Saturday, November 01, 2008

ഒബാമയ്ക്ക് അമ്മായി വിനയാകുമോ? | അമേരിക്കന്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പ്

തിരഞ്ഞെടുപ്പിന് ഇനി 3 ദിവസങ്ങള്‍ മാത്രമേയുള്ളൂവെങ്കിലും കാര്യമായ വാര്‍ത്തകളൊന്നും കാണുന്നില്ല. ലിബറല്‍ ഡമോക്രാറ്റുകള്‍ ഒബാമയുടെ കൈയില്‍ നിന്ന് ഇലക്ഷന്‍ റിപ്പബ്ലിക്കന്മാര്‍ എങ്ങനെയെങ്കിലും തട്ടിപ്പറിക്കുമോയെന്ന് ഭയപ്പെടുന്നു; റിപ്പബ്ലിക്കന്‍ യാഥാസ്ഥികര്‍ എല്ലാം ദൈവത്തിന്റെ കൈയില്‍ അര്‍പ്പിച്ച് ചൊവ്വാഴ്ച ഒരു അത്ഭുതത്തിനു വേണ്ടി കാത്തിരിക്കുന്നു. അതിന്നിടയില്‍ ഒബാ‍മയുടെ ഒരു കെനിയക്കാരി അമ്മായി നിയമാനുസൃതമല്ലാ‍തെ അമേരിക്കയില്‍ താമസിക്കുന്ന വാര്‍ത്ത കൌശലപൂര്‍വ്വം റിപ്പബ്ലിക്കന്മാര്‍ മാധ്യമങ്ങള്‍ക്ക് ചോര്‍ത്തി കൊടുത്തിട്ടുണ്ട്. അത് ഒബാമയ്ക്ക് എത്ര ക്ഷീണമുണ്ടാക്കുമെന്നും വേറെ എന്തെങ്കിലും വജ്രായുധങ്ങള്‍ അവര്‍ ഇനി പുറത്തെടുക്കുമോയെന്നും നോക്കേണ്ടതുണ്ട്. ജെറമയ്യ റൈറ്റിനെ അവസാന നിമിഷം പൊക്കിക്കൊണ്ടുവരുമെന്ന് ഞാന്‍ പ്രതീക്ഷിച്ചിരുന്നു. ഇനി അതുണ്ടാകുമെന്ന് തോന്നുന്നില്ല.

മത്സരം കുറച്ചുകൂടി മുറുകുന്നുണ്ടെന്ന് ചില പോളുകള്‍ സൂചിപ്പിക്കുന്നുണ്ടെങ്കിലും അവയുടെ ഫലങ്ങള്‍ ഒബാമയുടെ വിജയം ഉറപ്പാണെന്നു തന്നെയാണ് കാണിക്കുന്നത്. ഈയാഴ്ചത്തെ ‘ഇക്കണോമിസ്റ്റ്’ വായിച്ച് താഴെ വച്ചതേയുള്ളൂ; ഒബാമയെ അവര്‍ വലിയ താല്പര്യത്തോടെയല്ല എങ്കിലും എന്‍‌ഡോഴ്സ് ചെയ്തു; പക്ഷേ, ഒബാമ ജയിക്കും എന്നതിന്ന് അവര്‍ നിരത്തുന്ന കണക്കുകള്‍ തെറ്റാകാന്‍ സാധ്യത വളരെ കുറവാണ്.

ഇന്നലെ ഏറ്റവും പ്രചാരം കിട്ടിയ വാര്‍ത്ത മക്കെയിന്റെ സംസ്ഥാനമായ അരിസോണയില്‍ ഒബാമ പ്രചരണം ആരംഭിച്ചതാണെന്ന് തോന്നുന്നു. അവിടെ വിജയിക്കുന്നതിനേക്കാള്‍ മക്കയിനെ മാനസികമായി തകര്‍ക്കാനുള്ള ഒരു തന്ത്രമായിട്ടാണ് അത് എനിക്ക് തോന്നുന്നത്. അതുപോലെ സാധാരണ റിപ്പബ്ലിക്കന്‍മാരെ പിന്തുണച്ചുപോന്ന ജോര്‍ജിയ, നോര്‍ത്ത് ഡക്കോട്ട എന്നീ സംസ്ഥാനങ്ങളിലും ഒബാമ പ്രചരണം തുടങ്ങുന്നുണ്ട്. പോളുകളില്‍ ഈ സംസ്ഥാനങ്ങളില്‍ വര്‍ദ്ധിച്ച പിന്തുണ കണ്ടതുകൊണ്ടാണ് ഒരിക്കല്‍ അവിടങ്ങളില്‍ നിറുത്തി വച്ച പ്രചരണം പുനരാരംഭിച്ചിട്ടുള്ളത്. മൊണ്ടാനയിലും ചില പോളുകളില്‍ ഒബാമ മുന്നിലെത്തിയിട്ടുണ്ട്.

ഞാന്‍ ഇതിന്ന് മുമ്പ് പറഞ്ഞിട്ടുള്ള കാള്‍ റോവിന്റെ പോള്‍ അഗ്രിഗേറ്റര്‍ (http://rove.com/election) ഒബാമയുടെ വ്യക്തമായ വിജയത്തെയാണ് സൂചിപ്പിക്കുന്നത്. അതില്‍ 311 ഇലക്ടറല്‍ വോട്ടാണ് ഒബാമയ്ക്ക് കിട്ടുന്നത് (ജയിക്കാന്‍ 270 മതി). രണ്ടുപേര്‍ക്കും സാധ്യതയുള്ളതായിട്ട് 70 വോട്ടുകളും. കാള്‍ റോവ് ചാരുകസാല പണ്ഡിതനല്ല; കൃത്യമായി ഓരോ സംസ്ഥാനങ്ങളിലെയും രാഷ്ട്രീയകാലാവസ്ഥയെപ്പറ്റി അറിയാവുന്ന ആളാണ്. അതുകൊണ്ട് ഈ നിഗമനങ്ങള്‍ക്ക് മറ്റു മാധ്യമങ്ങളില്‍ വരുന്ന അതേ രീതിയിലുള്ള വിവരങ്ങളേക്കാള്‍ പ്രാധാന്യമുണ്ട്.

തിരഞ്ഞെടുപ്പിന്റെ അന്ന് ഞാന്‍ ലൈവ് ബ്ലോഗ് ചെയ്യുന്നുണ്ട്. പങ്കെടുക്കാന്‍ ശ്രമിക്കുക. അതിനൊരു പ്രത്യേക പോസ്റ്റായിരിക്കും ഞാന്‍ ഉപയോഗിക്കുന്നത്. നിങ്ങള്‍ക്ക് തിരഞ്ഞെടുപ്പ് പിന്തുടരാന്‍ എന്തെങ്കിലും പദ്ധതി ഉണ്ടെങ്കില്‍ എന്നെയും അറിയിക്കുക.

എന്റെ ഇലക്ടറല്‍ കോളജ് നിഗമനങ്ങള്‍ താഴെ:

ആകെയുള്ള ഇലക്ടറല്‍ വോട്ടുകള്‍: 538
ഒബാമയ്ക്ക് കിട്ടുമെന്ന് ഉറപ്പുള്ള ഇലക്ടറന്മാര്‍ - 302 (കേവല ഭൂരിപക്ഷത്തിന് 270). പെന്‍സില്‍‌വേനിയ, വിര്‍ജീനിയ, കൊളറാഡോ, നെവാഡ, മിസ്സോറി എന്നീ സംസ്ഥാനങ്ങള്‍ ഞാന്‍ ഒബാമ പക്ഷത്താണ് കൂട്ടിയിട്ടുള്ളത്.
മക്കെയിന് കിട്ടുമെന്ന് ഉറപ്പുള്ള ഇലക്ടറന്മാര്‍ - 163. മൊണ്ടാന, അരിസോണ, നോര്‍ത്ത് ഡക്കോട്ട, ജോര്‍ജിയ എന്നീ സംസ്ഥാനങ്ങള്‍ മക്കെയിന്റെ പക്ഷത്താണ് കൂട്ടിയിട്ടുള്ളത്. അടുത്തയിടെ അദ്ദേഹത്തിന് ഇവിടങ്ങളില്‍ മത്സരം കടുപ്പമായിട്ടുണ്ട്.

രണ്ടുപേര്‍ക്കും സാധ്യതയുള്ള സംസ്ഥാനങ്ങളും അവിടങ്ങളില്‍ ജയിക്കാന്‍ ഞാന്‍ ഇപ്പോള്‍ ഏറ്റവും സാധ്യത കാണുന്ന ആളും:
ഫ്ലോറിഡ(27) - ഒബാമ
ഇന്‍‌ഡ്യാ‍ന(11) - മക്കെയിന്‍
ഒഹായോ(20) - മക്കെയിന്‍
നോര്‍ത്ത് കാരളൈന(15) - മക്കെയിന്‍

അവസാന നില: ഒബാമ (329); മക്കെയിന്‍ (209)

6 comments:

കാളിയമ്പി said...

കശിഞ്ഞ തിരഞ്ഞെടുപ്പില്‍ അല്‍ഗോര്‍ ജയിച്ചുവന്നപ്പോള്‍ എന്തൊക്കെയോ അട്ടിമറികള്‍ മാധ്യമങ്ങളും റിപ്പബ്ലിക്കന്മാരും ചേര്‍ന്ന് നടത്തി വോട്ടെണ്ണിക്കഴിഞ്ഞ് ബുഷിനെ ജയിപ്പിച്ചെന്നും മറ്റും നമ്മുടെ മൈക്കിള്‍ മൂറേട്ടന്‍,(അങ്ങേരത് ഫാരന്‍‌ഹീറ്റ് നയനിലവണ്‍ ഡോക്യുമെന്ററിയിലും, Stupid White Men ലും പറഞ്ഞിരിയ്ക്കുന്നു.) മറ്റുചില ബുഷ് വിരോധികള്‍ പറയുന്നതില്‍ വല്ല സത്യവുമുണ്ടോ ടീ കേ?

ഉണ്ടെങ്കില്‍ ഇത്തവണയും അവസാനനിമിഷത്തിലെ ആ അട്ടിമറിയ്ക്കുള്ള സാധ്യതയെത്രയാണ്?

എന്തായലും ഒന്ന് മറക്കാനാവില്ല. ലോക മാധ്യമങ്ങള്‍ ആദ്യൊക്കെ ഒബാമയെ നക്കി നക്കിയിരുന്നെങ്കിലും കഴിഞ്ഞ രണ്ട് മൂന്ന് ദിവസമായി അവസാനം കൊല്ലാനുള്ള തയ്യറെടുപ്പിലാണെന്ന് ഈ ടെലിയൊക്കെ കണ്ടോണ്ടിരിയ്ക്കണ ഏതൊരു കൊച്ച് കുഞ്ഞിനും മനസ്സിലാവും.എല്ലാം പ്രൊപ്പഗാണ്ടകള്‍. കണ്ടോണ്ടിരിയ്ക്കുന്നവന്‍ ഇത്ര മണ്ടനോ എന്നു തോന്നും.

മക്കെയിന്‍ പാവം. വയതായി. സാറാപാലിന്‍ ചേച്ചിയ്ക്ക് അധികാരക്കൈമാറ്റത്തിനു തയാറെടുക്കുന്നപോലെ തോന്നുന്നു വാര്‍ത്തയൊക്കെ കാണുമ്പോള്‍. പ്രാജാപതി ചേച്ചിയ്ക്ക് അമേരിയ്ക്കായിലും തൂറാന്‍ മുട്ടിത്തുടങ്ങിയെന്ന സ്റ്റയിലില്‍.

എന്തരോ വരട്ട്..ഭാരതീയനെന്ന നിലയില്‍ ഒന്നു മറക്കാനാവില്ല. ഭാരതത്തിന്റെ ഭരണഘടനയും, തിരഞ്ഞെടുപ്പ് സംവിധാനവും ഒക്കെ എഴുതിയുണ്ടക്കിയ അപ്പൂപ്പന്മാരെ ..അംബേദ്കറാദികളെ ഒന്നു കാണാന്‍ കഴിഞ്ഞാല്‍ നൂറ്റിയിരുപത് കിലോ വച്ച് ഞാന്‍ നൂറു പുഷപ്പെടുക്കും... ആ പാദാരവിന്ദങ്ങളില്‍.

ലാലുവാവട്ട്, അമ്മച്ചിയാവട്ട്, അഴിമതിയാവട്ട്, നൂറുഭാഷ നൂറുദേശം നൂറുനിറം, വര്‍ഗ്ഗീയത എന്തുമാവട്ട്...നമ്മളുതന്നെ മെച്ചമെന്റെ പഹവാനേ..

t.k. formerly known as thomman said...

അംബി,
2000-ല്‍ ഫ്ലോറിഡയില്‍ ബാലറ്റിലും വോട്ട് എണ്ണുന്നതിലുമൊക്കെ ക്രമക്കേട് നടന്നെന്ന് ആരോപണങ്ങള്‍ ഉണ്ട്. ബുഷ് അവിടെ ഏകദേശം 500 വോട്ടുകള്‍ക്കാണ് ജയിച്ചതെന്നുകൂടി ചേര്‍ത്തുവായിക്കുമ്പോള്‍ ആ ക്രമക്കേടുകള്‍ ഒരു പക്ഷേ ഗോറിന്ന് ഇലക്ഷന്‍ നഷ്ടപ്പെടാന്‍ ഇടയായിട്ടുണ്ടാകാം എന്ന് കാണാം. 2004-ല്‍ ഒഹായോയില്‍ ബുഷിന് അനുകൂലമായി വോട്ടിംഗ് യന്ത്രങ്ങളില്‍ കൃത്രിമം നടത്തി വോട്ട് മറിച്ചെന്നുമൊക്കെ ആരോപണമുണ്ട്. പക്ഷേ, ഇവയൊന്നും സംശയാതീതമായി തെളിയിക്കപ്പെട്ടിട്ടൊന്നുമില്ല.

ഒരു സത്യമുള്ളത്, ഇലക്ഷന്‍ ജയിക്കാന്‍ വേണ്ടി വലതുപക്ഷക്കാര്‍ എന്തും ചെയ്യാന്‍ മടിക്കാത്തവര്‍ ആണെന്നുള്ളതാണ്. ഡമോക്രാറ്റുകളുടെ പേടി അതാണ്; ഇത്തവണയും ഇലക്ഷന്‍ തട്ടിയെടുക്കുമോ എന്ന്.

തിരഞ്ഞെടുപ്പിന്റെ നടത്തിപ്പിന്റെ കാര്യത്തില്‍ ഇന്ത്യയുടെ സംവിധാനം വളരെ മികച്ചതാണ്. പക്ഷേ, സ്വന്തം കഴിവുകൊണ്ട് ഒബാമയെപ്പോലെ ഒരാള്‍ക്ക് ഇന്ത്യയില്‍ പ്രധാനമന്ത്രിപദം വരെ എത്താന്‍ കഴിയുമോ? സംശയമാണ്. എത്രയോ മിടുക്കന്മാരായ ചെറുപ്പക്കാരുടെ ഭാവി പാര്‍ട്ടി ബോസുമാരുടെ കനിവില്ലാത്തതിനാല്‍ ഇരുളടഞ്ഞുപോകുന്നു.

അവസാനം പറഞ്ഞത് വളരെ കൃത്യം: ഇത്ര വൈവിധ്യങ്ങള്‍ നിറഞ്ഞ ഒരു നാട്ടില്‍ ജനാധിപത്യം ഇത്ര ശക്തമായി വേരുപിടിച്ചതിന്ന് മികച്ച ഭരണഘടന ഒരു പ്രധാന കാരണം തന്നെ ആണെന്നു തോന്നുന്നു. നെഹ്‌റുവിന്നെപ്പോലെ ഒരു പ്രധാനമന്ത്രിയെ തുടക്കത്തില്‍ കിട്ടിയതും മറ്റൊരു പ്രധാന കാരണമായി എനിക്ക് തോന്നുന്നുണ്ട്.

വര്‍ക്കേഴ്സ് ഫോറം said...

തൊമ്മാ
താങ്കളുടെ അവലോകനങ്ങള്‍ ശ്രദ്ധാപൂര്‍വം പിന്തുടരുന്നുണ്ട്. നൂറില്‍ നൂറ് മാര്‍ക്ക് കിട്ടട്ടെ എന്നാശംസിക്കുന്നു. 90 എന്തായാലും ഉറപ്പാണെന്നു തോന്നുന്നു. പിന്നെ ഇതങ്ങ് ഇഷ്ടപ്പെട്ടു,
“ഒരു സത്യമുള്ളത്, ഇലക്ഷന്‍ ജയിക്കാന്‍ വേണ്ടി വലതുപക്ഷക്കാര്‍ എന്തും ചെയ്യാന്‍ മടിക്കാത്തവര്‍ ആണെന്നുള്ളതാണ്. ഡമോക്രാറ്റുകളുടെ പേടി ”.

അംബീ
തെരഞ്ഞെടുപ്പ് ക്രമക്കേടുകളെ പറ്റി ഒരു പഴയ പോസ്റ്റ് ഇവിടുണ്ട്
http://workersforum.blogspot.com/2008/03/blog-post_11.html

“അംബേദ്കറാദികളെ ഒന്നു കാണാന്‍ കഴിഞ്ഞാല്‍ നൂറ്റിയിരുപത് കിലോ വച്ച് ഞാന്‍ നൂറു പുഷപ്പെടുക്കും... ആ പാദാരവിന്ദങ്ങളില്‍” എന്ന
പ്രയോഗം ‘ക്ഷ’ പിടിച്ചു. മനോഹരം.കാലോചിതം.

കാളിയമ്പി said...

ഈ തിരഞ്ഞെടുപ്പ് മുറുകിയിരിയ്ക്കുന്ന അവസ്ഥയില്‍ അങ്ങനെയൊരു കമന്റിടുന്നതിന് ക്ഷമിയ്ക്കുക.

ടീകേ., നെഹ്രു മികച്ച ഭരണാധികാരിയായിരുന്നു, വിഷണറിയായിരുന്നു, പണ്ഡിതനായിരുന്നു സംശയമില്ല.ഞാന്‍ അദ്ദേഹത്തെ ആദരിയ്ക്കുന്നു. പക്ഷേ ഇന്‍ഡ്യന്‍ ജനാധിപത്യത്തിലെ ഒരു വലിയ തിരിഞ്ഞുപോക്കിനും കാരണമായത് അദ്ദേഹത്തിന്റെ സ്വജനപക്ഷപാതമായിരുന്നു. മക്കള്‍തായം ഭാരതീയ ജനാധിപത്യ സംവിധാനത്തില്‍ പ്രതിഷ്ടിച്ചതിന് അദ്ദേഹത്തിന് വളരെ പങ്കുണ്ട്.ഭാരതീയ ജനാധിപത്യ സംവിധാനം ഒരു പത്തിരുപത് കൊല്ലം ഒരു മങ്ങലായതിനും, അടിയന്തിരാവസ്ഥ വരെയെത്തിയ കാര്യങ്ങള്‍ക്കും വഴിതെളിച്ചതിനും കാരണം അദേഹം ഇന്ദിരയെ കൊണ്ടുവന്നത് തന്നെ. ഇന്നും കോണ്‍ഗ്രസ്സിന്റെ ഏറ്റവും വലിയ എതിരാളി അവരുടെയിടയിലെ നെഹ്രു കുടുംബ വിധേയത്തമാണ്. എത്ര നല്ലവര്‍ അതുകാരണം ആ പാര്‍ട്ടി വിട്ടുപോയി..

ഭാരതത്തിലെ സംവിധാനം കുറ്റമറ്റതാക്കുന്നതില്‍ ഏറ്റവും വലിയകാരണം ആദ്യത്തെ ഭരണഘടനാ കമ്മിറ്റിയും അതിന്റെ സാരധിയായ ബാബാ സാഹെബ് അംബേദ്കറും തന്നെ. നെഹ്രുവിനോടും ഗാന്ധിജിയോടൊപ്പവും ഒന്നും നമ്മള്‍ പറയാറില്ലെങ്കിലും അദ്ദേഹമാണ് ഈ ആധുനിക ഇന്‍ഡ്യയുടെ ശില്‍പ്പി എന്നു പറയാം.(അങ്ങനെയാണ് പറയുന്നതല്ലേ:) അല്ലെങ്കില്‍..അരാണു മെച്ചമെന്നൊന്നും പറഞ്ഞിരിയ്ക്കുന്നതില്‍ വല്യ കാര്യമൊന്നുമില്ല. എല്ലാവരുടെയും കളക്റ്റീവ് ആയുള്ള പ്രയത്നമാണ് ഭാരതത്തെ ഉണ്ടാക്കിയത്.പട്ടേലിനെപ്പോലെയുള്ള ഒരാളെ അന്ന് കിട്ടിയില്ലായിരുന്നെങ്കില്‍ എന്ത് ചെയ്തേനേ ? 600 പ്രിന്‍സ്ലീ സ്റ്റേറ്റുകളില്‍. സകല അടവും അദ്ദേഹം പ്രയോഗിച്ചു. ലീനിയര്‍ ആയി ചിന്തിച്ചാല്‍ അതില്‍ ചില അധര്‍മ്മങ്ങളൊക്കെ കാണാം.പക്ഷേ എല്ലാം നാം വിചാരിയ്ക്കുന്നതു പോലെ അത്ര ലീനിയര്‍ അല്ലല്ലോ..

അല്ലെങ്കിലെന്ത്..പാകിസ്ഥാനെ കണ്ടില്ലേ..അവരും നമ്മളും തമ്മിലുള്ള വ്യത്യാസം ആ ഭരണഘടന മാത്രമേയുള്ളൂ..അവിടെയാണ് ഭരണഘടനാ കമ്മിറ്റിയുടെയും ബാബാസാഹിബിന്റേയും സ്ഥാനം.

പിന്നെ ഒരു വാല്‍ക്കഷണവും കൂടെയുണ്ട്.

പാര്‍ളമെന്ററി ജനാധിപത്യത്തിനെപ്പറ്റിയുള്ള ഏതോ സെമിനാറില്‍ വച്ച് ശ്രീമാന്‍ ശശി തരൂരിനെപ്പോലെയുള്ള പുംഗവനമാരൊക്കെ ചേര്‍ന്ന് പ്രധാനമന്ത്രിയെ ഇന്‍ഡ്യയിലെ സാധാരണ ജനങ്ങള്‍ തിരഞ്ഞെടുക്കുന്ന രീതിയുണ്ടാക്കണം എന്ന് പറഞ്ഞുവത്രേ.
(അതായത് പ്രധാനമന്ത്രി ഏലിയാസ് പ്രസിഡന്റ്) കേട്ടപ്പോല്‍ വല്യ കഷ്ടം തോന്നി.... ഒരാളില്‍ കേന്ദ്രീകരിച്ചുള്ള തിരഞ്ഞെടുപ്പും അനുബന്ധ നടപടികളും ക്രമേണ അധികാര കേന്ദ്രീകരണമ്മുണ്ടക്കുമെന്നും, അധികാര കേന്ദ്രീകരണം വിവിധഭാഷാദേശമത ഐഡന്റികളുള്ള ഒരു വലിയ ജനവിഭാഗത്തിന്റെ അസംതൃപ്തികള്‍ക്കും അസമത്വങ്ങള്‍ക്കും കാരണമാകുമെന്നും, അത് അവസാനം സിസ്റ്റത്തിന്റെ നാശത്തിനു കാരണമാകുമെന്നും ഉള്ള (ഭാരതത്തിനെക്കുറിച്ചുള്ള) മിനിമം അറിവുപോലുമില്ലാതെയാണല്ലോ ഇയാളൊക്കെ ഐക്യരാഷ്ട്ര സഭയില്‍ ഭാരതം താ‍ങ്ങി ജനറല്‍ സെക്രട്ടറിയാവാന്‍ ഉടുപ്പെക്കൊക്കെ തയ്പ്പിച്ചതെന്നോര്‍ത്തപ്പോള്‍‍..ശരിയ്ക്കും കഷ്ടം തോന്നി.

ഇയാളൊക്കെ സമ്മര്‍ദ്ദം ചെലുത്താവുന്ന സ്ഥാനത്തൊക്കെയുണ്ടല്ലോ എന്നോര്‍ക്കുമ്പോള്‍ ഭീതിയും.

ഈ യെം എസ് ആണ് ആധുനിക കാലത്തെ മറ്റൊരു സൂത്രധാരന്‍. ഈ പിന്താങ്ങല്‍ ജനാധിപത്യവും മുന്നണി ഭരണവും ആസൂത്രണം ചെയ്തതിന് അദ്ദേഹത്തിന് എത്ര നന്ദി പറഞ്ഞാലും മതിവരില്ല.കുതിരക്കച്ചവടമൊക്കെ ഉണ്ടെങ്കിലും സകല പ്രാദേശിക വികാരവും അടക്കി നിര്‍ത്താന്‍ ഇതിലും നല്ലൊരു സംവിധാനമില്ല.

അതു പോട്ട് പറഞ്ഞില്ലെങ്കില്‍ മറന്നുപോകുമെന്ന് വച്ച് എഴുതിയെന്നേ ഉള്ളൂ.

അമേരിയ്ക്കന്‍ തിരഞ്ഞെടുപ്പ് നടക്കട്ടേ..

ഈ വലിയ ഓഫിനു പെരുത്ത് സോറി

t.k. formerly known as thomman said...

വര്‍ക്കേഴ്‌സ് ഫോറം,
ആശയതലത്തില്‍ നമുക്ക് ധാരാളം വിയോജിപ്പുകള്‍ ഉണ്ടെങ്കിലും ഒബാമയെപ്പോലെ ഒരാള്‍ അമേരിക്കന്‍ പ്രസിഡന്റാവേണ്ടതുപോലുള്ള മിനിമം പരിപാടികളില്‍ നമുക്ക് സഹകരിക്കാമെന്നു തോന്നുന്നു :-)

അംബി,
നെഹ്‌റുവിനെപ്പറ്റിയുള്ള അഭിപ്രായത്തോട് ഞാന്‍ യോജിക്കുന്നില്ല. ത്വരിതഗതിയിലുള്ള വികസനത്തിന് അദ്ദേഹത്തിന്റെ നയങ്ങള്‍ അനുകൂലമല്ലായിരുന്നെങ്കിലും അദ്ദേഹത്തിന്റെ വിദ്യാഭ്യാസനയങ്ങളും ജനാധിപത്യ സ്ഥാപനങ്ങള്‍ ശക്തി പ്രാപിക്കാന്‍ (കുറഞ്ഞപക്ഷം നിരുത്സാഹപ്പെടുത്താതിരുന്ന)ഉതകിയ ഭരണക്രമവും ദീര്‍‌ഘകാലാടിസ്ഥാനത്തില്‍ രാജ്യത്തിന് ഗുണം ചെയ്തു എന്നാണ് എനിക്ക് തോന്നുന്നത്. ഈ വിഷയം എനിക്ക് വളരെ താല്പര്യമുള്ളതാണ്; പോസ്റ്റ് ഇടുകയാണെങ്കില്‍ ചര്‍ച്ച ചെയ്യാന്‍ കൂടാം.

പ്രസിഡന്‍‌ഷ്യല്‍ ഭരണക്രമം ഇന്ത്യയെപ്പോലെ വൈവിധ്യമുള്ള ഒരു രാജ്യത്തിന് ചേര്‍ന്നതാണെന്നു എനിക്കും തോന്നുന്നില്ല.

മാണിക്യം said...

കമ്പ്യൂട്ടറ് വോട്ട് രേഖപ്പെടുത്തുന്ന സ്ഥലത്ത് ആര്‍ക്ക് വോട്ട് എന്ന് തെളിവില്ല ഒരു സ്ഥാനാര്‍ദ്ധിക്ക് വോട്ട് അടയാളപ്പെടുത്തുമ്പോള്‍ കീയില്‍ ആവശ്യത്തിനു പ്രഷറ് ഇല്ലങ്കില്‍ ആ വോട്ട് എതിര്‍ സ്ഥാനാര്ദ്ധിക്ക് എന്ന് രേഖപ്പെടും , അസാധു എന്നാവുന്നില്ല.
കമ്പ്യൂട്ടറ് ഉപയോഗിക്കാന്‍ അറിയാത്ത എത്ര എങ്കിലും ആളുകള്‍ ഉണ്ട്. ഇതും അപ്പോള്‍ പ്രശനം ആവും.
അതുപോലേ ഏറിയാ അനുസരിച്ച് ബൂത്തുകള്‍ ആളുകളുടെ എണ്ണം അല്ലാ കണക്കാക്കിയത് . ഈ തണുപ്പില്‍ അപ്പോള്‍ എത്ര സമയം ക്യൂ ആയീ നില്‍ക്കണം ? ഇതോക്കെ വൊട്ടിങ്ങിനെ ബാധിക്കും.

ഒബാമ ജയിക്കണം ...
ജയിക്കുമോ?
മണിക്കുറുകള്‍ ബാക്കി .എന്തായാലും കണ്ടിടത്തോളം ഇന്ത്യന്‍ ഡെമോക്രസ്സി തന്നെ എത്രയോ മുന്നില്‍.
റോക്കറ്റ് വിക്ഷേപിക്കാനും ലോകപോലീസ് കളിക്കാനും ഇറങ്ങുന്നാ അമേരിക്കക്ക് മാനമായി ഒരു തിരഞ്ഞെടൂപ്പ് നടത്താനറിയില്ല. ഇവിടെ ഒരോ വിഭാഗത്തിനും ഓരോ നീതി....
അല്ലെലും യൂറോപ്യന്‍ ജയിലുകളുടെ അഴികള്‍ക്ക് ഉള്‍കൊള്ളാന്‍ വയ്യാത്ത കുറ്റവാളികളുടെ പിന്മുറക്കാര്‍ക്ക്
എന്തു ധര്‍മ്മം?
എന്തു ന്യായം?
എന്തു നിതി?