Monday, February 04, 2008

ചുരുങ്ങുന്ന അങ്കത്തട്ട്; മുറുന്ന പോര് | അമേരിക്കന്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പ്

അവസാനം പ്രൈമറി തിരഞ്ഞെടുപ്പ് കാലിഫോര്‍ണിയയില്‍ എത്തി. നാളെ 20-ല്‍ അധികം സംസ്ഥാനങ്ങളില്‍ പ്രൈമറി നടക്കും. പ്രൈമറിയുടെ രണ്ടാം ഘട്ടം ആണെന്നു വേണമെങ്കില്‍ പറയാം. ആദ്യം ചെറിയ സംസ്ഥാനങ്ങളില്‍; വലിയ സംസ്ഥാനങ്ങളായ കാലിഫോര്‍ണിയ, ന്യൂ യോര്‍ക്ക് തുടങ്ങി 20-ല്‍ അധികം സംസ്ഥാനങ്ങളില്‍ നടക്കുന്ന രണ്ടാം ഘട്ടം; ബാക്കിയുള്ള 20-നോട് അടുത്തുള്ള ബാക്കി സംസ്ഥാനങ്ങളില്‍ മൂന്നാം ഘട്ടം; നാലാം ഘട്ടമായ പാര്‍ട്ടി കണ്‍വെന്‍ഷനില്‍ വച്ചു നടക്കുന്ന ഔദ്യോഗിക സ്ഥാനാര്‍ഥി നിര്‍ണയം. ഇതില്‍ രണ്ടാം ഘട്ടത്തില്‍ തന്നെ കാര്യങ്ങള്‍ ഏറെക്കുറെ തീരുമാനിക്കപ്പെടാറുണ്ട്. പക്ഷേ,ഇത്തവണ രണ്ടു പാര്‍ട്ടിയിലും കാര്യങ്ങള്‍ അതും കഴിഞ്ഞു പോകാനാണ് സാധ്യത. പ്രത്യേകിച്ചും ഡമോക്രാറ്റുകളുടെ കാര്യത്തില്‍.

പ്രാധാന്യവും വലിപ്പവും കൊണ്ട് സൂപ്പര്‍ ട്യൂസ് ഡേ എന്നാണ് പത്രങ്ങള്‍ നാളത്തെ തിരഞ്ഞെടുപ്പിനെ വിളിക്കുന്നത്. നാലു സ്ഥാനാര്‍ഥികളെ മാത്രമേ ഇനി കാര്യമായി എടുക്കേണ്ടതുള്ളൂ: ഡമോക്രാറ്റുകളുടെ ഭാഗത്ത് ബറാക്ക് ഒബാമയും ഹിലരി ക്ലിന്റനും; റിപ്പബ്ലിക്കന്‍ ഭാഗത്ത് ജോണ്‍ മക്കെയിനും മിറ്റ് റോംനിയും.

കെന്നഡിമാരുടെ പിന്തുണ ഒബാമക്ക് വന്‍‌മുന്നേറ്റമാണ് ഉണ്ടാക്കിക്കൊടുത്തത്. പിന്തുണ മാത്രമല്ല റ്റെഡ് കെന്നഡിയും കാരളിന്‍ കെന്നഡിയുമൊക്കെ ഒബാമക്ക് വേണ്ടി അവര്‍ക്ക് സ്വാധീനമുള്ള സ്ഥലങ്ങളില്‍ പ്രചരണവും നടത്തുന്നുണ്ട്. ലോസ് ആഞ്ചലസില്‍ ഹിസ്പാനിക്കുകളുടെ പിന്തുണ നേടിയെടുക്കാന്‍ ഒബാമയുടെ അഭാവത്തില്‍, ഗവര്‍ണര്‍ അര്‍ണോള്‍ഡ് ഷ്വാത്‌സിനെക്കറിന്റെ ഭാര്യയും കെന്നഡി കുടുംബാംഗവുമായ മരിയ ഷ്രൈവരും അവരോടൊപ്പം ചേര്‍ന്നു. (ആര്‍ണോള്‍ഡ് റിപ്പബ്ലിക്കനാണെന്നു കൂടി ഓര്‍ക്കണം.) കൂട്ടത്തില്‍ പെണ്ണുങ്ങള്‍ക്ക് പ്രിയങ്കരിയായ ടോക്ക് ഷോ ഹോസ്റ്റ് ഓപ്ര വിന്‍ഫ്രീയും ഒബാമയുടെ ഭാര്യ മിഷലും. ഇതുവരെ പോളുകളില്‍ വളരെ മുമ്പില്‍ നിന്ന ഹിലരി ചില പോളുകളില്‍ ഇപ്പോള്‍ അല്പം പിന്നിലാണെന്നാണ് വാര്‍ത്ത. ദേശീയ തലത്തില്‍ ഒബാമയും ഹിലരിയും ഒപ്പത്തിനൊപ്പവും. വോട്ടര്‍മാരില്‍ ഇത്രയധികം താല്പര്യമുണ്ടാക്കിയ ഒരു പ്രൈമറി അടുത്തകാലത്തുണ്ടായിട്ടില്ല. അതിന്റെ ക്രെഡിറ്റ് മുഴുവന്‍ ഒബാമക്കാണ്. ആ താല്പര്യം വോട്ടായി മാറുമോ എന്നാണ് ഇനി നോക്കേണ്ടത്.

എന്റെ പ്രിയ പത്രം ന്യൂ യോര്‍ക്ക് റ്റൈംസ് ഹിലരിയെ പിന്തുണച്ചത് വ്യക്തിപരമായി ഒരു നഷ്ടമായി തോന്നി. പക്ഷേ, മറ്റൊരു വലിയ ലിബറല്‍ പത്രമായ ലോസ് ആഞ്ചലസ് റ്റൈംസ് ഒബാമയെ ആണ് പിന്തുണക്കുന്നത്. ആ നഗരത്തിലെ തന്നെ സ്പാനിഷ് ഭാഷാ പത്രമായ ലാ ഒപ്പീനിയോനും ഒബാമയെയാണ് പിന്തുണക്കുന്നത്. ഹിസ്പാനിക്കുകള്‍ 50%-ല്‍ ഏറെയുള്ള ലോസ് ആഞ്ചലസില്‍ ആ പത്രങ്ങളുടെ പിന്തുണ അദ്ദേഹത്തെ സഹായിക്കാന്‍ ഇടയുണ്ട്. അവിടത്തെ മേയര്‍ ഹിലരിയുടെ അടുത്ത അനുയായി ആണ്.

സ്ഥാനാര്‍ഥികളെ പിന്തുണക്കുന്ന കാര്യത്തില്‍ ഡമൊക്രാറ്റുകള്‍ രണ്ടായി പിളര്‍ന്നിട്ടുള്ളതായിട്ടാണ് കാണുന്നത്. പൊതുവെ ഉയര്‍ന്ന ലിബറല്‍ നേതാക്കള്‍ ഒബാമയെ പിന്തുണക്കാനാണ് താല്പര്യം കാണിക്കുന്നത്. പക്ഷേ, താഴെക്കിടയിലുള്ള നേതാക്കളുടെ പിന്തുണ അധികവും ഹിലരിക്കാണെന്നു തോന്നുന്നു. പാര്‍ട്ടി യന്ത്രത്തില്‍ അവര്‍ക്കുള്ള പിടിയാണ് കുട്ടിനേതാക്കന്മാരുടെയും യൂണിയന്‍കാരുടെയുമൊക്കെ കൂറ് അവര്‍ക്ക് നേടിക്കൊടുക്കുന്നത്. വീടുവീടാന്തരമുള്ള പ്രചരണത്തിനും മറ്റും പ്രാദേശിക നേതാക്കന്മാരുടെ സംഘടനാപാടവമാണ് വാഷിംഗ്‌ടണില്‍ ജീവിക്കുന്ന തലമൂത്തനേതാക്കന്മാരുടെ പിന്തുണയേക്കാള്‍ ഫലപ്രദമാകുക.

കൂടുതല്‍ സംസ്ഥാനങ്ങളില്‍ ഹിലരി തന്നെ വിജയിച്ചേക്കാമെങ്കിലും ഡലിഗേറ്റുകളെ കിട്ടിയ വോട്ടിന്റെ അനുപാതത്തില്‍ ഓരൊ നിയോജകമണ്ടലത്തിലും വിഭജിക്കുന്നതുകൊണ്ട് ഫലത്തില്‍ ആകെ കിട്ടുന്ന ഡലിഗേറ്റുകളുടെ കാര്യത്തില്‍ വലിയ വ്യത്യാസം ഉണ്ടാകില്ല എന്നാണ് പൊതുവെയുള്ള വിലയിരുത്തല്‍. അത് പ്രൈമറി മൂന്നും നാലും ഘട്ടങ്ങളിലേക്ക് ഇഴയാന്‍ ഇടയാവുകയും ചെയ്യും. പാര്‍ട്ടി കണ്‍‌വെന്‍ഷന്‍ വരെ തീരുമാനമൊന്നുമില്ലാതെ കാര്യങ്ങള്‍ നീങ്ങുകയാണെങ്കില്‍ പാര്‍ട്ടി നേതാക്കന്മാര്‍ക്കുള്ള പ്രത്യേക വോട്ടുകള്‍ നിര്‍ണ്ണായകമാവുമെന്നും അത് ഒരു കുതിരക്കച്ചവടത്തിനു തന്നെ വഴി വച്ചേക്കാമെന്നുമൊക്കെ ബ്ലോഗറുമാര്‍ എഴുതിത്തുടങ്ങിയിട്ടുണ്ട്. പക്ഷേ, ഇതുവരെ രാഷ്ട്രീയ പണ്ഡിതന്മാരെയും പോളുകളെയും കളിയാക്കിക്കൊണ്ടുള്ള ഫലങ്ങളാണ് ഈ തിരഞ്ഞെടുപ്പില്‍ പുറത്തുവന്നത്. അതുകൊണ്ട് അത്തരം നിഗമനങ്ങള്‍ക്ക് വലിയ വില കല്‍പ്പിക്കേണ്ട കാര്യമുണ്ടെന്ന് തോന്നുന്നില്ല.

റിപ്പബ്ലിക്കന്‍ ഭാഗത്ത് കുറച്ചുകൂടി വ്യക്തതയുണ്ട്. ഫ്ലോറിഡയില്‍ ലഭിച്ച വിജയം ജോണ്‍ മക്കെയിന് വന്‍ തോതിലുള്ള മുന്നേറ്റം കൊടുത്തു. പോളുകളില്‍ മൊത്തം അദ്ദേഹമാണ് മുന്നിട്ടുനില്‍ക്കുന്നത്. സ്വന്തം പൈസ എറിഞ്ഞ് മിറ്റ് റോംനി വിടാതെ പിന്നാലെയുണ്ട്. പക്ഷേ, അത്യന്തികമായി മക്കെയിന് തന്നെ നോമിനേഷന്‍ കിട്ടും എന്നു തന്നെയാണ് തോന്നുന്നത്. കാലിഫോര്‍ണിയയില്‍ അപ്രതീക്ഷിതമായി മിറ്റ് റോംനിക്ക് പോളുകളില്‍ മുന്തൂക്കം വന്നത് അദ്ദേഹം ഉത്സാഹം കൂട്ടിയിട്ടുണ്ട്. ഇവിടെ അദ്ദേഹം നാളെ തോല്‍ക്കുകയാണെങ്കില്‍ പിന്നെ മൂന്നാം ഘട്ടത്തിലേക്ക് അദ്ദേഹം പോകുന്നത് ബാങ്ക് ബാലന്‍സ് കുറച്ചുകൂടി ചെറുതാക്കാനേ ഉപകരിക്കൂ. മൈക്ക് ഹക്കബിയും മത്സരത്തില്‍ ഉണ്ട്. അദ്ദേഹം ചില തെക്കന്‍ സംസ്ഥാനങ്ങളില്‍ വിജയിക്കുമെന്ന് പ്രതീക്ഷയുമുണ്ട്. പക്ഷേ, അത് ഇപ്പോഴത്തെ സമവാക്യങ്ങളില്‍ എന്തെങ്കിലും വ്യത്യാസമുണ്ടാക്കുമെന്നു കരുതുന്നില്ല. ഇനി ഹക്കബി മക്കെയിന്റെ വൈസ് പ്രസിഡന്റ് സ്ഥാനാര്‍ഥി ആകാന്‍ ശ്രമിക്കുമോ എന്നാണ് നോക്കേണ്ടത്. പൊതുവെ ലിബറല്‍ എന്നറിയപ്പെടുന്ന മക്കെയിന് ഹക്കബി പോലെ കടുത്ത യാഥാസ്ഥികനായ ഒരാളുടെ പിന്തുണ പൊതുതിരഞ്ഞെടുപ്പില്‍ ആവശ്യം വന്നേക്കാം. പലപ്പോഴും മക്കെയിന്റെ ശത്രുക്കള്‍ പാര്‍ട്ടിക്കുള്ളിലെ കൃസ്ത്യന്‍ യാഥാസ്ഥികര്‍ ആണ്. അതാണ് റിപ്പബ്ലിക്കന്മാര്‍ മാത്രം പങ്കെടുക്കുന്ന പ്രൈമറികളില്‍ (പലയിടത്തും സ്വതന്ത്രര്‍ക്ക് മറ്റു പാര്‍ട്ടിക്കാരുടെ പ്രൈമറിയില്‍ വോട്ടു ചെയ്യാം.) മക്കെയിന്‍ കഷ്ടപ്പെടുന്നത്. കാലിഫോര്‍ണിയയിലെ സ്വതന്ത്രര്‍ക്ക് റിപ്പബ്ലിക്കന്‍ പ്രൈമറിയില്‍ വോട്ട് ചെയ്യാന്‍ പറ്റില്ല.

കാലിഫോര്‍ണിയയില്‍ നേരം വെളുക്കുമ്പോള്‍ കിഴക്കേയറ്റത്ത് പോളിംഗ് തുടങ്ങിക്കാണും . (3 മണിക്കൂറ് വ്യത്യാസമുണ്ട് ന്യൂ യോര്‍ക്കുള്ള അമേരിക്കയുടെ കിഴക്കന്‍ തീരവും കാലിഫോര്‍ണിയ കിടക്കുന്ന പടിഞ്ഞാറന്‍ തീരവും തമ്മില്‍.) ഇവിടത്തെ പോളിംഗ് തീരുന്നത് രാത്രി 11-നാണ്. എക്സിറ്റ് പോള്‍ ഫലങ്ങളും യഥാര്‍ഥ ഫലങ്ങളുമൊക്കെ വിശകലനം ചെയ്ത് നേരം കളയാന്‍ എന്നേപ്പോലെയുള്ള രാഷ്ട്രീയ ഭ്രാന്തന്മാര്‍ക്ക് നല്ലൊരവസരം തന്നെ.

9 comments:

t.k. formerly known as thomman said...

നാളെ രാത്രി 8.30 IST മുതല്‍ സൂപ്പര്‍ ട്യൂസ് ഡേയുടെ ഫലങ്ങളെപ്പറ്റി ഞാന്‍ ലൈവ് ബ്ലോഗ് ചെയ്യാന്‍ പദ്ധതിയിടുന്നുണ്ട് ; ഇവിടെത്തന്നെ ഒരു പുതിയ പോസ്റ്റില്‍. ചര്‍ച്ച ചെയ്യാന്‍ താല്പര്യമുള്ളവര്‍ ഓണ്‍ലൈന്‍ വരിക.

സാക്ഷരന്‍ said...

കൊള്ളാം …

സുമുഖന്‍ said...

എന്റെ വോട്ട്‌ ഹിലാരി ക്ലിന്റണിന്‌(അവരെ മാത്രമെ അറിയത്തുള്ളൂ.. :-)))

കിരണ്‍ തോമസ് തോമ്പില്‍ said...
This comment has been removed by the author.
കിരണ്‍ തോമസ് തോമ്പില്‍ said...

തൊമ്മന്റ്‌ ഒപ്പം ഞാനും കാത്തിരിക്കുന്നു.പ്രൈമറിയുടെ ഫലങ്ങള്‍ വിശദമായി അറിയിക്കുമല്ലോ?

[ nardnahc hsemus ] said...

തലക്കെട്ടില്‍ തെറ്റുണ്ടോ??

മൃദുല said...

:) good

Unknown said...

തൊമ്മാ, ഗോദയില് മുറുകേണ്ടത് ഗുസ്തി. അങ്കം നടക്കുന്നത്, ഗോദയ്ക്ക് പുറത്ത്, അങ്കത്തട്ടില്.

ബാസ്കറ്റ്ബോള് കോര്ട്ടില് നാസ്കാര് നടത്തിക്കുടേ എന്നാണെങ്കില്, ഓക്കേ..! :)

t.k. formerly known as thomman said...

ഏവൂരാന്‍ - തിരുത്തിന് നന്ദി. തലക്കെട്ട് ഉടനെ മാറ്റുന്നുണ്ട്.