Wednesday, January 17, 2007

ബാരക്ക് ഒബാമയുടെ സാധ്യതകള്‍ | അമേരിക്കന്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പ്

ഇന്നെലെ ബാരക്ക് ഒബാമ അമെരിക്കന്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പ് ഗോദയില്‍ ഔദ്യോഗികമായി ഇറങ്ങി. പത്രക്കാര്‍ വളരെക്കാലമായി കാത്തിരുന്ന ഒന്ന്. റ്റൈം മാഗസിന്‍ (അതോ ന്യൂസ് വീക്കോ; രണ്ടും തമ്മില്‍ വല്യ വ്യത്യാസമൊന്നുമില്ല) ഭാവിയിലെ പ്രസിഡെന്റെന്നും പറഞ്ഞ് അദ്ദേഹത്തിന്റെ മുഖച്ചിത്രവുമായി ഒരാഴ്ച ഇറങ്ങിയതാണ് മാധ്യമങ്ങള്‍ കക്ഷിയെ പൊക്കിനടക്കുന്നതിന്റെ ഔന്നത്യമായി ഞാന്‍ ശ്രദ്ധിച്ചത്. കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ ഹൊവാര്‍ഡ് ഡീന്‍ ഇങ്ങനെയൊക്കെയാണ് തുടങ്ങിയത്. അവസാനം മാധ്യമങ്ങള്‍ അദ്ദേഹത്തെ കൊണ്ടുനിറുത്തിയത് ഒരു കോമാളിയുടെ വേഷത്തിലും.

എന്നാലും ബാരക്ക് എന്ന പകുതി കറമ്പന്‍ (അപ്പന്‍ കെനിയക്കാരന്‍; അമ്മ വെള്ളക്കാരി) പ്രസിഡന്റാവാമെന്നുള്ള ചിന്ത തന്നെ സുഖമുള്ള കാര്യമാണ്. വെള്ള-പ്രോട്ടസ്റ്റന്റ്-പുരുഷന്മാര്‍ക്കല്ലാതെ (JFK ഒഴിച്ച്, അദ്ദേഹം കത്തോലിക്കനായിരുന്നു; എന്നാലും വെള്ളയും പുരുഷനും തന്നെ) മറ്റാര്‍ക്കും അമേരിക്കയില്‍ ആ ഭാഗ്യം കൈവന്നിട്ടില്ല. ന്യൂ യോര്‍ക്ക് റ്റൈംസിലെ ഒരു ബ്ലൊഗില്‍, ആ ആവേശത്തില്‍ പോയി ഒബാമ സ്ഥാനാര്‍ഥി ആവുകയാണെങ്കില്‍ അമേരിക്കന്‍ പൌരനാകും എന്നൊക്കെ ഞാന്‍ കമന്റെഴുതി വിട്ടു. (ഞാന്‍ അങ്ങനെ ആയിട്ട് വലിയ പ്രയോജനമുണ്ടെന്നു തോന്നുന്നില്ല. കാലിഫോര്‍ണിയയില്‍ എന്റെ വോട്ടില്ലാതെ തന്നെ ഏതു ഡമോക്രാറ്റ് കുറ്റിച്ചൂലും ജയിക്കും; അര്‍നൊള്‍ഡല്ലാ എതിരാളിയെങ്കില്‍. അര്‍ണോള്‍ഡിന് ഭരണഘടനാപരമായ വിലക്കുണ്ടല്ലോ ഇവിടെ ജനിക്കാത്തതുകോണ്ട്.)

പക്ഷേ, അദ്ദേഹത്തിന്റെ സാധ്യതകളെന്താണ്?

ആദ്യത്തെ കടമ്പ ഡമോക്രാറ്റിക് പ്രൈമറി ജയിക്കുക എന്നതാണ്. അവിടത്തെ പ്രധാന എതിരാളി ബില്‍ ക്ലിന്റന്റെ ഭാര്യ ഹിലരിയാണ്. ഇപ്പോഴത്തെ നിലയില്‍ ഹിലരി ഡമോക്രാറ്റികളുടെ ഇടയില്‍ ഒബാമയെക്കാള്‍ ജനസമ്മതിയുള്ളയാളാണ്. ഹിലരിക്ക് തന്റെ പരിചയം എടുത്തുകാണിക്കുകയും ഒബാമയുടെ പരിചയക്കുറവ് തുറന്നു കാട്ടുകയുമൊക്കെ ചെയ്ത് താന്‍ ഗൌരവമായി ഈ സ്ഥാനത്തേക്ക് മത്സരിക്കുന്ന, ജയിക്കാന്‍ സാധ്യതയുള്ള ആദ്യത്തെ വനിതയാണെന്നൊക്കെ വാദിക്കാം. പോരാത്തതിന് ക്ലിന്റന്‍ എന്ന രാഷ്ട്രീയ ചാണക്യന്റെ തലച്ചോറിന്റെ പിന്‍ബലവുമുണ്ടാകും.

ഹിലരി ഇതുവരെ ഗോദയിലിറങ്ങിയിട്ടില്ല. പക്ഷെ ഇറങ്ങുമെന്ന് ഉറപ്പാണ്. വേറെ സ്ഥാനാര്‍ഥികള്‍ ഉണ്ടെങ്കിലും മിക്കവാറും ഇവര്‍ രണ്ടു പേരുമായിരിക്കും ഡമോക്രാറ്റിക് പ്രൈമറിയിലെ പ്രധാനികള്‍. ജോണ്‍ എഡ്വേര്‍ഡ് സ് നല്ലോരു സ്ഥാനാര്‍ഥിയും ക്ലിന്റനെപ്പോലെ സുന്ദരനൊക്കെയാണെങ്കിലും കഴിഞ്ഞ തവണ കെറിയുടെ കൂടെ വൈസ് പ്രസിഡന്റ് സ്ഥാനത്തേക്കു മത്സരിച്ച് തോറ്റ് , പുതുമ നഷ്ടപ്പെടുത്തിയ ആളാണ്. ഡമോക്രാറ്റിക് പാര്‍ട്ടിയുടെ പ്രധാന വോട്ടുബാങ്കായ കറുത്തവരില്‍ നല്ലൊരു പങ്ക് ഒബാമയെ പിന്താങ്ങുമെങ്കിലും പാര്‍ട്ടിയന്ത്രം ഹിലരിയുടെ കൈയിലായതിനാല്‍ വിജയം മിക്കവാര്‍ക്കും അവര്‍ക്കായിരിക്കാനാണ് സാധ്യത. കറുത്തവരെ തിരിച്ചുകൊണ്ടുവരാനും, പാര്‍ട്ടി ടിക്കറ്റിന്ന് ഗ്ലാമര്‍ കൊടുക്കാനും ഒരു ഹിലരി-ഒബാമ ടിക്കറ്റിന് സാധ്യതയില്ലാതില്ല. പക്ഷെ, അതിനൊക്കെ സമയം വളരെനേരത്തെയാണെന്നു തോന്നുന്നു.

അപ്പുറത്ത് റിപ്പബ്ലിക്കന്‍ ലാവണത്തില്‍ ആരൊക്കെയാണുള്ളത്? ബുഷിന്റെ 8 കൊല്ലത്തെ ഭരണം അവര്‍ക്ക് ഇനിയൊരു വൈറ്റ് ഹൌസ് പ്രവേശം ബാലികേറാമലയാക്കിയിട്ടുണ്ട്. പക്ഷെ, ഹിലരിയാണ് ഡമോക്രാറ്റിക് സ്ഥാനാര്‍ഥിയെങ്കില്‍ റൂഡി ജൂയിലിയാനിയെപ്പോലെ ഒരു സ്ഥാനര്‍ഥിക്ക് സാധ്യതയുണ്ടെന്ന് ഞാന്‍ കരുതുന്നു. കാലിഫോര്‍ണിയയില്‍ നിന്നും കിട്ടുന്ന സന്ദേശമതാണ്. ഡമോക്രാറ്റുകളുടെ ഉരുക്കുകോട്ടയാണെങ്കിലും അര്‍ണോള്‍ഡിനെപ്പോലെ മിതവാതിയായ, രാഷ്ട്രീയത്തിനതീതമായി ജനങ്ങളുടെ കാര്യങ്ങളില്‍ ശ്രദ്ധകൊടുക്കാന്‍ ശ്രമിക്കുന്ന റിപ്പബ്ലിക്കന് എവിടെയും ജയിച്ചുവരാന്‍ കഴിയും. അത് തിരിച്ചും ശരിയാണ്. പ്രസിഡന്റ് സ്ഥാനാര്‍ഥിയല്ലെങ്കിലും രാജ്യത്തൊന്നാകെയുള്ള റിപ്പബ്ലിക്കന്മാര്‍ ഇന്ന് അര്‍ണോള്‍ഡിനെയാണ് ഉറ്റുനോക്കുന്നത്.

ജൂയിലിയാനിയൂടെ പ്രസക്തി അവിടെയാണ്. ന്യൂ യോര്‍ക്കിനെപ്പോലെ ബൃഹത്തായ ഒരു നഗരത്തെ കുറ്റകൃത്യങ്കളുടെ പിടിയില്‍ നിന്ന് വിമുക്തമാക്കിയത് ജൂയിലിയാനിയൂടെ കഴിവായിരുന്നു. ചില വ്യക്തിപരമായ പ്രശ്നങ്ങളിലൊക്കെ ചെന്നുപെട്ട്, ഒന്നു നിറം മങ്ങിയിരിക്കുമ്പോഴാണ് 9/11 വരുന്നത്. ആ വിപത്തില്‍ നിന്ന് ആ മഹാനഗരത്തെ സുരക്ഷിതത്വത്തിലേക്ക് നയിക്കുവാന്‍ അദ്ദേഹം കൊടുത്ത പ്രശംസനീയമായ നേതൃത്വം രാജ്യമെമ്പാടും അദ്ദേഹത്തിന് ഒരു ദേശീയ നേതാവിന്റെ പരിവേഷം കൊടുത്തു. “അമേരിക്കയുടെ മേയര്‍“ എന്നു വരെ അദ്ദേഹത്തിന് ഇരട്ടപ്പേരു വീണു; അതിന്നു ശേഷം റിപ്പബ്ലിക്കന്‍ പാര്‍ട്ടിയുടെ പ്രചരണത്തിന് അമേരിക്കയിലങ്ങോളമിങ്ങോളം നടന്നു. ചുരുക്കിപ്പറഞ്ഞാല്‍ പാര്‍ട്ടിയിലും ജനങ്ങളുടെ ഇടയിലും അദ്ദേഹത്തിന് നല്ല സ്വാധീനമുണ്ട്. നയപരമായ കാര്യങ്ങളില്‍ വലിയ യാഥാസ്ഥികനല്ല; എന്നാല്‍ ശക്തമായ നിലപാടെടുക്കുന്നയാള്‍ എന്ന പരിവേഷവുമുണ്ട്.

ചുരുക്കിപ്പറയുകയാണെങ്കില്‍ ഒരു ജൂയിലിയാനി-ഹിലരി മത്സരത്തിന് എല്ലാ സാധ്യതകളും കാണുന്നുണ്ട്. രണ്ടു പേരുടെയും ആസ്ഥാനം ന്യൂ യോര്‍ക്ക് - ഹിലരി ആ സംസ്ഥാനത്തെ സെനറ്റര്‍; ജൂയിലിയാനി നഗരത്തിന്റെ പുകള്‍പെറ്റ മുന്‍ മേയര്‍. ന്യൂ യോര്‍ക്ക് ഈ സമവാക്യത്തില്‍ വരുന്നതാണ് ഏറ്റവും രസമുള്ള സംഗതി. പരമ്പരാഗതമായി ന്യൂ യോര്‍ക്ക് സംസ്ഥാനം പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ ഡമോക്രാറ്റുകളുടെ കൂടെയാണ്. ജനസംഖ്യയില്‍ വളരെ വലുതായ ന്യൂ യോര്‍ക്കിന്റെയും കാലിഫോര്‍ണിയയുടെയും ബലത്തിലാണ് അവര്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ പിടിച്ചുനില്‍ക്കുന്നത്. ന്യൂ യോര്‍ക്ക് പോയാല്‍ അവരിടെ സ്ഥിതി കഷ്ടമാകും. ജൂയിലിയാനി നിന്നാല്‍ ഹിലരി അവിടെ തോല്‍ക്കാന്‍ ഇടയുണ്ട്. അതുകൊണ്ടാണ് ജൂയിലിയാനിക്ക് പ്രസിഡന്റാവാന്‍ ഞാന്‍ നല്ല സാധ്യത കാണുന്നത്.

മറ്റൊരു റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ഥി ജോണ്‍ മക്കെയിനാണ്. ജോര്‍ജ്ജ് ബുഷിനോട് ആദ്യം ഏറ്റുമുട്ടിയപ്പോഴുണ്ടായ റോക്ക് സ്റ്റാര്‍ പരിവേഷമൊക്കെ പോയിരിക്കുന്നു. അന്ന് പിന്നില്‍ നിന്ന് കുത്തിയ ക്രിസ്ത്യന്‍ യാഥാസ്ഥികരുമായി പിന്നീട് ചെയ്ത സന്ധികള്‍ പൊതുജനത്തിന്റെ ഇടയില്‍ അദ്ദേഹത്തിന്റെ ആകര്‍ഷണീയത കുറക്കാന്‍ ഇടയുണ്ട്. അദ്ദേഹത്തിന്റെ കാര്യം കഷ്ടമാണ്; യാഥാസ്ഥികരുമായി സന്ധിചെയ്തില്ലെങ്കില്‍ റിപ്പബ്ലിക്കന്‍ പ്രൈമറി ജയിക്കില്ല; പക്ഷേ, അവര്‍ക്കും അവര്‍ പ്രതിധാനം ചെയ്യുന്ന കാര്യങ്ങള്‍ക്കും എതിരെയുള്ള അദ്ദേഹത്തിന്റെ ആശയപരമായ ചെറുത്തുനില്‍പ്പാണ് പാര്‍ട്ടിക്കുപുറത്ത് അദ്ദേഹത്തിന് ബലം കൊടുക്കുന്നത്. അത്തരമൊരു സാഹചര്യം നിലനില്‍ക്കുന്നതുകൊണ്ട് പ്രൈമറി കടന്നാല്‍ തന്നെ ഹിലരി അദ്ദേഹത്തെ മലര്‍ത്തിയടിക്കും.

ജൂയിലിയാനി റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ഥിയായാല്‍ അദ്ദേഹത്തെ തോല്‍പ്പിക്കാന്‍ ഒരാള്‍ക്കേ പറ്റൂ- അല്‍ ഗോര്‍. പക്ഷേ, അദ്ദേഹം മത്സരിക്കുമെന്ന് തോന്നുന്നില്ല. 6 കൊല്ലം മുമ്പ് അദ്ദേഹത്തോട് തങ്ങള്‍ നീതി കാണിച്ചില്ലെന്ന് ജനങ്ങള്‍ക്കും മാധ്യമങ്ങള്‍ക്കും തോന്നിത്തുടങ്ങിയിട്ടുണ്ട്. അദ്ദേഹം പ്രസിഡന്റായിരുന്നെങ്കില്‍ ഇന്ന് ഇറാക്ക് പ്രശ്നമോ 9/11 തന്നെയോ ഉണ്ടാവുമായിരുന്നില്ല. അവസാനം പറഞ്ഞ കാര്യം എന്റെ വെറുമൊരു ഊഹമാണ്. ജനസമ്മതിയില്ലാതെ വന്ന ബുഷിനെ തീരെ ദുര്‍ബലനായണ് അന്ന് പുറം ലോകം കണ്ടത്. 9/11 അക്രമികള്‍ക്ക് അങ്ങനെയൊന്ന് ചെയ്യാന്‍ ധൈര്യം കൊടുത്തത് അതാവാനും മതി.

ഇനി എന്റെ ആഗ്രഹവും പ്രവചനവും: അല്‍ ഗോര്‍ പ്രസിഡന്റാവണമെന്നാണ് എന്റെ ഏറ്റവും വലിയ ആഗ്രഹം. അതല്ലെങ്കില്‍ ഒബാമ. രണ്ടും നടക്കുമെന്നു തോന്നുന്നില്ല. പ്രസിഡന്റാവാന്‍ ഏറ്റവും സാധ്യത കാണുന്നത് ജൂലിയാനിക്കാണ്; ഹിലരിയെക്കാള്‍ അദ്ദേഹം പ്രസിഡന്റാവുന്നതാണ് എനിക്കിഷ്ടവും.

4 comments:

JEOMOAN KURIAN said...
This comment has been removed by a blog administrator.
JEOMOAN KURIAN said...

ഒബാമ വരുന്നതായിരിക്കും ഒരു പക്ഷെ നല്ലത്. പുറത്തു പ്രകടമല്ലായെങ്കിലും ‘ചുവപ്പ്’ ‘നീല’ പിന്നെ ബാക്കി നിറങ്ങളുമായി വിഭജിച്ചുകൊണ്ടിരിക്കുന്ന അമേരിക്കക്ക് ഇങ്ങനെ ഒരാളാണ് നല്ലത്‌ എന്നു തോന്നുന്നു.

t.k. formerly known as thomman said...

ഇന്ന് ന്യൂയോര്‍ക്ക് ടൈസില്‍ ഈ വിഷയത്തെക്കുറിച്ചൊരു വാര്‍ത്താവിശകലനം വന്നിട്ടുണ്ട്.

ജനസമ്മതിയില്‍ ഒബാമ വളരെ പിന്നിലാണെന്നു കാണുന്നു. പൊതുതെരഞ്ഞെടുപ്പില്‍ ഹിലരിക്ക് പ്രതികൂലമായ കാര്യങ്ങളും ഇതില്‍ പറയുന്നുണ്ട്.

ന്യൂ മെക്സിക്കോ ഗവര്‍ണ്ണര്‍ ബില്‍ റിച്ചാര്‍ഡ്സണും മത്സരത്തിനിറങ്ങിയിരിക്കുന്നു. ഗോറും ഗോദയിലിറങ്ങി രംഗമൊന്ന് കോഴുപ്പിച്ചെങ്കിലെന്ന് ഞാന്‍ ആശിക്കുകയാണ്.

JEOMOAN KURIAN said...

CBS 60 minutes-ല്‍ ഒബാമയുടെ മത്സരത്തെപ്പറ്റി കൊടുത്തിട്ടുണ്ട്..ഒബാമയുടെ നിറത്തിന് അനാവശ്യമായ ഊന്നല്‍ കൊടുക്കുന്നുണ്ടെന്നാണ് വായനക്കാരുടെ/കാഴ്ച്ചക്കാരുടെ പക്ഷം...

href ="http://www.cbsnews.com/stories/2007/02/09/60minutes/main2456335.shtml" target="_blank">60 minutes transcript