Sunday, February 10, 2008

പ്രൈമറിയുടെ മൂന്നാം ഘട്ടം; തുടക്കത്തില്‍ മുന്നേറ്റം ഒബാമക്ക് | അമേരിക്കന്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പ്

മത്സരത്തില്‍ നിന്ന് അപ്രതീക്ഷിതമായി മിറ്റ് റോംനി പിന്‍‌വാങ്ങിയതോടുകൂടി ഫലത്തില്‍ ജോണ്‍ മക്കെയിന്‍ റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ഥിയായി തീര്‍ന്നിരിക്കുകയാണ്. ഹക്കബി വിടാതെ പിന്നിലുണ്ടെങ്കിലും ഡലിഗേറ്റുകളുടെ എണ്ണത്തില്‍ ഹക്കബി വളരെ പിന്നിലാണ്. പക്ഷേ, ശനിയാഴ്ച നടന്ന തിരഞ്ഞെടുപ്പീല്‍ കാന്‍സസിലും ലൂയിസിയാനയിലും ഹക്കബി ജയിച്ചത് കൃസ്ത്യന്‍ യാഥാസ്ഥികര്‍ക്ക് ഇപ്പോഴും മക്കെയിനില്‍ വിശ്വാസമില്ല എന്നതിന്റെ വ്യക്തമായ തെളിവാണ്. അത് പൊതുതിരഞ്ഞെടുപ്പില്‍ മക്കെയിനെ കാര്യമായി ബാധിക്കും; അദ്ദേഹത്തിന് സ്വതന്ത്രരുടെ പിന്തുണ വന്‍‌തോതില്‍ ഉണ്ട് എന്നുള്ളതാണ് ഒരു ആശ്വാസം.

റിപ്പബ്ലിക്കന്‍ ഭാഗത്ത് ഇനി പ്രൈമറിയുമായി ബന്ധപ്പെട്ട് ഒന്നും നമുക്ക് താല്പര്യമുണ്ടാക്കുമെന്ന് കരുതേണ്ട. ഹക്കബി ‘അത്ഭുതങ്ങളിലാണ് ഞാന്‍ ബിരുദമെടുത്തിട്ടുള്ളത്’ എന്നൊക്കെ പറയുന്നുണ്ടെങ്കിലും. (സെമിനാരിയില്‍ നിന്ന് ബിരുദമെടുത്ത ശേഷം ബാപ്റ്റിസ്റ്റ് പാസ്റ്ററാ‍യിരുന്നു അദ്ദേഹം അര്‍ക്കന്‍സാ ഗവര്‍‌ണര്‍ ആകുന്നതു വരെ.)

ഡകോക്രാറ്റ് ഭാഗത്ത് ആരു ജയിക്കുമെന്നതിനെ പറ്റി ആര്‍ക്കും ഒന്നും പറയാനാവാത്ത അവസ്ഥയിലാണ് കാര്യങ്ങള്‍ നീങ്ങുന്നത്. സൂപ്പര്‍ ട്യൂസ്ഡേയില്‍ ഹിലരിയും ഒബാമയും ഒപ്പത്തിനൊപ്പം നിന്നു; ഹിലരി വലിയ സംസ്ഥാനങ്ങളില്‍ ജയിച്ചപ്പോള്‍ ഒബാമ കൂടുതല്‍ സംസ്ഥാനങ്ങളില്‍ ജയിച്ചു. ഡലിഗേറ്റുകളുടെ കാര്യത്തില്‍ ഹിലരി ചെറിയ മുന്‍‌തൂക്കം നേടി.

പ്രൈമറിയുടെ മൂന്നാം ഘട്ടം പല ദിവസങ്ങളിലായിട്ടാണ് നടക്കുക. ശനിയാഴ്ച നടന്ന നാല് ഡമോക്രാറ്റ് പ്രൈമറി/കോക്കസുകളിലും ഒബാമ വന്‍ഭൂരിപക്ഷത്തില്‍ ജയിച്ചു. വാഷിംഗ്‌ടന്‍, ലുയിസിയാന, നെബ്രാസ്ക, വിര്‍‌ജിന്‍ ഐലന്റ് എന്നിവിടങ്ങളില്‍. ഞായറാഴ്ച മെയിനില്‍ നടന്ന കോക്കസില്‍ ഹിലരി ജയിക്കുമെന്നായിരുന്നു കണക്കുകൂട്ടലുകള്‍. പക്ഷേ, അവിടെയും ഒബാമ 59% വോട്ടുപിടിച്ച് ജയിച്ചു. ചൊവ്വാഴ്ച നടക്കാനിരിക്കുന്ന വിര്‍ജീനിയ,മേരിലാന്റ്, ഡിസ്ട്രിക്ട് ഓഫ് കൊളംബിയ (അമേരിക്കയുടെ തലസ്ഥാനം വാഷിംഗ്ടണ്‍ ഡി.സി. ഉള്‍പ്പെടുന്ന പ്രദേശം) എന്നിവിടങ്ങളിലും ഒബാമ ജയിക്കുമെന്നാണ് എല്ലാവരും പ്രതീക്ഷിക്കുന്നത്. അതിനിടക്ക് മെയിനില്‍ ജയിക്കുന്നത് ചെറിയൊരു ആശ്വാസം ആകും എന്ന ഹിലരി ക്യാമ്പിന്റെ പ്രതീക്ഷ തെറ്റിപ്പോയി. അതോടൊപ്പം ഹിലരിയുടെ തിരഞ്ഞെടുപ്പ് ഫണ്ട് ശുഷ്കമാകുന്നുവെന്നും അതിനാല്‍ സ്വന്തം പൈസ ഇറക്കിത്തുടങ്ങിയെന്നുമുള്ള വാര്‍ത്തകളും ഉണ്ട്. ഇന്ന് ഹിലരി അവരുടെ ക്യമ്പെയിന്‍ മാനേജരെ മാറ്റുകയും ചെയ്തു. പൊതുവെ നല്ല വാര്‍‌ത്തകളല്ല അടുത്തയിടെ അവരുടെ ഭാഗത്തുനിന്ന് വരുന്നത്.

കാര്യങ്ങള്‍ ഇങ്ങനെയൊക്കെ ആണെങ്കിലും മാര്‍ച്ചില്‍ നടക്കാന്‍ പോകുന്ന ചില മത്സരങ്ങളാവും ഡമോക്രാറ്റ് ഭാഗത്ത് കാര്യങ്ങള്‍ക്ക് ഒരളവുവരെ വ്യക്തത കൊടുക്കാന്‍ സാധ്യത ഉണ്ടാക്കുക. മാര്‍ച്ച് 4-ന് പ്രൈമറി നടക്കുന്ന ടെക്സസ്, ഒഹായോ എന്നീ സംസ്ഥാനങ്ങളില്‍ നിന്ന് വളരെയധികം ഡലിഗേറ്റുകള്‍ ഉണ്ട്. അതില്‍ രണ്ടിലും ഹിലരി ജയിക്കുകയാണെങ്കില്‍ അവര്‍‌ക്ക് ഒബാമയുടെ മുന്നേറ്റം തടയാന്‍ കഴിയും. തല്‍ക്കാലം അവിടെ ഹിലരിയാണ് അഭിപ്രായവോട്ടെടുപ്പുകളില്‍ മുന്നില്‍. (അഭിപ്രായവോട്ടെടുപ്പുകളുടെ പിഴവാണ് ഈ തിരഞ്ഞെടുപ്പില്‍ കൃത്യമായി പ്രവചിക്കാന്‍ കഴിയുന്ന ഏക കാര്യം :) )

പ്രൈമറിയുടെ ഈ മൂന്നാം ഘട്ടം ജൂണ്‍ 7-ആം തീയതി വരെ പോകാം. കിട്ടുന്ന വോട്ടുകളുടെ അനുപാതത്തിനോ ജയിക്കുന്ന നിയോജകമണ്ഡലങ്ങളുടെ തോതിലോ ഡലിഗേറ്റുകളെ നിശ്ചയിക്കുന്നതുകൊണ്ട് ഇതുവരെ കിട്ടിയ ഡലിഗേറ്റുകളുടെ എണ്ണത്തില്‍ ഹിലരിയും ഒബാമയും തമ്മില്‍ വലിയ വ്യത്യാസമില്ല. അസോഷിയേറ്റഡ് പ്രസ്സിന്റെ കണക്കുപ്രകാരം ഇതുവരെ ഹിലരിക്ക് 1136-ഉം ഒബാമക്ക് 1108-ഉം ഡലിഗേറ്റുകള്‍ ഉണ്ട്; നോമിനേഷന്‍ കിട്ടാന്‍ കുറഞ്ഞത് 2025 പേരെ പിടിക്കണം. മൊത്തമുള്ള ഡലിഗേറ്റുകള്‍ എല്ലാവരും പ്രൈമറി വഴി വരുന്നവരല്ല. സൂപ്പര്‍ ഡലിഗേറ്റുകള്‍ എന്ന് അറിയപ്പെടുന്ന 796 പേര്‍, സെനറ്റര്‍മാര്‍ തുടങ്ങി പാര്‍ട്ടിയിലെ തിരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികളും തലമൂത്ത നേതാക്കന്മാരും ഉള്‍പ്പെട്ട ഒരു ഗ്രൂപ്പാണ്. ഏതു സ്ഥാനാര്‍ഥിയെ വേണമെങ്കിലും അവര്‍ക്ക് പിന്തുണക്കാം. ഇത്രയും അടുത്ത മത്സരത്തില്‍ സൂപ്പര്‍ ഡലിഗേറ്റുകളുടെ പ്രാധാന്യം എടുത്തുപറയേണ്ടല്ലോ. ഹിലരിയും ഒബാമയും തിരഞ്ഞെടുപ്പ് പ്രചരണത്തോടൊപ്പം സൂപ്പര്‍ ഡലിഗേറ്റുകളെ സ്വാധീനിക്കുന്ന തിരക്കിലുമാണ്. തല്‍ക്കാലം ആ മത്സരത്തില്‍ ഹിലരിയാണ് മുമ്പില്‍. പാര്‍ട്ടിയന്ത്രത്തില്‍ അവര്‍ക്കുള്ള വന്‍‌സ്വാധീനം ആ രംഗത്ത് നല്ല ഉപകാരമാകുന്നുമുണ്ട്.

ഇനി അടുത്ത രണ്ടു ചൊവ്വാഴ്ചകളില്‍ നടക്കുന്ന ഡമോക്രാറ്റ് പ്രൈമറികളാണ് ഈ മാസം നമുക്ക് നിരീക്ഷിക്കേണ്ടത്.

4 comments:

t.k. formerly known as thomman said...

ഇന്ന് ലോസ് ആഞ്ചലസില്‍ നടന്ന ഗ്രാമി അവാര്‍ഡ് ദാന ചടങ്ങില്‍ ഒബാമ പ്രതീകാത്മകമായ ഒരു വിജയം കൊയ്തു. ടോക്കിംഗ് ഓഡിയോ വിഭാഗത്തില്‍ അദ്ദേഹത്തിന്റെ പുസ്തകത്തിന്റെ ഓഡിയോക്ക് അവാര്‍ഡ് ലഭിച്ചു; തോറ്റവരില്‍ സാക്ഷാല്‍ ബില്‍ ക്ലിന്റനുമുണ്ട്.

ലിബറലുകളുടെ ഇടയില്‍ ഒരു ഒബാമ തരംഗം തന്നെ അടിക്കുന്നുണ്ട്.

vadavosky said...

Very informative Thomman. Thanks

Roby said...

രണ്ടു പേരും (ഒബാമയും ഹിലാരിയും) ഇവിടെ ഞാന്‍ പഠിക്കുന്ന യൂണിവേഴ്സിറ്റിയില്‍ വന്നിരുന്നു. ഹിലാരിയെക്കുറിച്ച് ആരും സംസാരിക്കുന്നതു പോലും കേള്‍ക്കുന്നില്ല. ഒബാമയ്ക്കാണ് ജനപിന്തുണ ഇവിടെ.

your analysis is informative...

t.k. formerly known as thomman said...

റോബി - ക്യാമ്പസില്‍ നിന്ന്‍ തിരഞ്ഞെടുപ്പിനെ പറ്റിയുള്ള പ്രതികരണങ്ങള്‍ ബ്ലോഗു ചെയ്യുമല്ലോ. ഒബാമ യുടെ പ്രസക്തിയെപ്പറ്റി മറ്റെല്ലാവരെക്കാളും യുവജനങ്ങളാണ്‌ മനസ്സിലാക്കിയിട്ടുള്ളത്. (എല്ലാ ബഹുജനമുന്നേറ്റങ്ങളിലും സംഭവിക്കുന്നതുപോലെ.)