Tuesday, November 04, 2008

ഒബാമ തന്നെ | അമേരിക്കന്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പ്



(ചിത്രം എടുത്തത് ഈ വാര്‍ത്തയില്‍ നിന്ന്.)

പോളുകളുടെ ഫലങ്ങളും രാഷ്ടീയസാഹചര്യവും മറ്റും ഒബാമയുടെ വിജയം നേരത്തേ ഉറപ്പാക്കിയിരുന്നെങ്കിലും സത്യത്തില്‍ ഇലക്ടറല്‍ കോളജില്‍ ലീഡ് നേടിയതിന്നു ശേഷമേ അദ്ദേഹം അടുത്ത പ്രസിഡന്റാവുമെന്ന് വിശ്വസിക്കാന്‍ കഴിഞ്ഞുള്ളൂ. ഏകദേശം 2 വര്‍ഷങ്ങള്‍ക്ക് മുമ്പ് വളരെ ചെറിയ പൈസയും പിന്തുണയും അപരിചിതമായ ഒരു പേരിന്റെ ബാധ്യതയുമായി തുടങ്ങിയ അദ്ദേഹത്തിന്റെ പരിശ്രമം പലതരത്തിലുള്ള പ്രതിബന്ധങ്ങള്‍ തരണം ചെയ്ത് ഇന്ന് വിജയത്തിലെത്തി. ബറാക്ക് ഹുസൈന്‍ ഒബാമ ഇന്ന് അമേരിക്കന്‍ പ്രസിഡന്റ്-ഇലക്ട് ആയി തിരഞ്ഞെടുക്കപ്പെട്ടു. അതിന്നിടയില്‍ പല ചരിത്രങ്ങളും കുറിക്കപ്പെട്ടു; പഴയ രാഷ്ട്രീയതന്ത്രങ്ങള്‍ തിരസ്ക്കരിക്കപ്പെട്ടു, പുതിയവ രൂപീകരിക്കപ്പെട്ടു. കഴിവും കഠിനാദ്ധ്വാനവും കൊണ്ട് ആര്‍ക്കും എന്തും നേടാമെന്ന അതിമനോഹരമായ അമേരിക്കന്‍ ആശയത്തില്‍ ലോകജനത വിശ്വസിക്കേണ്ടതിന്ന് ഒബാമ ഇന്ന് മറ്റൊരു മാതൃകയായി. അമേരിക്കന്‍ ചരിത്രത്തിന്റെ താളുകളില്‍ ഒബാമ എന്നത്തേക്കുമായി സ്ഥാനം പിടിച്ചു; അദ്ദേഹത്തിന്റെ തന്നെ നാട്ടുകാരനായിരുന്ന ഏബ്രഹാം ലിങ്കനെപ്പോലെ.

അമേരിക്ക ഇപ്പോള്‍ ആഘോഷിക്കുകയാണ്. ചിക്കാഗോയിലെ ഗ്രാന്റ് പാര്‍ക്കില്‍ നടന്ന ഒബാമയുടെ വിക്ടറി റാലിയിക്ക് എത്തിയ ഒരു ലക്ഷത്തിലധികം പേരില്‍ പലരുടെയും കണ്ണുകള്‍ നിറഞ്ഞിരുന്നു. സിവില്‍ റൈറ്റ്സ് മൂവ്‌മെന്റിലെ അതികായനായ റവ. ജെസി ജാക്സനും സ്വന്തം ജനപ്രീതി പോലും നഷ്ടപ്പെടുത്തി ഒബാമയെ പ്രൈമറി സമയത്ത് വളരെ സഹായിച്ച ഓപ്ര വിന്‍ഫ്രീയും പരസ്യമായി അവിടെ നിന്ന് കരഞ്ഞവരുടെ കൂട്ടത്തില്‍ ഉണ്ടായിരുന്നു.

ഒബാമയുടെ വിക്ടറി പ്രസംഗം ഇവിടെ കാണുക; വായിക്കുക.

പ്രതീക്ഷയിലൂന്നിയ ഒബാമയുടെ സന്ദേശം ജനങ്ങള്‍ വിശ്വസിച്ചു എന്നു തന്നെ വേണം കരുതാന്‍. ജനുവരി 20-ന് ശേഷം ഒബാമയുടെ നേതൃത്വത്തില്‍ ഒരു പുതിയ അമേരിക്കയെയാണ് നാം കാണാന്‍ പോകുന്നത്: അമേരിക്കയെയും അതുവഴി ലോകത്തെയും സാമ്പത്തിക പ്രതിസന്ധിയില്‍ നിന്ന് രക്ഷിക്കുക; അമേരിക്കയെ ലോകജനതയുമായി പുനരൈക്യപ്പെടുത്തുകയും അതിന്റെ അര്‍ഹമായ സ്ഥാനം ലോകത്തില്‍ പുന:സ്ഥാപിക്കുകയും ചെയ്യുക; അനാവശ്യ യുദ്ധങ്ങളില്‍ നിന്ന് പിന്മാറുക; ആരോഗ്യപരിപാലന രംഗത്ത് അമേരിക്കയെ മറ്റു വികസിത രാജ്യങ്ങളുടെ നിലയിലേക്ക് എത്തിക്കുക; ഊര്‍ജ്ജരംഗത്ത് സ്വയംപര്യാപ്തത കൈവരിക്കുക തുടങ്ങി പ്രധാനപ്പെട്ട കാര്യങ്ങളില്‍ അദ്ദേഹം തന്നിരിക്കുന്ന വാഗ്ദാനങ്ങള്‍ എങ്ങനെയാണ് നിറവേറ്റപ്പെടാന്‍ പോകുന്നതെന്ന് ഇനി നോക്കിയിരിക്കേണ്ട കാര്യങ്ങള്‍ ആണ്.

മാര്‍ട്ടിന്‍ ലൂതര്‍ കിംഗിന്റെ മഹനീയമായ സ്വപ്നം ഒബാമ ആയിരുന്നു എന്ന് എനിക്ക് തോന്നുന്നില്ല; പക്ഷേ, ആ സ്വപ്നത്തിന്റെ സാക്ഷാല്‍ക്കാരത്തിലേക്കുള്ള പുറപ്പാടിന്റെ മുന്നില്‍ ഒബാമ ഉണ്ടായിരിക്കും എന്ന് നമുക്ക് ആശിക്കാം.

താങ്കള്‍ ഇത് കാണില്ലെങ്കിലും, വെല്‍ ഡണ്‍ ഒബാമ! അമേരിക്കയിലുള്ള എന്റെ വിശ്വാസം വര്‍ദ്ധിക്കാന്‍ പ്രൈമറി മുതലുള്ള താങ്കളുടെ വിജയങ്ങള്‍ കുറച്ചൊന്നുമല്ല സഹായിച്ചിട്ടുള്ളത്.

7 comments:

t.k. formerly known as thomman said...

പ്രതീക്ഷിച്ചതുപോലെ ഒബാമ തന്നെ അമേരിക്കന്‍ പ്രസിഡന്റ്.

സാജന്‍| SAJAN said...

ഈ വിഷയത്തിനോട് ബന്ധപ്പെട്ട് ആദ്യം മുതല്‍ താങ്കള്‍ ഇട്ടിരുന്ന പോസ്റ്റുകള്‍ മുടങ്ങാതെ വായിച്ച ഒരാളായിരുന്നു ഞാനും.
പലപ്പോഴും അല്പം അധികം ആത്മ വിശ്വാ‍സം താങ്കളുടെ പോസ്റ്റുകളില്‍ കാണുന്നില്ലേ എന്ന് സംശയിച്ചു. എന്നാല്‍ ഇപ്പോള്‍ താങ്കളുടെ കണ്ടെത്തലുകള്‍ പൂര്‍ണ്ണമായും ശരിയായിരുന്നുവെന്ന് അറിഞ്ഞപ്പോള്‍ സന്തോഷത്തോടൊപ്പം ഹൃദയംഗമായ അഭിനന്ദനങ്ങളും.
കൂടാതെ നിങ്ങളുടെ പുതിയ പ്രെസിഡെന്റിന് എല്ലാ ആശംസകളും:)

ഞാന്‍ ആചാര്യന്‍ said...

തൊമ്മാ, നല്ല റിപ്പോര്‍ട്ടുകള്‍..

അമേരിക്കയ്ക്കു പുറത്തുള്ള ഇന്ത്യാക്കാര്‍ക്ക് ഇനി എന്തൊക്കെ സൗകര്യങ്ങള്‍ ലഭിക്കാന്‍ സാധ്യത എന്നു കൂടി എഴുതുക. ഔട്ട് സോഴ്സിംഗ് രംഗത്തൊക്കെ ഒരു ആകാംക്ഷയുണ്ടല്ലോ. അമേരിക്കക്കു പുറത്തുള്ള ഇന്ത്യാക്കാര്‍ക്ക് ഏതൊക്കെ അനുകൂല പരിതസ്ഥിതികള്‍ പ്രതീക്ഷിക്കാം?

Joker said...

Let's wait and see, White or black , waiting for his policies.

t.k. formerly known as thomman said...

Obama's friend in Kochi; some news from Kochi:

t.k. formerly known as thomman said...

സാജന്‍,
നല്ല വാക്കുകള്‍ക്ക് നന്ദി!

ആചാര്യന്‍,
ശക്തമായ ഒരു അമേരിക്കന്‍ ഭരണകൂടം ലോകജനതക്ക് മൊത്തത്തില്‍ ആവശ്യമാണ്. ഔട്ട്‌സോഴ്‌സിംഗ് പോലെയുള്ള കാര്യങ്ങളില്‍ മാത്രമുള്ള ഒബാമ നയങ്ങളെ അധികരിച്ച് അദ്ദേഹത്തെ വിലയിരുത്തുന്നത് ശരിയല്ലെന്ന് തോന്നുന്നു. കാരണം ഇപ്പോള്‍ കാണുന്ന രീതിയിലുള്ള സാമ്പത്തിക ഞരുക്കം തുടരുകയാണെങ്കില്‍ അമേരിക്കയില്‍ ഔട്ട്‌സോഴ്സ് ചെയ്യാന്‍ പോലും പണി ഉണ്ടാവില്ല. അതുകൊണ്ട് ആദ്യം നമുക്ക് വേണ്ടത് അമേരിക്ക വീണ്ടും അഭിവൃദ്ധി പ്രാപിക്കുകയാണ്; ജോലികകള്‍ തന്നേ നാട്ടിലേക്ക് വന്നുകൊള്ളും. തന്നെയുമല്ല ഇന്ത്യയിലേക്ക് വരുന്നതുപോലെയുള്ള ജോലികള്‍ ഇങ്ങോട്ട് തിരിച്ചുകൊണ്ടുവന്നാല്‍ അത് ചെയ്യാന്‍ ആള്‍ക്കാരും ഇല്ല. ഔട്ട്സോ‌ഴ്‌സിംഗിനെപ്പറ്റിയുള്ള ഭയം അസ്ഥാനത്താണെന്നാണ് എനിക്ക് തോന്നുന്നത്.

poor-me/പാവം-ഞാന്‍ said...

Whether he will do good or not that let us leave it for time to decide.
But salute his desire to achive .
മാഞ്ഞാലിനീയം manjalyneeyam: ഒബാമ വിജയം
Regards Poor-me