Sunday, January 21, 2007

എന്തിനെഴുതുന്നു? പമൂക്കിന്റെ നൊബേല്‍ പ്രഭാഷണം

2006-ലെ സാഹിത്യത്തിനുള്ള നൊബേല്‍ സമ്മാനം കിട്ടിയ തുര്‍ക്കി നോവലിസ്റ്റ് ഒര്‍ഹാന്‍ പമൂക്കിന്റെ നൊബേല്‍ പ്രഭാഷണം വളരെ മനോഹരവും, തുര്‍ക്കിയുടേതുപോലെ പാര്‍ശ്വവല്‍ക്കരിക്കപ്പെട്ട ഒരു സമൂഹത്തില്‍ നിന്നും വരുന്ന എഴുത്തുകാരും എഴുതണമെന്ന ചിന്ത കൊണ്ടുനടക്കുന്നവരും വായിച്ചിരിക്കേണ്ട ഒന്നുമാണ്. ന്യൂ യോര്‍ക്കറിന്റെ 2006-12-25 & 2007-01-01 ലക്കത്തില്‍
എന്റെ പിതാവിന്റെ സ്യൂട്ട്കേസ്” എന്ന പേരില്‍ അതിന്റെ ഇംഗ്ലീഷ് പരിഭാഷ കോടുത്തിട്ടുണ്ട്.

സാഹിത്യകാരണാകണമെന്ന് ആഗ്രമുണ്ടായിരുന്നെങ്കിലും അതിന്നു വേണ്ട ത്യാഗങ്ങള്‍ ചെയ്യാത്ത, അത്തരമൊരു കാര്യത്തിന്ന് ഇച്ഛാശക്തിയില്ലാത്ത ഒരാളായിരുന്നു പമൂക്കിന്റെ പിതാവ്. അദ്ദേഹം മകനെ തന്റെ കുറെ സാഹിത്യപരിശ്രമങ്ങള്‍ അവസാനനാളുകളില്‍ ഏല്‍പ്പിക്കുന്നു. താന്‍ ഒരു വലിയ സാഹിത്യകാരനായി വളരുമ്പോള്‍ത്തന്നെ, തന്റെ പിതാവിന്റെ പെട്ടിയിലുള്ള കൃതികള്‍, പൊതുജീവിതത്തില്‍ വിജയിയായിരുന്നെങ്കിലും സാഹിത്യകാരനാകാനുള്ള തന്റെ പിതാവിന്റെ പരാജയം എത്രത്തോ‍ളം തുറന്നുകാണിക്കുമെന്നുള്ള പമൂക്കിന്റെ വ്യാകുലതയാണ് ഈ പ്രഭാഷണത്തിന്റെ അന്തര്‍ധാര. അതോടൊപ്പം താന്‍ എങ്ങനെയൊരു എഴുത്തുകാരനായിത്തീര്‍ന്നു എന്നതിന്റെ ഹൃദയഹാരിയായ വിവരണവും.

പമൂക്കും അദ്ദേഹത്തിന്റെ പിതാവും തമ്മിലുള്ള പ്രധാന വ്യത്യാസമെന്താണെന്നുവച്ചാല്‍, പിതാവ് ഉന്നതസാഹിത്യവും സംസ്ക്കാരവും തേടി പാശ്ചാത്യസാംസ്ക്കാരത്തെ അനുകരിക്കാന്‍ നോക്കി; പമൂക്ക് തന്റെ സ്വന്തം നഗരവും രാജ്യവും ലോകത്തിന്റെ കേന്ദ്രബിന്ദുവാക്കിയിട്ട് അവയാണ് ലോകത്തിലെ ഏറ്റവും പ്രധാനപ്പെട്ട കാര്യങ്ങളെന്ന മട്ടില്‍ എഴുതി. പമൂക്കിന്റെ എഴുത്തിന്റെ മുഖമുദ്ര അദ്ദേഹത്തിന്റെ സത്യസന്ധതയാണ്; ഈ പ്രഭാഷണം അതിന്റെ വലിയൊരു തെളിവുമാണ്. എത്ര സര്‍ഗ്ഗധനനായ എഴുത്തുകാരനാണദ്ദേഹമെന്ന് വ്യക്തവുമാണതില്‍. അദ്ദേഹത്തിന്റെ നോവലൊന്നും വായിക്കാനുള്ള അവസരം കിട്ടിയിട്ടില്ല. ന്യൂയോര്‍ക്കറിലെ ലേഖനം വായിച്ചതിന്നു ശേഷം അതുടനെ ചെയ്യേണ്ട ഒന്നാണെന്ന് എനിക്ക് ബോധ്യമായിരിക്കുന്നു.

കഴിഞ്ഞ ഡിസമ്പറില്‍ നാട്ടിലുണ്ടായിരുന്നപ്പോള്‍ അദ്ദേഹത്തിന്റെ ഒരു നോവലിന്റെ മലയാള വിവര്‍ത്തനം ഇറങ്ങിയിരിക്കുന്നതായി കണ്ടു. ഏതാണെന്ന് നോക്കാന്‍ മിനക്കെട്ടില്ല. ‘എന്റെ നിറം ചുവപ്പ്’, ‘കറുത്ത പുസ്തകം’, ‘മഞ്ഞ്’, ‘ഇസ്താംബൂള്‍’ എന്നിവയൊക്കെയാണ് അദ്ദേഹത്തിന്റെ പ്രധാന നോവലുകള്‍. ‘എന്റെ നിറം ചുവപ്പി’ന്റെ വിവര്‍ത്തനമാണെന്നു തോന്നുന്നു; കാരണം അതിന്റെ പുറംചട്ട ചുവപ്പാണെന്ന് ഞാന്‍ ഓര്‍ക്കുന്നുണ്ട് :-)

ആ പ്രഭാഷണത്തില്‍ പറഞ്ഞിരിക്കുന്ന രണ്ടു കാര്യങ്ങളാണ് ഞാനിവിടെ എടുത്തുപറയാനാഗ്രഹിക്കുന്നത്: ഒന്ന്, എഴുത്തുകാരനും ഏകാന്തതയും തമ്മിലുളള അഗാധമായ ബന്ധം; രണ്ട്, താനൊരെഴുത്തുകാരനായത് എന്തുകൊണ്ടാണെന്നതിന്ന് നിരത്തുന്ന നിരവധി ന്യായങ്ങള്‍.

ഒരു എഴുത്തുകാരന്‍ ഏകാന്തതയെ ഉപാസിക്കേണ്ടതിന്റെ ആവശ്യം എഴുത്തിനെ ഗൌരവമായി എടുക്കുന്ന ആര്‍ക്കും പറഞ്ഞുകൊടുക്കേണ്ട ആവശ്യമില്ല. പൊതുജനത്തിന്റെ കാഴ്ച്പ്പാടില്‍ അതൊരു നല്ല കാര്യമല്ല; എന്തു വിലകൊടുത്തും അത് നമ്മുടെ ജീവിതത്തില്‍ നിന്ന് ഒഴിവാക്കി നിര്‍ത്തേണ്ടതുമാണ്. വിനോദവ്യവസായങ്ങളുടെ അടിത്തറയും ആ ഒരു ചിന്താഗതിയില്‍ നിന്ന് ഉരുത്തിരിഞ്ഞിട്ടുള്ളതാണല്ലോ. എഴുതാനുള്ള പ്രചോദനമല്ല വലുത്, പുറത്തേക്കുള്ള വാതിലുകളെല്ലാം അടച്ച് തന്റെതന്നെയുള്ളിലേക്ക് വര്‍ഷങ്ങളോളം നോക്കി താനാരാണെന്ന് അറിയുവാന്‍ ശ്രമിക്കുന്നവനാണ് എഴുത്തുകാരന്‍ എന്ന് പമൂക്ക് പറയുമ്പോള്‍, ആ ലളിതമായ നിര്‍വ്വചനം എഴുത്തുകാരന് നിശ്ചയിക്കുന്ന ചുമതല വളരെ ഗൌരവമേറിയതാണ്. എഴുത്ത് ഒരു നിയോഗമാക്കുകയും; വിനോദപ്രിയരുടെ കൈയില്‍നിന്ന് നിഷ്കരുണം അതിന്നെ തട്ടിപ്പറിച്ചെടുക്കുകയും ചെയ്യുന്നു.

താനെന്തുകൊണ്ടൊരെഴുത്തുകാരനായെന്ന് പറയുന്ന ഭാഗം ഞാന്‍ നേരത്തെ പറഞ്ഞതുപോലെ എഴുത്തില്‍ താല്പര്യമുള്ള ഏവരും വായിച്ചിരിക്കേണ്ട ഒന്നാണ്. പ്രഭാഷണത്തിന്റെ ആ ഭാഗം താഴെ വിവര്‍ത്തനം ചെയ്തു കൊടുക്കുന്നു:

ഞാന്‍ എഴുതുന്നത് എനിക്ക് ജന്മനാ ഒരു ആവശ്യമുള്ളതുകൊണ്ടാണ്.
ഞാന്‍ എഴുതുന്നത് മറ്റുള്ളവര്‍ ചെയ്യുന്നതുന്ന സാധാരണ പണികള്‍ ചെയ്യാനാവാത്തതുകോണ്ടാണ്.
ഞാന്‍ എഴുതുന്നത് ഞാന്‍ വായിക്കുന്നതുപോലെയുള്ള പുസ്തകങ്ങള്‍ എനിക്ക് എഴുതണമെന്നുള്ളതുകോണ്ടാണ്.
ഞാന്‍ എഴുതുന്നത് എനിക്കെല്ലാവരോടും ദേഷ്യമുള്ളതുകൊണ്ടാണ്.
ഞാന്‍ എഴുതുന്നത് ഒരു മുറിയിലിരുന്ന് ഒരു ദിവസം മുഴുവനെഴുതുന്നത് ഞാനിഷ്ടപ്പെടുന്നതുകൊണ്ടാണ്.
ഞാന്‍ എഴുതുന്നത് യഥാര്‍ഥ ജീവിതത്തെ മാറ്റുന്നതിലൂടെ മാത്രമേ അതിലെനിക്ക് പങ്കുകൊള്ളാനാവൂ എന്നതിലാണ്.
ഞാന്‍ എഴുതുന്നത് മറ്റുള്ളവരെ, ലോകത്തിലുള്ള എല്ലാവരെയും, ഞങ്ങള്‍ ഇസ്താംബൂളില്‍, തുര്‍ക്കിയില്‍ എന്തു തരം ജീവിതമാണ് നയിച്ചിരുന്നതെന്നും എന്തു ജീവിതമാണ് നയിക്കുന്നതെന്നും അറിയിക്കാന്‍ വേണ്ടിയാണ്.
ഞാന്‍ എഴുതുന്നത് കടലാസ്സിന്റെയും പേനയുടെയും മഷിയുടെയും മണം എനിക്കിഷ്ടമായതുകൊണ്ടാണ്.
ഞാന്‍ എഴുതുന്നത് വേറെ എന്തിനെക്കാളുമേറെ സാഹിത്യത്തില്‍, നോവലിന്റെ കലയില്‍, വിശ്വസിക്കുന്നതുകൊണ്ടാണ്.
ഞാന്‍ എഴുതുന്നത് അതൊരു സ്വഭാവവും വികാരവും ആയതുകൊണ്ടാണ്.
ഞാന്‍ എഴുതുന്നത് ഞാന്‍ മറക്കപ്പെട്ടേക്കുമോയെന്ന് ഭയന്നാണ്.
ഞാന്‍ എഴുതുന്നത് എഴുത്ത് കൊണ്ടുവരുന്ന താല്പര്യവും കീര്‍ത്തിയും ഞാന്‍ ഇഷ്ടപ്പെടുന്നതുകോണ്ടാണ്.
ഞാന്‍ എഴുതുന്നത് ഏകനായിരിക്കാനാണ്.
ഒരു പക്ഷേ, ഞാന്‍ എഴുതുന്നത് മറ്റുള്ളവരോട് എനിക്കിത്ര ദേഷ്യമെന്താണെന്ന് മനസ്സിലാക്കുവാനുള്ള ആശകൊണ്ടായിരിക്കും.
ഞാന്‍ എഴുതുന്നത് ഞാന്‍ വായിക്കപ്പെടണമെന്ന് ആഗ്രഹമുള്ളതുകൊണ്ടാണ്.
ഞാന്‍ എഴുതുന്നത് ഒരു നോവലോ ലേഖനമോ പേജോ തുടങ്ങിയാല്‍ അതു പൂര്‍ത്തിയാക്കണമെന്ന ആഗ്രഹമുള്ളതിനാലാണ്.
ഞാന്‍ എഴുതുന്നത് മറ്റുള്ളവര്‍ ഞാന്‍ എഴുതുമെന്ന് പ്രതീക്ഷിക്കുന്നതുകൊണ്ടാണ്.
ഞാന്‍ എഴുതുന്നത് ഗ്രന്ഥശാലകളുടെ അനശ്വരതയില്‍ എനിക്ക് ബാലിശമായ ഒരു വിശ്വാസം കൊണ്ടും, എന്റെ പുസ്തകങ്ങള്‍ അലമാരികളില്‍ ഇരിക്കുന്ന വിധം കൊണ്ടുമാണ്.
ഞാന്‍ എഴുതുന്നത് ജീവിതത്തിന്റെ മനോഹാരിതകളും സമ്പന്നതയും വാക്കുകളാക്കി മാറ്റുന്നതില്‍ നിന്നുകിട്ടുന്ന ഉത്തേജനം കൊണ്ടാണ്.
ഞാന്‍ എഴുതുന്നത് കഥ പറയാനല്ല; കഥ നിര്‍മ്മിക്കുവാനാണ്.
ഞാന്‍ എഴുതുന്നത് ഞാന്‍ ഒരിടത്ത് പോയിരിക്കണം, പക്ഷേ, ഒരു സ്വപ്നത്തിലെന്നപോലെ, എനിക്കവിടെ ഒരിക്കലും എത്താനാവില്ല എന്ന മുന്‍ വിധിയില്‍ നിന്ന് രക്ഷനേടാനാണ്‌.
ഞാന്‍ എഴുതുന്നത് എനിക്കൊരിക്കലും സന്തോഷവാനാകാന്‍ പറ്റാത്തതിനാലാണ്.
ഞാന്‍ എഴുതുന്നത് സന്തോഷിക്കുവാനാണ്.


എഴുതാനാഗ്രഹമുണ്ടെങ്കില്‍ ഇനിയെന്ത് ഒഴിവുകഴിവാണ് നിങ്ങള്‍ക്കുകൊടുക്കാന്‍ പറ്റുക?

6 comments:

t.k. formerly known as thomman said...

എഴുതാന്‍ താല്പര്യമുള്ള എല്ലാവരും വായിച്ചിരിക്കേണ്ടതാണ് തുര്‍ക്കി നോവലിസ്റ്റ് ഒര്‍ഹാന്‍ പമൂക്കിന്റെ നൊബേല്‍ പ്രഭാഷണം...

വല്യമ്മായി said...

നല്ല ലേഖനം.

എഴുത്തുകാരന്റെ ഏകാന്തത എന്ന് പറയുമ്പോള്‍ അത് യഥാര്‍ത്ഥത്തിലുള്ള ഏകാന്തത ആവണമെന്നില്ലല്ലോ.ആള്‍ക്കൂട്ടത്തിന് നടുവിലും അയാള്‍ക്ക് അയാളുടേതായ ഒരു ലോകമുണ്ടാകില്ലേ,ഈതു കൃതിയും മനസ്സിലല്ലേ ആദ്യം പാകമെടുക്കേണ്ടത്.ആ ധാന്യത്തിനുള്ള ഒരു ക്ഷമ നമുക്കില്ലെന്ന് മാത്രം.

t.k. formerly known as thomman said...

ഇന്ന് "മലയാളം വാരിക"യുടെ ഡിസമ്പര്‍ 29, 2006 ലക്കം കാണാനിടയായി. അതില്‍ ലീനാചന്ദ്രന്‍ ഈ പ്രഭാഷണത്തിന്റെ മുഴുവന്‍ രൂപം "അച്ഛന്റെ സ്യൂട്ട്കേസ്" എന്ന പേരില്‍ വിവര്‍ത്തനം ചെയ്ത് കൊടുത്തിട്ടുണ്ട്.

പ്രസ്തുത ലേഖനത്തിലെ ഞാന്‍ വിവര്‍ത്തനം ചെയ്ഹ ഭാഗവും എന്റെ ഇവിടെ കൊടുത്തിട്ടുള്ള വിവര്‍ത്തനവും തമ്മില്‍ താരതമ്യം ചെയ്തുനോക്കുന്നത് രസമായിരുന്നു. വിവര്‍ത്തനത്തിന്റെ പരിമിതികള്‍ മനസ്സിലാക്കാന്‍ പറ്റുകയും ചെയ്തു.

രാജ് said...

തൊമ്മന്‍, പാമുക്കിനോടുള്ള ഒരു സംവാദം ഞാന്‍ മൂന്നാമിടത്തിനു വേണ്ടി തര്‍ജ്ജമ ചെയ്തിരുന്നു. ന്യൂയോര്‍ക്കറില്‍ വന്ന ലേഖനവും തര്‍ജ്ജമ ചെയ്യണം എന്നു കരുതിയതാണു്, യാദൃച്ഛികമായാണു് ഈ ബ്ലോഗ് കാണുന്നതും, മലയാളം വാരികയില്‍ തര്‍ജ്ജമ പ്രസിദ്ധീകരിക്കപ്പെട്ടെന്നും അറിയുന്നതു്. പ്രസ്തുതലക്കം മലയാളം വാരികയുണ്ടെങ്കില്‍ ഒരു മൂന്നു പേജ് സ്കാന്‍ പ്രതീക്ഷിക്കട്ടെ? ;)

ലേഖനം നന്നായിരുന്നു.

Ziya said...

എഴുതാനാഗ്രഹമുണ്ടെങ്കില്‍ ഇനിയെന്ത് ഒഴിവുകഴിവാണ് നിങ്ങള്‍ക്കുകൊടുക്കാന്‍ പറ്റുക?

ഇല്ല.ഒഴിവുകഴിവുകളൊന്നുമില്ല.
എഴുത്ത് എന്താണെന്നും എന്തല്ലെന്നും മനസ്സിലാക്കാനും ഇത്രയും മതി.

t.k. formerly known as thomman said...

പെരിങ്ങോടന്‍ - ഈ ബ്ലോഗ് വായിച്ചതിന്നും താങ്ങളുടെ നല്ല വാക്കുകള്‍ക്കും നന്ദി.

പമൂക്കിന്റെ ലേഖനത്തിന്റെ മലയാളം വാരികയില്‍ വന്ന പരിഭാഷ 8 പേജുണ്ട്; അതുകൊണ്ട് സ്കാന്‍ ചെയ്തിടാന്‍ വലിയ പണിയാണ്. എനിക്കാ വിവര്‍ത്തനം അത്ര ഇഷ്ടപ്പെട്ടുമില്ല; ധൃതിയില്‍ ചെയ്തതു പോലെ തോന്നുന്നു.

btw, ഞങ്ങള്‍ ഇവിടെ സിലിക്കണ്‍ വാലിയില്‍ ബ്ലോഗറുമാരുടെ ഒരു ചെറിയ കൂട്ടായ്മ രൂപീകരിച്ചു. കഴിഞ്ഞ തിങ്കളാഴ്ച ഞങ്ങള്‍ കൂടിയിരുന്നു. അന്ന് സിബു നിങ്ങള്‍ കീമാന്‍ hack ചെയ്ത് മലയാളത്തിനും അത് ഉപയോഗപ്രദമാക്കിയതിനെക്കുറിച്ച് സൂചിപ്പിച്ചു. അതിന്ന് ഞങ്ങളുടെ വക നന്ദി!