Sunday, April 27, 2008

പെനല്‍റ്റി കിക്ക് കാത്തുനില്‍ക്കുന്ന ഗോളിയുടെ ഏകാന്തത


'പെനല്‍റ്റി കിക്ക് കാത്തുനില്‍ക്കുന്ന ഗോളിയുടെ ഏകാന്തത' എന്ന ജര്‍മന്‍ നോവലിന്നെക്കുറിച്ച് ഇറ്റലിയില്‍ നിന്നെത്തിയ സാഹിത്യസ്നേഹിയായ ഫാദര്‍ കപ്രിയറ്റി ഗീവര്‍ഗീസ് അച്ചനോട് ഒരിക്കല്‍, ഏറിയാല്‍ രണ്ടു തവണ, പറഞ്ഞിരിക്കണം. നോവലിന്റെ പേര്‍ കേട്ടപ്പോള്‍ തന്നെ ഗീവര്‍ഗീസച്ചന്‍ അത് വായിച്ചപോലെ തോന്നി - ഒരു തവണയല്ല, പല തവണ.


എനിക്കേറ്റവും ഇഷ്ടപ്പെട്ട മലയാളകഥയായ എന്‍.എസ്സ്.മാധവന്റെ “ഹിഗ്വിറ്റ”-യുടെ മനോഹരമായ തുടക്കം അങ്ങനെയാണ്. വാള്‍‌ഡറമയുടെ മുടിയും ഹിഗ്വിറ്റയുടെ കളിയും 1990-ലെ ലോകകപ്പില്‍ കൊളംബിയന്‍ ടീമിന്ന് ടിമിന്റെ പ്രകടനത്തിനേക്കാളേറെ പ്രസിദ്ധി കൊടുത്തതാണ്. (ഹിഗ്വിറ്റയുടെ ഒരു പിശകിലൂടെ കാമറൂണിനോട് തോറ്റ് അവര് പുറത്തായി. കാമറൂണിന്റെ റോജര്‍ മില്ല ആയിരുന്നു ആ ലോകകപ്പിലെ മറ്റൊരു വീരന്‍.) ഈ വീഡിയോ ക്ലിപ്പില്‍ ഹിഗ്വിറ്റയുടെ കുറെ പ്രകടനങ്ങള്‍ ഉണ്ട്:എന്‍.എസ്സ്.മാധവന്റെ കഥയുടെ ‘ഹിഗ്വിറ്റ’ എന്ന പേരു തന്നെ അതിശക്തമായ ഒരു പ്രതീകമായി ആ കൃതിയില്‍ ഉടനീളം നാം കാണുന്നുണ്ട്. ലൂസിയുടെ ജീവിതത്തില്‍ ഗീവര്‍‌ഗീസ്സച്ചന്റെ അസാധാരണമായ ഇടപെടലുകള്‍ ആണ്‍ കഥയുടെ പ്രധാന വിഷയമെന്ന് ആദ്യവായനയില്‍ തോന്നാമെങ്കിലും, ആ കഥയിലുടനീളം ചിതറിക്കിടക്കുന്ന അര്‍ഥഗര്‍ഭമായ വാചകങ്ങളാണ്‍ ആ കഥയെ ഇപ്പോഴും എന്നെ അത്ഭുതപ്പെടുത്തുന്നത്. കഥയുടെ തുടക്കത്തില്‍ തന്നെ പറയുന്ന നോവലിന്റെ പേരു തന്നെ നോക്കൂ: ഒരു ചെറിയ കവിത പോലെ മനോഹരമാണ്‍ ആ വാചകം.

ആ നോവലിന്നെപ്പറ്റി അധികമൊന്നും പിന്നെ കഥയില്‍ പറയാതിരുന്നതുകൊണ്ട് അങ്ങനെയൊന്ന് യഥാര്‍ഥത്തില്‍ ഇല്ല എന്നാണ്‍ ഞാന്‍ കരുതിയത്. ഈ കഥ ആദ്യം വായിക്കുന്ന കാലത്ത് അക്കാര്യം അന്വേഷിച്ചറിയാനുള്ള സൌകര്യവും ഇല്ലായിരുന്നു. കുറച്ചുകാലം മുമ്പ് മറ്റെന്തിനോ വേണ്ടി തിരഞ്ഞപ്പോഴാണ്‍ കഥയില്‍ പറയുന്ന നോവല്‍ ശരിക്കുള്ളതാണെന്നും, അതിന്നെ ആസ്പദമാക്കി ഒരു നല്ല സിനിമയുണ്ടെന്നും അറിയാന്‍ കഴിഞ്ഞത്. നോവലിന്റെ പേര്‍ “The Goalie's Anxiety at the Penalty Kick”; എഴുത്തുകാരന്‍ പ്രസിദ്ധ ജര്‍മന്‍ നോവലിസ്റ്റ് Peter Handke. കഥയില്‍ നോവലിന്റെ പേര്‍ വിവര്‍ത്തനം ചെയ്തിട്ടുള്ളത് അത്ര കൃത്യമല്ല എന്നു കാണാം. പക്ഷേ, ആ തെറ്റ് കഥയുടെ മാറ്റുകൂട്ടുന്നതേയുള്ളൂ. യഥാര്‍ഥത്തില്‍ അങ്ങനെ ഒരു നോവലുണ്ടോ എന്നതു തന്നെ പ്രശ്നമല്ല എന്ന് കഥാകൃത്ത് ഗീവര്‍ഗീസച്ചനെക്കൊണ്ട് പറയിപ്പിക്കുന്നുണ്ട്.

ന്യൂ യോര്‍ക്ക് ടൈംസില്‍ വന്ന ഈ നിരൂപണം നോവലിന്റെ സിനിമാരൂപത്തെക്കുറിച്ചാണ്‍. സിനിമയുടെ DVD തപ്പിയിട്ട് ഇതുവരെ കിട്ടിയിട്ടില്ല. നോവലിന്റെ ഇംഗ്ലീഷ് തര്‍ജിമ ആമസോണില്‍ വില്പനക്കുണ്ട്.

11 comments:

t.k. formerly known as തൊമ്മന്‍ said...

എന്‍.എസ്സ്.മാധവന്റെ “ഹിഗ്വിറ്റ” എന്ന കഥയില്‍ പറയപ്പെടുന്ന "പെനല്‍റ്റി കിക്ക് കാത്തുനില്‍ക്കുന്ന ഗോളിയുടെ ഏകാന്തത" എന്ന ജര്‍മന്‍ നോവലേത് എന്നറിയാന്‍ ഒരന്വേഷണം.

Dinkan-ഡിങ്കന്‍ said...

7ന്‍സ് ഫുഡ്ബ്ബോള്‍ നടക്കുന്ന പാടവരമ്പത്തിരുന്ന് ഞാനും ഉറക്കെ വിളിക്കുന്നു “ഗീവറീത്..ഗീവറീത്”

മൂര്‍ത്തി said...

മൂന്നാമത്തെ കൂവല്‍ ഞാന്‍ കൂവാം...
:)
നന്ദി വിവരത്തിന്

ബാബുരാജ് ഭഗവതി said...

ചില തെറ്റുകള്‍ അങ്ങിനെയാണ് സത്യത്തേക്കാള്‍ മനോഹരം.

റോബി said...

ഹിഗ്വിറ്റ എന്ന പേരു കേള്‍ക്കുമ്പോള്‍ കുളിരു കോരും.

ഈ ചിത്രം മെയ് അഞ്ചിനു ടിവിയില്‍ വരുന്നുണ്ട്. IMDbയില്‍ നോക്കിയാല്‍ വിവരം കിട്ടും. സാധിക്കുമെങ്കില്‍ കണ്ടിട്ട് അഭിപ്രായം പറയുമല്ലോ.

ഇതു പോലെ കൊമാല എന്ന ഒരു കൃതിയെപറ്റി സന്തോഷ് ഏച്ചിക്കാനം കൊമാല എന്ന ചെറുകഥയില്‍ പറയുന്നുണ്ട്. പക്ഷെ ഞാന്‍ തിരഞ്ഞു നോക്കിയിട്ട് ഒന്നും കിട്ടിയില്ല. (ഞാനുമിത് പണ്ടൊരു കഥയില്‍ ഉപയോഗിച്ചിരുന്നു, സാധിക്കുമെങ്കില്‍ പിന്നീട് പോസ്റ്റു ചെയ്യണമെന്നു കരുതുന്നു)

t.k. formerly known as തൊമ്മന്‍ said...

റോബി - വിവരത്തിന്‍ നന്ദി. ഈ സിനിമയുടെ തിരക്കഥ എഴുതിയതും പീറ്റര്‍ ഹാന്‍‌ഡ്ക്കേ ആണെന്ന് IMDb-യില്‍ കാണുന്നു. സിനിമ DISN ചാനലിന്റെ ലിസ്റ്റിംഗില്‍ കാണുന്നില്ല. കാണാന്‍ പറ്റിയാല്‍ അഭിപ്രായം ഇടാം. നോവല് വളരെ ചെറുതാണ്‍; ഏകദേശം 150 പേജ്; അത് ഉടനെ വായിക്കണം.

വെള്ളെഴുത്ത് said...

ഈ നോവല്‍ മലയാളത്തില്‍ ഡിസി പുറത്തിറക്കിയിട്ട് വര്‍ഷം രണ്ടായി. കഥയുടെ സുഖം, നോവല്‍ പ്രത്യക്ഷത്തില്‍ തന്നേക്കില്ല. റോബി, ‘കൊമാല‘, പെഡ്രോ പരാമോ എന്ന മെക്സിക്കന്‍ നോവലിലെ ഒരു സ്ഥലത്തിന്റെ പേരാണ്. എഴുതിയത് ഹുവാന്‍ റൂള്‍ഫോ ഈ പുസ്തകത്തിനു മലയാളത്തില്‍ രണ്ടു വിവര്‍ത്തങ്ങളുണ്ട്.ആദ്യത്തേത് വിലാസിനിയുടെ. പുതിയ ബുക്ക് ഡി സി യാണ് പുറത്തിറക്കിയത് . വിവ: ജയകൃഷ്ണന്‍

ഡാലി said...

ഹിഗ്വിറ്റ എന്ന കഥവായിച്ച് ഇതേ ഫ്രീക്വന്‍സിയില്‍ ഇഷ്ടപ്പെട്ട സ്ത്രീകളുണ്ടോ എന്നറിയാന്‍ താല്പര്യമുണ്ടായിരുന്നു. ഇവിടെ ആരും കമന്റി കണ്ടില്ല.

ഫുട്ട്ബോളിന്റെ താളങ്ങളും വായിക്കാന്‍ ഒരു പ്രത്യേക ഒഴുക്കുണ്ടെന്നതൊഴിച്ചാല്‍ ഹിഗ്വിറ്റ എനിക്കിഷ്ടായില്ല. കഥ വായിക്കാനാവശ്യമായ ഫുട്ബോള്‍ എനിക്കറിയാമെന്നു തോന്നുന്നു. അവസാനം ലൂസിയെ രക്ഷിക്കാന്‍ ഗീര്‍വര്‍ഗീസച്ചന്റെ പെനാല്‍റ്റി കിക്ക് വേണ്ടി വന്നു എന്നിടത്താണെന്നു തോന്നുന്നു കഥ ഇഷ്ടക്കേടുണ്ടാക്കിയത്.

എന്‍.എസ് ന്റെ എന്റെ മകള്‍ ഒരു സ്ത്രീ വളരെ ഇഷ്ടമായ ഒന്നാണു.

Daly

t.k. formerly known as തൊമ്മന്‍ said...

വെള്ളെഴുത്ത്- വിവരത്തിന്‍ നന്ദി. നാട്ടില്‍ നിന്ന് മാറി നില്‍ക്കുന്നതുകൊണ്ട് ഒന്നും അറിയാറില്ല. വിവര്‍ത്തനം എങ്ങനെയുണ്ട്?

ഡാലി - ഒരു പക്ഷേ, ഫുട്ബോളിനോടുള്ള ഇഷ്ടം ഈ കഥ എനിക്ക് പ്രിയപ്പെട്ടതാകാന്‍ കാരണമായിട്ടുണ്ടാകാം. ഹിഗ്വിറ്റയെപ്പോലെയുള്ള ഒരു അസാധാരണ കളിക്കാരനെ, സെവന്‍സ് ഫുട്ബോള്‍ കണ്ടു/കളിച്ച് വളര്‍ന്ന ഒരു മലയാളിയുടെ ജീവിതവുമായി ബന്ധപ്പെടുത്തി, ഫലപ്രദമായി തന്റെ കഥയില്‍ ഉപയോഗപ്പെടുത്തിയതാണ്‍ എന്‍.എസ്സിന്റെ ജീനിയസ്.

t.k. formerly known as തൊമ്മന്‍ said...

ഇത് അപ്‌ഡേറ്റ് ചെയ്യാന്‍ വൈകി. The Goalie's Anxiety at the Penalty Kick എന്ന നോവല്‍ ഞാന്‍ പിന്നീട് വാങ്ങി വായിച്ചിരുന്നു. ടൈറ്റില്‍ പോലെ മൊത്തം ആകര്‍ഷകമാകില്ല അതിന്റെ വായന എന്ന് വെള്ളെഴുത്ത് പറഞ്ഞിരുന്നത് ശരിയെന്ന് തോന്നുകയും ചെയ്തു.

സിനിമ കണ്ടുതീര്‍ക്കാന്‍ വളരെ ശ്രമിച്ചെങ്കിലും പരാജയപ്പെട്ടു. കാരണം എനിക്ക് തീരെ ഇഷ്ടമില്ലാത്ത ആര്‍ട്ട് ഹൌസ് ചിത്രങ്ങളുടെ മട്ടിലുള്ളതാണ് ഇതും. അമേരിക്കയില്‍ ആര്‍ക്കെങ്കിലും കാണണമെന്ന് ആഗ്രഹമുണ്ടെങ്കില്‍ എനിക്ക് ഇ-മെയില്‍ ചെയ്യുക; ഞാന്‍ DVD അയച്ചുതരാം. നെറ്റ്‌ഫ്ലിക്സ് പോലെ മുഖ്യധാര റെന്റലിലൊന്നും ഇത് കിട്ടിയെന്ന് വരില്ല.

അനംഗാരി said...

എനിക്ക് ഇഷ്ടപ്പെട്ട പുസ്തകങ്ങളില്‍ ഒന്നാണ് ഹിഗ്വിറ്റ.

ആ സിഡി ഒന്ന് അയച്ച് തരൂ.മുന്‍‌കൂറായി നന്ദി.
മേല്‍‌വിലാസം മെയിലില്‍ തപ്പുക.