ഈ സംസ്ഥാനങ്ങളിലെ പ്രൈമറി തിരഞ്ഞെടുപ്പുകളോ, പൊതുതിരഞ്ഞെടുപ്പിന്റെ ഫലങ്ങളോ അടുത്തകാലത്തെങ്ങും നടന്ന പ്രസിഡന്റ് തിരഞ്ഞെടുപ്പുകളില്‍ ഡമോക്രാറ്റുകള്‍ക്ക് ഇത്ര പ്രാധാന്യമുള്ളതായിട്ടില്ല. പ്രൈമറി വൈകി നടക്കുന്നതുകൊണ്ട് ഇവിടങ്ങളിലെ തിരഞ്ഞെടുപ്പ് നടക്കുമ്പോഴേക്കും സ്ഥാനാര്‍ഥി ആരെന്ന് ഏതാണ്ട് തീരുമാനമായിട്ടുണ്ടാവും. പൊതുതിരഞ്ഞെടുപ്പില്‍ റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ഥിക്കെതിരെ വലിയ സാധ്യതയൊന്നുമില്ലാത്തതുകൊണ്ട് മത്സരത്തിനു പോലും ഡമോക്രാറ്റുകള്‍ മെനക്കെടാറില്ല. പക്ഷേ, ഹിലരിയും ഒബാമയും തമ്മിലുള്ള മത്സരത്തിന് ഇനിയും തീരുമാനമാകാത്തതുകൊണ്ട്, അവശേഷിക്കുന്ന പ്രൈമറികളില്‍ ഏറ്റവും കുടുതല്‍ ഡലിഗേറ്റുകള്‍ ഉള്ള സംസ്ഥാനങ്ങള്‍ എന്ന നിലയില്‍ നാളത്തെ തിരഞ്ഞെടുപ്പുകള്‍ പ്രാധാന്യമുള്ളവയായി. തന്നെയുമല്ല, നോര്‍ത്ത് കാരളൈനയില്‍ ഒബാമയ്ക്കുണ്ടായിരുന്ന വമ്പിച്ച ലീഡ്, ഹിലരിക്ക് 10% -ന് താഴേക്ക് കൊണ്ടുവരാന്‍ കഴിഞ്ഞത് അവിടത്തെ പ്രൈമറി കൂടുതല്‍ ശ്രദ്ധേയമാക്കി. അടുത്ത നാളുകള്‍ വരെ ഒബാമ ഇന്‍ഡ്യാനയില്‍ ജയിക്കുമോ എന്നു മാത്രമേ നോക്കേണ്ടിയിരുന്നുള്ളൂ. ഇപ്പോള്‍ ഹിലരി അദ്ദേഹത്തെ നോര്‍ത്ത് കാരളൈനയില്‍ അട്ടിമറിക്കുമോ എന്നുകൂടി നോക്കേണ്ടതുണ്ട്.
ന്യൂ ഹാംപ്ഷയറില്‍ നടന്നതുപോലെ അത്ഭുതങ്ങള്‍ ഒന്നും നടന്നില്ലെങ്കില്‍ (പോളുകളില്‍ ഒബാമ വളരെ മുമ്പിട്ടു നിന്നെങ്കിലും ഹിലരി അവിടെ നേരിയ ഭൂരിപക്ഷത്തിന് വിജയിച്ചു; അവിടെ അവര്‍ തോറ്റിരുന്നുവെങ്കില്‍ മത്സരം ഇത്ര നീളുമായിരുന്നില്ല), ഹിലരി ഇന്‍ഡ്യാനയിലും ഒബാമ നോര്‍ത്ത് കാരളൈനയിലും വിജയിക്കും. ബാക്കിയുള്ള 6 മത്സരങ്ങളുടെ ഫലങ്ങള്‍ക്ക് വലിയ വ്യത്യാസങ്ങള്‍ ഒന്നും ഉണ്ടാക്കാന്‍ കഴിയാത്തതുകൊണ്ട്, ഡലിഗേറ്റുകളുടെ എണ്ണത്തിലും വോട്ടുകളുടെ എണ്ണത്തിലും മുന്നിട്ടു നില്ക്കുന്ന ഒബാമ ഡമോക്രാറ്റുകളുടെ പ്രസിഡന്റ് സ്ഥാനാര്‍ഥി ആവുകയും ചെയ്യും. ഇതുവരെ ആര്‍ക്കും പിന്തുണ പ്രഖ്യാപിക്കാത്ത സൂപ്പര്‍ ഡലിഗേറ്റുകള്‍ക്ക് ഹിലരിയെ സ്ഥാനാര്‍ഥി ആക്കാന്‍ പറ്റുമെങ്കിലും ജനഹിതത്തെ മറികടന്ന് അത്തരം ഒരു തീരുമാനം അവര്‍ എടുക്കുമെന്ന് ആരും കരുതുന്നില്ല; ഹിലരി അത്തരമൊരു നീക്കത്തിനായി പരിശ്രമിക്കുന്നുണ്ടെങ്കിലും.
ഒബാമ രണ്ടിടത്തും ജയിച്ചാല്‍ പിന്നെ ഹിലരിക്ക് അധികമൊന്നും പറയാന്‍ ബാക്കി ഉണ്ടാവില്ല. അവര്‍ പിന്നെ മത്സരത്തില്‍ തുടരാനുള്ള സാധ്യത കുറവാണ്. ഒബാമ രണ്ടിടത്തും തോറ്റാല്‍ ഹിലരി വളരെ ശക്തിയാര്ജ്ജിച്ചെന്നു പറയാം. എന്നാലും അവര്‍ ഒബാമയുടെ ഡലിഗേറ്റുകളുടെ എണ്ണത്തിലുള്ള ലീഡ് മറികടക്കാനുള്ള സാധ്യത കുറവാണ് എന്ന് ഓര്‍ക്കണം. പക്ഷേ, ഹിലരിക്ക് പൊതുതിരഞ്ഞെടുപ്പില്‍ ജയിക്കാനുള്ള തന്റെ ഉയര്‍ന്ന സാധ്യത ചൂണ്ടിക്കാട്ടി സൂപ്പര്‍ ഡലിഗേറ്റുകളുടെ അടുത്ത് വാദിക്കാം. ജനങ്ങളുടെ അംഗീകാരം അത്തരമൊരു തീരുമാനത്തിന് ഉണ്ടാവുകയും ചെയ്യും.
ഹിലരിയുടെ പ്രധാന പിന്തുണ കോളജ് വിദ്യാഭ്യാസമില്ലാത്ത,പൊതുവേ പ്രായം ചെന്ന, സാധാരണക്കാരായ വെളുത്തവരാണ്. ഒബാമയുടേത് ബാക്കിയുള്ളവര്‍- ചെറുപ്പക്കാരും അഭ്യസ്തവിദ്യരും (അവസാനത്തെ കാരണം കൊണ്ട് പൊതുവേ പൈസയുള്ളവരും). ഹിസ്പ്പാനിക്കുകള്‍ നല്ലൊരു പങ്ക് ഹിലരിയെയും കറുത്തവര്‍ ഏതാണ്ട് മൊത്തം ഒബാമയെയും പിന്താങ്ങുന്നു. മറ്റു പലരീതികളിലും ധ്രുവീകരണം നടന്നിട്ടുണ്ട്. ഉദാഹരണത്തിന്, കത്തോലിക്കര്‍ നല്ലൊരു പങ്ക് ഹിലരിയെയാണ് പിന്താങ്ങുന്നത്; സ്വതന്ത്രരും, കാലുമാറിവരുന്ന റിപ്പബ്ലിക്കന്മാരും ഒബാമയെയാണ് കൂടുതലും പിന്തുണക്കുന്നത്. പക്ഷേ, ഇവയില്‍ ഏതെങ്കിലും ഗ്രൂപ്പിനെ വെറുപ്പിച്ചാല്‍ ഡമോക്രാറ്റ് സ്ഥാനാര്‍ഥിക്ക് പൊതുതിരഞ്ഞെടുപ്പില്‍ ജയിക്കുക വിഷമമാകും. അതുകൊണ്ട് ഇങ്ങനെ നീണ്ടുപോകുന്ന പ്രൈമറി പാര്‍ട്ടിയില്‍ ഭിന്നത ഉണ്ടാക്കുമോ എന്ന ഭീതി ഡമോക്രാറ്റിക് പാര്‍ട്ടി നേതൃത്വത്തിന് ഉണ്ടായിട്ടുണ്ട്. അതുകൊണ്ടാണ് പാര്‍ട്ടി ചെയര്‍മാര്‍ ഹൊവാര്‍ഡ് ഡീന്‍ സ്ഥാനാര്ഥികളിലൊരാളോട് മത്സരരംഗത്തു നിന്ന് എത്രയും വേഗം പിന്മാറാന് ആഹ്വാനം ചെയ്തിട്ടുള്ളത്.
റിപ്പബ്ലിക്കന്‍ ഭാഗത്ത് ഉണ്ടായിട്ടുള്ള, ഇന്ത്യാക്കാര്‍ക്ക് താല്പര്യമുണ്ടായേക്കാവുന്ന ഒരു വാര്‍ത്ത, ഇന്‍ഡോ-അമേരിക്കനും ലൂയിസിയാന സംസ്ഥാനത്തിന്റെ പുതിയ ഗവര്‍ണറുമായ ബോബി ജിന്ധല്‍ മക്കെയിന്റെ വൈസ് പ്രസിഡന്റ് സ്ഥാനാര്‍ഥി ആവുമോ എന്നുള്ളതാണ്. ജിന്ധല്‍ അത് നിഷേധിച്ചിട്ടുണ്ടെങ്കിലും ആ സാധ്യത മുഴുവന്‍ തള്ളിക്കളയാന്‍ പറ്റില്ല. ന്യൂ യോര്‍ക്ക് ടൈംസില്‍ അതേക്കുറിച്ചു വന്ന ഒരു കോളം ഇവിടെ.
ഒബാമയാണ് ഡമോക്രാറ്റ് സ്ഥാനാര്‍ഥി എങ്കില്‍ അദ്ദേഹം അമേരിക്കന്‍ രാഷ്ട്രീയത്തിലേക്ക് കൊണ്ടുവരുന്ന പുതുമയ്ക്കും ചെറുപ്പത്തിനുമെല്ലാം ജിന്ധല്‍ വഴി റിപ്പബ്ലിക്കന്മാര്ക്ക് മറുപടി കൊടുക്കാം. തന്നെയുമല്ല ജിന്ധല്‍ ഒബാമയെക്കാള്‍ ഏതാണ്ട് 10 വയസ്സ് കുറവാണെങ്കിലും സര്‍ക്കാര്‍ രംഗത്ത് ഭരണപരിചയം കൂടുതലുള്ള വ്യക്തിയാണ്. കത്തോലിക്കനാണ് എന്ന മറ്റൊരു വശം കൂടിയുണ്ട്. (മക്കെയിനെ പിന്തുണക്കുന്ന ജോണ്‍ ഹാഗി എന്ന പ്രൊട്ടസ്റ്റന്റ് പാസ്റ്റര്‍ കത്തോലിക്ക സഭയെ വേശ്യ എന്ന് വിശേഷിപ്പിച്ചത് പൊതുതിരഞ്ഞെടുപ്പില്‍ വീണ്ടും തലപൊക്കാന്‍ ഇടയുണ്ട്; അപ്പോള്‍ ഒരു കത്തോലിക്കന് അടുത്തുള്ളത് സഹായിക്കും.)
ഇത്തവണ പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ ജിന്ധല്‍ ഇറങ്ങില്ലെങ്കിലും ലൂയിസിയാന സംസ്ഥാനത്ത് നല്ല ഭരണം കാഴ്ചവയ്ക്കാനായാല്‍ അടുത്ത തിരഞ്ഞെടുപ്പിന് അദ്ദേഹം രംഗത്തിറങ്ങുമെന്ന് ഉറപ്പാണ്. ഒരു പക്ഷേ, മക്കെയിന്റെ കൂടെ മത്സരിക്കാതെ നേരെ പ്രസിഡന്റ് സ്ഥാനാര്‍ഥിയാവാന്‍ ശ്രമിക്കുന്നതായിരിക്കും അദ്ദേഹത്തിന്റെ രാഷ്ട്രീയഭാവിക്ക് നല്ലത്. (ജോണ്‍ കെറിയുടെ വൈസ് പ്രസിഡന്റ് സ്ഥാനാര്‍ഥിയായി ജോണ്‍ എഡ്വേര്‍ഡ്സ് തന്റെ പുതുമ നഷ്ടപ്പെടുത്തിയത് ഓര്‍ക്കുക.)
തല്ക്കാലം നാളത്തെ തിരഞ്ഞെടുപ്പു ഫലങ്ങള്‍ നോക്കി ഇരിക്കുക തന്നെ. ഇന്ത്യന്‍ സമയം ബുധനാഴ്ച വെളുപ്പിന് ഫലങ്ങള്‍ അറിവായി തുടങ്ങും.
Subscribe to:
Post Comments (Atom)
10 comments:
അമേരിക്കന്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പിലെ ഡമോക്രാറ്റുകളുടെ സ്ഥാനാര്‍ഥിയെ നിര്‍ണ്ണയിക്കുന്ന പ്രൈമറി തിരഞ്ഞെടുപ്പിലെ അവസാനത്തെ പ്രധാന മത്സരങ്ങള്‍ നാളെ അരങ്ങേറുന്നു.
ഒബാമ നോര്‍ത്ത് കാരളൈനയില്‍ പകുതി വോട്ടുകള്‍ എണ്ണിക്കഴിഞ്ഞപ്പോള്‍ 16% വോട്ടുകള്‍ക്ക് മുമ്പിലാണ്. അദ്ദേഹം അവിടെ മൃഗീയഭൂരിപക്ഷത്തിന് ജയിക്കുമെന്ന് ഉറപ്പായി.
ഹിലരിക്ക് നോമിനേഷന് ലഭിക്കാനുള്ള സാധ്യത ഇതോടെ ഇല്ലാതായി. റാലിയില്‍ ഒബാമ ചെയ്ത മനോഹരമായ victory speech മക്കെയിനുമായി നടക്കാന്‍ പോകുന്ന പൊതുതിരഞ്ഞെടുപ്പിനെ ഉദ്ദേശിച്ചുള്ളതായിരുന്നു.
ഇന്‍ഡ്യാനയിലെ മുക്കാല്‍ഭാഗം വോട്ടുകള്‍ എണ്ണിക്കഴിഞ്ഞപ്പോള്‍ ഹിലരിക്ക് വെറും 4% വോട്ടുകളുടെ ലീഡേയുള്ളൂ. എന്നാലും അവര്‍ അവിടെ വിജയിക്കുമായിരിക്കും.
ഇന്‍ഡ്യാനയില്‍ രസകരമായ ഒരു സാഹചര്യം ഉടലെടുത്തിരിക്കുകയാണ്. അവിടെ 86% വോട്ടുകള്‍ എണ്ണിക്കഴിഞ്ഞപ്പോള്‍ ഹിലരി മുന്നിലാണ്. പക്ഷേ, ഒബാമയ്ക്ക് നല്ല പിന്തുണയുള്ള, അദ്ദേഹത്തിന്റെ ആസ്ഥാനമായ ഷിക്കാഗോക്ക് അടുത്തുള്ള ലേക്ക് കൌണ്ടിയിലെയാണ് ബാക്കിയുള്ള വോട്ടുകള്‍. അവിടെ 60%-ല്‍ അധികം വോട്ടുകള്‍ ഒബാമ പിടിച്ചാല്‍ വിജയം അദ്ദേഹത്തിനാവും. അത്തരമൊരു ഫലം ഉണ്ടായാല്‍ ഹിലരി പിന്മാറുമെന്നു തന്നെയാണ് ഞാന്‍ കരുതുന്നത്.
ഇന്ഡ്യാനാപ്പോളീസില് കുറച്ചുമുമ്പ് ഹിലരി ചെയ്ത പ്രസംഗത്തിനിടെ ചെത്സി കരച്ചിലിന്റെ വക്കിലെത്തിയിരുന്നു. മകള്‍ക്കെങ്കിലും അന്തിമഫലത്തെപ്പറ്റി മനസ്സിലായിട്ടുണ്ടെന്ന് തീര്‍ച്ച. ഇനിയും സമയം കളയാതെ, ക്ലിന്റന്മാര്ക്കുള്ള ഡമോക്രാറ്റിക് പാര്‍ട്ടിയിലുള്ള പേര് കളഞ്ഞുകുളിക്കാതെ ഒബാമക്ക് നോമിനേഷന് വിട്ടുകൊടുക്കുന്നതാണ് നല്ലത്.
ലേക്ക് കൌണ്ടിയിലെ ഫലം കാത്തിരിക്കുമ്പോള്‍ ഒബാമയ്ക്ക് അവിടെ എത്ര ശതമാനം വോട്ട് ലഭിക്കണമെന്ന് ഞാന്‍ കണക്കു കൂട്ടിയെടുത്തു. സംസ്ഥാനത്തെ മൊത്തം വോട്ടുകളില്‍ 13% ആണ് അവിടെയുള്ളത്. ഒബാമ 61.7% വോട്ട് നേടുകയാണെങ്കില്‍ അദ്ദേഹത്തിന് ഇന്‍ഡ്യാനയില്‍ കേവലഭൂരിപക്ഷം ലഭിക്കും.
ലേക്ക് കൌണ്ടിയില്‍ നിന്ന് 28% വോട്ടുകള്‍ എണ്ണിയപ്പോള്‍ 75% വോട്ടുകള്‍ ഒബാമക്കുണ്ട്. ഇതേ രീതിയില്‍ പോവുകയാണെങ്കില്‍ ഒബാമ ഹിലരിയെ തോല്പിക്കും.
ചന്ദ്രക്കലാധരന്റെ കണ്കുളിര്ക്കാന് ഹിലരി
പന്തടിച്ചാടുന്നു ചാഞ്ചാടുന്നു !
അനോണിമസ്.......
15%-ല്‍ അധികം വോട്ടുകളുടെ ഭൂരിപക്ഷത്തിന് ഒബാമ നോര്‍ത്ത് കാരളൈനയില്‍ വിജയിച്ചു.
ഹിലരി ഇന്‍ഡ്യാനയില്‍ കഷ്ടിച്ച് കരകയറി; ഏകദേശം 2% ഭൂരിപക്ഷത്തിന്.
ഇന്നിയെന്താണ് തൊമ്മന് സംഭവിക്കുക. ഇത്രയൊക്കെ ആയിട്ടും മത്സരത്തില്‍ നിന്നും പിന്മാറാന് ഹില്ലാരി തയ്യാറാകാത്തതിന് പിന്നില്‍ മറ്റു വല്ല അജണ്ടകളും ഉണ്ടാകുമോ? സൂപ്പര്‍ ഡെലിഗേറ്റുകളില്‍ ഹില്ലാരിക്കുള്ള ആത്മവിശ്വാസം വെറുതെയുള്ളതല്ല എന്നാണ് തോന്നുന്നത്. എന്തു വില കൊടുത്തും അധികാരത്തിലേക്കെത്തും എന്ന പിടിവാശിയുള്ളവര്‍ എക്കാലത്തും സമൂഹത്തിന് ദോഷമേ സമ്മാനിച്ചിട്ടുള്ളൂ. അതുകൊണ്ട് തന്നെ ഇന്നിയൊരു ഹില്ലാരി മെക്കയിന് മത്സരത്തെക്കുറിച്ചോ ഹില്ലാരി അമേരിക്കന്‍ പ്രസിഡന്റാകുന്നതിനേ കുറിച്ചോ ചിന്തിക്കാന്‍ കഴിയുന്നില്ല.
പരാജയം സംഭവിച്ചു എന്ന് മനസ്സിലായിട്ടും പിന്തിരിയാത്ത ഹില്ലാരിയുടെ ശൈലി അമേരിക്കക്കോ ലോകത്തിനോ എന്തെങ്കിലും നന്മകള് പ്രദാനം ചെയ്യൂമെന്ന് കരുതാനും വകയില്ല.
ആര് ജയിച്ചാലും അമേരിക്കയുടെ വിദേശനയങ്ങളില്‍ അടിസ്ഥാനപരമായ വ്യതിയാനം ഒന്നും വരില്ലാ എങ്കിലും ഒബാമയില്‍ എന്തോ ഒരു വിശ്വാസം പോലെ.
അമേരിക്കന്‍ തിരഞ്ഞെടുപ്പ് വിശേഷങ്ങള്‍ അപ്പപ്പോള്‍ അമ്മമലയാളത്തില്‍ വായിക്കാന്‍ കഴിയുന്നത് താങ്കളുടെ ബ്ലോഗിലൂടെയാണ്.
നന്ദി.
അഞ്ചല്ക്കാരന്,
ഇപ്പോഴത്തെ സാഹചര്യത്തില്‍ തനിക്ക് നോമിനേഷന് കിട്ടാന്‍ സാധ്യതയില്ലെന്ന് ഹിലരിക്ക് അറിയാം. അവര്‍ മത്സരത്തില്‍ തുടരുന്നതിന്ന് ഈ കാരണങ്ങളാണ് ഞാന്‍ കാണുന്നത്:
- പ്രചരണത്തിന്ന് ഇതുവരെ വന്ന കടം വീട്ടുക. ഹിലരിയുടെ ക്യാംമ്പയിന് ഇപ്പോള്‍ കടത്തിലാണ്. ഇന്ന് അവര്‍ സ്വന്തം പൈസ കുറെ ഇട്ടിട്ടുണ്ട്. സ്ഥാനാര്‍ഥി ആയി നിന്നാലേ പൈസ പിരിക്കാനും; ബാക്കിയുള്ള കടം വീട്ടാനും പറ്റൂ.
- ഒബാമയെ വെടക്കാക്കി നോമിനേഷന് തനിക്കാക്കുക. ജറമയ്യ വിവാദങ്ങള്‍ പോലുള്ള എന്തെങ്കിലും സംഭവങ്ങള്‍ ഡമോക്രാറ്റിക് കണ്‍വെന്‍ഷനു മുമ്പ് സംഭവിച്ച് ഒബാമ തീരെ ദുര്‍ബലനാകുക;അത്തരമൊരു സാഹചര്യത്തില്‍ പാര്‍ട്ടി ഹിലരിയെ അവരോധിക്കുക. അഴിമതിക്ക് ഇപ്പോള്‍ വിചാരണയിരിക്കുന്ന ടോണി റിസ്ക്കോയുമായി ഒബാമയെ ബന്ധിക്കാന്‍ ഹിലരിയും റിപ്പബ്ലിക്കന്മാരും കിണഞ്ഞു പരിശ്രമിക്കുന്നുണ്ട്.
- ഒബാമക്ക് എന്തെങ്കിലും സംഭവിക്കുമെന്ന് (അദ്ദേഹത്തെ ദൈവം കാക്കട്ടെ) ആശിക്കുക. 1968-ല്‍ റോബര്‍ട്ട് കെന്നഡി ഒബാമയെപ്പോലെ ഒരു പുരോഗമനവാദിയായി പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിച്ചതാണ്. പ്രൈമറിയില്‍ നോമിനേഷന് ഏതാണ്ട് കൈപ്പിടിയില്‍ ഒതുക്കിയ അന്ന് ലോസ് ആഞ്ചലസില്‍ വച്ച് യാഥാസ്തികര്‍ അദ്ദേഹത്തെ വെടിവച്ചുകൊന്നു (കൃത്യം ചെയ്തത് ഒരു പലസ്തീനി ആണെങ്കിലും വര്ണവെറിയന്മാരായിരുന്നു അതിന്റെ പിന്നിലെന്നാണ് കരുതപ്പെടുന്നത്.)
- വെറും ego trip. കഴിഞ്ഞ ഒന്നരകൊല്ലമായി അവര്‍ ഇതിന്റെ പിന്നില്‍ നടക്കുന്നു. പെട്ടന്ന് ഒരു സുപ്രഭാതത്തില്‍ അവര്‍ക്കിത് നിറുത്താന്‍ പറ്റുമോ? ജൂണ്‍ 3-ആം തീയതി വരെ അവര്‍ ഈ നാടകം നീട്ടിക്കൊണ്ടു പോയേക്കും.
പക്ഷേ, ഹിലരി മത്സരത്തില്‍ ഇനി ചിലവഴിക്കുന്ന ഓരോ ദിവസവും ഡമോക്രാറ്റുകളെ ക്ഷീണിപ്പിക്കുകയേയുള്ളൂ.
ഈ ബ്ലോഗ് നിങ്ങള്‍ക്ക് ഉപകാരപ്രദമാകുന്നുണ്ട് എന്നറിയുന്നതില്‍ വളരെ സന്തോഷം!
Post a Comment