Sunday, June 01, 2008

പ്രൈമറി നാടകത്തിന്റെ അവസാന രംഗങ്ങള്‍ | അമേരിക്കന്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പ്

നാടകം എന്ന് ഞാന്‍ ഇവിടെ മന:പൂര്‍വ്വം എഴുതുന്നതാണ്; കാരണം ജൂണ്‍ 3-ന് അവസാനിക്കുന്ന ഡമോക്രാറ്റിക് പ്രൈമറി തിരഞ്ഞെടുപ്പുകാലത്തിന്റെ ഭാഗമായി ഇപ്പോള്‍ നടക്കുന്ന സംഭവങ്ങള്‍ മിക്കവാറും നാടകങ്ങളാണ്. കാരണം അവയ്ക്കൊന്നും ഒബാമ (അനൌദ്യോഗിക) നോമിനി ആയിക്കഴിഞ്ഞെന്ന യാഥാര്‍ത്യത്തെ മാറ്റുവാന്‍ കഴിയില്ല.

മെയ് 31-ന് കൂടിയ ഡമോക്രാറ്റിക് പാര്‍ട്ടിയുടെ ദേശീയ കമ്മറ്റി, മുമ്പ് അയോഗ്യത കല്പിച്ചിരുന്ന ഫ്ലോറിഡയിലെയും മിഷിഗണിലെയും ഡലിഗേറ്റുകള്‍ക്ക് കണ്‍‌വെന്‍ഷനില്‍ പ്രവേശനവും അവര്‍ക്ക് "പകുതി" വോട്ടും അനുവദിച്ചു കൊടുത്തു. ഒബാമ മത്സരിക്കാതിരുന്ന ഈ സംസ്ഥാനങ്ങളില്‍ ഹിലരിയാണ് വിജയിച്ചിരുന്നത്. രണ്ടിടത്തു നിന്നുമായി 24 ഡലിഗേറ്റുകളെ ഒബാമയെക്കാള്‍ അധികം ഹിലരിക്ക് കിട്ടി. ഈ സംസ്ഥാനങ്ങളിലെ ഡലിഗേറ്റുകളെക്കൂടി ഉള്‍പ്പെടുത്തുമ്പോള്‍ കേവലഭൂരിപക്ഷത്തിന് 2118 ഡലിഗേറ്റുകള്‍ വേണം. ഒബാമയ്ക്ക് ആ ലക്ഷ്‌യത്തിലെത്താന്‍ 71 ഡലിഗേറ്റുകളെക്കൂടി മതി. ഇന്ന് നടന്ന പോര്‍ട്ടൊ റീക്കോയിലെയും ജൂണ്‍ 3-ന് നടക്കുന്ന സൌത്ത് ഡക്കോട്ടയിലെയും മൊണ്ടാനയിലെയും തിരഞ്ഞെടുപ്പുകളോടെ ഡമോക്രാറ്റുകളുടെ പ്രൈമറി തിരഞ്ഞെടുപ്പ് പൂര്‍ത്തിയാകും. മൊത്തം 86 ഡലിഗേറ്റുകള്‍ ആ സംസ്ഥാനങ്ങളില്‍ നിന്ന് ഉണ്ട്; ആര്‍ക്കും കൂറു പ്രഖ്യാപിക്കാത്ത സൂപ്പര്‍ ഡലിഗേറ്റുകള്‍ ഇനി ഏതാണ്ട് 150 പേര്‍ ബാക്കി. (സൂപ്പര്‍ ഡലിഗേറ്റുകള്‍ ആര്‍ക്കു കൂറു പ്രഖ്യാപിച്ചാലും ഓഗസ്റ്റില്‍ നടക്കുന്ന കണ്‍‌വെന്‍ഷനില്‍ വച്ച് ഔദ്യോഗികമായി നോമിനിയെ തിരഞ്ഞെടുക്കുമ്പോള്‍ അവര്‍ക്ക് കാലുമാറാന്‍ നിയമതടസമില്ല; അത്തരമൊരു സാധ്യത മാത്രമാണ് ഹിലരിക്ക് ഇനി ബാക്കിയുള്ളത്.)

പോര്‍ട്ടൊ റീക്കോയില്‍ ഇന്ന് നടന്ന തിരഞ്ഞെടുപ്പില്‍ പ്രതീക്ഷിച്ചതുപോലെ ഹിലരി വന്‍‌ഭൂരിപക്ഷത്തോടെ വിജയിച്ചു. പോര്‍ട്ടൊ റീക്കോ സംസ്ഥാനമല്ല; അമേരിക്കയുടെ ഒരു പ്രവിശ്യ മാത്രമാണ്. ഡമോക്രാറ്റിക് പ്രൈമറി നടത്താറുണ്ടെങ്കിലും പോര്‍ട്ടൊ റീക്കോയെ പൊതുതിരഞ്ഞെടുപ്പില്‍ ഉള്‍പ്പെടുത്തില്ല. പക്ഷേ, പോര്‍ട്ടോ റീക്കോ വംശജരായ ധാരാളം അമേരിക്കന്‍ പൌരന്മാര്‍ ന്യൂ യോര്‍ക്ക് പോലുള്ള വന്‍‌നഗരങ്ങളില്‍ താമസിക്കുന്നുണ്ട്; അവരുടെ പിന്തുണ ആര്‍ക്കാണെന്ന് ഇപ്പോള്‍ വ്യക്തവുമാണ്.

ഇനി ബാക്കിയുള്ള തിരഞ്ഞെടുപ്പുകള്‍ സൌത്ത് ഡക്കോട്ടയിലും മൊണ്ടാനയിലുമാണ്. പോളുകളൊന്നും ലഭ്യമല്ലെങ്കിലും രണ്ടിടത്തും ഒബാമ ജയിക്കുമെന്നാണ് കരുതപ്പെടുന്നത്. വെള്ളക്കാര്‍ മാത്രമേയുള്ളൂ എങ്കിലും, തെക്കന്‍ സംസ്ഥാനങ്ങളില്‍ നിന്ന് വ്യത്യസ്തമായി, ഈ സംസ്ഥാനങ്ങളില്‍ വര്‍‌ണവെറി ഇല്ലെന്നാണ് തോന്നുന്നുന്നത്. പക്ഷേ, പൊതുതിരഞ്ഞെടുപ്പില്‍ ജയിക്കാന്‍ ഡമോക്രാറ്റുകള്‍ക്ക് വലിയ സാധ്യതയൊന്നുമില്ല ഈ സംസ്ഥാനങ്ങളില്‍.

പാസ്റ്റര്‍ ജറമയ്യ റൈറ്റിന്റെ പ്രസ്താവനകളും പ്രസംഗങ്ങളും വഴി വളരെ വിവാദമുണ്ടാക്കിയ ചിക്കാഗോയിലെ ട്രിനിറ്റി യുണൈറ്റഡ് ചര്‍ച്ച് എന്ന പള്ളിയില്‍ നിന്ന് ഒബാമ അംഗത്വം പിന്‍‌വലിച്ചു. ജറമയ്യ റൈറ്റിന്റെ പിന്നാലെ, ആ പള്ളിയില്‍ വച്ച്, ചിക്കാഗോയില്‍ തന്നെയുള്ള ഒരു (വെളുത്ത) കത്തോലിക്ക പുരോഹിതന്‍ ഹിലരിയെ കളിയാക്കി പ്രസംഗിച്ചതാണ് ഒബാമയുടെ പുറത്തുവരലിന് പ്രധാന കാരണം. ജറമയ്യ റൈറ്റിനെ തള്ളിപ്പറയാനും ഈ പള്ളിയില്‍ നിന്ന് പുറത്തുവരാനും ഒബാമ താമസിച്ചത് അദ്ദേഹത്തിന് പൊതുതിരഞ്ഞെടുപ്പില്‍ പ്രശ്നമാകും.

ഹിലരി മത്സരത്തില്‍ കടിച്ചുതൂങ്ങി നില്‍ക്കുന്നുണ്ടെങ്കിലും ജൂണ്‍ 3-ന് പ്രൈമറി കഴിയുന്നതോടെ ഒബാമയ്ക്ക് പിന്തുണ പ്രഖ്യാപിച്ച് പിന്‍‌വലിയാന്‍ തന്നെയാണ് സാധ്യത. അങ്ങനെ ചെയ്തില്ലെങ്കില്‍ ക്ലിന്റന്മാര്‍ പാര്‍ട്ടി ചരിത്രത്തിന്റെ ഇരുണ്ട ഏടുകളിലേക്ക് തള്ളപ്പെടും. ഹിലരിക്ക് അടുത്ത തവണ, പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കുന്നതിന്ന് പോയിട്ട്, കറുത്തവര്‍ക്കും ലിബറലുകള്‍ക്കും നല്ല സ്വാധീനമുള്ള ന്യൂ യോര്‍ക്ക് സംസ്ഥാനത്തില്‍ സെനറ്റ് സീറ്റ് നിലനിര്‍ത്തുന്നതു പോലും ദുഷ്ക്കരമാവുകയും ചെയ്യും.

2 comments:

t.k. formerly known as thomman said...

അമേരിക്കയിലെ ഡമോക്രാറ്റിക് പ്രൈമറി തിരഞ്ഞെടുപ്പിന്റെ അവസാ‍ന രംഗങ്ങള്‍ ഇപ്പോള്‍ അരങ്ങേറിക്കൊണ്ടിരിക്കുന്നു.

t.k. formerly known as thomman said...

ഇന്നു നടന്ന അവസാനത്തെ പ്രൈമറി തിരഞ്ഞെടുപ്പുകളില്‍ മൊണ്ടാനയില്‍ ഒബാമ ജയിച്ചെങ്കിലും അപ്രതീക്ഷിതമായി സൌത്ത് ഡക്കോട്ടയില്‍ ഹിലരിയാണ് ജയിച്ചത്.

പക്ഷേ, കേവലഭൂരിപക്ഷം നേടിയ ഒബാമ തന്റെ ചരിത്രം സൃഷ്ടിക്കുന്ന വിജയം പ്രഖ്യാപിച്ചു.