Tuesday, December 30, 2008

'ന്യൂ യോര്‍ക്ക് ടൈംസി'ല്‍ എന്റെ ഗ്രാമം!


(ചിത്രം 'ന്യൂ യോര്‍ക്ക് ടൈംസി'ലെ ഈ ലേഖനത്തില്‍ നിന്ന്. വാര്‍ത്തയിലെ വിവരണം ശരിയാണെങ്കില്‍ ഈ പടം എന്റെ നാട്ടിലെ ഒരു സെമിനാരിയില്‍ നിന്നാണ്‌.)

വര്‍ഷങ്ങള്‍ക്കുമുമ്പ് സ്കൂളില്‍ പഠിച്ചുകൊണ്ടിരിക്കുമ്പോള്‍, 'ഇന്‍‌ഡ്യാ റ്റുഡേ'യില്‍ ഒരു ചെറിയ ലേഖനം വായിച്ചത് ഇപ്പോഴും മറന്നിട്ടില്ല. ഒരു അമേരിക്കന്‍ കത്തോലിക്കാ പള്ളിയില്‍ മലയാളി ചുവയില്‍ കുര്‍ബാന ചൊല്ലുന്ന ഒരു വൈദീകനെക്കുറിച്ചുള്ളതായിരുന്നു ആ ഹ്രസ്വലേഖനം. ‍ അന്നത് വായിക്കുമ്പോള്‍ വലിയ അത്ഭുതമായിരുന്നു; നമ്മുടെ മലയാ‍ളി അച്ചന്മാ‍രൊക്കെ സായിപ്പിന്റെ പള്ളിയില്‍ എങ്ങനെ എത്തിപ്പെട്ടു എന്ന് ആലോചിച്ച്. കമ്പ്യൂട്ടറും കാള്‍ സെന്ററുമൊക്കെ ഇന്ത്യയില്‍ സാധാരണക്കാരന്റെ പദാവലിയുടെ ഭാഗമാകുന്നതിന്ന് മുമ്പ് ബോഡി ഷോപ്പിംഗും ഔട്ട് സോഴ്‌സിംഗുമൊക്കെ വിജയകരമായി പ്രാവര്‍ത്തികമാക്കിയിരുന്നു കേരളത്തിലെ കത്തോലിക്കാ സഭ. മുമ്പ് പറഞ്ഞ അച്ചന്‍, തൊഴിലില്‍ പ്രാവീണ്യമുള്ളവരുടെ ക്ഷാമം തീര്‍ക്കാന്‍ വേണ്ടി അമേരിക്കയില്‍ എത്തിയ മറ്റു വിദേശജോലിക്കാരെപ്പോലെ തന്നെ ആയിരുന്നു. ശമ്പളവും കമ്മീഷനുമൊക്കെ ഉള്‍പ്പെട്ട തൊഴി‌ല്‍‌‌രംഗത്തിന്റെ ഭാഗമായിരുന്നു അദ്ദേഹവും. ബോഡി ഷോ‍പ്പിംഗ് കമ്പനിയുടെ സ്ഥാനത്ത് കേരളത്തിലെ രൂപതകള്‍ ആണെന്നു മാത്രം.

ഈ ബോഡി ഷോപ്പിംഗിന് ആത്മീയമല്ലാത്ത മറ്റൊരു വശം കൂടിയുണ്ട്. കേരളത്തില്‍ നിന്ന് കന്യാസ്ത്രീകള്‍ പ്രധാനമായും യൂറോപ്പില്‍ നഴ്സുമാരായി ജോലി ചെയ്ത് നാട്ടിലെ മഠങ്ങളിലേക്ക് പൈസ അയക്കുന്നതാണത്. പലപ്പോഴും നാട്ടിലെ ചില മഠങ്ങളിലെ പ്രധാന വരുമാനം അതാണ്. മറ്റൊന്ന്, വിദേശ സന്യാസിനി ഓര്‍ഡറുകള്‍ നാട്ടില്‍ നിന്ന് കന്യാ‍സ്ത്രീകളെ ശൂന്യമായിക്കൊണ്ടിരിക്കുന്ന യൂറോപ്പിലെ മഠങ്ങളിലേക്ക് കൊണ്ടുപോകുന്നതാണ്. നാട്ടിലെ അവരുടെ മഠങ്ങള്‍ ഏതാണ്ട് ഒരു ക്യാപ്റ്റീവ് യൂണിറ്റ് പോലെ, പെണ്‍കുട്ടികളെ കണ്ടെത്താനും കന്യാസ്ത്രീകളായി പരിശീലിപ്പിക്കാനും. ആദ്യത്തേത് ഇന്‍‌ഫോസിസിന്റെ ബോഡി ഷോപ്പിംഗ് മോഡല്‍; രണ്ടാമത്തേത് പരശതം അമേരിക്കന്‍ കമ്പനികള്‍ അനുവര്‍ത്തിക്കുന്ന ക്യാപ്റ്റീവ് യൂണിറ്റ് മോഡല്‍.

ഔട്ട് സോഴ്‌സിംഗിനുമുണ്ട് അത്തരമൊരു സമാന്തരം: പാശ്ച്യാത്യദേശങ്ങളില്‍ നേര്‍ച്ചപ്രകാരമുള്ള പ്രത്യേക കുര്‍ബാനകള്‍ ചെല്ലാന്‍ ആളില്ലാതെ വരുമ്പോള്‍ അവര്‍ ആ കുര്‍ബാനകള്‍ ചെല്ലാന്‍ നാട്ടിലെ അച്ചന്‍‌മാരെ ഏല്പിക്കുന്നു. നാട്ടിലെ അച്ചന്മാര്‍ക്ക് പോ‍ക്കറ്റ് മണി കിട്ടുമ്പോള്‍ മറുഭാഗത്ത് ആത്മായരുടെ നേര്‍ച്ചകള്‍ സമയത്ത് നടത്തപ്പെടുന്നതിന്റെ നേട്ടം. വിന്‍ വിന്‍ സിറ്റുവേഷന്‍! ഇതു പലപ്പോഴും അനൌദ്യോഗികമായാണ് നടക്കാറ്.

നാട്ടില്‍ നിന്ന് അച്ചന്‍മാര്‍ പുറത്തേക്ക് ഇങ്ങനെ പോകുന്നത് സാധാരണമാണ് ഇപ്പോള്‍. ധാരാളം പേര്‍ അങ്ങനെ യൂറോപ്പിലും അമേരിക്കയിലും പള്ളികളില്‍ ജോലി ചെയ്യുന്നു. നാട്ടിലെപ്പോലെ അവര്‍ക്ക് ഇവിടത്തെ പള്ളികളില്‍ അധികാരമൊന്നുമില്ല; അവര്‍ പ്രതിഫലം പറ്റുന്ന വെറും ആത്മീയജോലിക്കാരാണ്. എനിക്ക് ഇവിടെ കുറച്ചുപേരെ നേരിട്ട് പരിചയമുണ്ട്.

തികച്ചും പഴയ ഈ കാര്യത്തെക്കുറിച്ച് ഞാനിപ്പോള്‍ പോസ്റ്റിടാന്‍ രണ്ടു കാരണങ്ങള്‍ ഉണ്ട്: 1) 'ന്യൂ യോര്‍ക്ക് ടൈംസി'ല്‍ അതെക്കുറിച്ച് ഒരു ലേഖനം വന്നിരിക്കുന്നു. പാശ്ചാത്യര്‍ ഇക്കാര്യത്തെയും പൊതുവില്‍ കേരളത്തിലെ ക്രൈസ്തവസഭയെയും എങ്ങനെ വീക്ഷിക്കുന്നു എന്ന് അറിയുന്നത് രസകരം തന്നെ. പ്രത്യേകിച്ചും മതങ്ങളോട് വലിയ പ്രതിപത്തിയൊന്നുമില്ലാത്ത ഒരു ലിബറല്‍ പത്രം ഈ വിഷയം എങ്ങനെ കൈകാര്യം ചെയ്യുന്നു എന്നറിയാന്‍. 2) ആ ലേഖനത്തില്‍, ഞാന്‍ ജനിച്ചുവളര്‍ന്ന പ്രദേശത്തെയും അവിടെയുള്ള ഒരു സെമിനാരിയെയും കുറിച്ച് കാര്യമായി പറയുന്നുണ്ട്. വലിയൊരു പത്രത്തില്‍ സ്വന്തം നാടിന്റെ പേരൊക്കെ കാണുമ്പോള്‍ ഒരു സുഖം തോന്നുന്നു. അവസാനം ഞാന്‍ ആ സെമിനാരിയില്‍ പോയത് കോളജില്‍ ആയിരുന്നപ്പോള്‍ ഒരു ക്രിക്കറ്റ് മാച്ച് കളിക്കാനാണ്. അന്ന് എന്റെയൊരു പഴയകൂട്ടുകാരനെ അവിടെ കൊച്ചച്ചനായി കണ്ടത് ഇപ്പോഴും ഓര്‍ക്കുന്നു.

രാഷ്ട്രീയക്കാര്‍ ബ്രെയിന്‍ ഡ്രെയിനിനെപ്പറ്റി പണ്ട് പരാതി പറഞ്ഞിരുന്നതുപോലെ കേരളത്തിലെ ബിഷപ്പുമാര്‍ ഇപ്പോള്‍ കേരളത്തില്‍ അച്ചന്‍‌മാര്‍ക്ക് ക്ഷാമം നേരിടുന്നതിനെപ്പറ്റി സൂചിപ്പിക്കുന്നതായി ഈ ലേഖനത്തില്‍ പറയുന്നുണ്ട്. അതുകൊണ്ട് കാലക്രമേണ പാശ്ചാത്യരാജ്യങ്ങളിലേക്കുള്ള അച്ചന്‍‌മാരുടെ ഒഴുക്ക് കുറയുകയോ ഇല്ലാതാവുകയോ ചെയ്തേക്കാം.

'ന്യൂ യോര്‍ക്ക് ടൈംസ്' പതിവായി കേരളത്തെപ്പറ്റി എന്തെങ്കിലും നല്ല ലേഖനങ്ങള്‍ പ്രസിദ്ധീകരിക്കാറുണ്ട്. കേരളത്തെപ്പറ്റി എഴുതാറുള്ള അവരുടെ ഒരു ലേഖികയെ ഒരിക്കല്‍ പരിചയപ്പെടാന്‍ ഇടയായി. അവരെ ഒരു ഓണം പ്രോഗ്രാമിന് ക്ഷണിച്ചുവരുത്തുകയും ചെയ്തിരുന്നു. കേരളം പോലൊരു നല്ല സ്ഥലം വിട്ട് ഞാന്‍ അമേരിക്കയില്‍ എന്തു ചെയ്യണമെന്നറിയണം അത്തരം കേരളപ്രേമികള്‍ക്ക്. പലപ്പോഴും കൃത്യമായി ഉത്തരം കൊടുക്കാന്‍ ബുദ്ധിമുട്ടുന്ന ഒരു സന്ദര്‍ഭമാണത്.

1 comment:

t.k. formerly known as thomman said...

കേരളത്തില്‍ നിന്നുള്ള വൈദീകരുടെ കയറ്റുമതിയെപ്പറ്റി ന്യൂ യോര്‍ക്ക് ടൈംസില്‍ വന്ന ലേഖനവും അനുബന്ധ ചിന്തകളും; പിന്നെ എന്റെ നാട് ആ വാര്‍ത്തയില്‍ സ്ഥാനം പിടിച്ചതിനെപ്പറ്റിയും.