Friday, September 18, 2009

അക്ഷരതെറ്റുള്ള ഇന്‍‌ഗ്ലോറിയസ് ബാസ്റ്റര്‍‌ഡ്സ്(from the link provided here to New Yorker)
1978-ല്‍ പുറത്തിറങ്ങിയ Quel maledetto treno blindato എന്ന ഇറ്റാലിയന്‍ ചിത്രം അമേരിക്കയില്‍ ഇറക്കിയത് The Inglorious Bastards എന്ന് പേരോടെയാണ്. (ഇറ്റാലിയന്‍ പേരുമായി അതിന്ന് സാമ്യമൊന്നുമില്ല.) രണ്ടാം ലോകമഹായുദ്ധകാലത്ത്, ജര്‍മന്‍ അധിനിവേശിത ഫ്രാന്‍‌സില്‍, കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെട്ടതിന്ന് ജയില്‍ശിക്ഷ കിട്ടിയ ഒരു കൂട്ടം അമേരിക്കന്‍ സൈനികര്‍ തടവറയിലേക്കുള്ള യാത്രാമധ്യേ രക്ഷപ്പെടുന്നതും, അവര്‍ പിന്നീട് ഒരു ജര്‍മന്‍ സൈനീകായുധ പ്രൊജക്ട് തകര്‍ക്കാന്‍ ശ്രമിക്കുന്നതുമാണ് എന്‍സോ കാസ്റ്റെല്ലാ‍രി സംവിധാനം ചെയ്ത ആ ചിത്രത്തിന്റെ കഥാസാരം.

ക്വന്റന്‍ റ്റരാന്റീനോയുടെ, ഏറ്റവും പുതിയ ചിത്രത്തിന്റെയും പേരും ഏകദേശം അതുതന്നെയാണ്; പേരില്‍ മന‍:പൂര്‍വ്വം അക്ഷരത്തെറ്റുകള്‍ വരുത്തിയിട്ടുണ്ടെന്നു മാത്രം: Inglourious Basterds. കാരണം? വിദ്യാഭ്യാസം അധികം ചെയ്യാത്ത ആ പട്ടാളക്കാരെ സൂചിപ്പിക്കാന്‍ എന്നൊക്കെ വാദിക്കാം; പക്ഷേ, പലപ്പോഴും റ്റരാന്റീനോയുടെ പടങ്ങളില്‍ കാണുന്ന വികൃതികള്‍ പലതും അവ ചെയ്യാനുള്ള രസത്തിനുവേണ്ടി മാത്രമായിരിക്കും. അതേക്കുറിച്ച് അധികം ആലോചിച്ച് തലപുണ്ണാക്കുന്നത് വെറുതെയാണ്.

ഈ ചിത്രത്തിലെ കഥ നടക്കുന്നതും ജര്‍മന്‍ അധിനിവേശിത ഫ്രാന്‍സില്‍ തന്നെ; പ്രധാനമായും പാരീസില്‍. രണ്ടു ചിത്രങ്ങള്‍ തമ്മിലുള്ള സാദൃശ്യങ്ങള്‍ അതോടെ തീര്‍ന്നു. നാത്‌സികള്‍ എതിര്‍പക്ഷത്ത് വരുന്ന ഒരു പഴയ ജനപ്രിയ ചിത്രത്തെ ആദരിക്കുക എന്നതില്‍ കവിഞ്ഞ് ഈ പേരിടിലില്‍ എന്തെങ്കിലും പ്രത്യേകിച്ച് കാരണം ഉണ്ടെന്നു തോന്നുന്നില്ല. സിനിമയുമായി ബന്ധപ്പെട്ട ചരിത്രസംഭവങ്ങളെക്കാള്‍ അതില്‍ സ്ഥാനം സിനിമക്കാണ്; ഒളിഞ്ഞും തെളിഞ്ഞും.

സിനിമാക്കാരന്‍ ആകുന്നതിന് മുമ്പ് ഒരു വീഡിയോ റെന്റലിലെ ക്ലര്‍ക്കായിരുന്ന, ലോകമെമ്പാടുമുള്ള ജനപ്രിയസിനിമകളുടെ ഒരു സര്‍വ്വവിജ്ഞാനകോശമായ, റ്റരാന്റീനോയുടെ ചലച്ചിത്രങ്ങള്‍ മുഴുവന്‍ പഴയ സിനിമകളോടും, അവ പ്രതിനിധീകരിക്കുന്ന കാലഘട്ടങ്ങളിലെ പോപ്പ് കള്‍ച്ചറുകളിലെ അടയാളങ്ങളോടുമുള്ള ഒരു തരം പ്രതികരണവുമാണെന്നു പറയാം. അതുകൊണ്ട് അദ്ദേഹത്തിന്റെ സിനിമയെ ഡെറിവേറ്റീവ് സിനിമ എന്ന് പല വിവര്‍ശകരും വിളിച്ചുകണ്ടിട്ടുണ്ട്. അതായത്, ഒരു കഥയോ സംഭവമോ അല്ല അദ്ദേഹത്തിന്റെ സിനിമയ്ക്ക് ഹേതുവാകുന്നത്; മറിച്ച് ഒന്നോ അധിലധികമോ സിനിമകളോടുള്ള ഒരു തരം പ്രതികരണമാകുന്നു അദ്ദേഹത്തിന്റെ സിനിമ. അതോടൊപ്പം പോസ്റ്റ്-മോഡേണ്‍ രീതിയിലുള്ള കഥ പറച്ചിലും, രക്തപ്പുഴയുടെയും വയലിന്‍‌സിന്റെയും കോമിക്കല്‍ ആയുള്ള ഉപയോഗവും ചേര്‍ന്നാല്‍ ഒരു റ്റരാന്റീനോ ചിത്രത്തിന്റെ പതിവു ചേരുവകള്‍ ആയി. ഇത്തരം സാമഗ്രഹികള്‍ അദ്ദേഹം തന്റെ സിനിമാപരിജ്ഞാനത്തില്‍ നിന്ന് കടമെടുക്കുന്നുവെങ്കിലും, എല്ലാവര്‍ക്കുമറിയാവുന്ന ചേരുവകള്‍ വച്ച് അതിരുചികരവും നൂതനവുമായ വിഭവങ്ങള്‍ വികസിപ്പിച്ചെടുക്കുന്ന മിടുക്കനായ ഒരു പാചകക്കാരന്റേതുപോലെയാണ് മികച്ച സിനിമകള്‍ നിര്‍മിക്കുന്ന റ്റരാന്റീനോയുടെ സിനിമാ ജീനിയസ്.

റിസര്‍വോയര്‍ ഡോഗ്‌സ് (ബാങ്ക് കവര്‍ച്ച), അധോലോകം (പള്‍പ്പ് ഫിക്ഷന്‍), ഫ്രം ഡസ്ക് റ്റില്‍ ഡോണ്‍ (ഹൊറര്‍), ജാക്കി ബ്രൌണ്‍ (ബ്ലാക്സ്‌പ്ലോയിറ്റേഷന്‍/കറുത്തവരെ ഉദ്ദേശിച്ചുള്ള പടങ്ങള്‍), കില്‍ ബില്‍ I&II (ഏഷ്യന്‍ മാര്‍ഷ്യല്‍ ആര്‍ട്ട്‌സ്) എന്നിങ്ങനെ അദ്ദേഹത്തിന്റെ എല്ലാ ചിത്രങ്ങളിലും ഏതെങ്കിലും ഒരു ജനപ്രിയ ഫിലിം ഷോണ്‍‌റേയുടെ (film genre) ബാഹ്യഘടകങ്ങള്‍ ഉപയോഗിക്കുവാനുള്ള മന:പൂര്‍വ്വശ്രമം ഉണ്ടെന്ന് കാണുവാന്‍ സാധിക്കും. അതോടൊപ്പം ആ വിഭാഗങ്ങളില്‍ നിന്നുള്ള പ്രശസ്തമായ സിനിമകളെയും വ്യക്തികളെയും തന്റെ സിനിമയില്‍ സൂചിപ്പിക്കുകയോ അവരെ നേരെ പങ്കെടുപ്പിക്കുകയോ ഒക്കെ അദ്ദേഹത്തിന്റെ രീതിയാണ്. തികച്ചും സാധാരണമായ വിഷയങ്ങളെ ആശ്രയിച്ചുള്ള തന്റെ സിനിമകളില്‍, അസാധാരണമായ ശൈലിയില്‍ കഥ പറഞ്ഞുകൊണ്ട് അവയെ ഉത്തമ കലാസൃഷ്ടികളാക്കുകയാണ് റ്റരാന്റീനോ ചെയ്യുന്നത്. സംവിധായകന്റെ സിനിമാഭ്രാന്ത് തന്നെ അദ്ദേഹം എടുക്കുന്ന സിനിമയുടെ അടിസ്ഥാനമാകുമ്പോള്‍, സിനിമാ നിര്‍മാണം ഒരു വാണിജ്യ,കലാ പ്രക്രിയക്കപ്പുറം വ്യക്തിപരമായി ഒരു തരം മതപരമായ ചടങ്ങായി അത് റ്റരാന്റീനോക്ക് മാറുന്നു. പിന്നീട് വന്‍‌വിജയങ്ങളായ പല ചിത്രങ്ങളും സംവിധാനം ചെയ്യാനുള്ള വാഗ്ദാനങ്ങള്‍ അദ്ദേഹം നിരസിച്ചിട്ടുള്ളതിന്റെ ഒരു കാരണം വ്യക്തിപരമായ സന്തോഷം ആ ചിത്രങ്ങളുടെ നിര്‍മാണം വഴി തനിക്ക് ലഭിക്കില്ല എന്ന കണക്കുകൂട്ടലില്‍ നിന്നാവാം.

സിനിമയെ പൂജിക്കുക എന്ന അദ്ദേഹത്തിന്റെ പതിവു ശൈലി അതിന്റെ ഏറ്റവും വ്യക്തമായ നിലയിലാണ് ഈ പുതിയ ചിത്രത്തില്‍ നാം കാണുന്നത്. ഈ ചിത്രത്തിനുവേണ്ടി അനുകരിക്കപ്പെടുന്ന ഷോണ്‍‌റേ രണ്ടാം ലോകമഹായുദ്ധചിത്രങ്ങള്‍ ആണ്; പ്രത്യേകിച്ചും ജൂതമര്‍ദ്ദനത്തിന്റെ പശ്ചാത്തലത്തിലുള്ള നാത്‌സി വിരുദ്ധ ചിത്രങ്ങള്‍. അത്തരത്തിലുള്ള ധാരാളം ചിത്രങ്ങള്‍ യൂറോപ്പിലും ഹോളിവുഡിലും നിര്‍മ്മിക്കപ്പെട്ടിട്ടുണ്ട്: ദ ഗ്രേറ്റ് ഡിക്ടേറ്റര്‍, സോഫീസ് ചോയ്സ്, ദ ഡയറി ഓഫ് ആന്‍ ഫ്രാങ്ക്, ഷിന്‍‌ഡ്‌ലേഴ്‌സ് ലിസ്റ്റ്, ലൈഫ് ഈസ് ബ്യൂട്ടിഫുള്‍, പിയാനിസ്റ്റ്... അങ്ങനെ എല്ലാ കാലഘട്ടത്തിലും ഹൊളോക്കാസ്റ്റുമായി ബന്ധപ്പെട്ടോ അതിന്റെ പശ്ചാത്തലത്തിലോ ധാരാളം സിനിമകള്‍ ഉണ്ടായിട്ടുണ്ട്. ഇവയിലെല്ലാം സ്വാഭാവികമായും ജൂതന്മാരാണ് ഇരകള്‍; പലപ്പോഴും ഹിറ്റ്ലറടക്കമുള്ള നാത്‌സി കഥാപാത്രങ്ങള്‍ പരിഹസിക്കപ്പെടുന്നുണ്ടെങ്കിലും. പക്ഷേ, റ്റരാന്റീനോയുടെ സിനിമയില്‍ കാര്യങ്ങള്‍ തലതിരിഞ്ഞാണുള്ളത്: പേരു കടംകൊണ്ട സിനിമയിലെ അമേരിക്കന്‍ സൈനികരെ ഓര്‍മിപ്പിക്കും പോലെ, ജൂതന്മാരായ (നേതാവായ ബ്രാഡ് പിറ്റിന്റെ കഥാപാത്രമൊഴിച്ച്) അമേരിക്കന്‍ സൈനികരുടെ ഒരു ഗ്രൂപ്പ് നാത്‌സികളെ വേട്ടയാടി നിഷ്ക്കരുണം കൊന്നൊടുക്കുന്നതാണ് സിനിമയുടെ പ്രധാന കഥാതന്തു.

കേണല്‍ ഹന്‍സ് ലന്‍ഡയുടെ (ക്രിസ്റ്റോഫ് വാള്‍‌ട്ട്‌സ് എന്ന ഓസ്‌ട്രിയന്‍ നടനാണ് സിനിമയിലെ ഏറ്റവും മികച്ച പ്രകടനം കാഴ്ച വയ്ക്കുന്ന ആ റോളില്‍) നേതൃത്വത്തില്‍ നാത്‌സി S.S. ഗാര്‍ഡുകള്‍ ഒരു ഫ്രഞ്ച് കര്‍ഷക കുടുംബത്തില്‍ ഒളിച്ചിരിക്കുന്ന ജൂതന്മാരെ അന്വേഷിച്ചെത്തുന്നതായിട്ടാണ് സിനിമ ആരംഭിക്കുന്നത്. അതില്‍ ഒരു പെണ്‍‌കുട്ടി ഒഴികെ ബാക്കിയെല്ലാവരും നാത്‌സികളുടെ തോക്കിനിരയാകും. അങ്ങനെ രക്ഷപ്പെടുന്ന ആ പെണ്‍കുട്ടി, ശോശന്ന, പിന്നീട് പാരീസില്‍ തന്റെ കറുത്തവര്‍ഗ്ഗക്കാരനായ കാമുകനുമൊത്ത് ഒരു ആര്‍ട്ട് ഹൌസ് തീയേറ്റര്‍ നടത്തുന്നു. സിനിമയുടെ പേരിന്ന് ഹേതുവായ ജൂതവംശജരായ അമേരിക്കന്‍ പട്ടാളക്കാര്‍ ഫ്രാന്‍‌സില്‍ ഉടനീളം നടന്ന് നാത്‌സികളെ ചിത്രകഥകളിലെപ്പോലെ ചിത്രവധം ചെയ്ത് രസിക്കുന്നുണ്ട്. അവരുടെ നേതാവ് ലെഫ്.ആള്‍ഡോ റെയ്നി (ബ്രാഡ് പിറ്റ്) ജൂതനല്ല; ടെന്നസിക്കാരനും സിരയില്‍ കുറച്ച് അമേരിക്കന്‍-ഇന്ത്യന്‍ രക്തമുള്ളയാളുമാണ്. (റ്റരാന്റീനോ ടെന്നസിലെ നോക്സ്‌വില്ലിലാണ് ജനിച്ചത്; കുറച്ച് ചെറോക്കി രക്തക്കലര്‍പ്പുമുണ്ട്.) മൂന്നാമതൊരു സംഘം സിനിമാപ്രവര്‍ത്തകരും വിമര്‍ശകരുമടങ്ങിയതാണ്; അവരുടെയും ലക്ഷ്യം നാത്‌സികളുടെ നേതൃത്വത്തെ ഉന്മൂലനം ചെയ്യുക തന്നെ.

അങ്ങനെയിരിക്കുമ്പോഴാണ് ചിലന്തിവലയിലേക്ക് ഇര വന്നുവീഴുന്നതുപോലെ ഗീബല്‍‌സിന്റെ ഒരു നാത്‌സി പ്രചരണ സിനിമയുടെ പ്രീമീയര്‍ ചെയ്യാന്‍ ശോശന്നയുടെ തീയേറ്റര്‍ തിരഞ്ഞെടുക്കപ്പെടുന്നത്. പോരാത്തതിന് ആ സിനിമയിലെ നായകനും നാത്‌സികളുടെ ആരാധനപാത്രവുമായ ചെറുപ്പക്കാരന്ന് ശോശന്നയോട് അടങ്ങാത്ത പ്രേമവും.

സമാന്തരമായി നീങ്ങുന്ന ഈ മൂന്ന് കഥാതന്തുക്കളും അവസാനം കൂട്ടിമുട്ടുന്നുണ്ടെങ്കിലും ‘പള്‍പ്പ് ഫിക്ഷനി’ല്‍ വിജയിച്ചപോലെ ആ ടെക്നിക്ക് ഈ സിനിമയില്‍ അത്ര ഫലപ്രാപ്തിയില്‍ എത്തുന്നില്ല. എന്നാലും ഓരോന്നും അതിന്റേതായ നിലയില്‍ മികച്ച രീതിയിലാണ് ചിത്രീകരിച്ചിട്ടുള്ളത്. അതുകൊണ്ട് കുറച്ച് ദൈര്‍ഘ്യമുള്ള സിനിമ (ഏതാണ്ട് രണ്ടര മണിക്കൂര്‍) ബോറടിപ്പിക്കില്ല.

നാത്‌സികളും അവരെ വേട്ടയാടുന്നവരും സിനിമാപ്രേമികള്‍ ആകുമ്പോള്‍ സിനിമയില്‍ സിനിമ ചര്‍ച്ചാവിഷയം ആവുന്നത് സ്വാഭാവികം. അത്തരത്തിലുള്ള ഒരു രംഗത്തില്‍ ‘കിംഗ് കോംഗി’ന് ആഫ്രിക്കക്കാരെ അടിമകളാക്കി അമേരിക്കന്‍ വന്‍‌കരയിലേക്ക് കൊണ്ടുവന്നതിന്റെ പ്രതീകാത്മകതയെക്കുറിച്ച് ഒരു നാത്‌സി ഓഫീസര്‍ വാചാലനാകുന്നുണ്ട്. തക്കം കിട്ടുമ്പോള്‍ ‘കുരങ്ങ്’ എന്ന് വിളിച്ച് കറുത്തവരെ വിളിച്ച് ആക്ഷേപിക്കുന്ന വംശവെറിയന്മാര്‍ തിയേറ്ററിന്റെ ഇരുട്ടിലിരുന്ന് ചൂളുന്നുണ്ടാവാം എന്ന് പ്രതീക്ഷിക്കാം. പക്ഷേ, റ്റരാന്റീനോയുടെ ലക്ഷ്യം സാമൂഹികപരിഷ്കരണത്തേക്കാള്‍ ‘കിംഗ് കോംഗ്’ എന്ന സിനിമയുടെ പ്രതീകാത്മകത ചൂണ്ടിക്കാട്ടുക മാത്രമാണ്.

അവസാനം നാത്‌സികളെ തീയേറ്ററിന്റെ ഉള്ളില്‍ പൂട്ടിയിട്ട് തീ കൊടുക്കാന്‍ ഉപയോഗിക്കുന്നത് പെട്ടന്ന് തീപിടിക്കുന്ന സിനിമാ ഫിലിം. അങ്ങനെ സിനിമ ഫലപ്രദമായ ഒരായുധം കൂടി ആകുന്നു ഈ സിനിമയില്‍. ഗീബല്‍‌സിന്റെ നേതൃത്വത്തിലുള്ള നാത്‌സി പ്രചരണയന്ത്രത്തിന്റെ ഒരു പ്രധാന ആയുധം സിനിമയായിരുന്നല്ലോ. അന്നത്തെ ആ പുതിയ മാധ്യമത്തില്‍ നാത്‌സി അനുഭാവികളായ സിനിമ നിര്‍മ്മാതാക്കള്‍ കൈവരിച്ച മുന്നേറ്റം ചില്ലറയൊന്നുമല്ല. സംവിധായകന്‍ സിനിമ കൊണ്ട് തന്നെ അവരോട് പ്രതികാരം ചെയ്യുന്നുണ്ടെങ്കിലും തനിക്ക് ജര്‍മന്‍ സിനിമയിലുള്ള പാണ്ഡിത്യം പ്രേക്ഷകരെ അറിയിച്ചിട്ടേ അദ്ദേഹം അവസാനത്തെ സംഹാരതാണ്ഡവത്തിലേക്ക് നമ്മളെ ആനയിക്കുന്നുള്ളൂ.

ഈ ചിത്രം റിലീസ് ചെയ്തപ്പോള്‍ അമേരിക്കന്‍ പത്രങ്ങളുടെ വിമര്‍ശകര്‍ ഒട്ടും അനുഭാവത്തോടെയല്ല അതിനെ സ്വീകരിച്ചത്. ന്യൂസ് വീക്ക് (ലിങ്ക് ഇവിടെ), ന്യൂ യോര്‍ക്കര്‍ (ലിങ്ക് ഇവിടെ), ന്യൂ യോര്‍ക്ക് ടൈംസ് (ഇവിടെ ) തുടങ്ങിയ പല പ്രസിദ്ധീകരണങ്ങളും നേരിയതോ കടുത്തതോ ആയ വിമര്‍ശനങ്ങളുമായാണ് റിവ്യൂകള്‍ ഇറക്കിയത്. സിനിമയുടെ പോരായ്മകളെക്കാള്‍ ഏറെ, ഹൊളോക്കാസ്റ്റ് എന്ന നാത്‌സികള്‍ അഴിച്ചുവിട്ട കൊടുംക്രൂരതയുടെ ഇരകളെ പ്രതിനിധീകരിക്കുന്നവര്‍ സിനിമയില്‍ വേട്ടക്കാരായി അണിനിരക്കുന്നതാണ് അവര്‍ക്ക് ഒട്ടും ഇഷ്ടപ്പെടാഞ്ഞത്. ഒരു പക്ഷേ അവരുടെ അഭിപ്രായം ശരിയായിരിക്കാം എന്ന് സിനിമ കാണും വരെ എനിക്കും തോന്നിയിരുന്നു. പക്ഷേ, സിനിമയുടെ തുടക്കം എന്റെ അഭിപ്രായത്തെ മാറ്റിമറിച്ചു. ഫ്രഞ്ചു ഗ്രാമീണന്റെ വീട്ടില്‍ ഒളിച്ചിരിക്കുന്ന ഒരു ജൂതക്കുടുംബത്തെ നാത്‌സികള്‍ കണ്ടെത്തുന്നതും നിഷ്ക്കരുണം വകവരുത്തുന്നതുമാണ് തുടക്കം. റ്റരാന്റീനോ തന്റെ സിനിമാക്കമ്പത്തിലേക്കും കോമഡിയിലൂന്നിയ പതിവ് കൈയടക്കങ്ങളിലേക്കും വഴുതി വീഴുന്നതിന്നുമുമ്പ്, ഹോളോക്കാസ്റ്റിന്റെ യഥാര്‍ഥ മുഖം നമ്മെ കാണിച്ചുതരാന്‍ മറക്കുന്നില്ല. ഞാന്‍ കുറെ ഹോളോക്കാസ്റ്റ് പടങ്ങള്‍ കണ്ടിട്ടുണ്ടെങ്കിലും ഈ സിനിമയിലെ തുടക്കം പോലെ മനസ്സില്‍ തങ്ങി നില്‍ക്കുന്ന ഒന്ന് വേറെയില്ല.

ഈ സിനിമ കൊണ്ട് ഹോളോക്കാസ്റ്റിന്റെ ഭീകരമുഖം പ്രേക്ഷകരുടെ മനസ്സില്‍ രൂഢമൂലമാകുന്നുവെന്നാണ് എനിക്ക് തോന്നിയത്. ഹിറ്റ്ലറെയും അനുചരരെയും സിനിമയില്‍ കത്തിച്ചാമ്പലാക്കുന്നതുവഴി അവരുടെ പൈശാചികതക്ക് എന്തെങ്കിലും കുറവ് ഭാവിയില്‍ പൊതുജനാഭിപ്രായത്തിന് ഉണ്ടാകുമെന്ന് തോന്നുന്നില്ല. ഒരു പക്ഷേ, അത്തരം ഒരു പ്രവൃത്തിയിലൂടെ തിയേറ്ററിന്ന് പുറത്തിറങ്ങുന്നതുവരെ പ്രേക്ഷകര്‍ക്ക് ഒരു ചെറിയ സന്തോഷം തോന്നുന്നെങ്കില്‍ അവരെ കുറ്റം പറായാനും പറ്റില്ല.

ഹോളിവുഡിലെ മികച്ച എഴുത്തുകാരുടെയും സംവിധായകരുടെയും നിരയില്‍ താന്‍ ഉണ്ടെന്ന് ഈ ചിത്രത്തിലൂടെ റ്റരാന്റീനോ ഒരിക്കല്‍ക്കൂടി തെളിയിച്ചിരിക്കുന്നു.

3 comments:

t.k. formerly known as thomman said...

ക്വന്റന്‍ റ്റരാന്റീനോയുടെ ഇന്‍‌ഗ്ലോറിയസ് ബാസ്‌റ്റര്‍ഡ്സിനെപ്പറ്റി. സിനിമ സിനിമക്കുവേണ്ടിയോ?

Inji Pennu said...

ഒരു പക്ഷേ, അത്തരം ഒരു പ്രവൃത്തിയിലൂടെ തിയേറ്ററിന്ന് പുറത്തിറങ്ങുന്നതുവരെ പ്രേക്ഷകര്‍ക്ക് ഒരു ചെറിയ സന്തോഷം തോന്നുന്നെങ്കില്‍ അവരെ കുറ്റം പറായാനും പറ്റില്ല. -- അങ്ങിനെ ഒരു സന്തോഷം മേക്സ് ദ വാർ ഈവൺ, മേക്സ്സ് ദ ഹേറ്റ് ഈവൺ. അപ്പോൾ അത് ചരിത്രത്തെ നിസ്സാരവൽക്കരിക്കുന്നില്ലേ? ഒരു നായകൻ വില്ലനെ അടിച്ച് നിരപ്പാക്കുന്നതുപോലെ? ആ രാഷ്ട്രീയത്തെ അതുകൊണ്ടാവണം അവർ എതിർക്കുന്നത്.

t.k. formerly known as thomman said...

ഇഞ്ചി- പോസ്റ്റില്‍ സൂചിപ്പിച്ചതുപോലെ സിനിമയുടെ തുടക്കത്തിലെ, എസ്.എസ്. ഓഫീസര്‍ ജൂതന്മാരെ എലികളുമായി താ‍രതമ്യം ചെയ്ത് നടത്തുന്ന നെടുനീളന്‍ പ്രഭാഷണമടക്കമുള്ള രംഗങ്ങള്‍, ഹൊളോകാസ്റ്റിനെക്കുറിച്ച് ശരിക്കും പ്രേക്ഷകരെ ബോധവല്‍ക്കരിക്കുന്നുണ്ട്. ജൂതസൈനീകരുടെ പ്രതികാരമൊക്കെ ഒരുതരം കോമിക്കല്‍ രീതിയിലാണ് കാണിക്കുന്നത്. സിനിമ കണ്ടിറങ്ങുമ്പോള്‍ മനസ്സില്‍ തങ്ങിനില്‍ക്കുന്നത് ആദ്യരംഗങ്ങള്‍ തന്നെ. അത് യാദൃശ്ചികമല്ല എന്ന് എനിക്ക് തോന്നുന്നു. അതുകൊണ്ട് എനിക്ക് ഈ സിനിമയുടെ ഇന്‍‌സെന്‍‌സിറ്റീവ് ആണെന്ന് തോന്നിയില്ല. സിനിമ കണ്ടു നോക്കൂ; എന്റെ അഭിപ്രായം മാറിയത് അതിന്ന് ശേഷമാണ്.