവേഴ്സിറ്റിയില്‍ പഠിക്കുമ്പോള്‍ കെനിയക്കാരനായ ബറാക്ക് ഹുസൈന്‍ ഒബാമ (സീനിയര്‍)ക്ക് വെള്ളക്കാരിയും കാന്‍‌സസ് സംസ്ഥാനക്കാരിയുമായ ആന്‍ ഡണ്‍‍‌ഹമില്‍ ഉണ്ടായതാണ് ബറാക്ക് ഹുസൈന്‍ ഒബാമ (ജൂനിയര്‍). ഒബാമക്ക് 2 വയസ്സുള്ളപ്പോള്‍ അദ്ദേഹത്തിന്റെ പിതാവ് അവരെ ഉപേക്ഷിച്ചു പോയി. ബറാക്ക് ഹുസൈന്‍ ഒബാമ (സീനിയര്‍) ആദ്യം ക്രിസ്ത്യാനി ആയിരുന്നെന്നും പിന്നീട് മുസ്ലീമായെന്നും പറയപ്പെടുന്നു. പക്ഷേ, അദ്ദേഹത്തിന് മതങ്ങളോട് പ്രത്യേക ആഭിമുഖ്യമൊന്നും ഉണ്ടായിരുന്നില്ല എന്നാണ് പൊതുവേ കരുതപ്പെടുന്നത്.

ഒബാമ പിന്നീട് തന്റെ മാതാവിന്റെയും ഇന്തോനേഷ്യക്കാരനുമായ വളര്‍ത്തച്ഛന്റെയുമൊപ്പം മുസ്ലീം രാജ്യമായ ഇന്തോനേഷ്യക്കു പോയി. 6 വയസ്സു മുതല്‍ 10 വയസ്സുവരെ ജക്കാര്‍ത്തയിലെ സ്കൂളുകളിലാണ് ഒബാമ പഠിച്ചത്. അതിന്നുശേഷം അദ്ദേഹത്തെ ഹവായിയിലേക്ക് തിരിച്ചുകൊണ്ടു വരികയും ഹൈസ്ക്കൂള്‍ കഴിയുന്നതുവരെ അവിടെത്തന്നെ പഠിക്കുകയും ചെയ്തു. കോളജില്‍ ചേര്‍ന്ന് പഠനം തുടരാണ് അദ്ദേഹം അമേരിക്കന്‍ വന്‍‌കരയിലേക്ക് വരുന്നത്. അവസാനം ഇല്ലിനോയി സംസ്ഥാനത്തെ ഷിക്കാഗോ നഗരം അദ്ദേഹം പ്രവര്‍ത്തനമണ്ഡലമായി തിരഞ്ഞെടുത്ത് അവിടെ സ്ഥിരവാസമാക്കുകയും ചെയ്തു. കഴിഞ്ഞ 20 വര്‍ഷത്തിലധികമായി അദ്ദേഹം ഷിക്കാഗോയിലെ ഒരു പ്രൊട്ടസ്റ്റന്റ് പള്ളിയില്‍ അംഗമാണ്.

പിതാവ് മുസ്ലീമായതും, പേരിലെ മുസ്ലിം ബന്ധം തോന്നിപ്പിക്കുന്ന “ഹുസൈന്‍” എന്നുള്ള വാക്കും (പലപ്പോഴും അറബി പേരുകള്‍ക്ക് മുസ്ലിം മതവുമായി ബന്ധമൊന്നും കാണില്ല; അറബി കൃസ്ത്യാനികളുടെ പേരു ശ്രദ്ധിച്ചാല്‍ അതു മനസ്സിലാകും), ബാല്യകാലത്ത് ഒരു മുസ്ലിം രാജ്യത്ത് ജീവിച്ചു എന്നുള്ളതും മാത്രമാണ് ഒബാമക്ക് മുസ്ലീം മതവുമായിട്ടുള്ള ബന്ധം. “ബറാക്ക്” എന്ന വാക്കുതന്നെ ഹീബ്രുവിനോടാണ് കൂടുതല്‍ അടുത്തു നില്‍ക്കുന്നതെന്ന് എവിടെയോ വായിച്ചത് ഓര്‍ക്കുന്നു. പക്ഷേ, “ഒബാമ” എന്ന വാക്ക് ഒസാമ ബിന്‍ ലാദന്റെ പേരിലെ “ഒസാമ” പോലെ തോന്നിപ്പിക്കുന്നതുകൊണ്ട് അതും അദ്ദേഹത്തിന് വിനയായി. അത്തരം ഒരുപാട് തെറ്റിദ്ധാരണകളെ മറികടന്നാണ് അദ്ദേഹം സെനറ്ററായതും ഡമോക്രാറ്റ് പാര്‍ട്ടിയുടെ പ്രൈമറിയില്‍ ഇത്ര മുന്നേറിയതും.

മുസ്ലിങ്ങളുടെ എണ്ണം അമേരിക്കയില്‍ വളരെ കുറവാണ്. കുറച്ച് കറുത്തവര്‍ഗ്ഗക്കാരായ മുസ്ലീങ്ങളൊഴിച്ച് ബാക്കിയെല്ലാവരും തന്നെ കുടിയേറ്റക്കാരാണ്. 2001 സെപ്തംബര്‍ 11-ന് പ്രധാനമായും സൌദികള്‍ വേള്‍ഡ് ട്രേഡ് സെന്റര്‍ തകര്‍ക്കുന്നതുവരെ മുസ്ലീങ്ങളെക്കുറിച്ച് അമേരിക്കയിലെ സാധാരണ പൌരന്മാര്‍ അധികമൊന്നും ശ്രദ്ധിച്ചിരുന്നില്ലെന്ന് തോന്നുന്നു. ആദ്യത്തെ ഇറാക്ക് യുദ്ധം ഒരിക്കലും മുസ്ലീങ്ങള്‍ക്കെതിരെയുള്ള ഒന്നായി കരുതപ്പെട്ടില്ല; ആക്രമിക്കപ്പെട്ടത് കുവൈറ്റ് ആയതുകൊണ്ട്. ഇസ്രയേലി-പലസ്തീനി പോരാട്ടങ്ങള്‍ ഇവിടത്തെ പത്രങ്ങളിലെ പ്രധാനവാര്‍ത്തയാണെങ്കിലും ഇവിടെ അതിശക്തമായ അടിത്തറയുള്ള യഹൂദഗ്രൂപ്പുകളേ അതു കാര്യമായി എടുത്തിരുന്നുള്ളൂ എന്നു തോന്നുന്നു.

പക്ഷേ, സെപ്തംബര്‍ 11-ലെ ആക്രമണം ആ നില മാറ്റിമറിച്ചു. മാധ്യമങ്ങളില്‍ ഇസ്ലാമുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ചര്‍ച്ചചെയ്യപ്പെടാന്‍ തുടങ്ങി; ഇസ്ലാമിക വിഷയങ്ങളെപ്പറ്റിയുള്ള പുസ്തകങ്ങള്‍ ബെസ്റ്റ് സെല്ലറുകള്‍ ആയി. അങ്ങനെ അമേരിക്കക്കാര്‍ അതുവരെ അവഗണിച്ചിരുന്നതോ അറിയാതിരുന്നതോ ആയ ഒരു മതത്തെയും സംസ്ക്കാരത്തെയും പറ്റി വളരെയധികം വിവരം അവര്‍ക്ക് ലഭ്യമായി. പക്ഷേ, തക്കം കിട്ടുമ്പോഴൊക്കെ വലതുപക്ഷ രാഷ്ടീയക്കാരും കൃസ്ത്യന്‍ യാഥാസ്ഥികരും മുസ്ലിം മതത്തെപ്പറ്റി ജനങ്ങളുടെ ഇടയില്‍ ഭീതി പടര്‍ത്തുവാന്‍ നുണപ്രചരങ്ങള്‍ നടത്താന്‍ തുടങ്ങി; ശരാശരി അമേരിക്കക്കാരന് മുസ്ലീങ്ങളെപ്പറ്റി മോശമായ അഭിപ്രായം ഉണ്ടാവാന്‍ അത് ഇടയാക്കി.

അത്തരം ഒരു പശ്ചാത്തലത്തില്‍, വ്യാജപ്രചരണങ്ങള്‍ വഴി, ജനങ്ങളുടെ അജ്ഞതയെയും അതില്‍ നിന്നുണ്ടാകുന്ന ഭീതിയെയും മുതലെടുത്ത്, ഒബാമയുടെ മുന്നേറ്റത്തെ തടയാനാണ് ഹിലരിയുടെയും റിപ്പബ്ലിക്കന്മാരുടെയും ശ്രമം. swift-boating പോലെയുള്ള വ്യാജപ്രചരണങ്ങള്‍ ഫലപ്രാപ്തിയിലെത്തിയ ചരിത്രം പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ ഉള്ളതുകൊണ്ട് ഒബാമ വളരെ ശ്രദ്ധിച്ച് അത്തരം ആക്രമണങ്ങളെ നേരിടേണ്ടിവരും എന്നു തോന്നുന്നു.

എന്റെയൊരു പഴയ ബ്ലോഗില്‍ പരാമര്‍ശിച്ചതുപോലെ, ക്ലിന്റന്‍ ക്യാമ്പിലെ ബോബ് കെറിയാണ്, ഒബാമയുടെ പേരിലെ “ഹുസൈന്‍” പൊക്കിപ്പിടിച്ച്, ഇത്തരം ആക്രമണത്തിന് തുടക്കമിട്ടത്. “ഹുസൈന്‍” എന്ന അറബി പേരിനേക്കാള്‍ അമേരിക്കക്കാര്‍ പൊതുവേ വെറുക്കുന്ന സദ്ദാം ഹുസൈനുമായുള്ള അതിന്റെ ബന്ധമാണ് അത്തരം കുപ്രചരണത്തിന് ഉപയോഗിക്കാന്‍ നോക്കുന്നത്. പിന്നത്തെ പ്രധാന ആക്രമണം ഇ-മെയില്‍ വഴിയുള്ള ഒരു നുണപ്രചരണമായിരുന്നു. ഒബാമ യഥാര്‍ഥത്തില്‍ മുസ്ലീമാണെന്നും; ഇന്തോനേഷ്യയിലായിരുന്നപ്പോള്‍ അദ്ദേഹം ഒരു മദ്രസയിലാണ് പഠിച്ചതെന്നും; അമേരിക്കയെ തകര്‍ക്കാന്‍ വേണ്ടിയാണ് അദ്ദേഹം പ്രസിഡന്റാകാന്‍ ശ്രമിക്കുന്നതെന്നും; ഖുറാനില്‍ തൊട്ടാണ് അദ്ദേഹം സെനറ്റില്‍ സത്യപ്രതിജ്ഞ ചെയ്തതെന്നൊക്കെയായിരുന്നു ആ ഇ-മെയിലിലെ പ്രധാന ഉള്ളടക്കം. പിന്നെ പുറത്തുവന്നത് ഒബാമ രണ്ടുകൊല്ലം മുമ്പ് കെനിയയില്‍ സന്ദര്‍ശനം നടത്തിയപ്പോള്‍ തലേക്കെട്ടൊക്കെയുള്ള ഒരു പരമ്പരാഗത വസ്ത്രധാരണരീതി പരീക്ഷിച്ചതിന്റെ ഫോട്ടോ ആയിരുന്നു. അത് ക്ലിന്റന്‍ ക്യാമ്പ് മന:പൂര്‍വ്വം വിതരണം ചെയ്തതെന്നാണ് പൊതുവെ കരുതപ്പെടുന്നത്. ഒബാമയെ എതിര്‍ക്കുന്നവര്‍ പറ്റുന്നിടത്തൊക്കെ അദ്ദേഹത്തിന്റെ പേരിലെ “ഹുസൈന്‍” സുലഭമായി ഉപയോഗിച്ചു. അടുത്തയിടെ ജോണ്‍ മക്കെയിന്റെ ഒരു റാലിയില്‍ വലതുപക്ഷക്കാരനായ ഒരു റേഡിയോ ടോക്ക് ഷോ ഹോസ്റ്റ് അങ്ങനെ ചെയ്യുകയും, മക്കെയിന്‍ പിന്നീട് അതിനെ ശക്തമായി അപലപിക്കുകയും ചെയ്തു. ഷിക്കാഗോ സ്വദേശിയും നേഷന്‍ ഓഫ് ഇസ്ലാം എന്നയൊരു കറുത്ത മുസ്ലീങ്ങളുടെ തീവ്രവാദസംഘടനയുടെ തലവനുമായ ലൂയിസ് ഫാറാഖാന്‍ ഒബാമയെ പ്രകീര്‍ത്തിച്ചതാണ് ഏറ്റവും ഒടുവില്‍ വിവാദമായത്. ഒബാമക്ക് ഒഹായൊയില്‍ നടന്ന അവസാനത്തെ ഡമോക്രാറ്റ് സ്ഥാനാര്‍ഥികളുടെ സംവാദത്തില്‍, ഹിലരി അക്കാര്യം പൊക്കിയെടുത്തതു കൊണ്ട്, ഫാറാഖാനെ പരസ്യമായി തള്ളിപ്പറയേണ്ടി വന്നു.

ഇത്രയും സംഭവങ്ങള്‍ വിവരിച്ചതില്‍ നിന്ന് മുസ്ലിംവിരുദ്ധ മനോഭാവം അമേരിക്കക്കാരന്റെ ഉള്ളില്‍ എത്രയുണ്ടെന്നും അത് മുതലെടുക്കാന്‍ രാഷ്ട്രീയക്കാര്‍ അഹോരാത്രം പണിയെടുക്കുന്നുണ്ടെന്നും മനസ്സിലായി കാണുമല്ലോ. ഇതുവരെ പരദേശികളോടും കുടിയേറ്റക്കാരോടും കാണിച്ചിരുന്ന ആ വെറുപ്പ് ഒരു പ്രധാന രാഷ്ട്രീയമത്സരത്തില്‍ ഉപയോഗിക്കാന്‍ യാഥാസ്ഥികര്‍ക്ക് കിട്ടുന്ന ആദ്യത്തെ അവസരമാണ്. ഒബാമക്ക് നോമിനേഷന്‍ കിട്ടുകയാണെങ്കില്‍ അദ്ദേഹം നേരിടാന്‍ പോകുന്ന ഒരു വലിയ വെല്ലുവിളി ഇത്തരം നുണപ്രചരണങ്ങളെ എങ്ങനെ ഫലപ്രദമായി അതിജീവിക്കുക എന്നുള്ളതാണ്. അതോടൊപ്പം മിഷിഗണ്‍ പോലുള്ള സംസ്ഥാനങ്ങളില്‍ നിര്‍ണ്ണായക വോട്ടുബാങ്കായ മുസ്ലീങ്ങളെ പിണക്കാതെ തന്റെ ഭാഗത്തു തന്നെ നിര്‍ത്തുക എന്നതും അദ്ദേഹത്തിന്റെ വിജയത്തിന് ആവശ്യമാണ്.

8 comments:

തോന്ന്യാസി said...

വോട്ടുബാങ്ക് രാഷ്ട്രീയം എല്ലായിടത്തും ഉണ്ടല്ലേ........

രാഗേഷ് said...

നമ്മള്‍ സ:ഒബാമ ഹുസൈന്റെ കൂടെ നില്‍ക്കണം യേത് അതല്ലേ അതിന്റെ ഒരു ശരി ..

ശെരീഖ്‌ ഹൈദര്‍ വെള്ളറക്കാട്‌ said...

മൂസ്ലീം വിരാധം ഊതികത്തിക്കുന്നവര്‍, ഹിമാലയന്‍ നുണകള്‍കൊണ്ട്‌ സത്യത്തെ മറക്കാം എന്ന് ധരിക്കുന്ന മൂഢാ-അധികാരകൊതിയന്മാര്‍, വെറുപ്പിന്റെ രാഷ്ട്രീയം കൊണ്ട്‌ മാനവമനസ്സുകളില്‍ വിഭാഗീയത തീര്‍ക്കുന്നവര്‍. "കാറ്റ്‌ വിതച്ച്‌ കൊടുങ്കാറ്റ്‌ കൊയ്യുന്നവര്‍"
കാലത്തിന്റെ ചുവരെഴുത്തുകളെ വായിക്കുന്ന പോസ്റ്റ്‌. നന്നായിരിക്കുന്നു.വെരി ഗുഡ്‌.

രാഗേഷ് said...

മൂസ്ലീം വിരാധം ഊതികത്തിക്കുന്നവര്‍ ആര് ? അത് മുസ്ലീംസ് തന്നെയാണ് . മുസ്ലീം തീവ്രവാദികള്‍ .. പിന്നെ സകല കള്ളത്തരങ്ങളും ചെയ്യുന്ന മുസ്ലീം നാമധാരികള്‍ . സകലരുടേയും വെറുപ്പിന് മുസ്ലീം പാത്രമാകുന്നത് ആരെങ്കിലും മുസ്ലീം വിരോധം കത്തിക്കുന്നത് കൊണ്ടല്ല . മുസ്ലീമിങ്ങളുടെ ചെയ്തികള്‍ കൊണ്ടാണ് . അത് മനസ്സിലാക്ക് ....

Anonymous said...

Ragesh well done. given correct answer to shereekh. i saw him somewhere in blog , he is one of the ...

Anonymous said...

Mr. shereeq,use your brain not fully use little സകലരുടേയും വെറുപ്പിന് മുസ്ലീം പാത്രമാകുന്നത് ആരെങ്കിലും മുസ്ലീം വിരോധം കത്തിക്കുന്നത് കൊണ്ടല്ല . മുസ്ലീമിങ്ങളുടെ ചെയ്തികള്‍ കൊണ്ടാണ് . അത് മനസ്സിലാക്ക് ....

ജയ്ഹിന്ദ് said...

ഒരു യഥാര്‍ത്ഥ മുസ്ലിമിന്/ ഹിന്ദുവിന്/ ക്രിസ്ത്യാനിക്ക്/ അതുമല്ലെങ്കില്‍ ഒരു നല്ല മനുഷ്യന് ഒരിക്കലും ഒരു തീവ്രവാദിയാവാന്‍ പറ്റില്ല. അപ്പോള്‍ ഈ മുസ്ലിം തീവ്രവാദി/ ഹിന്ദു തീവ്രവാദി എന്നൊക്കെ വേണോ സഹോദരന്മാരെ?
രാഗേഷ് പറഞ്ഞ ഈ മുസ്ലിങ്ങളുടെ ക്രൂരമായ ചെയ്തികള്‍ എന്താണ്? ഈ ഖുര്‍‌ആനോ പ്രവാചകന്റെ ചര്യകളോ പഠിച്ച ഒരു യഥാര്‍ത്ഥ മുസ്ലിം ഒരിക്കലും ക്രൂരമായ ചെയ്തികള്‍ ചെയ്യാന്‍ പറ്റില്ല. പിന്നെ ഈ പറഞ്ഞ ക്രൂരതകള്‍ ചെയ്യുന്ന ചിലരെ എന്തിനാണ് സഹോദരാ മുസ്ലിങ്ങളുടെ കൂടെ കൂട്ടിനിര്‍ത്തുന്നത്? വ്ര്‌ത്തികേടുകള്‍ ചെയ്യുന്നതില്‍ മറ്റാരും ഇല്ലെന്നാണോ?
-----
അല്പബുദ്ധികളായ പലരെയും വിഷം ഉള്‍കൊള്ളുന്ന മനസുള്ളവര്‍ തെറ്റിദ്ധരിപ്പിക്കാന്‍ തക്കം പാര്‍ത്തു നില്‍ക്കുന്ന ഈ അവസരത്തില്‍ എന്തിനാണ് ശെരീഖ് ചാടിക്കേറി വികാരപ്രകടനം നടത്തുന്നത്? തല ഉപയോഗിക്കാതെ വെറും വികാരം കൊള്ളുന്ന താങ്കളെപോലുള്ളവരാണ് മാഷേ ഇവന്മാര്‍ക്കൊക്കെ വളം വച്ചുകൊടുക്കുന്നത്...
ഈ ചൂട് ഒന്നു തണുത്തിട്ട് കുറച്ചു ബുദ്ധി ഉപയോഗിച്ചതിനു ശേഷം മാത്രം പ്രതികരിക്കുക, കേട്ടോ...

t.k. formerly known as തൊമ്മന്‍ said...

ഇവിടത്തെ ചര്‍ച്ച പോസ്റ്റുമായി ബന്ധമില്ലാ‍ത്ത കാര്യങ്ങളിലേക്ക് നീങ്ങിയതുകൊണ്ട് അഭിപ്രായം പ്രകടിപ്പിക്കാനുള്ള സൌകര്യം അടക്കുന്നു.