Monday, March 23, 2009

നിങ്ങള്‍ ചാവുന്നതിന് മുമ്പ് കണ്ടിരിക്കേണ്ട് 100 ചലച്ചിത്രങ്ങള്‍

ലിസ്റ്റുകള്‍ പ്രസിദ്ധീകരിക്കുന്നതിന്ന് ഞാന്‍ ചെറിയ തോതില്‍ തെറി കേള്‍ക്കാറുണ്ട്. പക്ഷേ, ലിസ്റ്റുകള്‍ വഴി ഞാന്‍ ധാരാളം നല്ല സിനിമകളും പുസ്തകങ്ങളും കണ്ടെത്തിയിട്ടുള്ളതുകൊണ്ട് (പ്രത്യേകിച്ച് അത്ര പ്രശസ്തി ലഭിക്കാത്തവ) അവയിലുള്ള വിശ്വാസം ഇപ്പോഴും നിലനില്‍ക്കുന്നു.

ഈ ലിസ്റ്റ് യാഹൂ! മൂവീസില്‍ കണ്ടതാണ്. ഹോളിവുഡ് ചിത്രങ്ങള്‍ മാത്രമല്ല ഈ ലിസ്റ്റിലുള്ളതെന്ന സവിശേഷത ഇതിനുണ്ട്. ഞാന്‍ ഏകദേശം 62 ചിത്രങ്ങള്‍ ഈ ലിസ്റ്റില്‍ നിന്ന് ഇതിനകം കണ്ടിട്ടുണ്ട്. ഏകദേശം എന്നുപറയാന്‍ കാരണം, ചില ചിത്രങ്ങള്‍ കണ്ടോ എന്ന് അത്ര ഉറപ്പില്ല. മിക്കവാറും 62-ന് മുകളിലായിരിക്കും യഥാര്‍ഥ എണ്ണം.

ഈ ലിസ്റ്റില്‍ കാണാത്ത, നിങ്ങളുടെ ഏറ്റവും പ്രിയപ്പെട്ട ചിത്രങ്ങള്‍ ഏതാണ്?

എനിക്ക് പെട്ടന്ന് ഓര്‍മയില്‍ വരുന്നത് ഇവയാണ്: Bullworth, American Beauty, Seven, Gandhi, Amadeus, Platoon, Shining, Reservoir Dogs, Zorba the Greek, JFK, Momento, Midnight Express, Beloved, Fargo, Sling Blade, Crash, Sideways, Children of Heaven (Iran), Ikiru (Japan), Das Boot (Germany), Run Lola Run (Germany), Chungking Express (Hongkong), Mongol (Kazakistan), Central Station (Brazil), Farewell my Concubine (China)

ഇന്ത്യയില്‍ നിന്ന് ഈ ലിസ്റ്റില്‍ ഒരു ചിത്രമേയുള്ളൂ: സത്യജിത് റായിയുടെ ‘Appu's World'. ഞാന്‍ കണ്ടിട്ടുള്ളവയില്‍ ‘ചാന്ദ്നീ ബാര്‍‘ അതില്‍ ചേര്‍ക്കാവുന്നതാണെന്ന് തോന്നുന്നു. മലയാളത്തില്‍ നിന്ന്????? നമുക്ക് പാര്‍ക്കാന്‍ മുന്തിരിത്തോപ്പുകള്‍?? ഹോളിവുഡില്‍ നിര്‍മ്മിക്കപ്പെട്ടെങ്കില്‍ തിലകന് ഓസ്കര്‍ കിട്ടാമായിരുന്ന പടമാണതെന്ന് പലവട്ടം ആ ചിത്രം കണ്ടശേഷവും എനിക്ക് തോന്നിയിട്ടുണ്ട്.

35 comments:

t.k. formerly known as thomman said...

മികച്ച 100 ലോകസിനിമകളുടെ യാഹൂ! മൂവീസ് തയ്യാറാക്കിയ ലിസ്റ്റ്. ഇതില്‍ നിന്ന് കണ്ടിട്ടുള്ള പടങ്ങളുടെ ഗുണനിലവാരം ഒരു സൂചനയാണെങ്കില്‍ ഇതൊരു നല്ല ലിസ്റ്റ് തന്നെ.

നിങ്ങള്‍ ഏതൊക്കെ കണ്ടിട്ടുണ്ട്? ഏത് പടങ്ങള്‍ ഇതില്‍ ചേര്‍ക്കണമെന്ന് തോന്നുന്നുണ്ട്?

Anonymous said...

അപ്പോൾ ഘട്ടക്കിന്റെ പടങ്ങളോ? സുബർണ്ണ രേഖയും,അജാന്ത്രികുമൊക്കെ? നല്ല പടങ്ങളല്ലേ? എന്റെ അഭിപ്രായം അതാണ്‌ തൊമ്മേട്ടാ...

Calvin H said...

Goldfinger (1964), King Kong (1933),Terminator 2: Judgment Day (1991) ഇമ്മാതിരി സാധനങ്ങള്‍ ഒക്കെ ഒഴിവാക്കിയാല്‍ ലിസ്റ്റ് ഏതാണ്ട് കൊള്ളാം എന്നു പറയാം...

പക്ഷേ ഇതൊക്കെയാണോ മസ്റ്റ് സീ എന്ന് ഇപ്പോളും സംശയം....

ഗ്ലൂമി സണ്‍‌ഡേ, ഗുഡ് ബൈ ലെനിന്‍, സിനിമ പാരഡീസോ മോട്ടോര്‍സൈക്കിള്‍ ഡയറീസ് തുടങ്ങി വേറേ ജെനറില്‍പ്പെട്ട സിനിമകള്‍ തുലോം കുറവ്...

മജ്ജിസ് മജീദിയെക്കണ്ടില്ല!...

അതിലെ സിനിമകള്‍ കൊള്ളില്ലെന്നല്ല... ഏറ്റവും മികച്ചത് എന്ന് പറയാമോ എന്നാണ്

Calvin H said...

മജീദ് മജീദി.... ടൈപോ ആണ്

t.k. formerly known as thomman said...

വേറിട്ട ശബ്ദം,
ഋത്വിക് ഘട്ടക്കിന്റെ പടങ്ങള്‍ ഒന്നും കണ്ടിട്ടില്ല. നെറ്റ്ഫ്ലിക്സില്‍ കിട്ടിമോയെന്ന് നോക്കട്ടെ.

ശ്രീഹരി,
പൊതുവേ, മ്യൂസിക്കലുകള്‍ യാഹൂ ലിസ്റ്റില്‍ നിന്ന് ഒഴിവാക്കാം എന്ന് എനിക്ക് തോന്നിയിരുന്നു. അമേരിക്കന്‍ ബ്യൂട്ടി, ഷൈനിംഗ് തുടങ്ങിയ ചിത്രങ്ങള്‍ ഇല്ലാത്തതുകൊണ്ട് അത് ഏറ്റവും നല്ല സിനിമകളുടെ ലിസ്റ്റാണെന്ന് എനിക്കും തോന്നുന്നില്ല. ശ്രീഹരി പറഞ്ഞ സിനിമകളില്‍ ഗുഡ് ബൈ ലെനിനും ഗ്ലൂമി സണ്ഡേയും കാണണം. മോട്ടോര്‍ സൈക്കിള്‍ ഡയറി കൊള്ളാം; കേമമെന്ന് എനിക്ക് തോന്നിയില്ല. ഇക്കൊല്ലം ഇറങ്ങിയ ചെ ഗുവേര കണ്ടോ? സിനിമാ പാരഡീസോ മികച്ച പടം തന്നെ.

Calvin H said...

ചെ ഗുവേര റിവ്യൂ വായിച്ചു .. സാധനം ഇതു വരെ കിട്ടിയില്ല...
മറന്നിരിക്കയായിരുന്നു... നോക്കണം

അമേരിക്കന്‍ ബ്യൂട്ടി ഒരു ക്ലാസിക തന്നെയാണ്. അതിന്റെ പ്രമേയവും അവതരണവും എല്ലാം..
ചില ഷോട്സ് ഒക്കെ ഹൗ... ഫന്റാസ്റ്റിക്...

ഗ്ലൂമി സണ്‍‌ഡേ എന്തായാലും കാണണം... കാരണം അതില്‍ കല ശരിക്കും ഉണ്ട്

tk sujith said...

ഗ്ലൂമി സണ്‍‌ഡേ,3-അയേണ്‍(കിം-കി‌-ഡുക്),ഗുഡ് ബൈ ലെനിന്‍,ലൈഫ് ഈസ് ബ്യൂട്ടിഫുള്‍(ബെനീഞ്ഞി) എന്നിവ ഒരിക്കലും മിസ്സ് ചെയ്യരുത്.
നമുക്കു പാര്‍ക്കാന്‍ മുന്തിരിത്തോപ്പുകള്‍ എത്ര കണ്ടാലും മതിവരാത്ത ഒന്നാണ്.നമുക്കു ഗ്രാമങ്ങളില്‍ ചെന്നു രാ പാര്‍ക്കാം എന്ന ശരാശരി കഥ(കെ.കെ.സുധാകരന്‍) ഇത്ര മനോഹരമായ,കവിത പോലൊരു സിനിമയാക്കിയതിന് പത്മരാജന് ഒരു ഓസ്കാര്‍ പോര.

tk sujith said...

മലയാളത്തില്‍ നിന്ന് മുന്തിരിത്തോപ്പുകള്‍ കൂടാതെ യവനിക(റാഷമോണ്‍ ഈ ലിസ്റ്റില്‍ ഉണ്ടെങ്കിലും)
ലിസ്റ്റില്‍ പെടുത്താമായിരുന്നു.

Melethil said...

The Return
The Last Train
Color of Paradise
The Banishment
Head-On
The Little Red Flowers
Eternity and a day

ഇവയില്ലാത്ത ഒരു ലിസ്റ്റൊ?
ഹരി, മജീദി ടൈപ്പ് ആണെങ്കിലും, പാരഡൈസ്‌ ക്ലാസ് ആണ്. ഗ്ലൂമി നല്ലതാ, ഇപ്പൊ എനിക്ക് ഓര്‍ക്കാന്‍ പറ്റുന്നില്ല, കുറെയുണ്ട് എന്റെ ലിസ്റ്റില്‍..

t.k. formerly known as thomman said...

സുജിത്ത്,
നിര്‍ദ്ദേശങ്ങള്‍ക്ക് നന്ദി! മിസ് ചെയ്ത പടങ്ങള്‍ കാണാന്‍ ശ്രമിക്കാം. ‘യവനിക‘യുടെ കാര്യം ശരിയാണ്. മലയാളസിനിമ ആ സമയത്തെങ്ങോ ആണ് പ്രായപൂര്‍ത്തി ആയത്. പിന്നെ ബഞ്ചമിന്‍ ബട്ടനെപ്പോലെ ബാല്യത്തിലേക്കുള്ള അധോഗതി ആയിരുന്നു :-)

മേലേതില്‍,
ലിസ്റ്റിലെ ഒറ്റപ്പടവും കണ്ടിട്ടില്ല. ഇവിടെ കിട്ടുമോയെന്ന് നോക്കട്ടെ :-) Children of Heaven, Turtles can fly എന്നിവ കണ്ടിട്ടുണ്ടോ?

Anoop Narayanan said...

ഇങ്ങനെ ഒരു സീരീസ് ഇപ്പോള്‍ യു.ടി.വി. വേള്‍ഡ് മൂവീസ് എന്ന ചാനലില്‍ വരുന്നുണ്ടല്ലോ. അതിലെ ചില സിനിമകള്‍ ഒക്കെ കാണാറൂണ്ട്. ശ്യാമളന്‍ സിനിമകള്‍ ഒക്കെ അതില്‍ വന്നെന്നു തോന്നുന്നു. http://www.utvworldmovies.com/worldmovies/50movies/index.html

Anoop Narayanan said...

ഒരു കാര്യം കൂടെ ഈ സിനിമകളുടെ ഒക്കെ ടോറന്റുകള്‍ ഒന്ന് സംഘടിപ്പിക്കാമോ? :)

Roby said...

ഇതുപോലുള്ള പോപ്പുലർ വെബ്‌സൈറ്റ്‌/ പത്രം ഉണ്ടാക്കുന്ന ലിസ്റ്റുകളുടെയൊക്കെ പ്രശ്നം ഇംഗ്ലീഷ്‌ സിനിമകൾക്ക്‌ കൊടുക്കുന്ന അമിതപ്രാധാന്യമാണെന്ന് തോന്നുന്നു.IMDb Top 250 പോലെ പോപ്പുലർ സിനിമകൾ ഒരുപാട്‌ ലിസ്റ്റിൽ വന്നിട്ടുണ്ട്‌.

എനിക്ക്‌ വളരെ ഇഷ്ടമായത്‌, ഇതിലില്ലാത്തത്‌-
റിഫിഫി,Z, തിൻ റെഡ്‌ ലൈൻ, ടേസ്റ്റ്‌ ഓഫ്‌ ചെറി, ഡാൻസർ ഇൻ ദി ഡാർക്ക്‌, സിനിമ പാരഡിസോ, സെവന്ത്‌ സീൽ, റിട്ടേൺ, ബാനിഷ്‌മന്റ്‌, ആന്ദ്രേ റുബ്ലേവ്‌, സിറ്റി ഓഫ്‌ ഗോഡ്‌, Discrete charm of the bourgouise...

ടെറൻസ്‌ മാലിക്‌, കോസ്റ്റ ഗാവ്‌ര, തർക്കോവ്സ്കി, ബലാബനോവ്‌, പരജനോവ്‌, റോസല്ലിനി, വോൺ ട്രയർ, കിയരോസ്തമി, കുസ്തുരിക്ക, ജാക്കുബിസ്കോ തുടങ്ങി ഒരുപാടു മഹാന്മാരായ ചലചിത്രകാരന്മാരുടെ ഒരു സിനിമ പോലും ഇത്തരം ലിസ്റ്റുകളിൽ കാണാറില്ല.

എങ്കിലും നല്ല സിനിമകൾ ഒരുപാട്‌ ഈ ലിസ്റ്റിലും ഉണ്ട്‌...

പാമരന്‍ said...

ലിസ്റ്റിലില്ലാത്ത ഇഷ്ട ഹോളിവുഡ്‌ പടങ്ങള്‍ : Cast Away, Forrest Gump, Eternal Sunshine of the spotless mind, Philadelphia, Million Dollar Baby...

പിന്നെയൊന്നും ഓര്‍മ്മ വരുന്നില്ല :(

Calvin H said...

റോബിയോട് ഒരു രക്ഷേം ഇല്ല :(
നല്ല സിനിമെടെ ഒരു എന്‍സൈക്ലോപീഡിയ.. കുറച്ചൊക്കെ പോസ്റ്റായി ഇടാവുന്നതാണ് :)

t.k. formerly known as thomman said...

അനൂപ്,
netflix-ല്‍ നിന്ന് ലിസ്റ്റിലെയും കമന്റുകളില്‍ പറഞ്ഞിട്ടുള്ള മിക്കവാറും പടങ്ങളും റെന്റ് ചെയ്യാം. പല പടങ്ങളും സ്ട്രീമും ചെയ്യാവൂന്നതാണ്.

റോബി,
റോബിയുടെ ലിസ്റ്റില്‍ ഞാന്‍ കാണാത്തവ നെറ്റ്ഫ്ലിക്ക്സില്‍ ഇട്ടിട്ടുണ്ട്. തിന്‍ റെഡ് ലൈനിന്റെ ഡിറക്ടര്‍ ടെറന്‍സ് മലിക്കിന്റെ ആദ്യകാലപടങ്ങളായ ബാഡ്‌ലാന്‍റസും ഡെയ്സ് ഓഫ് ഹേവനും എനിക്ക് ഇഷ്ടപ്പെട്ടവയാണ്. തിന്‍ റെഡ് ലൈന്‍ എന്തോ എനിക്കത്ര ഇഷ്ടപ്പെട്ടില്ല (വളരെ ഹൈപ്പോടെ ഇറങ്ങിയതുകൊണ്ടാണെന്ന് തോന്നുന്നു); ബിഗ് സ്ക്രീനില്‍ അതിന്റെ ഫോട്ടാഗ്രഫി വളരെ മനോഹരമായിരുന്നെന്ന് ഓര്‍ക്കുന്നുണ്ട്.

പാമരന്‍,
ടോം ഹാംങ്ക്‍സിന്റെ ഫാനാണെന്ന് തോന്നുന്നല്ലോ :-)

Melethil said...

ടി കെ
രണ്ടും കണ്ടിട്ടുണ്ട് , "ടര്‍ട്ടില്‍" ഫിലിം സൊസൈറ്റിക്കാര്‍ കാണിച്ചപ്പോ ആളുകള്‍ ഇറങ്ങിപ്പോകുകയായിരുന്നു, കണ്ടിരിയ്ക്കാന്‍ വയ്യാതെ, ആളുകള്‍ കരയുന്നത് ഞാന്‍ കണ്ടു!
റോബിയൊക്കെ വന്ന സ്ഥിതിയ്ക്ക് ഞാന്‍ ഓടുന്നു :)

Melethil said...

എല്ലാ റ്റൊറെന്ട് -ആയി മിനിനോവയിലുണ്ട്, കുറച്ചു കാലം റിവ്യൂ വായിയ്ക്കാ, ഡൌണ്‍ലോഡ് ചെയ്യാ ഇതന്നെയായിരുന്നു പണി.

Melethil said...

Eternal Sunshine of the spotless mind : paamaran, thanks! its one of my favourites!

ഞാന്‍ ആചാര്യന്‍ said...

ഗ്ലാഡിയേറ്റര്‍, ബ്രേവ് ഹാര്‍ട്ട്, മലയാളത്തീന്ന് ഏടുക്കാനുണ്ടെങ്കില്‍ ചിദംബരം...

t.k. formerly known as thomman said...

മേലേതില്‍ - ടര്‍ട്ടില്‍ കാന്‍ ഫ്ലയ് കണ്ടിരിക്കാന്‍ കുറച്ച് ബുദ്ധിമുട്ട് തന്നെയാണ്. അതുപോലെ പലതും സദ്ദാമിന്റെ കാലത്ത് അവിടെ നടന്നിരിക്കാം എന്ന് ഓര്‍ക്കുമ്പോഴാണ് ഏറെ വിഷമം. അമേരിക്ക ഇറാക്കില്‍ ഇടപെട്ടതില്‍ ഏക വെള്ളിരേഖ കുര്‍ദ്ദുകള്‍ അത്തരം പീഢനത്തില്‍ നിന്ന് രക്ഷപ്പെട്ടു എന്നതാണ്.

ആചാര്യന്‍ - ബ്രേവ്ഹാര്‍ട്ടും ഗ്ലാഡിയേറ്ററും ലിസ്റ്റില്‍ ഉള്‍പ്പെടുത്തേണ്ടതായിരുന്നു എന്ന് എനിക്കും തോന്നി; പ്രത്യേകിച്ച രണ്ടാമത്തേത്.

ഞാന്‍ വിട്ടുപോയ നല്ല ചിത്രങ്ങളില്‍ ഒന്നാണ് റസല്‍ ക്രോവിന്റെ ദ ഇന്‍സൈഡര്‍. കുട്ടികള്‍ക്കുള്ള പടമാണെങ്കിലും എനിക്ക് വളരെ മികച്ചതെന്ന് തോന്നിയ ഒരു പടമാണ് ബേബ്.

പാവപ്പെട്ടവൻ said...

വളരെ മനോഹരമായിരിക്കുന്നു ഈ പരിചയ പെടുത്തല്‍
ആശംസകള്‍

KAMALA CLUB said...

പെര്‍‌സെ‌പ്ഷന്‍ എന്നത് കാലത്തിനനുസരിച്ച് മാറാനിടയുള്ള ഒന്നായതുകൊണ്ട് സിനിമാസ്വാദനവും ആ വഴിക്കു തന്നെയാണ് നീങ്ങാനിട. എക്സ്പോഷര്‍ എന്നുള്ളത് ലോകത്തെക്കുറിച്ചും ജീവിതത്തെക്കുറിച്ചുമുള്ള പുതിയ വീക്ഷണങ്ങള്‍ കൊണ്ടുത്തരുന്നവയായതു കൊണ്ട്, തയ്യാറാവുന്നവര്‍ക്കു മാത്രമേ പുതിയ അനുഭവങ്ങള്‍ ലഭിക്കുകയുള്ളൂ. ഇത്ര മതി, ഇതാണ് അവസാനവാക്ക്, എന്റെ അഭിപ്രായം കല്ലുപോലെ എന്നൊക്കെ വിചാരിച്ചു നടക്കുന്ന ഒരുപാടു പേരെ ഞാന്‍ കണ്ടിട്ടുണ്ട്; അവര്‍ സാറ്റിസ്ഫൈഡ് ആണെന്നതില്‍ സംശയമില്ല താനും. ഷോഷാങ്ക് റിഡം‌പ്ഷന്‍ നെറ്റ് റേറ്റിങ്ങില്‍ ഉയര്‍ന്നു നില്‍ക്കുന്നതിനു കാരണമതാണ്. ഖസാക്കിന്റെ ഇതിഹാസം കൊണ്ടാടപ്പെട്ടതിന്റെ കാരണങ്ങളും മറ്റൊന്നല്ല.സിനിമയെ വിലയിരുത്തുന്നതിന് പല മാനദണ്ഡങ്ങള്‍ വയ്ക്കാമെങ്കിലും,കണ്ടതിലേറെ ബാക്കി കിടക്കുന്നുണ്ടെങ്കിലും, വീണ്ടും കാണാന്‍ എന്നെ നിര്‍ബന്ധിക്കുന്നവ റാഷൊമോണ്‍ , ദ് തിന്‍ റെഡ് ലൈന്‍ , അമേരിക്കന്‍ ബ്യൂട്ടി എന്നിവയാണ്.

Sapna Anu B.George said...

എന്നു ചത്തുപോകും എന്നാര്‍ക്കറിയാം തൊമ്മാ

t.k. formerly known as thomman said...

kamala club,
കുറോസവയുടെ റാഷമോണ്‍ ഇഷ്ടപ്പെട്ടെങ്കില്‍ അദ്ദേഹത്തിന്റെ ഇക്കിരുവും സെവന്‍ സമുറായിയും കണ്ടിരിക്കണം. തിന്‍ റെഡ് ലൈന്‍ എന്തോ എനിക്കത്ര ഇഷ്ടപ്പെട്ടില്ല. ടെറന്‍സ് മലിക് ചെറുപ്പത്തില്‍ പിടിച്ച 2 പടങ്ങളുടെ അത്ര അത് എത്താതെപോയി എന്ന് തോന്നി. അമേരിക്കന്‍ ബ്യൂട്ടി എനിക്കേറ്റവും ഇഷ്ടപ്പെട്ട പടങ്ങളില്‍ ഒന്നാണ്.

പാവപ്പെട്ടവന്‍,
ഇതുവഴി വന്നതിന്ന് നന്ദി! ഹോളിവുഡ് ചിത്രങ്ങളെപ്പറ്റി ഇവിടെ മൊത്തമായും ചില്ലറയായും വിവരങ്ങള്‍ ലഭ്യമാണ് :-)

സപ്‌ന,
എന്നു ചത്തുപോകും എന്ന് അറിയില്ലാത്തതുകൊണ്ട് ഉള്ള സമയം പാഴാക്കാതെ ഈ സിനിമകള്‍ കണ്ടുതീര്‍ക്കുക :-) സായിപ്പ് പറയാറുള്ളതുപോലെ, watch these movies like there is no tomorrow.

KAMALA CLUB said...

പെര്‍‌സെപ്ഷന്റെ പ്രശ്നം തന്നെ, തൊമ്മന്‍ , വളരെ എന്‍‌ചാന്റിങ്ങ് ആയ ചില അനുഭവങ്ങളില്ലേ, അതില്‍‌പെട്ട ചിലതുണ്ടല്ലോ...

വണ്‍ ഹന്‍ഡ്രെഡ് ഇയേഴ്സ് ഓഫ് സോളിറ്റ്യൂഡ് വായിക്കാന്‍ വാങ്ങിയ ഒരു കൂട്ടുകാരന്‍ രണ്ടു ദിവസങ്ങള്‍ കഴിഞ്ഞ് തിരിച്ചു തന്നപ്പോള്‍ ഈര്‍ഷ്യയോടെ പറഞ്ഞത് 'കാന്തം കൊണ്ട് ഇരുമ്പു വലിപ്പിക്കുന്നതില്‍ എന്തു കുന്തം, നോവലാണു പോലും നോവല്‍ ' എന്നാണ്. ആ പുസ്തകം ആദ്യമായി വായിച്ചതിന്റെ ത്രില്‍ എട്ടു പത്തു വായനയ്ക്കു ശേഷവും കൊണ്ടു നടക്കുന്ന എന്നോടാണതെന്നോര്‍ക്കണം. അതാണു ഞാന്‍ സൂചിപ്പിച്ചത്.

കുറോസവയുടെ ഒട്ടുമിക്ക സിനിമകളും കണ്ടിട്ടുണ്ട്; മാലിക്കിന്റേത് ദ് ന്യൂവേള്‍ഡ് മാത്രവും. സംതിങ്ങ് ലൈക് എന്‍ ഓട്ടോബയോഗ്രഫിയില്‍ താമരമൊട്ടുകള്‍ വിടരുന്നതിന്റെ ശബ്ദം കേള്‍ക്കാനായി തടാകക്കരയില്‍ പുലര്‍‌ച്ചെ ചെന്നതിനെക്കുറിച്ച് വായിച്ചതോര്‍മ്മ വരുന്നു. അങ്ങനെയൊക്കെയാണ് നമ്മള്‍ അനുഭവങ്ങളെ കണക്റ്റ് ചെയ്യാന്‍ ശ്രമിക്കുന്നത്. :)

Roby said...

ശ്രീഹരി, സുഖിച്ചു...:)

തിൻ റെഡ് ലൈൻ എന്ന ചിത്രത്തിനു സമയത്തിന്റെ പ്രശ്നമുണ്ടായിരുന്നു. 5-6 മണിക്കൂർ വേണ്ടിയിരുന്നു അത് മുഴുവൻ പറഞ്ഞു തീർക്കാൻ. പക്ഷെ സ്റ്റുഡിയോയുടെ നിർബന്ധം കാരണം 3 മണിക്കൂറിൽ താഴെ ഒതുക്കേണ്ടി വന്നു മാലിക്കിന്. അതിന്റെ മുഴുവൻ താരനിര കേട്ടാൽ ഞെട്ടും. പക്ഷെ കുറെ ഭാഗങ്ങൾ എഡിറ്റുചെയ്തു കളഞ്ഞപ്പോൾ പ്രമുഖർ പലരുടെയും കഥാപാത്രങ്ങൾ വല്ലാതെ മെലിഞ്ഞു പോയി. ബില്ലി ബോബ്, മിക്കി റൂർക്കെ തുടങ്ങിയ പലരുടെയും ക‌ഥാപാത്രങ്ങൾ പൂർണ്ണമായി ഇല്ലാതായി.

എന്നിരുന്നാലും എനിക്കേറ്റവും ഇഷ്ടപ്പെട്ട സിനിമകളിലൊന്നാണത്. കാന്തം ഇരുമ്പിനെ വലിക്കുന്നതു പോലെ എന്നെ സിനിമയിലേക്ക് വലിച്ചിടുന്ന എന്തോ അതിലുണ്ട്. 13 തവണ കണ്ടിട്ടും ഇനിയും കാണാൻ തോന്നിക്കുന്ന എന്തോ.

ഇനി ഒരിക്കൽ അതിന്റെ ഒരു extended directors cut ഇറങ്ങുമെന്നു പ്രതീക്ഷീക്കാം. ഇപ്പോൾ New world-ന്റെ extended directors cut ഇറങ്ങിയല്ലോ.

KAMALA CLUB said...

പതിമൂന്നു തവണ കണ്ടെങ്കില്‍ , റോബി, ഫെമിലിയാരിറ്റി - കണ്‍‌ടെം‌പ്റ്റ് തിയറി പ്രകാരം you are about to start to hate it! :)

സമയക്ലിപ്തത എന്നത് സിനിമയ്ക്കു ഒരു പരിമിതിയാണോ? സം‌വിധായകന്റെ സ്വാതന്ത്ര്യത്തില്‍ അഭിനേതാക്കളുടെ വ്യക്തിത്വത്തിനു യാതൊരു വിലയുമില്ലെന്നാണോ? അക്കാദമി അവാര്‍ഡുകള്‍ വഴുതിപ്പോയപ്പോള്‍ പ്രൈവറ്റ് വിറ്റിനെയോത്ത് ദു:ഖിച്ചവര്‍ കുറച്ചൊന്നുമായിരിക്കില്ല.

പ്രതിഭയുണ്ടെങ്കിലത് ശരിയായി പ്രകടിപ്പിക്കുകയെന്നുള്ളതു തന്നെയാണ് നല്ല വിലയിരുത്തലുകള്‍ നേടാനുള്ള എളുപ്പവഴി, അല്ലേ?

Zebu Bull::മാണിക്കൻ said...

{ഓഫ്: കമലാക്ലബ്ബേ, താങ്കളുടെ കൂട്ടുകാരനെ ("ഏകാന്തത..", കാന്തം etc) ഒന്നു പരിചയപ്പെടുത്തിത്തരൂ. എന്നെയും കക്ഷിയെയും ഒരു നുകത്തില്‍ കെട്ടാം എന്നു തോന്നുന്നു :-) വി എസ് രാമചന്ദ്രന്‍ സാറു പറഞ്ഞ ഡിങ്കോലാഫി ഇല്ലാതെ പോയതവരാവാം ഞങ്ങള്‍ :-)}

Calvin H said...

കമല ക്ലബിന്റെ ആ കൂട്ടികാരനെ ഒന്നു പരിചയപ്പെടണമല്ലൊ :)

t.k. formerly known as thomman said...

ഹോളിവുഡ് സ്റ്റുഡിയോകള്‍ നിര്‍മിക്കുന്ന ചിത്രങ്ങളുടെ അവസാനരൂപം നിശ്ചയിക്കുന്നത് അവരുടെ എക്സിക്യൂട്ടീവുമാരാണ്; അതുകൊണ്ട് സംവിധായകന്റെ മനസ്സിലുള്ള പടം തന്നെ ആയിക്കൊള്ളണമെന്നില്ല. 2-3 വര്‍ഷങ്ങള്‍ക്ക് മുമ്പ് Apocalypse Now-ന്റെ director's cut-ന്റെ തീയേറ്റര്‍ റീ-റിലീസ് വരെ ഉണ്ടായി.

കമല ക്ലബ്ബ്,
ഓരോരുത്തരുടെ അഭിരുചിയും പെര്‍സപ്ഷനുമൊക്കെയാണ് വ്യക്തിപരമായ ആസ്വാദനത്തെ നിയന്ത്രിക്കുന്നത്. സംശയമില്ല. അതുകൊണ്ട് ഉത്തമകലാസൃഷ്ടി എന്നൊക്കെ പറയുന്നത് സമൂഹത്തില്‍ അഭിപ്രായരൂപീകരണം നടത്താന്‍ കഴിവുള്ളവരുടെ ഒരുതരം കണ്‍‌സെന്‍സസ് തന്നെയാണ്.

റോബി,
തിന്‍ റെഡ് ലൈനിന് വെട്ടിച്ചുരുക്കിയതിന്റെ അപാകത ഉണ്ടെന്ന് തോന്നുന്നു. ഹോളിവുഡിലെ പ്രശസ്തര്‍ ധാരാളം അതില്‍ അണിനിരന്നെങ്കിലും ജോണ്‍ ട്രവോള്‍ട്ടക്കൊക്കെ അതില്‍ ഒന്നും ചെയ്യാനില്ലാത്ത പോലെ തോന്നി. എന്തായാലും പലര്‍ക്കും ഇഷ്ടപ്പെട്ടതുകൊണ്ട് അത് ഒന്നുകൂടി കാണണം.

The 400 Blows (Dir: Francois Truffaut) കിട്ടിയിട്ടുണ്ട്. പോ‍യിരുന്ന് കാണട്ടെ :-)

KAMALA CLUB said...

അഞ്ചു മണിക്കൂര്‍ സിനിമ സം‌വിധാനം ചെയ്യുന്നവര്‍ എക്സിക്യൂട്ടിവുമാരുടെ കാര്യം അറിയാത്തവരാണോ? ചട്ടക്കൂടിലൊതുങ്ങി സിനിമ ചെയ്യാന്‍ പറ്റാത്തത് സ്ക്രിപ്റ്റിങ്ങിന്റെ പ്രശ്നമല്ലേ? ഒട്ടു മിക്ക ക്ലാസ്സിക്കുകള്‍ക്കും സമയം ഒരു പരിമിതിയായി പറയുന്നതു കേട്ടിട്ടില്ലല്ലോ. തിന്‍ റെഡ് ലൈന്‍ അതിന്റെ ഫിലോസഫി കൊണ്ടാണ് എന്നെ ആകര്‍ഷിച്ചത്.

വിവാദങ്ങള്‍ക്കു വേണ്ടി പറയുകയല്ല, സ്പാനിഷ് സാഹിത്യം വായിച്ചിട്ടുള്ളവര്‍ക്ക് പുതുമ തോന്നാത്തവയാണ് പദ്‌മരാജന്‍ സിനിമകള്‍ എന്നാണെനിക്കു തോന്നുന്നത്. തിലകന്റെ റോളിനെക്കുറിച്ച് ഞാന്‍ താങ്കളോട് യോജിക്കുന്നു.

Roby said...

സ്ക്രിപ്റ്റ്‌ എന്ന ഒരു മാർഗ്ഗരേഖ മാലികിന്റെ സിനിമകൾക്ക്‌ ഉണ്ടാവാറില്ലെന്നു തോന്നു. എന്താണു ഷൂട്ടു ചെയ്യുന്നത്‌ എന്ന് എഴുതിയിട്ടുണ്ടാവും. തിൻ റെഡ്‌ ലൈനിനു വേണ്ടി മാലിക്‌ ഷൂട്ടു ചെയ്തത്‌ 90 മണിക്കൂറുകളുടെ ഫൂട്ടേജ്‌ ആണെന്നു കേട്ടിരുന്നു. അത്‌ എഡിറ്റിംഗ്‌ ടേബിളിലാണു സിനിമയുടെ രൂപം ആർജ്ജിക്കുന്നത്‌. അതാണയാൾ 2 വർഷമൊക്കെ എഡിറ്റിംഗിനു വേണ്ടി മാത്രം ചിലവഴിക്കുന്നത്‌. മിക്കവരും സ്ക്രിപ്റ്റ്‌ എഡിറ്റു ചെയ്യുമ്പോൾ മാലിക്‌ ദൃശ്യങ്ങളാക്കിയത്‌ എഡിറ്റു ചെയ്യുന്നു.
തിൻ റെഡ്‌ ലൈൻ വർക്ക്‌ തുടങ്ങിയത്‌ 1990-ൽ. ഒരുപാടു വർഷങ്ങളായി സിനിമയൊന്നുമെടുക്കാതെ ഒളിച്ചു കഴിയുകയായിരുന്ന മാലിക്കിനെകൊണ്ട്‌ വീണ്ടും ഒരു സിനിമ എടുക്കണമെന്നേ നിർമ്മാതാക്കൾക്കുണ്ടായിരുന്നുള്ളൂ. അതിനു വേണ്ടി ആവശ്യമുള്ള ബഡ്‌ജറ്റും മാലിക്‌ ചോദിച്ച നടന്മാരെയും നൽകി. (ഡി നീറോ, പച്ചീനോ, മെൽ ഗിബ്സൺ തുടങ്ങിയ വമ്പന്മാർ വരെ ഈ സിനിമയിൽ ഒരു റോൾ കിട്ടാൻ ലോബിയിംഗ്‌ നടത്തിയിരുന്നു എന്നു ഒരിടത്തു വായിച്ചു.)

മാലികിന്റെ രീതികൾകൊണ്ട്‌ സ്വഭാവികമായും പ്രൊഡക്ഷൻ ഓവർ ബഡ്ജറ്റ്‌ ആയി. പോസ്റ്റ്‌ പ്രൊഡക്ഷൻ നീണ്ടു പോയപ്പോൾ ചിലവ്‌ പിന്നെയും കൂടി. ഒടുവിൽ നിർമ്മാതാക്കളുടെ കൈയിലെ കാശു തീർന്നു. പടം മുടങ്ങുമെന്ന അവസ്ഥ വന്നപ്പോൾ 20th century fox ഈ പടം ഏറ്റെടുത്തു. അതിനു ശേഷമാണു സിനിമ തിയറ്റർ വേർഷനിലേക്കു വെട്ടിചുരുക്കേണ്ടി വന്നത്‌.

എന്തായാലും മാലികിനു കാശുകൊടുക്കാൻ ആളുണ്ട്‌. അയാളുടെ അടുത്ത സിനിമയുടെ ബഡ്ജറ്റ്‌ 150 മില്ല്യൺ ആനെന്നു കേൾക്കുന്നു. എവിടുന്ന് കളക്ടു ചെയ്യുമോ അത്രയും.

കമല ക്ലബിന് 1900, Best years of youth, Satan tango, Che എന്നിങ്ങനെ വളരെ ദൈർഘ്യമുള്ള സിനിമകളെക്കുറിച്ച് അറിയാമാ‍യിരിക്കുമല്ലോ?

KAMALA CLUB said...

പോട്ടോപ്പ്, മെഫിസ്‌റ്റോ, 1900, വിന്‍ഡിക്റ്റാ, ഫാനി ആന്‍ഡ് അലക്സാണ്ടര്‍ തുടങ്ങിയവ മുന്‍പു കണ്ടവയാണെങ്കില്‍ക്കൂടിയും http://en.wikipedia.org/wiki/List_of_longest_films_by_running_time കൊണ്ട് ഗവേഷണവിദ്യാര്‍‌ത്ഥികള്‍ക്കല്ലാതെ എനിക്കു കാര്യമൊന്നുമില്ല, റോബി.

Kaippally said...

ഇതിൽ മലയാളം സിനിമ ഒന്നുപോലും ഇല്ലെ?